Friday, September 20, 2013

അദ്ധ്യായം - 13.


'' ഒലവക്കോട് എത്തിയാൽ പിന്നെ നേരെ പടിഞ്ഞാട്ട് പോണം. മുണ്ടൂരിൽ നിന്ന് വഴി രണ്ടായി പിരിയും. ഒന്ന് മണ്ണാർക്കാട്ടേക്ക്, മറ്റേത് ചെർപ്ലശ്ശേരിയിലേക്കും. രണ്ട് വഴീൽ കൂടി പോയാലും പെരിന്തൽ‌മണ്ണയിലെത്തും. അവിടുന്ന് നേരേ പോയാൽ മതി '' മുൻസീറ്റിൽ ദിലീപ് മേനോൻറെ അടുത്തിരുന്ന് ചെറിയച്ഛൻ വഴി പറഞ്ഞുകൊടുത്തു. പുറത്ത് കട്ടപിടിച്ച മഞ്ഞാണ്. അകലെയുള്ള വസ്തുക്കളെ കാണാനാവില്ല. അകത്ത് വിൻഡ് സ്ക്രീനിൽ പറ്റിപ്പിടിക്കുന്ന മൂടൽ മായ്ക്കാനായി എ.സി. ഓൺ ചെയ്തു.

'' പെരിന്തൽമണ്ണയുടെ അടുത്തല്ലേ തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം '' ചെറിയമ്മ ചോദിച്ചു.

'' അതെ. അങ്ങാടിപ്പുറത്ത് '' ചെറിയച്ഛൻ മറുപടി നൽകി '' അതിൻറെ മുമ്പിൽ കൂടിയാണ് നമ്മള് പോവുന്നത് ''.

'' നമുക്കൊന്ന് അവിടെ കയറി തൊഴുതാലോ ''.

'' ആവാം. എനിക്ക് വിരോധം ഒന്നൂല്യാ ''.

''  ഇവിടെ നിന്ന് അവിടേക്ക് എത്ര ദൂരം കാണും '' ദിലീപ് മേനോൻ ചോദിച്ചു.

'' അറുപത്തഞ്ചോ എഴുപതോ കിലോമീറ്റർ. വളരെ പ്രസിദ്ധി ഉള്ളതാണ് ആ ക്ഷേത്രം. വിവാഹം നടക്കുന്നതിൽ തടസ്സം ഉള്ള ആളുകള് അവിടെ മംഗല്യപൂജ കഴിച്ചാൽ മതി. പെട്ടെന്ന് നടക്കും ''.

'' അതു ശരി. എനിക്ക് ഇതൊന്നും അറിയില്ല ''.

'' ചരിത്രപരമായിട്ടും വളരെ പ്രാധാന്യമുള്ള സ്ഥലമാണത്. ദീപു മാമാങ്കത്തിനെക്കുറിച്ച് കേട്ടിട്ടില്ല. മാമാങ്കത്തിൽ പൊരുതി മരിക്കാൻ ചാവേർ ഭടന്മാർ അവിടെ നിന്നാണ് പോയിരുന്നത് ''.

വളവും തിരിവും കൂടുതലാണെങ്കിലും റോഡ് നന്ന്. പുതുക്കി പണിതതാണെന്ന് തോന്നുന്നു. അധികം വാഹനങ്ങളുമില്ല. എങ്കിലും എൺപത് കിലോമീറ്ററിനപ്പുറം വേഗത കൂട്ടിയില്ല.

'' കുറച്ചും കൂടി കഴിഞ്ഞാൽ തിരക്കാവും. അപ്പോഴേക്ക് മണ്ണാർക്കാട് കടക്കണം '' ചെറിയച്ഛൻ പറഞ്ഞു '' ഇല്ലെങ്കിൽ ചിലപ്പോൾ കുരുക്കിൽപ്പെടും ''.

എതിരെ നിന്ന് നിരയായി നാലഞ്ച് ഗ്യാസ് ടാങ്കറുകൾ കടന്നു വന്നു. അവയെ മറി കടക്കാൻ ചില വാഹനങ്ങൾ ശ്രമിക്കുന്നുണ്ട്.

'' ഇങ്ങിനെത്തന്നെയാണ് അപകടം ഉണ്ടാവുന്നത്. സൈഡ് എടുക്കാൻ സ്ഥലം ഉണ്ടോന്ന് ഒരു നോട്ടൂം ഇല്ല. തിക്കിതിരക്കി കേറി വന്നോളും ''. ചെറിയച്ഛന് സംസാരിക്കാൻ വിഷയമായി. ഓരോ ദിവസവും അപകടങ്ങൾ ഉണ്ടാവുന്നുണ്ട്. വല്ലതും പറ്റിയാൽ രണ്ടു ദിവസത്തേക്ക് അതും പറഞ്ഞും കൊണ്ട് നടക്കും. പിന്നെ പഴയ പടി തന്നെ. ആർക്കും ഒരു ലക്കും ലഗാനും ഇല്ല. ചവിട്ടിപ്പിടിച്ച് അങ്ങോട്ട് പോവും. മനുഷ്യൻറെ ആയുസ്സിന്ന് യാതൊരു വിലയും ഇല്ലാതായി. അല്ലെങ്കിൽ നോക്കൂ. ഇത്രയധികം വളവുകളുള്ള വഴിയിലൂടെ ഇമ്മാതിരി കൂറ്റൻ വണ്ടികൾ ഓടിക്ക്വോ. പന്നിയമ്പാടത്തും നൊട്ടമല വളവിലും 

ഇടയ്ക്കിടയ്ക്ക് ടാങ്കർ ലോറി മറിയാറുണ്ട്. അപകടം പറ്റാതിരിക്കാൻ വേണ്ട നടപടികൾ എടുക്കുന്നുണ്ടത്രേ. എന്തു നടപടി. ഒന്നും ചെയ്യില്ല.

പാലത്തിനോട് ചേർന്നുള്ള തിരിവിൽ വെച്ച് കെ.എസ്.ആർ.ടി.സി ബസ്സ് ഇരച്ചെത്തി. പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാൽ ഇടിച്ചില്ല.

'' വളവ് ഉള്ള ഇടത്ത് പാലം പാടില്ല. അതൊന്നും നോക്കാതെ പണിതതാണ് '' ചെറിയച്ഛൻ കുറ്റം കണ്ടെത്തി '' ശ്രദ്ധിച്ചതോണ്ട് അപകടം പറ്റീലാ. അല്ലെങ്കിലോ ''.

'' ആ കുട്ടി ഓടിച്ചോളും. നിങ്ങള് വേണ്ടാതെ ഓരോന്ന് പറഞ്ഞ് പരിഭ്രമിപ്പിക്കാതിരുന്നാൽ മതി '' പിന്നിൽ നിന്ന് ചെറിയമ്മ ഇടപെട്ടു.

'' ദീപു കോട്ടയം ഭാഗത്തൊക്കെ പോയിട്ടില്ലേ. ഇവിടുന്നങ്ങോട്ട് അതേ പ്രകൃതിയാണ്. കൃഷിയും കാലാവസ്ഥയും ഒക്കെ അതുപോലെത്തന്നെ ''. റോഡിനിരുവശത്തുമുള്ള റബ്ബർ തോട്ടങ്ങൾ അത് ശരിവെക്കുന്നുണ്ട്. നൊട്ടമല ഹെയർപ്പിൻ വളവുകളും മണ്ണാർക്കാട് ടൗണും ഇടുങ്ങിയ പാലവും കടന്നു.

'' ഒരു വൈതരണി കടന്നു '' ചെറിയച്ഛൻ സ്വയം ആശ്വസിച്ചു '' ചില ദിവസങ്ങളിൽ മണിക്കൂറ് കണക്കിൽ ഇവിടെ നിൽക്കേണ്ടി വരാറുണ്ട് ''.

ക്ഷേത്രത്തിന്നു മുമ്പിലുള്ള വിശാലമായ പാർക്കിങ്ങ് ഏരിയായിൽ കാർ നിർത്തി ഇറങ്ങി. കുറെ പടവുകൾ കയറി വേണം ക്ഷേത്രാങ്കണത്തിലെത്താൻ.

'' ഏടത്തിക്ക് കയറാൻ ബുദ്ധിമുട്ടാവ്വോ '' ചെറിയമ്മ ചോദിക്കുന്നത് കേട്ടു '' കാലിൻറെ മുട്ടിന്ന് വേദന ഉള്ളതല്ലേ ''.

'' അതൊന്നും സാരൂല്യാ. ദേവിടെ അടുത്തേക്ക് പോവുമ്പോൾ നോക്കേണ്ട കടമ ദേവിക്കുണ്ട്. പിന്നെ എന്തിനാ ആലോചിച്ച് ബേജാറാവുന്നത് ''.

'' നോക്ക് ദീപൂ. ഏടത്തിടെ മോഹം കേൾക്കണോ. ശബരിമലയിൽ പോയി തൊഴുകണോത്രേ ''.

'' അതിനെന്താ. നമുക്ക് പോവാലോ ''.

'' പറയാൻ എന്താ എളുപ്പം. നടക്കുന്ന കാര്യം വല്ലതും ആണോ ഇത്. എനിക്ക് അങ്ങിനത്തെ ഒരു മോഹൂം ഇല്ല. എൻറെ ദേഹംകൊണ്ടൊട്ട് ആവൂല്യാ ''.

തൊഴുത് പുറത്തിറങ്ങുമ്പോഴേക്ക് വിശപ്പ് തോന്നാൻ തുടങ്ങി.

'' അടുത്ത് നല്ല ഹോട്ടലുണ്ടോ ചെറിയച്ഛാ '' ദിലീപ് മേനോൻ ചോദിച്ചു.

'' ഉണ്ടാവും. അതൊന്നും തിരയാൻ നിൽക്കണ്ടാ. ഇവിടെ കാൻറീൻ പോലെ ഒന്നുണ്ട്. അവിടെ നിന്ന് എന്തെങ്കിലും കഴിക്കാം ''.

'' എനിക്കിപ്പൊ ഒന്നും വേണ്ടാട്ടോ '' വലിയമ്മ പറഞ്ഞു '' അവിടെ എത്തീട്ട് വല്ലതും മതി ''.

'' അതിന് സമയം കുറെയാവും ''.

'' ഛർദ്ദിക്കോ എന്ന് പേടിച്ചിട്ടാണ് ഏടത്തി കഴിക്കാത്തത് ''.

'' അങ്ങിനെ വല്ലതും തോന്നിയാൽ പറഞ്ഞോളൂ. ഞാൻ കാറ് നിർത്തിത്തരാം ''.

ഹോട്ടലിൽ നല്ല തിരക്കുണ്ട്. തൊഴാനെത്തിയരാണ് എല്ലാവരും. പഴയൊരു മേശയ്ക്ക് ചുറ്റും എല്ലാവരും ഇരുന്നു.

'' പപ്പനമ്മാമൻ ഇന്നലെ രാത്രി എത്തുംന്നല്ലേ പറഞ്ഞത്. എത്തീട്ടുണ്ടാവ്വോ '' വലിയമ്മ ചോദിച്ചു.

'' അറിയില്ല. എത്തും എന്ന് പറഞ്ഞിരുന്നു '' ദിലീപ് മേനോൻ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ പപ്പനമ്മാമൻ കുറെപേരോടൊപ്പം പോയതാണ്. തലസ്ഥാനത്ത് എന്തോ മീറ്റിങ്ങോ പ്രകടനമോ ഉണ്ടെന്നാണ് പറഞ്ഞത്. പോവുന്നില്ലെന്ന് കുറെ പറഞ്ഞു നോക്കിയത്രേ. പക്ഷെ കൂടെയുള്ളവർ സമ്മതിക്കണ്ടേ. നടക്കാൻ വയ്യെങ്കിൽ വേണ്ടാ. പക്ഷെ ഞങ്ങളോടൊപ്പം  വരണമെന്ന് അവർക്ക് ഒരേ നിർബന്ധം. ഒടുവിൽ സമ്മർദ്ദത്തിന്ന് വഴിപ്പെട്ടു.

'' ഭഗവതി. വല്ലപ്പോഴും ഒന്നു വന്ന് കാണാനുള്ള യോഗം തരണേ '' വലിയമ്മ ക്ഷേത്രത്തിലേക്ക് തിരിഞ്ഞു നോക്കി ഉറക്കെ പ്രാർത്ഥിക്കുന്നത് കണ്ടു. പാർക്കിങ്ങ് ഏരിയയിൽ നിന്ന് പുറത്തേക്ക് കടന്ന ശേഷം എല്ലാവരും ഒന്നുകൂടി തൊഴുതു. മെയിൻറോഡിലേക്ക് കയറിയ കാർ വലത്തോട്ട് തിരിഞ്ഞ് മുന്നോട്ട് കുതിച്ചു.

'' ദീപു ഈ വഴിക്ക് മുമ്പ് വന്നിട്ടുണ്ടോ '' ചെറിയച്ഛൻ ചോദിച്ചു.

'' എപ്പോഴോ ഒരിക്കൽ കോഴിക്കോട്ട് ഒരു കല്യാണത്തിന്ന് പോയിട്ടുണ്ട്. അന്ന് മഴയായിരുന്നു. ബസ്സിൻറെ കർട്ടൻ ഇട്ടതോണ്ട് ഒന്നും കണ്ടില്ല. കാലിക്കറ്റ് യുനിവേഴ്സിറ്റിയിലേക്ക് ഒരുപാട് തവണ പോയിട്ടുണ്ട്. അന്നൊക്കെ പാലക്കാട് നിന്ന് പരപ്പനങ്ങാടിവരെ അങ്ങോട്ടും ഇങ്ങോട്ടും ട്രെയിനിലാണ് യാത്ര. ബാക്കി ദൂരം ബസ്സിലും ''.

വാഹനം ഹൈവേയിലൂടെ ഓടിക്കോണ്ടിരുന്നു. റോഡിൻറെ ഇരുവശത്തും തെങ്ങും കവുങ്ങും നിറഞ്ഞ തോട്ടങ്ങളാണ്, വയലുകളിൽ നേന്ത്രവാഴകളും.

'' ഇനി വരുന്ന ജംക്ഷനിൽ നിന്ന് വലത്തോട്ട് തിരിയണം. പിന്നെ പത്തോ പന്ത്രണ്ടോ കിലോ മീറ്റർ. അത്രയേ ഉള്ളൂ ''.


ഹൈവേ കഴിഞ്ഞതോടേ റോഡ് മോശമായി. ആകെ പൊട്ടിപ്പൊളിഞ്ഞ് കിടപ്പാണ്. വാഹനം വേഗത്തിൽ ഓടിക്കാനാവില്ല.

'' മഴക്കാലം കഴിഞ്ഞാൽ മിക്ക റോഡുകളും ഇങ്ങിനെയാണ് '' ചെറിയച്ഛൻ പറഞ്ഞു '' ഇനി മാർച്ച് മാസത്തിൽ ഒരു നന്നാക്കലുണ്ട്. ഫണ്ട്സ് ലാപ്സാവാതെ കഴിക്കാൻ എന്തെങ്കിലും കാട്ടിക്കൂട്ടും ''.

വഴിവക്കിൽ മെറ്റൽ കൂട്ടിയിരിക്കുന്നത് കണ്ടു. റോഡുപണിക്കുള്ള ഒരുക്കമാവും. ദിലീപ് മേനോൻ വാച്ചിലേക്ക് നോക്കി. പത്ത് കിലോമീറ്റർ ഓടാൻ അരമണിക്കൂറിൽ താഴെ സമയമെടുത്തു.

'' ആ കാണുന്ന തട്ടുകടയുടെ ഇടത്തുഭാഗത്തേക്ക് തിരിയണം ''.
 
റോഡിൽ നിന്നും ടാറിടാത്ത ഇടവഴിയിലേക്ക് കാർ തിരിച്ചു. വഴി മുഴുവൻ കുണ്ടും കുഴിയുമാണ്. മുന്നിൽ ചെറിയൊരു കുന്നുണ്ട്. ഗിയർ മാറ്റി മെല്ലെ ഓടിച്ചു.

'' കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ ഈ വഴി ടാറിടുന്നു എന്നു പറഞ്ഞതാണ്. ഒന്നും ചെയ്തിട്ടില്ല '' ഉണ്ണിക്കുട്ടൻ പറയുന്നത് കേട്ടു.

'' അപ്പോഴേക്കും പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞില്ലേ. അതോടെ ആ കാര്യം മറന്നിട്ടുണ്ടാവും '' ചെറിയച്ഛൻ പറഞ്ഞു '' ഇനി അഞ്ചുകൊല്ലം തികയാറാവുമ്പോൾ ഓർമ്മ വരും ''.

കുന്നിറങ്ങിക്കഴിഞ്ഞു. ഇപ്പോൾ മുന്നിൽ കോൺക്രീറ്റ് റോഡാണ്.

'' ഇതെന്താ ഇങ്ങിനെ '' ദിലീപ് മേനോൻ ആശ്ചര്യപ്പെട്ടു.

'' ഈ ഭാഗം വേറെ വാർഡിലായിരിക്കും. ഇവിടുത്തെ മെമ്പറ് താൽപ്പര്യം എടുത്ത് ചെയ്യിച്ചതാവും. ഇതിലൊക്കെ എന്തെല്ലാം കളികളുണ്ട് എന്നറിയ്യോ '' ചെറിയച്ഛൻറെ വിശദീകരണം അയാൾക്ക് മനസ്സിലായില്ല.

'' ആ കാണുന്നതാ രാജി താമസിക്കുന്ന വീട് '' കുറച്ചകലെയുള്ള ചെറിയൊരു പുര ചൂണ്ടിക്കാണിച്ച് ചെറിയച്ഛൻ പറഞ്ഞു. വീട്ടിന്നു മുന്നിൽ വഴിയോരം ചേർത്തി കാറ് നിറുത്തി.

പടിക്കൽ കാത്തു നിൽക്കുന്ന സ്ത്രീ രാജിച്ചേച്ചിയാണെന്ന് വിശ്വസിക്കൻ പ്രയാസം തോന്നി.  ചേച്ചി അത്രയധികം മാറിയിരിക്കുന്നു. ദിലീപ് മേനോൻറെ കണ്ണുകൾ നനഞ്ഞു.

'' എന്താടാ ദീപൂ നീ മിഴിച്ചു നിൽക്കുന്ന് '' രാജിചേച്ചിയുടെ ഒച്ച കേട്ടു. പരുപരുത്ത ശബ്ദത്തിന്നു മാത്രം ഒരു വ്യത്യാസവും സംഭവിച്ചിട്ടില്ല.

'' ഇത്രകാലം ചേച്ചിയെ കാണാൻ വരാത്തതിന്ന് എന്നോട് ക്ഷമിക്കണം '' അയാൾ കൈ കൂപ്പി.

'' നീയെന്താ കുട്ടികളെപ്പോലെ. എനിക്കറിയില്ലേ നിനക്ക് തിരക്കാണെന്ന് '' രാജിച്ചേച്ചി അയാളുടെ കയ്യിൽ പിടിച്ചു. ഒരുനിമിഷം അയാൾ പഴയ ദീപുവായി. രാജിച്ചേച്ചിയുടെ നിഴലായി നടന്ന ദീപു.

Sunday, September 8, 2013

അദ്ധ്യായം - 12.

'' ഉച്ചഭക്ഷണം കഴിഞ്ഞാൽ ഉറങ്ങുന്ന പതിവുണ്ടോ '' കൈ കഴുകി വരുമ്പോൾ പപ്പനമ്മാമൻ ചോദിച്ചു. വീട്ടിൽ നിന്ന് വലിയമ്മ തന്നയച്ച ആഹാരത്തിന്ന് നല്ല രുചിയുണ്ടായിരുന്നു. രണ്ടു പേരും അത് ആസ്വദിച്ച് കഴിക്കുകയും ചെയ്തു.

'' ജോലി ഉള്ളതല്ലേ. ഉച്ച ഉറക്കം ശീലമായാൽ ശരിയാവില്ല ''.

'' ദീപു യാത്ര പോയ ദിവസം മാധവൻ വന്നിരുന്നു. തലേന്ന് രാത്രി നിങ്ങള് രണ്ടാളും കൂടി കുറേനേരം സംസാരിച്ചിരുന്നു എന്ന് പറഞ്ഞു ''.

'' ശരിയാണ്. ചെറിയച്ഛൻ രാജിചേച്ചിയുടെ ചുറ്റുപാടുകൾ പറഞ്ഞുതന്നു ''.

'' കാര്യങ്ങളൊക്കെ മാധവൻ പറഞ്ഞു തന്നിട്ടുണ്ടാവും. എങ്കിലും ഞാൻ ഒന്നുംകൂടി പറയ്യാണ്. എൻറെ പെങ്ങള് സതിയുടെ നാലു മക്കളിൽ സുഭദ്രയ്ക്കാണ് കഷ്ടപ്പാടുള്ളത്. മറ്റുള്ളോരുടെ കാര്യം നോക്ക്. കുഞ്ഞുണ്ണി സമ്പാദിച്ചു കൂട്ടീട്ടുണ്ട്. പക്ഷെ ആ വിദ്വാന് ഉള്ളതും ഇല്ലാത്തതും ഒരുപോലെത്തന്നെ. സത്യം പറഞ്ഞാൽ അയാൾ ഒറ്റ ആളാണ് ആ കുട്ടിയെ ഇങ്ങിനെ ഒരു ബന്ധത്തിൽ കൊണ്ടുപോയി ചാടിച്ചത് ''.

'' വലിയമ്മ എപ്പോഴും ആ കാര്യം പറയും ''.

'' ഇനി ദീപൂൻറെ അമ്മയുടെ കാര്യം. ദൈവം സഹായിച്ച് സുശീലയ്ക്ക് ബുദ്ധിമുട്ടൊന്നുമില്ല.   പെൻഷനുണ്ട്. മുകുന്ദൻ നായർക്ക് പട്ടാളത്തിലെ പെൻഷനുണ്ട്. അതിനും പുറമെ എന്തോ ബിസിനസ്സുണ്ട്. അന്യനാട്ടിലാണെങ്കിലും നിനക്കും ഭാര്യക്കും നല്ല വരുമാനം ഉണ്ട്. നിൻറെ പെങ്ങള് ദീപ്തിക്ക് നിന്നേക്കാളും വരായ ഉണ്ടെന്നാണ് കേട്ടത്. അവളുടെ ഭർത്താവ് വലിയ ഉദ്യോഗസ്ഥൻ. അങ്ങിനെ നോക്കുമ്പോൾ നിങ്ങളുടെ തായ്‌വഴിയിലുള്ളോർക്ക് പണത്തിന് പ്രയാസം കാണില്ല ''.

'' ശരിയാണ് ''.

'' ഇനി മാധവൻറെയും സുമിത്രയുടേയും കാര്യം നോക്ക്വാ. മാധവൻ പെൻഷനായി. സുമിത്ര ഇക്കൊല്ലം പിരിയും. അവൾക്കും പെൻഷൻ കിട്ടും. ഇനി അവരുടെ മക്കൾ. രഞ്ജിനി ഹയർ സെക്കണ്ടറി സ്കൂൾടീച്ചറാണ്. ഭർത്താവ് സബ് ഇൻസ്പെക്ടർ. അവളുടെ താഴെയുള്ളവൻ മനോജ് ചെന്നെയിൽ ഏതോ വലിയ കമ്പിനിയിൽ മാനേജരാണ്. അതുകൊണ്ട് അവരുടെ കുടുംബത്തിനും കഷ്ടപ്പാടില്ല ''.

'' ചെറിയച്ഛൻ അതെല്ലാം പറഞ്ഞിരുന്നു ''.

''  ദീപു ഒന്ന് ആലോചിച്ചു നോക്കൂ. നിങ്ങള് മൂന്നു കൂട്ടരെപ്പോലെയാണോ സുഭദ്രയുടെ കാര്യം. പേരിന് ഒരു മകളേയുള്ളുവെങ്കിലും എന്നും അവളെ പറ്റി സങ്കടപ്പെടാനാ യോഗം. സ്വതവേ ആ കുട്ടിക്ക് വകതിരിവ് പോരാ. കല്യാണം കഴിച്ച് ചെന്ന ദിക്കിലാണച്ചാൽ അഷ്ട ദാരിദ്ര്യം. എന്താ ചെയ്യാ. വല്ലപ്പോഴും ഞാൻ ആ പെണ്ണിൻറെ പേരില് എന്തെങ്കിലും അയച്ചുകൊടുക്കും. ഞെരുങ്ങി പിടിച്ചിട്ടാണ് ആ കുടുംബം കഴിയുന്നത് ''.

'' ഞാൻ അവരെ സഹായിച്ചോളാം എന്ന് വലിയമ്മയോട് പറഞ്ഞിട്ടുണ്ട് ''.

'' അതും അറിഞ്ഞു. ദീപുവിൻറെ നല്ല മനസ്സാണ്. സ്വന്തം മക്കളേക്കാൾ മാധവന് ഇഷ്ടം ദീപുവിനോടാണ്. കയ്യിൽ കാശുണ്ടായിട്ടെന്താ, മനോജും രഞ്ജിനിയും കാൽ കാശ് ഒരൊറ്റ ആൾക്കും കൊടുക്കില്ലാത്രേ ''.

'' അതൊന്നും നമ്മള് നോക്കണ്ടാ. നമുക്ക് ആവുന്നത് ചെയ്യുക. അത്രതന്നെ ''.

'' അതാ ഞാൻ പറഞ്ഞോണ്ട് വരുന്നത്. ദീപുവിന് നല്ലോണം മനസ്സലിവുണ്ട്. അന്യൻറെ ദുഃഖം കണ്ടോണ്ടു നിൽക്കില്ല. പക്ഷെ ഒരു കുഴപ്പം ഉള്ളത് പറയാതെ വയ്യ. എന്തെങ്കിലും കേട്ടാൽ വരും വരായ ആലോചിക്കാതെ അതിൽ പോയി ചാടിവീഴും. മുകുന്ദൻ നായർക്ക് ദീപുവിനോട് തോന്നിയ അനിഷ്ടം തീരാൻ എത്ര കാലം വേണ്ടി വന്നുന്ന് ഓർമ്മീണ്ടല്ലോ ''.

അനിതയെ വിവാഹം ചെയ്തതിലാണ് അച്ഛന് അതൃപ്തിയുണ്ടായത്. എത്ര ആലോചിച്ചിട്ടും അന്നു ചെയ്തത് തെറ്റായിപ്പോയി എന്ന് തോന്നിയിട്ടില്ല. അച്ഛനും അമ്മയും മരിച്ച ശേഷം അനിൽ പെങ്ങളേയുംകൂട്ടി ജോലി സ്ഥലത്തേക്ക് വന്നിട്ട് അധിക കാലമായിരുന്നില്ല. ഒരേ സ്ഥാപനത്തിലെ ജീവനക്കാർ എന്നതിലുപരി അനിൽ നല്ലൊരു സുഹൃത്തുകൂടിയായിരുന്നു. ആ സമയത്താണ് അനിതയ്ക്ക് ഒരു വിവാഹാലോചന വരുന്നത്.

'' ദിലിപ്, എൻറെ സിസ്റ്റർക്ക് ഒരു കല്യാണാലോചന ഒത്തു വന്നിട്ടുണ്ട് '' പയ്യൻറെ പേരും ജോലിയും നാട്ടിലെ വിവരങ്ങളും അവൻ പറഞ്ഞതു കേട്ടപ്പോൾ തരക്കേടില്ലെന്ന് തോന്നി.

'' നെറ്റിൽ നിന്ന് കിട്ടിയതാ. ഞങ്ങളെപോലെ അജീഷിനും ബന്ധുക്കൾ ആരുമില്ല. പിന്നെ ഈ നാട്ടിൽതന്നെയാണ് അയാൾക്ക് ജോലി. അങ്ങിനെയൊരു സൗകര്യമുണ്ട് ''.

 ഏതാനും സുഹൃത്തുക്കൾ മാത്രമേ നിശ്ചയത്തിന്ന് ഉണ്ടായിരുന്നുള്ളു. അന്നാണ് അനിതയെ ആദ്യമായി കാണുന്നത്. നിശ്ചയം കഴിഞ്ഞ് രണ്ടാഴ്ചയേ കല്യാണത്തിനുള്ളു.

'' ദിലീപ്, ഇതു കഴിയുന്നതുവരെ എൻറെ കൂടെയുണ്ടാവണം '' അനിലിൻറെ അഭ്യർത്ഥന മാനിച്ച് എല്ലാ കാര്യങ്ങൾക്കും ഒപ്പംനിന്നു. വിവാഹം നാട്ടിൽവെച്ചല്ലാത്തതിനാൽ അധികം ആളുകളെ ക്ഷണിക്കാനുണ്ടായിരുന്നില്ല. മറ്റെല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്തു തീർത്തു. വിവാഹത്തിൻറെ തലേന്ന് രാത്രി അനിലിൻറെ ഫോൺ വന്നു.

'' ദിലീപ്, ഞാനും അനിതയും ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല '' വിതുമ്പലിന്നിടയിലാണ് അനിൽ അതു പറഞ്ഞത് .

'' എന്താ സംഗതി '' പരിഭ്രമത്തോടേയാണ് അത് ചോദിച്ചത് .

'' അജീഷ് നമ്മളെ പറ്റിക്കുകയായിരുന്നു. അയാൾക്ക് നാട്ടിൽ ഭാര്യയും രണ്ടു മക്കളും ഉണ്ട് ''.

'' അതെങ്ങിനെ മനസ്സിലായി ''.

'' നാട്ടിൽ നമ്മുടെ ശരത്തിൻറെ ഭാര്യവീടിനടുത്താണ് അജീഷിൻറെ വീട്. കല്യാണത്തിന് അയാളെ ക്ഷണിക്കുമ്പോഴാണ് ഈ വിവരം അറിയുന്നത്. ശരത്ത് ഭാര്യവീട്ടിലേക്ക് ഫോൺ ചെയ്തപ്പോൾ അളിയനോട് ഈ വിഷയം പറഞ്ഞുവത്രേ. അളിയൻ പറഞ്ഞ വിവരമാണ് ഇത് ''.

'' ഈശ്വരാധീനം. കല്യാണം കഴിഞ്ഞിട്ടാണ് ഇത് അറിഞ്ഞതെങ്കിലോ ''.

'' നാളെ രാവിലെ എൻറെ പെങ്ങൾ വിവാഹത്തിന്ന് ഒരുങ്ങേണ്ടതാണ്. ഈ കാര്യം ഞാൻ എങ്ങിനെ അവളെ അറിയിക്കും. അതു മാത്രമോ ഞങ്ങൾ രണ്ടാളും എങ്ങിനെ മറ്റുള്ളവരുടെ മുഖത്ത് നോക്കും ''.

'' ആളുകളെ കാണുന്നത് കണക്കാക്കണ്ടാ. വാസ്തവം പറഞ്ഞാൽ അവർക്ക് ബോദ്ധ്യമാവും. പക്ഷെ അനിയത്തിയെ എങ്ങിനെ ആശ്വസിപ്പിക്കും ''.

'' അതാണ് എനിക്കും അറിയാത്തത് ''.

'' വിഷമിക്കേണ്ടാ. എന്തെങ്കിലും വഴി ഉണ്ടാവും ''. അങ്ങിനെ പറഞ്ഞുവെങ്കിലും മനസ്സിൽ ഒരു വഴിയും അപ്പോൾ തോന്നിയിരുന്നില്ല. അന്നു രാത്രി കിടക്കുമ്പോഴാണ്  അനിതയെ വിവാഹം ചെയ്ത് അനിലിനും അവൾക്കും ഉണ്ടാകാവുന്ന നാണക്കേട് ഒഴിവാക്കിയാലോ എന്ന തോന്നലുണ്ടായത്.

പിറ്റേന്ന് അനിലിനെ വിവരം അറിയിച്ചതും സന്തോഷംകൊണ്ട് അയാൾക്ക് സംസാരിക്കാൻ ആയില്ല.

'' ദിലീപ് വീട്ടിൽ വിവരം അറിയിച്ചോ ''.

'' ഇല്ല. ചിലപ്പോൾ എതിർപ്പ് പറഞ്ഞാൽ കുഴപ്പമാവും ''.

വീട്ടിൽ പറയാതെ വിവാഹം ചെയ്തതിന്ന് അച്ഛനും അമ്മയും പെങ്ങളും അളിയനുമൊക്കെ കുറ്റപ്പെടുത്തി. ചെറിയച്ഛനാണ് അച്ഛനെ സമാധാനിപ്പിച്ചത്. വലിയമ്മയും ചെറിയമ്മയുംകൂടി അമ്മയേയും. അനിതയുടെ സ്വഭാവഗുണങ്ങൾ അറിഞ്ഞതോടെ അവളോട് എല്ലാവർക്കും ഇഷ്ടം തോന്നിയെങ്കിലും അച്ഛന് നീരസം ബാക്കിയുണ്ടോ എന്ന് തോന്നാറുണ്ട്.

'' എന്താ വല്ലാതെ ആലോചിക്കുന്നത് '' പപ്പനമ്മാമൻ ചോദിക്കുന്നത് കേട്ടു.

'' ആ സാഹചര്യത്തിൽ അനിതയെ വിവാഹം ചെയ്തു. അടുത്ത സുഹൃത്തിനെ അതല്ലാതെ സഹായിക്കാൻ വേറെ വഴി കണ്ടില്ല ''.

'' അതൊക്കെ എല്ലാവർക്കും ബോദ്ധ്യായിട്ടുണ്ട്. സംഭവം അറിഞ്ഞതും എനിക്ക് ദീപൂനോട്  ബഹുമാനമാണ് തോന്നിയത്. വധുവിൻറെ രൂപഭംഗി, സാമ്പത്തികം, വിദ്യാഭ്യാസം, ജോലി എന്നിവയൊക്കെ സൂക്ഷ്മമായി പരിശോധിച്ച് എന്തു നേട്ടമുണ്ടാക്കാം എന്ന് മനസ്സിലാക്കി വിവാഹബന്ധത്തിൽ ഏർപ്പെടുന്നവർക്കിടയിൽ കൂട്ടുകാരൻറെ അഭിമാനത്തിന്ന് പോറൽ പറ്റാതിരിക്കാൻ ഇങ്ങിനെയൊരു ത്യാഗം ചെയ്യാൻ മുതിർന്ന മനസ്ഥിതിയെ ആദരിക്കാതെ വയ്യ ''.

'' ഞാൻ അതൊന്നും ചിന്തിച്ചിട്ടില്ല. എന്നെക്കൊണ്ട് അതേ കഴിയൂ. ഞാൻ അതു ചെയ്തു ''.

'' അത് ശരി. ഇനി ഞാൻ പറയാൻ വന്ന കാര്യം മുഴുമിക്കട്ടെ. വലിയമ്മയ്ക്ക് കാറ് വാങ്ങി കൊടുക്കാം, മരുമകന് ബൈക്ക് വാങ്ങി കൊടുക്കാം എന്നൊക്കെ പറഞ്ഞതായി അറിഞ്ഞു. എല്ലാം നല്ലതന്നെ. പക്ഷെ അർജൻറായി ചെയ്യേണ്ട കുറെ കാര്യങ്ങളുണ്ട് ''.

'' രാജിചേച്ചിയെ കോട്ടക്കലിൽകൊണ്ടുപോയി ചികിത്സിക്കണം. ഇളയ കുട്ടിയെ നല്ലൊരു ആസ്പത്രിയിൽ കാണിക്കണം എന്നൊക്കെയല്ലേ. ചെറിയച്ഛൻ അതെല്ലാം പറഞ്ഞിട്ടുണ്ട് ''.

'' അതിനേക്കാളും പ്രധാനപ്പെട്ട ഒരു സംഗതിയുണ്ട് '' പപ്പനമ്മാമൻ തുടർന്നു '' രാജിയുടെ ഭർത്താവ് എന്തോ ആവശ്യത്തിന് പലിശക്കാരുടെ കയ്യിൽ നിന്ന് കുറെ പണം വാങ്ങീട്ടുണ്ട്. അമ്മ മരിച്ചപ്പോൾ അടിയന്തരം നടത്താനോ എന്തോ ആണത്രേ. സ്കൂളിലെ പ്യൂണല്ലേ അവൻ. എന്തന്നെ വരുമാനം ഉണ്ടാവും. കുടുംബ ചിലവിനന്നെ തികയില്ല. ഇപ്പോ മുതലും പലിശയും കൂടി സംഖ്യ പെരുകീട്ടുണ്ടാവും. വീതം വെച്ചപ്പോൾ അവന് കിട്ടിയത് നാലഞ്ച് സെൻറ് ഭൂമി മാത്രം. കടം കൊടുത്ത ആളുകള് അത് കൊണ്ടുപോവും എന്നാ അറിഞ്ഞത് ''.

'' വലിയമ്മയോ ചെറിയച്ഛനോ ഇത് എൻറടുത്ത് പറഞ്ഞില്ലല്ലോ ''.

'' അവർക്കാർക്കും ഇത് അറിയില്ല. ഞാൻ പറഞ്ഞില്ലേ, ചിലപ്പോൾ രാജിക്ക് എന്തെങ്കിലും അയച്ചുകൊടുക്കും എന്ന്. അവളെനിക്ക് ഇടയ്ക്കൊക്കെ കത്തയക്കും. അങ്ങിനെയാണ് ഈ വിവരം ഞാൻ അറിഞ്ഞത് ''.

'' വളരെ വലിയ സംഖ്യയാണോ ''.

'' അത്ര വലുതൊന്നുമാവില്ല. ആരാ ചുരുങ്ങിയ വരുമ്പടിയുള്ള ഒരാൾക്ക് വലിയ സംഖ്യ കടം കൊടുക്കുക ''.

'' ഈ ശനിയാഴ്ച ഞങ്ങൾ രാജിചേച്ചിയെ കാണാൻ പോവുന്നുണ്ട്. അതിനു മുമ്പ് എത്ര പണം വേണം എന്നറിഞ്ഞാൽ കൊടുക്കാമായിരുന്നു ''.

'' ധൃതി കൂട്ടണ്ടാ. അവിടെ ചെല്ലുമ്പോൾ രാജിടെ അടുത്ത് സ്വകാര്യത്തിൽ ചോദിച്ചറിയുക. പണം പിന്നെ എത്തിച്ചു കൊടുത്താൽ മതി ''.

'' അങ്ങിനെ ചെയ്യാം ''.

'' ഒരു കാര്യം കൂടി. കാറും ബസ്സും ഒന്നും ഇപ്പൊ വേണ്ടാ. അതൊക്കെ അവർക്ക് വേണ്ടാത്ത ബുദ്ധിമുട്ടാവും. പാണന് ആന മൂധേവി എന്നു പറയുന്നത് കേട്ടിട്ടില്ലേ. വേണച്ചാൽ ആ കുട്ടിടെ മോഹത്തിന് അധികം വില വരാത്ത ഏതെങ്കിലും ഒരു വണ്ടി വാങ്ങി കൊടുത്തോളൂ ''.

'' ശരി ''.

'' എന്തെങ്കിലും കേൾക്കുമ്പോഴേക്ക് ചാടി ഇറങ്ങരുത്. നല്ലോണം ആലോചിച്ച ശേഷമേ ഏതു കാര്യവും ചെയ്യാവൂ. അത് ഓർമ്മ വേണം ''. ദിലീപ് മേനോൻ ശരി എന്ന മട്ടിൽ തലയാട്ടി.

'' കുടിക്കാൻ കൊണ്ടുവന്നോട്ടേ '' കാലത്ത് കണ്ട ലീല വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു.

'' രണ്ട് ചായ കിട്ടാൻ വഴീണ്ടാവ്വോ ''.

'' നോക്കട്ടെ '' അവൾ പോയി.

'' നാലു മണിക്ക് അര ഗ്ലാസ്സ് ആട്ടിൻപാല് അത്രയും വെള്ളം ചേർത്തി തിളപ്പിച്ചു കൊണ്ടുവന്നു തരും. അതാ വന്നു ചോദിച്ചത് ''.

'' ഞാൻ കാരണം പതിവ് മുടങ്ങിയോ ''.

'' സാരൂല്യാ. ഇടയ്ക്ക് ഒരു മാറ്റം വേണ്ടേ ''. ലീലയുടെ മകൻ കയ്യിൽ ഒരു പന്തുമായെത്തി.

'' നിനക്ക് കളിക്കണം അല്ലേടാ കണ്ണാ. മുത്തച്ച ഇപ്പൊ കളിക്കാൻ വരാട്ടോ '' അദ്ദേഹം വാത്സല്യത്തോടെ അവനെ തഴുകുന്നത് ദിലീപ് മേനോൻ നോക്കിയിരുന്നു.