Sunday, August 25, 2013

അദ്ധ്യായം 10.

പതിവിലും നേരത്തെ ദിലീപ്മേനോന്‍ ഉറക്കമുണര്‍ന്നു. കുറച്ചുനേരം കണ്ണും മിഴിച്ച് കിടന്നു. തുറന്നിട്ട ജനാലയിലൂടെ പിന്‍നിലാവ് അകത്തേക്ക് എത്തിനോക്കുകയാണ്. സമയം അഞ്ചാവുന്നതേയുള്ളു. ഇനി ഉറങ്ങുന്നില്ല. രാവിലെത്തന്നെ പപ്പനമ്മാമന്‍റെ വീട്ടിലേക്ക് ചെല്ലണം. പറഞ്ഞ വാക്ക് പാലിക്കാത്തതിന്ന്  ക്ഷമ ചോദിക്കണം. പകല്‍ മുഴുവന്‍ അദ്ദേഹത്തോടൊപ്പം കഴിയണം.

മകരകൊയ്ത്തുകഴിഞ്ഞ പാടങ്ങള്‍ കടന്ന് അമ്പലത്തില്‍നിന്നും ഭക്തിഗാനങ്ങള്‍ ഒഴുകിയെത്തി. പെട്ടെന്ന് കടന്നുപോയ കാലം മനസ്സിലെത്തി. കോളേജ് പഠനം തുടങ്ങിയതു മുതല്‍ തറവാട്ടിലെ മുന്‍വശത്തുള്ള ചാരുപടിയിലാണ് കിടന്നുറങ്ങാറ്. അതുകൊണ്ട് രണ്ടു ഗുണങ്ങളുണ്ട്. തറവാടിന്ന് ചുറ്റുമുള്ള മരക്കൂട്ടം നല്ല തണുത്ത കാറ്റ് എല്ലായ്പ്പോഴും എത്തിക്കും. വീട്ടുകാര്‍ അറിയാതെ നാടകത്തിനോ സെക്കന്‍ഡ്ഷോ സിനിമയ്ക്കോ ഒക്കെ പോയി തിരിച്ചു വന്ന് കിടന്നുറങ്ങാം. നറുനിലാവില്‍ കുളിച്ചൊരുങ്ങി നില്‍ക്കുന്ന മരങ്ങളുടെ ഭംഗി, പാല പൂക്കുന്നകാലത്ത് ചുറ്റുപാടും പരന്നൊഴുകുന്ന പാലപ്പൂവിന്‍റെ മത്തുപിടിപ്പിക്കുന്ന ഗന്ധം എന്നിവയൊക്കെ ആസ്വദിച്ച ആ കാലം മറക്കാനാവില്ല.

അടുക്കളയില്‍ നിന്ന് പാത്രങ്ങളുടെ ശബ്ദം കേള്‍ക്കുന്നുണ്ട്. വലിയമ്മ വീട്ടുപണികള്‍ തുടങ്ങി കാണും. എഴുന്നേറ്റ് അങ്ങോട്ടു ചെന്നു.

'' ഇന്നെന്താ നീ ഇത്ര നേരത്തെ '' വലിയമ്മ ചോദിച്ചു.

'' ഒന്നൂല്യാ. നേരത്തെ ഉണര്‍ന്നു. ഇനി കിടന്നാലും ഉറക്കം വരില്ല ''.

'' എന്നാല്‍ പല്ലു തേച്ചോ. ഞാനിപ്പൊ ചായീണ്ടാക്കി തരാം ''. ചൂടുചായ ഊതി കുടിക്കുമ്പോള്‍ വലിയമ്മ നാളികേരം ചിരകാന്‍ ഒരുങ്ങുകയാണ്.

'' വലിയമ്മേ ഇങ്ങിട്ടു തരൂ. ഞാന്‍ ചിരകിത്തരാം ''.

'' വേണ്ടാ. പരിചയം ഇല്ലാത്തതല്ലേ. ചിലപ്പോ ചിരവടെ നാവ് തട്ടി കൈ മുറിയും ''.

'' മുമ്പൊക്കെ ഞാന്‍ ചെയ്യാറുള്ളതല്ലേ. ഒന്നും മറന്നിട്ടില്ല '' മുമ്പ് വലിയമ്മയ്ക്ക് നാളികേരം ചിരകി കൊടുക്കുന്ന പണി ഒരു അവകാശമായിരുന്നു. ചിരവ നാവില്‍ നിന്ന് പ്ലേറ്റിലേക്ക് അടര്‍ന്നു വീഴുന്ന നാളികേരത്തിലൊരു ഭാഗം വായിലെത്തും.

'' നീ ഇങ്ങിനെ തിന്നാല്‍ ചട്ടിണി അരയ്ക്കാന്‍ തികയില്ല '' എന്നു പറയുമെങ്കിലും ചിലപ്പോള്‍ വലിയമ്മ  ഒരച്ച് ശര്‍ക്കര തരും. ശര്‍ക്കര കൂട്ടി നാളികേരം തിന്നാന്‍ ബഹുസ്വാദാണ്.

'' ഞാന്‍ രാവിലെത്തന്നെ പപ്പനമ്മാമന്‍റെ അടുത്തേക്ക് പോവും. പിന്നെ വൈകുന്നേരമേ വരുള്ളു ''.

'' അപ്പോള്‍ ഭക്ഷണത്തിനോ ''.

'' ഞങ്ങള്‍ ഉണ്ടാക്കി കഴിക്കും ''.

'' വെറുതെ ആ സാധൂനേ ബുദ്ധിമുട്ടിക്കണ്ടാ. രാവിലേക്ക് ആപ്പവും ഇഷ്ടുവുമാണ്. പപ്പനമ്മാമനുള്ളത് ഞാന്‍ ഒരു പാത്രത്തിലാക്കി തരാം. പോവുമ്പോള്‍ കൊണ്ടുപൊയ്ക്കോ. ഉച്ചയ്ക്ക് ഇവിടംവരെ വന്നാല്‍ രണ്ടാള്‍ക്കും വേണ്ട ഭക്ഷണം ടിഫിന്‍ പാത്രത്തിലാക്കി എടുക്കും ചെയ്യാം ''. കുളിച്ചൊരുങ്ങി ഭക്ഷണം കഴിക്കുമ്പോഴേക്ക് ചെറിയമ്മയും ഇളയച്ഛനും എത്തി.

'' എവിടേക്കാ ഇത്ര നേരത്തേ '' ചെറിയമ്മ ചോദിച്ചു.

'' പപ്പനമ്മാമന്‍റെ വീട്ടിലേക്ക്. ഇന്ന് പകല് മുഴുവന്‍ അവിടെ കൂടും ''.

'' അവിടെത്തന്നെ എത്ത്വോലോ. അതോ വേറെ എവിടെയെങ്കിലും ചുറ്റിതിരിഞ്ഞ് നാലുദിവസം കഴിഞ്ഞ് മടങ്ങി വര്വോ ''.

'' എന്തിനാ അയാളെ ഇങ്ങിനെ കളിയാക്കുന്നത് '' ഇളയച്ഛന്‍ ഇടപെട്ടു '' ഒരുപാട് കാലം കഴിഞ്ഞ് പഴയ കൂട്ടുകാരന്മാര് തമ്മില് കാണുമ്പോള്‍ ഇങ്ങിനെ ചില സന്തോഷമൊക്കെ വേണ്ടേ ''.

'' നോക്കിക്കോളൂ ചെറിയമ്മേ. ഇനി തിരിച്ചു പോവുന്നതുവരെ ഒരു സ്ഥലത്തേക്കും ഞാന്‍ പോവില്ല ''.

'' അതാപ്പൊ നന്നായത്. ഒന്നുകില്‍ കുറുപ്പിന്‍റെ നെഞ്ഞത്ത്. അല്ലെങ്കില്‍ കളരിടെ പുറത്ത്. നിന്നോട് എങ്ങിട്ടും പോണ്ടാന്ന് ഞാന്‍ പറഞ്ഞ്വോ ''.

'' ഇനി അതു പറഞ്ഞ് നേരം കളയണ്ടാ '' ഇളയച്ഛന്‍ ഭക്ഷണം കഴിക്കാനിരുന്നു.

കാറിന്‍റെ ശബ്ദം കേട്ടിട്ടാവണം പപ്പനമ്മാമന്‍ ഇറങ്ങി വന്നു. എഴുന്നേറ്റിട്ട് അധികനേരം ആയിട്ടില്ലെന്ന് തോന്നുന്നു. സ്വെറ്ററിട്ടിട്ടുണ്ട്, തലയിലൊരു മഫ്ലറും.

'' ദീപു എപ്പോഴാ എത്തിയത് '' മുറ്റത്ത് എത്തിയതും പപ്പനമ്മാമന്‍ ചോദിച്ചു.

'' ഇന്നലെ സന്ധ്യക്ക് ''.

'' രാജിടെ മകന്‍ രാവിലെ വന്നപ്പോഴേ ദീപു യാത്ര പോയ വിവരം അറിഞ്ഞു. പിന്നെ നമ്മുടെ മാധവന്‍ വന്നപ്പോഴാണ് ഉമ്മറ് സായ്‌വിന്‍റെ മകന്‍ വന്ന് കൂട്ടിക്കൊണ്ടു പോയതാണെന്ന് അറിഞ്ഞത് ''.

'' വൈകുന്നേരം മടങ്ങി വരും എന്ന് പറഞ്ഞതോണ്ട് ചെന്നതാണ്. ഓരോ ദിക്കില് കറങ്ങി ദിവസം നാല് പോയി ''.

ആഹാരത്തിന്‍റെ പാത്രവുമായി അകത്തേക്ക് കയറി. വീടിനകം വെവ്വേറെ മുറികളായി തിരിച്ചിട്ടില്ലെന്ന് അപ്പോഴാണ് അറിയുന്നത്. സിമിന്‍റ് കട്ടകള്‍കൊണ്ട് നിര്‍മ്മിച്ച് തേച്ചിട്ടില്ലാത്ത ഭിത്തി. വീടിന്‍റെ മുമ്പിലും പുറകിലും ഓരോ വാതില്, നാലു ചുവരുകളിലും ഈരണ്ട് ജനാലകള്‍, ഇരുമ്പുകൊണ്ടുള്ള മേല്‍ക്കൂര. അലുമിനീയംഷീറ്റുകള്‍ മേഞ്ഞിട്ടുണ്ട്. സിമിന്‍റുതറയില്‍ സമചതുരത്തിലുള്ള കളങ്ങള്‍. ഭിത്തിയില്‍ പല ഭാഗത്തായി നാലഞ്ച് വൈദ്യുത വിളക്കുകള്‍ ഘടിപ്പിച്ചിരിക്കുന്നു. മഹാത്മാഗാന്ധിയുടെ ഒരു ഫോട്ടോ മാത്രമാണ് ഏക അലങ്കാരം. കയറിചെല്ലുന്ന വാതിലിന്‍റെ വലതുവശത്ത് ഒരു പലകകട്ടില്‍. അതിന്‍റെ തല ഭാഗത്ത് മടക്കിവെച്ച പുല്ലുപായയും തലയണ്ണയും. മറുവശത്ത് മേശയും കസേലയും. ഒരു ചാരുകസേല  മടക്കിചുമരില്‍ ചാരിവെച്ചിട്ടുണ്ട്. ഒരു മൂലയില്‍ സ്റ്റൌവും ഏതാനും പാത്രങ്ങളും. മരത്തിലുണ്ടാക്കിയ ഒരു പെട്ടി ഒരുവശത്ത് ഇരിപ്പുണ്ട്, അയക്കോല്‍ കെട്ടിയതില്‍ അഴിച്ചിട്ട വസ്ത്രങ്ങളും. അതോടെ സ്ഥാവര ജംഗമ വസ്തുക്കള്‍ തീര്‍ന്നു.

'' ഇതെന്താ ഇങ്ങിനെയൊരു വീട് '' മനസ്സില്‍ തോന്നിയത് വാക്കുകളായി പുറത്തെത്തി.

'' വെയിലും മഴയും കൊള്ളാതെ ചുരുണ്ടു കൂടാന്‍ ഒരു താവളം വേണം. അതിന് ഇതുതന്നെ ധാരാളം. സ്വകാര്യത വേണമെന്നുണ്ടെങ്കിലല്ലേ ഇടച്ചുമരൊക്കെ കെട്ടി വേര്‍തിരിക്കലൊക്കെ വേണ്ടൂ '' പപ്പനമ്മാമന്‍ തുടര്‍ന്നു '' മാത്രമല്ല എന്‍റെ കാലം കഴിഞ്ഞാല്‍ കോളനിയില്‍ ഉള്ളവര്‍ക്ക് പൊതു ആവശ്യത്തിന് ഇത് ഉപകരിച്ചോട്ടേ എന്നും കൂടി കരുതിയാണ് ഇങ്ങിനെ ഉണ്ടാക്കിയത് ''.

പപ്പനമ്മാമന്‍ വാട്ടിയ വാഴയിലപ്പൊതി തുറന്ന് രണ്ട് ആപ്പം ഒരു പ്ലേറ്റില്‍ മാറ്റിവെച്ചു. എന്നിട്ട് അതിനു മീതെ കുറച്ചു കറിയൊഴിച്ചു. വാതില്‍ക്കല്‍ ചെന്നു നിന്ന് അദ്ദേഹം '' ലീലേ '' എന്ന് ഉറക്കെ വിളിച്ചു. പൂര്‍ണ്ണ നഗ്നനായ രണ്ടു രണ്ടര വയസ്സായ ആണ്‍കുട്ടിയാണ് ഓടിയെത്തിയത്. അവന്‍റെ പിന്നാലെ ഓടി  വന്ന യുവതി വാതില്‍ക്കല്‍വെച്ച് കുട്ടിയെ കടന്നു പിടിച്ചു.

'' മുത്തച്ചന്‍റെ വിളിക്കിണത് കേട്ടതും വെളിക്കിരിക്കുന്ന ഇടത്തിന്ന് ചെക്കന്‍ ഓടി വന്നതാണ്. കഴുകീട്ടില്ല '' അവള്‍ പറഞ്ഞു.

'' ആ പ്ലെയിറ്റ് കൊണ്ടുപോയി അതിലുള്ളത് അവന് കൊടുക്ക് '' അദ്ദേഹം നിര്‍ദ്ദേശിച്ചു. കുട്ടിയുടെ കയ്യും പിടിച്ച് പ്ലെയിറ്റുമായി അവള്‍ തിരിച്ചു പോയി.

'' കഷ്ടം ഉണ്ട് അവളുടെ കാര്യം ആലോചിച്ചാല്‍ '' പപ്പനമ്മാമന്‍ ആത്മഗതമെന്നോണം പറയുന്നത് കേട്ടു.

'' എന്താ പ്രശ്നം '' ദിലീപ് മേനോന് ചോദിക്കാതിരിക്കാനായില്ല.

'' ആ പെണ്‍കുട്ടിക്ക് ഇരുപത് വയസ്സ് ആവുണതേയുള്ളു. ഒരു കുട്ടിയും ആയി. അപ്പോഴേക്കും എല്ലാം കഴിഞ്ഞു ''.

'' എന്താ പറ്റിയത് ''.

'' ഒരു പനി. രണ്ടാഴ്ചയോളം ആസ്പത്രിയില്‍ കിടന്നു. അതോടെ അവളുടെ കെട്ട്യോന്‍ പോയി ''.

'' രക്ഷിതാക്കളില്ലേ അവള്‍ക്ക് ''.

'' അച്ഛനും അമ്മയും നേരത്തെ മരിച്ചു. ഒരു ഏട്ടനുള്ളതിന്‍റെ ഭാര്യ കടന്ന സൈസ്സാണ്. ഇവളെ കൂടെ കൂട്ടില്ല. കെട്ട്യോന്‍ മരിക്കുന്നതിന്ന് മുമ്പ് ഈ വീടിന്‍റെ തൊട്ടപ്രത്ത് ഒരു വീട് പണിതിരുന്നു. അതിലാ താമസം ''.

'' അപ്പോള്‍ ആ കുട്ടിയുടെ ഭാവി ''.

'' അതന്ന്യാണ് ഞാനും ചിന്തിച്ചോണ്ടിരിക്കിണത്. അഞ്ചാറ് മാസം കൂടി കഴിയട്ടെ. പാകംപോലെ  ഒരു ചെക്കനെ കിട്ടിയാല്‍ കെട്ടിച്ചു വിടണം. പെണ്ണായാല്‍ ഒരു ആണ്‍തുണ വേണം. ആണിന്ന് ഒരു പെണ്ണും  ''.

'' എന്നിട്ടെന്താ പപ്പമ്മാമന്‍ കല്യാണം കഴിച്ചില്ല ''.

'' വിതച്ചതില്‍ നിന്നു തെറിച്ച് വരമ്പത്തു വീണ വിത്തല്ലേ ഞാന്‍ . മനുഷ്യന് പറഞ്ഞതൊന്നും എനിക്ക് ബാധകമല്ലല്ലോ ''.

'' എന്നാലും നല്ല കാലത്ത് അങ്ങിനെയൊരു ആലോചന തോന്നീട്ടില്ലേ ''.

'' ഇല്ല്യാന്ന് പറയില്ല. പക്ഷെ നടന്നില്ല. പിന്നെ ഒരിക്കല്‍ ഒക്കെ വിസ്തരിച്ച് പറഞ്ഞു തരാം ''.

പപ്പനമ്മാമന്‍ ആഹരം കഴിക്കാന്‍ തുടങ്ങി. ദിലീപ് മേനോന്‍ മേശപ്പുറത്തു നിന്ന് പത്രമെടുത്തു നോക്കി. തലേന്നാളത്തേതാണ്.

'' ഇന്നത്തെ പേപ്പറ് എവിടെ ''.

''ഞാന്‍ പേപ്പറ് വരുത്താറില്ല. ഉച്ചയ്ക്കു ശേഷം വായിച്ചു കഴിഞ്ഞ പത്രം ആരെങ്കിലും കൊണ്ടുവന്ന് തരും. എന്നിട്ട് വായിച്ചാല്‍ പോരേ ''.

'' എന്തിനാ പപ്പനമ്മാമാ ഇത്ര പിശുക്ക്. പെന്‍ഷന്‍ കിട്ടിണില്യേ. ഒരു പേപ്പറ് വരുത്തിക്കൂടേ. ടി.വി. വാങ്ങിച്ചൂടേ. നാട്ടില് നടക്കുന്ന കാര്യങ്ങള്‍ അപ്പപ്പോള്‍ അറിയാം. സിനിമയോ, പാട്ടോ, സീരിയലോ  എന്തു വേണമെങ്കിലും കാണാം ''.

'' അതിനൊന്നും കയ്യില്‍ കാശില്ല. കിട്ടുന്ന പെന്‍ഷന്‍ ചിലവിനുതന്നെ തികയാറില്ല ''.

'' അതെന്താ ഇത്രയധികം ചിലവ് ''.

'' ഇപ്പോള്‍ ലീലയേയും, കുട്ടിയേയും കണ്ടില്ലേ. അതുപോലെ കഴിഞ്ഞു കൂടാന്‍ വകയില്ലാത്ത കുറെ ജന്മങ്ങളുണ്ട് ഈ കോളനീല്. ഇവള്‍ക്ക് കുട്ടിയെവിട്ട് പണിക്ക് പോവാന്‍ പറ്റില്ല. ജോലി ചെയ്യാനുള്ള ആരോഗ്യമോ സഹായിക്കാന്‍ ആളുകളോ ഇല്ലാത്തവരാണ് ബാക്കിയുള്ള ആളുകള്‍. വല്ല  കഞ്ഞിയോ വെള്ളമോ വേണ്ടേ ജീവന്‍ കിടക്കാന്‍. എനിക്ക് കിട്ടുന്നത് അവര്‍ക്കൊക്കെ വീതം വെക്കും. പിന്നെ വലുതായിട്ടൊന്നും ബാക്കി കാണില്ല ''.

പപ്പനമ്മാമനോടുള്ള ആദരവ് കൂടുകയാണ്. അന്യരുടെ സങ്കടം തീര്‍ക്കാന്‍ ഉഴിഞ്ഞുവെച്ച ജീവിതമാണ് അദ്ദേഹത്തിന്‍റേത് എന്നു പറയുന്നത് വെറുതെയല്ല. എന്തെങ്കിലും അദ്ദേഹത്തിന്നു വേണ്ടി ചെയ്യണം.

'' ഞാന്‍ ഒരു ടി.വി. വാങ്ങിത്തരട്ടെ ''.

'' വല്ലതും ചെയ്യണം എന്നുണ്ടെങ്കില്‍ '' പപ്പനമ്മാമന്‍ ഒന്നു നിറുത്തി വീണ്ടും തുടര്‍ന്നു '' ഇവിടെ കുറെ പാവപ്പെട്ട കുട്ടികളുണ്ട്. അവര്‍ക്ക് കളിപ്പാട്ടങ്ങളോ കുട്ടികള്‍ക്കുള്ള സൈക്കിളോ വാങ്ങിക്കൊടുത്താല്‍ മതി ''.

'' ഷുവര്‍ '' അയാള്‍ ഏറ്റു.

വൃദ്ധന്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങി. അയാള്‍ മെല്ലെ കട്ടിലിലേക്ക് ചെരിഞ്ഞു. 

9 comments:

 1. പപ്പനമ്മാമനെപ്പോലെ എത്ര പേർ കാണും ഇന്ന് ഭൂമിയിൽ...

  തേങ്ങ ചിരവാനിരുന്നാൽ കുറേ തേങ്ങ വായിൽ പോകും എന്നത് എല്ലായിടത്തും നടക്കുന്ന കാര്യമാണല്ലേ... ഞാൻ വിചാരിച്ചു എനിക്ക് മാത്രമേ ഈ അസുഖമുള്ളൂ എന്ന്... :)

  തുടരൂ കേരളേട്ടാ...

  ReplyDelete
  Replies
  1. ഒരു കാര്യം കൂടി... ചിരവിയ തേങ്ങയുടെ കൂടെ കേരളേട്ടൻ പറഞ്ഞ പോലെ ശർക്കരയും കൂടി അൽപ്പാൽപ്പമായി കടിച്ച് ചവച്ച് അകത്താക്കുന്നതിന്റെ രസം... ആഹാ... പറഞ്ഞറിയിക്കാൻ കഴിയില്ല...

   Delete
 2. ദാസേട്ടാ, ഞാൻ ഇതാ ഒരറ്റ ഇരുപ്പിന് ഇതുവരെയും വായിച്ചു . എന്റെ നാട്ടിൽ, എന്റെ അമ്മയുടെ തറവാട്ടിലെ, അച്ഛന്റെ തറവാട്ടിലെ, ബന്ധപ്പെട്ട വീടുകളിൽ എല്ലാം ഒന്ന് കയറി ഇറങ്ങി എന്റെ അനുഭവങ്ങൾ അയവിറക്കിയ പോലെ തോന്നി. തികച്ചും സ്വാഭാവികമായ, അതിശയോക്തി കലരാത്ത ഒരു ചിത്രീകരണം. ജീവിതഗന്ധിയായ നോവൽ. ഈ പശ്ചാത്തലം അങ്ങിനെതന്നെ എന്റെതാണ്. ഞാൻ അറിയുന്ന കഥാപാത്രങ്ങൾ! ഞാൻ കേട്ട ഡയലോഗുകൾ... ഞാൻ ഈ മരുഭൂമിയിൽ നിന്ന് കുറെ നേരത്തേക്ക് എന്റെ നാട്ടിലൊന്നു പോയിവന്ന പ്രതീതി!

  ReplyDelete
 3. പപ്പമ്മാവനോട് ആദരവ് കൂടുകയാണ്
  നോവലിസ്റ്റിനോട് സ്നേഹവും

  ReplyDelete
 4. വിനുവേട്ടൻ,
  വീട്ടിൽ അട ഉണ്ടാക്കുന്നതിന്നു മുമ്പ് ശർക്കരപ്പാവിൽ നാളികേരം ചിരകിയിട്ടതിൽ നിന്ന് ഒരു ഭാഗം ഞാൻ മാറ്റിവെക്കും. തണുത്ത ശേഷം തിന്നാനാണ്.
  ഡോ.പി.മലങ്കോട്,
  നമ്മുടെ നാടിൻറെ ഒരു നേർക്കാഴ്ച ഒരുക്കാനുള്ള ശ്രമമാണ് ഇത്. പ്രോത്സാഹനങ്ങൾക്ക് നന്ദി.
  ajith,
  വളരെ സന്തോഷം.

  ReplyDelete
 5. ഈ അധ്യായം വായിച്ചു..പപ്പമ്മാവനെ പോലെയുള്ള മനുഷ്യരുണ്ട് ഈ ലോകത്തില്‍ പല ഭാഗത്തും... പലര്‍ക്കും കാണാന്‍ പറ്റില്ല, കണ്ടാലും മനസ്സിലാവില്ല... പിന്നെ ചിലരു കണ്ണടച്ചിട്ട് കണ്ടില്ലാന്നു പറഞ്ഞുകളയും..

  ReplyDelete
 6. പപ്പനമ്മാമനോടുള്ള ആദരവ് കൂടുകയാണ്..ഇന്ന് എത്ര പേരുണ്ട് മറ്റുള്ളവര്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചവർ?

  ReplyDelete
 7. പപ്പനമ്മാമനോടുള്ള ആദരവ് കൂടുകയാണ്..ഇന്ന് എത്ര പേരുണ്ട് മറ്റുള്ളവര്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചവർ?

  ReplyDelete
 8. Echmukutty,
  അപൂർവ്വം ആളുകളുണ്ട് ഇത്തരത്തിൽ. അവർ മറ്റുള്ളവർക്കുവേണ്ടി ജീവിക്കുന്നു.

  Nalina,
  അദ്ദേഹത്തിൻറെ സ്വഭാവ മഹിമ ആരും ഇഷ്ടപ്പെടും.

  ReplyDelete