Monday, August 25, 2014

നോവല്‍ - അദ്ധ്യായം - 37.

 '' ദീപൂ, എഴുന്നേൽക്ക് '' വലിയമ്മ മുതുകത്ത് തട്ടി വിളിക്കുകയാണ്. വൈകിയെത്തിയ ഉറക്കത്തിന്ന് പിരിഞ്ഞുപോവാൻ അതിലേറെ മടി.

'' സമയം എത്രയായി '' കിടന്ന കിടപ്പിൽ ചോദിച്ചു.

'' പത്തര ''.

ഒരു ഞെട്ടലാണ് തോന്നിയത്. പപ്പനമ്മാമനെ എട്ടു മണിക്കു മുമ്പ് വീട്ടിൽ എത്തിക്കാമെന്ന് ഏറ്റതാണ്. സമയം പോയത് അറിഞ്ഞില്ല.

'' പപ്പനമ്മാമനെ കൊണ്ടു പോവണ്ടേ '' പിടഞ്ഞെഴുന്നേൽക്കുന്നതിന്നിടെ ചോദിച്ചു.

'' അദ്ദേഹം വീടെത്തിയിട്ട് മണിക്കൂർ മൂന്നാവും ''.

'' എന്നെ വിളിച്ചില്ലല്ലോ ''.

'' ഞാൻ വിളിക്കാൻ വന്നതാ. ആ കുട്ടി ഉറങ്ങിക്കോട്ടെ. ബുദ്ധിമുട്ടിക്കണ്ടാ എന്ന് അദ്ദേഹം പറഞ്ഞതോണ്ട് വിളിച്ചില്ല ''.

'' എന്നിട്ട് എങ്ങിനെ പോയി ''.

'' ഉണ്ണിക്കുട്ടൻ ഒരു ഓട്ടോറിക്ഷ വിളിച്ചിട്ടു വന്ന് അതിൽ കയറ്റി വിട്ടു ''.

പപ്പനമ്മാമന്ന് നടന്ന് ബുദ്ധിമുട്ടേണ്ടി വന്നില്ല. എങ്കിലും അതല്ലല്ലോ ശരി. ഒരു കാര്യം ചെയ്യാമെന്ന് ഏറ്റിട്ട് ചെയ്യാതിരിക്കുന്നത് തെറ്റല്ലേ. മനസ്സിൽ കുറ്റബോധം തോന്നി. വൈകിയെത്തിയ ഉറക്കത്തിനെ ശപിച്ചു.

'' ഇനി മടിപിടിച്ച് ഇരിക്കണ്ടാ. ഒരു സ്ഥലംവരെ പോവാനുണ്ട് ''.

'' എവിടേക്കാ ''.

'' അതൊക്കെ പറയാം‌. ആദ്യം പല്ലുതേച്ച് ആഹാരം കഴിക്കാൻ നോക്ക്. കുളി അവിടെ പോയി വന്നിട്ടാവാം ''.

മരണംനടന്ന ഏതോ ഒരു വീട്ടിലേക്കാണെന്ന് മനസ്സിലായി. ഉറക്കമുണർന്ന് എഴുന്നേറ്റതും  മരണവാർത്ത കേൾക്കണ്ടാ എന്നുവെച്ചിട്ടാവും വലിയമ്മ ആ വിവരം പറയാത്തത്. പ്രഭാതകർമ്മങ്ങൾ നിർവ്വഹിച്ച് എത്തുമ്പോൾ ഡൈനിങ്ങ് ടേബിളിൽ പ്രാതൽ റെഡിയായിരിക്കുന്നുണ്ട്. വെളേപ്പത്തിനും കറിയ്ക്കും നല്ല സ്വാദ്. ആസ്വദിച്ച് കഴിക്കാൻ തുടങ്ങി.

'' നമ്മുടെ ജാനുമുത്തി മരിച്ച്വോത്രേ '' വലിയമ്മ പറഞ്ഞപ്പോൾ അത്ഭുതം തോന്നി. മുത്തിയമ്മ ഇതുവരെ മരിച്ചില്ലെന്നോ ? തറവാട്ടിൽ നിന്ന് ഭാഗം പിരിഞ്ഞ് അക്കരെ താമസമാക്കിയ ഒരു അമ്മാമൻറെ ഭാര്യയായിരുന്നു അവർ‌. കുട്ടിക്കാലത്ത് അക്കരെ വീട്ടിൽ പലതവണ വലിയമ്മയോടൊപ്പം പോയിട്ടുണ്ട്. അന്നേ ജാനുമുത്തി  ഒരു പടുവൃദ്ധയായിരുന്നു.

'' എന്താ നീ ആലോചിക്കുന്നത്. നിനക്ക് ജാനുമുത്തിയെ ഓർമ്മയില്ലേ ''.

'' ഉവ്വ് ''. കാണാൻചെല്ലുമ്പോഴൊക്കെ ജാനുമുത്തി എന്തെങ്കിലും തരാറുണ്ട്. പഴകി പൂപ്പൽ പിടിച്ച ബിസ്ക്കറ്റോ, എണ്ണച്ചുക്കടിക്കുന്ന വാഴക്ക വറ്റലോ അളിഞ്ഞു തുടങ്ങിയ നേന്ത്രപ്പഴമോ ആയിരിക്കും സ്നേഹത്തോടെ വെച്ചു നീട്ടുന്നത്. തിന്നാൻ കൊള്ളാത്ത അവ വാങ്ങി പോക്കറ്റിലിടും‌. പോരാൻ നേരത്ത് വഴിയോരത്ത് വലിച്ചെറിയും.

'' തിന്നാൻ കൊള്ളാത്ത സാധനങ്ങൾ തരാറുള്ള മുത്തിയമ്മയല്ലേ ''.

'' അപ്പോൾ നീ മറന്നിട്ടില്ല '' വലിയമ്മ ചിരിച്ചു '' അതായിരുന്നു അയമ്മടെ പ്രകൃതം‌. വയസ്സായ ആളല്ലേ എന്നു വിചാരിച്ച് കാണാൻ ചെല്ലുന്നവർ  തിന്നാനുള്ളത് എന്തെങ്കിലും കൊണ്ടുപോയി കൊടുക്കും‌. തള്ള അതൊന്നും തിന്നില്ല. അപ്പോൾത്തന്നെ ആർക്കെങ്കിലും കൊടുത്താൽ അവരെങ്കിലും തിന്നും‌. അതും ചെയ്യില്ല. ഒടുവിൽ വെച്ചിരുന്ന് കേടു വന്നാൽ അതെടുത്ത് മറ്റൊള്ളോർക്ക് കൊടുക്കും ''.

'' ജാനുമുത്തിക്ക് എത്ര വയസ്സ് കാണും ''.

''  നൂറു വയസ്സ് ആയിട്ടുണ്ടാവും എന്നാണ് തോന്നുന്നത്. കുറച്ചായി ഞാൻ കാണാൻ ചെന്നിട്ട് ''.

'' നമ്മൾ ആരേയെങ്കിലും അറിയിക്കാനുണ്ടോ ''.

'' മാഷേട്ടനും സുമിത്രയും പോയശേഷമാണ് ഫോൺ വന്നത്. ഉച്ചയ്ക്ക് മുമ്പ് ശവമെടുക്കും എന്നു പറഞ്ഞു.  ആ വിവരം ഞാൻ രണ്ടാളോടും വിളിച്ച് പറയുകയും ചെയ്തു ''.

വലിയമ്മ കാറിൻറെ മുൻസീറ്റിൽ  ഇരുന്നു. നടന്നു പോവുകയാണെങ്കിൽ പുഴയുടെ മറുകരയിലെ ആ വീട്ടിലേക്ക് രണ്ടോ രണ്ടരയോ കിലോമീറ്ററേ ഉണ്ടാവൂ. മുമ്പ് പുഴയിറങ്ങി കടന്ന് പോവുമായിരുന്നു. ഇപ്പോൾ ആരും അതിന്ന് മിനക്കെടാറില്ല. മെയിൻ റോഡിൽ നിന്ന് തെക്കോട്ടേക്ക് പോവുന്ന പാതയിലൂടെ ചെന്നാൽ പതിപ്പാലമുണ്ട്. ബസ്സ് സർവ്വീസ് ഉള്ള പാതയിലെ ആ പാലം കനത്ത മഴക്കാലത്ത് വെള്ളത്തിനടിയിലാവും‌. ദിവസങ്ങളോളം അതിലെ ഗതാഗതം ഉണ്ടാവില്ല.

'' ശവം ഐവർമഠത്തിലേക്ക് കൊണ്ടുപോവും എന്നാ പറഞ്ഞത്. അതാണ് സൗകര്യം. വീട്ടുകാരൊന്നും അറിയേണ്ട.  പറഞ്ഞ കാശ് കൊടുത്താൽ മതി '' വലിയമ്മ എന്തോ ആലോചനയിലാണ്.

'' എന്താ ആലോചിക്കുന്നത് ''.

'' മുമ്പൊക്കെ ആരെങ്കിലും മരിച്ചു എന്ന് അറിഞ്ഞാൽ മതി. ചുറ്റുപാടും ഉള്ള ആളുകൾ ഒത്തുകൂടും‌. പിന്നെ ശവം എടുത്ത് കിടത്തലായി. കത്തിച്ച നിലവിളക്കും പരാർപ്പും തലഭാഗത്ത് വെക്കുമ്പോഴേക്ക് നാട്ടിൽ വിവരം കൊടുക്കാൻ ആളെ വിടും‌. മാവു മുറിക്കാനും ശവദഹനത്തിന്ന് വേണ്ട സാധനങ്ങൾ വാങ്ങാനും പണിക്കാരെ പറഞ്ഞയയ്ക്കും‌. ഒന്നും ആരോടും പറയേണ്ട കാര്യമില്ല. കണ്ടറിഞ്ഞ് ഓരോരുത്തര് ചെയ്തോളും‌. ഇപ്പോൾ അതാണോ സ്ഥിതി. അപ്പുറത്തെ വീട്ടിൽ ഒരാള് മരിച്ചു കിടക്കുമ്പോഴാവും ഇപ്പുറത്തെ വീട്ടിൽ സദ്യയും ആഘോഷവും ''.

'' ഡെഡ് ബോഡി കൊണ്ടുപോയിട്ടല്ലേ നമ്മൾ തിരിച്ചു പോരൂ ''.

'' അതൊന്നും വേണ്ടാ. അവിടെ ചെന്ന് ആളെ കാണിക്കണം. കുറച്ചുനേരം നിന്നിട്ട് നമുക്ക് മടങ്ങി പോരാം ''.

പതിപ്പാലം കടന്നശേഷം ആദ്യത്തെ വളവിനടുത്തു നിന്ന് കാർ ഇടത്തോട്ട് തിരിച്ചു. മുമ്പ് ചരൽപ്പാതയായിരുന്ന വഴി ടാറിട്ടിരിക്കുന്നു. പടിക്കലായി കാർനിർത്തി, വലിയമ്മയോടൊപ്പം നടന്നു. തുണിപ്പന്തലിൽ ഇട്ടിരിക്കുന്ന പ്ലാസ്റ്റിക്ക് കസേലകൾ മിക്കതും ഒഴിഞ്ഞു കിടപ്പുണ്ട്.

വാതിൽപ്പടിക്കരികെ ചെരിപ്പഴിച്ചുവെച്ച് അകത്തേക്ക്ചെന്നു. ശവശരീരം വെച്ച ഫ്രീസറിന്നുമുകളിൽ ആരോ ഒരുറീത്ത് വെച്ചിരിക്കുന്നു. ജാനുമുത്തി ഒർമ്മയായി മാറാൻ ഏതാനും നാഴിക മാത്രം‌. 

ഒരു നിമിഷം ആ ശരീരത്തിലേക്ക് നോക്കി. വായിൽവെക്കാൻ കൊള്ളാത്ത എന്തെങ്കിലും കുട്ടികൾക്ക്കൊടുപ്പാനായി അവർ കരുതിയിട്ടുണ്ടാവുമോ? തലയ്ക്കൽ കത്തിച്ചുവെച്ച ചന്ദനത്തിരികളിൽ നിന്ന് ഉയരുന്ന പുകയ്ക്ക് മരണത്തിൻറെ ഗന്ധമാണ്. ഏറെനേരം അത് സഹിക്കാനാവില്ല. പോരാൻ നേരത്ത് വലിയമ്മയെ നോക്കി. അവർ സ്ത്രീകൾക്കിടയിൽ ഇടം പിടിച്ചു കഴിഞ്ഞിരിക്കുന്നു.

മുൻവരിയിലെ ഒരു കസേലയിൽ  ഇരുന്നു. പരിചയമുള്ള ഒരു മുഖവും കാണാനില്ല. കുറെ നേരം ഒറ്റയ്ക്കിരുന്നാൽ ബോറടിക്കും‌. പക്ഷെ അത് വേണ്ടി വന്നില്ല.

'' സുഭദ്ര ടീച്ചറുടെ ആരാ '' പ്രായം‌ ചെന്ന ഒരാൾ അടുത്തു വന്ന് ചോദിച്ചു.

'' മകൻ '' ഒറ്റവാക്കിൽ മറുപടി ഒതുക്കി.

'' അതിന് ടീച്ചർക്ക് ഒരു മകളല്ലേ ഉള്ളൂ ''.

'' സുഭദ്ര ടീച്ചർ എൻറെ വലിയമ്മയാണ്. സുശീലടീച്ചറുടെ മകനാണ് ഞാൻ ''

'' അങ്ങിനെ പറയിൻ‌. ആക്സിഡൻറിൽപെട്ട് അച്ഛൻറെ ഒരു കാൽ പോയി അല്ലേ ''.

ഉവ്വെന്ന മട്ടിൽ തലയാട്ടി.

'' മൂന്ന് ടീച്ചർമാർക്കും എന്നെ നല്ലോണം അറിയും. ഡ്രൈവറ് ഗോവിന്ദൻ‌ നായർ എന്നു പറഞ്ഞാൽ അറിയാത്ത ആരാ ഈ നാട്ടിൽ ഉള്ളത്.  ആട്ടേ. എന്നാ ലീവിൽ വന്നത്, എത്ര ദിവസം ലീവുണ്ട് ''.

'' വന്നിട്ട് ഒരു മാസം ആവാറായി. ഇനി ഒരു മാസംകൂടി ഉണ്ടാവും '' ഇനി എന്തെങ്കിലും ചോദിക്കുന്നതിന്നു മുമ്പ് വിഷയം മാറ്റണം‌.

'' ബോഡി എടുക്കാറായോ ''.

'' പന്ത്രണ്ട് മണി എന്നാ പറഞ്ഞത്. അപ്പഴയ്ക്ക് ആവ്വോന്നാ സംശയം‌. ഒരു പെരക്കുട്ടി ഡെൽഹിയിലുണ്ട്. അയാൾ വന്നിട്ടു വേണം എടുക്കാൻ ''.

'' അയാൾ എപ്പോൾ എത്തും ''.

'' എപ്പൊഴാ എന്ന് പറയാൻ പറ്റില്ല. വിമാനത്തിൽ വന്ന് കൊയമ്പത്തൂരിൽ ഇറങ്ങി എന്ന് പറഞ്ഞു. അവിടുന്നിങ്ങോട്ട് ടാക്സിയിലാണ് യാത്ര. റോഡ് പണി കാരണം മെല്ലേ വരാൻ പറ്റൂ. പോരാത്തതിന്ന് വാളയാറിൽ എന്നും ട്രാഫിക്ക് ബ്ലോക്കുണ്ടാവും. അതൊക്കെ കടന്നിട്ട് എത്തണ്ടേ ''.

'' എന്തായിരുന്നു അസുഖം ''.

'' അങ്ങിനെ പറയത്തക്ക ഒരു സൂക്കടും അവർക്ക് ഉണ്ടായിരുന്നില്ല. വരുന്ന എടവത്തിൽ നൂറാം പിറന്നാൾ ആഘോഷിക്കാനിരുന്നതാ. അത് നടക്കാതെ പോയി ''.

വലിയമ്മ പുറത്തേക്ക് വന്നതും എഴുന്നേറ്റു.

'' മാഷേട്ടനും സുമിത്രയും പപ്പനമ്മാമനും  ഒക്കെ വന്നു പോയത്രേ ''  അവർ പറഞ്ഞു '' നമുക്കും പോവാം ''.

'' അല്ലാ. ശവം എടുക്കും മുമ്പ് പോവ്വാണോ '' അയാൾ വിടുന്ന മട്ടില്ല.

'' ചെന്നിട്ട് ഒരു സ്ഥലം വരെ പോവാനുണ്ട് '' വലിയമ്മ മറുപടി നൽകി.

'' അങ്ങിനെയാണെങ്കിൽ പിന്നെ നിവൃത്തിയില്ലല്ലോ ''.

'' ശരി. പിന്നെ കാണാം '' അയാളോട് യാത്ര പറഞ്ഞു.

'' നല്ല ആളേയാണ് നിനക്ക് വർത്തമാനം പറയാൻ കിട്ടിയത്. കടിച്ചാൽ കടി വിടാത്ത സൈസ്സാണ് ആ മഹാൻ '' കാറിൽ കയയതും വലിയമ്മ പറഞ്ഞു '' എന്തായാലും നീ ഒറ്റയ്ക്കിരുന്ന് ബോറടിച്ചില്ലല്ലോ ''.

'' കൂടുതൽ നേരം സംസാരിച്ചാൽ തീർച്ചയായും ബോറ് തോന്നുമായിരുന്നു. ഭാഗ്യം,  അപ്പോഴേക്കും വലിയമ്മ വന്നു രക്ഷിച്ചു ''.

രണ്ടുപേരും ചിരിച്ചു. കാർ പതിപ്പാലത്തിനടുത്തെത്തി

Wednesday, August 13, 2014

അദ്ധ്യായം - 36.

ദിലീപ് മേനോൻ തലയ്ക്കൽവെച്ച മൊബൈൽ എടുത്തു നോക്കി. സമയം രണ്ടര കഴിഞ്ഞു. പത്തുമണി കഴിഞ്ഞതും ഉറങ്ങാൻ കിടന്നതാണ്. പലവട്ടം തിരിഞ്ഞുംമറിഞ്ഞും കിടന്നു. കൺപീലികളോട് കലഹിച്ച് ഉറക്കംഎങ്ങോ പോയിരിക്കുന്നു. അനിതയോട് സംസാരിച്ചതിന്നുശേഷം മനസ്സിൽ ഉണ്ടായ അസ്വസ്ഥത ഇനിയും മാറിയിട്ടില്ല.

നാളെ ഉച്ചയോടുകൂടി അനിത മകനുമായി മുംബെയിൽ എത്തും‌. പെങ്ങൾ വേണ്ടവിധത്തിൽ സ്വീകരിച്ചില്ലെങ്കിലോ എന്ന ആശങ്കയാണ് അനിതയ്ക്ക്. അവളെ കുറ്റം പറയാനാവില്ല.  കല്യാണം കഴിഞ്ഞ് കാലം കുറേ കഴിഞ്ഞു എന്നത് ശരിയാണ്. പക്ഷേ  ഇത്രകാലം നാത്തൂന്മാർ ഒന്നിച്ചു കഴിയാൻ ഇട വന്നിട്ടില്ല. പോരാത്തതിന്ന് പെങ്ങൾക്ക് നല്ല  തലക്കനവുമുണ്ട്. ഒരു പക്ഷേ കയറി ചെല്ലുമ്പോൾ നാത്തൂൻ അവഗണീച്ചാലോ എന്നതാണ് അനിതയുടെ പേടി. അപ്രിയമായതൊന്നും സംഭവിക്കാതിരുന്നാൽ മതി.  ഭാര്യയേയും കുട്ടിയേയും അന്യനാട്ടിൽ വിട്ട് ഒറ്റയ്ക്ക് പോരാൻ തോന്നിയത് തെറ്റായി. ഇനി പറഞ്ഞിട്ടു കാര്യമില്ലല്ലോ. . 

പപ്പനമ്മാമൻ കൂർക്കം വലിക്കുന്നത് കേൾക്കാനുണ്ട്. ഇടയ്ക്ക് അദ്ദേഹം ചുമയ്ക്കും‌. '' ഹമ്മേ '' എന്ന വിളിയോടെയാണ് ഓരോ തവണയും ചുമ അവസാനിക്കുക. ഒട്ടും വൈകാതെ വീണ്ടും കൂർക്കംവലി ആരംഭിക്കും. പലതവണ ഈ പ്രക്രിയ ആവർത്തിച്ചുകഴിഞ്ഞു. മനസ്സിൽ യാതൊരുവിധ വേവലാതിയും ഇല്ലാത്തതിനാലാവാം അദ്ദേഹത്തിന്ന് ഇങ്ങിനെ ഉറങ്ങാൻ കഴിയുന്നത്.

മുമ്പും പപ്പനമ്മാമനെ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അന്നൊന്നും ഇത്രയും അടുപ്പം  ഉണ്ടായിരുന്നില്ല. എന്തെല്ലാം കാര്യങ്ങളാണ്  ഈ കുറഞ്ഞ ദിവസങ്ങൾക്കകം അദ്ദേഹത്തിൽ നിന്ന് അറിയാൻ കഴിഞ്ഞത്.

അടുക്കളയുടെ ഭാഗത്തുനിന്ന് എന്തോ ശബ്ദം കേട്ടു. കിടക്കുന്നതിന്നു മുമ്പ് പപ്പനമ്മാമൻ പറഞ്ഞ കാര്യങ്ങൾ പെട്ടെന്ന് മനസ്സിലെത്തി. നിലവിലുള്ള തറവാടിനോടു ചേർന്ന് ഇത്രതന്നെ വലുപ്പമുള്ള  വേറൊരു കെട്ടിടം പണ്ട് ഉണ്ടായിരുന്നുവത്രേ. ജാരസംസർഗ്ഗം സംശയിച്ച് തറവാട്ടിലെ ഏതോ ഒരു പെൺകിടാവിനെ അന്നത്തെ കാരണവർ ആ കെട്ടിടത്തിൻറെ ഒരു തൂണിൽ കെട്ടിയിട്ട് ഭേദ്യം ചെയ്തു. മർദ്ദനത്തിനൊടുവിൽ ആ യുവതി മരണപ്പെട്ടു. പ്രതാപവും സ്വാധീനവും കാരണം കേസ്സുണ്ടായില്ല. പക്ഷേ വേറെ പലതും സംഭവിച്ചു. കൊല്ലം തികയുന്നതിന്നു മുമ്പ് ആ കെട്ടിടം അഗ്നിക്കിരയായി. പുതുക്കി പണിതെങ്കിലും അതിൽ താമസിക്കാൻ ആരും തയ്യാറായില്ല. ഒരു പ്രേതാലയംപോലെ ആ കെട്ടിടം ആളനക്കമില്ലാതെ കിടന്നത് പപ്പനമ്മാമൻ കണ്ടിട്ടുണ്ടത്രേ. '' അഞ്ചിടങ്ങഴി അരിയിട്ട് കഞ്ഞി വെച്ചാലും കുട്ടികൾക്കും ആണുങ്ങൾ‌ക്കും കൊടുത്തു കഴിഞ്ഞാൽ പെണ്ണുങ്ങൾക്ക് തികയില്ല '' എന്ന അവസ്ഥയിൽ നിന്നുള്ള മാറ്റം പെട്ടെന്നായിരുന്നു. തറവാട് ഭാഗിച്ച് ഓരോ താവഴി ഓരോ സ്ഥലത്തേക്ക് താമസം മാറി. കാരണവർക്ക് വസൂരിദീനം പിടിപെട്ടു. തോട്ടിൻകരയിലെ കളപ്പുരയിൽ ആരും നോക്കാനില്ലാതെ ആ മനുഷ്യൻ നരകിച്ച് മരിച്ചുവത്രേ. ഒട്ടേറെ പരിഹാരക്രിയകൾ ചെയ്തിട്ടും ദോഷം മാറാത്തതിനാലാവാം ഒടുവിൽ ആ കെട്ടിടം നശിച്ചു മണ്ണടിഞ്ഞു.

തുറന്നിട്ട ജനലിന്നരികിലായി ഒരു നിഴലനക്കം കണ്ടു. മുറ്റത്തുകൂടി ആരോ  നടക്കുന്ന ഒച്ച കേൾക്കാനുണ്ട്. കൈകാലുകളിലൂടെ ഒരു വിറയൽ മേലോട്ട് കയറി.  ദേഹമാസകലം വിയർപ്പിൽ കുളിച്ചിരിക്കുന്നു. ശബ്ദം പുറത്തേക്ക് വരുന്നില്ല. മനസ്സ് ഭയത്തിന്ന് കീഴടങ്ങുകയാണ്.

പെട്ടെന്ന് പപ്പനമ്മാമൻ ചുമച്ചുതുടങ്ങി. അടുത്ത് ഒരാളുണ്ട് എന്ന തോന്നൽ ആശ്വാസം പകർന്നു. തല പൊങ്ങിച്ച് നോക്കുമ്പോൾ അദ്ദേഹം എഴുന്നേറ്റ് ഇരിക്കുകയാണ്. വേഗം അദ്ദേഹത്തിൻറെ അരികിലേക്ക് ചെന്നു.

'' വല്ലാതെ ചുമയ്ക്കുന്നുണ്ടല്ലോ. കട്ടൻ കാപ്പി ഉണ്ടാക്കണോ '' ചെറിയൊരു ചൂട് കിട്ടിയാൽ ചുമ അൽപ്പം ഭേദപ്പെടുമെന്ന് കരുതി ചോദിച്ചു.

'' ഒന്നും വേണ്ടാ. ഞാൻ കാരണം ദീപുവിന്ന് ഉറങ്ങാൻ ബുദ്ധിമുട്ടായോ ''.

'' ഏയ്. അങ്ങിനെയൊന്നും ഇല്ല. എന്താ എന്നറിയില്ല. ഇത്ര നേരമായിട്ടും ഉറക്കം വരുന്നില്ല ''.

'' മനസ്സിൽ ആലോചന വല്ലതും ഉണ്ടാവും. അതാ ഉറക്കം വരാത്തത് '' എത്ര എളുപ്പം അദ്ദേഹം കാരണം കണ്ടെത്തി..

''  അതുതന്നെ കാരണം‌. ഇത്ര നേരം അനിതയേയും മകനേയും കുറിച്ച് ആലോചിക്കുകയായിരുന്നു  ''

'' പല തവണ പറയണം എന്നു വിചാരിച്ച ഒരു കാര്യമുണ്ട്.  ദീപുവിന്ന് പരിഭവം തോന്നരുത്. ഭാര്യയേയും കുട്ടിയേയും തനിച്ചാക്കി  നേരത്തെ പോന്നത് ഒട്ടും ശരിയായില്ല. കല്യാണം കഴിഞ്ഞാൽ പിന്നെ സ്വന്തം കാര്യം നോക്കരുത്. ഭാര്യയുടേയും  കാര്യം നോക്കിയ ശേഷമേ നമ്മുടെ കാര്യം നോക്കാവൂ. അല്ലെങ്കിൽ എന്നെപ്പോലെ ഭാര്യയും മക്കളും ഒന്നും വേണ്ടാ എന്ന മട്ടിലുള്ള ജീവിതം ആവണം ''.

''  പപ്പനമ്മാമൻ എന്താ വിവാഹം വേണ്ടാ എന്നു വെച്ചത് ''.

'' വേണ്ടാന്ന് വെച്ചതൊന്ന്വല്ല. അങ്ങിനെ സംഭവിച്ചു എന്നേ  പറയേണ്ടൂ. വകേൽ ഒരമ്മാമൻറെ മകളെ അമ്മ നോക്കിവെച്ചിരുന്നു. അമ്മായിയുടെ അമ്മയ്ക്ക് വയസ്സായി, പേരക്കുട്ടിയുടെ പുടമുറി കാണണം എന്നൊക്കെ പറഞ്ഞ് അവർ തിടുക്കം കൂട്ടി. എനിക്ക് അന്ന് ഇരുപത്തൊന്ന് വയസ്സാണ്, പെൺകുട്ടിക്ക് പതിനഞ്ചും‌. ചിങ്ങത്തിലെ ഉത്രാടത്തിന്ന് പുടമുറിക്കുള്ള മുഹുർത്തം കുറിച്ചു. ക്ഷണിക്കൽ വരെ നടത്തി. ആ സമയത്താണ് സമരം ചെയ്തതിന്ന് എന്നെ പോലീസ് പിടിക്കുന്നത്. അതോടെ അത് മുടങ്ങി ''.

'' പിന്നെ വേറെ ആലോചനയൊന്നും വന്നില്ലേ ''.

'' ഒരിക്കൽ കൂടി ആലോചിച്ചു. അതും നടന്നില്ല ''.

'' അതെന്താ  പറ്റിയത് ''.

'' അമ്മയുടെ പരിചയത്തിലുള്ള കുട്ടിയായിരുന്നു അത്. പെണ്ണു കാണൽ വരെ നടന്നു. പെൺകുട്ടിയുടെ അമ്മയ്ക്കാണെങ്കിൽ മൂക്ക് മുങ്ങ്വോളം മോഹം‌. അപ്പോഴാ കുട്ടിയുടെ അമ്മാമൻ എതിർപ്പ് പറഞ്ഞത് ''.

'' എന്തിനാ എതിർത്തത് ''.

'' മര്യാദയ്ക്ക് വല്ല പണിയും ചെയ്ത് കുടുംബം നോക്കുന്നത്തിന്നു പകരം നാടു നന്നാക്കാൻ നടക്കുന്നവന്ന് എൻറെ അനന്തിരവളെ കൊടുക്കില്ല എന്ന് അയാൾ തടസ്സംപറഞ്ഞു.  തീരുമാനമെടുക്കാനുള്ള അധികാരം അന്നൊക്കെ അമ്മാമന്മാർക്കാണ്. അതോടെ അതും മുടങ്ങി ''.

'' എന്നിട്ട് ''.

'' അമ്മ ഏതോ പേരുകേട്ട ജോത്സ്യൻറെ അടുത്ത് എൻറെ ജാതകവുമായി ചെന്നു. എനിക്ക് പരിവ്രാജക യോഗം ഉണ്ട്, സന്യാസിയെപ്പോലെയുള്ള ജീവിതമായിരിക്കും‌, കല്യാണം നടക്കില്ല, നടന്നാലും അധികകാലം ഒന്നിച്ച്  കഴിയില്ല എന്നൊക്കെ പറഞ്ഞുവത്രേ. അതോടെ കുടുംബജീവിതം വേണ്ടാ എന്ന് ഞാനും നിശ്ചയിച്ചു. എന്തിനാ ഒരു പെണ്ണിൻറെ ജീവിതം ഞാനായിട്ട് നശിപ്പിക്കുന്നത് ''.

'' എന്താ രണ്ടാൾക്കും ഉറങ്ങ്വോന്നും വേണ്ടേ '' കിടപ്പുമുറിയുടെ വാതിൽ തുറന്ന് വലിയമ്മയെത്തി.

'' കുര വന്നപ്പോൾ എഴുന്നേറ്റതാണ്. സുഭദ്ര കിടന്നോളൂ '' പപ്പനമ്മാമൻ പറഞ്ഞതും വലിയമ്മ തിരിച്ചു പോയി.

'' ദീപു, ഉറക്കം വരാൻ ഒരു സൂത്രം പറഞ്ഞുതരാം‌. ഒന്നുകിൽ കുറേനേരം നാമം ജപിച്ചുകൊണ്ട് കിടക്കുക, അതല്ലെങ്കിലോ വെള്ളത്തിൽ മലർന്നു കിടന്ന് നീന്തുന്നതായി സങ്കൽപ്പിക്കുക. ഉറക്കം തന്നേ വന്നോളും  ''.

പപ്പനമ്മാമൻറെ ഉപദേശം പരീക്ഷിച്ചു നോക്കാം‌. ദിലീപ് മേനോൻ പുതപ്പ് തലവഴി വലിച്ചിട്ടു.


Friday, August 1, 2014

അദ്ധ്യായം - 35.


'' എന്തിനാ ഒറ്റയ്ക്ക് തിരുവനന്തപുരത്തേക്ക് പോയത്.  പറഞ്ഞാൽ ഞാൻ കൂടെ വരില്ലേ ''.

'' അതിനൊന്നും സമയം കിട്ടിയില്ല.  നീലകണ്ഠൻറെ മകളുടെ ഭർത്താവ് പി. ഡ്ബ്ലിയു. ഡി. യിൽ നിന്ന് എക്സിക്യുട്ടീവ് എഞ്ചിനീയറായി റിട്ടയർ ചെയ്ത ആളാണ്. നീലകണ്ഠൻ അയാളോടാണ് എന്നെ കാണണം എന്ന മോഹം പറഞ്ഞത്. അയാൾ പോവാനും വരാനും ഉള്ള ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്ത് കാർ ഡ്രൈവറെ എനിക്ക് തുണയ്ക്ക് അയച്ചു.  ആ വിദ്വാൻ വന്ന് വിവരം പറയുമ്പോഴാണ് ഞാൻ കാര്യം അറിയുന്നത് ''.

'' എന്താ കൂട്ടുകാരൻറെ കണ്ടീഷൻ‌.  കണ്ടപ്പോൾ മനസ്സിലായോ ''.

''  സംഗതി സീരിയസ്സന്നെ.  ആളെ മനസ്സിലാവാത്ത അവസ്ഥയായിട്ടില്ല. ഞാൻ ചെന്നതും കയ്യിൽ മുറുക്കെ പിടിച്ചു.  കാര്യം അദ്ദേഹത്തിന്ന് പിടി കിട്ടി എന്ന് തോന്നുന്നു.  പേടിക്കേണ്ടാ സൂക്കട് വേഗം ഭേദാവും എന്ന് ഞാൻ പറഞ്ഞപ്പോൾ മൂപ്പര്  അമർത്തിയൊന്ന്   മൂളി.   രാത്രി മടങ്ങി വരാനായി പുറപ്പെടാൻ നേരത്ത് പിന്നെ കാണാട്ടോ എന്ന് ഞാൻ പറഞ്ഞതും എവിടെ വെച്ചാ എന്ന് തിരിച്ചൊരു ചോദ്യം.  ഒന്നും പറയാതെ ഞാനിറങ്ങി ''.

'' എത്ര ദിവസം അവിടെ കൂടി ''.

'' ആസ്പത്രീയിൽ ദിവസക്കണക്കിന്ന് കഴിയാൻ പറ്റില്ലല്ലോ.  രാത്രി തിരുവനതപുരത്തേക്ക് പോവുന്ന അമൃത എക്സ്പ്രസ്സിൽ അങ്ങോട്ട് പോയി. പിറ്റേ ദിവസം രാത്രി അതേ  വണ്ടിക്ക് തിരിച്ചു പോന്നു ''.

'' അത് നന്നായി. ബുദ്ധിമുട്ടാതെ പോയി വന്നല്ലോ ''.

''  തിരുവനന്തപുരത്തേക്ക് ചെല്ലുമ്പോഴെല്ലാം ഞാൻ ഈ വണ്ടിയിലാണ് പോവാറും വരാറും.  ഇത്ര സൗകര്യം വേറെഏത് വണ്ടീല് പോയാലും കിട്ടില്ല.  തീവണ്ടിയുടെ സൗകര്യം ആലോചിക്കുമ്പോൾ വെള്ള.ക്കാരോട് ബഹുമാനവും നന്ദിയും തോന്നാറുണ്ട് ''.

'' അവരെ ആട്ടിയോടിക്കാൻ സമരം ചെയ്ത ആളല്ലേ. എന്നിട്ട് ഇങ്ങിനെ പറയുന്നത് ആരെങ്കിലും കേട്ടാലോ ''.

'' ആരേയും ബോധിപ്പിക്കാൻ വേണ്ടി ഞാനൊന്നും പറയാറില്ല.  ശരി എന്ന് എനിക്ക് തോന്നുന്നത് ഞാൻ പറയും‌. ഇംഗ്ലീഷുകാർ എത്രയോ  ദ്രോഹങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷെ റെയിൽവേ, ആധുനീക വിദ്യാഭ്യാസം തുടങ്ങിയ ചില നല്ല കാര്യങ്ങളും അവര്‍ ചെയ്തു ''.

'' അതെല്ലാം അവരുടെ ആവശ്യത്തിന്നുവേണ്ടി ചെയ്തതല്ലേ  ''.

'' അല്ലയെന്ന് പറയുന്നില്ല.­പക്ഷെ ഇന്നും നമ്മളതിൻറെ ഗുണഫലങ്ങൾ  അനുഭവിക്കുന്നുണ്ട്. ഇന്നത്തെപ്പോലത്തെ വലിയയന്ത്രങ്ങൾ ഇല്ലാത്ത കാലത്ത് റെയിൽവേ ലൈനിട്ടത് ചെറിയ കാര്യമാണോ ''.

'' വേണമെങ്കിൽ ആര്‍ക്കും ചെയ്യാൻ പറ്റുന്നതല്ലേ ''.

'' അതുപറഞ്ഞാൽ ഞാൻ സമ്മതിക്കില്ല. നമ്മുടെ നാട്ടിൽ ഏതെങ്കിലും പദ്ധതി സമയത്തിന്ന് പൂർത്തിയാക്കിയിട്ടുണ്ടോ. അടങ്കൽ തുകയുടെ എത്ര ഇരട്ടി പണി തീരുമ്പോഴേക്ക് ചിലവിടേണ്ടി വരും‌. അപ്പോൾ ഒന്നര നൂറ്റാണ്ടു മുമ്പ് റിക്കോർഡ് വേഗത്തിൽ പണി തീർത്തവരെ ബഹുമാനിക്കാതിരിക്കാൻ പറ്റുമോ ''.

'' റിക്കോർഡ് വേഗത്തിൽ ചെയ്തു എന്ന് എങ്ങിനെ പറയാൻ പറ്റും. ആർക്കാ അത് അറിയുക ''.

'' റെയിൽവേയുടെ ചരിത്രം കേട്ടോളൂ. കൃത്യമായി പറഞ്ഞാൽ 1861 ലാണ് നമ്മുടെ നാട്ടിൽ റെയിൽവേ ലൈൻ നിർമ്മിച്ചത്. തിരൂരിൽ നിന്ന് ബേപ്പൂരിലേക്കായിരുന്നു അത്. പിന്നെ തിരൂർ - കുറ്റിപ്പുറം‌, പട്ടാമ്പി - ഷൊർണ്ണൂർ അങ്ങിനെ ഒരോ ഭാഗമായി ഒന്നൊന്നര കൊല്ലം കൊണ്ട് അവർ പോത്തനൂർ മുതൽ ബേപ്പൂർ വരെയുള്ള പണി തീർത്തു ''.

'' ഇവിടെ റെയിൽവേലൈൻ ഉണ്ടായിട്ട് കഷ്ടിച്ച് നൂറുകൊല്ലം ആവും എന്നാ ഞാൻ കരുതിയിരുന്നത് '' ദിലീപ് മേനോൻ അത് പറഞ്ഞതും അകത്തു നിന്ന് ടെലഫോണിൻറെ ശബ്ദം ഉയർന്നു.

'' ദീപൂ, നിൻറെ മൊബൈൽ സ്വിച്ചോഫാണോ. ജാഫർ വിളിക്കുന്നുണ്ട് '' അകത്തു നിന്ന് വലിയമ്മയുടെ വിളി പറഞ്ഞതും ദിലീപ് മേനോൻ പോയി.

ഇപ്പോൾ ഉമ്മറത്ത് ഒറ്റയ്ക്കാണുള്ളത്. മനസ്സ് പഴയതാളുകൾ മറിച്ചു നോക്കാൻ തുടങ്ങി. ഓർമ്മയിലെ തണ്ടപാളയത്തിലൂടെ കരിവണ്ടികൾ കൂവി പായുകയാണ്. കൈകാട്ടി മരങ്ങൾ‌, ചൂരൽ കൊണ്ടുണ്ടാക്കിയ താക്കോൽ കൊടുക്കാനുള്ള വളയങ്ങൾ‌, പാട്ടത്തൈരുവീണൂ കിടക്കുന്ന പ്ലാറ്റ്ഫോമുകൾ, കരിതുപ്പി നീങ്ങുന്ന കരിംഭൂതങ്ങളെപ്പോലുള്ള ഭീമൻ എഞ്ചിനുകൾ‌ അങ്ങിനെ നിരവധി കാഴ്ചകൾ മിന്നി മറഞ്ഞു‌.

തീവണ്ടികൾ പുറന്തള്ളിയ കരിപടലങ്ങൾ മായുമ്പോൾ തെളിയുന്നത് ജനവരിയിലെ ഒരു പ്രഭാതമാണ്. പ്രാതൽ കഴിക്കാനിരിക്കുമ്പോഴാണ്  കന്നു മേക്കാൻ വരുന്ന മുത്തായി എത്തുന്നത്.

'' നിറച്ചെനയുള്ള പയ്യാണ്. എപ്പോഴാ പ്രസവിക്കുക എന്ന് പറയാൻ പറ്റില്ലട്ടോ. ദൂരത്തൊന്നും കൊണ്ടുപോണ്ടാ '' എന്ന് അമ്മ അവനോട് പറയുന്നതു കേട്ടു. പശുവിനേയും കുട്ടിയേയുംകൊണ്ട് അവൻ പടി കടന്നു പോവുന്നത് അടുക്കളയിലെ ജനാലിലൂടെ കണ്ടതാണ്. ഭക്ഷണം കഴിഞ്ഞ് എഴുന്നേൽക്കുമ്പോൾ സമയം എട്ടര. ആളുകേറുന്ന തീവണ്ടി വരാനുള്ള സമയമായി. ആനയെപ്പോലെ ആളുകേറുന്ന തീവണ്ടിയും ബാല്യകാലത്തെ കൗതുകമായിരുന്നു. റെയിൽവേ ഗെയിറ്റിനരികിലുള്ള പുളിമരച്ചോട്ടിൽ ചെന്നു നിന്നാൽ യാത്രക്കാരെ വ്യക്തമായി കാണാം‌. അതിനാൽ വണ്ടി വരുന്നതും നോക്കി അവിടെ ചെന്നു നിൽക്കും‌.

പടിപ്പുരകടന്ന് പുളിമരച്ചോട്ടിലേക്ക് ഓടി. അകലെ വളവു തിരിഞ്ഞ് ഓടി വരുന്ന വണ്ടി കാണാനുണ്ട്. അടുത്തെത്താറായപ്പോൾ ഉറക്കെ വിസിലടിക്കുന്നത്കേട്ടു. നോക്കുമ്പോൾ ട്രാക്കിലൂടെ വീട്ടിലെ പശുവും കിടാവും ശബ്ദം കേട്ട് പരിഭ്രമിച്ച് ഓടുകയാണ്. വണ്ടി അടുത്തെത്തി കഴിഞ്ഞു. നോക്കി നിൽക്കുകയല്ലാതെ ഒന്നും ചെയ്യാനാവില്ല. പെട്ടെന്ന് കുട്ടി ഒരു വശത്തേക്ക് ചാടിയിറങ്ങി. എഞ്ചിൻ പശുവിനെ ഇടിച്ചു തെറിപ്പിച്ചു. ഒരു ഫുട്ബോൾപോലെ അത് മൈലാഞ്ചിചെടികൾകൊണ്ട് കെട്ടിയ വേലിയിൽ ചെന്നു വീണൂ. പുഴയോരത്തു നിന്ന് കയറിവന്ന മുത്തായിയോടൊപ്പം പശുവിനെ ചെന്നു നോക്കി. അതിൻറെ ദേഹത്ത് മുറിവൊന്നും കണ്ടില്ല. തുറിച്ചകണ്ണുകളിൽ അപ്പോഴും ഭയത്തിൻറെ നിഴലുണ്ട്.

'' മാട് ചത്തു. ഇനി എന്താ ചെയ്യാ '' മുത്തായിയുടെ വാക്കുകളിൽ പേടിയോ ദുഖമോ എന്തായിരുന്നു എന്നറിയില്ല.

'' കുട്ടി ഇവിടെ നിൽക്കൂ. ഞാൻ വീട്ടിൽ പറഞ്ഞിട്ടു വരാം '' അവൻ വീട്ടിലേക്കോടി. പുളിങ്കമ്പുമായിട്ടാണ് അമ്മ എത്തിയത്.

'' കന്നുമേക്കാൻ വന്ന ചെക്കനെ പമ്പരം ഉണ്ടാക്കാൻ പറഞ്ഞയയച്ചിട്ട് പെറാറായ പയ്യിനെ കൊലയ്ക്ക് കൊടുത്തില്ലേടാ '' എന്നും പറഞ്ഞ് അമ്മ പൊതിരെ തല്ലി.

താൻ നിരപരാധിത്വം ബോധിപ്പിച്ചത് അമ്മ ചെവിക്കൊള്ളാത്തപ്പോൾ ഉണ്ടായ സങ്കടം ഇന്നും മറന്നിട്ടില്ല. വീട്ടിലെ പടിപ്പുരയിലിരുന്ന് എത്ര നേരം കരഞ്ഞുവെന്ന് ഓർമ്മയില്ല .ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ആരും വിളിച്ചില്ല. വണ്ടിയിൽ ചാടി ചാവാൻ പോന്നതാണ്. പക്ഷേ സ്റ്റേഷനിലെത്തിയപ്പോൾ തീരുമാനം മാറി. മുമ്പിൽ കണ്ട വണ്ടിയിൽ കയറി. ഷൊർണ്ണൂരിൽ എത്തിയപ്പോൾ ആരോതന്ന ചോറ് കഴിച്ചത് ഒർമ്മയുണ്ട്. ആ യാത്ര അവസാനിച്ചത് കോഴിക്കോടാണ്. ഒരുപക്ഷേ    ജീവിതം മാറ്റി മറിച്ചത് ആ യാത്രയായിരിക്കും.

മഹാത്മാഗാന്ധി എത്തിയിട്ടുണ്ട് എന്ന് പലരും പറയുന്നത് കേട്ടപ്പോൾ കൗതുകം തോന്നി കാണാൻ ചെന്നു. ജനക്കൂട്ടത്തിന്നിടയിൽ നിന്ന് താൻ കണ്ട ആ മനുഷ്യനിൽ പത്തുവയസ്സ് തികയാത്ത ബാലന് പ്രത്യേകിച്ച് യാതൊന്നും തോന്നിയില്ല. പക്ഷെ അന്ന് മുഴങ്ങി കേട്ട '' ഭാരത് മാതാ കീ ജെയ് '' എന്ന ഒരു വാചകം മനസ്സിൽ ഇടം പിടിച്ചു. അതിൻറെ അലയൊലി ഇപ്പോഴും ചെവിയിലുണ്ട്.

'' ഒറ്റയ്ക്കിരുന്ന് ബോറടിച്ചു അല്ലേ '' ദിലീപ് മേനോൻറെ ചോദ്യം കേട്ട് ഞെട്ടിയെണീറ്റു.