Wednesday, July 17, 2013

അദ്ധ്യായം - 5.


ഏറെ നേരം വര്‍ത്തമാനം പറഞ്ഞിരുന്നതു കാരണം അര്‍ദ്ധരാത്രി കഴിഞ്ഞാണ് ഉറങ്ങിയത്. അതിനാല്‍ ഉണരാന്‍ വൈകി. ഉണ്ണിക്കുട്ടന്‍ കോളേജിലേക്ക് പോയി കഴിഞ്ഞിരുന്നു. കുളിയും പ്രഭാത ഭക്ഷണവും കഴിഞ്ഞശേഷം പേപ്പറുമായി  ചാരുപടിയില്‍ കിടന്നു.

'' അപ്പൊ നീ കുഞ്ഞുണ്ണിമാമയെ കാണാന്‍ പോണില്ലേ '' സ്കൂളിലേക്ക് പോവാന്‍ ഒരുങ്ങിയ ചെറിയമ്മ ചോദിച്ചു.

'' കുറച്ചു കഴിഞ്ഞിട്ട് പോവാം ''.

'' അതു വേണ്ടാ. ഉച്ചയാവുമ്പോഴേക്കും ജാഫര്‍ വരും എന്നല്ലേ പറഞ്ഞത്. കുഞ്ഞുണ്ണിമാമയാണെങ്കില്‍ വര്‍ത്തമാനം പറയാന്‍ തുടങ്ങിയാല്‍ നിര്‍ത്തില്ല ''. ഷര്‍ട്ടും മുണ്ടും മാറി ഇറങ്ങുമ്പോഴും ചെറിയമ്മ പോയിട്ടില്ല.

'' നീ എന്‍റെ കൂടെ വന്നോ. ഒരു എളുപ്പ വഴീള്ളത് ഞാന്‍ കാട്ടിത്തരാം ''.

'' അപ്പോള്‍ കാറെടുക്കണ്ടേ ''.

'' ഒന്നും വേണ്ടാ. പത്തടി നടന്നു നോക്ക്. ദേഹത്തിന് ഒരു സുഖം കിട്ടും ''. വെയില് മൂത്തു കഴിഞ്ഞു. സൂര്യ കിരണങ്ങള്‍ക്ക് തീജ്വാലയുടെ ചൂടുണ്ട്. നെറ്റിയുടെ രണ്ടു ഭാഗത്തു കൂടിയും വിയപ്പ് ഒഴുകാന്‍ തുടങ്ങി. സണ്‍ ഗ്ലാസ്സ് എടുക്കാഞ്ഞത് അബദ്ധമായി. വലത്ത് കൈപ്പത്തി കണ്ണിന് മുന്നില്‍ പിടിച്ചു.

'' നോക്ക് ആ വലിയ റബ്ബര്‍ത്തോട്ടം കാണുണില്ലേ. ഈ വരമ്പത്തു കൂടി അങ്ങിട്ട് ചെല്ല്. തോട്ടത്തിന്‍റെ സൈഡില്‍കൂടി ഒരു വഴി കാണും. അതിലെ വലത്തോട്ട് നടന്നാല്‍ റോഡിലെത്തും. പിന്നെ പത്തടിയേ ഉള്ളു കുഞ്ഞുണ്ണിമാമയുടെ വീട്ടിലേക്ക് ''.

'' തോട്ടം ആരുടെയാണ് ''.

'' കുഞ്ഞുണ്ണിമാമടെ. തൈ വെച്ചിട്ട് ആറേഴു കൊല്ലം ആയതേയുള്ളു. ഈ കൊല്ലം വെട്ടാന്‍ തുടങ്ങീന്ന് കേട്ടു '' ചെറിയമ്മ വഴി കാണിച്ചു തന്ന് നേരെ പോയി.

കൂറ്റന്‍ മതില്‍ക്കെട്ടിന്ന് പിന്നില്‍ മനോഹരമായി പെയിന്‍റ് ചെയ്ത ഇരുനില കെട്ടിടം പ്രൌഡിയോടെ നിലകൊള്ളുന്നു. ഗെയിറ്റിന്നരികിലായി സ്ഥാപിച്ച നെയിംബോര്‍ഡില്‍ എം. സുന്ദരേശ്വര മേനോന്‍, റിട്ട.ഡെപ്യൂട്ടി കലക്ടര്‍ എന്ന് എഴുതി വെച്ചിട്ടുണ്ട്. ഗെയിറ്റ് തുറന്നതും നായ ഉറക്കെ കുരക്കാന്‍ തുടങ്ങി. വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടത് കുഞ്ഞുണ്ണിമാമ.

'' ആരാ അത് '' ഉറക്കെയുള്ള ചോദ്യം.

'' ഞാനാ ദിലീപ് ''. കുഞ്ഞുണ്ണിമാമയ്ക്ക് മനസ്സിലായി എന്നു തോന്നുന്നു.

'' പേടിക്കേണ്ടാ. ധൈര്യമായി വന്നോ. നായിനെ കെട്ടിയിട്ടിട്ടുണ്ട് ''. വഴിയുടെ ഇരുവശങ്ങളിലുമുള്ള തെങ്ങുകള്‍ പണിക്കാരന്‍ ഹോസ് ഉപയോഗിച്ച് നനയ്ക്കുന്നു. ചെടിച്ചട്ടികളില്‍ വെച്ച വിവിധയിനം  പൂച്ചെടികള്‍ പുഷ്പിച്ച് നില്‍പ്പുണ്ട്.

'' എപ്പഴാടോ താന്‍ വന്നത് ''.

'' ഇന്നലെ. എത്തുമ്പോള്‍ വൈകുന്നേരമായി ''.

'' ഈയിടെയായി കാഴ്ച പോരാ. കാറ്ററാക്ടാണ് എന്നാ നോക്കിച്ചപ്പോള്‍ പറഞ്ഞത്. ഓപ്പറേഷന്‍ വേണം. വിഷു കഴിഞ്ഞിട്ടു മതി എന്നു വെച്ചിരിക്ക്യാണ്. നിന്ന നില്‍പ്പ് നില്‍ക്കാതെ നീ അകത്തേക്ക് കേറി വാ ''.

അദ്ദേഹത്തിന്‍റെ പുറകിലായി അകത്തേക്ക് നടന്നു. ഡ്രായിങ്ങ് റൂമിലെ എയര്‍കണ്ടീഷണര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്. തീക്കട്ടയില്‍ നിന്ന് കാലെടുത്ത് ഐസില്‍ വെച്ചതുപോലുള്ള സുഖം തോന്നി.

 '' അനിതയേയും കുട്ടിയേയും കൂടെ കൂട്ടായിരുന്നില്ലേ. തന്‍റെ കുട്ടിയെ ഞാന്‍ ഇന്നേവരെ കണ്ടിട്ടില്ല '' മുഴുവന്‍ വിവരങ്ങളും വിശദീകരിക്കേണ്ടി വന്നു. അപ്പോഴേക്കും പണിക്കാരി ഒരു കപ്പ് ചായയുമായി എത്തി.

'' അമ്മായി എവിടെ ''.

'' സപ്താഹം വായന കേള്‍ക്കാന്‍ അമ്പലത്തിലേക്ക് പോയി. ഉച്ചയ്ക്ക് പ്രസാദ ഊട്ടുണ്ട്. അതും കഴിച്ച് അവിടെത്തന്നെ ഇരിക്കും. വൈകുന്നേരത്തേ മടങ്ങി വരൂ. പിന്നെ എന്തൊക്ക്യാ തന്‍റെ വിശേഷം  ''.

'' എനിക്കെന്താ വിശേഷം. ഇങ്ങിനെയൊക്കെ കഴിയുന്നൂ. നോക്കുമ്പോള്‍ നമ്മുടെ നാട്ടിലാണ് ഒരുപാട് വിശേഷങ്ങള്‍ ഉള്ളത്. എത്രയെത്ര മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നു. നല്ല പുരോഗതിയാണ് ഇവിടെ ''.

'' എന്തു പുരോഗതി. ഒക്കെ കണക്കന്നെ. എല്ലാം ഒരുതരം തട്ടിപ്പ്. ഈ നാട് ഒരു കാലത്തും നന്നാവില്ല ''. കുറച്ചു നേരത്തേക്ക് രണ്ടുപ്രും മൌനം ദീക്ഷിച്ചു.

''' സുശീലയുടെ ഷഷ്ഠിപൂര്‍ത്തിയാണ് എന്ന് ഇന്നാള് സുഭദ്ര വന്നപ്പോള്‍ പറഞ്ഞു. പണ്ടേ അവള്‍ക്ക് എന്നോട് ഉള്ളുകൊണ്ട് അത്ര സുഖൂല്യാ ''. അമ്മയെക്കുറിച്ചാണ് പറയുന്നത്. എന്താണ് മറുപടി പറയേണ്ടത് എന്നറിയാതെ കുഴങ്ങി. കുഞ്ഞുണ്ണിമാമ പതിവനുസരിച്ചുള്ള കുറ്റം പറയലിന്ന് ഒരുങ്ങുകയാണോ.

'' നിന്‍റെ അച്ഛന് അപകടം പറ്റി കാല് മുറിച്ച് ആസ്പത്രിയില്‍ കിടക്കുമ്പോള്‍ ഞാന്‍ കാണാന്‍ ചെന്നില്ല. അതില്‍ നിന്‍റെ അമ്മയ്ക്കും അച്ഛനും ഒരുപോലെ ഈര്‍ഷ്യയുണ്ട്  എന്ന് എനിക്കറിയാം. പക്ഷെ അത് എന്‍റെ കുറ്റംകൊണ്ടൊന്നും അല്ല. ഇലക്ഷന്‍ ഡിക്ലയര്‍ ചെയ്ത സമയമായിരുന്നു. ലീവ് കിട്ടണ്ടേ ''.

'' അതൊക്കെ കഴിഞ്ഞിട്ട് പന്ത്രണ്ടോ പതിമൂന്നോ കൊല്ലം കഴിഞ്ഞില്ലേ. എല്ലാവരും മറന്നിട്ടുണ്ടാവും ''.

'' മറന്നാലും ഇല്ലെങ്കിലും എനിക്കൊന്നൂല്യാ. പറ്റാത്ത കാര്യം കണ്ടാല്‍ ഞാന്‍ ശഠേന്ന് പറയും. ചിലര്‍ക്ക് അത് പിടിക്കില്ല. പിടിച്ചില്ലെങ്കില്‍ വേണ്ട '' ഒന്നു നിര്‍ത്തി കുഞ്ഞുണ്ണിമാമ തുടര്‍ന്നു ''പറയുമ്പൊ ഒന്നും തോന്നണ്ടാ. തറവാടിന്‍റെ കാര്യത്തില്‍  നിന്‍റെ അമ്മ ചെയ്തത് ഒട്ടും ശരിയായില്ല ''.

'' എന്താ അമ്മ ചെയ്തത്. എനിക്കൊന്നും അറിയില്ലല്ലോ ''.

'' നിനക്കെങ്ങിനേയാ അറിയുക. നീ അന്യ നാട്ടിലല്ലേ. പിന്നെ സ്ത്രീകള് എന്തെങ്കിലും ചെയ്യുന്നതിന്ന് മുമ്പ് മുതിര്‍ന്ന ആണ്‍മക്കളെ അറിയിക്കണം. പണ്ടേ നിന്‍റെ അമ്മയ്ക്ക് അങ്ങിനത്തെ പതിവില്ലല്ലോ ''. വീണ്ടും കുഞ്ഞുണ്ണിമാമ ആലോചനയിലാണ്ടു.

'' പറയ്യാണച്ചാല്‍ ഒരുപാടുണ്ട് '' അദ്ദേഹം മൌനം ഉപേക്ഷിച്ചു '' തൊള്ളായിരത്തി നാല്‍പ്പത്തെട്ടിലാണ് ആദ്യത്തെ ഭാഗം നടന്നത്. നമ്മുടെ തായ്‌വഴിക്ക് എന്‍റെ മുത്തശ്ശി കുമ്മിണിയമ്മയുടേയും അവരുടെ അനിയത്തി തങ്കമ്മാളു അമ്മയുടേയൂം വീതം ഒന്നിച്ചാണ് ഭാഗിച്ചു കിട്ടിയത്. തങ്കമ്മാളു അമ്മയ്ക്ക് അപസ്മാരത്തിന്‍റെ സൂക്കട് ഉണ്ടായിരുന്നതോണ്ട് അവര്‍ക്ക് കല്യാണോന്നും കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. ഞാന്‍ അവളെ നോക്കിക്കോളാം എന്നു പറഞ്ഞ് മുത്തശ്ശി കൂടെ കൂട്ട്യേതോണ്ട് സ്വത്ത് മുഴുവന്‍ ഒന്നിച്ച് കിട്ടി. ഭാഗ്യത്തിന് കൊല്ലം തികയുന്നതിന്നു മുമ്പ് തങ്കമാളു അമ്മ അമ്പലകുളത്തില്‍ കുളിക്കുമ്പോള്‍ ദെണ്ണം ഇളകി വെള്ളത്തില്‍ വീണു മരിച്ചു. അങ്ങിനെ സ്വത്ത് മുഴുവന്‍ എന്‍റെ മുത്തശ്ശിടെ പേരിലായി ''.

മുറ്റത്തു നിന്ന് പണിക്കാരന്‍ വിളിച്ചതോടെ കുഞ്ഞുണ്ണിമാമ എഴുന്നേറ്റു പോയി. വൃത്തിയായി മടക്കി ടീപ്പോയിയില്‍ വെച്ച പേപ്പറെടുത്ത് അതിലൂടെ കണ്ണോടിക്കുമ്പോഴേക്കും അദ്ദേഹം തിരിച്ചെത്തുകയും ചെയ്തു.

'' ആദ്യത്തെ ഭാഗത്തിന്‍റെ കഥയാണ് ഞാന്‍ പറഞ്ഞു തന്നത് '' അദ്ദേഹം തുടര്‍ന്നു '' നേരത്തെ പറഞ്ഞ കുമ്മിണിയമ്മയ്ക്ക് മക്കള്‍ മൂന്നാണ്. രണ്ടാണും ഒരു പെണ്ണും. ആ പെണ്ണ് നിന്‍റെ മുത്തശ്ശിയാണ് ''.

'' ആണുങ്ങളില്‍ ഒരാള്‍ പപ്പനമ്മാമനല്ലേ ''.

'' ഓ, അതെയതെ. ആ ജാംബവാന്‍ തന്നെ. പിന്നെ ഉള്ളത് ബാലകൃഷ്ണ മേനോന്‍. അവര് മൂന്നാളും തമ്മിലുള്ള ഭാഗം നടന്നത് അറുപത്താറിലാണ്. ഈ പറഞ്ഞ ബാലകൃഷ്ണ മേനോന് സ്ഥിതി കുറച്ച് മോശമായിരുന്നു. ഭാഗം കിട്ടിയ വസ്തുക്കള്‍ മുഴുവനും വിറ്റ് കാശാക്കി അദ്ദേഹം ഭാര്യ വീട്ടില്‍ കൂടി. മറ്റേ വിദ്വാനാണ് ശരിക്കുള്ള കുടുംബദ്രോഹി ''.

പപ്പനമ്മാമനെക്കുറിച്ച് കുഞ്ഞുണ്ണിമാമ ഒരിക്കലും നല്ലൊരു വാക്ക് പറഞ്ഞു കേട്ടിട്ടില്ല. നല്ല ബുദ്ധിയുള്ള ആളാണ്. എന്നിട്ടെന്താ, പഠിക്കാന്‍ പോയി. അത് മുഴുമിച്ചില്ല. മര്യാദക്കൊരു കല്യാണം കഴിച്ച് ഭാര്യയും മക്കളുമായി കഴിയുന്നതിന്നു പകരം നാട് നന്നാക്കാനിറങ്ങി ജീവിതം തുലച്ചു. ഒരു ആവശ്യവുമില്ലാതെ പല തവണ ജയിലില്‍ കിടന്നു. കുടുംബം ഇല്ലാത്ത അവസ്ഥയ്ക്ക് തന്‍റെ ഭാഗം ഒരേയൊരു അനിയത്തി ഉള്ളതിന്ന് കൊടുക്കേണ്ടതായിരുന്നു. അത് ചെയ്തില്ല. കിട്ടിയ ഭൂമി നാനാ ജാതിയില്‍പെട്ട വീടില്ലാത്ത ആളുകള്‍ക്കായി പങ്കിട്ട് കൊടുത്തു. അവരുടെ ഇടയില്‍തന്നെ ഒരു പുരവെച്ച് താമസിക്കുന്നു. കേള്‍വി കേട്ട തറവാട്ടില്‍ പിറന്നതിന്‍റെ വിലയും നിലയും കളഞ്ഞു കുളിച്ചു. സ്ഥിരം ആരോപണങ്ങള്‍ വീണ്ടും കേള്‍ക്കാന്‍  മടി തോന്നി.

'' കുറെയൊക്കെ ഞാനും കേട്ടിട്ടുണ്ട് '' കുഞ്ഞുണ്ണിമാമ ആരംഭിക്കുന്നതിന്ന് മുമ്പേ അത് തടസ്സപ്പെടുത്തി.

'' അങ്ങിനെ അമ്മയ്ക്ക് ഭാഗത്തില്‍ കിട്ടിയതും അച്ഛന്‍ വാങ്ങി ചേര്‍ത്തിയ വസ്തുക്കളും ചേര്‍ന്ന സ്വത്ത് എനിക്കും മൂന്ന് പെങ്ങന്മാര്‍ക്കും ഒരുപോലെ ഭാഗിക്കണോ ''. ചോദ്യം തന്നോടാണ്.

'' വേണ്ടതാണ് '' ഉപായത്തില്‍ പറഞ്ഞൊപ്പിച്ചു.

'' എന്നാല്‍ അത് ഉണ്ടായില്ല. ആ സ്കൂള്‍ മാഷില്ലേ, സുമിത്രയുടെ കെട്ട്യോന്‍. അവന്‍ സമ്മതിച്ചില്ല ''.

''എന്തേ പറ്റിയത് ''.

'' തറവാട് മൂന്ന് പെണ്ണുങ്ങള്‍ക്കും പത്തായപ്പുര എനിക്കും എന്നാണ് ഞാന്‍ കരുതിയത്. പത്തായപ്പുര സുമിത്രയ്ക്ക് കൊടുത്തില്ലെങ്കില്‍ ഭാഗം നടക്കില്ല എന്ന് ആ വിദ്വാന്‍ ഒരേ വാശി. ഒടുക്കം ഞാന്‍ താണു കൊടുത്തു. ഞാനായിട്ട് കേസ്സിനും കൂട്ടത്തിനും പോയി എന്ന് നാട്ടുകാരെക്കൊണ്ട് പറയിക്കണ്ടല്ലോ ''.

'' എന്നിട്ട് കുഞ്ഞുണ്ണിമാമയ്ക്ക് ഒന്നും തന്നില്ല ''.

'' തന്നു. അച്ഛന്‍ വാങ്ങിയ സ്ഥലവും അമ്മയുടെ ഭാഗത്തില്‍ നിന്ന് കുറച്ച് അടമാറിയും കിട്ടി. തറവാട്ടു വളപ്പില്‍ ഒരു സൂചി കുത്താനുള്ള സ്ഥലം എന്‍റെ പേരിലില്ല ''.

'' അമ്മ എന്താണ് ചെയ്തത് എന്ന് എനിക്ക് മനസ്സിലായില്ല ''.

'' ഭാഗിച്ചു കിട്ടിയതും നിന്‍റെ അമ്മ നിങ്ങളുടെ അവകാശം സുഭദ്രയ്ക്ക് ഒഴിമുറി കൊടുത്തു. നിങ്ങള് ഏട്ടനും അനുജത്തിയും അമ്മയ്ക്ക് മുക്ത്യാര്‍ കൊടുത്തിരുന്നു അല്ലേ ''.

ഉവ്വെന്ന് തലയാട്ടി. കൂടുതല്‍ സംസാരിച്ചാല്‍ ചിലപ്പോള്‍ മുഷിച്ചില്‍ ഉണ്ടാവും. നായ ഉറക്കെ കുരച്ചു. ആരോ വരുന്നുണ്ട്.

'' ഞാന്‍ പിന്നെ വരാം കുഞ്ഞുണ്ണിമാമേ '' യാത്ര പറഞ്ഞ് എഴുന്നേറ്റു.

9 comments:

 1. കുഞ്ഞുണ്ണിമാമ കഥ പറയാന്‍ തുടങ്ങിയാല്‍ നിര്‍ത്തില്ല അല്ലേ?

  തുടരട്ടെ നമ്മുടെ നോവല്‍

  ആശംസകള്‍

  ReplyDelete
 2. കുഞ്ഞുണ്ണിമാമയുടെ കുത്തുവാക്കുകൾ ... എല്ലായിടത്തും ഉണ്ടാകും ഇല്ലേ ഇതുപോലത്തെ കുഞ്ഞുണ്ണിമാമമാർ...

  അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു കേരളേട്ടാ...

  ReplyDelete
 3. ajith,
  ചിലരങ്ങിനെയാണ്. സംസാരിക്കാന്‍ തുടങ്ങിയാല്‍ നിര്‍ത്തില്ല. മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ ക്ഷമയും കാണിക്കില്ല.
  വിനുവേട്ടന്‍,
  ശരിയാണ്. എല്ലായിടത്തും ഇങ്ങിനെയുള്ളവരെ കാണാം 

  ReplyDelete
 4. മിക്കവാറും അമ്മാവന്മാ‍രായിരിക്കും ഇത്തരം കാർന്നോന്മാരുടെ സ്ഥാനത്ത് ഉണ്ടാകുക..
  കഥ തുടരട്ടെ...
  ആശംസകൾ...

  ReplyDelete
 5. വി.കെ,
  പല തറവാടുകളും ഭാഗംവെച്ചു പിരിയാന്‍ കാരണം ഇതുപോലുള്ള അമ്മാമന്മാരാണ്.

  ReplyDelete
 6. ''കാര്ന്നോപ്പാട്'' കളി ഒരുവിധം എല്ലാ തറവാട്ടിലെ അമ്മാമമാര്ക്കുംണ്ട്.

  ReplyDelete
 7. ഇങ്ങനെയുള്ള അമ്മാമന്മാര്‍ക്ക് അനന്തരാമയ്യര്‍, നാരായണ അയ്യര്‍ എന്നൊക്കെ പേരു കൊടുക്കാം..

  ReplyDelete
 8. ഡോക്ടർ,
  മിക്ക തറവാടുകളും ഭാഗൈക്കാൻ ഇടവരുത്തുന്നത് ഇത്തരം കാർണോപ്പാടുകളണ്.

  Echmukutty,
  എല്ലാ വിഭാഗത്തിലും ഇങ്ങിനെയുള്ളവരുണ്ടല്ലേ.

  ReplyDelete
 9. എനിക്ക്‌ പിന്നെ വീതമില്ലാത്ത കാരണം ഇങ്ങനെയൊന്നും കേൾക്കേണ്ടി വരത്തില്ല...

  ReplyDelete