Thursday, September 11, 2014

അദ്ധ്യായം - 38.

മുറ്റത്തു കാര്‍ നിര്‍ത്തി ഇറങ്ങുമ്പോഴേക്ക് പത്തു പന്ത്രണ്ട് വയസ്സ് തോന്നിക്കുന്ന ഒരു ആണ്‍കുട്ടി ഓടിയെത്തി. ദിലീപ് മേനോന്‍ അവനെ സൂക്ഷിച്ചു നോക്കി. കറുപ്പ് നിറത്തിലുള്ള പാന്‍റും നീലയില്‍ ചെക്കുകളുള്ള ഷര്‍ട്ടുമാണ് വേഷം. കയ്യിലൊരു
ചെറിയ വടിയുമുണ്ട്.

'' എന്താടാ '' വലിയമ്മ അവനോട് ചോദിച്ചു.

'' ഏതോ ഒരാള് ഇവിടെ വന്നിട്ടുണ്ടായിരുന്നു. കുറെ വിളിച്ചു നോക്കി. ബെല്ലും
 അടിച്ചു ''.

'' ആരാ ആള് ''.

'' അതെനിക്ക് അറിയില്ല. ഞാന്‍ വെള്ളം കുടിക്കാന്‍ വന്നപ്പോള്‍ കണ്ടതാണ് ''

'' അയാളെന്തെങ്കിലും പറഞ്ഞ്വോ ''.

'' ഫോണ്‍ ചെയ്തപ്പൊ എടുത്തില്ല. വന്നു നോക്കുമ്പോള്‍ വീട് പൂട്ടീട്ടും ഉണ്ട്. ആരോടാ വിവരം പറയ്യാ എന്നും പറഞ്ഞ് അയാള്‍ വന്ന സൈക്കിളില്‍ കയറിപ്പോയി ''.

'' നിനക്ക് എന്താന്ന് ചോദിക്കായിരുന്നില്ലേ ''.

'' എനിക്കെന്താ ആവശ്യം. എന്തിനാ വന്നത് എന്ന് അയാള്‍ക്ക് പറഞ്ഞൂടെ. അതയാള്‍
ചെയ്തില്ല. അത്ര വലിയ ആളാണെങ്കില്‍ വന്നപോലെ പൊയ്ക്കോട്ടെ എന്ന് ഞാനും
വിചാരിച്ചു. അതോണ്ട് ഞാന്‍ അയാളോട് ചോദിക്കാന്‍ പോയതൂല്യാ '' എന്നും
പറഞ്ഞ് അവന്‍ തിരിച്ചു പോയി.

'' കന്ന് മേക്കുന്ന ചെക്കന്‍റെ പത്രാസാ ഇത്. മുളച്ചു പൊങ്ങുമ്പോഴേക്ക് ഉള്ള ഗമ  ഇതാണെങ്കില്‍ വളര്‍ന്നു വന്നാലത്തെ സ്ഥിതി എന്തായിരിക്കും '' എന്ന് വലിയമ്മ ഉറക്കെ ആത്മഗതം ചെയ്യുന്നത് കേട്ടു.

ആകപ്പാടെ ആശയക്കുഴപ്പത്തിലായി. ഫോണ്‍ ചെയ്തതും ആളെ പറഞ്ഞയച്ചതും
ആരായിരിക്കും? വലിയമ്മയോട് സംശയം ചോദിച്ചു.

'' അതുതന്നെയാണ് ഞാനും ആലോചിക്കുന്നത്. ജാനുമുത്തി മരിച്ച കാര്യം കേട്ടറിഞ്ഞ് പപ്പനമ്മാമന്‍ വിളിച്ചതാണെങ്കിലോ? ''.

'' ആയിക്കൂടെന്നില്ല. മരിച്ച വീട്ടില്‍ നിന്നുതന്നെ വിളിച്ചതായിരിക്കും. ഫോണെടുക്കാതെ വന്നപ്പോള്‍ ആരേയെങ്കിലും ഇങ്ങോട്ട് അയച്ചതാവണം ''.

'' പക്ഷെ ഒരു സംശയം. നമ്മള് പോയതിന്നു ശേഷമല്ലേ ഫോണ്‍ വന്നത്. അങ്ങിനെ നോക്കുമ്പോള്‍ വഴിക്കുവെച്ച് പപ്പനമ്മാമനെ കാണേണ്ടതല്ലേ. അതുണ്ടായില്ലല്ലോ. അദ്ദേഹം നേരത്തെ വന്നുപോയി എന്നാ എന്നോട് മുത്തിടെ പേരക്കുട്ടി പറഞ്ഞത്. അപ്പോള്‍ വിളിച്ചത് അദ്ദേഹമാവില്ല ''.

'' പിന്നെ ആരാവും ''.

'' കുഞ്ഞുണ്ണ്യേട്ടന്‍റെ വീട്ടില്‍ നിന്ന് ആയിരിക്ക്വോ ''.

'' അതിനും സാദ്ധ്യതയുണ്ട് ''.

'' ചിലപ്പോള്‍ ഏടത്തിയമ്മയെ നമ്മളുടെ കൂടെ മരിച്ച വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവ്വോന്ന് ചോദിക്കാനായിരിക്കും ''.

'' അന്വേഷിച്ച് ആളെ അയച്ചതല്ലേ. എന്തെങ്കിലും അത്യാവശ്യകാര്യം ഉണ്ടെങ്കിലോ ''.

'' കുഞ്ഞുണ്ണ്യേട്ടന്‍റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളുംകൊണ്ട് മാഷേട്ടന്‍ ഏതോ ഡോക്ടറെ കാണാന്‍ പോയതല്ലേ. എന്തെങ്കിലും വിവരം അറിയിക്കാനാണെങ്കിലോ ''.

'' നമ്മള്‍ ഇങ്ങിനെ ഒരോന്ന് ഊഹിച്ചിരിക്കുന്നതിനേക്കാള്‍ നല്ലത് വലിയമ്മ ഫോണ്‍
ചെയ്ത് ചോദിക്കുന്നതാണ്. അപ്പോഴേക്കും ഞാന്‍ കുളിച്ചിട്ടുവരാം ''.

'' മരിച്ച വീട്ടില്‍ പോയി വന്നതല്ലേ. അമ്പലക്കുളം തൊട്ട് ഞാന്‍ അശുദ്ധമാക്കുന്നില്ല.  പൊട്ടക്കുളത്തില്‍ ഞാനും ഒന്ന് മുങ്ങിയിട്ട് വരാം. എന്നിട്ടു മതി ഫോണ്‍ ചെയ്യല് ''.

'' ഒന്ന് വേഗാക്കെന്‍റെ ദീപൂ. കുഞ്ഞുണ്ണ്യേട്ടന്ന് എന്തോ വയ്യാത്രേ '' ദിലീപ് മേനോന്‍റെ വിസ്തരിച്ചുള്ള കുളി തീരുന്നതിന്നു മുമ്പേ കുളിമുറിക്ക് മുമ്പില്‍ നിന്ന് വലിയമ്മയുടെ ശബ്ദം ഉയര്‍ന്നു. പെട്ടെന്ന് കുളി തിര്‍ത്ത് പുറത്തിറങ്ങി.

'' നമുക്കൊന്ന് അവിടം വരെ ചെല്ലാം '' വലിയമ്മ തയ്യാറായി കഴിഞ്ഞിരിക്കുന്നു.

'' എന്താ സംഗതി ''.

'' കുളിച്ചു വന്നിട്ട് ഞാന്‍ വിളിച്ചപ്പോള്‍ കുഞ്ഞുണ്ണിയേട്ടന്ന് പെട്ടെന്ന് വയ്യാതായി, അതാ വിളിച്ചത് എന്ന് ഏടത്തിയമ്മ പറഞ്ഞു ''.

'' എന്താ എന്ന് വ്യക്തമായി പറഞ്ഞില്ലേ ''.

'' കയ്യും കാലും ഒക്കെ കുഴഞ്ഞ് ശ്വാസം പോയതുപോലെ കിടന്ന്വോത്രേ. ഞങ്ങള് ഇപ്പൊത്തന്നെ വരാം എന്ന് പറഞ്ഞപ്പോള്‍ അവര് ഫോണ്‍ വെച്ചു ''.

വീട്ടിലെത്തിയപ്പോള്‍ വിചാരിച്ച അത്ര കുഴപ്പമൊന്നും കണ്ടില്ല. കുഞ്ഞുണ്ണിമാമ ദിവാന്‍കോട്ടില്‍ ചാരി കിടപ്പുണ്ട്. അമ്മായി അദ്ദേഹത്തിന്‍റെ കാല് തടവുന്നു.

'' എന്താ ഉണ്ടായത് '' വലിയമ്മ പരിഭ്രമത്തോടെ ചോദിച്ചു.

'' എന്താ ഞാന്‍ പറയണ്ട്. കയ്യും കാലും നീട്ടി കണ്ണ് അനക്കാതെ ഒരു കിടപ്പായിരുന്നു. ആള് പോയി എന്നന്നെ ഞാന്‍ വിചാരിച്ചു '' അമ്മായി പറഞ്ഞു '' പരിഭ്രമിച്ചിട്ടാ ഞാന്‍ അങ്ങോട്ടേക്ക് വിളിച്ചത്. എന്താ ചെയ്യേണ്ടത് എന്ന് ചോദിക്കാന്‍ ഒരാളില്ലല്ലോ ഇവിടെ ''.

'' എന്നിട്ട് ഡോക്ടറെ കാണിച്ചില്ലേ ''.

'' ദീപുവിനോട് ഒരു ഡോക്ടറെ കൂട്ടിയിട്ടു വരാന്‍ പറയാന്‍ വേണ്ടിയാണ് ഒരാളെ അങ്ങോട്ട് അയച്ചത്. അവന്‍ മടങ്ങി വരുമ്പോഴേക്കും അല്‍പ്പം ഭേദായി ''.

'' മരുന്ന് വല്ലതും കൊടുത്ത്വോ ''.

'' ഇല്ല. പാല് തിളപ്പിച്ചത് ഉണ്ടായിരുന്നു. അതില് മധുരം ഇട്ട് കുടിക്കാന്‍ കൊടുത്തു. അത് ഉള്ളില്‍ ചെന്നതോടെ എഴുന്നേറ്റു ''.

'' ഷുഗര്‍ കുറഞ്ഞതായിരുന്നു പ്രശ്നം. കുഞ്ഞുണ്ണിമാമ പറഞ്ഞു '' എനിക്ക് കാര്യം
മനസ്സിലായി. പക്ഷേ പറയാന്‍ പറ്റണ്ടേ ''.

'' എന്താ പെട്ടെന്ന് ഷുഗര്‍ കുറഞ്ഞത് ''.

'' ഇന്ന് അമ്മയുടെ ശ്രാര്‍ദ്ധം അല്ലേ. ഇന്നലെ ഒരിക്കലായിരുന്നു. പലഹാരം ഉണ്ടാക്കി തരാം എന്ന് ഞാന്‍ പറഞ്ഞത് കേട്ടില്ല. രണ്ട് കുന്നന്‍പഴവും ഒരു ഗ്ലാസ്സ് കാപ്പിയും
ആയിരുന്നു രാത്രിലത്തെ ഭക്ഷണം. രാവിലെ ബലിയിടാതെ വല്ലതും കഴിക്കാന്‍ പാട്വോ. ഒക്കെ കഴിഞ്ഞപ്പോള്‍ ചത്ത ശവംപോലീണ്ട് കിടക്കുന്നു ''.

'' വയ്യാത്തോടത്ത് എന്തിനാ ശ്രാര്‍ദ്ധവും ബലിയിടലും ഒക്കെ. അമ്മയ്ക്ക് അറിയില്ലേ വയ്യാഞ്ഞിട്ടാനെന്ന് ''.

'' അമ്മ നാലു പെറ്റു. അവര് മരിച്ചപ്പോള്‍ നിങ്ങള് മൂന്നാളുക്കും അവരെ വേണ്ടാ എന്നായി. എനിക്ക് അങ്ങിനെ മറക്കാന്‍ പറ്റില്ല. ഞാന്‍ ചാവുന്നതുവരെ അച്ഛനും
അമ്മയ്ക്കും ബലിയിടും ''.

'' ഏട്ടന്‍ അങ്ങിനെ പറയരുത്. സുശീല എപ്പോഴും ഇവിടെ ഉണ്ടാവില്ലല്ലോ. അവള്‍ക്കു വേണ്ടീയാണ് ഞങ്ങള്- മൂന്നാളും തിരുനെല്ലിയില്‍ പോയി ബലിയിട്ടത്. അവിടെ ബലിയിട്ടാല്‍ പിന്നെ പിതൃകര്‍മ്മം നടത്താന്‍ പാടില്ല. അതോണ്ട് ചെയ്യാറില്ല ''.

'' ഇതാണ് ശീലം ''.അമ്മായി ഇടപെട്ടു '' മറ്റുള്ളവരെ കുറ്റം പറയാന്‍ വേണ്ടി തക്കം
നോക്കിയിരിക്കും. ചാവുന്നതുവരെ അത് മാറില്ല ''.

'' എന്‍റെ മനസ്സില്‍ തോന്നുന്നത് ഞാന്‍ പറയും. ഒതുക്കി വെക്കുന്ന പതിവ് എനിക്കില്ല ''.

'' അതു പോട്ടേ. എന്താ ശ്രാര്‍ദ്ധത്തിന്ന് പ്രത്യേകിച്ച് ''.

'' ഒന്നൂല്യാ. എന്നെക്കൊണ്ടാവില്ല സദ്യയൊരുക്കി കാക്കയ്ക്ക് കൊടുക്കാന്‍ ''.അമ്മായി പറഞ്ഞു '' ചെറുപ്പോന്നും ആല്ലല്ലോ എനിക്ക് ''.

'' ഞാന്‍ അതിന് കുറ്റം പറയില്ല. അല്ലെങ്കിലും പലതും ഇല്ലാതായി വര്വേല്ലേ. പണ്ട് ഉണ്ടായിരുന്നത് ആലോചിച്ച് ഇരിക്കാനല്ലേ പറ്റൂ ''.

കുഞ്ഞുണ്ണിമാമ ഭൂതകാലത്തിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹത്തിന്‍റെ മുഖഭാവത്തില്‍
നിന്ന് വ്യക്തമാണ്.

'' നേരം വെളുക്കുമ്പോഴേക്ക് ഇളയത് തറവാട്ടിലെത്തും. അദ്ദേഹം ബലിച്ചോറ് വെക്കാന്‍ തുടങ്ങുമ്പോഴേക്ക് ബലിയിടാനുള്ളോര് കുളിക്കാന്‍ പോവും. ബലിയിട്ടു കഴിഞ്ഞ് അദ്ദേഹത്തിന്ന് ദക്ഷിണയും ദാനവും കൊടുത്ത് അയച്ചിട്ടേ പച്ചവെള്ളം
കുടിയ്ക്കൂ '' കുഞ്ഞുണ്ണിമാമ പറഞ്ഞു തുടങ്ങി '' ഉച്ചയ്ക്ക് സര്‍വ്വ വിഭവങ്ങളുമായി ഒരു സദ്യ ഉണ്ടാവും. വെപ്പൊക്കെ ദെഹണ്ണക്കാരാണ് ചെയ്യുക. ഒരു ഇലയിട്ട് സകല വിഭവങ്ങളും വിളമ്പി പൂവും വെള്ളവുംകൊണ്ട് പൂജ കഴിച്ച ശേഷം കാക്കയ്ക്ക് കൊടുക്കും.. സന്ധ്യ കഴിഞ്ഞാല്‍ പിതൃക്കള്‍ക്കുള്ള പൂജയ്ക്കുള്ള ഒരുക്കമായി. അത് അധര്‍മ്മത്തിലാണ് ''.

'' മതി വര്‍ണ്ണിച്ചത്. ക്ഷീണിച്ച് വയ്യാതാവണ്ടാ '' അമ്മായി തുടരാന്‍ അനുവദിച്ചില്ല.

'' ഞാന്‍ പോയി ഡോക്ടറെ വിളിച്ചിട്ടു വരാം ''.

'' വേണ്ടാ ദീപൂ. റിപ്പോര്‍ട്ടുകളൊക്കെ ഡോക്ടറെ കാണിച്ച് അഭിപ്രായം അറിയാന്‍
പോയിട്ടുണ്ടല്ലോ. അത് അറിഞ്ഞിട്ടു മതി ഇനിയുള്ള ചികിത്സ '' കുഞ്ഞുണ്ണിമാമ തടസ്സം പറഞ്ഞതോടെ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയായി.

'' ദീപൂന്ന് എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ പൊയ്ക്കോളൂ. പിന്നെ വന്നാല്‍ മതി '' വലിയമ്മ പറഞ്ഞു.

'' അതു വേണ്ടാ. രണ്ടാളും എന്‍റെ കൂടെ ഊണു കഴിച്ചിട്ട് പോയാല്‍ മതി. ഇനി അതിന് സാധിച്ചില്ലെങ്കിലോ '' കുഞ്ഞുണ്ണിമാമ പ്രകടിപ്പിച്ച ആഗ്രഹം സന്തോഷം
ഉളവാക്കി.

'' എട്ടന്‍ വേണ്ടാത്തതൊന്നും ചിന്തിക്കണ്ടാ. ഇനിയും എത്രയോ കാലം നമ്മള് ഒന്നിച്ച് ഭക്ഷണം കഴിക്കും. ഒന്നും അവസാനിക്കാറായിട്ടില്ല. ഇപ്പോള്‍ ഞാന്‍ അടുക്കളയില്‍ ചെന്ന് ഏടത്തിയമ്മയെ എന്തെങ്കിലും സഹായിക്കട്ടെ '' അമ്മായിയോടൊപ്പം വലിയമ്മ അടുക്കളയിലേക്ക് നടന്നു.

'' ദീപു പേപ്പറ് വായിക്ക്വേ, അല്ലെങ്കില്‍ ടി.വി. കാണ്വേ ചെയ്തോളൂ. ഞാന്‍ ഇത്തിരി കിടക്കട്ടെ '' കുഞ്ഞുണ്ണിമാമ കണ്ണടച്ചു.

ദിലീപ് മേനോന്‍ ടീപ്പോയിയില്‍ നിന്ന് പേപ്പറെടുത്തു.

10 comments:

 1. ഒരിക്കൽ എല്ലാവരുടെയും മുന്നിൽ ദുഷ്ട കഥാപാത്രമായിരുന്ന കുഞ്ഞുണ്ണിമാമ... ഇപ്പോൾ നമ്മുടെ മനസ്സ് കീഴടക്കിത്തുടങ്ങിയിരിക്കുന്നു...

  തുടരട്ടെ കേരളേട്ടാ നാട്ടിൻപുറങ്ങളിലെ നന്മയുടെ കഥ...

  ReplyDelete
  Replies
  1. വിനുവേട്ടന്‍,
   എല്ലാവരിലും നന്മയുടേയും തിന്മയുടേയും അംശങ്ങളുണ്ട്. അവയുടെ അനുപാതത്തിലേ മാറ്റമുള്ളൂ. കുഞ്ഞുണ്ണിമാമയും അതില്‍നിന്ന് അതീതനല്ല.

   Delete
 2. അതെ, നാട്ടിന്‍പുറനന്മയുടെ കഥ തുടരട്ടെ

  ReplyDelete
 3. നാട്ടിൻ‌പുറം നന്മകളാൽ സമൃദ്ധം എന്നല്ലെ പഴമൊഴി. വായിക്കാനുള്ള ഒരു സുഖവും അതാണ്...
  ആശംസകൾ...

  ReplyDelete
  Replies
  1. വി.കെ,
   എനിക്കും അതാണ് തോന്നുന്നത്. അതോടൊപ്പം ആ നല്ല ഗുണങ്ങള്‍ ഇല്ലാതവുകയാണോ എന്ന സംശയം ഉയരുന്നു.

   Delete
 4. കുഞ്ഞുണ്ണിമാമ എന്റെ അച്ഛന്റെ തറവാട്ടിലെ ഒരു കാര്ന്നോരെ ഓര്മ്മിപ്പിച്ചു.

  ReplyDelete
  Replies
  1. ഡോ.പി.മാലങ്കോട്,
   അത്രയ്ക്ക് സാദൃശ്യം ഉണ്ട് അല്ലേ

   Delete
 5. കുഞ്ഞുണ്ണിമാമയുടെ മാനസാന്തരം വളരെ സ്വാഭാവികമായിത്തന്നെ അവതരിപ്പിച്ചു.. കാത്തിരിക്കുന്നു ബാക്കിയുള്ള അദ്ധ്യായങ്ങൾക്കായി.

  ReplyDelete
 6. വയസ്സായാൽ ചിലപ്പോൾ ദുഷ്ടതയുടെ മൂർച്ച കുറയുമായിരിക്കും അല്ലെ ഏട്ടാ.

  ReplyDelete