Tuesday, November 5, 2013

അദ്ധ്യായം - 17.


'' നീയെന്താ പപ്പനമ്മാമൻറെ വീട്ടിലേക്ക് പോവുമ്പോൾ മൊബൈൽ എടുക്കാഞ്ഞത് '' സന്ധ്യയോടെ തറവാട്ടിലെത്തിയ ദിലീപ് മേനോനോട് വലിയമ്മ ചോദിച്ചു.

'' മറന്നതാണ്. അവിടെ ചെന്നപ്പോഴാണ് മൊബൈൽ എടുക്കാത്ത വിവരം അറിഞ്ഞത്. പിന്നെ അതെടുക്കാൻവേണ്ടി തിരിച്ചുവരാൻ മടിച്ചു. എന്താ ആരെങ്കിലും വിളിച്ച്വോ ''.

'' ജാഫർ വിളിച്ചു, പിന്നെ രാജിയും ''.

'' എന്തിനാ രാജിചേച്ചി വിളിച്ചത് ''.

'' ങാ, ആർക്കറിയാം. ഞാൻ ചോദിച്ചപ്പോൾ വെറുതെ വിളിച്ചതാണെന്ന് പറഞ്ഞു ''.

രാജിചേച്ചി വെറുതെ വിളിച്ചതാവുമോ. ചിലപ്പോൾ വലിയമ്മ അറിയാതെ എന്തെങ്കിലും പറയാനുണ്ടെങ്കിലോ. ഏതായാലും വിളിച്ച് അന്വേഷിക്കണം. ആദ്യം ജാഫർ വിളിച്ചത് എന്തിനാണെന്ന് ചോദിക്കാം. മൊബൈൽ റിങ്ങ് ചെയ്തതും അപ്പുറത്ത് എടുത്തു.

'' നീയെന്താ എവിടേക്കെങ്കിലും പോവുമ്പോൾ മൊബൈൽ എടുക്കാത്തത്. ആരെങ്കിലും അത്യാവശ്യമായി വിളിച്ചാൽ എന്താ ചെയ്യാ ''.

'' ക്ഷമിക്ക്. ഇന്ന് അങ്ങിനെ പറ്റിപ്പോയി '' ദിലീപ് മേനോൻ ചിരിച്ചു '' ഇനി എന്തിനാണ് എന്നെ വിളിച്ചത് എന്നു പറയ് ''.

'' തൽക്കാലം ക്ഷമിച്ചിരിക്കുന്നു. ഇനി ഇങ്ങിനെ ഉണ്ടായാൽ നിൻറെ മൂക്ക് ഞാൻ ഇടിച്ച് '' അപ്പോഴേക്കും ഇരുവർക്കും ചിരിപൊട്ടി '' പിന്നെ വിളിച്ചത് മണപ്പുള്ളിക്കാവ് വേലക്ക് പോവുന്ന കാര്യം പറയാൻ വേണ്ടിയാണ് ''.

'' എന്നാണ് വേല ''.

'' ഈ വ്യാഴാഴ്ച ''.

'' ഞാൻ ഇപ്പോഴേ റെഡി ''.

കാൾ കട്ട് ചെയ്ത് നോക്കുമ്പോൾ വലിയമ്മ സംഭാഷണം ശ്രദ്ധിച്ച് നിൽക്കുകയാണ്.

'' വേലയ്ക്ക് പോവാൻ വിളിച്ചതാണല്ലേ '' അവർ ചോദിച്ചു. അതെയെന്ന് തലയാട്ടി.

'' കുംഭമാസത്തിലെ മൂന്നാമത്തെ വ്യാഴാഴ്ചയാണ് മണപ്പുള്ളി ഭഗവതിടെ വേല. ചില കൊല്ലം അത് ഫെബ്രുവരി ഒടുക്കം വരും. അല്ലെങ്കിൽ മാർച്ച് മാസം ആദ്യം. ഇക്കൊല്ലം വേല മാർച്ചിലായി '' വലിയമ്മ പറഞ്ഞു നിർത്തി.

നഗരത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് പുറപ്പെട്ടു വരുന്ന വേലകൾ കോട്ടമൈതാനത്ത് സംഗമിക്കും. പലതരം വണ്ടി വേഷങ്ങൾ, തട്ടിന്മേൽ കൂത്ത്, ഗജവീരന്മാർ, പഞ്ചവാദ്യം എന്നിവ പൊലിമചാർത്തുന്ന ആ മഹോത്സവം കണ്ടിട്ട് കാലമേറെയായി.

'' പോണില്യേ '' വലിയമ്മ അന്വേഷിച്ചു.

'' പിന്നല്ലാതെ '' മറുപടി പറയാൻ ഒട്ടും മടിച്ചില്ല.

വലിയമ്മ തന്ന ചായ കുടിച്ച് മൊബൈലുമായി ഇറങ്ങി. അമ്പലത്തിലേക്കുള്ള വഴി തിരിയുന്ന ദിക്കിലെ കരിങ്കല്ലത്താണി കണ്ടപ്പോൾ അതിൽ കയറി ഇരിക്കാൻ ഒരു മോഹം. ചുറ്റുപാടും ഒന്നുനോക്കി. അടുത്തെങ്ങും ആരുമില്ല. മെല്ലെ അത്താണിയിൽ കയറി മേലോട്ടുനോക്കി കിടന്നു. മൊബൈൽ എടുത്ത് രാജിചേച്ചിയെ വിളിച്ചു.

ഹലോ എന്നു പറയുന്നതിന്നു പകരം ആരാത് എന്ന ചോദ്യം കേട്ടു. രാജിചേച്ചിയാണ്.

'' ഇത് ഞാനാ ചേച്ചീ. ദീപൂ ''.

'' നിന്നെ വിളിച്ചപ്പോൾ അമ്മയാണ് എടുത്തത്. പപ്പനമ്മാമൻറെ വീട്ടിലേക്ക് പോയി എന്നു പറഞ്ഞു ''.

'' ഞാൻ പോവുമ്പോൾ മൊബൈൽ എടുക്കാൻ മറന്നു. ആട്ടെ, എന്തിനാ ചേച്ചി എന്നെ വിളിച്ചത് ''.

'' ഭാസ്ക്കരേട്ടന് ഭാഗത്തിൽ കിട്ടിയ സ്ഥലം കൊടുത്താലോ എന്നൊരാലോചന. വീട് ഉണ്ടാക്കണം എന്നുവെച്ച് ഇത്രകാലം വെറുതെയിട്ടതാ. വീട് ഉണ്ടാക്ക്വോന്നും വേണ്ടാ എന്ന് നിങ്ങളൊക്കെ പറഞ്ഞപ്പോൾ വിറ്റാലോ എന്ന് തോന്നി. ഇപ്പോഴാണെങ്കിൽ ആ സ്ഥലം വാങ്ങാൻ ആളും ഉണ്ട് ''.

'' എന്നാൽ കൊടുത്തോളൂ. എന്തു വില കിട്ടും ''.

'' ഏഴര സെൻറാണത്രേ. നാലു ലക്ഷം കിട്ടുംന്ന് പറയുണൂ ''.

'' ഇതേ കിട്ടൂ ''.

'' ഇതന്നെ അമർന്ന വിലയാണ് എന്നാ പറയുന്നത്. ഒന്നാമത്ത് അങ്ങോട്ടേക്ക് വഴിയില്ല. വീടുണ്ടാക്കണച്ചാൽ വേനൽക്കാലത്ത് ആരുടേയെങ്കിലും പാടത്തുകൂടി ട്രാക്ടറിൽ കല്ലും സാധനങ്ങളും എത്തിക്കണം. ആരക്കെങ്കിലും സൂക്കട് വന്നുകിടന്നൂച്ചാൽ എടുത്തിട്ടന്നെ റോഡുവരെ കൊണ്ടുപോണം. അടുത്ത വീട്ടുകാരക്ക് കൊടുക്കുന്നതോണ്ടാ ഇത്രയെങ്കിലും വില കിട്ടുണത് ''.

'' എങ്കിൽ നന്നായി ''.

'' വിളിച്ചത് ഒരു കാര്യം പറയാനാ. കിട്ടുന്ന പണം മുഴുവൻ നിൻറെ കയ്യിൽ തരും. കടം വീട്ടാൻ നീ തന്ന പൈസ എടുത്തോ. ബാക്കി സൂക്ഷിച്ചുവെക്ക്. ഞങ്ങളുടെ കയ്യിൽ ആ പണം വെച്ചാൽ കാറ്റത്തിട്ട പഞ്ഞി പോലെ അത് ചിലവായി പോവും. എന്നെങ്കിലും കുട്ട്യോളക്ക് വല്ല ആവശ്യവും വരുമ്പോൾ നിൻറേന്ന് വാങ്ങാലോ ''.

'' ഭാസ്ക്കരേട്ടന് കടം വീട്ടാൻ കൊടുത്തത് തിരിച്ചുതരണം എന്ന് ഞാൻ പറഞ്ഞില്ലല്ലോ. അത് ഞാൻ അറിഞ്ഞു തന്നതല്ലേ. പിന്നെന്തിനാ അത് എടുത്തോളാൻ പറയുന്നത് ''.

'' നീ ചെയ്തു തന്നതന്നെ വലിയ ഉപകാരം. പിന്നേം ബുദ്ധിമുട്ടിക്കുന്നത് ശരിയാണോ. പോരാത്തതിന്ന് നിൻറേന്ന് വാങ്ങിയത് മടക്കിത്തന്നില്ലെങ്കിൽ ഭാസ്ക്കരേട്ടന് അത് കുറച്ചിലല്ലേടാ. പണത്തിന്ന് ബുദ്ധിമുട്ടുണ്ടെന്ന് കരുതി മൂപ്പരുടെ അഭിമാനം പോവാതെ നോക്കണ്ടത് എൻറെ കടമയല്ലേ. അതോണ്ട് പണം മടക്കി കൊടുക്കണംന്ന് ഞാനാ പറഞ്ഞത് ''.

'' വായ പൊളിച്ചാൽ വിഡ്ഡിത്തരം മാത്രമേ പറയൂ. പണ്ടുമുതൽക്കേ അതാണല്ലോ ശീലം. ആങ്ങളമാർ പെങ്ങന്മാർക്ക് എന്തെങ്കിലും കൊടുത്താൽ അത് കടമായിട്ടാരും കാണില്ല. അതുകൊണ്ട് ഒരു കുറച്ചിലും വരില്ല. പിന്നെ ചേച്ചി കരുതുന്നതുപോലെ എനിക്കിപ്പോൾ പണത്തിന്ന് അത്ര വലിയ ബുദ്ധിമുട്ടൊന്നൂല്യാ ''.

'' എനിക്ക് ബുദ്ധീം ഇല്ല, വിവരൂം ഇല്ല. നിങ്ങളൊക്കെ എന്താ പറയുന്നത്  അതുതന്നെ എനിക്കും ശരി. നിനക്ക് ആ പണം വേണ്ടെങ്കിൽ വേണ്ടാ. ഞാൻ തരാനും പോണില്ല ''.

'' അങ്ങിനെ വഴിക്ക് വരൂ. ഇനി മുതൽ ഇടയ്ക്കൊക്കെ ഞാൻ പൈസ അയച്ചു തരും. അത് ചേച്ചിടെ ചിലവിനാണ്. കടം അല്ലാട്ടോ ''.

'' പോടാ. നീയെന്നെ വല്ലാതെ കളിയാക്കണ്ടാ ''.

'' ദേഷ്യം വരണ്ടാ ചേച്ചി. ഞാൻ തമാശ പറഞ്ഞതല്ലേ. അതുപോട്ടെ. നമുക്ക് മകളെ നല്ലൊരു ഡോക്ടറെ കാണിക്കണ്ടേ ''.

'' ചിലപ്പൊ തോന്നും വേണംന്ന്. ചിലപ്പൊ എന്തിനാന്നും ചിന്തിക്കും ''.

'' അതെന്താ അങ്ങിനെ ''.

'' എനിക്ക് മതിയായെടാ '' രാജിചേച്ചിയുടെ ശബ്ദത്തിൽ ഒരു പതർച്ച തോന്നി '' ഒരു കാര്യം മാത്രേ ഈശ്വരനോട് പറയാറുള്ളൂ. മാറുന്ന ദീനമാണെച്ചാൽ വേഗം അത് മാറ്റി തരിക. അല്ലെങ്കിലോ അവളെ വേഗം കൊണ്ടുപോവ്വാ. ഇങ്ങിനെ ഞങ്ങളെ ഇട്ട് തീയ്യ് തിന്നിക്കരുത് ''.

'' എന്താ ചേച്ചീ ഈ പറയുന്നത് ''.

'' പിന്നല്ലാണ്ടെ എന്താ ഞാൻ പറയണ്ടത്. പെറ്റിട്ട് പുല പോണതിന്നുമുമ്പ് ആസ്പത്രി കയറി ഇറങ്ങാൻ തുടങ്ങിയതാണ്. ഇനിയും മരുന്നുക്കുപ്പി കയ്യിന്ന് വെച്ചിട്ടില്ല. കുട്ടിടെ ചിലപ്പോഴത്തെ വിഷമം കണ്ടാൽ സങ്കടം തോന്നും ''.

'' ചേച്ചി വിഷമിക്കണ്ടാ. ഞാൻ അവളെ ഡോക്ടറെ കാണിച്ച് ചികിത്സിപ്പിക്കുന്നുണ്ട് ''.

'' അതോണ്ടൊന്നും ഒരു കാര്യൂല്ലാ ദീപൂ. കുട്ടിടെ ഹാർട്ടിൽ തുളയാണ്, അത് അടയ്ക്കണം എന്നാ ഏത് ആസ്പത്രിയിൽ ചെന്നാലും പറയുന്നത്. വെറും പറ്റിക്കലാണ് അതൊക്കെ. നമ്മുടെ കയ്യിലെ കാശ് പിടുങ്ങണം. അതിനുവേണ്ടി ഓരോന്ന് പറയ്യേന്നെ ''.

'' രോഗം മാറ്റാൻ എന്താണ് ചെയ്യേണ്ടത് എന്ന് ഡോക്ടർമാർക്കല്ലേ അറിയൂ ''.

'' നമുക്കെന്താ അത്രയ്ക്ക് വിവരൂല്യേ. ചെപ്പുകുടം ഓട്ടപ്പെട്ടാൽ വെട്ടിവെക്കുന്നപോലെ ദേഹത്തിനകത്തുള്ള തുള അടയ്ക്കാനാവില്ല എന്ന് എനിക്കറിയില്ലേ ''.

'' ചേച്ചിടെ തെറ്റിദ്ധാരണയാണ് അത്. നോക്കിക്കോളൂ, ഞാൻ അവളെ ചികിത്സിപ്പിച്ച് മിടുക്കിക്കുട്ടിയാക്കും ''.

'' നീ എന്താ വേണ്ടത്ച്ചാൽ ചെയ്തോ. എനിക്ക് ഒരു വിരോധൂല്യാ ''.

'' ഈ ശനിയാഴ്ച ഞാൻ വരുന്നുണ്ട്. അപ്പോൾ എല്ലാം നേരിട്ട് പറയാം ''.

'' അനിതയും ചെറിയമ്മയും ഒക്കെ എന്നാ എത്ത്വാ ''.

'' കഴിഞ്ഞമാസം ഒടുവിൽ എത്തേണ്ടതാണ്. അപ്പോഴേക്കും കുട്ടിയ്ക്ക് പനി വന്നു. യാത്ര മാറ്റി. അടുത്ത ആഴ്ച എന്തായാലും എത്തും ''.

'' എന്നാൽ ശരി '' രാജിചേച്ചി സംഭാഷണം അവസാനിപ്പിച്ചു. തെളിഞ്ഞ ആകാശം മനസ്സുപോലെ ശാന്തമാണ്. എഴുന്നേറ്റിരുന്ന് മൊബൈൽ പോക്കറ്റിൽ ഇട്ടു.

'' ദീപുവെന്താ ഇതിനു മുകളിൽ കയറിയിരിക്കുന്നത് '' ചോദ്യം കേട്ടു നോക്കിയപ്പോൾ ചെറിയച്ഛൻ.

'' വെറുതെ ഒരു രസത്തിന് ഇരുന്നതാണ് '' അത്താണിയിൽ നിന്ന് താഴെയിറങ്ങി.

'' ഞാൻ എത്തീട്ട് കുറച്ചു നേരമായി. വർത്തമാനത്തിനിടയിൽ ദീപു എന്നെ കണ്ടില്ല '' ചെറിയച്ഛൻ പറഞ്ഞു '' ഇനിയെന്താ പരിപാടി. എങ്ങോട്ടെങ്കിലും പോവാനുണ്ടോ ''.

'' ഇല്ല. നമുക്ക് തറവാട്ടിലേക്ക് പോവാം '' ചെറിയച്ഛൻറെ പുറകെ അയാൾ നടന്നു.

12 comments:

 1. ഈ ദീപു കൊള്ളാലോ., നല്ല കുട്ടി

  ReplyDelete
  Replies
  1. ajith,
   ദീപുവിനെ ആരും ഇഷ്ടപ്പെടും. അയാള്‍ അത്രയ്ക്ക് സാധുവാണ്.

   Delete
 2. ഈ ലക്കം സമ്മിശ്രണം ആണല്ലോ എന്നാലും ആ ഹൃദയത്തിലെ തുള വേദനിപ്പിക്കുന്നുണ്ട്‌ ഒരു ശസ്ത്രക്രീയ കൊണ്ട് ഭേധമാകുന്നതാണ് എങ്കി

  ReplyDelete
  Replies
  1. ബൈജൂ മണിയങ്കാല,
   അതെ. ഒന്നിലേറെ സംഭവങ്ങള്‍ ഇതിലുണ്ട്. ആ കുട്ടിയുടെ അസുഖം ഭേദപ്പെടുമെന്ന് നമുക്ക് പ്രത്യാശിക്കാം.

   Delete
 3. മിക്കവാറും വാല്‍വിന് വരുന്ന തുളകള്‍ മാറുന്നതാണ്. പിന്നെ നമ്മുടെ പുണ്യവാളനെ പോലെ മാറാത്ത രോഗം വളരെ കുറവായി ഉണ്ടാകും.
  ഓരോ ഭാഗത്തും തറവാട്ടിലുള്ളവരുടെ എല്ലാ വിഷമങ്ങളും തീര്‍ത്തു കൊണ്ട് ദീപു നല്ല മോന്‍ ആയി വരുന്നു.
  ഇഷ്ടമായി ഏട്ടാ.

  ReplyDelete
  Replies
  1. nalina kumari,
   അപൂര്‍വ്വമായേ രോഗം ഭേദപ്പെടുത്താനാവാതെ വരൂ. നമ്മുടെ പുണ്യന്‍റെ അവസ്ഥ ആര്‍ക്കും വരരുത്.

   Delete
 4. Replies
  1. ഡോ. പി. മാലങ്കോട്,
   നോവല്‍ ടൈപ്പ് ചെയ്തുവെച്ച സിസ്റ്റം തകരാറിലാണ്. ശരിയാക്കി കിട്ടിയതും അടുത്തത് പോസ്റ്റ് ചെയ്യാം.

   Delete
  2. Aduthathu muthal vaayikkaanundu. Leavil aayirunnallo.
   Thanks.

   Delete
  3. ഡോ.പി.മാലങ്കോട്,
   ഒഴിവോടെ വായിച്ചു നോക്കൂ.

   Delete
 5. മുടങ്ങിപ്പോയ വായന ഞാൻ വീണ്ടും തുടങ്ങീട്ടോ കേരളേട്ടാ...

  ReplyDelete
  Replies
  1. വിനുവേട്ടൻ,
   വളരെ സന്തോഷം.

   Delete