Sunday, August 18, 2013

അദ്ധ്യായം - 9.


'' വടക്കഞ്ചേരി കഴിഞ്ഞോ '' പാതി മയക്കത്തില്‍ നിന്ന് ഉണര്‍ന്നെഴുന്നേറ്റ ദിലീപ്മേനോന്‍ ജാഫറിനോട് ചോദിച്ചു. ജാഫര്‍ ചോദ്യം വ്യക്തമായി കേട്ടില്ല.

'' വടക്കാഞ്ചേരിയോ, വടക്കഞ്ചേരിയോ ഏതാന്ന് കറക്റ്റായിട്ട് പറയിന്‍ ''.

'' വടക്കഞ്ചേരി. ആലത്തൂര് എത്തിയാല്‍ ഒന്നു പറയണം ''.

'' അതിന് നമ്മള്‍ വടക്കാഞ്ചേരി വഴിക്കാണ് പോന്നത്. ചെറുതുരുത്തി എത്താറായി '' ജാഫര്‍ തുടര്‍ന്നു '' മറ്റേ വഴി പൊട്ടിപൊളിഞ്ഞു കിടപ്പാണ്. ഇനി നാലുവരി പാതടെ പണി കഴിയുന്നതുവരെ അത് നന്നാക്കുംന്ന് തോന്നുണില്ല ''.

ആ മറുപടി കേട്ടതോടെ മനസ്സിലൊരു വിഷമം കടന്നു വന്നു. അനിതയ്ക്ക് കൊടുത്ത വാക്കും പാലിക്കാനായില്ല. കഷ്ടമായി. ഇനി എന്താണ് അവളോട് പറയുക. അല്ലങ്കിലേ ദിലീപേട്ടന്‍ ഒന്നുപറയും വേറൊന്ന് പ്രവര്‍ത്തിക്കും എന്ന് അവള്‍ പറയാറുള്ളതാണ്. അവളെ കുറ്റം പറയാനാവില്ല. ചെയ്യുന്ന മിക്ക കാര്യങ്ങളും അങ്ങിനെയാണല്ലോ.

'' എന്താ, ആലത്തൂര് ചെന്നിട്ട് എന്തെങ്കിലും കാര്യൂണ്ടോ '' ജാഫറിന്‍റെ ചോദ്യം കേട്ടു.

'' ഒരാളെ കാണാനുണ്ടായിരുന്നു. അല്ലാതെ വേറൊന്നൂല്യാ ''.

'' അത്യാവശ്യം ആണെങ്കില്‍ നമുക്ക് ലക്കിടിയില്‍ നിന്ന് തിരിഞ്ഞ് തിരുവില്വാമല വഴി ആലത്തൂരിലേക്ക് പോകാം ''.

'' ഏയ് , അങ്ങിനെ അര്‍ജ്ജന്‍റായിട്ട് ചെല്ലേണ്ട കാര്യം ഒന്ന്വോല്ല. പിന്നെ എപ്പോഴെങ്കിലും പോയി കണ്ടോളാം '' എന്നു പറഞ്ഞുവെങ്കിലും വാക്കുകളില്‍ നിരാശ കലര്‍ന്നിരുന്നോ എന്നു തോന്നി.

 തിരിച്ചുപോരുന്ന വഴി സരസ്വതിയമ്മയെ ചെന്നുകാണാം എന്ന ആശയം ഉടലെടുത്തത് കഴിഞ്ഞ രാത്രി അനിതയുമായി ഫോണില്‍ സംസാരിക്കുന്നതിന്നിടയിലാണ്.

'' അതേയ്, ഞാന്‍ നാട്ടിലെത്തിയാല്‍ വന്നു കാണുന്നുണ്ടെന്ന് പ്രത്യേകം പറയണേ ''അവള്‍ ഓര്‍മ്മിപ്പിച്ചു '' ഏട്ടനേയും എന്നേയും വളര്‍ത്തി വലുതാക്കാന്‍  അമ്മയേക്കാള്‍ കഷ്ടപ്പെട്ടത് അവരാണ് ''.

സരസ്വതിയമ്മ വളരെക്കാലം അനിതയുടെ വീട്ടിലെ പണിക്കാരിയായിരുന്നു. നോക്കി വളര്‍ത്തിയ ആള്‍ എന്നുപറയുന്നതാണ് ഒന്നുകൂടി ശരി. ജോലിക്കാരിയായ അമ്മയ്ക്ക് മക്കളുടെ കാര്യം ശ്രദ്ധിക്കാന്‍ വേണ്ടത്ര സമയം കിട്ടാറില്ല. ആ കുറവ് പരിഹരിച്ചത് സരസ്വതിയമ്മയാണ്. പക്ഷെ മക്കള്‍ മുതിര്‍ന്നതോടെ അനിതയുടെ അമ്മ തൊട്ടതിനും പിടിച്ചതിനും അവരില്‍ കുറ്റങ്ങളും കുറവുകളും  കണ്ടെത്താന്‍ തുടങ്ങി. ഒടുവില്‍ ഏതോ നിസ്സാരകാര്യത്തിന് ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. എങ്കിലും അപകടത്തില്‍പ്പെട്ട് അച്ഛനും അമ്മയും മരിച്ച വിവരം അറിഞ്ഞതും സരസ്വതിയമ്മ എല്ലാം മറന്ന് ഓടിയെത്തി. മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് അനിതയും ജ്യേഷ്ഠനും നാട്ടില്‍ നിന്ന് പോവുന്നതുവരെ അവരുടെകൂടെ കഴിഞ്ഞു. ഇപ്പോള്‍ ആലത്തൂരിനടുത്ത് ഭര്‍ത്താവിനോടൊപ്പം കഴിയുന്ന മകളുടെ കൂടെയാണ് അവര്‍.

'' ആലത്തൂര് എത്തുന്നതിന്നുതൊട്ടുമുമ്പ് ഇടത്തോട്ട് ഒരു റോഡുണ്ട്. അതിലെക്കൂടി രണ്ടു കിലോമീറ്റര്‍ ചെന്നിട്ട് ആരോടെങ്കിലും പട്ടാളത്തില്‍ നിന്നു പിരിഞ്ഞതിനുശേഷം ടെലഫോണ്‍ എക്സ്ചേഞ്ചില്‍ ജോലിക്കുപോവുന്ന ഗോവിന്ദന്‍കുട്ടിടെ വീട് ഏതാന്ന് ചോദിച്ചാല്‍ ആരും കാട്ടിത്തരും '' അനിത വഴി പറഞ്ഞുതന്നതാണ്.

'' താന്‍ വിഷമിക്കണ്ടടോ. അതൊക്കെ ഞാന്‍ അന്വേഷിച്ച് കണ്ടെത്തിക്കോളാം ''  എന്ന് ഉറപ്പ് കൊടുത്തു.

'' വെറുതെ പോയി കണ്ടിട്ട് വരാന്‍ പാടില്ല. അവര്‍ക്ക് വല്ലതും കൊടുക്കണം '' അനിത അതുകൂടി ഓര്‍മ്മിപ്പിച്ചിരുന്നു.

'' ഷുവര്‍. താന്‍ അതൊന്നും പറഞ്ഞു തരണ്ടാ. ഒക്കെ എനിക്കറിയാം  '' എന്ന് ഗമയില്‍ തട്ടിവിടുകയും ചെയ്തതാണ്. എല്ലാം വെറും വാക്കായി. ജാഫറിനോട് നേരത്തെ ഒരു വാക്ക് പറഞ്ഞിരുന്നുവെങ്കില്‍ ഈ അബദ്ധം പറ്റില്ലായിരുന്നു. ഇനി അത് ആലോചിച്ചിട്ട് കാര്യമില്ല.

വീട്ടുകാരോട് ചെയ്തത് വേറൊരു തെറ്റ്. ശനിയാഴ്ച രാജിച്ചേച്ചിയുടെ വീട്ടിലേക്ക് എല്ലാവരേയും കൂട്ടിക്കോണ്ടു പോയി ഞായറാഴ്ച തിരിച്ചു കൊണ്ടുവരാമെന്ന് വാക്ക് കൊടുത്തിരുന്നു. അതുകേട്ട് വലിയമ്മ രാജിചേച്ചിയെ ഫോണ്‍ ചെയ്ത് എല്ലാവരും കൂടി വരുമെന്ന വിവരം അറിയിക്കുകയും ചെയ്തു. അവരേയും നിരാശപ്പെടുത്തി.

എല്ലാറ്റിലും വലിയ തെറ്റു ചെയ്തത് പപ്പനമ്മാമനോടാണ് . തെറ്റ് എന്നല്ല ക്രൂരത എന്നുവേണം പറയാന്‍. ഏറെ കഷ്ടപ്പെട്ട് ഭക്ഷണങ്ങളൊരുക്കി അദ്ദേഹം കാത്തിരുന്നു കാണും. പതിവായി ഭക്ഷണം നല്‍കാറുള്ളവരോട് അന്നേക്ക് വേണ്ടാ എന്ന് അദ്ദേഹം പറഞ്ഞതാണ്. തന്നെ കാണാഞ്ഞ് ഭക്ഷണം ഉണ്ടാക്കാതിരിക്കുകയും മറ്റുള്ളവര്‍ ഒന്നും എത്തിക്കാതിരിക്കുകയും ചെയ്ത് ആ സാധു ബുദ്ധിമുട്ടിയൊ ആവോ. രണ്ടായാലും ഒരുപോലെ കഷ്ടമായി. അതിനുള്ള ഉത്തരവാദിത്വം മറ്റാര്‍ക്കുമല്ല. തറവാട്ടിലേക്ക് മൂന്ന് ദിവസത്തിനിടെ ഒരുതവണയേ ഫോണ്‍ ചെയ്തുള്ളു. അപ്പോള്‍ പപ്പനമ്മാമനെക്കുറിച്ച് ഒന്നും ചോദിക്കുകയും ചെയ്തില്ല. അസ്വസ്ഥത മനസ്സില്‍ പെറ്റുപെരുകുകയാണ്.

'' എന്താ ചങ്ങാതി വല്ലാണ്ടിരിക്കിണത്. യാത്ര ചെയ്ത പൂതി മാറീലേ '' മുഖത്തെ മ്ലാനത കണ്ടിട്ടാവണം ജാഫര്‍ തിരക്കി.

'' ഒരു തലവേദന '' കൂടുതല്‍ വിശദീകരിക്കാന്‍ നില്‍ക്കാതെ ദിലീപ് മേനോന്‍ ഒഴിഞ്ഞു മാറി.

'' ഒരു ദിവസം കൂടി നമുക്കവിടെ തങ്ങായിരുന്നു അല്ലേ ''  ജാഫര്‍ ഉറക്കെ ആത്മഗതം ചെയ്തു.

ഇപ്പോള്‍ത്തന്നെ ദിവസം നാലു കഴിഞ്ഞു. വൈകുന്നേരത്തേക്ക് എത്താമെന്നു പറഞ്ഞ് വ്യാഴാഴ്ച പുലര്‍ച്ചെ ഇറങ്ങിയതാണ്. എന്നിട്ട് തിരിച്ചെത്തുന്നത് ഞായറാഴ്ച വൈകീട്ട്. തറവാട്ടിലുള്ളവര്‍ എന്തു കരുതും. ക്ലാസ്സ് കട്ടു ചെയ്ത് സിനിമയ്ക്ക് പോയി തിരിച്ച് വീട്ടിലേക്ക് പോരുമ്പോള്‍ തോന്നുന്നതുപോലുള്ള പരിഭ്രമം തോന്നുന്നു. ബുധനാഴ്ച രാത്രി ഏറെ വൈകീട്ടാണ് ജാഫര്‍ വിളിക്കുന്നത്.

'' രാവിലെ ആറുമണിയാവുമ്പോഴേക്കും ഒരുങ്ങി നിന്നോ. ഒരുസ്ഥലം വരെ നമുക്ക് പോവാനുണ്ട് '' അയാള്‍ പറഞ്ഞു.

'' എങ്ങോട്ടാ ''.

'' അങ്ങിനെ പ്രത്യേകിച്ച് ഒരു സ്ഥലം ഒന്നൂല്യാ. എവിടെയെങ്കിലും കറങ്ങി തിരിഞ്ഞ് വൈകുന്നേരത്തോടെ എത്താം '' കൂടുതലെന്തെങ്കിലും പറയുന്നതിന്നു മുമ്പ് കാള്‍ 
കട്ടായി.

രാവിലെ വലിയമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോഴും ചെറിയച്ഛനും ചെറിയമ്മയും ഉണര്‍ന്നെഴുന്നേറ്റ് പത്തായപ്പുരയില്‍ നിന്നും വന്നിരുന്നില്ല. മൊബൈലില്‍ പഴയൊരു പാട്ടും വെച്ച് കേട്ടിരിക്കുമ്പോഴാണ് ജാഫര്‍ എത്തുന്നത്. കാറില്‍ അയാളെ കൂടാതെ വേറേയും രണ്ടുപേരുണ്ട്.

'' ഇത് നമ്മടെ അളിയന്‍ കബീറ്. സൌദീന്ന് വന്നിട്ട് ഒരാഴ്ച ആയിട്ടേ ഉള്ളൂ. നാട് ചുറ്റണംന്ന് പുള്ളിക്കൊരു മോഹം. മറ്റത് നമ്മടെ ദോസ്ത് വിജയന്‍ സാറ്. ഇന്‍കം ടാക്സ് ആപ്പീസിലാ മൂപ്പരുക്ക് ജോലി '' ജാഫര്‍ അപരിചിതരെ പരിചയപ്പെടുത്തി.

'' എന്തിനാ ഈ കുന്തം ഏറ്റിക്കൊണ്ട് നടക്കുന്നത് '' ഡോര്‍ തുറന്ന് കാറില്‍ കയറാന്‍ ചെന്നപ്പോള്‍ മൊബൈലിനെ ചൂണ്ടി ജാഫര്‍ പറഞ്ഞു '' ഇതൊക്കെ എടങ്ങേറാണ്. ഒരു വഴിക്ക് യാത്ര പോവുമ്പോള്‍ ചെത്തൂം വിളീം ഉണ്ടാക്കി മനുഷ്യനെ മടുപ്പിക്കും ''.

വൈകുന്നേരം തിരിച്ചെത്തുമല്ലോ എന്നു കരുതി മൊബൈല്‍ വലിയമ്മയെ ഏല്‍പ്പിച്ചു. അതുകൊണ്ട് ദിവസവും രാത്രി അനിതയെ വിളിക്കാന്‍ ടെലഫോണ്‍ ബൂത്തുകളെ ആശ്രയിക്കേണ്ടി വന്നു.

'' കണ്ണു മിഴിച്ചിരുന്ന് ഉറങ്ങണ്ടാ. നാടെത്താറായി '' ജാഫര്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ ബാഗ് എടുത്തു. ഉടുത്ത വസ്ത്രങ്ങളോടെ ഇറങ്ങിയതാണ്. മാറ്റാനുള്ള തുണികളെല്ലാം  അപ്പപ്പോള്‍ വാങ്ങേണ്ടി വന്നു. പടിക്കല്‍ കാറ് നിറുത്തിയതും ഇറങ്ങി കൂട്ടുകാരോട് യാത്ര പറഞ്ഞു.

'' അടുത്ത തവണ നമുക്ക് തമിഴ് നാട്ടിലൊന്ന് കറങ്ങണം '' വിജയന്‍ സാര്‍ പറഞ്ഞു. ബഹു രസികനാണ് അയാള്‍. എവിടെയെങ്കിലും ചുറ്റിക്കറങ്ങി വൈകീട്ട് വീടെത്താം എന്നേ ജാഫറും ഉദ്ദേശിച്ചിരുന്നുള്ളു. ബോട്ട് ഹൌസിലെ താമസവും കോവളവും തേക്കടിയും സന്ദര്‍ശിച്ചതും വിജയന്‍ സാറിന്‍റെ താല്‍പ്പര്യപ്രകാരമാണ്.

വലിയമ്മ സെറ്റുമുണ്ടുടുത്ത് എങ്ങോട്ടോ പോവാനൊരുങ്ങി നില്‍ക്കുകയാണ്. വേഷ്ടി പുതച്ച് ഇളയച്ഛനും കസവുസാരിയുടുത്ത് ചെറിയമ്മയും പത്തായപ്പുര ഉമ്മറത്ത്  നില്‍പ്പുണ്ട്.

'' ഉദ്ദേശിച്ചതുപോലെ വരാന്‍ പറ്റിയില്ല '' കുറ്റം സമ്മതിക്കുന്ന മട്ടില്‍ ദിലീപ് മേനോന്‍ പറഞ്ഞു.

'' അതിനെന്താ. എത്രയോ കാലമായി അന്യ നാട്ടില്‍ കഴിയുന്നതല്ലേ. കൂട്ടുകാരനെ കിട്ടിയപ്പോള്‍ സര്‍ക്കീട്ടടിച്ചു. അതൊരു വലിയ തെറ്റൊന്ന്വല്ല '' വലിയമ്മ പറഞ്ഞതു കേട്ടപ്പോള്‍ സ്വയം ചെറുതായതുപോലെ.

'' രാജിചേച്ചിടെ വീട്ടില്‍ പോവാന്ന് പറഞ്ഞിട്ട് ''.

'' ദീപു എന്തോ അത്യാവശ്യമായിട്ട് പോയിരിക്ക്യാണ്. എപ്പഴാ വര്വാന്ന് അറിയില്ല. പുറപ്പെടുന്നതിന്‍റെ തലേ ദിവസം വിവരം തരാന്ന് ഫോണ്‍ ചെയ്തു പറഞ്ഞു ''.

'' പപ്പനമ്മാമന്‍ ''.

'' ഓ. അതോ. എന്തോ കുരുത്തത്തിന് അന്നു രാവിലെ മാഷേട്ടന്‍ ഉണ്ണിക്കുട്ടന്‍റെ കയ്യില് പപ്പനമ്മാമന് ഏതോ കടലാസ് കൊടുത്തയച്ചിരുന്നു. നിന്നെ കാത്തിരിക്കുന്ന വിവരം അങ്ങിനെയാണ് ഞങ്ങളറിയുന്നത്. പിന്നെ ഇവിടുന്ന് ആഹാരം ഉണ്ടാക്കി എത്തിച്ചു കൊടുത്തു ''. എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ സമാധാനമായി.

'' എവിടേക്കാ എല്ലാരും കൂടി ''.

'' ഇന്ന് കാവില് കൂത്ത് തുടങ്ങ്വാണ്. രാത്രി പോവാനൊന്നും പറ്റില്ല. സന്ധ്യക്ക് ഒന്ന് തൊഴുതിട്ട് വരാന്ന് കരുതി ''.

'' എനിക്കും വരണംന്നുണ്ട് ''.

'' അതിനെന്താ. നീ പോയി വേഷം മാറി വരുമ്പഴയ്ക്കും ഞാന്‍ ചായ ഉണ്ടാക്കീട്ട് തരാം '' വലിയമ്മ അകത്തേക്ക് ചെന്നു. ഇളയച്ഛനേയും ചെറിയമ്മയേയും നോക്കി പുഞ്ചിരിച്ച് അയാള്‍ ബാഗുമായി അകത്തേക്ക് നടന്നു

9 comments:

  1. കഥയങ്ങനെ രസകരമായി മുമ്പോട്ട് പോകുന്നു
    വടക്കഞ്ചേരിയും വടക്കാഞ്ചേരിയുമുണ്ടോ?

    ReplyDelete
  2. കേരളേട്ടന്റെ കഥ വായിച്ചുകഴിഞ്ഞാൽ നാട്ടിലെത്തിയ പ്രതീതിയാണ്... മണ്ണിന്റെ മണമുള്ള എഴുത്ത്...

    അജിത്‌ഭായ്, അതറിയില്ലേ? തൃശൂരിൽ നിന്നും ഷൊർണ്ണൂർക്കുള്ള റൂട്ടിൽ വടക്കാഞ്ചേരി... (Wadakkanchery) റയിൽ‌വേ സ്റ്റേഷനുമുണ്ട് അവിടെ... തൃശൂരിൽ നിന്നും NH-47 വഴി പാലക്കാട്ടേക്ക് പോകുന്ന വഴിയിലാണ് വടക്കഞ്ചേരി... (Vadakkanchery). ഇവ രണ്ടും മാറിപ്പോകാതിരിക്കാൻ പണ്ട് പോസ്റ്റൽ അഡ്രസ്സിൽ വടക്കാഞ്ചേരിയാണെങ്കിൽ വടക്കാഞ്ചേരി-കൊച്ചിൻ എന്ന് എഴുതുമായിരുന്നു... കൊച്ചി രാജ്യത്തിലെ വടക്കാഞ്ചേരി എന്നർത്ഥം വരുന്ന വിധത്തിൽ...

    ReplyDelete
  3. ajith,
    വിനുവേട്ടന്‍ രണ്ടു സ്ഥലങ്ങളെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. വടക്കാഞ്ചേരി തൃശ്ശൂര്‍ ജില്ലയിലാണ്, വടക്കഞ്ചേരി പാലക്കാട് ജില്ലയിലും.
    വിനുവേട്ടന്‍,
    നാട്ടിന്‍പുറത്ത് ജീവിക്കുന്നവരുടെ കഥയാണ് ഇത്.

    ReplyDelete
  4. ദിലീപ് പറഞ്ഞ സമയത്ത് പറഞ്ഞ സ്ഥലത്തൊന്നും എത്താതിരുന്നതിൽ എനിക്ക് വിഷമം തോന്നി...

    ReplyDelete
  5. മണ്ണിന്റെ മണമുണ്ട് ഈ കഥകൾക്ക്.
    തുടരുക...
    ആശംസകൾ...

    ReplyDelete
  6. Nalina,
    മനപ്പൂര്‍വ്വമല്ല. അയാളുടെ രീതി അങ്ങിനെയാണ്.
    വി.കെ,
    വളരെ നന്ദി.

    ReplyDelete
  7. ഒരു മൂന്നാലു വര്ഷങ്ങള്ക്ക് മുമ്പ് ആലത്തൂർ വഴി തിരുവല്ല്വാമലക്കും, തിരിച്ചും യാത്ര ചെയ്തു. വടക്കഞ്ചേരിയിൽ പലതവണ പോയി.

    ReplyDelete
  8. ഈ സ്ഥലങ്ങളൊക്കെ എനിക്കും അറിയാം...

    ReplyDelete
  9. ഡോക്ടർ,
    നമ്മുടെ നാട്ടിലെ സ്ഥലങ്ങളല്ലേ ഇവയെല്ലാം. ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ പോവാതെ വയ്യല്ലോ.

    Echmukutty,
    പരിചയമുള്ള സ്ഥലങ്ങളാണോ.

    ReplyDelete