Friday, February 7, 2014

അദ്ധ്യായം - 26.

പ്രാതൽ എടുത്തു വെച്ച് വലിയമ്മ അമ്പലത്തിലേക്ക് പോയതാണ്. രാജിച്ചേച്ചിയുടെ ചെറിയമകളുടെ ജന്മനക്ഷത്രമാണത്രേ. ശിവന് ധാരയ്ക്കും മൃത്യുഞ്ജയഹോമത്തിന്നും പിൻവിളക്കിന്നും ഏൽപ്പിച്ചിട്ടുണ്ടെന്ന് ഇന്നലെ രാത്രി പറഞ്ഞിരുന്നു. കുറെനേരം പത്രം  നോക്കിയ ശേഷം ഭക്ഷണമെടുത്തു കഴിച്ചു. ചെറിയമ്മ സ്കൂളിലേക്ക് പോയി. എന്തോ ആവശ്യത്തിന്ന് ചെറിയച്ഛനും പോയിരിക്കുന്നു. ഒറ്റയ്ക്ക് വെറുതെയിരുന്നപ്പോൾ മടുപ്പ് തോന്നി. പപ്പനമ്മാമനെ കാണാൻ പോയാലോ? രാജിച്ചേച്ചിയുടെ മകളെ ഡോക്ടറെ കാണിച്ച വിവരം പറയാം. ഉച്ചയാവുമ്പോഴേക്ക് മടങ്ങിയെത്തുകയും ചെയ്യാം. വാതിൽ പൂട്ടി താക്കോൽ വിറകുപുരയുടെ ഉത്തരത്തിന്മേൽ വെച്ചു. വലിയമ്മ അതാണ് ചെയ്യാറ്. കാറ് പുറപ്പെട്ടതും ഗെയിറ്റിന്ന് മുമ്പിൽ വലിയമ്മയെത്തി. 

'' ഞാൻ വേഗം വരാട്ടോ '' കൂടുതൽ സംസാരിക്കാൻ നിൽക്കാതെ വണ്ടി വിട്ടു.

പപ്പനമ്മാമൻറെ വീട് അടച്ചിരിക്കുന്നു. അടുത്ത വീടിന്നു മുമ്പിൽ നിൽക്കുന്ന കുട്ടിയോട് വിവരം അന്വേഷിച്ചു.

'' മുത്തച്ച കാറില് പോയി '' എട്ടു പത്ത് വയസ്സായ കുട്ടിയാണ്. അതിന് കൂടുതലൊന്നും അറിയില്ല. പരിസരത്ത് ആരേയും കാണാനുമില്ല. ചിലപ്പോൾ ഏതെങ്കിലും മീറ്റിങ്ങിന്ന് ചെന്നതാവണം. വൈകുന്നേരം വന്നു കാണാം.

ഗണപതികോവിൽ കടന്നപ്പോൾ കുഞ്ഞുണ്ണിമാമയുടെ വീട്ടിലേക്ക് ചെന്നാലോ എന്നു തോന്നി. ആസ്പത്രിയിൽനിന്നു വന്നതിന്നുശേഷം കാണാനൊത്തില്ല. എന്നാലങ്ങോട്ടു തന്നെയാവട്ടെ.

പണിക്കാരൻ ഓടിവന്നു ഗെയിറ്റ് തുറന്നു. കാർ മുറ്റത്തെ ഒരു ഓരത്ത് നിർത്തി ഇറങ്ങി നടന്നു. അമ്മായി മുൻവശത്തുതന്നെയുണ്ട്.

'' തേങ്ങയിടാൻ ആളുവന്നിട്ടുണ്ട്. തീരെ വകതിരിവ് ഇല്ലാത്ത ഒരുത്തൻ. നമ്മള് നോക്കി പറഞ്ഞു കൊടുത്തില്ലെങ്കിൽ മൂത്തതും മൂക്കാത്തതും ഒക്കെ ഇട്ടിട്ടു പോവും. അവന് കൂലി കിട്ടിയാൽ പോരേ. നഷ്ടം നമുക്കല്ലേ '' അവർ ഒറ്റവീർപ്പിന്ന് പറഞ്ഞു '' നിന്നെ പിന്നെ കണ്ടില്ലാന്ന് മാമ ഇടക്ക് പറയാറുണ്ട് ''.

'' അതല്ലേ ഞാൻ വന്നത്. കുഞ്ഞുണ്ണിമാമ എവിടെ ''.

'' എന്താ ഞാൻ പറയണ്ടത്. ഇന്നേവരെ മൂപ്പർക്ക് ഒരു ജലദോഷംകൂടി വന്നു കണ്ടിട്ടില്ല. ഏതു കാലക്കേട് പിടിച്ച സമയത്താണോ ആസ്പത്രിയിൽ കിടക്കേണ്ടി വന്നത് എന്ന് എനിക്കറിറിയില്ല. അതിൽ പിന്നെ ഡോക്ടറും മരുന്നും ഒഴിഞ്ഞ നേരൂല്യാ. കുറച്ചു മുമ്പ് കഞ്ഞി ചോദിച്ചു. കൊടുത്തതിൽനിന്ന് രണ്ടുവായ കുടിച്ച് പോയി സോഫയില് കിടന്നു ''.

അമ്മായിയുടെ പുറകെ അകത്തേക്ക് ചെന്നു. കുഞ്ഞുണ്ണിമാമ ക്ഷീണിതനാണെന്ന് ഒറ്റ നോട്ടത്തിലേ അറിയാം.

'' തന്നെ കാണണം എന്നുണ്ടായിരുന്നു. വന്നത് നന്നായി '' അദ്ദേഹം പറഞ്ഞു '' ഫോൺ
 ചെയ്ത് വരാൻ പറഞ്ഞാൽ താൻ പരിഭ്രമിച്ചാലോ എന്നുവിചാരിച്ച് ചെയ്യാഞ്ഞതാണ് ''.

'' ദീപൂ തീരെ ധൈര്യം ഇല്ലാത്ത ആളാണ് . ഫോൺചെയ്ത് ബേജാറാക്കണ്ടാന്ന് ഞാനാ പറഞ്ഞത് '' അമ്മായി വിശദീകരിച്ചു.

'' താൻ വിസ്തരിക്കാനൊന്നും നിൽക്കണ്ടാ. പോയി എന്താ പണീച്ചാൽ നോക്കിക്കോളൂ '' കുഞ്ഞുണ്ണിമാമന്ന് ദേഷ്യം വന്ന മട്ടുണ്ട്. 

'' എഴുന്നേൽക്കാൻ വയ്യാതെ കിടപ്പിലായാലും ശുണ്ഠിക്ക് മാത്രം കുറവൊന്നൂല്യാ. ഇപ്പൊ ഞാനൊന്നും പറയുന്നില്ല. ഇനി എന്തിനെങ്കിലും എന്നെ വിളിക്കിൻ, അപ്പോൾ പറഞ്ഞു തരാം ''.

'' പോട്ടെ അമ്മായി. ഇതൊന്നും കാര്യമാക്കണ്ടേ '' അവരുടെ കലഹത്തിൽ ഇടപെട്ടു.

'' കുട്ടീ, മാമ മുമ്പ് ഇങ്ങിനെയൊന്നും ആയിരുന്നില്ല. ഞാനെന്തു പറഞ്ഞാലും കമാന്ന് ഒരു അക്ഷരം പറയില്ല. ഇപ്പോൾ കുറച്ചായിട്ടാണ് ഇങ്ങിനെയൊരു സ്വഭാവം. വയസ്സായില്ലേ, ഇനി ഭാര്യടെ ആവശ്യം ഇല്ലാന്ന് കരുതീട്ടാവും ''. അമ്മായി ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി.

'' എന്തിനാ വെറുതെ അമ്മായിയെ ദേഷ്യം പിടിപ്പിച്ചത് '' ദിലീപ് മേനോൻ ചോദിച്ചു.

'' നിനക്കത് അറിയില്ല. സുന്ദരേശ്വരമേനോൻ ശുണ്ഠിക്കാരനാണ്, മനുഷ്യപ്പറ്റ് ഇല്ലാത്ത ആളാണ് എന്നൊക്കെ നാട്ടുകാർ പറയുന്നുണ്ട്. അതെല്ലാം ശരിയാണ് എന്ന് സമ്മതിച്ചു തരുന്നു. പക്ഷെ എപ്പോഴാ ഞാൻ അങ്ങിനെയായത്. ആ കാര്യം ഒരാൾ‌ക്കും അറിയണ്ടാ. കല്യാണം കഴിഞ്ഞ ശേഷം എനിക്ക് സ്വൈരം കിട്ടിയിട്ടില്ല. തൊട്ടതിനും പിടിച്ചതിനും ഒക്കെ കുറ്റംതന്നെ. എത്രയാണ് എന്നുവെച്ചാ സഹിക്കുക. വീട്ടിന്നുള്ളില് എൻറെ ദേഷ്യം വിലപ്പോവില്ല എന്നു കണ്ടപ്പോൾ ഞാൻ എതിർത്തുപറയുന്നത് നിർത്തി. എല്ലാം ഉള്ളിൽ അടക്കിവെച്ചു. പിന്നെപിന്നെ വീട്ടുകാരോടുള്ള ദേഷ്യം എൻറെ മുമ്പിൽ എത്തുന്നവരോട് കാണിക്കാൻ തുടങ്ങി. അതോടെ വീട്ടുകാർക്കും നാട്ടുകാർക്കും എന്നെ പിടിക്കാതായി ''.

'' അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്നു പറയുന്നതുപോലെ ആയി ''.

'' അത് അങ്ങിനെയാണ്. വീട്ടിൽനിന്ന് പിണങ്ങിവരുന്ന സ്കൂൾ മാഷ് തൻറെ ദേഷ്യം  തീർക്കുന്നത് പിള്ളരുടെ ദേഹത്താവും. അതുപോലെ പോലീസ് ഉദ്യോഗസ്ഥൻ കയ്യിൽ കിട്ടിയ പുള്ളികളോടും. മേലുദ്യോഗസ്ഥന്മാർ കീഴ്ജീവനക്കാരെ ചാടിച്ച് സ്വന്തം ഉള്ളിൽ പുകഞ്ഞു നിൽക്കുന്ന അമർഷം കുറയ്ക്കുന്നു. ഏതു വിധത്തിലെങ്കിലുംമനസ്സിന്നുള്ളിൽ ഒതുക്കി വെച്ചതിനെ പുറത്തേക്ക് ഒഴുക്കി കളയണ്ടേ. പുറത്ത് പുലിയായി നടക്കുന്നവർ വീട്ടിനകത്ത് വെറും പൂച്ചയായിരിക്കും ''.

'' അത് സമ്മതിച്ചു. പക്ഷേ കുഞ്ഞുണ്ണിമാമ ദേഷ്യപ്പെടാൻ തുടങ്ങിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളു എന്നാണല്ലോ അമ്മായി പറഞ്ഞത് ''.

'' ആ പറഞ്ഞത് ശരിയാണ്. തൂക്കിക്കൊല്ലാൻ കഴുത്തിൽ കയറിട്ടുകഴിഞ്ഞാൽ പിന്നെ എന്തിനാ പേടിക്കുന്നത്. എനിക്കാണെങ്കിൽ ഇനി കുറച്ചുകാലം കൂടിയെ ബാക്കിയുള്ളു. അപ്പോഴെങ്കിലും ഇവരെയൊന്നും പേടിക്കാതെ ആണായിട്ട് ജീവിക്കണം എന്നുണ്ട് ''.

'' എന്താ ഈ പറയുന്നത്. കുഞ്ഞുണ്ണിമാമയ്ക്ക് അത്ര പ്രായമൊന്നും ആയില്ലല്ലോ ''.

'' പ്രായം ആയിട്ടാണോ എല്ലാ ആളുകളും മരിക്കാറ്. ഒരു കാര്യം താൻ ഉറപ്പിച്ചോളൂ. ലീവു കഴിഞ്ഞു പോയി അടുത്ത തവണ താൻ വരുമ്പോൾ ഈ കുഞ്ഞുണ്ണിമാമ ഉണ്ടാവില്ല ''.

'' വെറുതെ ഓരോന്ന് പറയരുത്. അങ്ങിനെയൊന്നും സംഭവിക്കില്ല ''.

'' ഒന്നും അല്ലാടോ. കത്തിക്കരിഞ്ഞുകൊണ്ട് ഇരിക്കുകയാണ് ഞാനിപ്പോൾ. ഇനിയത് ചാരമാവണം. അത് എന്നു വേണമെങ്കിലും ആവാം ''.

'' എന്താണ് കുഞ്ഞുണ്ണിമാമയുടെ അസുഖം. അതു പറയൂ. വേണ്ട ചികിത്സ ചെയ്യാലോ ''.

'' ആ സ്റ്റേജൊക്കെ തെറ്റി കഴിഞ്ഞു. അറിഞ്ഞില്ലാന്നോ കൂട്ടാക്കീലാന്നോ എന്നൊക്കെ വേണച്ചാൽ പറയാം. അതോണ്ട് എന്താ ഗുണം. വിഷമിപ്പിക്കാതെ വേഗം പോവണേ എന്നേ ദൈവത്തിനോട് പറയാനുള്ളു ''.

'' കുഞ്ഞുണ്ണിമാമയ്ക്ക് എന്താ അസുഖം എന്ന് പറഞ്ഞില്ലല്ലോ ''.

'' തൽക്കാലം ഇത്രയൊക്കെ അറിഞ്ഞാൽ മതി. ജോലി സ്ഥലത്തേക്ക് തിരിച്ചുപോവുന്ന സമയത്ത് എല്ലാം ഞാൻ തനിക്ക് വിശദമായി പറഞ്ഞുതരാം ''.

'' എന്നെ അന്വേഷിച്ചത് ''.

'' മരിക്കുന്നതിന്നുമുമ്പ്  ആരോടെങ്കിലും ചിലതൊക്കെ പറയാനുണ്ട്. നേരത്തെ പറഞ്ഞ പോലെ എൻറെ മനസ്സിലുള്ളത് ആരെയെങ്കിലും അറിയിണ്ടേ. അതിനു വേണ്ടിയാണ് തന്നെ കാണണം എന്നു പറഞ്ഞത്. കേൾക്കാൻ തനിക്ക് വിരോധമൊന്നുമില്ലല്ലോ ''.

'' എനിക്കെന്താ വിരോധം ''.

'' എന്നാൽ കേട്ടോളൂ. കൂടപ്പിറപ്പുകളെ വിട്ട് തറവാട്ടിൽ നിന്ന് ഇറങ്ങിയതാണ് എനിക്കു പറ്റിയ ആദ്യത്തെതെറ്റ്. പെങ്ങമ്മാരെ വേണ്ടപോലെ സംരക്ഷിച്ചില്ല എന്നത് അടുത്ത തെറ്റ്. കണക്കു പറഞ്ഞ് അവരുടെ കയ്യിൽ നിന്ന് ഭാഗം വാങ്ങിയത് മൂന്നാമത്തെ തെറ്റ്. ഒരുപക്ഷെ ഏട്ടനല്ലേ എന്നു വിചാരിച്ച് ഇതൊക്കെ പൊറുത്തേക്കും. പക്ഷെ അവരെ പറ്റിച്ച് തറവാട് വക സ്വത്ത് കുറെയൊക്കെ കൈകലാക്കിയതിന്ന് ദൈവം കൂടി മാപ്പ് തരില്ല ''.

'' കഴിഞ്ഞത് കഴിഞ്ഞില്ലേ. ഇനി അതിനെക്കുറിച്ച് ആലോചിക്കണ്ടാ ''.

'' ഒരുതുണ്ട് സ്ഥലത്തിന്നു വേണ്ടി തന്നോട് ഞാൻ മുഷിഞ്ഞ് സംസാരിച്ചു. അത് എൻറെ ജീവിതത്തിൽ അവസാനമായിട്ടുണ്ടായ മോഹമാണ്. ഇനി ഈ ജീവിതത്തിൽ എനിക്ക് ഭൂമിയും വേണ്ടാ സ്വത്തും വേണ്ടാ. ആർക്കുവേണ്ടി എല്ലാം വെട്ടി പിടിച്ചുവോ അവർക്ക് എന്നെ വേണ്ടാ. പിന്നെ എന്തിനാ ഞാൻ സമ്പാദിച്ചു കൂട്ടുന്നത് ''.

'' അമ്മ വരട്ടെ. കുഞ്ഞുണ്ണിമാമയുടെ ആഗ്രഹം ഞാൻ സാധിപ്പിച്ചു തരുന്നുണ്ട് ''.

'' ഒന്നും വേണ്ടാ. എല്ലാവരുടേയും മനസ്ഥിതി നന്നായി അറിഞ്ഞു. കിട്ടുമ്പോൾ സ്നേഹം അല്ലെങ്കിൽ ഇല്ല. ഇനി അവർക്കായി ഒരു ഉറുപ്പികയുടെ മുതല് ഉണ്ടാക്കി വെക്കില്ല ''.

'' ഇങ്ങിനെ വെറുപ്പ് തോന്നാൻ മക്കള് എന്താ ചെയ്തത് ''.

'' അടികൊണ്ട് ആസ്പത്രിയിൽ ആയപ്പോൾ രണ്ടിനേയും വിളിച്ചു. കുട്ടികളുടെ സ്കൂൾ പൂട്ടിയിട്ടേ വരാൻ പറ്റൂന്ന് മകള്. തിരുവനന്തപുരത്ത് ചികിത്സയ്ക്ക് ഭാര്യയുടെ അച്ഛനെ കൊണ്ടുപോവാനുണ്ടെന്ന് മകൻ. സ്വന്തം അച്ഛനേക്കാൾ വലുത് ഭാര്യയുടെ അച്ഛനല്ലേ. ഇത്ര ദിവസമായിട്ടും രണ്ടും തിരിഞ്ഞു നോക്കീട്ടില്ല ''.

'' ഞാൻ എന്താ ചെയ്യേണ്ടത് ''.

'' ഒന്നും ചെയ്യാനില്ല. കുഞ്ഞുണ്ണിമാമയുടെ ഉള്ളിൻറെഉള്ളിൽ ഇങ്ങിനെ ചില സങ്കടങ്ങൾ ഉണ്ടായിരുന്നു എന്ന് ഓർമ്മിച്ചാൽ മതി ''.

എന്താണ് പറയേണ്ടത് എന്നറിയുന്നില്ല. കുഞ്ഞുണ്ണിമാമയാണെങ്കിൽ ഒന്നും മിണ്ടുന്നില്ല. നിമിഷങ്ങൾ ക്ലോക്കിൻറെ ശബ്ദത്തോടൊപ്പം വിട പറയുകയാണ്.

'' എന്നാൽ ഞാൻ ''.

'' പോയിക്കോളൂ. ഞാൻ പറഞ്ഞത് മനസ്സിൽ സൂക്ഷിച്ചാൽ മതി. ആരോടും പറയണ്ടാ ''.

കാൽക്കൽ തൊട്ടു വന്ദിച്ച ശേഷം പുറത്തേക്ക് നടന്നു. അമ്മായി മുറ്റത്തു തന്നെയുണ്ട്.

'' ഭാര്യയേയും മക്കളേയും കുറിച്ച് ഇല്ലാത്ത കുറ്റമൊക്കെ ഓതി നിറച്ചിട്ടുണ്ടാവും അല്ലേ '' അവർ ചോദിച്ചു.

'' അങ്ങിനെയൊന്നുമില്ല ''.

'' എന്താ പറയ്യാ എന്ന് എനിക്കറിയില്ലേ. പറയുന്നതുംകേട്ട് പല്ലിളിച്ച് കാണിക്കാൻ ചില ശിങ്കിടികളുണ്ടായിരുന്നു. സകലതിനേയും ആട്ടിവിട്ട് ചാണകവെള്ളം തളിച്ച് ശുദ്ധമാക്കി. ഇനി കുറ്റം പറഞ്ഞ് രസിക്കണ്ടാ ''.

'' മകനും മകളും ''.

'' എന്തിനാ അവർ വരുന്നത്. ചാടി കടിക്കുന്നത് കണ്ടോണ്ട് നിൽക്കാനോ. ഗത്യന്തരം ഇല്ലാത്തതോണ്ട് ഞാൻ എല്ലാം സഹിച്ചു കഴിയുന്നു. കുട്ട്യേളെ അതിന് കിട്ടില്ല ''.

'' രണ്ടാളും എന്തു ചെയ്യുന്നു ''.

'' മകള് ഭർത്താവിൻറെ കൂടെ അവൻറെ വീട്ടിലാണ്. സ്വന്തമായിട്ട് ഒരു വീട് വാങ്ങാൻ സഹായിക്കണം എന്നു പറഞ്ഞപ്പോൾ എൻറേല് പണമില്ല എന്നും പറഞ്ഞ് ഒഴിഞ്ഞു. അതോടെ അവള് വരാതായി ''.

'' മകൻ ''.

'' പഠിച്ചു നന്നായില്ല. അതെങ്ങിനെയാണ്. വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ കുറ്റം. ഒരുപാട് നിയന്ത്രണം പാടില്ല. പഴുത് കിട്ടിയാൽ ചാടി പോവും. അതാ ഉണ്ടായത് ''.

'' എന്നിട്ട് ''.

'' എന്നിട്ടെന്താ. കോളേജിൻറെ പടികടന്ന് ഉള്ളിൽ പോയതുപോലെ അവിടുന്ന് ഇറങ്ങി പോന്നു. ജീവിക്കേണ്ടേ. എന്തെങ്കിലും ബിസിനസ്സ് ചെയ്തു കഴിഞ്ഞുകൂടാമെന്നു കരുതി കുറച്ച് പണം ചോദിച്ചപ്പോൾ അവനോടും ഇല്ല എന്ന പല്ലവി പാടി. ഒടുവിൽ അവൻറെ ഭാര്യയുടെ അച്ഛനാണ് സഹായിച്ചത്. ഇനി ദീപു പറയ്, അവന് ഇയാളോടോ അവൻറെ ഭാര്യയുടെ അച്ഛനോടോ കടപ്പാട് ''.

'' എന്താ ഞാൻ പറയുക. ഒക്കെ ശരിയാവും ''.

'' എപ്പോൾ ? മണ്ണിനടിയിൽ പോവുമ്പോഴോ ''.

'' ഞാൻ വരട്ടെ അമ്മായി '' യാത്ര പറഞ്ഞ് കാറിനടുത്തേക്ക് നടന്നു.

ആകെക്കൂടി ആശയക്കുഴപ്പമായി. ആരു പറയുന്നതാണ് ശരി, ആരു പറയുന്നതാണ് തെറ്റ്. ഒന്നും മനസ്സിലാവുന്നില്ല. ഡോർ തുറന്ന് കയറിയിരുന്നു.

11 comments:

  1. ചില തിരിച്ചറിവുകൾ വേദനിപ്പിയ്ക്കും. തെറ്റ് തിരുത്താൻ ആയുസ്സിൽ സമയം ബാക്കിയുണ്ടാവുകയുമില്ല.

    ReplyDelete
    Replies
    1. രാജഗോപാൽ,
      കഴിയുന്നതും തെറ്റ് ചെയ്യാതിരിക്കുക, അഥവാ പറ്റിപ്പോയാൽ ഉടനെ തിരുത്തുക. അല്ലാത്തപക്ഷം ഒരിക്കലും തെറ്റ് തിരുത്തുവാനുള്ള അവസരം മനുഷ്യന്ന് കിട്ടി എന്നു വരില്ല. അവർക്ക് കുറ്റബോധത്തോടെ ഭൂമിയിൽ നിന്ന് പോവേണ്ടി വരും. കുഞ്ഞുണ്ണിമാമയ്ക്ക് അങ്ങിനെ സംഭവിക്കില്ല.

      Delete
  2. ഇതിപ്പോൾ ദീപുവിനുണ്ടായ സംശയം തന്നെ എനിക്കും... ആര് പറയുന്നതാണ് ശരി...? ഓരോരുത്തരുടെയും ശരികളെ ന്യായീകരിക്കുവാൻ ഓരോരുത്തർക്കും ഓരോ ന്യായങ്ങളുണ്ടാകും...

    ജീവിതത്തിന്റെ വിവിധമുഖങ്ങൾ...

    ReplyDelete
    Replies
    1. വിനുവേട്ടൻ,
      അതെ. ഓരോരുത്തർക്കും ഓരോ ന്യായം പറയാനുണ്ടാവും.

      Delete
  3. കുഞ്ഞുണ്ണിമാമയുടെ ഇമേജ് മാറി വരുന്നു!!!

    ReplyDelete
    Replies
    1. ajith,ദ്ദേഹം അങ്ങിനെ ആയതാണ്.

      Delete
  4. '' ആ സ്റ്റേജൊക്കെ തെറ്റി കഴിഞ്ഞു. അറിഞ്ഞില്ലാന്നോ കൂട്ടാക്കീലാന്നോ എന്നൊക്കെ വേണച്ചാൽ പറയാം. അതോണ്ട് എന്താ ഗുണം. വിഷമിപ്പിക്കാതെ വേഗം പോവണേ എന്നേ ദൈവത്തിനോട് പറയാനുള്ളു ''.......
    Ithu naam kelkkunna pallavi.....

    ReplyDelete
    Replies
    1. Dr. Premakumaran Nair Malankot,
      വയസ്സായാൽ മിക്കവരും പറയുന്ന വാക്കുകൾ.

      Delete
  5. പാവം ദീപു അല്ലാണ്ട് എന്ത് പറയാൻ

    ReplyDelete
    Replies
    1. ബൈജു മണിയങ്കാല,
      എല്ലാറ്റിനും അയാൾ സാക്ഷിയാവേണ്ടി വരുന്നു.

      Delete
  6. പെങ്ങമ്മാരെ വേണ്ടപോലെ സംരക്ഷിച്ചില്ല എന്നത് അടുത്ത തെറ്റ്. കണക്കു പറഞ്ഞ് അവരുടെ കയ്യിൽ നിന്ന് ഭാഗം വാങ്ങിയത് മൂന്നാമത്തെ തെറ്റ്. ഒരുപക്ഷെ ഏട്ടനല്ലേ എന്നു വിചാരിച്ച് ഇതൊക്കെ പൊറുത്തേക്കും. പക്ഷെ അവരെ പറ്റിച്ച് തറവാട് വക സ്വത്ത് കുറെയൊക്കെ കൈകലാക്കിയതിന്ന് ദൈവം കൂടി മാപ്പ് തരില്ല ''.

    ഇന്നും ഇതുപോലെ പാപഭാരം പേറി മരിക്കേണ്ടി വരുന്നവർ ഉണ്ടല്ലോ...ഒടുവിലെ ഒക്കെ മനസ്സിലാവൂ.

    ReplyDelete