Tuesday, March 11, 2014

അദ്ധ്യായം - 29.

ഇപ്പോൾ തന്നെ അമ്മായിയെ കണ്ട് സംസാരിച്ചാലോ? കാർ നീങ്ങി തുടങ്ങിയപ്പോൾ ദിലീപ് മേനോന് അങ്ങിനെയൊരു തോന്നലുണ്ടായി. മാരിയമ്മകോവിലിൻറെ മുമ്പിൽ കാത്തു നിൽക്കാം. വരുമ്പോൾ കാണാമല്ലോ. എന്നാൽ അധികദൂരം പോവുമ്പോഴേക്കും എതിരെ അമ്മായി വരുന്നതു കണ്ടു. കൂടെ വേറൊരു സ്ത്രീയുമുണ്ട്. ഇപ്പോൾ അവരോട് സംസാരിക്കാൻ ചെല്ലുന്നത് ഭംഗിയല്ല. അവരെ കാണാത്ത മട്ടിൽ യാത്ര തുടർന്നു.

കുഞ്ഞുണ്ണിമാമയെക്കുറിച്ചോർക്കുമ്പോൾ ചങ്കു തകരുകയാണ്. അദ്ദേഹവുമായി അധികം അടുത്തുപെരുമാറേണ്ടി വന്നിട്ടില്ല. ഓർമ്മവെച്ചതിന്നുശേഷം ഒരിക്കലും അദ്ദേഹത്തിൽ നിന്ന് സ്നേഹവാത്സല്യങ്ങൾ ലഭിച്ചിട്ടുമില്ല. എങ്കിലും അദ്ദേഹത്തിൻറെ ജീവിതം തീരുന്നു എന്ന സത്യം ഉൾക്കൊള്ളാനാവുന്നില്ല. ആ മനസ്സിലെ ദുഃഖം തൻറേതാണെന്ന് തോന്നി പോവുന്നു. ഒരിക്കലും ഈ രീതിയിൽ വികാരാധീനനാവരുതെന്ന് പരിചയമുള്ളവരെല്ലാം ഉപദേശിക്കാറുണ്ട്. എന്തുകൊണ്ടോ അതിന്ന് കഴിയുന്നില്ല.

മെയിൻറോഡിൽ നിന്ന് തിരിഞ്ഞപ്പോൾ കാർ നിർത്തി. അൽപ്പം കഴിഞ്ഞ് പോയാൽ മതി. മുഖത്തെ ദുഃഖഭാവം ആരും കാണരുത്. മനസ്സിലുള്ള വിഷമം ആരോടെങ്കിലും പങ്കുവെക്കാൻ കഴിഞ്ഞെങ്കിൽ. മൊബൈൽഫോൺ ശബ്ദിച്ചപ്പോൾ എടുത്തുനോക്കി. ഭാഗ്യത്തിന്ന് ജാഫറാണ് .

'' എന്താടാ നിൻറെ ഒച്ചയ്ക്ക് പറ്റിയത്. കരയുന്നതുപോലെ ഉണ്ടല്ലോ '' ശബ്ദത്തിലെ വ്യത്യാസം അവൻ തിരിച്ചറിഞ്ഞിരിക്കുന്നു.

'' ഏയ്. ഒരു ജലദോഷം. അതാണ് ''.

'' എന്നാൽ നിന്നെ വിളിക്കുന്നില്ല. മഞ്ഞുകൊണ്ട് സുഖക്കേട് അധികമാക്കണ്ടാ ''.

എന്തോ പരിപാടി ആസൂത്രണം ചെയ്ത് അവൻ വിളിച്ചതായിരിക്കും. ഒന്നിനും മനസ്സ് വരുന്നില്ല. വീട്ടിൽ ചെന്നതും കിടക്കണം. ഭക്ഷണം പോലും വേണമെന്നില്ല.

'' നീയെന്താ ഒന്നും പറയാത്തത്. കിടപ്പാണോ '' ജാഫർ ചോദിച്ചപ്പോൾ ഉണ്ടായതെല്ലാം അവനോട് പറഞ്ഞു.

'' കഷ്ടായെടാ. ഇത് നേരത്തെ അറിഞ്ഞാൽ പടം വിടുന്ന നേരംനോക്കി ആ കെഴവന് ഒരുതാങ്ങ് കൊടുക്കില്ലായിരുന്നു. നിന്നെ അയാൾ വേണ്ടാത്തത് പറഞ്ഞൂന്ന് കേട്ടപ്പോൾ സഹിക്കാൻ പറ്റീല്ല. അതാ അന്നങ്ങിനെ ചെയ്തത് ''.

'' ഇനി അത് ആലോചിച്ചിട്ട് എന്താ കാര്യം. കയ്യേറ്റം ചെയ്യാൻ ഞാനല്ല കാരണക്കാരൻ, വേറെ ഏതോ ശത്രുക്കളാണ് എന്നാണ് കുഞ്ഞുണ്ണിമാമ കരുതീട്ടുള്ളത് ''.

'' അത്രയും സമാധാനം. ഇനിയെന്താ നിൻറെ പരിപാടി ''.

'' ഗോപുവിനേയും ഗോപികയേയും കണ്ട് സംസാരിക്കണം. എല്ലാ കാര്യങ്ങളും അവരെ പറഞ്ഞു മനസ്സിലാക്കി അച്ഛനും മക്കളും തമ്മിലുള്ള പിണക്കം തീർക്കണം ''.

'' അത് വേണ്ടതാണ്. എന്തു വേണച്ചാലും ഞാൻ കൂടെ ഉണ്ടാവും. ഇപ്പൊ നീ വേണ്ടാതെ സങ്കടപ്പെടണ്ടാ. അയാള് ജീവനോടെ ഉണ്ടല്ലോ ''.

തറവാട്ടിലെത്തുമ്പോൾ ഗൃഹസദസ്സ് കൂടിയിരിക്കുകയാണ്. മുറ്റത്തിട്ട ചാരുകസേലയിൽ ചെറിയച്ഛൻ ഇരിക്കുന്നു, അടുത്തൊരു പ്ലാസ്റ്റിക്ക് കസേലയിൽ ചെറിയമ്മയും. പതിവു പോലെ വലിയമ്മ പടവിലാണ് ഇരിപ്പ്. നടുവിലായി സ്റ്റൂളിൽ ഗ്യാസ്‌ ലൈറ്റ് കത്തിച്ചു വെച്ചിട്ടുണ്ട്. കറണ്ട് പോയതാണ്. മുറ്റത്ത് ഒരു ഓരത്ത് കാർ നിറുത്തി വലിയമ്മയുടെ അടുത്ത് ചെന്നിരുന്നു.

'' ഞങ്ങളെത്തിയിട്ട് നേരം എത്രയായി എന്ന് അറിയ്യോ '' ചെറിയമ്മ ചോദിച്ചു '' നിങ്ങള് എത്തുമ്പോഴേക്ക് വരാമെന്നു പറഞ്ഞു പോയ നിന്നെ കാത്ത് ഞങ്ങളിവിടെ ഇരിക്കാൻ തുടങ്ങീട്ട് മണിക്കൂറ് ഒന്നു കഴിഞ്ഞു ''.

എന്താണ് പറയേണ്ടത്, എങ്ങിനെയാണ് തുടങ്ങേണ്ടത് എന്നൊന്നും അറിയുന്നില്ല. ഒരു സത്യം കുഞ്ഞുണ്ണിമാമയോട് ചെയ്തിട്ടുണ്ട്. അത് ഇപ്പോഴേ തെറ്റി. എല്ലാ രഹസ്യങ്ങളും ജാഫറിനോട് പറഞ്ഞു പോയി.

'' അമ്മയുടെ ഷഷ്ടിപൂർത്തിയല്ലേ വരുന്നത് '' ചെറിയമ്മ ചോദിച്ചു '' ഇത്ര ദിവസമായിട്ട് അതിനുവേണ്ട എന്തെങ്കിലും നീ ഏർപ്പാടാക്കീട്ടുണ്ടോ ''.

വാസ്തവത്തിൽ ആ കാര്യം ഓർത്തിട്ടുകൂടിയില്ല. എന്തൊക്കെയാണ് അമ്മയുടെ മോഹം എന്നറിയണ്ടേ. എന്നാലല്ലേ വേണ്ടത് ചെയ്യാനൊക്കൂ.

'' ഇന്നന്നെ അമ്മയോട് ചോദിക്കാം. എന്നിട്ട് എന്താണ് എന്നുവെച്ചാൽ ചെയ്യാം ''.

'' വേണ്ടാട്ടോ ദീപൂ '' ചെറിയച്ഛൻ ഇടപെട്ടു '' സുമിത്ര പറ്റിക്കാൻ വേണ്ടി ചോദിച്ചതാണ്. മുകുന്ദേട്ടൻ എന്നോട് എന്തൊക്കെ ഏർപ്പാടാക്കണം എന്ന് പറഞ്ഞിട്ടുണ്ട്. കാവിൽ ആ ദിവസത്തേക്ക് വഴിപാട് ഏർപ്പാടാക്കി. സദ്യക്ക് കാറ്ററിങ്ങ്കാരനെ ഏൽപ്പിച്ചുകഴിഞ്ഞു. ഇനി ഒന്നു രണ്ടു കാര്യങ്ങൾ കൂടിയുണ്ട്. അത് മുകുന്ദേട്ടൻ വന്നിട്ട് മതി ''.

'' ഇത്രനേരം നീ എവിടെയായിരുന്നു '' വലിയമ്മ ചോദിച്ചപ്പോൾ ഉള്ള കാര്യങ്ങൾ മറച്ചു വെക്കാനായില്ല.

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ കേൾവിക്കാരുടെ മുഖം മങ്ങി. വലിയമ്മ തേങ്ങി കരയുന്ന ശബ്ദം കേൾക്കാനുണ്ട്.

'' എത്ര ദുഷ്ടനാണെങ്കിലും കൂടപ്പിറപ്പല്ലേ. കേൾക്കുമ്പോൾ സങ്കടം വരുന്നുണ്ട്. എന്താ ചെയ്യാ '' ചെറിയമ്മ കണ്ണു തുടച്ചു '' ഇത്രകാലം ഭാര്യ മക്കൾ എന്നൊക്കെ കരുതി നടന്നു. അവസാന കാലത്ത് അവർ അവരുടെ പാടുനോക്കി. എന്തോ അയമ്മ വിട്ടു പോയിട്ടില്ല. അതുതന്നെ വലിയ കാര്യം. വാൽമീകിയോട് ഭാര്യയും മക്കളും പറഞ്ഞതുപോലെ താൻ താൻ ചെയ്യുന്നതിൻറെ ഫലം താൻ താൻ അനുഭവിക്കേണ്ടി വരും. ആരും പങ്കു പറ്റാൻ ഉണ്ടാവില്ല ''.

'' എനിക്ക് ഇപ്പോത്തന്നെ ഏട്ടനെ കാണണം എന്ന് തോന്നുന്നുണ്ട്. നേരം പുലർന്നതും ഞാൻ ചെന്നു കാണും '' വലിയമ്മ കണ്ണു തുടച്ചു.

'' വേണ്ടാ വലിയമ്മേ. ആരോടും പറയില്ല എന്ന് സത്യം ചെയ്യിച്ചിട്ടാണ് കുഞ്ഞുണ്ണിമാമ ഇതെല്ലാം എന്നോട് പറഞ്ഞത് '' ദിലീപ് മേനോൻ പറഞ്ഞു ''  മനസ്സിൽ സൂക്ഷിക്കാൻ പറ്റാത്തതോണ്ട് ഞാൻ പറഞ്ഞു പോയതാണ് ''.

'' അറിഞ്ഞ അവസ്ഥയ്ക്ക് പോവാതെ വയ്യ. എന്തായാലും ഞാൻ പോവും '' വലിയമ്മ ഉറപ്പ് പറഞ്ഞു.

'' വെറുതെ അബദ്ധം കാട്ടരുത് '' ചെറിയച്ഛൻ തടഞ്ഞു '' ദീപു ഈ കാര്യം പറഞ്ഞതായി ആരും ഭാവിക്കരുത്. നിങ്ങൾക്ക് ഏട്ടനെ കാണണം. അത്രയല്ലേ ഉള്ളു. തക്കതായ ഒരു കാരണം പറഞ്ഞു നമുക്ക് ചെല്ലാം ''.

'' സുശീലടെ പിറന്നാളിന്ന് ക്ഷണിക്കാൻ പോവുന്ന മട്ടിൽ പോയാലോ? ''.

'' അതു മതി. അതാവുമ്പോൾ സംശയം തോന്നില്ല ''.

'' ഞാനും പോണുണ്ട്. ഈ മുപ്പത്തൊന്നാം തിയ്യതി ഞാൻ സ്കൂളിന്ന് പിരിയുകയല്ലേ. ആ വിവരം ഏട്ടനോട് പറഞ്ഞ് കാലു പിടിച്ചിട്ട് വരാം ''.

'' അങ്ങിനെയാവട്ടെ. ഇനി ആരോടെങ്കിലും ദീപു ഈ കാര്യം പറഞ്ഞിട്ടുണ്ടോ ''.

'' ജാഫറിനോട് പറഞ്ഞു ''.

'' അത് വേണ്ടായിരുന്നു. പപ്പനമ്മാമനെ കാണാൻ പറ്റാത്തതോണ്ട് അദ്ദേഹത്തിനോട് പറഞ്ഞിട്ടുണ്ടാവില്ല '' ചെറിയച്ഛൻ സ്വയം പറഞ്ഞു '' അഥവാ അദ്ദേഹം അറിഞ്ഞാലും അതിൽ തെറ്റില്ല. തറവാട്ടിലെ കാരണവരല്ലേ. മാത്രമല്ല നമ്മൾ എന്താ ചെയ്യേണ്ടത്  എന്ന് പറഞ്ഞു തരാനും അദ്ദേഹത്തിനാവും ''.

'' ഞാൻ നാളെ പപ്പനമ്മാമനെ കാണുന്നുണ്ട് ''.

'' ദീപു ഒരു ചുമതല ഏറ്റെടുത്തില്ലേ. അതിന്ന് എന്താ വഴി കണ്ടിട്ടുള്ളത് ''.

'' ആദ്യം ഗോപുവിനെ കാണണം. സത്യം അറിഞ്ഞാൽ ഒരു പക്ഷേ അവൻറെ ദേഷ്യം മാറും. എങ്കിൽ ഞങ്ങൾ രണ്ടാളും കൂടി ഗോപികയെ ചെന്നു കാണും ''.

'' തൽക്കാലം അതൊക്കെ ചെയ്യാൻ വരട്ടെ. നാളെ അമ്മായിയെ കണ്ട് സംസാരിച്ചോളൂ. കുഞ്ഞുണ്ണിമാമയുടെ മനസ്സിലിരുപ്പ് അവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്താൻ നോക്കൂ ''.

'' ശരി ''.

'' കുറച്ചു കാലമായി ഞങ്ങള് തമ്മിൽ കണ്ടിട്ട്. ഉള്ളുകൊണ്ട് നല്ല സുഖത്തിലുമല്ല. എന്നെ കാണുമ്പോൾ ആ മനുഷ്യൻ എങ്ങിനെ പെരുമാറും എന്നും അറിയില്ല. എങ്കിലും സുമിത്ര പോവുമ്പോൾ കൂടെ ഞാനും ചെല്ലുന്നുണ്ട്. മനുഷ്യാവസ്ഥയല്ലേ. ഒന്നും പറയാൻ പറ്റില്ല. ഇന്ന് കാണുന്നവരെ നാളെ കണ്ടു എന്ന് വരില്ല. എന്തെങ്കിലും സംഭവിച്ചാൽ ഒരുനോക്ക് കണ്ടില്ല എന്നൊരു മനസ്സിൽ കുത്ത് ഉണ്ടാവരുതല്ലോ ''.

'' കുഞ്ഞുണ്ണിമാമ ദേഷ്യം കാണിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത് ''.

'' എങ്കിൽ നന്നായി. നല്ല നിലയ്ക്ക് സംസാരിക്കാൻ തുടങ്ങിയാൽ എങ്ങിനേയെങ്കിലും ഞാൻ കാരണവരെക്കൊണ്ട് മക്കളുടെ കാര്യങ്ങൾ പറയിക്കും. പിന്നെ അവരെ കണ്ട് സംസാരിക്കുന്നതിന്ന് എനിക്ക് പ്രയാസം ഇല്ലല്ലോ ''.

'' അല്ലെങ്കിലും ദീപു പറഞ്ഞാലൊന്നും ആ മക്കള് അനുസരിക്കില്ല. ചെറിയച്ഛൻ അവരെ മയത്തിൽ പറഞ്ഞ് മനസ്സിലാക്കി വേണ്ടത് ചെയ്യിക്കും '' തലയിലേറ്റി വെച്ച ഒരു ഭാരം ഒഴിവായതായി ചെറിയമ്മ കൂടി പറഞ്ഞതോടെ ആശ്വസിച്ചു.

'' അടുത്തത് അസുഖത്തിൻറെ കാര്യം. നിങ്ങളുടെ ഏട്ടൻ മരിച്ചിട്ടൊന്നുമില്ലല്ലോ. രോഗം എന്താണെന്ന് ഒരു ധാരണയും കിട്ടി. വൈദ്യശാസ്ത്രം പുരോഗമിച്ച ഈ കാലത്ത് ഏത് രോഗത്തിന്നും ചികിത്സയുണ്ട്. നമുക്ക് നോക്കാം. വേണ്ടാതെ ബേജാറാവണ്ടാ ''.

ഇളയച്ഛൻറെ വാക്കുകൾ എല്ലാവരിലും പ്രതീക്ഷയുണർത്തി. ലൈറ്റ് ഒന്നു മിന്നി വീണ്ടും കെട്ടു. മൂന്നു തവണ അത് ആവർത്തിച്ചു.

'' ടെസ്റ്റ്ചാർജ്ജ് ചെയ്തിട്ട് നിന്നിട്ടില്ല '' ചെറിയച്ഛൻ പറഞ്ഞു '' ലൈനിൽ എന്തെങ്കിലും തകരാറ് ഉണ്ടാവും. ഇന്നിനി കറണ്ട് വരുന്ന കാര്യം സംശയമാണ്. ഭക്ഷണം കഴിച്ചിട്ട് കിടക്കാൻ നോക്കാം ''.

ഗ്യാസ് ലൈറ്റ് എടുത്ത് ചെറിയമ്മ നടന്നു, കസേലകളുമായി ചെറിയച്ഛനും. കഞ്ഞിയും പയറും ചമ്മന്തിയും വലിയമ്മ വിളമ്പി.

'' പുറമേ ആരോടും ഇതൊന്നും പറയരുത്. നമ്മളായിട്ട് ഒരു പബ്ലിസിറ്റി കൊടുക്കണ്ടാ ''.

'' ഇല്ല ചെറിയച്ഛാ. ഞാനിനി ആരോടും പറയില്ല ''.

'' എനിക്ക് നിൻറടുത്ത് ഒരു കാര്യം പറയാനുണ്ട്  '' ചെറിയമ്മ പറഞ്ഞു '' അപ്പോഴത്തെ സങ്കടത്തിൽ പറയാൻ വിട്ടു പോയതാണ് ''.

'' എന്താ ചെറിയമ്മേ ''.

'' നിന്നെപോലൊരു വങ്കശിരോമണിയെ നടന്ന നാട്ടിൽ കാണില്ല '' അവർ ചിരിച്ചു '' നീ അല്ലാതെ ആരെങ്കിലും അയാളുടെ മുഖത്തു നോക്കി ദാസിപ്പെണ്ണുമായി ബന്ധം ഉണ്ടോ എന്ന് ചോദിക്ക്വോ. ഒന്നൂല്യെങ്കിലും അയാള് നിൻറെ അമ്മാമനല്ലേ ''.

'' അമ്മായിയുടെ മനസ്സിൽ ആ തോന്നലുണ്ട്. കുഞ്ഞുണ്ണിമാമ അതറിയണം. പറയാതെ അത് അറിയാൻ സധിക്കില്ലല്ലോ ''.

'' നല്ല കാലത്താണെങ്കിൽ ആ മനുഷ്യൻ ആട്ടി കണ്ണു പൊട്ടിച്ചിട്ടുണ്ടാവും ''.

'' അമ്മായി പറഞ്ഞതിൽ എന്തെങ്കിലും സത്യമുണ്ടോ? ''.

'' തോട്ടുമ്പുറത്തു നിന്ന് ദാക്ഷായണി എന്ന പെണ്ണുമായി ഏട്ടന്ന് ഒരു കല്യാണാലോചന വന്നിരുന്നു. പെണ്ണു കണ്ടു വന്നിട്ട് എനിക്ക് ഇഷ്ടമായില്ല എന്ന് ഏട്ടൻ പറഞ്ഞതോടെ അത് മുടങ്ങി. അവളാണ് ഏടത്തിയമ്മയോട് ഈ ഇല്ലാക്കഥ പറഞ്ഞു കൊടുത്തത് ''.

പെട്ടെന്ന് വൈദ്യുത വിളക്കുകൾ പ്രകാശം ചൊരിഞ്ഞു. വലിയമ്മ എഴുന്നേറ്റ് ഗ്യാസ് ലൈറ്റ് കെടുത്തി.

'' നല്ല ശകുനം. വരില്ല എന്നു വിചാരിച്ച കറണ്ട് പെട്ടെന്നന്നെ വന്നു ''  അവർ പറഞ്ഞു '' ഇതുപോലെ എല്ലാ കാര്യവും ഭംഗിയായി കലാശിക്കും ''.

ആ വിശ്വാസത്തിൽ ദിലീപ് മേനോൻ സ്വയം ആശ്വസിച്ചു.

14 comments:

  1. നല്ല മനുഷ്യരുടെ നല്ല കഥ തുടരട്ടെ. ജാഫര്‍ ഒരു നല്ല സ്നേഹിതന്‍ ആണ് അല്ലേ?

    ReplyDelete
    Replies
    1. ajith,
      അതെ, ജാഫര്‍ ദിലീപിന്‍റെ ഉറ്റ സുഹൃത്താണ്.

      Delete
  2. പ്രത്യാശയുടെ ഒരു നുറുങ്ങു വെളിച്ചത്തിൽ ഈ അദ്ധ്യായവും.. വായന തുടരുന്നു....

    ReplyDelete
    Replies
    1. രാജഗോപാല്‍,
      ദുഃഖങ്ങള്‍ പടര്ത്തിയ ഇരുളിലും പ്രകാശത്തിന്‍റെ ഒരു കണിക കാണാനുണ്ട്.

      Delete
  3. അപ്പോൾ നമ്മുടെ ജാഫറായിരുന്നു അന്ന് കുഞ്ഞുണ്ണിമാമയ്ക്കിട്ട് പൂശിയത് അല്ലേ?...

    ആരോടും പറയില്ല എന്നും പറഞ്ഞിട്ട് ഇനി ആ നാട്ടിൽ അറിയാത്തവരായി ആരുമില്ലല്ലോ കേരളേട്ടാ... ദിലീപ് മേനോൻ അത്രയ്ക്കും ദുർബല ഹൃദയനാണല്ലേ...?


    ReplyDelete
    Replies
    1. വിനുവേട്ടന്‍,
      ജാഫര്‍ ചെയ്ത പണിയാണ് അത്. ഇപ്പോഴേ അത് സമ്മതിക്കുന്നുള്ളൂ. ദിലീപ് ലോല ഹൃദയനാണ്.

      Delete
  4. എത്ര ദുഷ്ടനാണെങ്കിലും കൂടപ്പിറപ്പല്ലേ. കേൾക്കുമ്പോൾ സങ്കടം വരുന്നുണ്ട്. എന്താ ചെയ്യാ''............................
    '' നല്ല കാലത്താണെങ്കിൽ ആ മനുഷ്യൻ ആട്ടി കണ്ണു പൊട്ടിച്ചിട്ടുണ്ടാവും ''...........................
    Chiraparichithamaaya dialgues - from the real life!!!!!!!!!!!!!!!!!

    ReplyDelete
  5. എത്ര ദുഷ്ടനാണെങ്കിലും കൂടപ്പിറപ്പല്ലേ. കേൾക്കുമ്പോൾ സങ്കടം വരുന്നുണ്ട്. എന്താ ചെയ്യാ''............................
    '' നല്ല കാലത്താണെങ്കിൽ ആ മനുഷ്യൻ ആട്ടി കണ്ണു പൊട്ടിച്ചിട്ടുണ്ടാവും ''...........................
    Chiraparichithamaaya dialgues - from the real life!!!!!!!!!!!!!!!!!

    ReplyDelete
    Replies
    1. ഡോ. പി. മാലങ്കോട്,
      നാട്ടിന്‍പുറത്ത് കേള്‍ക്കാവുന്ന സംഭാഷണം അല്ലേ.

      Delete
  6. വിട്ടു പോയതൊക്കെ വായിച്ച് എത്തിച്ചു... കഥ തുടരട്ടെ..ബാക്കിയും അറിയാന്‍ കാത്തിരിക്കുന്നു..

    ReplyDelete
    Replies
    1. Echmukutty,
      വളരെ സന്തോഷം. താമസിയാതെ അടുത്ത പോസ്റ്റ് ഇടുന്നതാണ്.

      Delete
  7. വായിക്കാന്‍ വൈകി . തുടക്കം മുതല്‍ വായിച്ചു വരുന്നു . ഇതുവരെയുള്ള കഥയുടെ ഒരു ചെറിയ വിവരണം മുകളില്‍ കൊടുത്താല്‍ വൈകി വരുന്നവര്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാവും എന്ന് തോന്നുന്നു .

    ReplyDelete
  8. ഫൈസല്‍ ബാബൂ,

    '' കഥ ഇതുവരെ '' തയ്യാറാക്കുന്നുണ്ട്. വഴിയേ ചേര്ക്കുന്നതാണ്.

    ReplyDelete
  9. ആരോടും പറയില്ല എന്ന് സത്യം ചെയ്തു ഇതെന്തു മനുഷ്യനാണ് ഈ ദിലീപ്?

    ReplyDelete