Sunday, October 20, 2013

അദ്ധ്യായം - 15.


'' നല്ല ചൂടുണ്ടല്ലോ. എന്താ ഫാൻ ഇടാത്തത് '' വന്നു കയറിയതും ദിലീപ് മേനോൻ ചോദിച്ചു. ഒരു മൂലയിൽ വെച്ച പെഡസ്റ്റൽ ഫാൻ ചലനരഹിതമാണ്.

'' അതിന്ന് കറണ്ട് ഉണ്ടായിട്ടു വേണ്ടേ '' പപ്പനമ്മാമൻ പറഞ്ഞു '' ഇന്നലെ രാത്രി പോയതാണ്. എപ്പോൾ വരും എന്ന് ദൈവത്തിനേ അറിയൂ ''.

'' അതെന്താ ശരിയാക്കാത്തത്. ഓഫീസിൽ വിവരം അറിയിച്ചില്ലേ ''.

'' ഉവ്വ്. ആരോ ഫോൺ ചെയ്ത് വിവരം അറിയിച്ചു എന്നുകേട്ടു. ജോലിക്കാർ രാവിലെ ഓഫീസിൽ ചെന്ന് നോക്കിയാലല്ലേ വിവരം അറിയൂ. കുറച്ചു കഴിയുമ്പോഴേക്ക് അവർ എത്തും ''.

'' ഇന്നലെ ചെറിയച്ഛനും കറണ്ട് ഇടയ്ക്കിടയ്ക്ക് പോവുന്നതിനേക്കുറിച്ച് പറഞ്ഞിരുന്നു ''.

'' കുറ്റം പറഞ്ഞിട്ടെന്താ കാര്യം. ലൈൻ വരുന്നത് റോഡിൽ കൂടി മാത്രമല്ലല്ലോ. ഓരോരുത്തരുടെ വളപ്പുകളിൽ കൂടിയും ഇടവഴിയിൽ കൂടിയും ഒക്കെയല്ലേ വരുന്നത്. അപ്പോൾ മരച്ചില്ലകളിലോ പരുവക്കൂട്ടത്തിലോ കമ്പികൾ മുട്ടി ഫ്യൂസ് പോവും ''.

'' അതൊക്കെ വെട്ടി കളഞ്ഞാൽ പ്രശ്നം തീരില്ലേ ''.

'' വെട്ടാഞ്ഞിട്ടൊന്ന്വോല്ല. വീണ്ടും അവച്ചു വരും. പിന്നെ വേറേ ചിലരുണ്ട്. ലൈനിൽ മുട്ടുന്ന മരക്കൊമ്പുകൾ വെട്ടാൻ ചെല്ലുമ്പോൾ ഇടപെടും. മുഴുവനും വെട്ടരുത്, കുറച്ച് വെട്ടിയാൽ മതി എന്നൊക്കെ പറയും. കറണ്ട് പോയാലത്ത ബുദ്ധിമുട്ടിനെക്കുറിച്ച് അവർ ഓർക്കില്ല. വേറൊരു കാര്യം കൂടിയുണ്ട്. മരക്കൊമ്പിൽ ഉരഞ്ഞ് കമ്പി പൊട്ടി വീണിട്ട് വല്ല അപകടം ഉണ്ടായാലോ. അതിൻറെ കുറ്റം മുഴുവൻ ജോലിക്കാർക്ക്. മരക്കൊമ്പ് മുറിക്കാൻ സമ്മതിക്കാഞ്ഞിട്ടാണെന്ന് അപ്പോഴും സമ്മതിക്കില്ല ''.

'' ഈ ഭാഗത്തേക്ക് ഇലക്ട്രിസിറ്റി വന്നിട്ട് കുറെയായോ ''.

'' വിസ്തരിച്ചുതന്നെ പറയാം. ഏതായാലും ദീപുവിന്ന് പഴയ കാര്യങ്ങൾ അറിയണമെന്ന് മോഹം ഉള്ളതല്ലേ. ഇന്നത്തെ വിഷയം ഇതായിക്കോട്ടേ ''.

'' അത് നന്നായി. ഇങ്ങിനെ ഓരോ കാര്യത്തെക്കുറിച്ച് അപ്പപ്പോൾ പറയുന്നതാണ് നല്ലത്. എല്ലാം കൂടി ഒന്നിച്ച് കേൾക്കുമ്പോഴുള്ളതിനേക്കാൾ അത് മനസ്സിൽ നിൽക്കും ''.

'' എന്നാൽ കേട്ടോളൂ '' പപ്പനമ്മാമൻ പറഞ്ഞു തുടങ്ങി '' നമ്മുടെ നാട്ടിലേക്ക് കറണ്ട് എത്തുമ്പോൾ എനിക്ക് മുപ്പത് വയസ്സെങ്കിലും ആയിട്ടുണ്ടാവും. മനയ്ക്കിലേക്കാണ് ആദ്യം ലൈൻ വലിച്ച് കറണ്ട് കൊടുത്തത്. അന്ന് ഇലക്ട്രിസിറ്റി എന്നത് ഒരു അത്ഭുതമായിരുന്നു. എന്നാലും കറണ്ട് കണക്ഷൻ കൊടുത്ത ദിവസം അവിടെ യാതൊരു വിധത്തിലുള്ള ചടങ്ങും ഉണ്ടായിരുന്നില്ല. ഇപ്പോൾ സ്ഥിതി അങ്ങിനെയാണോ? ഏതെങ്കിലും വഴിക്ക് പുതിയതായി ഒരു കെ.എസ്.ആർ.ടി.സി. ബസ്സ് ഓടാൻ തുടങ്ങിയാൽ, അതിനെ മാലയിടാനും സ്വീകരിക്കാനും ആളുകൂടും. പൊതുയോഗം നടത്തി മന്ത്രിയോ എം.എൽ.എ.യോ ഉത്ഘാടനം ചെയ്യാതെ ഇലക്ട്രിക് ലൈനിൽ കൂടി കറണ്ട് വിടില്ല ''.

'' ജനാധിപത്യത്തിൽ അതെല്ലാം ഒഴിവാക്കാൻ പറ്റില്ലല്ലോ ''.

'' ശരിയാണ്. പക്ഷെ തൊട്ടതിനും പിടിച്ചതിനും ആഘോഷം വേണം എന്ന നമ്മുടെ മനോഭാവം ശരിയല്ല. ഒരു കാര്യം ആലോചിക്കണം. ഉത്ഘാടനം ചെയ്യാൻ മന്ത്രിക്ക് വരാൻ പറ്റാത്തതിനാൽ റോഡും പാലവും സർക്കാർ വക കെട്ടിടങ്ങളുമൊക്കെ ഉപയോഗിക്കാനാവാതെ കിടക്കുന്നത് എത്ര  അസംബന്ധമാണ്. ഞാൻ വെറുതെ പറയുന്നതല്ല. ഇങ്ങിനത്തെ എത്രയെത്രയോ സംഭവങ്ങൾ ഈ നാട്ടിലുണ്ട് ''.

'' അതുപോട്ടെ. നമുക്ക് നമ്മുടെ വിഷയത്തിലേക്ക് മടങ്ങാം ''.

'' ങാ. അത് മറന്നു. റൈസ്മില്ലിലെ ഡീസൽ എഞ്ചിൻ മാറ്റി ഇലക്ട്രിക്ക്മോട്ടോർ വെച്ചത് കുറച്ചു കാലം കഴിഞ്ഞിട്ടാണ്. അവിടുന്നങ്ങോട്ട് ഒന്നും രണ്ടുമായി നാട്ടിൽ ഇലക്ട്രിസിറ്റി കണക്ഷനുകൾ കൂടാൻ തുടങ്ങി ''.

'' എനിക്ക് ഓർമ്മവെക്കുമ്പോൾ നമ്മുടെ തറവാട്ടിൽ ഇലക്ട്രിസിറ്റിയുണ്ട് ''.

'' അതിന് ദീപുവിന്ന് അത്രയ്ക്കൊന്നും പ്രായം ആയില്ലല്ലോ. മാത്രമല്ല അപ്പോഴേക്കും കാലം കുറെ കഴിയുകയും ചെയ്തില്ലേ. എന്നിട്ടും ആ കാലത്ത് എല്ലാ വീടുകളിലും വൈദ്യുതി എത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ ആകെ മാറി. വിദ്യുച്ഛക്തിയില്ലാത്ത വീടുകൾ ഇല്ല എന്നന്നെ പറയാം ''.

'' നാട് പുരോഗമിച്ചു എന്നർത്ഥം ''.

'' അതിനെന്താ സംശയം. പുരോഗതിയൊക്കെ ഉണ്ടായിട്ടുണ്ട്. ഉണ്ടായില്ല എന്നു പറഞ്ഞാൽ അത് അസത്യമാവും. ഇലക്ട്രിസിറ്റിയുടെ കാര്യം തന്നെ നോക്കാം. ഉപഭോക്താക്കളുടെ എണ്ണം മാത്രമല്ല സൗകര്യങ്ങളും കൂടിയിട്ടുണ്ട്. പത്തു നാൽപ്പത് കൊല്ലംമുമ്പ് ഇത്രയധികം ഓഫീസുകൾ ഇല്ല. എല്ലാ മാസവും പണം അടയ്ക്കാൻ പാലക്കാടുവരെ പോവണം. ഇപ്പോഴോ. ഒരുവിധം എല്ലായിടത്തും  സെക്ഷൻ ഓഫീസുകളുകളായി. പണം അടയ്ക്കാനോ പുതിയ കണക്ഷൻ കിട്ടാനോ ദൂരേയുള്ള ഓഫീസിലേക്ക് മിനക്കെട്ടു ചെല്ലേണ്ട അവസ്ഥ മാറി. ആ കാലത്ത് ഉണ്ടായിരുന്ന സെക്ഷൻ ഓഫീസുകളേക്കാൾ കൂടുതൽ ഡിവിഷൻ ഓഫീസുകൾ ഇന്നുണ്ട് ''.

'' ടൗണിൽ നിന്ന് ഇങ്ങോട്ട് വരുമ്പോൾ ഒരു സബ്‌സ്റ്റേഷൻ കണ്ടു ''.

'' അതു വന്നിട്ട് മൂന്നു നാല് കൊല്ലമായി. ഇവിടെ നിന്ന് രണ്ടു കിലോമീറ്റർ പോയാൽ ചെറിയൊരു സബ്‌സ്റ്റേഷൻറെ പണി നടക്കുന്നത് കാണാം. 33 K.V ആണെന്നാ പറഞ്ഞു കേട്ടത് ''.

'' എന്തായാലും സന്തോഷമുള്ള കാര്യങ്ങളാണ് എല്ലാം ''.

'' ഈ സ്ഥിതിവിവരകണക്കുകളൊക്കെ കേട്ടിട്ട് മടുപ്പ് തോന്നുന്നുണ്ടോ ''.

'' ഇത്ര ദൂരം പുതിയതായി ലൈൻ വലിച്ചു, ഇന്നിന്ന ദിക്കിൽ പുതിയ ട്രാൻസ്ഫോർമറുകൾ വെച്ചു, ഇത്ര ആളുകൾക്ക് കണക്ഷൻ കൊടുത്തു എന്നു പറയുന്നതുപോലെ അല്ലല്ലോ ഇത്. അതുകൊണ്ട് ഒട്ടും മടുപ്പ് തോന്നിയില്ല. കൂട്ടത്തിൽ ഒരു കാര്യം പറയാനുണ്ട്. സംസാരിച്ചിരുന്ന് ഒരുപക്ഷെ അത് മറന്നു പോയാലോ ''.

'' എന്താ സംഗതി ''.

'' വലിയമ്മ ഇന്നലെ വൈകുന്നേരം കുഞ്ഞുണ്ണിമാമയെ കാണാൻ ചെന്നിരുന്നു. എന്നോട് ചെല്ലാൻ  പറഞ്ഞയച്ചിട്ടുണ്ട് ''.

'' എന്തിനാന്ന് അറിയ്യോ ''.

'' അങ്ങാടി കഴിഞ്ഞതും റോഡുവക്കത്ത് അമ്മയുടെ പേരിലുള്ള ഇരുപത് സെൻറ് കൃഷിയില്ലേ. ആർക്കോ അത് വേണം. തൂർത്തിട്ട് ബിൽഡിങ്ങ് പണിയാനാണത്രേ ''.

'' എന്നിട്ട് ദീപു പോയോ ''.

'' ഇല്ല. ചോദിച്ചാൽ എന്താ പറയേണ്ടത് എന്നാലോചിക്കുകയാണ് ''.

'' ഒരു കാര്യം ഞാൻ പറയാം. നെല്ല് വിളയുന്ന ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ എവിടേയാ പിന്നെ കൃഷി ചെയ്യുക. വീടില്ലാത്ത ആളുകള് നാലോ അഞ്ചോ സെൻറ് കൃഷിഭൂമി വീടുണ്ടാക്കാൻ വേണ്ടി തൂർക്കുന്നതിന്ന് ഞാൻ എതിരല്ല. എന്നാൽ ഭൂമാഫിയക്കാർക്ക് കൊടുക്കുന്നതിന്ന് ഞാൻ എതിരാണ്.  നമ്മുടെ നാട്ടില് പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു. ആരും അതൊന്നും ഓർക്കുന്നില്ല ''.

'' സ്വാതന്ത്ര്യം കിട്ടിയ കാലത്ത് ക്ഷാമം ഉണ്ടായിരുന്നതായി അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ''.

'' അന്നവൾ ജനിച്ചിട്ടില്ല. പറഞ്ഞുകേട്ട അറിവുവെച്ച് പറയുന്നതാണ്. ഞാൻ അതെല്ലാം കണ്ടും കേട്ടും അറിഞ്ഞതാണ്  ''.

'' എനിക്ക് ആ കാര്യങ്ങളെല്ലാം കേൾക്കണം ''.

'' അതിനെന്താ വിരോധം. ആ മുക്കിൽ ഒരു തണ്ണിമത്തനുണ്ട്. അതു മുറിച്ച് വെള്ളത്തിൽ കലക്കി പഞ്ചാരയിട്ട് കഴിക്കാം. ഈ ചൂടിന് നല്ലതാണ്. എന്നിട്ട് പറഞ്ഞാൽ പോരേ ''.

ദിലീപ് മേനോൻ ശരിവെച്ചു. പപ്പനമ്മാമനോടൊപ്പം അയാളും എഴുന്നേറ്റു.

16 comments:

  1. നെല്ല് വിളയുന്ന ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ എവിടേയാ പിന്നെ കൃഷി ചെയ്യുക. വീടില്ലാത്ത ആളുകള് നാലോ അഞ്ചോ സെൻറ് കൃഷിഭൂമി വീടുണ്ടാക്കാൻ വേണ്ടി തൂർക്കുന്നതിന്ന് ഞാൻ എതിരല്ല. എന്നാൽ ഭൂമാഫിയക്കാർക്ക് കൊടുക്കുന്നതിന്ന് ഞാൻ എതിരാണ്. നമ്മുടെ നാട്ടില് പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു. ആരും അതൊന്നും ഓർക്കുന്നില്ല ''.

    ഞാന്‍ ഓര്‍ക്കുന്നുണ്ട്, വളരെ നന്നായിട്ട് ഓര്‍ക്കുന്നുണ്ട്

    ReplyDelete
    Replies
    1. ഇന്നത്തെ ഭക്ഷ്യസ്മൃദ്ധിയിൽ അനുഭവിച്ചവരൊഴികെ മറ്റാർക്കും ഇതൊന്നും വിശ്വാസമാവില്ല.

      Delete
  2. അരിയെവിടേ
    തുണിയെവിടേ
    പറയൂ പറയൂ നമ്പൂരീ

    എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് ജാഥാ പോകുന്നത് നോക്കിനിന്ന ഓര്‍മ്മയും ഉണ്ട്

    ReplyDelete
    Replies
    1. കോഴിറേഷൻ വേണ്ടേ വേണ്ടാ എന്ന മുദ്രാവാക്യവും മനസ്സിലുണ്ട്.

      Delete
  3. വായിച്ചു.. നല്ല അവതരണം ..തുടരുക..

    ReplyDelete
    Replies
    1. മുഹമ്മദ് ആറങ്ങോട്ടുകര,
      വളരെ സന്തോഷം.

      Delete
  4. തണ്ണിമത്തനുണ്ട്. അതു മുറിച്ച് വെള്ളത്തിൽ കലക്കി പഞ്ചാരയിട്ട് കഴിക്കാം.... Enikku panchaara illaathe mathi. :)
    Pls continue...

    ReplyDelete
    Replies
    1. ഡോക്ടർ,
      തണ്ണിമത്തന്ന് അൽപ്പം മധുരമുണ്ട്. അതുമതി അല്ലേ.

      Delete
    2. Athe, chilar fruitsil madhuram, salt, spice okke cherkkum. Enikku athu venda :)

      Delete
  5. ദാസേട്ടന്റെ ആത്മ കഥാംശം ഉണ്ടെന്നു തോന്നുന്നു സമൂഹത്തിന്റെ തീര്ച്ചയായും ഉണ്ട്

    ReplyDelete
    Replies
    1. ഓരോ എഴുത്തിലും ചെറിയ തോതിൽ എഴുത്തുകാരൻറെ സാന്നിദ്ധ്യമുണ്ടാവും..

      Delete
  6. നെല്ല് വിളയുന്ന ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ എവിടേയാ പിന്നെ കൃഷി ചെയ്യുക. വീടില്ലാത്ത ആളുകള് നാലോ അഞ്ചോ സെൻറ് കൃഷിഭൂമി വീടുണ്ടാക്കാൻ വേണ്ടി തൂർക്കുന്നതിന്ന് ഞാൻ എതിരല്ല. എന്നാൽ ഭൂമാഫിയക്കാർക്ക് കൊടുക്കുന്നതിന്ന് ഞാൻ എതിരാണ്. നമ്മുടെ നാട്ടില് പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു. ആരും അതൊന്നും ഓർക്കുന്നില്ല ''.

    ethra shari...

    ReplyDelete
  7. റോട്ടിലെ പോസ്റ്റിൽ നിന്ന് വീട്ടിലേയ്ക്കുള്ള ലൈനിൽ ആരുടെയോ മരം ചാഞ്ഞത് കൊണ്ട് അത് നിലം തൊട്ടു തൊട്ടില്ല എന്ന മട്ടിലായി. ലീവിലാവുമ്പോഴെങ്കിലും ഇങ്ങനെയുള്ള “ഭാരിച്ച” ഉത്തരവാദിത്വങ്ങൾ ചെയ്ത് കൂടെയെന്ന സൽ പാതിയുടെ ന്യായമായ ചോദ്യം മാനിച്ച് ഞാൻ കരണ്ടാപ്പീസിലേയ്ക്ക് വിളിച്ചു. ഓണം അവധി കഴിഞ്ഞ് ജോലിക്കാർ മടങ്ങിയെത്തിയില്ലെന്നും എത്തിയ ഉടനെ ഹാജർ വെക്കുന്നതിനു മുൻപു തന്നെ വന്ന് ലൈൻ ഉയർത്തിക്കെട്ടിത്തരാമെന്നും ഫോൺ എടുത്ത മാന്യൻ ഉറപ്പു തന്നു. ഒരാഴ്ച കഴിഞ്ഞു. പിന്നെയും സങ്കടം പറഞ്ഞു. വരും, വരാതിരിക്കില്ല എന്ന ഉറപ്പ്. എന്ന് എന്ന എന്റെ ചോദ്യം തീരെ പ്രതീക്ഷിച്ചിരുന്നില്ല അയാൾ എന്ന് തോന്നി. കഴിഞ്ഞ ആഴ്ച വിളിച്ചപ്പോഴും ലൈൻ “ഡൗൺ റ്റു എർത്ത്”.

    ReplyDelete
    Replies
    1. ഉപഭോക്താവിൻറെ പരാതി പരിഹരിക്കുന്നത് പലപ്പോഴും നീണ്ടുപോവാറുണ്ട്. കാരണങ്ങൾ പലതാവാം, എന്നാലും സേവനത്തിന്ന് പണം നൽകുന്നവൻറെ പ്രയാസം ഒഴിവാക്കാൻ താമസിച്ചുകൂടാ.

      Delete
  8. പഴയ കറണ്ട് ഇല്ലാത്തകാലം ..അന്ന് മണ്ണെണ്ണ വിളക്കിന്റെ തിരി താഴ്ത്തി വെച്ചാണ് അമ്മ എന്നെ ഉറക്കിയിരുന്നത്. ഇരുട്ട് എനിക്ക് പേടിയായിരുന്നു.

    ReplyDelete
  9. nalinakumari,
    ഇന്നത്തെ ബെഡ്റൂം ലാമ്പിൻറെ സ്ഥാനത്ത് മുട്ടവിളക്കായിരുന്നു. മണ്ണെണ്ണ വളരെ കുറച്ചേ അതിന്ന് വേണ്ടിയിരുന്നുള്ളു.

    ReplyDelete