Sunday, October 6, 2013

അദ്ധ്യായം - 14.


'' ഇന്നലെയാണോ നിങ്ങള് അവിടുന്ന് പോന്നത് '' പപ്പനമ്മാമൻ ദിലീപ് മേനോനെ കണ്ടതും ചോദിച്ചു.

'' അല്ല. ഞങ്ങള് ഞായറാഴ്ച തന്നെ എത്തി. ചെറിയമ്മയ്ക്ക് സ്കൂളുള്ളതല്ലേ ''.

'' ദീപൂനേ ഇന്നലെ കാണാഞ്ഞപ്പോൾ എനിക്ക് സംശയം തോന്നി. അതാ ചോദിച്ചത് ''.

'' ഇന്നലെ എനിക്ക് ആലത്തൂരുവരെ പോവാനുണ്ടായിരുന്നു. തിരിച്ചെത്താൻ വൈകി ''.

സരസ്വതിയമ്മയെ പോയി കാണാമെന്ന് അനിതയ്ക്ക് വാക്കുകൊടുത്തതും അതിന് കഴിയാതെ പോയതും കഴിഞ്ഞ ആഴ്ചയിലെ നാലു ദിവസവും തറവാട്ടിൽ പ്ലംബിങ്ങ് പണികൾ ചെയ്യിച്ചതും അതു കാരണം ആലത്തൂരിലേക്ക് പോവാൻ കഴിയാതെ വന്നതുമെല്ലാം അയാൾ വിവരിച്ചു.

'' ഞാൻ ചെന്നു കണ്ടപ്പോൾ അവർക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. എൻറെ അനിതക്കുട്ടിക്ക് പറ്റിയ ആളാണെന്നും പറഞ്ഞ് തലയിൽ കൈവെച്ചു ''.

'' സമ്പാദ്യം എന്നു പറഞ്ഞാൽ ഇതാണ് ദീപൂ. ഈ നേടിയത് ഒരു കാലത്തും നഷ്ടപ്പെടില്ല ''.

'' അതിരിക്കട്ടെ. പപ്പനമ്മാമൻ പോയ കാര്യം എന്തായി ''.

'' അതൊക്കെ അങ്ങിനെ നടന്നു. ഞങ്ങളുടേത് തീരെ ചെറിയൊരു സംഘടനയല്ലേ. അത്രയേറേ ആളുകളൊന്നും പരിപാടികൾക്ക് ഉണ്ടായിരുന്നില്ല. പക്ഷേ പങ്കെടുത്ത ആളുകൾക്കൊക്കെ നല്ല സന്തോഷമായി ''.

''രാഷ്ട്രീയ നേതാക്കളാരും വന്നില്ലേ ''.

'' കുറച്ചുപേർ വന്ന് മുഖം കാണിച്ചു പോയി. വോട്ടു മാത്രമല്ലേ അവരുടെ നോട്ടം. ഏതെങ്കിലുമൊരു സാമുദായത്തെ പ്രതിനിധീകരിക്കുന്ന സംഘടനയുടെ പരിപാടിയാണെങ്കിൽ അവർ കുറച്ചു കൂടി താൽപ്പര്യം കാട്ടും. ഇത് അങ്ങിനെയല്ലല്ലോ. കിടപ്പാടം ഇല്ലാത്ത കുറെപേർ ഒത്തുകൂടിയതല്ലേ ''.

'' പ്രകടനവും സമ്മേളനവും നടത്തിയതോണ്ട് സ്ഥലവും വീടും കിട്ട്വോ ''.

'' കിട്ടേണ്ടതല്ലേ. തല ചായ്ക്കാനൊരിടം മനുഷ്യൻറെ ജന്മാവകാശമാണ്. സർക്കാർ യാതൊന്നും ചെയ്യുന്നില്ല എന്നല്ല പറയുന്നത്. ദുർബ്ബല വിഭാഗക്കാർക്ക് സ്ഥലം വാങ്ങാനും വീട് നിർമ്മിക്കാനും ധനസഹായം നൽകുന്നുണ്ട്. പക്ഷെ അത് എല്ലാവർക്കും കിട്ടില്ല. ചില വിഭാഗം ആളുകൾക്കായി ആ സഹായങ്ങൾ നീക്കിവെക്കുകയാണ് ചെയ്യുന്നത്. അത് പാടില്ല. അർഹിക്കുന്നവർക്കെല്ലാം ഇത്തരം സഹായങ്ങൾ നൽകണമെന്നതാണ് ഞങ്ങളുടെ ആവശ്യം ''.

'' കിട്ടിയാൽ നല്ല കാര്യമാണ് ''.

'' അത്രയേ ഞങ്ങളും കരുതുന്നുള്ളു. പലവട്ടം മുട്ടിവിളിക്കുമ്പോൾ തുറക്കാത്ത വാതിലില്ലല്ലോ. ഇനി നിങ്ങൾ പോയ വിശേഷങ്ങൾ പറയൂ ''.

ശനിയാഴ്ച യാത്ര പുറപ്പെട്ടതു മുതൽ തിരിച്ച് തറവാട്ടിലെത്തുന്നതുവരെയുള്ള സംഭവങ്ങളെല്ലാം ദിലീപ് മേനോൻ വർണ്ണിച്ചു.

'' രാജിയുടെ കുടുംബത്തിൻറെ ചുറ്റുപാടുകളൊന്നും ദീപു പറഞ്ഞില്ലല്ലോ. കഴിഞ്ഞ തവണ ഞാൻ പറഞ്ഞിരുന്നതുപോലെ അവർ കടക്കെണിയിലാണോ, എങ്കിൽ നമുക്ക് എന്തു ചെയ്യാൻ പറ്റും. അതല്ല ഭാസ്ക്കരൻ കടം വീട്ടിക്കഴിഞ്ഞോ. അതൊക്കെയാണ് എനിക്ക് അറിയേണ്ടത് ''.

'' ഞാൻ അത് പറയാൻ തുടങ്ങുകയായിരുന്നു. ഭാസ്ക്കരേട്ടൻറെ അമ്മ മരിച്ച സമയത്താണ് ആ കടം വാങ്ങിയത് എന്നല്ലേ രാജിചേച്ചി എഴുതിയത്. എന്നാൽ സംഗതി അങ്ങിനെയല്ല. അതിനും ഒരുകൊല്ലം മുമ്പ് ഏട്ടൻ പതിനയ്യായിരം ഉറുപ്പിക ബ്ലേഡിൽ നിന്ന് വാങ്ങിയിരുന്നു. കുറച്ചു കാലം മുടങ്ങാതെ തവണകൾ അടച്ചിരുന്നു. അപ്പോഴാണ് അമ്മ കിടപ്പിലാകുന്നതും മരിക്കുന്നതും. കടം വീടുന്നതിന്നു മുമ്പ് വീണ്ടും പതിനയ്യായിരം രൂപ വാങ്ങി. കുട്ടിയുടെ ചികിത്സയും രാജിച്ചേച്ചിയുടെ അസുഖവും കൂടിയായപ്പോൾ തവണയടക്കാൻ പണം തികയാതായി. ഇപ്പോൾ മുതലും പലിശയും കൂടി ഒരുലക്ഷം കടന്നു എന്നാ പറഞ്ഞത്. എങ്ങിനെ അത്രയധികം പലിശ വന്നു എന്ന് എനിക്ക് ഒട്ടും മനസ്സിലായില്ല ''.

'' ബ്ലേഡുകാർ ബാങ്കുകളുടെ പലിശനിരക്കിലല്ല കടം കൊടുക്കുന്നത്. കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് സംഖ്യ പെരുകും. മീറ്റർ പലിശ എന്നൊരു ഏർപ്പാടുണ്ട്. കടം വാങ്ങുന്ന സമയംതൊട്ട് മണിക്കൂർവെച്ച് പലിശ കൂടും. ഒടുവിൽ മുതലും പലിശയും കൊടുത്തു തീർക്കാനാവതെ വരുമ്പോൾ  ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തിയും പലവിധത്തിൽ അപമാനിച്ചും പിരിച്ചെടുക്കാൻ നോക്കും. അതും പറ്റാതെ വന്നാൽ പണയം കാണിച്ച വസ്തുക്കൾ അവർ എടുക്കും. അപമാനം ഭയന്ന് ആത്മഹത്യ ചെയ്ത എത്രയോ പേരുണ്ട് ''.

'' അതു ശരി. വെറുതെയല്ല ഭാസ്ക്കരേട്ടൻ ഇത്ര വലിയ കടക്കാരനായത് ''.

'' എന്നിട്ട് എന്തു ചെയ്തു ''.

'' വലിയമ്മയ്ക്ക് വല്ലാത്ത ആധിയായി. നറുക്ക് കിട്ടിയ പണം കൊടുക്കാമെന്ന് രാജിച്ചേച്ചിയോട് പറയുന്നത് കേട്ടു. അത്രയും തുക എൻറെ കയ്യിൽ എടുക്കാൻ ഉണ്ടായിരുന്നില്ല. ഞാൻ ജാഫറിനെ വിളിച്ച് വിവരം പറഞ്ഞു. വൈകുന്നേരത്തേക്ക് അവൻ പണം എത്തിച്ചു തന്നു. ഭാസ്ക്കരേട്ടനെ കൂട്ടി ചെറിയച്ഛനും ഞാനും ചെന്ന് കടം വീട്ടി ആധാരവും ചെക്കുകളും മടക്കി വാങ്ങി ''.

'' എന്താ ജാഫറുമായി ഇങ്ങിനെയൊരു അടുപ്പം ''.

'' പഠിക്കുമ്പോഴേ ഞങ്ങൾ അടുത്ത കൂട്ടുകാരായിരുന്നു. ഞാൻ ജോലിയായി പോയതിന്നു ശേഷവും  ആ ബന്ധം നിലനിർത്തി. എൻറെ സമ്പാദ്യത്തിൽ കുറച്ചൊക്കെ അയാളുടെ കൂടെ ബിസിനസ്സിൽ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്. എനിക്ക് എന്ത് ആവശ്യം വന്നാലും ജാഫർ അത് നടത്തിത്തരാറുണ്ട് ''.

'' അല്ലെങ്കിലും ബന്ധുക്കളെന്ന് പറയുന്നവരേക്കാൾ അടുത്ത സുഹൃത്തുക്കൾ തന്നെയാണ് നല്ലത് ''.

'' അത് എനിക്ക് നേരത്തേ മനസ്സിലായി. അനിതയെ കല്യാണം കഴിച്ച വിവരം അറിഞ്ഞ ഉടനെ ജാഫർ ഭാര്യയേയും മക്കളേയും കൂട്ടി കാണാൻ വന്നിരുന്നു. എൻറെ അനിയത്തിക്കുപോലെ അത് തോന്നിയില്ല. എത്ര പണം മുടക്കിയിട്ടാണ് അവർ വന്നത് എന്നാലോചിക്കുമ്പോഴേ ആ സ്നേഹം മനസ്സിലാവൂ ''.

'' തുടക്കത്തിൽ എല്ലാവർക്കും ഇഷ്ടക്കേട് ഉണ്ടായിരുന്നു. അതായിരിക്കും പെങ്ങൾ വരാഞ്ഞത്. ഇനി അത് മനസ്സിൽ കൊണ്ടു നടക്കണ്ടാ. ഇപ്പൊ എല്ലാവരും യോജിപ്പായില്ലേ ''.

'' കടം വീട്ടി കഴിഞ്ഞതും രാജിച്ചേച്ചിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല ''.

'' അതില്ലാതിരിക്ക്വോ. ആ പെൺകുട്ടി അത്ര കണ്ട് തീ തിന്നിട്ടുണ്ടാവും ''.

'' രാജിചേച്ചിയുടെ ആഭരണങ്ങൾ കുറെയൊക്കെ വിറ്റിരിക്കുന്നു. ബാക്കിയുള്ളത് ബാങ്കിൽ പണയം വെച്ചിരിക്കുകയാണെന്ന് പറഞ്ഞു. കെട്ടുതാലി ഒരു ചരടിൽ കോർത്തിട്ടിരിക്കുന്നതാണ് കണ്ടത് ''.

'' അത്ര കഷ്ടത്തിലാണെന്ന് അറിഞ്ഞില്ല. അവൾ അറിയിച്ചതുമില്ല ''.

'' വലിയമ്മ കഴുത്തിലെ മാല ഊരി മകൾക്ക് കൊടുത്തു. അടുത്ത ആഴ്ച ഭാസ്ക്കരേട്ടനെ വരാൻ പറഞ്ഞിട്ടുണ്ട്. ബാങ്കിലെ കടം വീട്ടാനുള്ള പൈസ കൊടുക്കാമെന്ന് പറയുന്നത് കേട്ടു ''.

'' സുശീലടെ ഷഷ്ടിപൂർത്തിക്ക് എല്ലാവരും ഒത്തു കൂടുമ്പോൾ അവളുടെ ദേഹത്തും എന്തെങ്കിലും വേണ്ടേ ''.

'' തീർച്ചയായും വേണം. ഞാൻ ഈ കാര്യം അനിതയോട് പറഞ്ഞു. അവൾ രാജിച്ചേച്ചിയുടേ രണ്ടു പെണ്മക്കൾക്കും ഓരോ മാല കൊടുക്കുന്നുണ്ട് ''.

'' വളരെ നന്നായി. ആട്ടേ, അവളുടേയും കുട്ടിയുടേയും സുഖക്കേട് എങ്ങിനീണ്ട് ''.

'' സത്യം പറയാലോ, രാജിച്ചേച്ചിയെ കണ്ടിട്ട് എനിക്ക് മനസ്സിലായില്ല. അത്രയ്ക്ക് മാറിയിട്ടുണ്ട്. കോട്ടക്കലിൽ ചെന്ന് കിടത്തി ചികിത്സിക്കണം എന്നു വിചാരിച്ച് നടന്നില്ല എന്നു പറഞ്ഞു. ഈ വെക്കേഷന് ചികിത്സയ്ക്ക് ചെന്നോളാൻ പറഞ്ഞിട്ടുണ്ട്. പൈസ ഞാൻ എത്തിച്ചു കൊടുക്കും ''.

'' കുട്ടിയുടെ കാര്യം ''.

'' എന്തൊക്കേയോ മരുന്ന് കൊടുക്കുന്നുണ്ട്. അതൊന്നും പോരാ. നല്ലൊരു ഡോക്ടറെ കാണിച്ച് ചികിത്സിപ്പിക്കണം. ഞാൻ പോവുന്നതിന്ന് മുമ്പ് അതും ചെയ്യും ''.

'' ഇതൊക്കെയാണ് ചെയ്യേണ്ടത്. അല്ലാതെ കാറ് വാങ്ങിക്കൊടുക്കലല്ല ''.

'' എനിക്കത് മനസ്സിലായി ''.

'' ദീപു വന്നതു കാരണം അവളുടെ ബാദ്ധ്യതയൊക്കെ തീർന്നു. ഇപ്പോൾ അവൾക്ക് മനസ്സമാധാനം ആയിട്ടുണ്ടാവും ''.

'' പഴയ രാജിയൊന്ന്വോല്ല. അവള് ജീവിക്കാൻ പഠിച്ചിരിക്കുന്നൂ എന്ന് ചെറിയച്ഛൻ പറഞ്ഞു ''.

'' അതെന്താ അങ്ങിനെ തോന്നാൻ ''.

'' മുറ്റം കുറച്ചേയുള്ളു. അവിടെ വെണ്ടയും വഴുതിനയും കയ്പ്പക്കയും ഒക്കെ വെച്ചിട്ടുണ്ട്. ഒക്കെ കായ്ക്കാറായി. അതു പോരാഞ്ഞിട്ട് അഞ്ചെട്ട് ആടുകളും ഉണ്ട് ''.

'' ഭേഷ്. ആടുകൾക്ക് തിന്നാൻ എളുപ്പമായി ''.

'' മുറ്റത്തിൻറെ ഒരു ഓരത്ത് മുളയുടെ അലകുകളും തെങ്ങോല മെടഞ്ഞതും കൊണ്ട് ആടുകളെ കെട്ടാൻ ഒരു കൂടുണ്ടാക്കിയിട്ടുണ്ട്. അതിലാണ് വളർത്തുന്നത് ''.

പത്തു തവണ ക്ലോക്ക് ശബ്ദിച്ചു. പപ്പനമ്മാമൻ എഴുന്നേറ്റു.

'' ദീപൂ. ഒരു ജാഥയ്ക്ക് സ്വീകരണം കൊടുക്കുന്നുണ്ട്. പത്തു മിനുട്ട് നേരത്തെ പരിപാടിയേ ഉള്ളു. അതു കഴിഞ്ഞതും ഞാനെത്തും. അതുവരെ വല്ലതും വായിച്ച് ഇരുന്നോളൂ ''.

ഒറ്റയ്ക്കായപ്പോൾ രാജിച്ചേച്ചിയെക്കുറിച്ചുള്ള ഓർമ്മകളെത്തി. ചെറിയച്ഛൻ പറഞ്ഞത് നേരാണ്. പഴയ രാജിച്ചേച്ചിയല്ല ഇപ്പോഴുള്ളത്. അനുഭവങ്ങൾ അവരെ മറ്റൊരാളാക്കിയിരിക്കുന്നു. സ്വന്തം പ്രാരബ്ധങ്ങൾ മറി കടക്കാൻ ആ പാവം ആവുന്നതൊക്കെ ചെയ്യുന്നുണ്ട്. കുട്ടികൾ മൂന്നുപേരും സ്കൂളിൽ പോവാൻ തുടങ്ങിയതോടേ എന്തെങ്കിലും വരുമാനമുണ്ടാക്കണമെന്ന തോന്നലുണ്ടായി. പഠിപ്പില്ലാത്തതിനാൽ നല്ല ജോലിയൊന്നും കിട്ടില്ലെന്ന അറിവിൽ ഒരു മഹിള കുടിൽ വ്യവസായ കേന്ദ്രത്തിൽ പോയി തുടങ്ങി. മെഴുകുതിരി നിർമ്മാണം, അച്ചാറുണ്ടാക്കൽ എന്നിവയൊക്കെയാണ് പണികൾ. കൊല്ലങ്ങളോളം അതു ചെയ്തു. അടുത്ത കാലത്താണ് അത് വേണ്ടെന്നു വെച്ചത്.

കാണാൻ ചെന്ന ദിവസം വൈകുന്നേരം ഒറ്റയ്ക്കു വിളിച്ച് രാജിച്ചേച്ചി സംസാരിക്കുകയായിരുന്നു.

'' പണി കഷ്ടമുള്ളതൊന്നും അല്ല '' അവർ പറഞ്ഞു '' പണിസ്ഥലത്തിലേക്ക് ഇവിടെ നിന്ന് രണ്ടു നാഴിക ദൂരമുണ്ട്. ബസ്സില്ല. ഓട്ടോറിക്ഷയ്ക്ക് പോയാൽ മുതലാവില്ല. രാവിലേയും വൈകുന്നേരവും നടക്കണം. കാലിൻറെ മുട്ടിന്ന് വേദനയായതോടേ വേണ്ടെന്നുവെച്ചു. എന്നിട്ടാണ് ആടുവളർത്തൽ തുടങ്ങിയത് ''.

'' ആട്ടിൻപാലിന്ന് ഔഷധഗുണം ഉണ്ട് ചേച്ചി '' ദിലീപ് മേനോൻ അറിയാവുന്ന കാര്യം വിളമ്പി.

'' അതൊന്നും നോക്കിയിട്ടല്ല ഇവറ്റയെ വളർത്തുന്നത്. ഒരു പ്രസവത്തിൽ മൂന്നോ നാലോ കുട്ടികൾ ഉണ്ടാവും. കുറച്ച് കഷ്ടപ്പെട്ടാലും വലുതാക്കിയാൽ വാങ്ങാൻ ആളെത്തും. പെരുനാളിന്ന് ആടിനെ വാങ്ങാൻ വരുന്നവർ പറഞ്ഞ വില തരും ''.

'' ഇതിനൊക്കെ തീറ്റ കൊടുക്കാൻ എന്താ ചെയ്യാ ''.

'' കുട്ടികളും ഏട്ടനും സ്കൂളിലേക്ക് പോയാൽ ഞാൻ എല്ലാറ്റിനേയും ആട്ടിക്കൊണ്ട് ഏതെങ്കിലും തോട്ടത്തിലോ പറമ്പിലോ ചെല്ലും. ഉച്ചവരെ തിന്നാൻ വിടും. വീട്ടിലേക്ക് മടങ്ങി പോരുമ്പോൾ എവിടെ നിന്നെങ്കിലും കുറെ തൂപ്പുണ്ടാക്കി ഏറ്റിക്കൊണ്ടുവരും. എത്ര തിന്നാൻ ഇട്ടു കൊടുത്താലും ഇവറ്റയ്ക്ക് മതിയാവില്ല. ആയിരം ആനയെ പുലർത്താം അര ആടിനെ ആവില്ല എന്ന് പഴയ ആളുകൾ പറയുന്നത് വെറുതെയല്ല ''.

'' പിന്നെ എന്തിനാ എങ്ങിനെ ബുദ്ധിമുട്ടുന്നത് ''

'' ബുദ്ധിമുട്ടാതെ പറ്റില്ലല്ലോ ദീപൂ. കുടുംബം കഴിയണ്ടേ. അപ്പൊ ഇത്തിരി കഷ്ടപ്പെട്വൊന്നേ ''.

'' ചേച്ചി ഇങ്ങിനെ കഷ്ടപ്പെട്ടിട്ടും ഭാസ്ക്കരേട്ടൻ കടക്കാരനായി അല്ലേ ''.

'' ഏട്ടനെ ഞാൻ ഒരു കാലത്തും കുറ്റം പറയില്ല. ഒന്നൂല്യെങ്കിലും കാണാൻ കൊള്ളാത്ത എന്നെ കല്യാണംകഴിച്ച് ഇട്ടിട്ടുപോയില്യല്ലോ. പണത്തിന് ലേശം കുറവുണ്ടെങ്കിലും ഏട്ടന് സ്നേഹത്തിന് കുറവില്ല. എനിക്ക് അതുമതി. പിന്നെ കഷ്ടപ്പാട്. അത് എൻറെ തലേലെഴുത്ത്. മായ്ച്ചു കളയാൻ ആവില്ല. അനുഭവിച്ച് തീരട്ടെ ''.

'' സ്ഥലത്തിൻറെ പേരിലുള്ള കടം വീടിയില്ലേ. ഇനിയെന്താ ഉദ്ദേശം ''.

'' ജോലീന്ന് പിരിയുമ്പൊ എന്തെങ്കിലും കിട്ടും. അതോണ്ട് അവിടെ ചെറുക്കനെ ഒരു വീട് കെട്ടണം. രണ്ട് പെൺകുട്ടികളുണ്ട്. കല്യാണം കഴിച്ച് അയയ്ക്കാൻ പറ്റിയില്ലെങ്കിലും അടച്ചു കിടക്കാൻ ഒരു കൂരപ്പുര വേണ്ടേ ''.

'' തറവാട്ടിൽ ഇഷ്ടംപോലെ സ്ഥലം ഉണ്ടല്ലോ. പിന്നെന്തിനാ വേറെ വീട് ''.

'' ഇളയമ്മ ഒഴിമുറിവെച്ചു തന്നൂന്ന് കരുതി നിങ്ങൾക്കും കൂടിയുള്ള മുതലല്ലേ അത്. അവിടെ ഞാനും കുട്ട്യേളും താമസാക്കുന്നത് ശരി. പക്ഷേ ഏട്ടൻറെ കാര്യം അതാണോ. എത്രയായാലും അന്യനല്ലേ ''

'' ഇങ്ങിനെയാണോ ചേച്ചി കരുതിയത്. ഞങ്ങൾക്കാർക്കും തറവാടോ സ്ഥലമോ ഒന്നും വേണ്ടാ. നിങ്ങളെയൊക്കെ കാണണം എന്ന് തോന്നുന്നതോണ്ട് വരുന്നു എന്നേയുള്ളു. വലിയമ്മയ്ക്കോ അവകാശികൾക്കോ ഇഷ്ടമില്ല എന്നറിഞ്ഞാൽ ആരും വരാനും പോണില്ല ''.

'' നീയെന്താ ഈ പറയുന്നത്. നീ വരുന്നതും കാത്ത് ഇരിക്കാൻ തുടങ്ങിയിട്ട് കൊല്ലം എത്രയായി എന്നറിയ്യോ. നിനക്ക് ഇഷ്ടമാണ് എന്നു കരുതി എല്ലാ കൊല്ലവും ഞാൻ എവിടെ നിന്നെങ്കിലും പറങ്കിയണ്ടി പെറുക്കി എടുത്തു വെക്കും. കുറെ മാസം കഴിയുമ്പോ നീ വരില്യാന്ന് ബോദ്ധ്യാവും. അപ്പോൾ അതൊക്കെ ആരുടേയെങ്കിലും പറമ്പിൽ കുഴിച്ചിടും. മുളച്ച് വളർന്ന് വലിയ മരമായി കായ്ച്ചു നിൽക്കുന്നതുപോലെ എൻറെ ദീപുമോൻ വലിയ ആളാവട്ടെ എന്ന് മനസ്സിൽ കരുതും. എന്നാലും അത് വറുത്ത് മക്കൾക്ക് കൊടുക്കില്ല. നിന്നെ കണക്കാക്കി വെച്ചത് നിനക്ക് തരാൻ പറ്റിയില്ലെങ്കിൽ ആർക്കും വേണ്ടാ ''.

'' എന്നിട്ടാ ചേച്ചി ഇങ്ങിനെ പറഞ്ഞത് '' ദിലീപ് മേനോന് സങ്കടം തോന്നി.

'' ചേച്ചിക്ക് നിൻറത്ര ബുദ്ധിയും വിവരവും ഇല്ലാന്ന് നിനക്കറിയില്ലേ. നീ വേണ്ടേടാ ക്ഷമിക്കാൻ. എത്രയായാലും എൻറെ പാവാടത്തുമ്പിൽ തൂങ്ങി നടന്നോനല്ലേ നീ ''.

പടിക്കൽ ഓട്ടോറിക്ഷയുടെ ശബ്ദം കേട്ട് എഴുന്നേറ്റു വാതിലിനടുത്തേക്ക് ചെന്നു. പപ്പനമ്മാമൻ വണ്ടിയിൽ നിന്ന് ഇറങ്ങി വരികയാണ്. കയ്യിൽ ഒരു പൊതിക്കെട്ടുണ്ട്.

'' പനങ്കൂമ്പാണ്. കണ്ടപ്പോൾ വാങ്ങി '' പപ്പനമ്മാമൻ പറഞ്ഞു '' ഈ സാധനം നിങ്ങളുടെ നാട്ടിൽ കിട്ടില്ലല്ലോ ''.

'' എനിക്ക് വലിയ ഇഷ്ടമാണ് '' ദിലീപ് മേനോൻ പൊതിക്കെട്ട് ഏറ്റുവാങ്ങി.

12 comments:

 1. നാളെ വായിയ്ക്കാം
  ഇന്ന് അഡ്വാന്‍സ് ആശംസകള്‍ മാത്രം

  ReplyDelete
 2. വായിച്ചു... അടുത്ത ഭാഗത്തിനു കാത്തിരിക്കുന്നു.

  ReplyDelete
 3. വട്ടിയും മീറ്ററും എത്ര പേരെ ദരിദ്രരാക്കി...കഥാവശേഷരാക്കി...എന്നാലും പിന്നെയും.....

  ReplyDelete
 4. മൂന്നാമത്തെ അധ്യായം മുതൽ മുഴുവൻ വായിച്ചു. ഇടയ്ക് വായന മുടങ്ങിപ്പോയിരുന്നു. ബാക്കി ഭാഗങ്ങൾക്കായി കാത്തിരിയ്കുന്നു.
  ആശംസകൾ!

  ReplyDelete
 5. ഹൃദ്യമായി അവതരിപ്പിച്ചു.

  ReplyDelete
 6. വലിയ കുടുംബങ്ങളില്‍ ചിലര്‍ മാത്രം ഇങ്ങനെ രാജിയെ പോലെ കഷ്ടപ്പാട് അനുഭവിക്കേണ്ടി വരുന്നു.അത് അവരുടെ മാത്രം തലയിലെഴുത്താവാം.എന്റെ അമ്മയുടെ തറവാട്ടിലും ഉണ്ടായിരുന്നു ഇങ്ങനെ ഒരു ചേച്ചി. ചന്ദ്രമതി. മക്കള്‍ ഉദ്യോഗസ്ഥരായപ്പോള്‍, ഇപ്പോള്‍ അവരും നല്ല നിലയിലായി.അതുപോലെ രാജിയും ഒരു കാലത്ത്.....

  ReplyDelete
 7. 'ഒന്നൂല്യെങ്കിലും കാണാൻ കൊള്ളാത്ത എന്നെ കല്യാണംകഴിച്ച് ഇട്ടിട്ടുപോയില്യല്ലോ. പണത്തിന് ലേശം കുറവുണ്ടെങ്കിലും ഏട്ടന് സ്നേഹത്തിന് കുറവില്ല. എനിക്ക് അതുമതി. പിന്നെ കഷ്ടപ്പാട്. അത് എൻറെ തലേലെഴുത്ത്. മായ്ച്ചു കളയാൻ ആവില്ല. അനുഭവിച്ച് തീരട്ടെ ''.
  ഇതൊരു വല്ലാത്ത വാചകമാണ്. ഏതൊരു പെണ്ണും ജീവിക്കാൻ ആശ വക്കുന്നത് ഇങ്ങനെയൊക്കെയാണ്. ആശംസകൾ...

  ReplyDelete
 8. ഞാൻ, ദാസേട്ടൻ പുതിയ അദ്ധ്യായം ഇട്ടോന്ന് നോക്കാൻ വന്നതണ്‌. ഇല്ല്യാ.
  ഇത് വായിച്ചപ്പോ കമന്റ്‌ ഇടാൻ വിട്ടുപോയിട്ടോ.

  ''പനങ്കൂമ്പാണ്. കണ്ടപ്പോൾ വാങ്ങി '' - ഇനി കിട്ട്യാ നിക്കും ത്തിരി വേണം. ത്ര കാല്വായി!

  ReplyDelete
 9. നന്നായി അവതരിപ്പിച്ചു.
  അടുത്തത്‌ കാക്കുന്നു.

  ReplyDelete
 10. ajith,
  വായിച്ചുവോ.
  Echmukutty,
  നന്ദി.
  രാജഗോപാൽ,
  ഇപ്പോഴും ബ്ലേഡുകാർ സജീവമാണ്.

  ReplyDelete
 11. Njan Gandharvan,
  സന്തോഷം.
  ആഷിക് തിരൂർ,
  വളരെ നന്ദി.
  Nalina,
  ഏറെ കഷ്ടപ്പാടുകൾ സഹിക്കുന്നവർക്ക് എന്നെങ്കിലും ഒരു നല്ലകാലം വരണ്ടേ..

  ReplyDelete
 12. വി.കെ,
  അതു മാത്രമല്ലേ അവൾക്കൊരു ആശ്വാസം.
  ഡോ. പി. മാലങ്കോട്,
  പാലക്കാട് മാത്രമല്ലേ ഇത് ലഭിക്കൂ.
  പി.വിജയകുമാർ,
  വളരെ നന്ദി.

  ReplyDelete