Monday, June 23, 2014

അദ്ധ്യായം - 33.


സമയം സന്ധ്യയോടടുക്കാറായെങ്കിലും വെയിലിന്ന് നല്ല ചൂടുണ്ട്.. ഇടയ്ക്ക്  വയല്‍കടന്ന് വിരു ന്നിന്നെത്തുന്ന വരണ്ട കാറ്റിന്ന് മുറ്റത്തെ മാവിന്‍റെഇലകളെ ഇളക്കാനുള്ള കെല്‍പ്പില്ല. പെഡസ്റ്റല്‍ ഫാനിന്‍റെ അരോചകമായ ശബ്ദംകേട്ടു മടുത്തു. എഴുന്നേറ്റു ചെന്ന് അത് ഓഫ് ചെയ്ത് വീണ്ടും കിടന്നു..

അമ്പലത്തില്‍ നിന്ന് ഭക്തിഗാനങ്ങള്‍ ഉയരുന്നുര്‍ന്നുതുടങ്ങി. നട തുറന്നുകാണും. പാട്ടും കേട്ട് ചുമരിലേക്കും നോക്കി വെറുതെ കിടന്നു. യു.പി. സ്കൂള്‍ വിട്ട് ഹൈസ്കൂളില്‍ചേര്‍ന്ന കൊല്ല മാണ് വീട്ടില്‍ ആദ്യമായി ഒരുടേപ്പ്‌റിക്കോര്‍ഡര്‍ എത്തുന്നത്. ആ കൊല്ലം അച്ഛന്‍ ലീവില്‍ വരുമ്പോള്‍ കൊണ്ടുവന്ന നാഷണല് പാനാസോണിക്ക് മോണോടൈപ്പ് ടേപ്പ്‌റിക്കോര്‍ഡര്‍ ഒരു അത്ഭുതം ആയിരുന്നു. ടൌണിലെ കാസറ്റ് കടയില്‍നിന്ന് ഒട്ടേറെ കാസറ്റുക്കള്‍ റിക്കോര്‍ഡ് ചെയ്യിച്ചു വാങ്ങി. ഭക്തിഗാനങ്ങളായിരുന്നു ഭൂരിഭാഗവും .അന്നു കേട്ടിരുന്ന പാട്ടുകളാണ് ഇപ്പോഴും കേള്‍ക്കുന്നത്. എത്ര കാലം ചെന്നാലും ചിലത് നില നില്‍ക്കും. പി. ലീല ആലപിച്ച നാരായണീയത്തിന്‍റെ ഗ്രാമഫോണ്‍റിക്കോര്‍ഡ് പരിപാവനമായ വിഗ്രഹം പോലെ ഇന്നും വലിയമ്മ പൂജാമുറിയില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.

ചുണ്ണാമ്പും സുര്‍ക്കയും ചേര്‍ത്ത മിശ്രിതംകൊണ്ട് തേച്ചുമിനുക്കിയ ചുമരില്‍ അഴുക്ക് പിടിച്ചി രിക്കുന്നു.. ആ പാടുകളില്‍ ഏതെല്ലാമോ ചിത്രങ്ങള്‍ ഒളിമങ്ങി കിടപ്പുണ്ട്.മനസ്സിലെ ഭാവനയ്ക്ക നുസരിച്ച്  ഏതു രൂപം വേണമെങ്കിലും ആ അടയാളങ്ങളില്‍ കണ്ടെത്താനാവും..


''എന്താ ചെക്കന്മാരുടെ ഒരു അഹമതി.. സകല എണ്ണതിനീം പെടച്ച് നീളം വലിക്കണം''. മുറ്റത്ത് ഒരു സ്ത്രീശബ്ദം കേട്ടപ്പോള്‍ എഴുന്നേറ്റുനോക്കി.

കറുപ്പാണെങ്കിലും മുഖശ്രീയുള്ള ഒരു യുവതി ആരോടോ ദേഷ്യപ്പെട്ടുകൊണ്ട് വരികയാണ്. ഒരു കാലി പ്ലാസ്റ്റിക്ക്കുടം വലത്തു കയ്യില്‍ തൂക്കിപ്പിടിച്ചിട്ടുണ്ട്. അവള്‍ മുഖത്തു നോക്കി ഒന്നു ചിരിച്ചു.

'' വഴീല്‍കൂടിപോണ ചെക്കന്മാര് മതിലിന്ന് വെളീലിക്കുള്ളകൊമ്പിലെ മാങ്ങ മുഴുവന്‍ എറിഞ്ഞു വീഴ്ത്തി '' അവള്‍ പറഞ്ഞു '' വീണു കിടക്കുന്നത് അവര് എടുത്തോട്ടേ. മാവില്‍  നില്‍ക്കുന്നതിനെ എറിയണോ. എന്തെടാ നിങ്ങള് കാട്ടുന്നത് എന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ക്കെന്താ നഷ്ടം നിങ്ങളുടെ മാവണോ എന്ന് ഇങ്ങോട്ട് ഒരു ചോദ്യം ''

അതുംപറഞ്ഞ് അവള്‍ അടുക്കളഭാഗത്തേക്ക് നടന്നു. ഏതുകാലത്തും കുട്ടികള്‍ ഇങ്ങിനെയാണ്. മാവില്‍ മാങ്ങ കാണുമ്പോള്‍ എറിയാന്‍ തോന്നും. പെട്ടെന്ന്  ബാല്യകാലം ഓര്‍മ്മ വന്നു..  രാജിചേച്ചിക്ക് മാങ്ങ വലിയ ഇഷ്ടമായിരുന്നു. തറവാട്ടിലെ തൊടിയിലുള്ള മാങ്ങ പോരാതെ പാതവക്കത്തും അമ്പലത്തിന്‍റെ തൊട്ടടുത്ത തൊടിയിലും മാങ്ങപെറുക്കാന്‍ ചെല്ലും. വീണത് കിട്ടിയില്ലെങ്കില്‍ എറിഞ്ഞു വീഴ്ത്തും വീട്ടില്‍ ആരും അറിയാതെയുള്ള പരിപാടിയാണ്. ഒരു ദിവസം കുഞ്ഞുണ്ണിമാമ വന്നത് ക്ഷോഭിച്ചുകൊണ്ടായിരുന്നു.

'' സുഭദ്രേ, എന്താ നിന്‍റെ മകള് ഈ കാട്ടുന്നത്. ഒന്നിനോളം പോന്ന പെണ്ണല്ലേ. ആ ചെക്കനേയും കൂട്ടി അമ്പലത്തൊടിയിലും പാതടെ ഓരത്തും ഉള്ള സകല മൂച്ചിയിലും മാങ്ങ എറിയാന്‍ പോണുണ്ട്. കെട്ടിച്ചുവിട്ടാല്‍ അടുത്തകൊല്ലം കുട്ടി ഒന്ന് ഉറപ്പാ. എന്നിട്ട് ഇപ്പോഴും കാലിപ്പിള്ളരുടെ മട്ട് നടപ്പാണ് ''.

അന്ന് ചേച്ചിക്ക് പൊതിരെ കിട്ടി. പിന്നീട് അവര്‍ വീടിന്ന് പുറത്ത് അധികം ചെല്ലാതായി. .

അടുക്കളയുടെ പുറകില്‍ നിന്നായി ആ സ്ത്രീയുടേയും വലിയമ്മയുടേയും സംഭാഷണം കേള്‍ക്കാനുണ്ട്. പിള്ളേരെക്കുറിച്ചുള്ള പരാതി തന്നെയാണ് വിഷയം. അല്‍പ്പനേരം അത് തുടര്‍ന്നു.


'' നീ നാളെ വാ. ഞാന്‍ സുമിത്രയോടു പറഞ്ഞ് വാങ്ങി വെക്കാം '' വലിയമ്മ സംഭാഷണം അവസാനിപ്പിച്ചു.

നിറഞ്ഞ കുടവുമേറ്റി തിരിച്ചു പോവുമ്പോള്‍ അവള്‍ ഒന്നുക്ടി പുഞ്ചിരിച്ചു. എവിടേയോ കണ്ടുപരിചയമുള്ള മുഖമാണ്. ആരാണെന്ന് ഓര്‍മ്മ കിട്ടുന്നില്ല.

'' കുറച്ചു കഴിഞ്ഞിട്ട് വിളക്ക്വെക്കാം അല്ലേ '' വലിയമ്മ എത്തി 'ക്ലോക്കില്‍ സമയം ആയീന്നു പറഞ്ഞിട്ടെന്താ. വെയിലാറിയതേ ഉള്ളൂ ''.

'' ആരാ ആ സ്ത്രീ. എന്നെ നോക്കി പരിചയമുള്ളതുപോലെ ചിരിച്ചു ''.

'' പണ്ട് നമ്മുടെ വീട്ടില് പണിക്കു വന്നിരുന്ന ലക്ഷ്മിടെ മകള്‍ ശാന്തേ ഓര്‍മ്മയുണ്ടോ ".

'' ശാന്തേടെ ആരാ ''.

" ശാന്തടേ എന്നൊന്നും പറയണ്ടാ. അവളന്നെ ശാന്ത ''.

മുറ്റമടിക്കാന്‍  വന്നിരുന്ന  ലക്ഷ്മിയുടെ കൂടെ കുഞ്ഞുടുപ്പും ധരിച്ച് വന്നിരുന്ന ശാന്തയുടെ രൂപം മനസ്സില്‍ തെളിഞ്ഞു. .കോളേജ്  പഠനകാലത്താണെന്ന് തോന്നുന്നു  ലക്ഷ്മി കിടപ്പിലാ യതും പകരം കുറെനാള്‍ ശാന്ത പണിക്കു വന്നതും. അപ്പോള്‍ അവള്‍ മുതിര്‍ന്ന പെണ്‍കുട്ടി യായിരുന്നു..

" കഷ്ടാണ്- ആ പെണ്ണിന്‍റെ കാര്യം " വലിയമ്മ പറയാന്‍ തുടങ്ങി. ലക്ഷ്മിയുടെ കെട്ട്യോന്‍ മുഴു ക്കുടിയനായിരുന്നു. അവന്‍ ദേഹോപദ്രവും ഏല്‍പ്പിച്ചിട്ടാണ്  ആ പെണ്ണിന് ക്ഷയരോഗം വന്നത്. വേണ്ടതു പോലെ ചികിത്സിച്ചില്ല. മര്യാദയ്ക്ക് ഭക്ഷണവും കൊടുത്തില്ല. നരകിചിട്ടന്നെ അവള് മരിച്ചു. മകളുടെ കാര്യത്തില്‍ തന്തയ്ക്ക് അത്രയും ശ്രദ്ധ ഉണ്ടായിരുന്നില്ല. തോന്നിയതു പോലെ അവള്‍ വളര്‍ന്നു. ചെറുപ്പത്തിന്‍റെ  വിവരമില്ലായ്മ കൊണ്ട് പെണ്‍കുട്ടിക്ക് ഒരു അബദ്ധം പറ്റി. സ്നേഹം ഭാവിച്ച ആണിനെ വിശ്വസിച്ചു. കാര്യം കഴിഞ്ഞതോടെ അവന്‍ കാലു മാറി. ഏഴെട്ടു മാസം കഴിഞ്ഞപ്പോള്‍ സംഭവം നാട്ടില്‍ പാട്ടായി. പിന്നെ എന്തു ചെയ്യും. സമയമായപ്പോള്‍ അടു ത്തുള്ളോര് ചേര്‍ന്ന്  പെണ്ണിനെ ആസ്പത്രിയില്‍ കൊണ്ടു പോയി. അവള് അവിടെ കിടന്ന് ഒരു ആണ്‍കുട്ടിയെ പ്രസവിച്ചു. ഇപ്പോള്‍ അതിന് ഏഴെട്ട്  വയസ്സായിട്ടുണ്ടാവും. ചെക്കന്‍ സ്കൂളില്‍ പോണുണ്ട്..

" അപ്പോള്‍ അവളുടെ അച്ഛന്‍ ".

" നിറ വയറുള്ള പെണ്ണിനെ ചവിട്ടിക്കൊല്ലാന്‍ നോക്കിയപ്പോള്‍ അയ്‌വക്കത്തെ ആണുങ്ങള് രണ്ട് കൊടുത്തു. അന്ന് വീട്ടിന്ന് ഇറങ്ങി പോയതാണ്. എവിടെ ഉണ്ട് എന്ന് ആര്‍ക്കും അറിയില്ല ''.

" എങ്ങിനെ അവളും കുട്ടിയും ജീവിക്കുന്നു ''.

'' കൂലിപ്പണിക്ക് പോയി അവള്‍ സമ്പാദിക്കും. ഇപ്പോള്‍ പഞ്ചായത്തില്‍ നിന്ന് ഒരു പശുവിനെ കിട്ടിയിട്ടുണ്ട്. പണി കഴിഞ്ഞു വന്നാല്‍  അതിന്ന് പുല്ലരിഞ്ഞു കൊടുക്കും. ഇപ്പോള്‍ വേനല്‍ക്കാ ലമായതോണ്ട് പുല്ല്  കിട്ടാനില്ല. എവിടുന്നോ  അവള് കുറെ വൈക്കോല് വാങ്ങി വെച്ചിട്ടുണ്ട്. പിന്നെ മൂന്നു നാലു വീട്ടില്‍ നിന്ന് അരി കഴുകിയ വെള്ളവും ബാക്കി വന്നതും ഒക്കെ കൊണ്ടു പോയി അതിന്ന് കൊടുക്കും. കുടംകൊണ്ടു വന്നത് വെള്ളം എടുക്കാനാണ് ''..

'' ചെറുപ്പം വിട്ടിട്ടില്ല. ഇനി വേറൊരു അബദ്ധം പറ്റാതെ ഇരുന്നാല്‍ മതി ''.

'' ഇനി അങ്ങിനെ പറ്റുംന്ന് തോന്നുന്നില്ല. ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്ന് പറയാറില്ലേ. ഒരിക്കല്‍ ഒരു അബദ്ധം പറ്റി. അത് ഏതൊരാള്‍ക്കും പറ്റും.ചക്ക യൊന്നും അല്ലല്ലോ ചൂഴ്ന്നു നോക്കാന്‍. ആണുങ്ങളാവുമ്പോള്‍ ചളി കണ്ടാല്‍ ചിലപ്പോള്‍ ചവിട്ടി എന്നു വരും, വെള്ളം കാണുമ്പോള്‍ അവരത് കഴുകും ചെയ്യും. പെണ്ണുങ്ങളുടെ കഥ അതുപോലെ അല്ല. ഒരബദ്ധം പറ്റിയാല്‍ പറ്റിയതുതന്നെ. ജീവിതകാലം മുഴുവന്‍ ചെയ്ത തെറ്റിന്‍റെ ഫലം അവള് അനുഭവിക്കേണ്ടി വരും ''.

'' എന്നാലും ഒരു പെണ്‍കുട്ടിയെ ചതിക്കുമ്പോള്‍ മനസ്സാക്ഷിക്കുത്ത് തോന്നില്ലേ ''.

'' അത് ഉള്ളവര്‍ക്കല്ലേ തോന്നൂ. ഏതോ വലിയ വീട്ടിലെ സന്താനമാണ് അവളെ ചതിച്ചത് എന്നാ അന്ന് ജനസംസാരം ഉണ്ടായിരുന്നത്. പലരും പെണ്ണിനോട് ചോദിച്ചു നോക്കി. എന്നെ കൊന്നാലും ഞാനത് പറയില്ല. എന്‍റെ മകന്‍റെ അച്ഛന് ഞാനായിട്ട് ഒരുമാനക്കേട് ഉണ്ടാവരുത് എന്നും പറഞ്ഞ് അവളൊഴിഞ്ഞു. ഇന്നത്തെ കാലത്ത് ഇങ്ങിനത്തെ പെണ്ണുങ്ങളുണ്ടാവ്വോ. ഇതുതന്നെ തക്കം എന്നു കരുതി പിടിച്ച പിടിയാലേ കല്യാണം കഴിപ്പിക്കില്ലേ ''..

'' ആ കുട്ടി അയാളെ അത്രയധികം സ്നേഹിക്കുന്നുണ്ടാവും ''.

പടി കടന്ന് ഒരു ഓട്ടോറിക്ഷ വന്നുനിന്നു. ഉണ്ണിക്കുട്ടനോടൊപ്പം പപ്പനമ്മാമനും ഉണ്ട്.. എഴുന്നേറ്റ് അദ്ദേഹത്തിന്‍റെ അടുത്തേക്ക് നടന്നു.

Friday, June 13, 2014

അദ്ധ്യായം - 32.

ചെറിയമ്മയും എളേച്ചനും ഓട്ടോറിക്ഷയില്‍ കയറി. അപ്പോഴാണ് ഉണ്ണിക്കുട്ടന്‍ എത്തുന്നത്.
'' പുസ്തകം അമ്മമ്മയുടെ കയ്യില്‍ കൊടുത്ത് വേഗം കയറ് '' ചെറിയമ്മ അവനോട് പറഞ്ഞു '' നീ എത്തുന്നതും കാത്ത് ഇരിപ്പാണ് ''. പയ്യന്‍ കയറിയതോടെ വാഹനം പുറപ്പെട്ടു. ഗെയിറ്റു കടന്ന് അത് പോവുന്നതും നോക്കി നിന്നു. കൂട്ടുപാതയിലെ കല്യാണമണ്ഡപത്തില്‍ വിവാഹത്തോടനു ബന്ധിച്ച സല്‍ക്കാരമുണ്ട്. അവിടേക്കാണ് അവര്‍ പോയത്. അതു കഴിഞ്ഞതും എളേച്ചനും ചെറിയമ്മയ്ക്കും ഒരു മൈലാഞ്ചി കല്യാണത്തിന്ന് പോവാനുണ്ട്. എളേച്ചന്‍റെ ഉറ്റ സുഹൃത്ത് മുഹമ്മദ് മാസ്റ്ററുടെ മകള്‍ റംലയുടെ നിക്കാഹ് നാളെയാണ്.


''  എവിടേക്കെങ്കിലും ഇപ്പോള്‍ ഇറങ്ങുന്നുണ്ടോ '' വലിയമ്മ ചോദിച്ചു.


'' പപ്പനമ്മാമന്‍റെ വീട്ടിലേക്ക് പോണം. പക്ഷെ ഇപ്പോള്‍ അദ്ദേഹം കല്യാണപാര്‍ട്ടിക്ക് പോയിട്ടുണ്ടാവും . തിരിച്ചെത്താന്‍ ഏഴുമണിയാവും. അപ്പോഴേ പോവുന്നുള്ളൂ ''.


'' നിനക്ക് കുടിക്കാന്‍ എന്തെങ്കിലും വേണോ '' 


'' ഒന്നും വേണ്ടാ. ഇപ്പോഴല്ലേ കുഞ്ഞുണ്ണിമാമയുടെ വീട്ടില്‍ നിന്ന് കഴിച്ചത് ''.


'' എന്നാല്‍ ഞാന്‍ അടുക്കളയിലേക്ക് ചെല്ലട്ടെ.  നമ്മള്  മൂന്നാളുകള്‍ക്കെ രാത്രീലിക്ക് ഉണ്ടാക്കേണ്ടൂ. മാഷേട്ടനും സുമിത്രയും മുഹമ്മദ് മാസ്റ്ററുടെ വീട്ടില്‍ നിന്ന് കഴിക്കും ''.


വലിയമ്മ അകത്തേക്ക് നടന്നു. ചാരുപടിയിലെ പൊടി കൈകൊണ്ട് തട്ടി കളഞ്ഞിട്ട് ദിലീപ് മേനോന്‍ കിടന്നു. മനസ്സില്‍  സന്തോഷം തിരതല്ലുകയാണ്. മൂടിക്കെട്ടി നിന്നിരുന്ന കാര്‍മേഘ ങ്ങള്‍ ഇത്ര പെട്ടെന്ന് പെയ്തുതീരുമെന്ന് ഒരിക്കലും കരുതിയില്ല. പതിവുപോലെ കുഞ്ഞുണ്ണിമാ മ ചൊടിപ്പിക്കുന്ന വാക്കുകളുമായിട്ടാണ്  സംഭാഷണം തുടങ്ങിയത്. അമ്മായിയേയും മക്കളേ യും ഒരുപാട് കുറ്റപ്പെടുത്തി. ഭാഗ്യവശാല്‍ അമ്മായി അതിന്ന് തിരിച്ചൊന്നും പറഞ്ഞില്ല. അതേതായാലും നന്നായി. ഇല്ലെങ്കില്‍ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞേനേ.


പപ്പനമ്മാമന്‍റെ വീട്ടില്‍നിന്ന് തിരിച്ചുപോരുന്ന വഴി അമ്മായിയെ വീണ്ടും കണ്ടു. സദ്യ കഴിഞ്ഞ് അവര്‍ വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ്. നട്ടുച്ച വെയിലത്ത് നടന്നു പോവുന്നതുകണ്ട് കാറില്‍ 

കയറ്റി.

'' ഏതായാലും നീ ഇത്രടം വന്നതല്ലേ. കുഞ്ഞുണ്ണിമാമയെക്കണ്ട് സംസാരിച്ചു നോക്ക്  '' അമ്മായി പറഞ്ഞപ്പോള്‍ മറ്റൊന്നും ചിന്തിച്ചില്ല. ഭാര്യാഭര്‍ത്താക്കന്മാരുടെ പിണക്കം തീരാന്‍ അധിക സമയം വേണ്ടി വന്നില്ല.


'' അച്ഛന്‍ പറഞ്ഞതില്‍ നിന്ന് മക്കള്‍ ഒരടി നീങ്ങി നില്‍ക്കില്ല. ആ കാര്യം ഞാനേറ്റൂ '' അമ്മായി ഉറപ്പു നല്‍കി. അതോടെ ആ പ്രശ്നം തീര്‍ന്നു. ഇനി വീട്ടുകാരുമായുള്ള അഭിപ്രായ വ്യത്യാസം പറഞ്ഞു തീര്‍ക്കലാണ്.


'' വലിയമ്മയും ചെറിയമ്മയും എളേച്ചനും കൂടി ഇങ്ങോട്ട് കാണാന്‍ വരുന്നുണ്ട് '' എന്ന് മുന്‍കൂട്ടി പറഞ്ഞുവെച്ചു.


'' എന്തിനാ ഒടുക്കത്തെ കാഴ്ച കാണാനോ '' പ്രതികരണം അതായിരുന്നു. മറുപടി പറയാതെ നിന്നു. എന്തെങ്കിലും പറഞ്ഞ് അബദ്ധമാവണ്ടാ.


'' വരുന്നോര് വന്നു കണ്ടോട്ടെ. അതും സന്തോഷം ''  മിനുട്ടുകള്‍ക്കകം കുഞ്ഞുണ്ണിമാമ അഭിപ്രായം മാറ്റി. എളേച്ചന്‍റെ കാര്യത്തിലാണ് അല്‍പ്പമെങ്കിലും പരിഭവം ഉണ്ടായത്.


'' ആ വിദ്വാനൊക്കെ ഇങ്ങോട്ട് കടക്ക്വോ. ഈ നാട്ടിലെ ഏറ്റവും വലിയ പ്രമാണിയല്ലേ അയാള് '' കുഞ്ഞുണ്ണിമാമ പറഞ്ഞു '' മുമ്പേ അയാള്‍ക്കെന്നെ കണ്ടുകൂടാ. ഭാഗത്തിന്‍റെ ഇടയ്ക്ക് ഒന്നും രണ്ടും പറഞ്ഞതോടെ കണ്ടാല്‍ മിണ്ടാതായി ''.


'' എളേച്ചന്ന് കുഞ്ഞുണ്ണിമാമയോട് വിരോധമുള്ളതായിട്ട് എനിക്ക് തോന്നിയിട്ടില്ല '' ആ ധാരണ മാറ്റാന്‍ വേണ്ടി പറഞ്ഞു '' മാത്രമല്ല ഇടയ്ക്കൊക്കെ എളേച്ചന്‍ ഇവിടുത്തെ വിശേഷങ്ങള്‍ എന്നോട് ചോദിക്കാറുണ്ട് ''.

'' അത് താന്‍ ഭംഗിവാക്ക് പറയുന്നതാണ്. എല്ലാവരേയും എനിക്കറിയുന്നതല്ലേ. മൂന്ന് അളിയന്മാരില്‍ എന്നോട് ഏറ്റവുമിഷ്ടം മൂത്ത ആള്‍ക്കായിരുന്നു. ആസ്നേഹം അധിക
കാലം കിട്ടാനുള്ള യോഗം എനിക്ക് ഉണ്ടായില്ല. അടുത്തത് തന്‍റെ അച്ഛന്‍. ഗുണത്തിനോ ദോഷത്തിനോ ആ മനുഷ്യന്‍ വന്നിട്ടില്ല. പക്ഷെ മാധവന്‍ മാഷ് അങ്ങിനെയല്ല ''.

'' പോട്ടേ. കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനി അത് മനസ്സില്‍വെച്ചോണ്ട് ഇരിക്കണ്ടാ '' അമ്മായി ഇടപെട്ടു '' നമ്മള് കാണണം എന്നു പറഞ്ഞ് വിളിച്ചിട്ടല്ലല്ലോ വരുന്നത്. ആ മനുഷ്യന്‍ തന്നത്താന്‍ കേറി വരുന്നതല്ലേ. നമ്മളുടെ വീട്ടില്‍ വരുമ്പോള്‍ നമ്മള് മര്യാദ കാണിക്കണ്ടേ ''.

'' ഞാന്‍ മര്യാദകേടൊന്നും കാട്ടില്ല ''.

'' ഉറപ്പല്ലേ ''.

'' ഉറപ്പ് ''.

'' എന്നാല്‍ ദീപു അവരോട് വന്നോളാന്‍ പറയൂ ''.

'' ചെറിയമ്മ സ്ക്കൂള്‍ വിട്ട് വന്നതും എല്ലാവരേയും കൂട്ടി ഞാന്‍ വരും ''.

വീണ്ടുമൊരു തമ്മില്‍തല്ല് ഉണ്ടാവില്ല എന്ന ധൈര്യത്തിലാണ് തറവാട്ടിലെത്തിയതും
എല്ലാവരേയും കൂട്ടി പോവാമെന്ന് നിശ്ചയിച്ചത്.

''  ഇത്ര പെട്ടെന്ന് കാര്യങ്ങളെല്ലാം ഇങ്ങിനെ ഭംഗിയായി കലാശിക്കും എന്ന് ഞാന്‍ മനസ്സില്‍കൂടി കരുതിയില്ല '' വലിയമ്മ അരികിലെത്തിയിട്ടുണ്ട്.

'' ഞാനും അതാണ് ആലോചിച്ചുകൊണ്ടിരിക്കുന്നത് ''.

'' നീ ഒരാളുടെ പ്രയത്നംകൊണ്ടാണ് കുടുംബക്കാര്‍ തമ്മിലെ അലോഹ്യം തീര്‍ന്നത് എന്ന് 

കുഞ്ഞുണ്ണ്യേട്ടന്‍ പറഞ്ഞത് കേട്ടില്ലേ. അത് ഒരു ജന്മാന്തരം ആണെന്ന് കൂട്ടിക്കോ. ഇതിനു മുമ്പ് ആരൊക്കെ പറഞ്ഞുനോക്കി. എന്നിട്ടു നടക്കാത്തത്  മിണ്ടാപ്രാണിയായ നീ നടത്തി എന്നാലോചിക്കുമ്പോള്‍ അത്ഭുതം തോന്നുന്നു ''.

'' എളേച്ചന്‍ അമ്മായിയേയും കൂട്ടി മക്കളുടെ അടുത്ത് ചെല്ലാം എന്ന് പറഞ്ഞതിലാണ് എനിക്ക് അത്ഭുതം ''.

'' മാഷേട്ടന്‍ എന്തിനാ ചികിത്സയുടെ കടലാസ്സൊക്കെ വാങ്ങിയത്. ഏടത്തിയമ്മയുടെ കൂടെ ഞങ്ങള്‍  അടുക്കളയിലേക്ക് പോയതോണ്ട് അത് മനസ്സിലായില്ല ''.

'' എളേച്ചന്‍റെ സ്കൂളില്  ക്ലാര്‍ക്കായിരുന്ന ഗംഗാധരന്‍ നായരുടെ മകന്‍ ഇംഗ്ലണ്ടില്‍
ഡോക്ടറാണത്രേ. പേരുകേട്ട ഓങ്കോളൊജിസ്റ്റാണ് അദ്ദേഹമെന്ന് എളേച്ചന്‍ പറഞ്ഞു.
ഇപ്പോള്‍ അദ്ദേഹം ഒരു മാസത്തെ ലീവില്‍ വന്നിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തെ കാണിക്കാന്‍ വാങ്ങിയതാണ് ''.

'' എങ്ങിനെയെങ്കിലും ഈ അസുഖം മാറി കുറച്ചു കാലം എല്ലാവരോടും യോജിച്ച് കഴിയാന്‍ സാധിച്ചാല്‍ മതിയായിരുന്നു ''.

'' എല്ലാം സാധിക്കും വലിയമ്മേ ''.

അടുക്കളയില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടു. '' ഈ കള്ളപ്പൂച്ചയെക്കൊണ്ട് തോറ്റു '' വലിയമ്മ പുച്ചയെ ശപിച്ച് അകത്തേക്ക് നടന്നു.

( നോവല്‍ ടൈപ്പ് ചെയ്തുവെച്ചിരുന്ന നോട്ട്ബുക്ക് തകരാറിലായി. വേറൊരു ലാപ്ട്ടോപ്പ് വാങ്ങിയതില്‍ മലയാളം ടൈപ്പ് ചെയ്താല്‍ ശരിയാവുന്നില്ല. ഒരു വിധം ശരിയാക്കി കിട്ടിയതേയുള്ളൂ. വീണ്ടും ടൈപ്പ് ചെയ്ത് ഉണ്ടാക്കുകയാണ്. നോവല്‍ പോസ്റ്റ് ചെയ്യാന്‍ വൈകിയത് അതിനാലാണ്. വായനക്കാര്‍ ദയവായി ക്ഷമിക്കുക ).