Saturday, July 27, 2013

അദ്ധ്യായം - 6.

ഉച്ച ഭക്ഷണത്തിന്ന് വലിയമ്മ വന്നു വിളിച്ചപ്പോഴാണ് എഴുന്നേറ്റത്. അതുവരെ സുഖ നിദ്രയിലായിരുന്നു. ജാഫര്‍ പതിനൊന്ന് മണിക്കു മുമ്പേ പോയി. ഇപ്പോള്‍ സമയം ഒന്നര കഴിഞ്ഞു. രണ്ടര മണിക്കൂര്‍ കടന്നു പോയതറിഞ്ഞതേയില്ല. വായിക്കാനെടുത്ത പേപ്പര്‍
സോഫയുടെ താഴെ കിടപ്പുണ്ട്. വൈകുന്നേരം വരെ ജാഫര്‍ കൂടെയുണ്ടാവുമെന്ന് കരുതിയതാണ്. അതുണ്ടായില്ല. എന്നാലും അയാള്‍ വന്നല്ലോ. അത്രയും സന്തോഷം.

കുഞ്ഞുണ്ണിമാമയുടെ വീട്ടില്‍ നിന്നു പോന്ന് തറവാട്ടുമുറ്റത്ത് കാല്‍കുത്തിയതേയുള്ളു. പുറകില്‍ നിന്ന് കാറിന്‍റെ ശബ്ദം കേട്ടു. ഡോര്‍ തുറന്നു വന്നത് ജാഫറായിരുന്നു.

'' ദേഷ്യപ്പെടണ്ട '' അയാള്‍ തുടക്കത്തിലേ പറഞ്ഞു '' ഇപ്പോള്‍ അധിക നേരം നില്‍ക്കാന്‍
പറ്റില്ല. എന്‍റെ കൂടെ വേറെ ചില ആളുകളുണ്ട്. ഒരു ഭൂമി എടാവാടിന്ന് പോണ വഴിയാ. നാളത്തെ കഴിഞ്ഞിട്ട് വരാം ''. ഏറെ നിര്‍ബന്ധിച്ചിട്ടാണ് വീട്ടില്‍ കയറി ചായ കുടിച്ച് പോയത്.

വലിയമ്മ ഊണു വിളമ്പാന്‍ കാത്തു നില്‍ക്കുകയാണ്. കൈ കഴുകി ഉണ്ണാനിരുന്നു.

'' വലിയമ്മ ഇരിക്കൂ. ഒറ്റയ്ക്ക് ഉണ്ണാന്‍ ഒരു മടി ''.

'' അപ്പൊ ആരാ വിളമ്പ്വാ ''.

'' ഒക്കെ മേശപ്പുറത്ത് വെച്ചോളൂ. അവശ്യൂള്ളത് എടുത്ത് കഴിക്കാലോ ''. കഴുകി തുടച്ച നാക്കിലയില്‍ മത്തന്‍ എരിശ്ശേരിയും ഇടിച്ചക്ക പൊടിത്തൂവലും നെല്ലിക്ക ഉപ്പിലിട്ടതും
വിളമ്പിയിരിക്കുന്നു. മട്ടയരി ചോറിന്ന് മുകളില്‍ ഉണ്ണിത്തണ്ട് പച്ചടി ഒഴിച്ചു തന്നു. പ്ലാസ്റ്റിക്ക് കണ്‍ടൈനറില്‍ നിന്ന് വലിയമ്മ അരി പപ്പടം എടുത്തു നീട്ടി.

'' മുമ്പ് നിനക്ക് ഇഷ്ടം ഉണ്ടായിരുന്ന വിഭവങ്ങളാണ് ഒക്കെ. ഇപ്പോഴത്തെ രുചി എന്താണെന്ന് എനിക്ക് അറിയില്ല ''.

'' സത്യം പറയാലോ വലിയമ്മേ, ഇതൊക്കെ കൊതിച്ചിരിക്കാന്‍ തുടങ്ങിയിട്ട് എത്രയോ കാലമായി ''.

'' ഒരു ഉരുള വെണ്ണ ചോറില്‍ ഇട്ടു തരട്ടെ. ഇവിടെ കലക്കിയതുണ്ട് ''.

'' പിന്നെന്താ '' സമ്മതഭാവത്തില്‍ തലയാട്ടി. കുട്ടിക്കാലത്ത് വലിയമ്മ തയിര് കലക്കാന്‍
തുടങ്ങുമ്പോള്‍ അടുത്ത് ചെന്നിരിക്കും. കടകോലില്‍ പറ്റിപ്പിടിച്ച വെണ്ണ തുടച്ചു
തിന്നാനാണ്.

'' കുറച്ച് നേരം ഉറങ്ങുന്നോ '' ഭക്ഷണം കഴിഞ്ഞപ്പോള്‍ വലിയമ്മ ചോദിച്ചു.

'' ഇല്ല. ഇത്ര നേരം ഉറങ്ങിയതല്ലേ. വലിയമ്മ വേണമെങ്കില്‍ കുറച്ചു നേരം കിടന്നോളൂ ''.

'' വേണ്ടാ,വേണ്ടാ. അല്ലെങ്കിലേ രാത്രി ഒരു ഉറക്കം കഴിഞ്ഞ് ഉണര്‍ന്നാല്‍ പിന്നെ ഉറക്കം
വരില്ല. ഓരോന്ന് ആലോചിച്ച് തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിക്കും ''.

'' പെന്‍ഷന്‍ വാങ്ങി സുഖമായിട്ട് കഴിയുമ്പോള്‍ എന്തിനാ ഒരു ആലോചന ''.

'' കാണുന്നോരക്ക് അങ്ങിനെത്തന്നെ തോന്നുള്ളൂ. എന്‍റെ മനസ്സിലെ വിഷമം എനിക്കല്ലേ അറിയൂ. ഒന്നും ആരോടും പറയാതെ ഒക്കെ ഉള്ളില്‍ ഒതുക്കി കഴിയ്യാണ് ''.

'' അങ്ങിനെ എല്ലാ ദുഖങ്ങളും വലിയമ്മ ഒറ്റയ്ക്കങ്ങിനെ മനസ്സിലൊതുക്കി വിഷമിക്കണ്ടാ. എന്തായാലും എന്നോട് പറയൂ. ഞാനും അറിയട്ടെ ''.

'' നീ ഒരു ഭാഗത്ത് ചെന്ന് ഇരിക്ക്. ഞാന്‍ ഇലയെടുത്തു കളഞ്ഞ് ബാക്കി കൂട്ടാനും
ഉപ്പേരിയും അടച്ചു വെച്ചിട്ട് വരാം. ഉണ്ണിക്കുട്ടന്‍ മൂന്നര മണിക്കുള്ള ബസ്സില് എത്തും.
ഇന്ന് രണ്ട് പിരീഡ് ക്ലാസ്സില്ല എന്ന് പറഞ്ഞിരുന്നു. അവന്‍ ഒന്നും കഴിച്ചിട്ടുണ്ടാവില്ല. വന്നിട്ട് ഉണ്ടോട്ടെ ''.

ദിലീപ് മേനോന്‍ തെക്കിനിയിലെ വലിയ തൂണില്‍ ചാരി ഇരുന്നു. മരത്തിന്‍റെ ബീമില്‍
വേട്ടാളന്‍ കൂട് കൂട്ടിയിരിക്കുന്നു. നടുമുറ്റത്തിന്ന് പടിഞ്ഞാറു ഭാഗത്ത് മച്ചിന്ന് മുമ്പില്‍
തൂക്കിയ കതിര്‍ക്കുലയ്ക്കും കൂടിനും ചുറ്റും നുഴമ്പ് ആര്‍ക്കുന്നുണ്ട്. ഭഗവതിയും ഗുരുകാരണവന്മാരും ധര്‍മ്മദൈവങ്ങളും  കുടി കൊള്ളുന്ന മച്ചാണ്. പണ്ടൊക്കെ
കാലത്ത് എഴുന്നേറ്റ് കുളി കഴിഞ്ഞ് മച്ചില്‍ വിളക്ക് കത്തിച്ചു വെച്ച ശേഷമേ അടുപ്പില്‍
തീ കത്തിക്കൂ. ആ നിഷ്ഠകളൊക്കെ എന്നോ നിലച്ചു. സുഭദ്ര ടീച്ചര്‍ അയാളുടെ അടുത്തു വന്ന് തൂണില്‍ ചാരി നിന്നു.

'' എന്താ ദീപൂ നിന്‍റെ മുടിയും കോലവും. വല്ലാണ്ടിരിക്കുണുണ്ട്. നിനക്ക് ഇതൊക്കെ ഒന്ന് വെട്ടി ചെറുതാക്കായിരുന്നില്ലേ '' അവര്‍ അയാളുടെ തലമുടിയിലൂടെ മെല്ലെ
വിരലോടിക്കാന്‍ തുടങ്ങി '' എത്ര കാലായി ഞാന്‍ എന്‍റെ കുട്ടിടെ അടുത്ത് ഇങ്ങിനെ നിന്നിട്ട് ''  ആ വാത്സല്യത്തില്‍ അയാള്‍ പഴയ പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥിയായി
മാറി.

വേനലവധിക്ക് അച്ഛന്‍റെ അടുത്തേക്ക് അമ്മ പോവും. ആ കാലത്താണ് വേനല്‍ മഴ പെയ്യാറ്. കുട്ടിക്ക് മഴയോടൊപ്പമെത്തുന്ന ഇടിമിന്നലിലിനെ പേടിയാണ്. ആദ്യത്തെ ഇടിപൊട്ടല്‍ കേള്‍ക്കുമ്പോള്‍ത്തന്നെ ഇടിമിന്നല്‍ കടന്നു വരാത്ത പത്തായം വെച്ച മുറിയില്‍ ചെന്ന് മഞ്ചയ്ക്കു മീതെ ഒറ്റ കിടപ്പാണ്. ദേഹം മുഴുവന്‍ നെല്‍പ്പാറ്റകള്‍
പൊതിഞ്ഞാലും കിടന്ന കിടപ്പില്‍ നിന്ന് എഴുന്നേല്‍ക്കില്ല. കുറെ കഴിയുമ്പോള്‍
വലിയമ്മ അടുത്തെത്തും. കോലന്‍ മുടിയിലൂടെ മെല്ലെ വിരലോടിക്കും. പുറകിലൂടെ കയ്യിട്ട് അവരെ ദേഹത്തേക്ക് ചേര്‍ത്തു പിടിക്കും. അതോടെ പേടി മാറും .

'' ദീപൂ, എന്താ വലിയമ്മയ്ക്ക് ഇത്ര വിഷമം എന്ന് നീ ചോദിച്ചല്ലോ. എനിക്ക് അന്നും
ഇന്നും എന്നും ഒരൊറ്റ വിഷമം മാത്രേള്ളൂ. അത് എന്‍റെ മകളാണ് '' വലിയമ്മ പറഞ്ഞു
തുടങ്ങി '' പിടിച്ചു നില്‍ക്കാന്‍  തുടങ്ങുമ്പോഴേക്കും അവളുടെ അച്ഛന്‍ പോയി. എന്‍റെ നെറ്റീല് കുങ്കുമത്തിന്ന് പകരം ഭസ്മം തൊടാറായത് പെണ്ണിന്‍റെ ജാതകദോഷം കൊണ്ടാണ് എന്ന് ആളുകള് പറയുന്നത് കേട്ട് ഞാന്‍ അവളെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്.
വലിയമ്മേ ഇനി രാജിചേച്ചിയെ തല്ലിയാല്‍ ഞാന്‍ എവിടേക്കെങ്കിലും പോവും  എന്ന് ഒരു ദിവസം നീ പറഞ്ഞത് ഓര്‍മ്മ തോന്നുന്നുണ്ടോ. അതിന്ന് ശേഷം ഞാന്‍ അവളെ തല്ലീട്ടില്ല. എന്ത് ചോദിച്ചാലും വാങ്ങിക്കൊടുക്കും. തെറ്റ് വല്ലതും കണ്ടാല്‍ ദേഷ്യപ്പെടില്ല. എന്‍റെ കുട്ടി സന്തോഷായിട്ട് കഴിയുന്നത് കാണണം എന്ന ഒറ്റ ആലോചന മാത്രമേ മനസ്സില്‍
ഉണ്ടായിരുന്നുള്ളു. പക്ഷെ അവള്‍ക്ക് നല്ലൊരു ജീവിതം ഉണ്ടാക്കി കൊടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല ''.

രാജിചേച്ചിയുടെ ദുരിതത്തിന്‍റെ കഥകള്‍ ചുരുളഴിഞ്ഞു തുടങ്ങി. ഒന്നിന് പിന്നാലെ ഒന്ന് എന്ന മട്ടില്‍ മൂന്ന് പ്രസവം. നേരാം വണ്ണം പ്രസവ ശുശ്രൂഷ ചെയ്യാനായില്ല. അതോടെ
പഴയ തടിയൊക്കെ പോയി. ദേഹത്തിലെ എല്ലുകള്‍ ഓരോന്നായി എണ്ണിയെടുക്കാം. എപ്പോഴും നട്ടെല്ലിന്ന് വേദനയാണ്. ഡിസ്ക്ക് കേടാണത്രേ. കോട്ടക്കലില്‍ പോയി കിടത്തി ചികിത്സിച്ചാല്‍ മാറും എന്ന് പറയുന്നു. കൂടെ നില്‍ക്കാന്‍ ആള് വേണം. ഞാന്‍
പോവാമെന്നു വെച്ചാല്‍ അവളുടെ ഭര്‍ത്താവിന്‍റേയും കുട്ടികളുടേയും കാര്യം ആരു നോക്കും. അവന്‍റെ വീട്ടുകാരെക്കൊണ്ട് ഒരു ഉപകാരൂം ഇല്ല, ഉണ്ടെങ്കില്‍ എന്തെങ്കിലും
ഉപദ്രവം മാത്രം.അതോണ്ട് ചികിത്സിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനൊക്കെ പുറമേ
ചെറിയ കുട്ടിക്ക് ജനിച്ച മുതല്‍ക്കേ അസുഖമാണ്. മരുന്നിനും ഡോക്ടര്‍ക്കും ആയി മാസാമാസം നല്ല ചിലവാണ്. കിട്ടുന്ന ശമ്പളംകൊണ്ട് അവര് എങ്ങിനേയോ ഒപ്പിച്ച് കഴിയുന്നു.

'' വലിയമ്മ ഒന്നും കൊടുക്കാറില്ലേ ''.

'' ഞങ്ങള് മൂന്ന് പെണ്ണുങ്ങളുടെ കൃഷി ഒന്നിച്ച് മാഷേട്ടന്‍ പാട്ടത്തിന്ന് കൊടുക്കും.
അതില്‍നിന്ന് കിട്ടുന്നത് ഞാന്‍ അവള്‍ക്ക് എത്തിച്ചു കൊടുക്കും. പെന്‍ഷന്‍ കാശോണ്ട് ചെക്കന്‍റെ കോളേജ് ചിലവും വീട്ടിലെ ആവശ്യവും നടത്തണ്ടേ. കണക്കും കാര്യവും
നോക്കാതെ സുമിത്ര അവരുടെ ചിലവിനാണെന്നു പറഞ്ഞ് എല്ലാ മാസവും കുറെ പണം
എന്നെ ഏല്‍പ്പിക്കും . ഞാന്‍ ധാരാളിത്തം കാട്ടാറില്ല. ലുബ്ധിച്ച് വല്ലതും സ്വരുക്കൂട്ടി
വെക്കുന്നുണ്ട്. അത് രണ്ടു പെണ്‍കുട്ടികളെ കണ്ടോണ്ടാണ്. പെണ്ണുങ്ങളല്ലേ, എടുത്തു വെച്ചതുപോലെ അവരങ്ങിട്ട് വളരും. വെറും കയ്യോണ്ട് വല്ലവരുടേയും കയ്യില്‍ പിടിച്ച് ഏല്‍പ്പിക്കാന്‍ പറ്റില്ലല്ലോ.  അതുവരെ ഞാന്‍ ഇരിക്ക്വോ ഇരിക്കില്യോ എന്നൊന്നും
അറിയില്ല. എന്നാലും ആവുന്നത് ആവട്ടെ ''.

'' കുറെയൊക്കെ ഇന്നലെ ഞാന്‍ ഉണ്ണിക്കുട്ടനോട് ചോദിച്ച് മനസ്സിലാക്കി '' ദിലീപ് മേനോന്‍ പറഞ്ഞു '' അതു പോട്ടേ, വലിയമ്മ ഈയിടെ ബസ്സില് വീണു അല്ലേ ''.

'' ഓ, അതൊന്നും സാരൂല്യാ ''.

'' എന്നാലും പറയൂ, എന്താ ഉണ്ടായത്. വലിയമ്മടെ വായില്‍ നിന്നു തന്നെ കേള്‍ക്കട്ടെ ''.

'' പെന്‍ഷന്‍ വാങ്ങാന്‍ ബാങ്കിലേക്ക് പോയതായിരുന്നു. ബസ്സിന്‍റെ മുകളിലെ കമ്പീല് എനിക്ക് എത്തില്ല. തൂണില്‍ പിടിക്കാന്‍ നോക്കുമ്പോഴേക്കും ഡ്രൈവറ് വണ്ടി വിട്ടു. എനിക്ക് അതില് പിടുത്തം കിട്ടീലാ. രണ്ടുഭാഗത്തെ സീറ്റുകളുടെ എടേലിക്ക് ഞാന്‍ മട്ട മലച്ച് വീണു. ആരോ കണ്ടിട്ട് ഉണ്ണിക്കുട്ടന്‍റെ അടുത്ത് പറഞ്ഞതാണ് ''.

'' അത് ശരി. ഉണ്ണിക്കുട്ടന്‍ പഠിക്കാനെങ്ങിനെ ''.

'' തെറ്റൊന്നും പറയാനില്ല. വലിയ നിലയ്ക്ക് പോവാന്‍ പറ്റില്ലാന്ന് കണ്ട് അവനായിട്ട് ബീക്കോമിന് ചേര്‍ന്നതാണ്. അവന്‍റെ ഉള്ളില്‍ എന്തൊക്കേയോ മോഹം ഉണ്ട്. അതൊക്കെ നടത്തി കൊടുക്കാന്‍ നമുക്ക് പറ്റണ്ടേ. ഇന്നാള് അമ്മമ്മേ ഒരു മൊബൈല് വാങ്ങി തര്വോ എന്ന് ചോദിച്ചു. ഞാന്‍ പറ്റില്ലാന്ന് തീര്‍ത്തു പറഞ്ഞു. ആ പത്തോ എഴുന്നൂറ്റമ്പതോ ഉണ്ടെങ്കില്‍ നറുക്കിന് അടക്കാലോ ''.

'' വലിയമ്മേ, എന്നോട് ക്ഷമിക്കണം '' അയാള്‍ എഴുന്നേറ്റ്അവരുടെ പാദങ്ങളില്‍ തൊട്ടു
'' ഇത്രയും കാലം ഞാന്‍ നിങ്ങളെക്കുറിച്ചൊന്നും ഓര്‍ത്തതേയില്ല. ഒരു സഹായവും
ചെയ്തിട്ടുമില്ല. പറ്റാന്‍ പാടില്ലാത്ത വീഴ്ച പറ്റി. ഇനി മേലാല്‍ അങ്ങിനെ ഉണ്ടാവില്ല.
എന്നെക്കൊണ്ട് ആവുന്നതൊക്കെ ഞാന്‍ ചെയ്യും ''.

'' ഒന്നും വേണ്ടാ എന്‍റെ കുട്ട്യേ. കണ്ണടയുന്നതു വരെ എവിടെയെങ്കിലും നീ സുഖായിട്ട് കഴിയിണൂന്ന് കേട്ടാല്‍ മതി '' സുഭദ്ര ടീച്ചര്‍ അയാളെ മാറോട് ചേര്‍ത്ത് പിടിച്ചു '' ഏതോ നാട്ടില് ചെന്ന് നീ കിടന്ന് ബുദ്ധിമുട്ടുന്നത് നിന്‍റെ കുടുംബം നോക്കാനല്ലേ. അത് പങ്ക് വെക്കണ്ടാ ''.

'' അങ്ങിനെയല്ല വലിയമ്മേ. എനിക്കും അനിതയ്ക്കും നല്ല സമ്പാദ്യം ഉണ്ട്. ആകപ്പാടെ ഒരു ചെറിയ കുട്ടിയേ ഉള്ളു. അവന് വേണ്ടതില്‍ കൂടുതല്‍ സൂക്ഷിച്ച് വെക്കുന്നുമുണ്ട്. പിന്നെ ഉള്ളത് അച്ഛനും അമ്മയും. രണ്ടാള്‍ക്കും പെന്‍ഷന്‍ ഉള്ളതോണ്ട് എന്തെങ്കിലും
കൊടുത്താല്‍ വേണ്ടാ നീ തന്നെ വെച്ചോ എന്നേ അവര്‍ പറയാറുള്ളു. അനിയത്തിക്കും
അവളുടെ ഭര്‍ത്താവിനും ഞങ്ങളേക്കാള്‍ വരുമാനമുണ്ട്. അവള്‍ക്കും എന്‍റെ സഹായം
വേണ്ടാ. ബാക്കി ഉള്ളത് അനിതയുടെ ആള്‍ക്കാരാണ്. ഒരാങ്ങളയല്ലാതെ അവള്‍ക്ക് ആരുമില്ല. അയാള്‍ക്കും ഭാര്യക്കും നല്ല സ്ഥിതിയാണ്. സമ്പാദ്യത്തില്‍ വലിയൊരു ഭാഗം ഉല്ലാസ യാത്രകള്‍ക്കും ആര്‍ഭാടങ്ങള്‍ക്കും വേണ്ടി കളയാറാണ് പതിവ്. ഇപ്പോള്‍
ബുദ്ധിമുട്ടുള്ളത് രാജി ചേച്ചിക്കല്ലേ. അവരെ നോക്കാനുള്ള ചുമതല എനിക്കില്ലേ ''.

'' എന്‍റെ കുട്ടി ദീര്‍ഘായുസ്സോടെ വാണു വര്‍ദ്ധിച്ചു വരട്ടെ '' വലിയമ്മയുടെ വലതു കൈ അയാളുടെ ശിരസ്സില്‍ പതിച്ചു. മുറ്റത്തുനിന്ന് സൈക്കിള്‍ ബെല്ലടിക്കുന്ന ശബ്ദം കേട്ടു. ഉണ്ണിക്കുട്ടനോടൊപ്പം സുമിത്ര ടീച്ചറും അകത്തേക്ക് വന്നു.

'' എന്താ നിനക്ക് സ്കൂളില്ലേ '' ഏടത്തി അനിയത്തിയോട് ചോദിച്ചു.

'' സ്കൂളില് ഒരാള് മാജിക്ക് കാണിക്കാന്‍ വന്നിട്ടുണ്ട്. അതു കാരണം ക്ലാസ്സ് വിട്ടു. ഞാന്‍ അയാളുടെ പരിപാടി കാണാനൊന്നും നിന്നില്ല ''.

ഉണ്ണിക്കുട്ടന്‍ ഭക്ഷണം കഴിച്ച് വരുമ്പോള്‍ മൂന്നുപേരും വര്‍ത്തമാനത്തിലാണ്.

'' നീ പോയി എന്‍റെ ചെറിയ ബാഗ് എടുത്തുകൊണ്ട് വാ '' ദിലീപ് മേനോന്‍ മരുമകനോട് ആവശ്യപ്പെട്ടു. പയ്യന്‍ അകത്തേക്ക് ചെന്ന് ബാഗുമായി തിരിച്ചെത്തി.

'' ഇത് നീ വെച്ചോ '' അതിനകത്തു നിന്ന് ഒരു ചെറിയ ബോക്സ് എടുത്ത് അയാള്‍
അവനു നേരെ നീട്ടി. അത് നോക്കിയതും അവന്‍റെ മുഖം വിടര്‍ന്നു.

'' അമ്മമ്മേ '' അവന്‍ വിളിച്ചു '' ഇത് മൊബൈലാണ് ''.

'' നന്നായി. കുറെ കാലായിട്ടുള്ള നിന്‍റെ മോഹോല്ലേ ''.

'' ഏതാ ഈ സെറ്റ് എന്നറിയ്യോ. ആപ്പിളിന്‍റെ ഐ ഫോണാണ്. ഒരുപാട് വില വരും ''.

'' '' എന്തിനാ ദീപൂ അവന് ഇത്ര വില കൂടിയ ഫോണ്. ചെറുത് വല്ലതും കൊടുത്താല്‍
പോരേ ''.

'' ജാഫറിന്ന് കൊടുക്കാം എന്നു കരുതി വാങ്ങിയതാണ്. അത് ഇവന്‍ വെച്ചോട്ടേ. അനിത വരുമ്പോള്‍ വേറൊന്ന് കൊണ്ടു വരാന്‍ പറയാം '' അയാള്‍ തുടര്‍ന്നു '' കോളേജില്‍
പഠിക്കുന്ന കുട്ടിയല്ലേ. അല്‍പ്പം ഗമയൊക്കെ വേണ്ടേടോ ''.

'' ഗമ മാത്രം പോരാ. നല്ലോണം പഠിക്കണം. ദീപുമാമയൊക്കെ കഷ്ടപ്പെട്ടു പഠിച്ചതാ. പഠിച്ചു വലിയ ആളായി. ജോലി കിട്ടി കൈ നിറയെ സമ്പാദിക്കാന്‍ തുടങ്ങി. അതോണ്ടാ ഇതൊക്കെ വാങ്ങി തരാന്‍ പറ്റുണത് ''.

''  ഇവിടുത്തെ വേലകളും പൂരങ്ങളും ഉത്സവങ്ങളും ഒക്കെ കണ്ടിട്ട് ഒരുപാട് കാലം
കഴിഞ്ഞു. എനിക്ക് ഇക്കൊല്ലം അതെല്ലാം കാണണം. നാട്ടിലെ കാഴ്ചകളുടെ സുഖം
എവിടെ പോയാലും കിട്ടില്ല ''.

'' എന്നിട്ടാ ആറേഴു കൊല്ലം നീ തിരിഞ്ഞു നോക്കാതിരുന്നത് '' സുമിത്ര ടീച്ചര്‍ ചോദിച്ചു.

'' ഇതിനിടയില്‍ രണ്ടു പ്രാവശ്യമേ ഞാന്‍ ഇന്ത്യയിലേക്ക് വന്നിട്ടുള്ളു. ആദ്യത്തെ പ്രാവശ്യം അച്ഛനും അമ്മയും പെങ്ങളും അളിയനും ഒക്കെ കൂടി നോര്‍ത്ത് ഇന്ത്യന്‍ ടൂറ്
പോയി. പിന്നെ വന്നത് അച്ഛന്ന് അപകടം പറ്റി കാല് മുറിച്ചപ്പോഴാണ്. രണ്ടു പ്രാവശ്യവും നാട്ടിലേക്ക് വരാന്‍ ഒത്തില്ല. പിന്നെ എല്ലാ കൊല്ലവും ഓരോ നാട് ചുറ്റിക്കാണാന്‍ പോവും. അതാണ് പറ്റിയത് ''.

'' ഇനിയും ഇതൊക്കെ തന്നെയല്ലേ ഉണ്ടാവ്വാ ''.

'' നിശ്ചയമായിട്ടും അല്ല. സ്നേഹത്തിലും വലുത് മറ്റൊന്നും ഇല്ലെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ ഇനിമുതല്‍ എല്ലാകൊല്ലവും കുടുംബത്തോടെ ഇവിടെ എത്തും.
കുറച്ചു ദിവസം നിങ്ങളുടെ കൂടെ കഴിയും. നമ്മളെല്ലാവരും കൂടി അമ്പലങ്ങളിലൊക്കെ ചെല്ലും '' .

'' അതില്‍പ്പരം ഞങ്ങള്‍ക്കൊരു സന്തോഷം ഇല്ല. നീയും അനിയത്തിയും തമ്മില്‍ ഒന്നര വയസ്സിന്‍റെ വ്യത്യാസമേയുള്ളു. അതോണ്ട് നിന്‍റെ അമ്മയ്ക്ക് നിന്നെ ശ്രദ്ധിക്കാന്‍
കഴിഞ്ഞില്ല. വലിയമ്മയാണ്   നിന്നെ എടുത്ത് വളര്‍ത്തിയത്. അത് ഓര്‍മ്മ വേണം ''.

'' ചെറിയമ്മേ, എല്ലാം എനിക്ക് നല്ല ഓര്‍മ്മയുണ്ട്. രാജിചേച്ചിയുടെ പിന്നാലെ ഈ തൊടിയില്‍ ഓടി നടന്നത് ഇന്നലത്തെപോലെ തോന്നുന്നു ''.

മടങ്ങി പോവുമ്പോള്‍ ഈ കാറോ അല്ലെങ്കില്‍ മറ്റൊന്ന് വാങ്ങിയിട്ടോ ഇവിടെ നിര്‍ത്തിയിട്ട് പോവണം. അവധിക്ക് നാട്ടില്‍ വരുമ്പോള്‍ വാഹനം ആവശ്യമാണ്. അതുവരെ
വലിയമ്മയ്ക്ക് ബാങ്കില്‍ പോവാനോ കുടുംബത്തോടെ ഇവര്‍ക്ക് എവിടെയെങ്കിലും
പോവാനോ ഉപകരിക്കട്ടെ. ഉണ്ണിക്കുട്ടന് ഒരു ബൈക്കും വാങ്ങി കൊടുക്കണം. ആണ്‍കുട്ടിയല്ലേ. ഈ പ്രായത്തില്‍ ഇങ്ങിനത്തെ ആഗ്രഹങ്ങള്‍ ഉണ്ടാവും.

ഒരു സൈക്കിളിന്നു മോഹിച്ചതും അമ്മ ആ ആഗ്രഹം സാധിപ്പിച്ചു തരാഞ്ഞപ്പോള്‍ 
ദുഖിച്ചു നടന്നതും ഒടുവില്‍ തന്‍റെ സങ്കടം കണ്ട് വലിയമ്മ വാങ്ങി തന്നതും
മനസ്സിലെത്തി. സ്കൂളിലെ പ്യൂണ്‍ പുതിയ സൈക്കിളുമായി എത്തിയ രംഗം
കണ്‍മുന്നിലുള്ളതുപോലെ തോന്നുന്നു.

'' കാശ് വല്ലതും കയ്യില്‍ വന്നാല്‍ അത് തവിടുപൊടിയാക്കാതെ നിനക്ക് ഉറക്കം വരില്ല എന്ന് എന്നെ കുറ്റം പറയാറില്ലേ. ഒരു തവണ കൂടി ഞാനതൊന്ന് കേള്‍ക്കട്ടെ വലിയമ്മേ ''.

വല്ലപ്പോഴും മാത്രമേ പണം കയ്യില്‍ വരൂ. അതിനു മുമ്പുതന്നെ ചിലവഴിക്കാനുള്ള വഴികള്‍ മനസ്സില്‍ ഇടം പിടിക്കും. വിഷുക്കൈനീട്ടം കിട്ടുന്നത് വിഷുവേലയ്ക്ക്
പൊടിക്കും. പപ്പനമ്മാമനോ, അച്ഛനോ വല്ലതും തന്നാല്‍ അത് അന്നേ ദിവസം തീരും. പിള്ളര്‍ക്ക് പണം കൊടുത്ത് ശീലിപ്പിക്കരുത് എന്നും പറഞ്ഞ് കുഞ്ഞുണ്ണിമാമന്‍
ഒന്നും തരാറില്ല.

'' എന്താ നിന്‍റെ മനസ്സിലിരുപ്പ് ''.

'' പറയാതെ ചെയ്യുന്നതാണ് ഔചിത്യം. പക്ഷെ എനിക്ക് ഒന്നും മനസ്സില്‍ സൂക്ഷിച്ചു വെക്കാന്‍ ആവില്ല. അതുകൊണ്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ആദ്യമേ പറയുകയാണ്. ഇനി ഞാന്‍ ഇവനോട് ഒന്ന് ചോദിച്ചു നോക്കട്ടെ ''. മൊബൈല്‍
പരിശോധിച്ചുകൊണ്ടു നിന്ന മരുമകന്‍ ആകാംക്ഷയോടെ അയാളെ നോക്കി.

''  നിനക്ക് മോട്ടോര്‍ സൈക്കിള്‍ വേണോ '' അയാള്‍ മരുമകനോട് ചോദിച്ചു. പയ്യന്‍റെ മുഖം വിടര്‍ന്നു, പക്ഷെ അവനൊന്നും പറഞ്ഞില്ല.

'' അല്ലെങ്കില്‍ കാറായാലോ. വല്ലപ്പോഴും കോളേജിലേക്ക് സ്റ്റൈലില്‍ പോയിക്കൂടേ''.

'' എന്തെങ്കിലും ആവശ്യത്തിന്ന് ഇവരെയൊക്കെ കൂട്ടീട്ട് പോണച്ചാല്‍ കാറാണ് സൌകര്യം '' പയ്യന്‍ പറഞ്ഞു '' പക്ഷെ എനിക്ക് ഓടിക്കാന്‍ അറിയില്ലല്ലോ ''.

'' അപ്പോള്‍ മോട്ടോര്‍ സൈക്കിളോ ''.

'' അത് എന്‍റെ കൂട്ടുകാരുടെ ബൈക്കുകള്‍ ഓടിച്ച് പരിചയം ഉണ്ട് ''.

'' സുമിത്രേ ഈ കള്ളന്‍ പറയിണത് കേട്ടോ. നമ്മളറിയാതെ ഇവന്‍ എന്തൊക്കെ ചെയ്യുന്നുണ്ടോ ആവോ ''.

'' അമ്മമ്മേ വേണ്ടാതെ എന്നെ കുറ്റം പറയണ്ടാട്ടോ. ഞാന്‍ ഒരു തെറ്റും ചെയ്യാറില്ല ''

'' പോട്ടെടോ. അമ്മമ്മ പറഞ്ഞത് കാര്യമാക്കണ്ടാ. നിന്‍റെ കാര്യം ഞാന്‍
പരിഗണിക്കുന്നുണ്ട് ''.

'' നോക്ക് ദീപൂ, ഇവന്‍റെ കൂട്ടം കേട്ടിട്ട് നീ വേണ്ടാത്തതിനൊന്നും എടുത്തു ചാടാന്‍
നില്‍ക്കണ്ടാ. പഠിച്ച് വലിയ ആളായി സമ്പാദിക്കുമ്പോള്‍  ഇഷ്ടൂള്ളത് വാങ്ങിക്കോട്ടെ ''.

'' ഒരു സൈക്കിളിന്നു വേണ്ടി ഞാന്‍ വാശി പിടിച്ചു നടന്നത് വലിയമ്മ മറന്നിട്ടില്ലല്ലോ '' അയാള്‍ തുടര്‍ന്നു ''  കൂട്ടുകാരുടെ ബൈക്ക് കാണുമ്പോള്‍ ഇവനും മോഹം തോന്നും. പിന്നെ ഞാന്‍ അവന്‍റെ അമ്മാമനല്ലേ. അവന് വേണ്ടത് വാങ്ങിക്കൊടുക്കുന്നതില്‍ എന്താ തെറ്റുള്ളത് ''.

'' നിന്‍റെ ഇഷ്ടംപോലെ ചെയ്തോ. ഞാന്‍ എതിരു പറഞ്ഞൂന്ന് വേണ്ടാ ''.

'' നാളെത്തന്നെ നീ ഏതെങ്കിലും ഡ്രൈവിങ്ങ് സ്കൂളില്‍ ചേര്‍ന്ന് കാറോടിക്കാന്‍
പഠിക്കണം '' ദിലീപ് മേനോന്‍ പറഞ്ഞു '' പൈസ ഞാന്‍ തരാം ''. ഉണ്ണിക്കുട്ടന്‍
സന്തോഷംകൊണ്ട് തുള്ളിച്ചാടി.

'' ഇനിയെന്താ നിന്‍റെ ഉദ്ദേശം '' ചെറിയമ്മ ചോദിച്ചു.

'' ഈ ആഴ്ചതന്നെ രാജിചേച്ചിയെ പോയി കാണണം. നമുക്ക് എല്ലാവര്‍ക്കും കൂടി പോയാലോ ''.

'' മാഷേട്ടന്‍ വരട്ടെ '' വലിയമ്മ പറഞ്ഞു '' എന്നിട്ട് തീരുമാനിക്കാം ''.

'' ശനിയും ഞായറും ആയിട്ടു മതി. എനിക്ക് ലീവെടുക്കാന്‍ പറ്റില്ല '' സുമിത്ര ടീച്ചറും പറഞ്ഞു.

Wednesday, July 17, 2013

അദ്ധ്യായം - 5.


ഏറെ നേരം വര്‍ത്തമാനം പറഞ്ഞിരുന്നതു കാരണം അര്‍ദ്ധരാത്രി കഴിഞ്ഞാണ് ഉറങ്ങിയത്. അതിനാല്‍ ഉണരാന്‍ വൈകി. ഉണ്ണിക്കുട്ടന്‍ കോളേജിലേക്ക് പോയി കഴിഞ്ഞിരുന്നു. കുളിയും പ്രഭാത ഭക്ഷണവും കഴിഞ്ഞശേഷം പേപ്പറുമായി  ചാരുപടിയില്‍ കിടന്നു.

'' അപ്പൊ നീ കുഞ്ഞുണ്ണിമാമയെ കാണാന്‍ പോണില്ലേ '' സ്കൂളിലേക്ക് പോവാന്‍ ഒരുങ്ങിയ ചെറിയമ്മ ചോദിച്ചു.

'' കുറച്ചു കഴിഞ്ഞിട്ട് പോവാം ''.

'' അതു വേണ്ടാ. ഉച്ചയാവുമ്പോഴേക്കും ജാഫര്‍ വരും എന്നല്ലേ പറഞ്ഞത്. കുഞ്ഞുണ്ണിമാമയാണെങ്കില്‍ വര്‍ത്തമാനം പറയാന്‍ തുടങ്ങിയാല്‍ നിര്‍ത്തില്ല ''. ഷര്‍ട്ടും മുണ്ടും മാറി ഇറങ്ങുമ്പോഴും ചെറിയമ്മ പോയിട്ടില്ല.

'' നീ എന്‍റെ കൂടെ വന്നോ. ഒരു എളുപ്പ വഴീള്ളത് ഞാന്‍ കാട്ടിത്തരാം ''.

'' അപ്പോള്‍ കാറെടുക്കണ്ടേ ''.

'' ഒന്നും വേണ്ടാ. പത്തടി നടന്നു നോക്ക്. ദേഹത്തിന് ഒരു സുഖം കിട്ടും ''. വെയില് മൂത്തു കഴിഞ്ഞു. സൂര്യ കിരണങ്ങള്‍ക്ക് തീജ്വാലയുടെ ചൂടുണ്ട്. നെറ്റിയുടെ രണ്ടു ഭാഗത്തു കൂടിയും വിയപ്പ് ഒഴുകാന്‍ തുടങ്ങി. സണ്‍ ഗ്ലാസ്സ് എടുക്കാഞ്ഞത് അബദ്ധമായി. വലത്ത് കൈപ്പത്തി കണ്ണിന് മുന്നില്‍ പിടിച്ചു.

'' നോക്ക് ആ വലിയ റബ്ബര്‍ത്തോട്ടം കാണുണില്ലേ. ഈ വരമ്പത്തു കൂടി അങ്ങിട്ട് ചെല്ല്. തോട്ടത്തിന്‍റെ സൈഡില്‍കൂടി ഒരു വഴി കാണും. അതിലെ വലത്തോട്ട് നടന്നാല്‍ റോഡിലെത്തും. പിന്നെ പത്തടിയേ ഉള്ളു കുഞ്ഞുണ്ണിമാമയുടെ വീട്ടിലേക്ക് ''.

'' തോട്ടം ആരുടെയാണ് ''.

'' കുഞ്ഞുണ്ണിമാമടെ. തൈ വെച്ചിട്ട് ആറേഴു കൊല്ലം ആയതേയുള്ളു. ഈ കൊല്ലം വെട്ടാന്‍ തുടങ്ങീന്ന് കേട്ടു '' ചെറിയമ്മ വഴി കാണിച്ചു തന്ന് നേരെ പോയി.

കൂറ്റന്‍ മതില്‍ക്കെട്ടിന്ന് പിന്നില്‍ മനോഹരമായി പെയിന്‍റ് ചെയ്ത ഇരുനില കെട്ടിടം പ്രൌഡിയോടെ നിലകൊള്ളുന്നു. ഗെയിറ്റിന്നരികിലായി സ്ഥാപിച്ച നെയിംബോര്‍ഡില്‍ എം. സുന്ദരേശ്വര മേനോന്‍, റിട്ട.ഡെപ്യൂട്ടി കലക്ടര്‍ എന്ന് എഴുതി വെച്ചിട്ടുണ്ട്. ഗെയിറ്റ് തുറന്നതും നായ ഉറക്കെ കുരക്കാന്‍ തുടങ്ങി. വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടത് കുഞ്ഞുണ്ണിമാമ.

'' ആരാ അത് '' ഉറക്കെയുള്ള ചോദ്യം.

'' ഞാനാ ദിലീപ് ''. കുഞ്ഞുണ്ണിമാമയ്ക്ക് മനസ്സിലായി എന്നു തോന്നുന്നു.

'' പേടിക്കേണ്ടാ. ധൈര്യമായി വന്നോ. നായിനെ കെട്ടിയിട്ടിട്ടുണ്ട് ''. വഴിയുടെ ഇരുവശങ്ങളിലുമുള്ള തെങ്ങുകള്‍ പണിക്കാരന്‍ ഹോസ് ഉപയോഗിച്ച് നനയ്ക്കുന്നു. ചെടിച്ചട്ടികളില്‍ വെച്ച വിവിധയിനം  പൂച്ചെടികള്‍ പുഷ്പിച്ച് നില്‍പ്പുണ്ട്.

'' എപ്പഴാടോ താന്‍ വന്നത് ''.

'' ഇന്നലെ. എത്തുമ്പോള്‍ വൈകുന്നേരമായി ''.

'' ഈയിടെയായി കാഴ്ച പോരാ. കാറ്ററാക്ടാണ് എന്നാ നോക്കിച്ചപ്പോള്‍ പറഞ്ഞത്. ഓപ്പറേഷന്‍ വേണം. വിഷു കഴിഞ്ഞിട്ടു മതി എന്നു വെച്ചിരിക്ക്യാണ്. നിന്ന നില്‍പ്പ് നില്‍ക്കാതെ നീ അകത്തേക്ക് കേറി വാ ''.

അദ്ദേഹത്തിന്‍റെ പുറകിലായി അകത്തേക്ക് നടന്നു. ഡ്രായിങ്ങ് റൂമിലെ എയര്‍കണ്ടീഷണര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്. തീക്കട്ടയില്‍ നിന്ന് കാലെടുത്ത് ഐസില്‍ വെച്ചതുപോലുള്ള സുഖം തോന്നി.

 '' അനിതയേയും കുട്ടിയേയും കൂടെ കൂട്ടായിരുന്നില്ലേ. തന്‍റെ കുട്ടിയെ ഞാന്‍ ഇന്നേവരെ കണ്ടിട്ടില്ല '' മുഴുവന്‍ വിവരങ്ങളും വിശദീകരിക്കേണ്ടി വന്നു. അപ്പോഴേക്കും പണിക്കാരി ഒരു കപ്പ് ചായയുമായി എത്തി.

'' അമ്മായി എവിടെ ''.

'' സപ്താഹം വായന കേള്‍ക്കാന്‍ അമ്പലത്തിലേക്ക് പോയി. ഉച്ചയ്ക്ക് പ്രസാദ ഊട്ടുണ്ട്. അതും കഴിച്ച് അവിടെത്തന്നെ ഇരിക്കും. വൈകുന്നേരത്തേ മടങ്ങി വരൂ. പിന്നെ എന്തൊക്ക്യാ തന്‍റെ വിശേഷം  ''.

'' എനിക്കെന്താ വിശേഷം. ഇങ്ങിനെയൊക്കെ കഴിയുന്നൂ. നോക്കുമ്പോള്‍ നമ്മുടെ നാട്ടിലാണ് ഒരുപാട് വിശേഷങ്ങള്‍ ഉള്ളത്. എത്രയെത്ര മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നു. നല്ല പുരോഗതിയാണ് ഇവിടെ ''.

'' എന്തു പുരോഗതി. ഒക്കെ കണക്കന്നെ. എല്ലാം ഒരുതരം തട്ടിപ്പ്. ഈ നാട് ഒരു കാലത്തും നന്നാവില്ല ''. കുറച്ചു നേരത്തേക്ക് രണ്ടുപ്രും മൌനം ദീക്ഷിച്ചു.

''' സുശീലയുടെ ഷഷ്ഠിപൂര്‍ത്തിയാണ് എന്ന് ഇന്നാള് സുഭദ്ര വന്നപ്പോള്‍ പറഞ്ഞു. പണ്ടേ അവള്‍ക്ക് എന്നോട് ഉള്ളുകൊണ്ട് അത്ര സുഖൂല്യാ ''. അമ്മയെക്കുറിച്ചാണ് പറയുന്നത്. എന്താണ് മറുപടി പറയേണ്ടത് എന്നറിയാതെ കുഴങ്ങി. കുഞ്ഞുണ്ണിമാമ പതിവനുസരിച്ചുള്ള കുറ്റം പറയലിന്ന് ഒരുങ്ങുകയാണോ.

'' നിന്‍റെ അച്ഛന് അപകടം പറ്റി കാല് മുറിച്ച് ആസ്പത്രിയില്‍ കിടക്കുമ്പോള്‍ ഞാന്‍ കാണാന്‍ ചെന്നില്ല. അതില്‍ നിന്‍റെ അമ്മയ്ക്കും അച്ഛനും ഒരുപോലെ ഈര്‍ഷ്യയുണ്ട്  എന്ന് എനിക്കറിയാം. പക്ഷെ അത് എന്‍റെ കുറ്റംകൊണ്ടൊന്നും അല്ല. ഇലക്ഷന്‍ ഡിക്ലയര്‍ ചെയ്ത സമയമായിരുന്നു. ലീവ് കിട്ടണ്ടേ ''.

'' അതൊക്കെ കഴിഞ്ഞിട്ട് പന്ത്രണ്ടോ പതിമൂന്നോ കൊല്ലം കഴിഞ്ഞില്ലേ. എല്ലാവരും മറന്നിട്ടുണ്ടാവും ''.

'' മറന്നാലും ഇല്ലെങ്കിലും എനിക്കൊന്നൂല്യാ. പറ്റാത്ത കാര്യം കണ്ടാല്‍ ഞാന്‍ ശഠേന്ന് പറയും. ചിലര്‍ക്ക് അത് പിടിക്കില്ല. പിടിച്ചില്ലെങ്കില്‍ വേണ്ട '' ഒന്നു നിര്‍ത്തി കുഞ്ഞുണ്ണിമാമ തുടര്‍ന്നു ''പറയുമ്പൊ ഒന്നും തോന്നണ്ടാ. തറവാടിന്‍റെ കാര്യത്തില്‍  നിന്‍റെ അമ്മ ചെയ്തത് ഒട്ടും ശരിയായില്ല ''.

'' എന്താ അമ്മ ചെയ്തത്. എനിക്കൊന്നും അറിയില്ലല്ലോ ''.

'' നിനക്കെങ്ങിനേയാ അറിയുക. നീ അന്യ നാട്ടിലല്ലേ. പിന്നെ സ്ത്രീകള് എന്തെങ്കിലും ചെയ്യുന്നതിന്ന് മുമ്പ് മുതിര്‍ന്ന ആണ്‍മക്കളെ അറിയിക്കണം. പണ്ടേ നിന്‍റെ അമ്മയ്ക്ക് അങ്ങിനത്തെ പതിവില്ലല്ലോ ''. വീണ്ടും കുഞ്ഞുണ്ണിമാമ ആലോചനയിലാണ്ടു.

'' പറയ്യാണച്ചാല്‍ ഒരുപാടുണ്ട് '' അദ്ദേഹം മൌനം ഉപേക്ഷിച്ചു '' തൊള്ളായിരത്തി നാല്‍പ്പത്തെട്ടിലാണ് ആദ്യത്തെ ഭാഗം നടന്നത്. നമ്മുടെ തായ്‌വഴിക്ക് എന്‍റെ മുത്തശ്ശി കുമ്മിണിയമ്മയുടേയും അവരുടെ അനിയത്തി തങ്കമ്മാളു അമ്മയുടേയൂം വീതം ഒന്നിച്ചാണ് ഭാഗിച്ചു കിട്ടിയത്. തങ്കമ്മാളു അമ്മയ്ക്ക് അപസ്മാരത്തിന്‍റെ സൂക്കട് ഉണ്ടായിരുന്നതോണ്ട് അവര്‍ക്ക് കല്യാണോന്നും കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. ഞാന്‍ അവളെ നോക്കിക്കോളാം എന്നു പറഞ്ഞ് മുത്തശ്ശി കൂടെ കൂട്ട്യേതോണ്ട് സ്വത്ത് മുഴുവന്‍ ഒന്നിച്ച് കിട്ടി. ഭാഗ്യത്തിന് കൊല്ലം തികയുന്നതിന്നു മുമ്പ് തങ്കമാളു അമ്മ അമ്പലകുളത്തില്‍ കുളിക്കുമ്പോള്‍ ദെണ്ണം ഇളകി വെള്ളത്തില്‍ വീണു മരിച്ചു. അങ്ങിനെ സ്വത്ത് മുഴുവന്‍ എന്‍റെ മുത്തശ്ശിടെ പേരിലായി ''.

മുറ്റത്തു നിന്ന് പണിക്കാരന്‍ വിളിച്ചതോടെ കുഞ്ഞുണ്ണിമാമ എഴുന്നേറ്റു പോയി. വൃത്തിയായി മടക്കി ടീപ്പോയിയില്‍ വെച്ച പേപ്പറെടുത്ത് അതിലൂടെ കണ്ണോടിക്കുമ്പോഴേക്കും അദ്ദേഹം തിരിച്ചെത്തുകയും ചെയ്തു.

'' ആദ്യത്തെ ഭാഗത്തിന്‍റെ കഥയാണ് ഞാന്‍ പറഞ്ഞു തന്നത് '' അദ്ദേഹം തുടര്‍ന്നു '' നേരത്തെ പറഞ്ഞ കുമ്മിണിയമ്മയ്ക്ക് മക്കള്‍ മൂന്നാണ്. രണ്ടാണും ഒരു പെണ്ണും. ആ പെണ്ണ് നിന്‍റെ മുത്തശ്ശിയാണ് ''.

'' ആണുങ്ങളില്‍ ഒരാള്‍ പപ്പനമ്മാമനല്ലേ ''.

'' ഓ, അതെയതെ. ആ ജാംബവാന്‍ തന്നെ. പിന്നെ ഉള്ളത് ബാലകൃഷ്ണ മേനോന്‍. അവര് മൂന്നാളും തമ്മിലുള്ള ഭാഗം നടന്നത് അറുപത്താറിലാണ്. ഈ പറഞ്ഞ ബാലകൃഷ്ണ മേനോന് സ്ഥിതി കുറച്ച് മോശമായിരുന്നു. ഭാഗം കിട്ടിയ വസ്തുക്കള്‍ മുഴുവനും വിറ്റ് കാശാക്കി അദ്ദേഹം ഭാര്യ വീട്ടില്‍ കൂടി. മറ്റേ വിദ്വാനാണ് ശരിക്കുള്ള കുടുംബദ്രോഹി ''.

പപ്പനമ്മാമനെക്കുറിച്ച് കുഞ്ഞുണ്ണിമാമ ഒരിക്കലും നല്ലൊരു വാക്ക് പറഞ്ഞു കേട്ടിട്ടില്ല. നല്ല ബുദ്ധിയുള്ള ആളാണ്. എന്നിട്ടെന്താ, പഠിക്കാന്‍ പോയി. അത് മുഴുമിച്ചില്ല. മര്യാദക്കൊരു കല്യാണം കഴിച്ച് ഭാര്യയും മക്കളുമായി കഴിയുന്നതിന്നു പകരം നാട് നന്നാക്കാനിറങ്ങി ജീവിതം തുലച്ചു. ഒരു ആവശ്യവുമില്ലാതെ പല തവണ ജയിലില്‍ കിടന്നു. കുടുംബം ഇല്ലാത്ത അവസ്ഥയ്ക്ക് തന്‍റെ ഭാഗം ഒരേയൊരു അനിയത്തി ഉള്ളതിന്ന് കൊടുക്കേണ്ടതായിരുന്നു. അത് ചെയ്തില്ല. കിട്ടിയ ഭൂമി നാനാ ജാതിയില്‍പെട്ട വീടില്ലാത്ത ആളുകള്‍ക്കായി പങ്കിട്ട് കൊടുത്തു. അവരുടെ ഇടയില്‍തന്നെ ഒരു പുരവെച്ച് താമസിക്കുന്നു. കേള്‍വി കേട്ട തറവാട്ടില്‍ പിറന്നതിന്‍റെ വിലയും നിലയും കളഞ്ഞു കുളിച്ചു. സ്ഥിരം ആരോപണങ്ങള്‍ വീണ്ടും കേള്‍ക്കാന്‍  മടി തോന്നി.

'' കുറെയൊക്കെ ഞാനും കേട്ടിട്ടുണ്ട് '' കുഞ്ഞുണ്ണിമാമ ആരംഭിക്കുന്നതിന്ന് മുമ്പേ അത് തടസ്സപ്പെടുത്തി.

'' അങ്ങിനെ അമ്മയ്ക്ക് ഭാഗത്തില്‍ കിട്ടിയതും അച്ഛന്‍ വാങ്ങി ചേര്‍ത്തിയ വസ്തുക്കളും ചേര്‍ന്ന സ്വത്ത് എനിക്കും മൂന്ന് പെങ്ങന്മാര്‍ക്കും ഒരുപോലെ ഭാഗിക്കണോ ''. ചോദ്യം തന്നോടാണ്.

'' വേണ്ടതാണ് '' ഉപായത്തില്‍ പറഞ്ഞൊപ്പിച്ചു.

'' എന്നാല്‍ അത് ഉണ്ടായില്ല. ആ സ്കൂള്‍ മാഷില്ലേ, സുമിത്രയുടെ കെട്ട്യോന്‍. അവന്‍ സമ്മതിച്ചില്ല ''.

''എന്തേ പറ്റിയത് ''.

'' തറവാട് മൂന്ന് പെണ്ണുങ്ങള്‍ക്കും പത്തായപ്പുര എനിക്കും എന്നാണ് ഞാന്‍ കരുതിയത്. പത്തായപ്പുര സുമിത്രയ്ക്ക് കൊടുത്തില്ലെങ്കില്‍ ഭാഗം നടക്കില്ല എന്ന് ആ വിദ്വാന്‍ ഒരേ വാശി. ഒടുക്കം ഞാന്‍ താണു കൊടുത്തു. ഞാനായിട്ട് കേസ്സിനും കൂട്ടത്തിനും പോയി എന്ന് നാട്ടുകാരെക്കൊണ്ട് പറയിക്കണ്ടല്ലോ ''.

'' എന്നിട്ട് കുഞ്ഞുണ്ണിമാമയ്ക്ക് ഒന്നും തന്നില്ല ''.

'' തന്നു. അച്ഛന്‍ വാങ്ങിയ സ്ഥലവും അമ്മയുടെ ഭാഗത്തില്‍ നിന്ന് കുറച്ച് അടമാറിയും കിട്ടി. തറവാട്ടു വളപ്പില്‍ ഒരു സൂചി കുത്താനുള്ള സ്ഥലം എന്‍റെ പേരിലില്ല ''.

'' അമ്മ എന്താണ് ചെയ്തത് എന്ന് എനിക്ക് മനസ്സിലായില്ല ''.

'' ഭാഗിച്ചു കിട്ടിയതും നിന്‍റെ അമ്മ നിങ്ങളുടെ അവകാശം സുഭദ്രയ്ക്ക് ഒഴിമുറി കൊടുത്തു. നിങ്ങള് ഏട്ടനും അനുജത്തിയും അമ്മയ്ക്ക് മുക്ത്യാര്‍ കൊടുത്തിരുന്നു അല്ലേ ''.

ഉവ്വെന്ന് തലയാട്ടി. കൂടുതല്‍ സംസാരിച്ചാല്‍ ചിലപ്പോള്‍ മുഷിച്ചില്‍ ഉണ്ടാവും. നായ ഉറക്കെ കുരച്ചു. ആരോ വരുന്നുണ്ട്.

'' ഞാന്‍ പിന്നെ വരാം കുഞ്ഞുണ്ണിമാമേ '' യാത്ര പറഞ്ഞ് എഴുന്നേറ്റു.

Sunday, July 7, 2013

അദ്ധ്യായം - 4.


'' എന്താ ദീപുമാമേ, ഈ പെട്ടിക്ക് ഇത്രയധികം ഘനം '' ഡിക്കിയിലുള്ള പെട്ടി എടുക്കാന്‍ ശ്രമിക്കവേ ഉണ്ണിക്കുട്ടന്‍ ചോദിച്ചു. ബാഗുകളും മറ്റു പെട്ടികളും ഇതിനോടകം അവന്‍ അകത്ത് എത്തിച്ചിരുന്നു.

'' നിന്‍റെ അനിത അമ്മായി തന്നു വിട്ടതാ. ഇവിടെയുള്ളവര്‍ക്ക് അവള്‍ വാങ്ങിയ സമ്മാനങ്ങളാണ് അതിനകത്ത് ''. ദിലീപ് മേനോന്‍ പെട്ടിയുടെ ഒരുഭാഗം പിടിച്ചു. ഉണ്ണിക്കുട്ടനും ചെറിയമ്മയും അതിന്‍റെ മറുവശവും .

'' എന്തൊക്കെയാ അതിലുള്ളത് '' മുറിയിലെ കട്ടിലിന്നടിയിലേക്ക് പെട്ടി നീക്കി വെച്ചു കഴിഞ്ഞ ഉടനെ ഉണ്ണിക്കുട്ടന്‍റെ അടുത്ത ചോദ്യമെത്തി.

'' എനിക്കതൊന്നും അറിയില്ല. അവള് വന്നിട്ട് ഓരോരുത്തര്‍ക്കും ഉള്ളത് എടുത്ത് കൊടുത്തോട്ടേ ''.

'' അല്ലെങ്കിലും അവള്‍ക്ക് നല്ല കുടുംബസ്ഥായീണ്ട് '' വലിയമ്മ പറഞ്ഞു '' നല്ല തറവാട്ടില്‍ പിറന്നോര് അങ്ങിനേയാ ''. അനിതയെക്കുറിച്ച് ഇവര്‍ക്കാര്‍ക്കും ഒന്നും അറിയില്ല, അവളുടെ ദുഖത്തെക്കുറിച്ചും. സ്വന്തം അനുഭവങ്ങളാണ് ഒരു പക്ഷെ  അവളെ ഈ വിധം ഉദാരമതിയാക്കിയത്.

പണത്തിനോടുള്ള ആര്‍ത്തി കാരണം ബന്ധുക്കളെ മുഴുവന്‍ വെറുപ്പിച്ച ആളായിരുന്നു അവളുടെ അച്ഛന്‍. ശമ്പളവും അതിലേറെ കിമ്പളവും കിട്ടുന്ന ഉദ്യോഗം. കൂടാതെ സ്കൂള്‍ ടിച്ചറായ ഭാര്യയുടെ വരുമാനം. കാശിന് ഒട്ടും പഞ്ഞമില്ല. എന്നിട്ടും സ്വത്തിന്നുവേണ്ടി വളര്‍ത്തി വലുതാക്കിയ രക്ഷിതാക്കള്‍ക്കും സ്വന്തം കൂടപ്പിറപ്പുകള്‍ക്കുമെതിരെ കേസ് കൊടുത്തു. ഭര്‍ത്താവിന്‍റെ പാത ഭാര്യ പിന്തുടര്‍ന്നു. കണക്കു പറഞ്ഞ് അവരും വീതം വാങ്ങിയതോടെ രണ്ടു കുടുംബങ്ങളുമായുള്ള ബന്ധം തീര്‍ന്നു. എന്നിട്ട് എന്തുണ്ടായി ?  നല്ല വീട്, കാറ്, ബാങ്ക് ബാലന്‍സ്, നിക്ഷേപങ്ങള്‍. മകന് വിദേശത്തും മകള്‍ക്ക് ബാംഗ്ലൂരിലും ജോലി. ഉള്ള സൌഭാഗ്യങ്ങള്‍ പങ്കിടാന്‍ സ്വന്തക്കാരെന്നു പറഞ്ഞ് ആരും വരാനില്ല. പറയത്തക്ക അസുഖങ്ങളുമില്ല. അതുകൊണ്ടുതന്നെ ജീവിതം സന്തോഷഭരിതമായിരുന്നു. പക്ഷെ എല്ലാം ഒരു നിമിഷംകൊണ്ട് തീര്‍ന്നു. ഷോപ്പിങ്ങിന് ഇറങ്ങിയ ഭാര്യയും ഭര്‍ത്താവും സഞ്ചരിച്ചിരുന്ന ബൈക്ക് ചരക്കു കയറ്റിയ ലോറിയുമായി കൂട്ടിയിടിച്ചു. ഇരുവരും സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടു. '' രണ്ടെണ്ണൂം നടുറോഡില് കിടന്ന് വെള്ളം കിട്ടാതെ ചത്തുപോട്ടേ '' എന്ന വീട്ടുകാരുടെ ശാപം ഫലിച്ചു.

'' ശവസംസ്ക്കാരത്തിന്ന് തൊട്ടുമുമ്പ് അച്ഛന്‍റെ വീട്ടുകാര്‍ വന്ന് മുഖം കാണിച്ചു പോയി '' അനിതയുടെ വാക്കുകള്‍ ഇപ്പോഴും ചെവിയിലുണ്ട് '' അമ്മയുടെ കുടുംബത്തിലുള്ളവര്‍ തിരിഞ്ഞു നോക്കിയതേയില്ല ''. സങ്കടം പങ്കുവെക്കാനോ ആശ്വസിപ്പിക്കാനോ ബന്ധുക്കളാരുമില്ലാത്തതിന്‍റെ വിഷമം ആ ദിവസങ്ങളില്‍ അനുഭവിച്ച കാര്യം അനിത ഇടയ്ക്ക് പറയാറുണ്ട്. ലീവ് കഴിഞ്ഞു പോയ ഏട്ടന്‍ അധികം വൈകാതെ തിരിച്ചെത്തി. വീടും മറ്റു വസ്തുക്കളും വിറ്റ് അനിയത്തിയെ ജോലിസ്ഥലത്തേക്ക് കൂടെ കൂട്ടിക്കൊണ്ടു പോയി.

'' സമ്പാദ്യമോ സ്വത്തോ അല്ല കാര്യം. കരയുമ്പോള്‍ കണ്ണീരൊപ്പുന്ന ബന്ധുക്കളാണ് വലുത് '' എന്ന് അതോടെ അവള്‍ക്ക് ബോദ്ധ്യമായി.

'' എന്താ വല്ലാണ്ടെ ഒരാലോചന '' വലിയമ്മ ചോദിച്ചു. ഒന്നുമില്ലെന്ന് തലയാട്ടി.

'' നിനക്ക് ഇട്ടതൊന്നും മാറണ്ടേ ''. അപ്പോഴാണ് ആ കാര്യം ഓര്‍ത്തതുതന്നെ.

'' എന്‍റേല് മുണ്ടൊന്നും ഇല്ല ''.

'' തല്‍ക്കാലത്തേക്ക് ഞാന്‍ എളേച്ഛന്‍റെ ഒരുമുണ്ട് കൊണ്ടുവന്ന് തരാം '' ചെറിയമ്മ പത്തായപ്പുരയിലേക്ക് പോവാനൊരുങ്ങി.

'' എളേച്ഛന്‍ വെള്ളിയാഴ്ച വൈകുന്നേരത്തല്ലേ വരൂ ''.

'' ഇതു നല്ല കഥ. അത് ജോലീലിരിക്കുമ്പോഴല്ലേ. മാഷേട്ടന്‍ റിട്ടയറായിട്ട് കൊല്ലം പത്തായി '' വലിയമ്മ പറഞ്ഞു.

'' രമണിടെ കുട്ടിടെ പിറന്നാളാണ് നാളെ. അവര് വന്നു വിളിച്ചപ്പോള്‍ അവരോടൊപ്പം ഗുരുവായൂരിലേക്ക് പോയി '' ചെറിയമ്മ ബാക്കികൂടി ചേര്‍ത്തു '' നാളെ വൈകുന്നേരം എത്തും ''.

'' ഏതായാലും എനിക്ക് ടൌണുവരെ ഒന്നു പോവാനുണ്ട്. അവിടെ നിന്ന് മുണ്ട് വാങ്ങിക്കാം '' ദിലീപ് മേനോന്‍ പറഞ്ഞു.

'' എന്നാല്‍ നേരം വൈകിക്കണ്ടാ. വേഗം പോയിട്ടു വാ ''.

'' വലിയമ്മേ, ഉണ്ണിക്കുട്ടനെ കൂടെ കൂട്ടിക്കോട്ടേ '' അയാള്‍ ചോദിച്ചു. രാജിചേച്ചിയുടെ ചുറ്റുപാടുകള്‍ മരുമകനോട് ചോദിച്ചറിയണം എന്ന ഉദ്ദേശം കൂടി  മനസ്സിലുണ്ടായിരുന്നു.

'' അതിനെന്താ, നീ കൂട്ടീട്ട് പൊയ്ക്കോ ''. കേള്‍ക്കുമ്പോഴേക്ക് പയ്യന്‍ കാറിനടുത്തേക്ക് ഓടിക്കഴിഞ്ഞു.

'' രാത്രീലിക്ക് നിനക്ക് എന്താ വേണ്ടത്. ചോറോ ചപ്പാത്തിയോ '' ചെറിയമ്മ അന്വേഷിച്ചു '' പറഞ്ഞാല്‍ വരുമ്പോഴേക്കും ഉണ്ടാക്കായിരുന്നു ''.

'' ഒന്നും ഉണ്ടാക്കണ്ടാ. ഞങ്ങള് വരുമ്പോള്‍ ഹോട്ടലിന്ന് എല്ലാവര്‍ക്കും ഉള്ള ഭക്ഷണം വാങ്ങീട്ട് വരാം ''.

കാര്‍ പടി കടന്ന് പുറത്തിറങ്ങി.

'' എങ്ങിനെയുണ്ട് ദീപുമാമേ നമ്മുടെ റോഡ് ''. അപ്പോഴാണ് ശ്രദ്ധിച്ചത്. ഇങ്ങോട്ടു പോരുമ്പോള്‍  നാട് എത്തിയ സന്തോഷത്തില്‍ അതൊന്നും നോക്കിയില്ല.

'' നല്ല കോണ്‍ക്രീറ്റ് റോഡ്. വീതി കമ്മിയാണ് എന്നേയുള്ളു ''. മുമ്പ് കുണ്ടന്‍ ഇടവഴിയായിരുന്നു. പത്തിരുപത് കൊല്ലം മുമ്പ് വീതി കൂട്ടി. നിരപ്പല്ലാത്ത ഭാഗത്ത് മണ്ണൊലിക്കുന്നത് തടയാന്‍ വലിയ കരിങ്കല്‍ കഷ്ണങ്ങള്‍ ഇട്ടു. അല്ലാത്ത ഭാഗങ്ങളില്‍ വെറും മണ്ണും. മഴ പെയ്താല്‍ ചേറും ചളിയും ആയിരിക്കും.

'' പഞ്ചായത്ത് ഫണ്ടോണ്ട് ചെയ്തതാണ് . വല്യേ അമ്മാമന്‍റെ ശിഷ്യനാ മെമ്പറ്. ഒറ്റ പൈസ അടിച്ചു മാറ്റിയിട്ടില്ല. അതാണ് റോഡ് ഇത്ര നന്നാവാന്‍ കാരണം ''. പപ്പനമ്മാമനെക്കുറിച്ചാണ് പറയുന്നത്. അദ്ദേഹത്തെപോലുള്ള ആദര്‍ശവാന്മാര്‍ ഇപ്പോഴുമുണ്ട് എന്നത് അത്ഭുതം തന്നെ. മെയിന്‍ റോഡില്‍ ചേരുന്ന മുക്കെത്തി.

'' വീരാന്‍കുട്ടിടെ മക്കള് ഉണ്ടാക്കുന്ന വീടാ അത്. പണി കഴിയുമ്പോള്‍ ഒന്നൊന്നര കോടി ഉറുപ്പിക ആവുംന്നാണ് ആള്‍ക്കാര് പറയുന്നത് ''.

തെങ്ങോലകൊണ്ട് മറച്ചതിന്ന് പുറകില്‍ വലിയൊരു കെട്ടിടം പൊങ്ങി വരുന്നുണ്ട്. ലിന്‍ഡല്‍ ലെവല്‍ എത്തി കഴിഞ്ഞു. റോഡില്‍ കയറിയതും ആക്സിലറേറ്ററില്‍ കാല്‍ അമര്‍ത്തി. മരുമകന്‍ റോഡിലേക്ക് കണ്ണും നട്ട് ഇരിപ്പാണ്.

'' നീ എപ്പോഴാ അമ്മയുടെ അടുത്തേക്ക് പോവുന്നത് ''.

'' കോളേജ് അടച്ചാല്‍ ചിലപ്പോള്‍ പോവും. ചിലപ്പോള്‍ പോവില്ല ''.

'' അതെന്താ അങ്ങിനെ ''.

'' കയ്യിലുള്ള കാശ് വെറുതെയെന്തിനാ ബസ്സുകാര്‍ക്കും വണ്ടിക്കാര്‍ക്കും കൊടുക്കുന്നത് എന്ന് അമ്മമ്മ ചോദിക്കും. പിന്നെ എന്താ ചെയ്യാ ''.

'' അപ്പോള്‍ അമ്മയെ കാണണം എന്ന് തോന്നില്ലേ ''.

'' മോഹിച്ചതൊക്കേ നടക്ക്വോ ദീപുമാമേ. ചെറിയ അനിയത്തിയെ കാണണം എന്ന് ഇടയ്ക്ക് തോന്നും. സുഖമില്ലാത്ത കുട്ടിയല്ലേ.  അമ്മമ്മ ആ കാശുംകൂടി സൂക്ഷിച്ചു വെച്ചാല്‍ പിന്നേക്ക് അവര്‍ക്ക് ഉപകാരം ആവ്വോലോ എന്ന് കുറെ കഴിയുമ്പോള്‍  ആലോചിക്കും ''.

'' അച്ഛന് ശമ്പളം കിട്ടുന്നില്ലേ. പിന്നെ എന്താ ഇത്ര കഷ്ടപ്പാട് ''.

'' അറിയാഞ്ഞിട്ടാണ്. അച്ഛന് എന്തന്നെ ശമ്പളം ഉണ്ട്. അതുകൊണ്ട് ഒരു കുടുംബം കഴിയണ്ടേ. അതും പോരാത്തതിന്ന് ചെറിയ പെങ്ങളുടെ ചികിത്സയ്ക്ക് മാസാമാസം കുറെ കാശ് ചിലവ് വരും. മുത്തി ഉണ്ടായിരുന്നപ്പോള്‍ ഇതിലും കഷ്ടമായിരുന്നു ''.

'' ആരുടെ കാര്യമാണ് നീ പറയുന്നത് ''.

'' അച്ഛന്‍റെ അമ്മടെ. അച്ഛന് ശമ്പളം കിട്ടാന്‍ കാത്തിരിക്കും. ആ ചിലവുണ്ട്, ഈ ചിലവുണ്ട്, ഇത്ര പണം കൊണ്ടാ എന്നും പറഞ്ഞ് ചോദിക്കും. കൊടുക്കാഞ്ഞാല്‍ അതു മതി. ആ ബാധ ഒഴിയട്ടെ എന്നും പറഞ്ഞ് അച്ഛനോട് ചോദിച്ച പണം കൊടുക്കാന്‍ അമ്മ പറയും. എന്നിട്ടും എപ്പോഴും കുറ്റം അമ്മയ്ക്കാണ് ''.

'' എന്തിനാ അവര് രാജിചേച്ചിയെ കുറ്റം പറയുന്നത് ''.

'' വലിയ തറവാട്ടുകാരാണ്, അമ്മയ്ക്ക് ഒറ്റ മകളാണ്. ധാരാളം സ്വത്തുണ്ട് എന്നൊക്കെ ബ്രോക്കര്‍ വന്ന് പറഞ്ഞതോണ്ടാണ് എരുമയെപോലത്തെ പെണ്ണിനെ എന്‍റെ മകനെക്കൊണ്ട് കെട്ടിച്ചത്. ഇപ്പൊ കാല്‍കാശ് കുടുംബത്തില്‍ നിന്ന് കിട്ടുണൂല്യാ ചിലവിന് ആളാവും ചെയ്തൂ എന്നൊക്കെ എപ്പോഴും പറയും ''.

'' മുത്തി എപ്പഴാ മരിച്ചത് ''.

'' കഴിഞ്ഞ മഴക്കാലത്ത്. അതോടെ സ്വൈരക്കേട് കുറെ തീര്‍ന്നു ''.

'' അവര് കുറ്റം പറയുമ്പോള്‍ നിന്‍റെ അമ്മ ഒന്നും പറയില്യേ ''.

'' ഒരക്ഷരം പറയില്ല. പിന്നീട് എപ്പോഴെങ്കിലും അമ്മയോട് അതിനെക്കുറിച്ച് ചോദിച്ചാല്‍ അയമ്മ എന്തോ പറഞ്ഞോട്ടേ. എന്‍റെ മുജ്ജന്മ പാപം അത്ര കണ്ട് കുറഞ്ഞു കിട്ട്വോലോ എന്നു പറഞ്ഞൊഴിയും ''.

കേട്ടേടത്തോളം കൊണ്ടു തന്നെ മതിയായി. രാജിചേച്ചി ഒരുപാട് ദുരിതങ്ങള്‍ അനുഭവിച്ചു കഴിഞ്ഞു. ഇപ്പോഴും അതില്‍ നിന്ന് മോചനം ലഭിച്ചിട്ടില്ല. കുട്ടിക്കാലത്ത് വളരെയധികം സ്നേഹം ചൊരിഞ്ഞു തന്നതാണ് അവര്‍. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അവരെ ചിന്തിക്കുകപോലും ഉണ്ടായിട്ടില്ല. സ്വന്തം ജീവിത സുഖങ്ങളില്‍ മുഴുകി കൂടി. ഉല്ലാസത്തിന്നും ആര്‍ഭാടത്തിന്നുമായി താന്‍ ചിലവഴിക്കുന്നതിന്‍റെ ചെറിയൊരു ഭാഗം മതി അവരുടെ കുടുംബത്തിന്ന് അല്ലലില്ലാതെ കഴിഞ്ഞു കൂടാന്‍. അവര്‍ക്ക്ഒരു കൈ സഹായം നല്‍കാന്‍ തോന്നാഞ്ഞതില്‍ കുറ്റബോധം തോന്നി.

'' ഇത്രയധികം വിഷമിക്കുമ്പോള്‍ എന്തേ എന്നെ ഒന്നും അറിയിക്കാഞ്ഞത് ''.

'' അമ്മ സമ്മതിക്കില്ല. ഒരിക്കല്‍ ഞാന്‍ ദീപുമാമയ്ക്ക് ഒരു എഴുത്തയച്ചോട്ടേ എന്ന് ചോദിച്ചതാണ്. അന്യ നാട്ടില്‍ അവന്‍ എന്തൊക്കെ കഷ്ടം സഹിക്കുന്നുണ്ട് എന്നറിയില്ല. നമ്മുടെ ബുദ്ധിമുട്ട് അറിയിച്ച് അവനെ സങ്കടപ്പെടുത്തണ്ടാ എന്നു പറഞ്ഞ് മുടക്കി ''.

ആ മനസ്സിന്‍റെ വലുപ്പത്തിന്നു മുമ്പില്‍ വല്ലാതെ ചെറുതായതുപോലെ തോന്നി. കാഴ്ചയ്ക്ക് മങ്ങല്‍ തോന്നുന്നുണ്ട് . പോക്കറ്റില്‍ നിന്ന് കര്‍ച്ചീഫെടുത്ത് മുഖം തുടച്ചു. ഹൈവേയിലൂടെ ചീറിപ്പായുന്ന വാഹനങ്ങള്‍ കണ്ടു തുടങ്ങി.

Monday, July 1, 2013

അദ്ധ്യായം - 3.


ശരവേഗത്തില്‍ ഗെയിറ്റു കടന്നു വന്ന സൈക്കിള്‍ അടുക്കളയുടെ മുമ്പിലെത്തി. സൈക്കിളില്‍ നിന്ന് ഇറങ്ങാതെ ഇറയത്തേക്ക് കയറാനുള്ള തിട്ടിലേക്ക് പയ്യന്‍ അതിനെ കയറ്റാന്‍ നോക്കുകയാണ്. ഇവന്‍  ആളൊരു ജഗജാല കില്ലാടിയാണല്ലോ എന്ന് മനസ്സിലോര്‍ത്തു.

'' വിറകുപുരയില്‍ എന്താ നില്‍ക്കുന്നത് എന്ന് കണ്ട്വോടാ '' വലിയമ്മ അവനോട് ചോദിക്കുന്നത് കേട്ടു.

'' ഞാന്‍ എങ്ങിട്ടും നോക്കിയില്ല '' എന്നും പറഞ്ഞ് പയ്യന്‍ മുറ്റത്തേക്കിറങ്ങി.

'' അമ്മമ്മേ ഇതേതാ കാറ് '' ചോദ്യത്തോടൊപ്പം അവന്‍ വിറകുപുരയിലേക്ക് ഓടി. ചാഞ്ഞും ചെരിഞ്ഞും ടയറില്‍ കൊട്ടിനോക്കിയും അവന്‍ കാറ് പരിശോധിക്കുന്നത്  തമാശയുണര്‍ത്തി.

'' ആരാ, അമ്മമ്മേ. ഇത് ഇവിടെ നിര്‍ത്തിയിരിക്കുന്നത് '' ഉണ്ണിക്കുട്ടന്‍റെ ഉറക്കെയുള്ള ചോദ്യം.

'' നിന്‍റെ ദീപുമാമ വന്നിട്ടുണ്ട്. മാമന്‍ കൊണ്ടു വന്നതാ ''.

'' എന്നിട്ട് മാമന്‍ പൊയോ ''.

'' കുതിരടെ കണ്ണ് കെട്ടിയതുപോലെ എങ്ങോട്ടും നോക്കാതെ നടന്നാല്‍ എങ്ങിന്യാ കാണുന്നത്. നിന്‍റെ മാമനല്ലേ ചാരുപടീല്‍ കിടക്കുണത് ''. വിറകുപുരയിലേക്ക് ഓടിയതിന്‍റെ ഇരട്ടി വേഗത്തില്‍ മരുമകന്‍ അരികിലേക്ക് ഓടിയെത്തി.

'' ദീപുമാമ എപ്പോഴാ എത്തിയത് '' അവന്‍ ചോദിച്ചു.

'' ഉച്ച തിരിഞ്ഞു '' വലിയമ്മ പറഞ്ഞു '' മൂന്നു മണി ആവാറായിട്ടുണ്ടാവും ''.

'' നീ ബസ്സിലാണ് വരിക എന്ന് വലിയമ്മ പറഞ്ഞിട്ട് സൈക്കിളിലാണല്ലോ വന്നത് '' ദിലീപ് മേനോന്‍ ലോഹ്യം ചോദിച്ചു.

'' ആ കാര്യോന്നും പറയണ്ടാ '' വലിയമ്മയാണ് മറുപടി പറഞ്ഞത് '' എപ്പൊ നോക്കിയാലും അതിന്‍റെ മുകളില്‍ത്തന്നെ. മൂത്രം ഒഴിക്കാന്‍ പോണെങ്കില്‍ കൂടി ഇവന് ഈ സൈക്കിള്‍ വേണം. ബസ്സില് വന്ന് മുക്കിലിറങ്ങി ഇങ്ങിട്ട് നടന്ന് പോര്വേ വേണ്ടു. അതിന് വയ്യ. ഇവിടുന്ന് സൈക്കിളില്‍ പോയി റേഷന്‍ കടടെ മുമ്പില്‍ അത് നിര്‍ത്തീട്ട്  ബസ്സില്‍ കേറി പോവും. വരുമ്പൊ അവിടെയിറങ്ങി സൈക്കിളെടുത്ത് ഇങ്ങിട്ടു പോരും ചെയ്യും. ഇങ്ങനീണ്ടോ ഒരു സൈക്കിള്‍ പ്രാന്ത് ''.

'' അമ്മമ്മയ്ക്ക് അറിയാഞ്ഞിട്ടാണ്. എന്‍റെ ക്ലാസ്സിലെ മിക്ക പിള്ളര്‍ക്കും ബൈക്കുണ്ട്. പെണ്‍കുട്ടികളും കൂടി സ്കൂട്ടറിലാ വര്വാ ''.

'' അവരുടെ വീട്ടില്‍ കെട്ടിയിരുപ്പ് ഉണ്ടാവും. നിന്‍റെ കാര്യം അതാണോ. അമ്മയ്ക്ക് ജോലിയില്ല. അച്ഛന് കൈക്കൂലി കിട്ടുന്ന പണിയൊന്നും അല്ലാ ഉള്ളത്. പോരാത്തതിന് നിന്‍റെ താഴെ പെണ്‍കുട്ട്യേള് രണ്ടെണ്ണാ. അത് ഓര്‍മ്മ വേണം  ''.

'' എനിക്ക് ഭാഗ്യൂല്യാ അതന്നെ '' മരുമകന്‍റെ വാക്കുകളില്‍ നിരാശ കലര്‍ന്നിരുന്നു.

'' നിനക്കല്ല, നിന്‍റെ തള്ളയ്ക്കാണ് ഭാഗ്യൂല്ലാതെ പോയത്. അതിന്‍റെ തലേലെഴുത്ത് നന്നായില്ല. നിങ്ങള് മക്കള്‍ക്കും ആ ദോഷത്തിന്‍റെ ഓഹരി കിട്ടി ''.

പാവം രാജിചേച്ചി. മുട്ടിലിഴയുന്ന പ്രായത്തില്‍ അവരുടെ അച്ഛന്‍ മരിച്ചു. കൃഷിക്കാരനായ വലിയച്ഛന്‍  പാടത്തുവെച്ച് പാമ്പിന്‍റെ കടിയേറ്റ് മരിച്ചതാണ്. അതിനുശേഷം വലിയമ്മ വേറെ വിവാഹം ചെയ്തില്ല. വെള്ള വസ്ത്രത്തിലേക്ക് മാറിയ അവര്‍ തൊട്ടതിനും പിടിച്ചതിനും മകളെ ശകാരിക്കും.

'' ഗംഭീരത്തില്‍ രാജേശ്വരി എന്ന് അച്ഛന്‍ ചോറൂണിന്ന് മകള്‍ക്ക് പേരിട്ടു. എന്നിട്ട് എന്തുണ്ടായി. വയസ്സ് തികയുന്ന പിറന്നാളിന്ന് മുമ്പേ ആ മനുഷ്യന്‍ പടി കടന്നു. അത്രയ്ക്ക് വര്‍ക്കത്തുണ്ട് ഇതിന് '' കുഞ്ഞു നാളിലേ വലിയമ്മ രാജിചേച്ചിയെ കുറ്റപ്പെടുത്തുന്നത് കേട്ടിട്ടുള്ള ഓര്‍മ്മ വന്നു. ചേച്ചി മുതിര്‍ന്നതോടെ കുറ്റപ്പെടുത്താനുള്ള കാരണങ്ങള്‍ പെരുകി.

'' പഠിക്കാനോ ബുദ്ധിയില്ല. ചന്തം കണ്ടിട്ട് ആരെങ്കിലും കെട്ടിക്കൊണ്ട് പോവും എന്ന് വിചാരിച്ചാല്‍ അതും നടക്കില്ല. കണ്ടില്ലേ കരിവീട്ടിടെ നെറൂം പലകപ്പല്ലും. ഉയരൂണ്ടോന്ന് ചോദിച്ചാല്‍ അതും ഇല്യാ, ചക്കുക്കുറ്റിപോലത്തെ തടീം. ഞങ്ങള് രണ്ടാളുടെ ഛായയൊന്ന്വോല്ല ഇതിനുള്ളത്. അച്ഛന്‍റെ അമ്മടെ മട്ടാണ്  ''.

കുഞ്ഞുണ്ണിമാമയാണ് എയിഡഡ് സ്കൂളില്‍ പ്യൂണായ ഭാസ്ക്കരേട്ടനുമായുള്ള കല്യാണം നിശ്ചയിച്ചത്. ഒട്ടും സാമ്പത്തികശേഷിയില്ലാത്ത കുടുംബത്തിലേക്ക് മകളെ അയയ്ക്കിലെന്ന് വലിയമ്മ കുറെ ശാഠ്യം പിടിച്ചു നോക്കി.

'' ഇതിന്‍റെ കോലം കണ്ടാല്‍ രാജകുമാരന്‍ വരും കെട്ടിക്കൊണ്ടു പോവാന്‍. എത്ര കഷ്ടപ്പെട്ടിട്ടാണ് ഞാന്‍ ഇത് ശരിയാക്കിയത് എന്ന് നിനക്കറിയില്ല. വേണ്ടാന്ന് വെക്ക്യാണെങ്കില്‍ നീ വെച്ചോ. പിന്നെ നിങ്ങളുടെ  ഒരു കാര്യത്തിനും ഞാന്‍ ഉണ്ടാവില്ല '' മാമന്‍റെ ഭീഷണിക്കു മുന്നില്‍ വലിയമ്മ  അടിയറവ് പറഞ്ഞു.

ഉണ്ണിക്കുട്ടന്‍ വിഷണ്ണനായി അങ്ങിനെ തന്നെ നില്‍ക്കുകയാണ്. അവനെ അടുത്തേക്ക് വിളിച്ചു.

'' നീ ഇപ്പോള്‍ എന്തിനാ പഠിക്കുന്നത് '' ദിലീപ് മേനോന്‍ അവനോട് ചോദിച്ചു.

'' ബീക്കോമിന് ''.

'' അതെന്താ സയിന്‍സ് ഗ്രൂപ്പ് എടുത്ത് എന്‍ട്രന്‍സിന്ന് നോക്കാഞ്ഞത് ''.

'' എന്‍റെ മോഹത്തിന്ന് അത് പറ്റില്ല. എനിക്ക് ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്‍റാവാനാണ് താല്‍പ്പര്യം ''. പയ്യന് വ്യക്തമായ ലക്ഷ്യമുണ്ട്.

'' നന്നായി പഠിച്ചോ. ഒക്കെ ശരിയാവും '' അവനെ ആശ്വസിപ്പിച്ചു.

'' പുസ്തകം എടുത്തു വെച്ച് വേഷം മാറി പാലുംവെള്ളം കുടിച്ച് വേഗം വാ. എന്നിട്ടു വേണം കാറില്‍ നിന്ന് ദീപുമാമന്‍റെ ബാഗുകളും പെട്ടികളും അകത്തേക്ക് എടുത്ത് വെക്കാന്‍ '' വലിയമ്മ പറഞ്ഞതോടെ അവന്‍ സൈക്കിളില്‍ നിന്ന് ബാഗുമെടുത്ത് അകത്തേക്ക് ഓടി.

'' കഷ്ടാണ് അവരുടെ കാര്യം. ഒരു മുറീം അടുക്കളേം മുമ്പില് ചെറിയൊരു വരാന്തീം ഉള്ള വീടാണ്. അതിന് ആയിരത്തി അഞ്ഞൂറ് ഉറുപ്പിക വാടക കൊടുക്കണം. അതിനും പുറമെ അവന്‍റെ ബസ്സുകൂലി, കുട്ടികളുടെ പഠിത്തത്തിന്‍റെ ചിലവ്. എണ്ണിച്ചുട്ട അപ്പംപോലത്തെ ശമ്പളം കൊണ്ട് അന്യ നാട്ടില്‍ ഒരു കുടുംബായിട്ട് കഴിയുന്നത് ബുദ്ധിമുട്ടന്യാണ്. ഞെങ്ങി ഞെരുങ്ങിയിട്ടാണ് അവര് കഴിയുണത് എന്നു കണ്ടപ്പൊ ഞാന്‍ ഇവനെ എന്‍റെ കൂടെ ഇങ്ങിട്ട് കൊണ്ടുവന്നു. എനിക്ക് ഒരു തുണയും ആയി. അവന്‍റെ പഠിത്തം നടക്കും ചെയ്യും '' വലിയമ്മ തുടര്‍ന്നു '' ഞാന്‍ പോയി അവന് ആഹാരം കൊടുക്കട്ടെ ''.

രാജിചേച്ചിയുടെ ദുരിതങ്ങള്‍ മനസ്സില്‍ ദുഃഖം വാരി വിതറി. ആറേഴു വയസ്സിന്ന് മൂത്തതാണെങ്കിലും  കുട്ടിക്കാലത്തെ ഏക കളിക്കൂട്ടുകാരിയായിരുന്നു അവര്‍. സ്കൂളിലേക്ക് പോവുമ്പോഴും വരുമ്പോഴും പുസ്തക സഞ്ചി ഏറ്റാനും സ്ലേറ്റ്  മായ്ക്കാനുള്ള വെള്ളത്തണ്ട് പറിച്ചു തരാനും രാജിചേച്ചി വേണം. മദ്ധ്യവേനല്‍ അവധിക്ക് സ്കൂളടച്ചാല്‍ അമ്മ അച്ഛന്‍റെ ജോലിസ്ഥലത്തേക്ക് യാതയാവും. അനിയത്തി ഒപ്പം ചെല്ലും. '' അവള് കൊച്ചുകുട്ടിയല്ലേ അതോണ്ടാണ് കൊണ്ടു പോണത് '' എന്ന് അമ്മ അവളുടെ ഭാഗം പറയും. പിന്നീടുള്ള ദിവസങ്ങളില്‍ കൂട്ടായി രാജിചേച്ചിയാണ്.

അകലെ അമ്പലപ്പറമ്പില്‍ പിള്ളേര്‍ ക്രിക്കറ്റോ, ഫുട്ബോളോ കളിക്കുന്നുണ്ടാവും. അവിടെയൊന്നും ചെല്ലാന്‍ വലിയമ്മ സമ്മതിക്കില്ല. കുറെനേരം കളി നോക്കി പടിക്കല്‍ നില്‍ക്കും. മടുപ്പ് തോന്നിയാല്‍ ചേച്ചിയെ തേടിപോവും. കുളത്തില്‍ നിന്ന് ആമ്പല്‍പൂവ് പറിക്കാനും ഉന്നം തെറ്റാതെ മാങ്ങ എറിഞ്ഞു വീഴ്ത്താനും ചേച്ചിക്ക് നല്ല കഴിവാണ്. ചിനച്ച മാങ്ങ നോക്കി ചേച്ചി എറിഞ്ഞു വീഴ്ത്തും.

'' ഒരു സ്പൂണ്‍ പച്ച വെളിച്ചെണ്ണ വാങ്ങീട്ട് വാടാ ദീപൂ, മുളകുപൊടീം ഉപ്പും  ഞാനെടുത്തിട്ടുണ്ട് '' അവര്‍ പറയും. ഉപ്പും മുളകുപൊടിയും വെളിച്ചെണ്ണയില്‍ ചാലിച്ചതില്‍ ചിനച്ച മാങ്ങ ഒപ്പി തിന്നാന്‍ നല്ല രുചിയാണ്.

വാരിയത്തോരുടെ പറമ്പിലെ വേലി പൊളിച്ച് അകത്തു കടന്ന് ചേച്ചി പറങ്കിമാങ്ങയും അണ്ടിയും പറിച്ചു വരും. പാവാടയില്‍ പറങ്കിമാങ്ങക്കറ ആക്കിയതിന്ന് ചേച്ചിക്ക് വലിയമ്മയില്‍ നിന്ന് ചുട്ടഅടി കിട്ടാറുണ്ട്. എങ്കിലും ചേച്ചി പിന്നേയും അതു തന്നെ ചെയ്യും. പറങ്കി മാങ്ങ രണ്ടാളും കൂടി തിന്നും. പൊട്ടിയ മണ്‍ ചട്ടിയില്‍ അണ്ടികളിട്ട് അടിയില്‍ ചപ്പിട്ട് കത്തിക്കും. ചുട്ടെടുത്ത അണ്ടി കരിങ്കല്ലില്‍ വെച്ച് വേറൊരു കല്ലുകൊണ്ട് കുത്തി പരിപ്പെടുക്കും.

'' ദീപൂ, പരിപ്പ് നീ തിന്നോ. നീയല്ലേ കൊതിയന്‍ '' അണ്ടിപ്പരിപ്പ് മുഴുവന്‍ ചേച്ചി തനിക്ക് നീട്ടും. ഏറെ നിര്‍ബന്ധിച്ചാലേ ഒന്നോ മറ്റോ എടുക്കൂ.

എത്ര ചീത്ത കേട്ടാലും തല്ലു കൊണ്ടാലും ചേച്ചിക്ക് സങ്കടമോ പരിഭവമോ ഉണ്ടായിരുന്നില്ല. '' ഇങ്ങിനെ തല്ലു കൊണ്ടാല്‍ വേദനിക്കില്ലേ ചേച്ചീ '' ഒരുപാട് തല്ല് കിട്ടാറുള്ള ദിവസം ചോദിക്കും.

'' അതിനൊക്കെ ഒരു സൂത്രം ഉണ്ട്. തല്ലു കിട്ടുമ്പോള്‍ പഴുത്ത് വീഴുന്ന പുളി തിന്നുണൂന്ന് വിചാരിച്ച് കണ്ണടച്ച് നിന്നാല്‍ മതി. വേദനിക്കില്ല ''. പിന്നീട് വികൃതി കാണിച്ചതിന്ന് അമ്മ തല്ലുമ്പോഴെല്ലാം ഈ സൂത്രം പരീക്ഷിച്ചിട്ടുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല.

എന്നിട്ടും ഒരു ദിവസം കൊണ്ട അടി ചേച്ചിയെ ഒരുപാട് വേദനിപ്പിച്ചു. ഇന്നും മനസിനകത്ത് ആ സംഭവം തെളിമയോടെ നില്‍ക്കുന്നുണ്ട്.

തൊഴുത്തിന്ന് പുറകിലുള്ള കിളിക്കൊക്ക് മാവിന്‍റെ പൊക്കം കൂടിയ ഒരു കൊമ്പില്‍ പഴുത്ത ഒരു വലിയ മാമ്പഴം കണ്ടു. എറിഞ്ഞു വീഴ്ത്തി തരുമെന്ന പ്രതീക്ഷയോടെയാണ് രാജിചേച്ചിയെ വിളിച്ച് ആ മാമ്പഴം കാണിച്ചു കൊടുത്തത് .

'' എടാ ദീപൂ അത് അണ്ണാന്‍ കടിച്ചതാ. നീ തിന്നണ്ടാ. അണ്ണാന്‍ കടിച്ച മാങ്ങ തിന്നാല്‍ മീശ മുളയ്ക്കില്ല ''.

'' എനിക്ക് കടിക്കാത്ത ഭാഗത്തു നിന്ന് ഒരു ആമാംപൂള് മതി. ബാക്കി ചേച്ചി തിന്നോളൂ ''.

'' ശരി. വീഴട്ടെ. അപ്പൊ ആലോചിക്കാം ''.

'' അത് പറ്റില്ല. ഇപ്പൊ എറിഞ്ഞു വീഴ്ത്തണം ''. ചേച്ചി വിവിധ ഭാഗങ്ങളില്‍ നിന്ന് മാങ്ങയെ നോക്കി.

'' ദീപൂ, എങ്ങിനെ അതിനെ എറിഞ്ഞാലും കല്ല് തൊഴുത്തില്‍ വന്ന് വീണ് ഓടുപൊട്ടും. വെറുതെ ചീത്ത കേക്കാന്‍ നിക്കണ്ടാ ''.

'' എന്നാല്‍ ഞാന്‍ കേറി പറിക്കും ''.

'' വേണ്ടാത്തതിന്ന് പുറപ്പെടേണ്ടാട്ടോ. വീണാല്‍ തല്ലുകൊണ്ട് പുറം പൊളിയും '' ചേച്ചിയുടെ വാക്ക് കേള്‍ക്കാതെ പൊത്തി പിടിച്ച് എങ്ങിനേയോ മരത്തില്‍ കയറി. മാങ്ങ പൊട്ടിച്ചപ്പോഴാണ് പുളിനീറിന്‍റെ കടി. ഓര്‍ക്കാപ്പുറത്തുള്ള ആക്രമണത്തില്‍ പിടി വിട്ടു താഴെ വീണത് ചാണകക്കുഴിയില്‍. അതുകൊണ്ട് വലിയ പരിക്കൊന്നും പറ്റിയില്ല. ശബ്ദം കേട്ടു വന്ന വലിയമ്മ കയ്യില്‍ കിട്ടിയ വടിയെടുത്തു.

'' ആ കുട്ടിയെ മരത്തില്‍ കയറ്റിയിട്ട് അതു വീണ് വല്ലതും പറ്റിയാല്‍ ആര് സമാധാനം പറയും '' എന്നു ചോദിച്ച് അവര്‍ രാജിചേച്ചിയെ മതി വരുവോളം തല്ലി.

'' ചേച്ചി കയറണ്ടാ എന്നു പറഞ്ഞിട്ടും ഞാന്‍ കയറിയതാണ് വലിയമ്മേ '' എന്നു താന്‍ പറഞ്ഞതൊന്നും അവര്‍ ചെവി കൊണ്ടില്ല. പതിവുപോലെ ചേച്ചി ഒരുതുള്ളി കണ്ണുനീര്‍ ചൊരിഞ്ഞില്ല. പക്ഷെ കുറെ നേരം കഴിഞ്ഞപ്പോള്‍ അവര്‍ വിളിച്ചു.

'' ദീപൂ, നിനക്കറിയാലോ ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലാന്ന്. എന്നിട്ടും എന്നെ തല്ലി. ആയിക്കോട്ടേ. ഞാന്‍ കരുതി വെച്ചിട്ടുണ്ട് ''.

'' എന്താ ചേച്ചി ''.

'' ആരുടേം കണ്ണില്‍പ്പെടാതെ ഞാന്‍ ഇവിടുന്ന് തോട്ടിന്‍റെ വരമ്പില്‍ കൂടി ഒറ്റപോക്ക് പോകും. എന്നിട്ട് റെയില്‍ പാതേല് ചെന്നിട്ട് തീവണ്ടി വരുമ്പോ അതിന്‍റെ മുമ്പിലിക്ക് ഒറ്റ ചാട്ടം ''.

'' വേണ്ടാ ചേച്ചി. ചേച്ചി ചത്തു പോയാല്‍ ദീപൂന് ആരാ ഉള്ളത് '' കരച്ചിലിന്‍റെ അകമ്പടിയോടെയാണ് അത്രയും ചോദിച്ചത് ''.

'' നിനക്ക് അച്ഛനുണ്ട്, അമ്മീണ്ട്, അനിയത്തീണ്ട്. വേണ്ടപ്പെട്ട എല്ലാ ആളുകളും ഉണ്ട്. പോരാത്തതിന്ന് പഠിക്കാന്‍ ബുദ്ധീണ്ട്, കാണാന്‍ ചന്തൂം ഉണ്ട്. എനിക്ക് ആകെക്കൂടി അമ്മ മാത്രേ ഉള്ളു. അതിന് എന്നെ കണ്ണെടുത്താല്‍ കണ്ടൂടാ. പിന്നെ എന്തിനാ ഞാന്‍  ജീവിക്കിണ് ''.

'' ആരുണ്ടെങ്കിലും എനിക്ക് ചേച്ച്യേ വേണം ''.

'' നിനക്കെന്നെ അത്രയ്ക്ക് ഇഷ്ടാണോ ''.

'' ഉറപ്പായിട്ടും ഇഷ്ടാണ്. ചേച്ചി ചത്തു പോയാല്‍ ഞാനും ചാവും ''.

'' എനിക്ക് നീ മാത്രേ ഉള്ളൂ '' നാലം ക്ലാസുകാരനെ കെട്ടിപ്പിടിച്ച് രാജിചേച്ചി ആദ്യമായി കരഞ്ഞു. ആ ശരീരത്തില്‍ കെട്ടിപ്പിടിച്ച് കുറെ നേരം ഇരുന്നു. അവിടെ നിന്ന് എഴുന്നേറ്റു ചെന്നത് വലിയമ്മയുടെ അടുത്തേക്കാണ്.

'' വലിയമ്മേ ഞാന്‍ ഒരു കാര്യം പറയട്ടെ ''.

'' പറയ് ''.

'' ഇനി രാജിചേച്ച്യേ തല്ലരുത്. തല്ലിയാല്‍ ഞാന്‍ എവിടേക്കെങ്കിലും പോവും ''. വിശ്വസിക്കാനാവാത്ത മട്ടില്‍ വലിയമ്മ നോക്കി നിന്നു.

'' നിനക്കവളെ അത്രയ്ക്ക് ഇഷ്ടാണോ ''. അതെയെന്ന് തലയാട്ടി.

'' എനിക്ക് സമാധാനായി. ഞാന്‍ മരിച്ചാലും അവളെ സ്നേഹിക്കാന്‍ ഒരാളുണ്ടല്ലോ '' വലിയമ്മ കെട്ടി പിടിച്ച് ശിരസ്സില്‍ തലോടി.

അത്രയധികം സ്നേഹിച്ച ചേച്ചിയെക്കുറിച്ച് കഴിഞ്ഞ ആറേഴു കൊല്ലം ചിന്തിച്ചില്ലല്ലോ എന്നോര്‍ത്തപ്പോള്‍ കുറ്റബോധം തോന്നി. ഇനി അവര്‍ കഷ്ടപ്പെട്ടു കൂടാ. വാരിക്കോരി സഹായിക്കണം. അനിതയ്ക്ക് അതില്‍ സന്തോഷമേ തോന്നൂ. സ്വന്തമെന്ന് പറയാന്‍ അവള്‍ക്ക് ഒരു ആങ്ങള മാത്രമല്ലേ ഉള്ളൂ.

'' എന്താ വല്ലാത്ത ഒരു ആലോചന '' ചെറിയമ്മയുടെ ശബ്ദമാണ്. മേല്‍ക്കഴുകി വസ്ത്രം മാറി അവര്‍ എത്തിയിരിക്കുന്നു. ചാരുപടിയില്‍ നിന്ന് എഴുന്നേറ്റു.