Friday, April 11, 2014

അദ്ധ്യായം - 31.

കാറിൽ നിന്ന് ഇറങ്ങുമ്പോൾ പപ്പനമ്മാമൻ എങ്ങോട്ടോ പോവാൻ ഒരുങ്ങി നിൽക്കുന്നതാണ് ദിലീപ് മേനോൻ കണ്ടത്.

'' എങ്ങോട്ടാ യാത്ര '' അയാൾ ചോദിച്ചു.

'' വില്ലേജ് ഓഫീസിൽ പോവാനുണ്ട്, അതു കഴിഞ്ഞ് പഞ്ചായത്ത് ഓഫീസിലും. രണ്ടിടത്തും ടാക്സ് അടയ്ക്കണം. കൊല്ലാവസാനം ആയില്ലേ ''.

'' എന്നാൽ പൊയ്ക്കോളൂ. സമയത്തിന്ന് ടാക്സ് അടയ്ക്കാതെ ഫൈൻ വരുത്തേണ്ടാ. ഞാൻ വൈകുന്നേരം വരാം ''.

'' അതു വേണ്ടാ. ഞാൻ ടാക്സൊക്കെ നേരത്തെ അടച്ചതാ. ഈ കോളനീലെ ആറേഴ് ആളുകള് ഇനിയും അടയ്ക്കാൻ ബാക്കിയുണ്ട്. കൂലിപ്പണിക്കാരാണ് എല്ലാവരും. അവർക്കാണെങ്കിൽ വാലുംമൂടും അറിയില്ല. ഞാൻ കൂടെ വരണമെന്ന് പറയുന്നു. ഇത്തിരി നേരത്തെ പണി മാറി ഏതെങ്കിലും ഒരു വണ്ടി വിളിച്ചിട്ടു വരാമെന്ന് അവര്  പറഞ്ഞിട്ടുണ്ട്. എന്തായാലും പന്ത്രണ്ട് മണി കഴിയും. ഞാൻ നേരത്തെ കൂട്ടി ഒരുങ്ങി നിന്നൂന്ന് മാത്രം ''.

'' നേരം ഇപ്പോഴേ പതിനൊന്നേ കാലായി ''.

'' എന്നാൽ ഇഷ്ടം പോലെ സമയമുണ്ട്. അവര്  വരുന്നതുവരെ നമുക്ക് സംസാരിച്ചിരിക്കാം. ഇനി പറയൂ. ദീപു പോയ കാര്യം എന്തായി? രാജിയുടെ കുട്ടിയെ ഡോക്ടറെ കാണിച്ച്വോ? ''.

'' പറയാം. അതിനു മുമ്പ് കുറച്ചു കൂടി പ്രധാനപ്പെട്ട ഒരു കാര്യം അറിയിക്കാനുണ്ട് ''. തലേന്ന്  കുഞ്ഞുണ്ണിമാമയുടെ വീട്ടിൽ ചെന്നതു മുതൽക്കുള്ള കാര്യങ്ങളെല്ലാം ഒന്നൊഴിയാതെ പറഞ്ഞു.
പപ്പനമ്മാമൻ എല്ലാം കേട്ട് നിശ്ശബ്ദനായി ഇരിക്കുകയാണ്.

'' അപ്പോൾ അങ്ങിനെയാണ് കാര്യങ്ങളുടെ കിടപ്പ്. മനുഷ്യൻറെ അവസ്ഥ ഇത്രയൊക്കയേ ഉള്ളൂ.'' കുറച്ചു നേരത്തിന്നുശേഷം അദ്ദേഹം ഒരു കവിതയുടെ വരി മൂളി ''  ഒരു നിശ്ചയമില്ല ഒന്നിനും വരുമോരോ ദശ വന്നപോലെ പോം ''.

'' ആലോചിക്കുമ്പോൾ ദുഃഖം തോന്നുന്നു ''.

'' എനിക്കും വിഷമം തോന്നുന്നുണ്ട്. അതോണ്ട് എന്താ കാര്യം. മുകളിലുള്ള ആളുടെ വാറണ്ട് കിട്ടിയാൽ പുറപ്പെടാതെ പറ്റില്ലല്ലോ ''. പപ്പനമ്മാമൻ വീണ്ടും മൗനിയായി.

'' എന്താ വല്ലാതെ ആലോചിക്കുന്നത് '' കുറച്ചു നേരം കഴിഞ്ഞപ്പോൾ ചോദിച്ചു.

'' പാമ്പിൻറെ വായിലകപ്പെട്ട് മരണത്തിലേക്ക് നീങ്ങുന്ന തവള സ്വന്തം വായിലുള്ള ഇരയെ അകത്താക്കാൻ തിരക്കു കൂട്ടുകയാണ് ''.

'' മനസ്സിലെ വിഷമം മാറാൻ വേണ്ടി വിഷയം മാറ്റി അല്ലേ ''.

'' ഏയ്, ഇല്ല. വിഷയം അതു തന്നെ. കുഞ്ഞുണ്ണിയുടെ കാര്യമാണ് ഞാൻ ആലോചിക്കുന്നത്. കേട്ടേടത്തോളം അയാൾക്ക് ഈ സുഖക്കേടിൻറെ വിവരം നേരത്തെ തന്നെ അറിവുണ്ടാവും എന്നാണ് എനിക്ക് തോന്നുന്നത്. എന്നിട്ടും സ്വത്തുണ്ടാക്കാൻ മോഹം തോന്നിയത് ആർക്കു വേണ്ടിയാവും. സംശയിക്കണ്ടാ. അയാളുടെ ഭാര്യക്കും മക്കൾക്കും വേണ്ടിത്തന്നെ. അല്ലാതെ അവന് അനുഭവിക്കാനായിട്ടാവില്ല ''.

'' പക്ഷെ ഇപ്പോൾ അവർക്ക് ഒന്നും കൊടുക്കില്ല എന്നാണല്ലോ പറയുന്നത് ''.

'' അത് കണക്കാക്കണ്ടാ. കഴിഞ്ഞ ഏതാനും ദിവസത്തിനുള്ളിൽ ആ വിദ്വാൻ കാട്ടിക്കൂട്ടിയത് എന്തൊക്കെയാണ്. സുശീലയുടെ പേരിലുള്ള ഇരുപതു സെൻറ് കൃഷി ഭൂമി വേറെ ആർക്കോ വീടു പണിയാൻ വേണമെന്നു പറഞ്ഞു ചോദിച്ചു. അത് കൈക്കലാക്കാൻ വേണ്ടി ദീപുവിനെ
ചാക്കിടാൻ നോക്കി. പറ്റാഞ്ഞപ്പോൾ ദേഷ്യപ്പെട്ടു പോയി. ആസ്പത്രിയിൽ ദീപു കാണാൻ ചെന്ന സമയത്താണ് സ്ഥലം സ്വന്തം ആവശ്യത്തിന്നു വേണ്ടി ചോദിച്ചതാണെന്ന് അയാൾ സമ്മതിക്കുന്നത്. മാത്രമല്ല സമ്പാദിച്ചു കൂട്ടുന്നത് ഭാര്യക്കും മക്കൾക്കും വേണ്ടിയാണെന്നു കൂടി പറഞ്ഞു. ആസ്പത്രിയിലായ കാര്യം അറിഞ്ഞിട്ട് മക്കൾ കുഞ്ഞുണ്ണിയെ കാണാൻ ചെന്നില്ല.  അതോടെ മനസ്സ് മാറി. അവർക്ക് സ്വത്തിൽ നിന്ന് യാതൊന്നും കൊടുക്കില്ല എന്നു പറഞ്ഞു. ഇനിയും അഭിപ്രായം മാറും. എങ്ങിനെ എപ്പോൾ എന്നു മാത്രമേ അറിയേണ്ടതുള്ളു ''.

'' എന്താ കുഞ്ഞുണ്ണിമാമ ഇനിയും വാക്കു മാറുമെന്ന് തോന്നാൻ ''.

'' നമുക്ക് ഊഹിച്ചാൽ അറിയില്ലേ. മക്കളെ കാണണ്ടാ അവർക്കൊന്നും കൊടുക്കില്ല എന്നത് ഉറച്ച തീരുമാനമാണെങ്കിൽ എന്തിനാ കുഞ്ഞുണ്ണി അവരോട് സംസാരിച്ച് ഇപ്പോഴുള്ള പ്രശ്നം തീർത്ത് രമ്യതയിലെത്തിക്കാൻ ദീപുവിന് സമ്മതം തന്നത്. അവൻറെ ഉള്ളിൽ മക്കളോടുള്ള സ്നേഹം എപ്പോഴുമുണ്ട്. അത് പുറത്ത് കാണിക്കുന്നില്ല എന്നേയുള്ളൂ ''.

'' ഞാൻ ഇടപെട്ടാൽ പ്രശ്നം സോൾവ് ചെയ്യാൻ പറ്റുമെന്ന് പപ്പനമ്മാമന് തോന്നുന്നുണ്ടോ ''.

'' എന്താ പറ്റാതെ. ഇപ്പോൾ തന്നെ അമ്മായിയെ പാട്ടിലാക്കി കഴിഞ്ഞില്ലേ. ഇനി മക്കളുടെ കാര്യം. ആ പ്രശ്നം തീർക്കാൻ അവളും സഹായിക്കും ''.

'' ഗോപുവിനും ഗോപികയ്ക്കും കുഞ്ഞുണ്ണിമാമയോട് വല്ലാത്ത ദേഷ്യമുണ്ടെന്നാണ് അമ്മായി പറയുന്നത്. അവരുടെ മനസ്സ് മാറ്റാൻ സാധിക്കുമോ എന്നറിയില്ല ''.

'' ലോകത്തുള്ള തൊണ്ണൂറ്റൊമ്പത് ശതമാനം പേരുടേയും മനസ്സ് മാറ്റാൻ കഴിയും. കഷ്ടിച്ച് ഒരു ശതമാനം ആളുകളേ സ്വന്തം തീരുമാനങ്ങളിൽ ഉറച്ചു നിൽക്കൂ. മരണത്തിന്നു പോലും അത്തരക്കാരെ അവരുടെ വിശ്വാസങ്ങളിൽ നിന്നും മാറ്റാനാവില്ല. ദീപു സോക്രട്ടീസിൻറെ ചരിത്രമൊക്കെ പഠിച്ചതല്ലേ. അദ്ദേഹത്തെപോല മനസ്സുറപ്പ് ഉള്ളവരാണോ ഇവരൊക്കെ. പ്രലോഭനങ്ങൾ, വികാരപ്രകടനങ്ങൾ, സമ്മർദ്ദങ്ങൾ എന്നിവയിൽ വീഴാതിരിക്കാൻ മിക്ക ആളുകൾക്കും ആവില്ല ''.

'' രാജി ചേച്ചിക്ക് തെങ്ങിൻ തോപ്പ് കൊടുക്കാൻ പറ്റില്ലാന്ന് അവർ പറഞ്ഞാലോ ''.

'' വല്ലാതെ ആലോചിച്ച് കൂട്ടണ്ടാ. എല്ലാം നമ്മളുടെ തലയിൽ കൂടിയാണ് നടക്കുന്നത് എന്ന് ആലോചിക്കുമ്പോഴാണ് പിരിമുറുക്കവും അസ്വസ്ഥതയും ഉണ്ടാവുക. ഒക്കെ നടത്തി തരാൻ ഒരാളുണ്ട്, നമ്മൾ വെറും ഉപകരണം മാത്രമാണ് എന്ന് മനസ്സിലാക്കിയാൽ മതി. യാതൊരു അല്ലലും ഉണ്ടാവില്ല ''.

'' എങ്കിലും എന്താ ഉണ്ടാവുക എന്നറിയാതെ ..''.

'' പറയുമ്പോഴേക്കും എല്ലാം കൂടി സമ്മതിക്കും എന്ന് കരുതരുത് '' വാചകം മുഴുവനാക്കാൻ  പപ്പനമ്മാമൻ സമ്മതിച്ചില്ല '' കുറെയൊക്കെ അവർ സമ്മതിക്കും. ബാക്കിയുള്ളത് നേടാൻ ചില സമ്മർദ്ദങ്ങൾ വേണ്ടി വന്നേക്കാം. തുനിഞ്ഞിറങ്ങിയാൽ പറ്റാത്ത എന്താ ഉള്ളത് ''.

'' ചെറിയച്ഛൻ ഇടപെടേണ്ടാ അല്ലേ ''.

'' ദീപു ശ്രമിച്ചിട്ട് നടന്നില്ലെങ്കിലല്ലേ മാധവൻ ഇടപെടേണ്ടതുള്ളു. എന്നിട്ടും നടന്നില്ലെങ്കിൽ ഞങ്ങളൊക്കെയില്ലേ. പക്ഷെ അത് വേണ്ടി വരും എന്ന് തോന്നുന്നില്ല. ഇപ്പോൾ നിശ്ചയിച്ച മട്ടിൽ കാര്യങ്ങൾ നീങ്ങട്ടെ. ഉദ്ദേശിച്ചതെല്ലാം നൂറു ശതമാനം ഉറപ്പായും നടക്കും ''.

'' രാജി ചേച്ചിക്ക് സ്ഥലം കിട്ടുന്ന കാര്യം ഞാൻ വലിയമ്മയോട് പറഞ്ഞു ''.

'' അതു വേണ്ടായിരുന്നു. സംഗതികൾ ഉറപ്പാവാതെ പറഞ്ഞു മോഹിപ്പിച്ചിട്ട് നടന്നില്ലെങ്കിൽ വിഷമമാവും ''.

'' വലിയമ്മയ്ക്ക് ഒരു ഭാവമാറ്റവും കണ്ടില്ല. എൻറെ കുട്ടിയ്ക്ക് അച്ഛൻറെ വക സ്വത്ത് ഈ നാൽപ്പതാം വയസ്സിൽ കിട്ടാൻ യോഗമുണ്ടെങ്കിൽ കിട്ടട്ടെ. ഇല്ലെങ്കിലോ ഇത്ര കാലം അത് മനസ്സിൽ കണ്ടിട്ടല്ലല്ലോ ജീവിച്ചത്. അതുപോലെ കഴിഞ്ഞോട്ടെ ''.

'' ചിലപ്പോൾ ആ പെണ്ണിന് എല്ലാ ഭാഗ്യവും കൂടി ഒന്നിച്ച് വരുന്ന സമയം ആയിട്ടുണ്ടാവും ''.

'' എന്നു വെച്ചാൽ ''.

'' കടക്കെണിയിൽ വീണ് വീർപ്പുമുട്ടിയ സ്ഥിതിയിൽ നിന്ന് ദീപു അവളെ കൈ പിടിച്ച് കേറ്റി. തൽക്കാലത്തേക്കെങ്കിലും മകളുടെ ഓപ്പറേഷൻ ഒഴിവായി. ഇപ്പോൾ നിനച്ചിരിക്കാതെ ഒരു സ്ഥലം കിട്ടാൻ പോണൂ. ഇതിനൊക്കെ പുറമേ അവളുടെ മക്കളുടെ പേരിൽ മോശമല്ലാത്ത ഒരു തുക നിക്ഷേപിക്കാൻ സാദ്ധ്യതയുണ്ട് ''.

'' ആരാ അതു ചെയ്യുന്നത് ''.

'' ഇപ്പോൾ ഞാനതു പറയില്ല. പറഞ്ഞാൽ ദീപു ഉടനെ അവരെ വിവരം അറിയിക്കും. അതു വേണ്ടാ ''.

'' നിശ്ചയമായിട്ടും ഞാൻ പറയില്ല ''.

'' പറയുന്നതുകൊണ്ട് കുഴപ്പമുണ്ടായിട്ടല്ല. എങ്കിലും ഞാനൊന്ന് ആലോചിക്കട്ടെ ''.

'' ശരി. അധികം വൈകാതെ പറയണം. ഇല്ലെങ്കിൽ അതാലോചിച്ച് ഞാൻ ടെൻഷനാവും ''.

'' ഇതിനൊക്കെ ടെൻഷനടിക്കാൻ നിന്നാൽ അതിനേ സമയം കാണൂ. ചില കാര്യങ്ങളിൽ ദീപു കുട്ടികളെപ്പോലെയാണ്. അതുകൊണ്ട് ഗുണവും ഉണ്ട് ദോഷവും ഉണ്ട് '' പപ്പനമ്മാമൻ ചിരിച്ചു.

'' എനിക്ക് മനസ്സിലായില്ല ''.

'' കാണുന്നതും കേൾക്കുന്നതും മുഴുവനങ്ങോട്ട് മറ്റുള്ളവരോട് പറയാൻ പാടില്ല. കുറെയൊക്കെ സ്വന്തം മനസ്സിൽ സൂക്ഷിക്കണം. അതിനേയാണ് പക്വത എന്നു പറയുന്നത് . ദീപുവിന് അത്  അൽപ്പം കുറവാണ്. എന്നാൽ ചില സമയത്ത് ആ പോരായ്മ ഗുണഫലങ്ങളുണ്ടാക്കും ''.

'' അതെങ്ങിനെ ''.

'' അമ്മായി പറഞ്ഞതുകേട്ട് കുഞ്ഞുണ്ണിയോട് ലീലാവതിയുടെ കാര്യം ചോദിച്ചു. അതുപോലെ അവളുടെ അടുത്ത് ട്യൂഷൻമാസ്റ്ററോടുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും. സാധാരണ ആരും ഇതൊന്നും ചോദിക്കാൻ ധൈര്യപ്പെടില്ല. മനസ്സിലെ ശുദ്ധതകൊണ്ട് ദീപു ചോദിച്ചു. പക്ഷെ അതുകൊണ്ട് ഒരു ഗുണമുണ്ടായി. രണ്ടുപേരുടേയും മനസ്സിലിരുപ്പ് എന്താണെന്ന് അറിയാൻ കഴിഞ്ഞു. മാത്രമല്ല രണ്ടാളും അവരവരുടെ നിലപാട് മറ്റേ ആളെ അറിയിക്കാനുള്ള ചുമതല ദീപുവിനെ ഏൽപ്പിച്ചു. ഫലത്തിൽ അവർക്കിടയിലുള്ള പരിഭവം പറഞ്ഞു തീർക്കലാണ് ആ ദൗത്യം. ഇരുവർക്കും സ്വീകാര്യനായ മദ്ധ്യസ്ഥനാവാൻ കഴിഞ്ഞത് ചെറിയ കാര്യമാണോ ''.

'' അത് സമ്മതിച്ചു. അപ്പോൾ എൻറെ ഗുണവശങ്ങൾ എന്തൊക്കെയാണ് ''.

'' പറഞ്ഞാൽ അത് മുഖസ്തുതിയാവും. അങ്ങിനെ ദീപു സന്തോഷിക്കേണ്ടാ '' പപ്പനമ്മാമൻ ഉറക്കെ ചിരിച്ചു. അതിൻറെ അലകൾ ഒതുങ്ങുന്നതിന്നു മുമ്പ് ഒരു ജീപ്പ് പടിക്കലെത്തി.

'' അവര് വന്നൂന്ന് തോന്നുന്നു '' അദ്ദേഹം ഒരു കടലാസുകെട്ട് എടുത്തു.

'' എന്നാൽ ഞാൻ ഇറങ്ങട്ടെ '' ദിലീപ് മേനോൻ എഴുന്നേറ്റു.

'' കുഞ്ഞുണ്ണിയേയും ഭാര്യയേയും കണ്ടിട്ട് വൈകുന്നേരം വരൂ. എന്നിട്ടാവാം ബാക്കി ''.

ജീപ്പിന്ന് മുമ്പിലായി കാർ നീങ്ങി.