Tuesday, December 3, 2013

അദ്ധ്യായം - 19.


'' വലിയമ്മേ, ഞാൻ വന്നിട്ടേ കുളിക്കുന്നുള്ളു '' എന്നും പറഞ്ഞ് ദിലീപ് മേനോൻ കാറിൽ കയറി.

കിഴക്കെ ചക്രവാളത്തിൽ വരച്ചിട്ട ചുവന്ന വൃത്തത്തിനെ തെങ്ങോലകൾ തുടച്ചുമാറ്റാൻ ശ്രമിക്കുകയാണ്. സർവത്ര മഞ്ഞിൻറെ ആവരണമാണ്. കുംഭമാസത്തിലും ഇത്രയേറെ മഞ്ഞോ ? ഒരു പക്ഷെ ഭൂമി മഞ്ഞിൽ കിടന്ന് വീർപ്പുമുട്ടുകയായിരിക്കും. പപ്പനമ്മാമനെ കണ്ട് സംസാരിച്ചാലേ തൻറെ മനസ്സിലെ വീർപ്പുമുട്ടൽ കുറച്ചെങ്കിലും ഒഴിവാക്കാനാവൂ. വലതുകാലിൻറെ തള്ളവിരൽ ആക്സിലറേറ്ററിന്നു മേൽ മൃദുവായി സ്പർശിക്കുന്നുണ്ട്.

'' എന്താ ദീപൂ ഈ നേരത്ത് '' എന്നു ചോദിച്ചുകൊണ്ടാണ് പപ്പനമ്മാമൻ വരവേറ്റത്. വാതിലിന്നു നേരെയിട്ട കസേലയിലിരിക്കുകയാണ് അദ്ദേഹം.

'' ഒരു കാര്യം പറയാൻ വന്നതാണ് '' മുറ്റത്ത് ചെരിപ്പ് അഴിച്ചുവെക്കുമ്പോൾ പറഞ്ഞു.

'' ഇന്നലെ ദീപുവിനെ കാണാഞ്ഞപ്പോഴേ എന്തോ വിശേഷമുണ്ടെന്ന് എനിക്ക് തോന്നി.  പറയൂ. കേൾക്കട്ടെ ''.

പപ്പനമ്മാമന് അഭിമുഖമായി കട്ടിലിൽ ഇരുന്നു. കുഞ്ഞുണ്ണിമാമയുമായി തലേ ദിവസം ഉണ്ടായ സംഭവങ്ങൾ വിവരിച്ചു.

'' അത് ഏതായാലും നന്നായി. രണ്ടു കയ്യും കൊട്ടിയാലല്ലേ ശബ്ദം ഉണ്ടാവൂ. മാത്രമല്ല ദീപു തിരിച്ചു പറഞ്ഞു എന്ന് ആരും കുറ്റം പറയില്ലല്ലോ '' എല്ലാം കേട്ടു കഴിഞ്ഞശേഷം പപ്പനമ്മാമൻ മറുപടി പറഞ്ഞു '' ക്ഷമാബലമശക്താനം, ശക്താനാം ഭൂഷണം ക്ഷമ എന്നാണല്ലോ പ്രമാണം. പിന്നൊരു കാര്യം ഞാൻ പറയാം. ഈ സംഭവം മറ്റൊരാളും അറിയാനിട വരരുത്. പ്രത്യേകിച്ച് അനിത. ഇതെങ്ങാനും ആ കുട്ടി കേട്ടാൽ നമ്മുടെ കുടുംബത്തിനെക്കുറിച്ച് അവൾ എന്തു കരുതും ''.

'' ഞാനും അങ്ങിനെ കരുതി അവളെ അറിയിക്കാതിരുന്നു. പക്ഷെ അനിത ഫോൺ ചെയ്തപ്പോൾ അമ്മ എല്ലാം പറഞ്ഞുകൊടുത്തു ''.

'' എന്നിട്ട് ആ കുട്ടി ദീപുവിനെ വിളിച്ച് ചോദിച്ചിട്ടുണ്ടാവും ''

'' ഉവ്വ്. ഞാൻ കാര്യങ്ങൾ മറച്ചു വെച്ചതിന്ന് ഒരുപാട് പരിഭവം പറഞ്ഞു ''.

'' അത് സ്വാഭാവികം. അതിന് അവളോട് കലഹിച്ചില്ലല്ലോ ''.

'' ഏയ്. അങ്ങിനെയൊന്നും ഉണ്ടായില്ല. സത്യം പറഞ്ഞാൽ ഇന്നുവരെ ഞങ്ങള് രണ്ടാളും അലോഹ്യപ്പെട്ട് ഇരുന്നിട്ടേയില്ല ''.

'' അതന്യാണ് വേണ്ടത് ''.

'' ദിലീപേട്ടൻ സാധുവായതോണ്ട് എല്ലാം കേട്ട് സങ്കടപ്പെട്ടിരുന്നു, വേറെ ആരെങ്കിലും ആണെങ്കിൽ ചുട്ട മറുപടി കൊടുത്തേനേ, നമ്മുടെ മകനൊന്ന് വലുതാവട്ടെ, അച്ഛനെ വേദനിപ്പിച്ചവരോട് അവൻ പകരം ചോദിച്ചോളും എന്നൊക്കെ അനിത പറഞ്ഞു ''.

പപ്പനമ്മാമൻ ഉറക്കെ ചിരിച്ചു. എന്തോ അബദ്ധം പിണഞ്ഞ മട്ടിൽ ദിലീപ് മേനോൻ തല കുനിച്ചിരുന്നു.

'' ഭേഷ്. മകനെങ്കിലും ധൈര്യശാലിയാവട്ടെ എന്ന് അനിത കരുതിയിട്ടുണ്ടാവും ''.

'' കുഞ്ഞുണ്ണിമാമയെപോലെ അല്ലേ ''.

'' അതിന് കുഞ്ഞുണ്ണി ധീരനൊന്നുമല്ല. തൻറേടം ഉള്ളവരെ കണ്ടാൽ അയാളുടെ മുട്ട് വിറയ്ക്കും '' ഒന്നു നിർത്തി പപ്പനമ്മാമൻ തുടർന്നു '' അങ്ങിനെ ഒരാള് ഉണ്ടായിരുന്നു. നമ്മുടെ കുടുംബത്തിൻറെ ഭാഗ്യദോഷംകൊണ്ട് അവൻ അധികകാലം ജീവിച്ചില്ല ''.

'' ആരാ ആള് ''.

'' ബാലകൃഷ്ണൻറെ തൊട്ടുതാഴെ ഒരാളുണ്ടായിരുന്നു. എൻറെ രണ്ടാമത്തെ അനിയൻ. അവൻ ശരിക്കും ഒരു ആൺകുട്ടിയായിരുന്നു ''.

'' അങ്ങിനെയൊരാളെ ഞാൻ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലല്ലോ ''.

'' അതെങ്ങിനേയാ ഉണ്ടാവ്വാ. അവൻ മരിച്ചിട്ടന്നെ പത്തമ്പത്തഞ്ചു കൊല്ലം കഴിഞ്ഞു ''.

'' ആ അമ്മാമൻറെ പേരെന്താണ്. എങ്ങിനേയാ അദ്ദേഹം മരിച്ചത്. അദ്ദേഹത്തിൻറെ മക്കൾ എവിടെയാണ് '' അറിയാനുള്ള വ്യഗ്രത കുറെ ചോദ്യങ്ങളായി പുറത്തു വന്നു.

'' എന്നാൽ കേട്ടോളൂ. എന്നെക്കാൾ എട്ടു വയസ്സിന്ന് ഇളയതാണ് രാമചന്ദ്രൻ. കാണാൻ  സുന്ദരൻ. പക്ഷെ ചെറുപ്പത്തിലെ അവന് പഠിപ്പിനോട് വലിയ അഭിരുചി ഇല്ലായിരുന്നു. എന്നാലെന്താ, മറ്റെല്ലാറ്റിനും മിടുമിടുക്കനായിരുന്നു. പണിക്കാരോടൊപ്പം പാടത്തിറങ്ങി  കിളയ്ക്കും കന്നുപൂട്ടും. കൊയ്യാനും മെതിക്കാനുമൊക്കെ വലിയ താൽപ്പര്യമുണ്ടായിരുന്നു. നാട്ടില് ആരു മരിച്ചാലും അവിടെയെത്തും. കല്യാണ വീടുകളിൽ തലേദിവസം തന്നെ പോയി വേണ്ട സഹായങ്ങൾചെയ്യും. എന്നിട്ടും ചിലർക്ക് അവനെ ഇഷ്ടമായിരുന്നില്ല ''.

'' അതെന്തേ ''.

'' തീണ്ടലും തൊടീലുമുള്ള ആ കാലത്ത് അവൻ കീഴ്ജാതിക്കാരുടെ വീടുകളിൽ ചെല്ലും. അവരുടെ വീടുകളിൽനിന്ന് ഭക്ഷണം കഴിക്കും. അതൊന്നും അവർക്ക് പിടിച്ചിരുന്നില്ല ''.

'' ആ അമ്മാമൻ സ്കൂളിൽ പോയിട്ടില്ലേ ''.

'' ഉവ്വ്. എങ്ങിനെയൊക്കേയോ ഉന്തിത്തള്ളി എട്ടാം ക്ലാസ്സുവരെയെത്തി. അക്കൊല്ലം അവിടെ കിടന്നു. പിന്നെ സ്കൂളിൽ പോയിട്ടില്ല ''.

'' അപ്പോൾ വീട്ടിലാരും ദേഷ്യപ്പെടില്ലേ ''.

'' അതിന് ആരാ ഉള്ളത്. അമ്മാമന്മാരാണ് കുടുംബം ഭരിക്കേണ്ടത്. അമ്മയ്ക്ക് ആകെ കൂടി ഒരു ആങ്ങളയാണ് ഉണ്ടായിരുന്നത്. ആ മനുഷ്യൻ ഒരു പ്രത്യേക തരമായിരുന്നു. ചെറുപ്പത്തിലേ എല്ലാറ്റിനോടും ഒരു വിരക്തി. കാവിയുടുത്ത് സന്യാസിയായിട്ട് കുറച്ചു കാലം നടന്നു. ഞാൻ ജനിക്കുന്നതിന്ന് മുമ്പേ കാശിയിലേക്ക് പോവുകയാണ് എന്നും പറഞ്ഞ് വീടുവിട്ട് ഇറങ്ങി. പിന്നെ മടങ്ങി വന്നില്ല ''.

'' അപ്പോൾ അച്ഛൻ ''.

'' അച്ഛൻ നമ്പൂരി മഹാബലി പ്രജകളെ കാണാൻ വരുന്നതുപോലെ വല്ലപ്പോഴും വരും. പത്തായപ്പുരയിലാണ് താമസം. നമ്മളുടെ വീട്ടുകാർ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കില്ല. അച്ഛന് ആഹാരം ഉണ്ടാക്കി കൊടുക്കാൻ ഏതെങ്കിലും ഒരു ബ്രാഹ്മണനെ വരുത്തും. അതൊക്കെയായിരുന്നു ആ കാലത്തെ ചിട്ടകള്. അദ്ദേഹം ഞങ്ങളെ വിളിക്കുകയോ എന്തെങ്കിലും സംസാരിക്കുകയോ ചെയ്തിട്ടില്ല. പിന്നല്ലേ ഗുണദോഷിക്കല് ''.

'' ധീരനായിരുന്നു എന്നു പറഞ്ഞത് ? ''.

'' അവന് പത്തുപതിനാറ് വയസ്സുള്ളപ്പോൾ പുഴയിൽ കുളിക്കാൻ ചെന്ന രണ്ടു കുട്ടികൾ വെള്ളത്തിൽ പെട്ടു. ആരോ ഉറക്കെ നിലവിളിച്ച് ആളെ കൂട്ടി. പറഞ്ഞിട്ടെന്താ ആരും വെള്ളത്തിലിറങ്ങാൻ ധൈര്യപ്പെട്ടില്ല. ആ കുണ്ടിൽ നീരാളിയുണ്ട് എന്നാണ് പൊതുവെ വിശ്വാസം. അപ്പോഴാണ് അവൻ എത്തുന്നത്. പലരും എതിർട്ടിട്ടും വെള്ളത്തിലേക്ക് എടുത്ത് ഒറ്റച്ചാട്ടം. പൊങ്ങി വന്നത് കുട്ടികളേയും കൊണ്ടാണ്. അതോടെ നാട്ടുകാർക്ക് അവനെന്നു പറഞ്ഞാൽ ജീവനായി. അതിലും സാഹസീകമായിട്ടാണ് അവൻ മറ്റൊരു കുഞ്ഞിനെ രക്ഷിച്ചത് ''.

'' അത് എന്തായിരുന്നു ''.

'' ആ കാലത്ത് ഏതാണ്ട് എല്ലാ പാവപ്പെട്ടവരുടെ വീടും പനമ്പട്ടകൊണ്ട് കുത്തിമറച്ച് ഉണ്ടാക്കിയവയായിരുന്നു. ഒരു വേനൽക്കാലത്ത് ഹരിജനങ്ങൾ താമസിക്കുന്ന ഇടത്ത് തൊട്ടുതൊട്ടുള്ള കുറെ വീടുകളിൽ ഒന്നിന്ന് തീ പിടിച്ചു. ആളുകൾ അലമുറ കൂട്ടി. ഒന്നിൽ നിന്ന് മറ്റൊന്നിന്ന് തീ പടർന്നു. അതിൽ നിന്ന് അടുത്തതിന്ന്. അങ്ങിനെ പനപ്രമാണം പൊക്കത്തിൽ തീ കത്തിപ്പൊങ്ങി. ആർക്കും അടുക്കാൻ ധൈര്യമില്ല. അപ്പോഴാണ് ഒരു കുടിലിൽ ഒരു പിഞ്ചുകുഞ്ഞ് ഉണ്ടെന്ന് അറിയുന്നത്. അതിൻറെ തള്ള ഉറക്കെ കരഞ്ഞു. നിമിഷങ്ങൾക്കകം കുഞ്ഞിനെ തീ വിഴുങ്ങും. വിവരം അറിഞ്ഞ് ഓടിയെത്തിയ അവൻ തീപിടിച്ച കുടിലിൽ കടന്ന്  ആ കുഞ്ഞിനെ രക്ഷിച്ചു. പിന്നത്തെ കാര്യം പറയാനുണ്ടോ. അവൻ പാവങ്ങൾക്ക് കൺകണ്ട ദൈവമായി ''.

'' ആള് തരക്കേടില്ലല്ലോ ''.

'' അധികാരിയുടെ മുഖത്തു നോക്കി കാര്യം പറഞ്ഞതാണ് അവനെ ഹീറോ ആക്കിയത് ''.

'' എന്താ ആ സംഭവം ''.

'' അധികാരിയുടെ വളപ്പിലെ തെങ്ങിൽനിന്ന് തേങ്ങ കട്ടു എന്നും പറഞ്ഞ് ഏതോ ഒരു ഹരിജനെ പിടിച്ച് തെങ്ങിൽ കെട്ടിയിട്ടു. വാസ്തവത്തിൽ അവനല്ല അതു ചെയ്തത്. പലരും പറഞ്ഞു നോക്കി. ആരെന്തു പറഞ്ഞാലും അധികാരി സമ്മതിക്കില്ല. പൊതിരെ തല്ലിയിട്ട് പോലീസിൽ ഏൽപ്പിക്കും എന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു. ഒടുവിൽ എവിടെ നിന്നോ രാമചന്ദ്രനെത്തി ''.

'' എന്നിട്ട് ''.

'' അവിടെ കൂടിയ ആളുകളെ മുഴുവൻ കൊന്നതിന്നുശേഷമേ അവനെ കൊണ്ടുപോവാൻ കഴിയൂ എന്നുംപറഞ്ഞ് പടിക്കൽ നീണ്ടു നിവർന്ന് കിടന്നു. അതുകണ്ടതും അവിടെയുള്ള എല്ലാവരും അവനോടൊപ്പം ചേർന്നു. ഒടുവിൽ അധികാരിക്ക് അവനെ വിടേണ്ടിവന്നു ''.

'' ആ അമ്മാമൻ ശരിക്കും ധീരൻ തന്നെ. എങ്ങിനെയാണ് അദ്ദേഹം മരിച്ചത് ''.

'' കാവിലെ കൂത്തു കഴിഞ്ഞ് കൂട്ടുകാരോടൊപ്പം തിരിച്ചു വരുമ്പോൾ വിഷം തീണ്ടി. കടിച്ച പാമ്പിനെ തിരഞ്ഞ് രണ്ടു രണ്ടര നാഴിക നേരം കളഞ്ഞു. ഒടുക്കം അതിനെ തേടിപ്പിടിച്ച് തല്ലികൊന്നു. അപ്പോഴേക്കും വിഷം കേറി. എങ്ങോട്ടും കൊണ്ടുപോവാൻകൂടി പറ്റിയില്ല ''.

'' കഷ്ടമായി ആ അമ്മാമൻറെ കാര്യം ''.

'' ഓരോരുത്തരുടെ യോഗം. അതുപോലെയല്ലേ വരുള്ളു. കുഞ്ഞുണ്ണിയുടെ കാര്യം ദീപു വിട്ടുകളഞ്ഞോളൂ. അവൻ ചെയ്തതിന്ന് അവന് കിട്ടിക്കോളൂം ''.

'' ഇന്നലെ ആരോ കുഞ്ഞുണ്ണിമാമയെ കയ്യേറ്റം ചെയ്തു എന്നുകേട്ടു '' ദിലീപ് മേനോൻ അറിഞ്ഞ കാര്യങ്ങൾ വിശദീകരിച്ചു.

'' എന്തിനാണ് എന്നറിയ്യോ ''.

'' അറിയില്ല ''.

'' ഒരക്ഷരം മറുത്തു പറയാനറിയാത്ത ആളുടെ മേത്ത് കുതിര കേറാൻ ചെന്നത് ദൈവം കണ്ടിട്ടുണ്ടാവും. അതിനുള്ള ശിക്ഷയാണെന്ന് കരുതിയാൽ മതി ''.

'' ഞാൻ ആരോടും പകരം വീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. പക്ഷെ ചെറിയച്ഛൻ ഈ കാര്യം അച്ഛനോടും ജാഫറിനോടും പറഞ്ഞിരുന്നു. ഇനി അവനോ മറ്റോ... ''.

'' ആയിക്കൂടാ എന്നില്ല. ദീപുവിനെ ജീവനെപ്പോലെ സ്നേഹിക്കുന്ന ആളാണല്ലോ ജാഫർ.   സുന്ദരേശ്വരൻ ചെയതത് അയാൾക്ക് സഹിച്ചിട്ടുണ്ടാവില്ല. ഹൈസ്ക്കൂളിൽ പഠിക്കുന്ന കാലത്ത് ദീപുവിനെ ഉപദ്രവിച്ച ഏതോ സഹപാഠിയെ മർദ്ദിച്ചതിന്ന് സസ്പെൻഷൻ വാങ്ങിയ ആളല്ലേ. ആ കാര്യം ഓർമ്മയുണ്ടല്ലോ ''.

'' ഉവ്വ് ''.

'' എന്നാൽ ഇനി നടന്നതിനെക്കുറിച്ച് ആലോചിക്കണ്ടാ ''.

'' എനിക്ക് ആസ്പത്രിയിൽ ചെന്ന് കുഞ്ഞുണ്ണിമാമയെ കാണണമെന്നുണ്ടായിരുന്നു. ആ കാര്യം പറഞ്ഞപ്പോൾ തറവാട്ടിൽ ഉള്ളവരെല്ലാം എതിർത്തു. കണ്ട് സന്തോഷിക്കനായി ചെന്നതാണെന്ന് കുഞ്ഞുണ്ണിമാമ പറയുമോ എന്നാ അവരുടെ പേടി ''.

'' ദീപുവിൻറെ മനസ്സിലുള്ള നന്മ ഞാൻ കാണുന്നുണ്ട്. ചിലപ്പോൾ കുഞ്ഞുണ്ണി മോശമായി പെരുമാറീന്ന് വരും. അതു കണക്കാക്കണ്ടാ. ഒന്നുചെന്ന് കണ്ടോളൂ. വേണച്ചാൽ ഞാനും കൂടെവരാം ''.

'' ആദ്യം ഞാനൊന്നു ചെന്ന് നോക്കട്ടെ. എന്നിട്ടു കൊണ്ടുപോവാം ''.

പടി കടന്ന് മുറ്റത്തെത്തിയ കുട്ടിയുടെ കയ്യിൽ പൊട്ടിയ പ്ലാസ്റ്റിക്ക് പന്ത് കണ്ടു. അവൻ ഒരു നിധിപോലെ അതിനെ മാറോടടക്കി പിടിച്ചിരിക്കുന്നു. കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ വാങ്ങിക്കൊടുക്കാമെന്ന് പപ്പനമ്മാമനോട് ഏറ്റതാണ്. അത് ചെയ്തിട്ടില്ല. വൈകാതെ വാങ്ങിക്കൊടുക്കണം, പറ്റിയാൽ ഇന്നുതന്നെ.

'' ഞാൻ വൈകുന്നേരം എത്താം '' പപ്പനമ്മാമനോട് യാത്ര പറഞ്ഞിറങ്ങി.

14 comments:

 1. വളരെ സന്തോഷകരമായി മുന്നേറുന്നു നോവല്‍.

  ReplyDelete
  Replies
  1. ajith,
   ഈ പ്രോത്സാഹനം സന്തോഷം നൽകുന്നുണ്ട്.

   Delete
 2. രാമചന്ദ്രൻ മാമ എപ്പോഴാ ദിലീപിൽ ഒന്ന് കുടിയേറുക ഇപ്പോഴത്തെ നിലക്ക് ദിലീപിന് ആ ഒരു ബലവും ധൈര്യവും വേണം

  ReplyDelete
  Replies
  1. ബൈജു മണിയങ്കാല,
   ദിലീപിന്ന് വലിയ മാറ്റം ഉണ്ടാവാനിടയില്ല. അയാൾ ഇപ്പോഴത്തെ രീതിയിൽ സന്തുഷ്ടനാണ്.

   Delete
 3. Replies
  1. Anjali Sarath,
   കഴിയുന്ന വേഗത്തിൽ എഴുതി തീർക്കാണമെന്നാണ് മോഹം. പല അസൗകര്യങ്ങൾ കാരണം സമയമെടുക്കാറുണ്ട്.

   Delete
 4. ബൈജു പറഞ്ഞത് ശരിയാ... ദിലീപിന് കുറച്ചും കൂടി ഒരു ഉഷാറ് വരാനുണ്ട്...

  അഞ്ജലി, അടുത്ത ഭാഗം ഇന്ന് തന്നെ എന്നൊക്കെ പറയുന്നത് ഇത്തിരി അതിമോഹമല്ലേ? ഒരു ഖണ്ഡശ്ശഃ എഴുതുക എന്നൊക്കെ പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലാട്ടോ...

  ReplyDelete
  Replies
  1. വിനുവേട്ടൻ,
   ഞാൻ പലപ്പോഴും ഓർക്കാറുണ്ട്, എങ്ങിനെയാണ് വിനുവേട്ടൻ വലിയ നോവലുകൾ തനിമ നഷ്ടപ്പെടാതെ വിവർത്തനം ചെയ്യുന്നതെന്ന്.

   Delete
 5. വിട്ടു പോയിരുന്നത് വായിച്ചു മുഴുമിച്ചു.. കഥ ഉഷാറായി മുന്നേറുന്നുണ്ട്..
  അടുത്ത ഭാഗം വരട്ടേ... കടന്നു വരട്ടെ..

  ReplyDelete
  Replies
  1. Echmukutty,
   താമസിയാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യാം.

   Delete
 6. വായിച്ചു വരുംതോറും അടുത്തതിനുള്ള കാത്തിരിപ്പാണ്.
  ഒരുതരം ആക്രാന്തം തന്നെ. :)

  ReplyDelete
  Replies
  1. nalina kumari,
   പഠിക്കുന്ന കാലത്ത് വാരികകളിൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കുന്ന നോവലുകളും കഥകളും വായിക്കാൻ ഒരു കാത്തിരിപ്പുണ്ട്.

   Delete
 7. കണ്ട് സന്തോഷിക്കനായി ചെന്നതാണെന്ന് കുഞ്ഞുണ്ണിമാമ പറയുമോ എന്നാ അവരുടെ പേടി - Swaabhaavikam.

  ReplyDelete
  Replies
  1. ഡോ.പി.മാലങ്കോട്,
   ആ ടൈപ്പ് ആളുകൾ അങ്ങിനയേ ചിന്തിക്കൂ.

   Delete