Saturday, August 3, 2013

അദ്ധ്യായം - 7.

അഞ്ചര മണി കഴിഞ്ഞിട്ടും വെയിലിന്‍റെ ചൂടിന്ന് കുറവില്ല. ഇനിയും വൈകിച്ചാല്‍ പപ്പമ്മാമനെ കാണാന്‍ പോവുന്നത് നടക്കില്ല. ദിലീപ് മേനോന്‍ അകത്തു ചെന്ന് വേഷം മാറി വന്നു.

'' എവിടേക്കാ നീ ഇപ്പൊ പോണത് '' വലിയമ്മ ചോദിച്ചു.

'' പപ്പനമ്മാമനെ കാണണം ''.

'' ഞാനത് പറയാന്‍ നില്‍ക്ക്വായിരുന്നു. അദ്ദേഹം നമ്മുടെ കുടുംബത്തിലെ തല മൂത്ത കാരണോരല്ലേ. നിശ്ചയമായിട്ടും ചെന്ന് കാണണം. പോരാത്തതിന്ന് കുടുംബത്തിന് ഒരു ബുദ്ധിമുട്ടും മൂപ്പരെക്കൊണ്ട് ഉണ്ടായിട്ടൂല്യാ ''.

'' എന്നാല്‍ ഞാന്‍ മെല്ലെ നടന്നിട്ടു വരാം ''.

'' എവിടേക്കാണെന്നു വെച്ചിട്ടാ നടക്കാന്‍ ഭാവിക്കുന്നത്. പപ്പനമ്മാമന്‍ പഴയ പീടിക കെട്ടിടത്തില്‍നിന്ന് എന്നോ താമസം മാറി. ഈ റോഡില്‍ കൂടി പോയി ഗണപതി കോവില്‍ കഴിഞ്ഞാല്‍ വടക്കോട്ട് ഒരു വഴീണ്ട്. അതിലെ ഒന്നൊന്നര നാഴിക പോയാല്‍ കനാല്‍വരമ്പായി. പിന്നെ വലത്തോട്ട് ഇത്തിരി ദൂരം ചെന്നാല്‍ കോളനീല് എത്തും. അവിടെയാണ് അമ്മാമന്‍ ഇപ്പൊ വീടുണ്ടാക്കി ഇരിക്കുന്നത് ''.

'' അതുവരെ വാഹനം പോവ്വോ ''.

'' പിന്നല്ലാണ്ടേ. സിമിന്‍റിട്ട ഈ റോഡ് അതുവരെക്കും ഉണ്ട് ''.

 സ്റ്റീരിയോ ഓണാക്കി. ഏതോ തമിഴ് പാട്ടാണ്. ജാഫറിന്ന് തമിഴ് പാട്ടാണ് ഇഷ്ടം. അയാള്‍ വെച്ചതാവണം. തണല്‍ വിരിച്ചുക്കൊണ്ട് റോഡിന്‍റെ ഇരുവശങ്ങളിലും നില്‍ക്കുന്ന മരങ്ങള്‍ക്കടിയിലൂടെ കാറില്‍ പോവുന്നത് രസകരമായ അനുഭവമാണ്. പല രൂപത്തിലുള്ള കറുത്ത നിഴലുകള്‍ കാറിന്നടിയിലേക്ക് ഓടി വന്നുകൊണ്ടിരിക്കും. വെയിലിനെ വക വെക്കാതെ ഒരു പറ്റം ചെറുപ്പക്കാര്‍ ഗണപതി കോവില്‍ പറമ്പില്‍ ഫുട്ബോള്‍ കളിക്കുന്നുണ്ട്. കാറിന്‍റെ വേഗത കുറച്ച് അങ്ങോട്ട് നോക്കിയിരുന്നു. കുറച്ചു നേരം കളി കാണണം. വലിയൊരു പൂവരശ് മരത്തിന്നടിയില്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങി.

നീല ഷര്‍ട്ടിട്ട ചെറുപ്പക്കാരന്‍ മൈതാന മദ്ധ്യത്തില്‍ നിന്ന് പന്തുമായി കുതിക്കുകയാണ്. മൂന്നുപേരെ മറി കടന്ന് പെനാല്‍ട്ടി ബോക്സിന്ന് അല്‍പ്പം അകലെ വെച്ച് അവന്‍ ഗോളിലേക്ക് ഊക്കോടെ അടിച്ചു. ഗോളെന്ന് ഉറപ്പിച്ച ആ ഷോട്ട് പിഴച്ചു, പോസ്റ്റില്‍ നിന്ന് ഇഞ്ചുകള്‍ക്കകലെകൂടി പന്ത് പുറത്തേക്ക് പോയി .

ഒരു നിമിഷം ദിലീപ് മേനോന്‍ പഴയ കളിക്കാരനായി മാറി. നാട്ടില്‍ നിന്ന് പതിനഞ്ചു കിലോമീറ്റര്‍ അകലെയുള്ള ഹൈസ്കൂള്‍ ഗ്രൌണ്ടിലാണ് കളി. പ്രാദേശിക ടീമാണ് എതിരാളികള്‍. ജനങ്ങളുടെ സപ്പോര്‍ട്ട് ഉണ്ടായിട്ടും രണ്ട് ഗോളിന്ന് പിറകിലാണ് അവര്‍. ബാക്ക് ലൈനില്‍ നിന്ന് കിട്ടിയ പന്തുമായി ഗോള്‍പോസ്റ്റിലേക്ക് കുതിക്കുകയാണ് അയാള്‍. പെട്ടെന്നാണ് അത് സംഭവിച്ചത്. വെട്ടിയിട്ട മട്ടില്‍ ബോക്സിന്ന് വെളിയില്‍ വെച്ച് തെറിച്ചു വീണു. ഒരു നിമിഷത്തെ അമ്പരപ്പ് മാറുമ്പോള്‍ ജാഫര്‍ അടുത്തുണ്ട്.

'' നീ കയറിക്കോ. ഞാന്‍ ഉടനെയെത്താം '' അവന്‍ പറഞ്ഞു.

കാലിന്ന് തകരാറ് വന്ന മട്ടില്‍ നൊണ്ടിക്കൊണ്ട് വെളിയില്‍ ചെന്നിരുന്നു. കളി വീണ്ടും തുടങ്ങി. മിനുട്ടുകള്‍ക്കകം എതിര്‍ടീമിലെ ഒരു കളിക്കാരനെ ജാഫര്‍ ഫൌള്‍ ചെയ്തു. റഫറി പുറത്താക്കിയതോടെ അവന്‍ അടുത്തെത്തി.

'' നിനക്ക് എങ്ങിനെയുണ്ട് '' അവന്‍ അന്വേഷിച്ചു.

'' കുഴപ്പമില്ല. ക്ഷീണം തോന്നുന്നുണ്ട് ''.

'' നീ നന്നായി ഡ്രിബിള്‍ ചെയ്യും. ബാള്‍ കണ്ട്രോളുണ്ട്. നല്ല ഷോട്ടാണ്. പറഞ്ഞിട്ടെന്താ. നിനക്ക് സ്റ്റാമിന തീരെ പോരാ '' അവന്‍ തുടര്‍ന്നു ''  മത്തനും കുമ്പളങ്ങയും തിന്നാലൊന്നും സ്റ്റാമിന ഉണ്ടാവില്ല. അതിന് ചിക്കണോ ബീഫോ മുട്ടയോ മീനോ ഒക്കെ കഴിക്കണം. നീ എന്നെ നോക്ക്. ഒരുദിവസം മുഴുവന്‍ ഓടിയാലും ഞാന്‍ കിതയ്ക്കില്ല. എന്താ അതിന്‍റെ കാരണംന്ന് നിനക്കറിയ്യോ. ഒന്നും കിട്ടില്യാച്ചാല്‍ ഞാന്‍ രണ്ട് ഉണക്കമത്തിയെങ്കിലും ചുട്ട് ഊണിന്‍റെ ഒപ്പം കഴിക്കും ''. നിമിഷങ്ങള്‍ അടര്‍ന്നു വീണു. കളി തീരാറാവുന്നു.

'' നമുക്ക് വേഗം സ്ഥലം വിടണം '' ജാഫര്‍ പറഞ്ഞു '' ഇല്ലെങ്കില്‍ അടി ഉറപ്പാണ് ''.

'' എന്തിനാ അടിക്കുന്നത് ''.

'' കളീല് അവര് തോല്‍ക്കും. അപ്പോള്‍ തല്ലുണ്ടാവും. രണ്ടു ഗോളടിച്ച നിനക്കും അവരുടെ ആളെ ഫൌള്‍ ചെയ്ത എനിക്കും ഷുവറായിട്ടും കിട്ടും ''.

'' എങ്ങിനേയാ നമ്മള്‍ രക്ഷപ്പെടുക ''.

'' നിന്നെ ഡോക്ടറെ കാണിക്കാന്‍ പോണൂന്ന് പറഞ്ഞ് ഞാന്‍ സൈക്കിളില്‍ കേറ്റി സ്ഥലം വിടും ''. എന്നിട്ടും ഗ്രൌണ്ട് വിടും മുമ്പ് ആരൊക്കേയോ ചേര്‍ന്ന് തടുത്തു.

'' എവിടേക്കാ രണ്ടും കൂടി ''

'' ഇവനെ ഡോക്ടറെ കാണിക്കാന്‍ ''.

'' അങ്ങിനെ സ്ഥലം വിടണ്ടാ ''.

'' ഞങ്ങള് പോണില്ല. ഇവന്‍റെ സൈക്കിള്‍ അവിടെ ഉണ്ട്. അതെടുക്കാന്‍ വരും '' ഗോള്‍ പോസ്റ്റിന്ന് പിന്നില്‍ നിര്‍ത്തി വെച്ച ഏതോ സൈക്കിള്‍ കാണിച്ച് ജാഫര്‍ പറഞ്ഞു. അതോടെ പോവാന്‍ അനുവദിച്ചു.

'' റോഡില്‍ കൂടി പോയാല്‍ അവര് വന്നു പിടിക്കും '' ജാഫര്‍ പറഞ്ഞു '' തോണിക്കടവിന്‍റെ അടുത്തെത്തിയാല്‍ നമ്മള് പുഴയിലേക്ക് ഇറങ്ങും. മുട്ടിന് താഴെ വെള്ളം ഉള്ളു. ഞാന്‍ ഹാന്‍ഡില്‍ബാര്‍ പിടിച്ചു നടക്കാം. നീ കാരിയറില്‍ പിടിച്ച് പിന്നാലെ പോന്നോ. അക്കര കടന്നാല്‍ അവര്‍ക്ക് ഒന്നും ചെയ്യാനാവില്ല ''. ആ സൂത്രം ഫലിച്ചു. പക്ഷെ ടീമിലെ മറ്റു കളിക്കാര്‍ക്കും കളി കാണാന്‍ കൂടെ വന്നവര്‍ക്കും അന്ന് നാട്ടുകാരുടെ കയ്യിന്‍റെ ചൂട് അറിയാനായി.

ഗണപതി കോവിലില്‍ നിന്ന് മണിയൊച്ച കേട്ടു. ദീപാരാധനയ്ക്ക് സമയമായിട്ടുണ്ടാവും. കളി നോക്കി നിന്ന് നേരം പോയതറിഞ്ഞില്ല. ഇനി ഈ നേരത്ത് പപ്പനമ്മാമനെ കാണാന്‍ ചെല്ലുന്നത് ശരിയാണോ. പിന്നീടൊരിക്കല്‍ വന്നു കാണാം. കാറില്‍ കയറി സ്റ്റാര്‍ട്ട് ചെയ്തു. മടങ്ങി ചെല്ലുമ്പോള്‍ വലിയമ്മ വിശേഷങ്ങള്‍ ചോദിച്ചാല്‍ എന്തു പറയും. പിന്നെ മടിച്ചില്ല. കാര്‍ നേരെ കോളനിയിലേക്ക് വിട്ടു.

ഇപ്പോള്‍ റോഡിന്‍റെ ഒരു വശം കുറ്റിക്കാടാണ്. ഇടയ്ക്ക് മുളങ്കൂട്ടവും കരിമ്പനകളും കാണാം. മറു ഭാഗം മുഴുവന്‍ റബ്ബര്‍ തോട്ടങ്ങളാണ്. പാത ചെന്നെത്തിയത് കനാലിന്‍റെ വക്കത്താണ്. അവിടെ നിന്ന് വലത്ത് ഭാഗത്തേക്കുള്ള കനാല്‍ വരമ്പ് കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നു.

ദൂരേ നിന്നേ വഴിവക്കത്തെ പൈപ്പിന്‍ ചുവട്ടില്‍ പത്തിരുപത് കുട്ടികള്‍ നില്‍ക്കുന്നതു കണ്ടു. വേഗത കുറച്ച് അവരെ ശ്രദ്ധിച്ചു. കൂട്ടത്തില്‍ മുതിര്‍ന്നവന്‍ പൈപ്പിന്‍റെ ഹാന്‍ഡില്‍ പൊക്കുകയും താഴ്ത്തുകയും ചെയ്യുന്നുണ്ട്. പൈപ്പിലൂടെ ഒഴുകിയെത്തുന്ന വെള്ളം വലിയൊരു പ്ലാസ്റ്റിക്ക്ബക്കറ്റില്‍ നിറയുന്നുണ്ട്. ഒരു പെണ്‍കുട്ടി അതില്‍ നിന്ന് ചെറിയ പാത്രങ്ങളില്‍ വെള്ളം നിറച്ചു കൊടുക്കുന്നു. മറ്റു കുട്ടികള്‍ വെള്ളം നിറച്ച പാത്രങ്ങളുമായി റോഡിന്‍റെ ഓരത്തു കൂടെ പോവുകയാണ്. കാറ് കണ്ടതും കുട്ടികള്‍ക്ക് അതിലായി കൌതുകം. ഏതോ വിരുതന്‍ ബസ്സിന്ന് കൈ കാണിക്കുന്ന മട്ടില്‍ കൈ നീട്ടി. കാര്‍ അവരുടെ അടുത്ത് നിര്‍ത്തി.

'' പത്മനാഭ മേനോന്‍റെ വീട് ഏതാ '' അവരോട് ചോദിച്ചു. ചെറിയ കുട്ടികളുടെ മുഖത്ത് അമ്പരപ്പ്.

'' മുത്തശ്ശനെയാണ് ചോദിക്കുന്നത് '' വെള്ളം പമ്പു ചെയ്യുന്നവന്‍ പറഞ്ഞു '' ഇവിടെ നിന്ന് നാലാമത്തെ വീട് ''.

മുറിക്കയ്യന്‍ ഷര്‍ട്ടും കറുത്ത കരയുള്ള ഖദര്‍മുണ്ടുമാണ് വേഷം. നരച്ച തലമുടി ചെറുതായി വെട്ടിയിരിക്കുന്നു. മുഖം നിറയെ വെളുത്ത രോമങ്ങള്‍. ഏറ്റവും ഒടുവില്‍ കാണുന്ന സമയത്ത് കാഷായ വസ്ത്രം ധരിച്ച് നീട്ടി വളര്‍ത്തിയ തല മുടിയും താടിയുമായിരുന്നു പപ്പനമ്മാമന്. ഓരോ തവണ ഓരോ വിധത്തിലാണ് അദ്ദേഹം  പ്രത്യക്ഷപ്പെടാറ്.

കമ്പി വേലിക്കപ്പുറത്ത് ചെറിയൊരു പച്ചക്കറിത്തോട്ടമാണ്. കുട്ടികള്‍ ചെടികള്‍ക്ക് വെള്ളമൊഴിക്കുന്നത് നോക്കി നില്‍ക്കുകയാണ് പപ്പനമ്മാമന്‍.

'' മുത്തച്ചേ ആരോ വരുണൂ '' ഒരു ചെറിയ കുട്ടി പപ്പനമ്മാമനെ തോണ്ടി വിളിച്ചു. അദ്ദേഹം തിരിഞ്ഞു നോക്കി.

'' ദീപൂ. താന്‍ എപ്പോഴാ വന്നത് ''.

'' ഇന്നലെ വൈകുന്നേരം '' അയാള്‍ പറഞ്ഞു '' ഇന്ന് രാവിലെ ഒരു ഗസ്റ്റ് വന്നിരുന്നു. അതാണ് കാലത്ത് വരാഞ്ഞത് ''.

'' അതു നന്നായി. രാവിലെ ഞാനും പഞ്ചായത്ത് ഓഫീസുവരെ പോയിരുന്നു''.

'' എന്താ ഇപ്പോള്‍ പച്ചക്കറി കൃഷിയാണോ ''.

'' എടോ, താന്‍ ഈ ചെറിയ കുട്ടികളെ കണ്ടില്ലേ. മൂന്ന് വയസ്സു മുതല്‍ പത്തു പതിനാല് വയസ്സുവരെയുള്ളവരുണ്ട് ഈ കൂട്ടത്തില്‍  '' പപ്പനമ്മാമന്‍ തുടര്‍ന്നു '' ജൈവ വളം ഉപയോഗിച്ച് പച്ചക്കറികൃഷി ചെയ്യുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ നാടുനീളെ സെമിനാറും പ്രസംഗവും. എന്നിട്ടെന്താ നൂറാള് കേട്ടിട്ട് പോയാല്‍ രണ്ടാള് എന്തെങ്കിലും ചെയ്താലായി. ബാക്കി മുഴുവന്‍ വെറും വേസ്റ്റ്. ഞാന്‍ ഇവിടെ ഈ കുട്ടികളെ കൃഷി ചെയ്യിച്ച് പഠിപ്പിക്കയാണ്. അനുഭവങ്ങളിലൂടെ വേണം എന്തും പഠിക്കാന്‍. തൊഴിലിന്‍റെ മഹത്വം അവര്‍ മനസ്സിലാക്കട്ടെ ''.

'' ഒക്കെ നനച്ചു. ഇനിയെന്താ ചെയ്യേണ്ടത് മുത്തശ്ശാ '' മുളകു ചെടിക്ക് വെള്ളം ഒഴിച്ചു വന്ന കുട്ടി ചോദിച്ചു.

'' എല്ലാവരും വീടുകളില്‍ ചെന്ന് കുളിച്ചു വൃത്തിയായിട്ടു വരിന്‍. നമുക്ക് കഥ പറയണ്ടേ ''.

'' വേണം '' കുട്ടികളുടെ സംഘം പിരിഞ്ഞു.

'' വലിയമ്മാമന്‍ കോളനീല് വീടുണ്ടാക്കി എന്ന് വലിയമ്മ പറഞ്ഞിരുന്നു. ഇത്രയധികം വീടുകള്‍ ഉണ്ടാവുമെന്ന് കരുതിയില്ല ''.

'' തറവാട് ഭാഗിച്ചപ്പോള്‍ ഇവിടെയാണ് എനിക്ക് സ്ഥലം നീക്കിവെച്ചത്. ആ കാലത്ത് മനുഷ്യന്‍ ഇങ്ങോട്ട് വരില്ല. നട്ടുച്ച നേരത്ത് കുറുക്കന്‍ ഓരിയിടുന്ന ഇടമായിരുന്നു. അടിയന്തരാവസ്ഥ കഴിഞ്ഞ് ജയിലിന്ന് വന്നപ്പോള്‍ വീടുണ്ടാക്കാന്‍ സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ഭാഗിച്ചു കിട്ടിയ സ്ഥലം വീതിച്ചു കൊടുക്കണമെന്ന് എനിക്കൊരു മോഹം തോന്നി. പക്ഷെ അന്ന് അനന്ത്രോപ്പാട് അതിന് എതിരു പറഞ്ഞു. അയാള്‍ക്ക് റബ്ബര്‍ വെക്കാന്‍ ഈ സ്ഥലം വേണം. പറ്റില്ലാന്ന് ഞാന്‍. ഒടുക്കം ഒന്നും രണ്ടും പറഞ്ഞ് അന്യോന്യം സുഖമില്ലാതെ പിരിയേണ്ടി വന്നു. ഇപ്പോ വഴിക്കുവെച്ച് എന്നെ കണ്ടാല്‍ കാണാത്ത ഭാവത്തില്‍ പോവും ''. ചോദിച്ചത് കിട്ടിയില്ലെങ്കില്‍ കുഞ്ഞുണ്ണിമാമയ്ക്ക് പിണക്കം തോന്നും. അമ്മയോടും അതല്ലേ ഉണ്ടായത്.

'' സുശീലടെ ഷഷ്ടിപൂര്‍ത്തി ഇവിടെ വെച്ച് നടത്തുന്നൂന്ന് സുഭദ്ര പറഞ്ഞു. എല്ലാവരും എത്തീലേ ''. ഒന്നൊഴിയാതെ സകല വിവരങ്ങളും പപ്പനമ്മാമനോട് പറഞ്ഞു.

'' അപ്പോള്‍ താന്‍ കുറച്ചു ദിവസം ഇവിടെത്തന്നെയൊക്കെ ഉണ്ടാവും അല്ലേ. സൌകര്യം കിട്ടുമ്പോഴൊക്കെ ഇങ്ങോട്ട് ഇറങ്ങ്വാ ''. ശരി എന്ന മട്ടില്‍ തലയാട്ടി.

'' നാള് കേറ്റെറെക്കം വന്നില്ലെങ്കില്‍ സുശീലടെ പിറന്നാള് കഴിഞ്ഞ് ഇരുപത്തെട്ടാം പക്കം എന്‍റെ പിറന്നാളാണ്. ഒരേ നക്ഷത്രാണ് ഞങ്ങള് രണ്ടാളും. രേവതി. ഇക്കൂറി എനിക്ക് തൊണ്ണൂറ് വയസ്സ് തികയും. പത്മനാഭ മേനോന്‍റെ നവതി ആഘോഷിക്കണം എന്നും പറഞ്ഞ് കുറച്ചു പേര്‍ ഇറങ്ങി പുറപ്പെട്ടിട്ടുണ്ട്. ഓരോരുത്തരുടെ മോഹോല്ലേ. അങ്ങിനെ ആവട്ടെ എന്ന് ഞാനും വെച്ചു. എന്തിനാ ബഫൂണ്‍ തമാശ കാണിക്കുന്നത്. തന്നത്താന്‍ ചിരിക്കാനല്ലല്ലോ. മറ്റുള്ളോര് ചിരിക്കാനല്ലേ. അങ്ങിനെ കരുതിയാല്‍ മതി ''.

'' എങ്കില്‍ ആഘോഷങ്ങള്‍ക്ക് ഞാനും ഉണ്ടാവും. നമുക്ക് സംഗതി പൊടിപൊടിക്കണം ''.

'' താനിന്ന് ഇവിടെ കൂടുന്നോ. രാത്രിക്ക് കഞ്ഞിയും ചമ്മന്തിയും ആരെങ്കിലും കൊണ്ടു വന്നു തരും. അതും കഴിച്ച് ഓരോന്ന് പറഞ്ഞോണ്ട് കിടക്കാം ''.

'' വലിയമ്മ കാത്തിരിക്കും ''.

'' എന്നാല്‍ പൊയ്ക്കോളൂ. ഇരുട്ടാവാന്‍ നില്‍ക്കണ്ടാ ''. കുട്ടികള്‍ കുളിച്ചൊരുങ്ങി വന്നു തുടങ്ങി. പപ്പനമ്മാമന് കഥ പറയാനുള്ള സമയമായി. ദിലീപ് മേനോന്‍ എഴുന്നേറ്റു.

'' ഇനിയെന്നാ ഈ വഴിക്ക് കാണ്വാ ''.

'' നാളെത്തന്നെ ഞാന്‍ വരുന്നുണ്ട് ''.

'' എന്നാല്‍ കാലത്തന്നെ പോന്നോളൂ. ഉച്ചയ്ക്കുള്ള ഊണ് ഇവിടുന്നാവാം ''.

'' വിശേഷിച്ച് എന്തെങ്കിലും വിഭവം ഉണ്ടാവ്വോ '' അയാള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.

'' നല്ല ഇടിച്ചക്കയുണ്ട്. അതോണ്ട് പൊടിത്തൂവലുണ്ടാക്കാം. ചെനച്ച മാങ്ങകൊണ്ട് ഒരു അരച്ചുകലക്കിയും. പിന്നെ പതിവുപോലത്തെ എന്തെങ്കിലും ''.

'' എങ്കില്‍ ഞാന്‍ നേരത്തെയെത്താം. വെപ്പുപണി രണ്ടാളും കൂടി ''.

'' താന്‍ വെറുതെ കണ്ടോണ്ട് ഇരുന്നാല്‍ മതി. വലിയമ്മാമന്‍റെ കൈപ്പുണ്യം എങ്ങിനെ ഉണ്ടേന്ന് അറിയാലോ '' പപ്പനമ്മാമന്‍ തുടര്‍ന്നു '' കുറച്ചായിട്ട് വല്ലോരും കൊണ്ടുവന്ന് തരുന്നതും കഴിച്ച് ഇരിക്ക്യാണ്. ആരും നാളെ ഒന്നും കൊണ്ടുവരണ്ടാ എന്ന് ഇന്നന്നെ പറഞ്ഞേല്‍പ്പിക്കാം ''.

'' വലിയമ്മാമയ്ക്ക് എന്താ വേണ്ടത് ''

'' ദൈവം സഹായിച്ച് എനിക്ക് ഒന്നിനും ഒരു ബുദ്ധിമുട്ടില്ല. നിങ്ങളൊക്കെ വര്വാ കാണ്വാ, എന്താന്ന് ചോദിക്ക്യാ. അത്രയൊക്കെ വേണ്ടൂ ''.

'' അതൊക്കെ എപ്പോഴും ഉണ്ടാവും ''.

'' ഞാന്‍ എന്തു പണിയാ കാട്ട്യേത്. തന്നെ മുറ്റത്തുതന്നെ നിര്‍ത്തി സംസാരിച്ചു. വാ, അകത്തു കയറി കണ്ടിട്ടു പോവാം  ''

''  നാളെ വരുമ്പോള്‍ കാണാലോ '' കാറിനടുത്തേക്ക് നടന്നു.

7 comments:

 1. സത്യം പറഞ്ഞാൽ എന്തൊരു രസമാണെന്നറിയുമോ കേരളേട്ടാ ഇത് വായിക്കാൻ... പലപ്പോഴും മനസ്സ് വിങ്ങുന്നു...

  ReplyDelete
 2. ഓഫീസില്‍ വച്ചാണ് ഈ അദ്ധ്യായം വായിച്ചത്. മൊബൈല്‍ ഫോണില്‍ ടൈപ്പ് ചെയ്ത് ഒരു കമന്റിടാനുള്ള പാടോര്‍ത്ത് വീട്ടില്‍ വന്നിട്ടാകാം എന്ന് വിചാരിച്ച് മറന്നുപോയി.
  ഫുട് ബോള്‍ കോര്‍ട്ടില്‍ നിന്ന് ഊരിപ്പോന്ന രംഗം കലക്കി
  ബാക്കിയൊള്ളോര് വാങ്ങിക്കൂട്ടിയാലെന്താ!!
  പപ്പമ്മാവനും കുട്ട്യോളും കൂടെ ജൈവകൃഷി ചെയ്ത് പഠിയ്ക്കട്ടെ
  അടുത്ത ലക്കത്തിനായി കാത്തിരിയ്ക്കാം!

  ReplyDelete
 3. വിനുവേട്ടന്‍,
  കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞ് സന്തോഷിക്കുന്നു.
  ajith,
  നോവല്‍ സൂക്ഷ്മമായി വിശകലനം ചെയ്ത് അഭിപ്രായം അറിയിക്കുന്നത് വലിയൊരു പ്രോത്സാഹനമാണ്.

  ReplyDelete
 4. അനുഭവങ്ങളിലൂടെ വേണം എന്തും പഠിക്കാന്‍..
  കൃഷി ആയാലും (അടിയിൽ നിന്ന് രക്ഷപ്പടൽ ആയാലും...)

  വയസ്സ് 90 ആയ ഒരു ആൾ ഇത്രയും സുഖമായി ഇരിക്കുന്നത് കണ്ടു മനസ്സ് കുളിര്ത്തു

  നല്ല മനസ്സായത് കൊണ്ടാകാം ഈ ആരോഗ്യം... അല്ലെ?
  അടുത്ത ഭാഗം വായിക്കാൻ ധൃതി ആയി

  ReplyDelete
 5. പപ്പമ്മാവനെ മനസ്സില് കണ്ടു - ആ രൂപം

  ReplyDelete
 6. Nalina,
  ചിട്ടയായ ജീവിതമൊന്നും പപ്പനമ്മാമന് വിധിച്ചിട്ടില്ല. എങ്കിലും അരോഗദൃഡഗാത്രനായിരിക്കുന്നത് മറ്റുള്ളവർക്ക് അദ്ദേഹത്തിനെക്കൊണ്ട് ആവശ്യമുള്ളതിനാലാവാം.

  ഡോക്ടർ,
  വായനക്കാരന് കഥാപാത്രത്തെ ഉൾക്കൊള്ളാൻ കഴിയുന്നു എന്നത് വളരെ സന്തോഷം.ഉളവാക്കുന്ന കാര്യമാണ്.

  ReplyDelete
 7. പപ്പനമ്മാവൻ കൊള്ളാം.
  പൊടിത്തൂവൽ എന്താണു?മനസിലായില്ല.

  ReplyDelete