Wednesday, October 30, 2013

അദ്ധ്യായം - 16.


'' എന്നാൽ നമുക്ക് തുടങ്ങാല്ലേ '' തണ്ണിമത്തൻ ജ്യൂസിൽ നിന്നും സ്പൂണുകൊണ്ട് കറുത്ത വിത്തുകൾ എടുത്തുമാറ്റുന്നതിന്നിടെ പപ്പനമ്മാമൻ ചോദിച്ചു.

'' ശരി, പറഞ്ഞോളൂ '' ദിലീപ് മേനോൻ സമ്മതം മൂളി.

'' നമ്മൾ പറഞ്ഞു വന്നത് ഭക്ഷ്യധാന്യങ്ങൾക്ക് ഉണ്ടായിരുന്ന ക്ഷാമത്തെ കുറിച്ചാണ്.  ഇന്നനുഭവിക്കുന്ന അവസ്ഥയല്ല മുമ്പുണ്ടായിരുന്നത്. ഇന്നിപ്പോൾ ഒരു ഉറുപ്പികയ്ക്ക്  ഒരു കിലോ അരി കിട്ടും. ഉറുപ്പികക്കാണച്ചാൽ പണ്ടത്തെ നയാപൈസയുടെ വിലയും കൂടിയില്ല. അതായത് നാട്ടിൽ ക്ഷാമം എന്നു പറയുന്നത് ഇല്ല എന്നന്നെ പറയണം. വല്ലപ്പോഴും ഏതെങ്കിലും ദിക്കിൽ പട്ടിണിയുള്ള വാർത്ത കണ്ടേക്കാം. അപൂർവ്വത്തിൽ അപൂർവ്വം എന്നേ അത്തരം സംഭവങ്ങളെക്കുറിച്ച് പറയാൻ പറ്റൂ ''.

'' അതുശരി. പഴയ കാര്യങ്ങൾ എങ്ങിനെയൊക്കെയാണ് ''.

'' പണ്ടു മുതലേ നമ്മുടെ നാട്ടിൽ ഭക്ഷ്യധാന്യങ്ങൾക്ക് ക്ഷാമം ഉണ്ടായിരുന്നു. ഇന്ത്യക്ക് സ്വതന്ത്രം ലഭിക്കുമ്പോൾ വളരെ പരിതാപകരമായ അവസ്ഥയണ് ഉണ്ടായിരുന്നത്. പാവപ്പെട്ടവന് ഒരു കുരുമണി അരി കിട്ടാനില്ലാത്ത കാലം. പഞ്ഞമാസങ്ങളിലെ കാര്യം പറയുകയേ വേണ്ടാ. പട്ടിണി കിടന്ന് ജനം നരകിച്ചിട്ടുണ്ട്. അതൊക്കെ നോക്കുമ്പോൾ ഇന്ന് സ്വർഗ്ഗം കിട്ടിയ മട്ടാണ് ''.

'' എന്തേ അന്ന് അങ്ങിനെ ക്ഷാമം ഉണ്ടായത് ''.

'' അതിന് പല കാരണങ്ങളുണ്ട്. പ്രധാനമായത് നമ്മുടെ രാജ്യത്തെ ഭക്ഷ്യധാന്യങ്ങളുടെ ഉൽപ്പാദനം കുറവായിരുന്നു എന്നതുതന്നെ. പരമ്പരാഗതിയിലുള്ള കൃഷിരീതിയായിരുന്നു അക്കാലത്ത് നടന്നുവന്നിരുന്നത്. അത്യുൽപ്പാദനശേഷിയുള്ള വിത്തിനങ്ങൾ, രാസവളം ജലസേചനസൗകര്യം തുടങ്ങിയവയൊന്നും ഉണ്ടായിരുന്നില്ല. അതുകാരണം വിളവ് തീരെ കുറവായിരുന്നു ''.

'' പിന്നെ ''.

'' ധാന്യങ്ങൾ ഇറക്കുമതി ചെയ്യാനുള്ള വിദേശനാണ്യം നമുക്ക് വേണ്ടത്ര ഉണ്ടായിരുന്നില്ല.
ബർമ്മയിൽ നിന്ന് കുറെയൊക്കെ അരി കിട്ടിയിരുന്നു. അത് തീരെ പോരായിരുന്നു ''.

'' വേറെ ഏതെങ്കിലും രാജ്യത്തിൽ നിന്ന് സഹായം കിട്ടിയിരുന്നോ ''.

'' ഇല്ല എന്ന് പറയാൻ പറ്റില്ല. PL - 480 ഉടമ്പടി പ്രകാരം അമേരിക്കയിൽ നിന്ന് കുറെ കാലം ഗോതമ്പ് കിട്ടിയിരുന്നു. ഓർക്കാപ്പുറത്ത് അതും നിന്നു. വിയറ്റ്നാം യുദ്ധത്തിനിടെ ഹാനോയിൽ ബോമ്പിട്ട അമേരിക്കൻ നടപടിയെ മറ്റുരാജ്യങ്ങളോടൊപ്പംചേർന്ന് ഇന്ത്യ  വിമർശിച്ചതിന്ന് പ്രതികാരമായി നിർത്തലാക്കിയതാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ''.

'' എങ്കിൽ അത് കഷ്ടമായിപ്പോയി ''.

'' അങ്ങിനെ പറഞ്ഞാൽ മതിയോ. നമ്മുടെ രാജ്യത്തിൻറെ ഭരണത്തലവൻ ജനങ്ങളുടെ പട്ടിണി മാറ്റാൻവേണ്ടി മറ്റൊരു രാജ്യത്തിൻറെ ഭരണാധികാരികളോട് ഭക്ഷ്യധാന്യങ്ങൾ യാചിക്കേണ്ടിവന്നതിൽവെച്ച് വലിയൊരു നാണക്കേടുണ്ടോ. ഇതു പറയുമ്പോൾ ഇന്നും എൻറെ മനസ്സിൽ എത്തുന്ന ഒരു രംഗമുണ്ട് ''.

'' അതെന്താ ''.

'' എൻറെ ചെറുപ്പകാലത്ത് തറവാട്ടിൽ പണിക്കു വന്നിരുന്ന ഒരു കണ്ടനുണ്ടായിരുന്നു. വലിയ അഭിമാനിയായിരുന്നു അവൻ. പണി ചെയ്യും, കൂലി വാങ്ങും. പോവും. ഒരിക്കലും ഒന്നും ചോദിച്ച് വരാറില്ല. അവന് അതിൻറെ ആവശ്യവും ഇല്ല. ഒറ്റത്തടി, മേലും കീഴും നോക്കാനില്ല. നല്ല തണ്ടും തടിയും. എന്നിട്ടും ഒരു ദിവസം അവൻ വന്നു ''.

'' എന്തിന് ''.

'' തോരാത്ത മഴക്കാലം. കൂലിക്കാർക്ക് പണിയൊന്നുമില്ല. നട്ടുച്ച നേരത്ത് അവനെത്തി.  എനിക്ക് വലഞ്ഞിട്ടു വയ്യാ. എന്തെങ്കിലും കഴിച്ചിട്ട് ദിവസം രണ്ടു കഴിഞ്ഞു,  ഇത്തിരി കഞ്ഞിവെള്ളം തരണം എന്നും പറഞ്ഞ് മുറ്റത്ത് അവൻ നിന്നത് ഇന്നലത്തെപ്പോലെ എനിക്ക് ഓർമ്മയുണ്ട്. അന്ന് അവൻറെ മുഖത്ത് കണ്ടത് നാണക്കേടും ദൈന്യതയും
കലർന്ന ഒരു ഭാവമായിരുന്നു. അതുപോലെയല്ലേ നമ്മുടെ രാജ്യത്തിൻറെ അവസ്ഥ എന്നോർത്ത് ആ കാലത്ത് ഞാൻ പലപ്പോഴും ഖേദിച്ചിട്ടുണ്ട് ''.

'' എനിക്കിതൊന്നും സങ്കൽപ്പിക്കാൻ കൂടി കഴിയുന്നില്ല ''.

'' നിങ്ങളൊക്കെ ഭാഗ്യവാന്മാരാണ്. കഷ്ടപ്പാടൊന്നും അനുഭവിക്കേണ്ടി വന്നിട്ടില്ലല്ലോ. ഞാൻ ഇതിനൊക്കെ സാക്ഷിയാണ്. അതുകൊണ്ടു തന്നെ നമ്മുടെ നാടിൻറെ ഓരോ നേട്ടവും എന്നെ വല്ലാതെ സന്തോഷിപ്പിക്കുന്നുണ്ട്. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിച്ചതാണ് ഏറ്റവും വലിയ നേട്ടം ''.

ഇതിനകം ജ്യൂസിൻറെ പാത്രം കാലിയായി കഴിഞ്ഞിരുന്നു. പപ്പനമ്മാമൻ അതെടുത്ത് കഴുകാൻ ഒരുങ്ങി.

'' ഞാൻ ചെയ്തോളാം. ഇങ്ങോട്ടു തരൂ '' എന്നും പറഞ്ഞ് ദിലീപ് മേനോൻ അത് ഏറ്റു വാങ്ങി.

'' ഞാൻ ഇവിടെ ഉണ്ടേ '' കഴുകിയ പാത്രങ്ങൾ എടുത്തു വെക്കുമ്പോൾ പുറത്തു നിന്ന് ആരോ വിളിച്ചു പറയുന്നത് കേട്ടു.

'' ആരാത്. ശ്രീധരനാണോ. ഇങ്ങോട്ട് വന്നോളൂ '' പപ്പനമ്മാമൻ അയാളെ അകത്തേക്ക് ക്ഷണിച്ചു. ആഗതൻ ഉള്ളിലേക്ക് കടന്നു. ഫുൾകൈ ഷർട്ടും ഡബിൾമുണ്ടുമാണ് വേഷം. കയ്യിലൊരു ബാഗും കുടയുമുണ്ട്. നെറ്റിയിലൂടെ വിയർപ്പുതുള്ളികൾ ഒലിച്ചിറങ്ങി ചന്ദനം തൊട്ടത് മായ്ച്ചു തുടങ്ങിയിട്ടുണ്ട്.

'' എന്താ ഒരു ചൂട് '' ബാഗിൽ നിന്ന് ഒരു ടവ്വലെടുത്ത് അയാൾ മുഖം തുടച്ചു '' ആരാ ഇത്. എനിക്ക് മനസ്സിലായില്ല '' ദിലീപിനെ ചൂണ്ടിയാണ് ആ ചോദ്യം.

'' എൻറെ അനന്ത്രോൻ തന്നെ '' പപ്പനമ്മാമൻ ദീപുവിൻറെനേരെ തിരിഞ്ഞു പറഞ്ഞു '' ഇത് ശ്രീധരൻ നായർ. മുമ്പ് പനഞ്ചക്കര സൊസൈറ്റിയിൽ കണക്കെഴുത്തായിരുന്നു. അന്നു മുതൽക്കുള്ള സ്നേഹവും പരിചയവുമാണ്. കള്ളു ചെത്തി ചക്കര ഉണ്ടാക്കുന്നത് നിർത്തിയതോടെ സൊസൈറ്റി പൂട്ടി. അതോടെ ദല്ലാൾ പണി തുടങ്ങി. ലക്കിടിയുടെ സമീപത്താണ് ഇപ്പോൾ താമസം. ഇടയ്ക്കൊക്കെ എന്നെ കാണാൻ വരും ''.

'' ഞാൻ വന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടായോ '' അയാൾ ചോദിച്ചു.

'' ഏയ്. അങ്ങിനെ ഒന്നൂല്യാ. ആട്ടെ, എവിടുന്നാടോ താൻ ഇപ്പോൾ വരുന്നത് ''.

'' ഒന്നും പറയണ്ടാൻറെ മേൻന്നേ. ബാംഗ്ലൂരിൽ ജോലിയുള്ള ഒരു ചെക്കന് പറ്റിയൊരു പെണ്ണന്വേഷിക്കാൻ ഒരാള് ഏൽപ്പിച്ചിരുന്നു. ചെക്കൻ എഞ്ചിനീയറാണ്. നല്ല പഠിപ്പും ഉണ്ട്. ഭരണി നക്ഷത്രം. മദ്ധ്യമരജുദോഷം ഉള്ളതു കൂടാതെ ശുദ്ധ ജാതകവും. എളുപ്പം ഒന്നും കിട്ടില്ല. പോരാത്തതിന് അവരുടെ സ്ഥിതിയ്ക്ക് പറ്റിയത് വേണ്ടേ. കുറെ നടന്ന് ചീരെഴെഞ്ഞു. പാകംപോലെ ഒരെണ്ണം ഒത്തുവന്നപ്പോൾ വിവരം കൊടുത്തു. ഇന്നലെ ആള് ബാംഗ്ലൂരിന്ന് വന്നിട്ടുണ്ട് എന്നറിഞ്ഞിട്ട് കാണാൻ ചെന്നതാ. കണ്ടതും മതിയായി. സംഗതി നടക്കുംന്ന് എനിക്ക് തോന്നുണില്യാ ''.

'' അതെന്താ അങ്ങിനെ ''.

'' ചെമ്മരിയാടിൻറെ ദേഹത്തുള്ളതുപോലത്തെ തലമുടി. ഒരു ചെവിയിൽ മേൽക്കാത് കുത്തി എന്തോ തിരുകിവെച്ചിട്ടുണ്ട്. കീഴ്ചുണ്ടിൻറെ താഴെ നഖത്തിൻറെ വലുപ്പത്തില് മറുകുപോലെ കുറെ രോമങ്ങളുണ്ട്. താടിടെ താഴെമാത്രം കുറച്ചു നിർത്തി ബാക്കി മുഴുവൻ വടിച്ചുകളഞ്ഞിട്ടുണ്ട്. ആകപ്പാടെ ഒരു അവലക്ഷണം. എങ്ങിനേയാ അതിനെ പെണ്ണു കാണാൻ കൂട്ടീട്ടുപോവണ്ടത് എന്ന് എനിക്കറിയില്ല ''.

'' അതെന്താടോ ''.

'' സത്യം പറയാലോ. എൻറെ മകളാണെങ്കിൽ ഞാൻ കൊടുക്കില്ല. കോലം കണ്ടാൽ മതി, പെണ്ണു കാണാൻ പോയ വീട്ടിൽ പെണ്ണില്ലെങ്കിൽ അയൽവക്കത്തുനിന്ന് വായ്പ വാങ്ങീട്ടെങ്കിലും ആരായാലും ഒന്നോ രണ്ടോ പെൺകുട്ടികളെ കൊടുക്കും. അത്രയ്ക്ക് വർക്കത്തുണ്ട് ആ മുഖത്ത് '' അയാൾ വാതിൽക്കലേക്ക് ചെന്ന് മുറ്റത്തേക്ക് നീട്ടിത്തുപ്പി. പപ്പനമ്മാമൻ ഉറക്കെ ചിരിച്ചു. ദിലീപ് മേനോനും ചിരിപൊട്ടി.

'' ഇങ്ങിനെയൊക്കെ നോക്കാൻ തുടങ്ങിയാൽ താൻ ഈ പണി വേണ്ടാന്ന് വെക്കേണ്ടി വരും '' പപ്പനമ്മാമൻ പറഞ്ഞു '' ഓരോ കാലത്ത് ഓരോ വേഷം, ഓരോ രൂപം. പണ്ട് ഇങ്ങിനെയായിരുന്നു എന്നു പറഞ്ഞാൽ ഇപ്പോൾ നടക്ക്വോ ''.

'' ശരിയാണ്. എന്നാലും എന്തിനും ഇല്യേ ഒരു നിജോക്കെ ''.

'' ഒന്നൂല്യാ. പണ്ട് കോണകം ഉടുത്ത് മുകളിൽ ഒരു തോർത്തും ചുറ്റിയാൽ ആണുങ്ങളുടെ വേഷം ആയി. എല്ലാർക്കും ഉണ്ടാവും കുടുമ. ഇപ്പൊ ആരെങ്കിലും അങ്ങിനെ നടക്ക്വോ ''.

'' ഒരു കണക്കില് ശരിയാണ് ''.

'' ഒരു കണക്കിലല്ല, എല്ലാ കണക്കിലും ശരിയാണ്. കുടുമ പോയി മൊട്ടയായി, പിന്നെ മൊട്ട ക്രോപ്പായി. പിന്നെ ക്രോപ്പ് ചെയ്യാൻ തുടങ്ങി. ഇടക്കാലത്ത് മുടി നീട്ടി വളർത്തി ഹിപ്പിയായി. ഇന്നത്തെ കാലത്ത് ഇങ്ങിനെ. നാളെ മാറില്ലാന്ന് ആരു കണ്ടു ''.

'' അതൊന്നും കാണാനിരിക്കാതെ പോയി കിട്ടിയാൽ മതിയായിരുന്നു ''.

'' അതാ തെറ്റ്. ജീവിച്ചിരിക്കുന്ന കാലത്ത് ഉണ്ടാവുന്ന മാറ്റങ്ങൾ നമ്മൾ കണ്ടറിയണം. അതിനോട് പൊരുത്തപ്പെടണം. എന്നാലേ ശരിയായ ജീവിതമാവൂ ''.

'' എന്തോ എനിക്കൊന്നും മനസ്സിലാവുന്നില്ല '' അയാൾ നെടുവീർപ്പിട്ടു.

'' ഇരിക്കെടോ. ഊണും കാപ്പികുടിയും കഴിഞ്ഞ് വൈകുന്നേരത്തോടെ പോയാൽ മതി. തനിക്ക് കുടിക്കാൻ ഇപ്പോൾ എന്തെങ്കിലും ഉണ്ടാക്കട്ടെ '' പപ്പനമ്മാമൻ എഴുന്നേറ്റു, ഒപ്പം ദിലീപ് മേനോനും.
 

Sunday, October 20, 2013

അദ്ധ്യായം - 15.


'' നല്ല ചൂടുണ്ടല്ലോ. എന്താ ഫാൻ ഇടാത്തത് '' വന്നു കയറിയതും ദിലീപ് മേനോൻ ചോദിച്ചു. ഒരു മൂലയിൽ വെച്ച പെഡസ്റ്റൽ ഫാൻ ചലനരഹിതമാണ്.

'' അതിന്ന് കറണ്ട് ഉണ്ടായിട്ടു വേണ്ടേ '' പപ്പനമ്മാമൻ പറഞ്ഞു '' ഇന്നലെ രാത്രി പോയതാണ്. എപ്പോൾ വരും എന്ന് ദൈവത്തിനേ അറിയൂ ''.

'' അതെന്താ ശരിയാക്കാത്തത്. ഓഫീസിൽ വിവരം അറിയിച്ചില്ലേ ''.

'' ഉവ്വ്. ആരോ ഫോൺ ചെയ്ത് വിവരം അറിയിച്ചു എന്നുകേട്ടു. ജോലിക്കാർ രാവിലെ ഓഫീസിൽ ചെന്ന് നോക്കിയാലല്ലേ വിവരം അറിയൂ. കുറച്ചു കഴിയുമ്പോഴേക്ക് അവർ എത്തും ''.

'' ഇന്നലെ ചെറിയച്ഛനും കറണ്ട് ഇടയ്ക്കിടയ്ക്ക് പോവുന്നതിനേക്കുറിച്ച് പറഞ്ഞിരുന്നു ''.

'' കുറ്റം പറഞ്ഞിട്ടെന്താ കാര്യം. ലൈൻ വരുന്നത് റോഡിൽ കൂടി മാത്രമല്ലല്ലോ. ഓരോരുത്തരുടെ വളപ്പുകളിൽ കൂടിയും ഇടവഴിയിൽ കൂടിയും ഒക്കെയല്ലേ വരുന്നത്. അപ്പോൾ മരച്ചില്ലകളിലോ പരുവക്കൂട്ടത്തിലോ കമ്പികൾ മുട്ടി ഫ്യൂസ് പോവും ''.

'' അതൊക്കെ വെട്ടി കളഞ്ഞാൽ പ്രശ്നം തീരില്ലേ ''.

'' വെട്ടാഞ്ഞിട്ടൊന്ന്വോല്ല. വീണ്ടും അവച്ചു വരും. പിന്നെ വേറേ ചിലരുണ്ട്. ലൈനിൽ മുട്ടുന്ന മരക്കൊമ്പുകൾ വെട്ടാൻ ചെല്ലുമ്പോൾ ഇടപെടും. മുഴുവനും വെട്ടരുത്, കുറച്ച് വെട്ടിയാൽ മതി എന്നൊക്കെ പറയും. കറണ്ട് പോയാലത്ത ബുദ്ധിമുട്ടിനെക്കുറിച്ച് അവർ ഓർക്കില്ല. വേറൊരു കാര്യം കൂടിയുണ്ട്. മരക്കൊമ്പിൽ ഉരഞ്ഞ് കമ്പി പൊട്ടി വീണിട്ട് വല്ല അപകടം ഉണ്ടായാലോ. അതിൻറെ കുറ്റം മുഴുവൻ ജോലിക്കാർക്ക്. മരക്കൊമ്പ് മുറിക്കാൻ സമ്മതിക്കാഞ്ഞിട്ടാണെന്ന് അപ്പോഴും സമ്മതിക്കില്ല ''.

'' ഈ ഭാഗത്തേക്ക് ഇലക്ട്രിസിറ്റി വന്നിട്ട് കുറെയായോ ''.

'' വിസ്തരിച്ചുതന്നെ പറയാം. ഏതായാലും ദീപുവിന്ന് പഴയ കാര്യങ്ങൾ അറിയണമെന്ന് മോഹം ഉള്ളതല്ലേ. ഇന്നത്തെ വിഷയം ഇതായിക്കോട്ടേ ''.

'' അത് നന്നായി. ഇങ്ങിനെ ഓരോ കാര്യത്തെക്കുറിച്ച് അപ്പപ്പോൾ പറയുന്നതാണ് നല്ലത്. എല്ലാം കൂടി ഒന്നിച്ച് കേൾക്കുമ്പോഴുള്ളതിനേക്കാൾ അത് മനസ്സിൽ നിൽക്കും ''.

'' എന്നാൽ കേട്ടോളൂ '' പപ്പനമ്മാമൻ പറഞ്ഞു തുടങ്ങി '' നമ്മുടെ നാട്ടിലേക്ക് കറണ്ട് എത്തുമ്പോൾ എനിക്ക് മുപ്പത് വയസ്സെങ്കിലും ആയിട്ടുണ്ടാവും. മനയ്ക്കിലേക്കാണ് ആദ്യം ലൈൻ വലിച്ച് കറണ്ട് കൊടുത്തത്. അന്ന് ഇലക്ട്രിസിറ്റി എന്നത് ഒരു അത്ഭുതമായിരുന്നു. എന്നാലും കറണ്ട് കണക്ഷൻ കൊടുത്ത ദിവസം അവിടെ യാതൊരു വിധത്തിലുള്ള ചടങ്ങും ഉണ്ടായിരുന്നില്ല. ഇപ്പോൾ സ്ഥിതി അങ്ങിനെയാണോ? ഏതെങ്കിലും വഴിക്ക് പുതിയതായി ഒരു കെ.എസ്.ആർ.ടി.സി. ബസ്സ് ഓടാൻ തുടങ്ങിയാൽ, അതിനെ മാലയിടാനും സ്വീകരിക്കാനും ആളുകൂടും. പൊതുയോഗം നടത്തി മന്ത്രിയോ എം.എൽ.എ.യോ ഉത്ഘാടനം ചെയ്യാതെ ഇലക്ട്രിക് ലൈനിൽ കൂടി കറണ്ട് വിടില്ല ''.

'' ജനാധിപത്യത്തിൽ അതെല്ലാം ഒഴിവാക്കാൻ പറ്റില്ലല്ലോ ''.

'' ശരിയാണ്. പക്ഷെ തൊട്ടതിനും പിടിച്ചതിനും ആഘോഷം വേണം എന്ന നമ്മുടെ മനോഭാവം ശരിയല്ല. ഒരു കാര്യം ആലോചിക്കണം. ഉത്ഘാടനം ചെയ്യാൻ മന്ത്രിക്ക് വരാൻ പറ്റാത്തതിനാൽ റോഡും പാലവും സർക്കാർ വക കെട്ടിടങ്ങളുമൊക്കെ ഉപയോഗിക്കാനാവാതെ കിടക്കുന്നത് എത്ര  അസംബന്ധമാണ്. ഞാൻ വെറുതെ പറയുന്നതല്ല. ഇങ്ങിനത്തെ എത്രയെത്രയോ സംഭവങ്ങൾ ഈ നാട്ടിലുണ്ട് ''.

'' അതുപോട്ടെ. നമുക്ക് നമ്മുടെ വിഷയത്തിലേക്ക് മടങ്ങാം ''.

'' ങാ. അത് മറന്നു. റൈസ്മില്ലിലെ ഡീസൽ എഞ്ചിൻ മാറ്റി ഇലക്ട്രിക്ക്മോട്ടോർ വെച്ചത് കുറച്ചു കാലം കഴിഞ്ഞിട്ടാണ്. അവിടുന്നങ്ങോട്ട് ഒന്നും രണ്ടുമായി നാട്ടിൽ ഇലക്ട്രിസിറ്റി കണക്ഷനുകൾ കൂടാൻ തുടങ്ങി ''.

'' എനിക്ക് ഓർമ്മവെക്കുമ്പോൾ നമ്മുടെ തറവാട്ടിൽ ഇലക്ട്രിസിറ്റിയുണ്ട് ''.

'' അതിന് ദീപുവിന്ന് അത്രയ്ക്കൊന്നും പ്രായം ആയില്ലല്ലോ. മാത്രമല്ല അപ്പോഴേക്കും കാലം കുറെ കഴിയുകയും ചെയ്തില്ലേ. എന്നിട്ടും ആ കാലത്ത് എല്ലാ വീടുകളിലും വൈദ്യുതി എത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ ആകെ മാറി. വിദ്യുച്ഛക്തിയില്ലാത്ത വീടുകൾ ഇല്ല എന്നന്നെ പറയാം ''.

'' നാട് പുരോഗമിച്ചു എന്നർത്ഥം ''.

'' അതിനെന്താ സംശയം. പുരോഗതിയൊക്കെ ഉണ്ടായിട്ടുണ്ട്. ഉണ്ടായില്ല എന്നു പറഞ്ഞാൽ അത് അസത്യമാവും. ഇലക്ട്രിസിറ്റിയുടെ കാര്യം തന്നെ നോക്കാം. ഉപഭോക്താക്കളുടെ എണ്ണം മാത്രമല്ല സൗകര്യങ്ങളും കൂടിയിട്ടുണ്ട്. പത്തു നാൽപ്പത് കൊല്ലംമുമ്പ് ഇത്രയധികം ഓഫീസുകൾ ഇല്ല. എല്ലാ മാസവും പണം അടയ്ക്കാൻ പാലക്കാടുവരെ പോവണം. ഇപ്പോഴോ. ഒരുവിധം എല്ലായിടത്തും  സെക്ഷൻ ഓഫീസുകളുകളായി. പണം അടയ്ക്കാനോ പുതിയ കണക്ഷൻ കിട്ടാനോ ദൂരേയുള്ള ഓഫീസിലേക്ക് മിനക്കെട്ടു ചെല്ലേണ്ട അവസ്ഥ മാറി. ആ കാലത്ത് ഉണ്ടായിരുന്ന സെക്ഷൻ ഓഫീസുകളേക്കാൾ കൂടുതൽ ഡിവിഷൻ ഓഫീസുകൾ ഇന്നുണ്ട് ''.

'' ടൗണിൽ നിന്ന് ഇങ്ങോട്ട് വരുമ്പോൾ ഒരു സബ്‌സ്റ്റേഷൻ കണ്ടു ''.

'' അതു വന്നിട്ട് മൂന്നു നാല് കൊല്ലമായി. ഇവിടെ നിന്ന് രണ്ടു കിലോമീറ്റർ പോയാൽ ചെറിയൊരു സബ്‌സ്റ്റേഷൻറെ പണി നടക്കുന്നത് കാണാം. 33 K.V ആണെന്നാ പറഞ്ഞു കേട്ടത് ''.

'' എന്തായാലും സന്തോഷമുള്ള കാര്യങ്ങളാണ് എല്ലാം ''.

'' ഈ സ്ഥിതിവിവരകണക്കുകളൊക്കെ കേട്ടിട്ട് മടുപ്പ് തോന്നുന്നുണ്ടോ ''.

'' ഇത്ര ദൂരം പുതിയതായി ലൈൻ വലിച്ചു, ഇന്നിന്ന ദിക്കിൽ പുതിയ ട്രാൻസ്ഫോർമറുകൾ വെച്ചു, ഇത്ര ആളുകൾക്ക് കണക്ഷൻ കൊടുത്തു എന്നു പറയുന്നതുപോലെ അല്ലല്ലോ ഇത്. അതുകൊണ്ട് ഒട്ടും മടുപ്പ് തോന്നിയില്ല. കൂട്ടത്തിൽ ഒരു കാര്യം പറയാനുണ്ട്. സംസാരിച്ചിരുന്ന് ഒരുപക്ഷെ അത് മറന്നു പോയാലോ ''.

'' എന്താ സംഗതി ''.

'' വലിയമ്മ ഇന്നലെ വൈകുന്നേരം കുഞ്ഞുണ്ണിമാമയെ കാണാൻ ചെന്നിരുന്നു. എന്നോട് ചെല്ലാൻ  പറഞ്ഞയച്ചിട്ടുണ്ട് ''.

'' എന്തിനാന്ന് അറിയ്യോ ''.

'' അങ്ങാടി കഴിഞ്ഞതും റോഡുവക്കത്ത് അമ്മയുടെ പേരിലുള്ള ഇരുപത് സെൻറ് കൃഷിയില്ലേ. ആർക്കോ അത് വേണം. തൂർത്തിട്ട് ബിൽഡിങ്ങ് പണിയാനാണത്രേ ''.

'' എന്നിട്ട് ദീപു പോയോ ''.

'' ഇല്ല. ചോദിച്ചാൽ എന്താ പറയേണ്ടത് എന്നാലോചിക്കുകയാണ് ''.

'' ഒരു കാര്യം ഞാൻ പറയാം. നെല്ല് വിളയുന്ന ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ എവിടേയാ പിന്നെ കൃഷി ചെയ്യുക. വീടില്ലാത്ത ആളുകള് നാലോ അഞ്ചോ സെൻറ് കൃഷിഭൂമി വീടുണ്ടാക്കാൻ വേണ്ടി തൂർക്കുന്നതിന്ന് ഞാൻ എതിരല്ല. എന്നാൽ ഭൂമാഫിയക്കാർക്ക് കൊടുക്കുന്നതിന്ന് ഞാൻ എതിരാണ്.  നമ്മുടെ നാട്ടില് പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു. ആരും അതൊന്നും ഓർക്കുന്നില്ല ''.

'' സ്വാതന്ത്ര്യം കിട്ടിയ കാലത്ത് ക്ഷാമം ഉണ്ടായിരുന്നതായി അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ''.

'' അന്നവൾ ജനിച്ചിട്ടില്ല. പറഞ്ഞുകേട്ട അറിവുവെച്ച് പറയുന്നതാണ്. ഞാൻ അതെല്ലാം കണ്ടും കേട്ടും അറിഞ്ഞതാണ്  ''.

'' എനിക്ക് ആ കാര്യങ്ങളെല്ലാം കേൾക്കണം ''.

'' അതിനെന്താ വിരോധം. ആ മുക്കിൽ ഒരു തണ്ണിമത്തനുണ്ട്. അതു മുറിച്ച് വെള്ളത്തിൽ കലക്കി പഞ്ചാരയിട്ട് കഴിക്കാം. ഈ ചൂടിന് നല്ലതാണ്. എന്നിട്ട് പറഞ്ഞാൽ പോരേ ''.

ദിലീപ് മേനോൻ ശരിവെച്ചു. പപ്പനമ്മാമനോടൊപ്പം അയാളും എഴുന്നേറ്റു.

Sunday, October 6, 2013

അദ്ധ്യായം - 14.


'' ഇന്നലെയാണോ നിങ്ങള് അവിടുന്ന് പോന്നത് '' പപ്പനമ്മാമൻ ദിലീപ് മേനോനെ കണ്ടതും ചോദിച്ചു.

'' അല്ല. ഞങ്ങള് ഞായറാഴ്ച തന്നെ എത്തി. ചെറിയമ്മയ്ക്ക് സ്കൂളുള്ളതല്ലേ ''.

'' ദീപൂനേ ഇന്നലെ കാണാഞ്ഞപ്പോൾ എനിക്ക് സംശയം തോന്നി. അതാ ചോദിച്ചത് ''.

'' ഇന്നലെ എനിക്ക് ആലത്തൂരുവരെ പോവാനുണ്ടായിരുന്നു. തിരിച്ചെത്താൻ വൈകി ''.

സരസ്വതിയമ്മയെ പോയി കാണാമെന്ന് അനിതയ്ക്ക് വാക്കുകൊടുത്തതും അതിന് കഴിയാതെ പോയതും കഴിഞ്ഞ ആഴ്ചയിലെ നാലു ദിവസവും തറവാട്ടിൽ പ്ലംബിങ്ങ് പണികൾ ചെയ്യിച്ചതും അതു കാരണം ആലത്തൂരിലേക്ക് പോവാൻ കഴിയാതെ വന്നതുമെല്ലാം അയാൾ വിവരിച്ചു.

'' ഞാൻ ചെന്നു കണ്ടപ്പോൾ അവർക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. എൻറെ അനിതക്കുട്ടിക്ക് പറ്റിയ ആളാണെന്നും പറഞ്ഞ് തലയിൽ കൈവെച്ചു ''.

'' സമ്പാദ്യം എന്നു പറഞ്ഞാൽ ഇതാണ് ദീപൂ. ഈ നേടിയത് ഒരു കാലത്തും നഷ്ടപ്പെടില്ല ''.

'' അതിരിക്കട്ടെ. പപ്പനമ്മാമൻ പോയ കാര്യം എന്തായി ''.

'' അതൊക്കെ അങ്ങിനെ നടന്നു. ഞങ്ങളുടേത് തീരെ ചെറിയൊരു സംഘടനയല്ലേ. അത്രയേറേ ആളുകളൊന്നും പരിപാടികൾക്ക് ഉണ്ടായിരുന്നില്ല. പക്ഷേ പങ്കെടുത്ത ആളുകൾക്കൊക്കെ നല്ല സന്തോഷമായി ''.

''രാഷ്ട്രീയ നേതാക്കളാരും വന്നില്ലേ ''.

'' കുറച്ചുപേർ വന്ന് മുഖം കാണിച്ചു പോയി. വോട്ടു മാത്രമല്ലേ അവരുടെ നോട്ടം. ഏതെങ്കിലുമൊരു സാമുദായത്തെ പ്രതിനിധീകരിക്കുന്ന സംഘടനയുടെ പരിപാടിയാണെങ്കിൽ അവർ കുറച്ചു കൂടി താൽപ്പര്യം കാട്ടും. ഇത് അങ്ങിനെയല്ലല്ലോ. കിടപ്പാടം ഇല്ലാത്ത കുറെപേർ ഒത്തുകൂടിയതല്ലേ ''.

'' പ്രകടനവും സമ്മേളനവും നടത്തിയതോണ്ട് സ്ഥലവും വീടും കിട്ട്വോ ''.

'' കിട്ടേണ്ടതല്ലേ. തല ചായ്ക്കാനൊരിടം മനുഷ്യൻറെ ജന്മാവകാശമാണ്. സർക്കാർ യാതൊന്നും ചെയ്യുന്നില്ല എന്നല്ല പറയുന്നത്. ദുർബ്ബല വിഭാഗക്കാർക്ക് സ്ഥലം വാങ്ങാനും വീട് നിർമ്മിക്കാനും ധനസഹായം നൽകുന്നുണ്ട്. പക്ഷെ അത് എല്ലാവർക്കും കിട്ടില്ല. ചില വിഭാഗം ആളുകൾക്കായി ആ സഹായങ്ങൾ നീക്കിവെക്കുകയാണ് ചെയ്യുന്നത്. അത് പാടില്ല. അർഹിക്കുന്നവർക്കെല്ലാം ഇത്തരം സഹായങ്ങൾ നൽകണമെന്നതാണ് ഞങ്ങളുടെ ആവശ്യം ''.

'' കിട്ടിയാൽ നല്ല കാര്യമാണ് ''.

'' അത്രയേ ഞങ്ങളും കരുതുന്നുള്ളു. പലവട്ടം മുട്ടിവിളിക്കുമ്പോൾ തുറക്കാത്ത വാതിലില്ലല്ലോ. ഇനി നിങ്ങൾ പോയ വിശേഷങ്ങൾ പറയൂ ''.

ശനിയാഴ്ച യാത്ര പുറപ്പെട്ടതു മുതൽ തിരിച്ച് തറവാട്ടിലെത്തുന്നതുവരെയുള്ള സംഭവങ്ങളെല്ലാം ദിലീപ് മേനോൻ വർണ്ണിച്ചു.

'' രാജിയുടെ കുടുംബത്തിൻറെ ചുറ്റുപാടുകളൊന്നും ദീപു പറഞ്ഞില്ലല്ലോ. കഴിഞ്ഞ തവണ ഞാൻ പറഞ്ഞിരുന്നതുപോലെ അവർ കടക്കെണിയിലാണോ, എങ്കിൽ നമുക്ക് എന്തു ചെയ്യാൻ പറ്റും. അതല്ല ഭാസ്ക്കരൻ കടം വീട്ടിക്കഴിഞ്ഞോ. അതൊക്കെയാണ് എനിക്ക് അറിയേണ്ടത് ''.

'' ഞാൻ അത് പറയാൻ തുടങ്ങുകയായിരുന്നു. ഭാസ്ക്കരേട്ടൻറെ അമ്മ മരിച്ച സമയത്താണ് ആ കടം വാങ്ങിയത് എന്നല്ലേ രാജിചേച്ചി എഴുതിയത്. എന്നാൽ സംഗതി അങ്ങിനെയല്ല. അതിനും ഒരുകൊല്ലം മുമ്പ് ഏട്ടൻ പതിനയ്യായിരം ഉറുപ്പിക ബ്ലേഡിൽ നിന്ന് വാങ്ങിയിരുന്നു. കുറച്ചു കാലം മുടങ്ങാതെ തവണകൾ അടച്ചിരുന്നു. അപ്പോഴാണ് അമ്മ കിടപ്പിലാകുന്നതും മരിക്കുന്നതും. കടം വീടുന്നതിന്നു മുമ്പ് വീണ്ടും പതിനയ്യായിരം രൂപ വാങ്ങി. കുട്ടിയുടെ ചികിത്സയും രാജിച്ചേച്ചിയുടെ അസുഖവും കൂടിയായപ്പോൾ തവണയടക്കാൻ പണം തികയാതായി. ഇപ്പോൾ മുതലും പലിശയും കൂടി ഒരുലക്ഷം കടന്നു എന്നാ പറഞ്ഞത്. എങ്ങിനെ അത്രയധികം പലിശ വന്നു എന്ന് എനിക്ക് ഒട്ടും മനസ്സിലായില്ല ''.

'' ബ്ലേഡുകാർ ബാങ്കുകളുടെ പലിശനിരക്കിലല്ല കടം കൊടുക്കുന്നത്. കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് സംഖ്യ പെരുകും. മീറ്റർ പലിശ എന്നൊരു ഏർപ്പാടുണ്ട്. കടം വാങ്ങുന്ന സമയംതൊട്ട് മണിക്കൂർവെച്ച് പലിശ കൂടും. ഒടുവിൽ മുതലും പലിശയും കൊടുത്തു തീർക്കാനാവതെ വരുമ്പോൾ  ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തിയും പലവിധത്തിൽ അപമാനിച്ചും പിരിച്ചെടുക്കാൻ നോക്കും. അതും പറ്റാതെ വന്നാൽ പണയം കാണിച്ച വസ്തുക്കൾ അവർ എടുക്കും. അപമാനം ഭയന്ന് ആത്മഹത്യ ചെയ്ത എത്രയോ പേരുണ്ട് ''.

'' അതു ശരി. വെറുതെയല്ല ഭാസ്ക്കരേട്ടൻ ഇത്ര വലിയ കടക്കാരനായത് ''.

'' എന്നിട്ട് എന്തു ചെയ്തു ''.

'' വലിയമ്മയ്ക്ക് വല്ലാത്ത ആധിയായി. നറുക്ക് കിട്ടിയ പണം കൊടുക്കാമെന്ന് രാജിച്ചേച്ചിയോട് പറയുന്നത് കേട്ടു. അത്രയും തുക എൻറെ കയ്യിൽ എടുക്കാൻ ഉണ്ടായിരുന്നില്ല. ഞാൻ ജാഫറിനെ വിളിച്ച് വിവരം പറഞ്ഞു. വൈകുന്നേരത്തേക്ക് അവൻ പണം എത്തിച്ചു തന്നു. ഭാസ്ക്കരേട്ടനെ കൂട്ടി ചെറിയച്ഛനും ഞാനും ചെന്ന് കടം വീട്ടി ആധാരവും ചെക്കുകളും മടക്കി വാങ്ങി ''.

'' എന്താ ജാഫറുമായി ഇങ്ങിനെയൊരു അടുപ്പം ''.

'' പഠിക്കുമ്പോഴേ ഞങ്ങൾ അടുത്ത കൂട്ടുകാരായിരുന്നു. ഞാൻ ജോലിയായി പോയതിന്നു ശേഷവും  ആ ബന്ധം നിലനിർത്തി. എൻറെ സമ്പാദ്യത്തിൽ കുറച്ചൊക്കെ അയാളുടെ കൂടെ ബിസിനസ്സിൽ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്. എനിക്ക് എന്ത് ആവശ്യം വന്നാലും ജാഫർ അത് നടത്തിത്തരാറുണ്ട് ''.

'' അല്ലെങ്കിലും ബന്ധുക്കളെന്ന് പറയുന്നവരേക്കാൾ അടുത്ത സുഹൃത്തുക്കൾ തന്നെയാണ് നല്ലത് ''.

'' അത് എനിക്ക് നേരത്തേ മനസ്സിലായി. അനിതയെ കല്യാണം കഴിച്ച വിവരം അറിഞ്ഞ ഉടനെ ജാഫർ ഭാര്യയേയും മക്കളേയും കൂട്ടി കാണാൻ വന്നിരുന്നു. എൻറെ അനിയത്തിക്കുപോലെ അത് തോന്നിയില്ല. എത്ര പണം മുടക്കിയിട്ടാണ് അവർ വന്നത് എന്നാലോചിക്കുമ്പോഴേ ആ സ്നേഹം മനസ്സിലാവൂ ''.

'' തുടക്കത്തിൽ എല്ലാവർക്കും ഇഷ്ടക്കേട് ഉണ്ടായിരുന്നു. അതായിരിക്കും പെങ്ങൾ വരാഞ്ഞത്. ഇനി അത് മനസ്സിൽ കൊണ്ടു നടക്കണ്ടാ. ഇപ്പൊ എല്ലാവരും യോജിപ്പായില്ലേ ''.

'' കടം വീട്ടി കഴിഞ്ഞതും രാജിച്ചേച്ചിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല ''.

'' അതില്ലാതിരിക്ക്വോ. ആ പെൺകുട്ടി അത്ര കണ്ട് തീ തിന്നിട്ടുണ്ടാവും ''.

'' രാജിചേച്ചിയുടെ ആഭരണങ്ങൾ കുറെയൊക്കെ വിറ്റിരിക്കുന്നു. ബാക്കിയുള്ളത് ബാങ്കിൽ പണയം വെച്ചിരിക്കുകയാണെന്ന് പറഞ്ഞു. കെട്ടുതാലി ഒരു ചരടിൽ കോർത്തിട്ടിരിക്കുന്നതാണ് കണ്ടത് ''.

'' അത്ര കഷ്ടത്തിലാണെന്ന് അറിഞ്ഞില്ല. അവൾ അറിയിച്ചതുമില്ല ''.

'' വലിയമ്മ കഴുത്തിലെ മാല ഊരി മകൾക്ക് കൊടുത്തു. അടുത്ത ആഴ്ച ഭാസ്ക്കരേട്ടനെ വരാൻ പറഞ്ഞിട്ടുണ്ട്. ബാങ്കിലെ കടം വീട്ടാനുള്ള പൈസ കൊടുക്കാമെന്ന് പറയുന്നത് കേട്ടു ''.

'' സുശീലടെ ഷഷ്ടിപൂർത്തിക്ക് എല്ലാവരും ഒത്തു കൂടുമ്പോൾ അവളുടെ ദേഹത്തും എന്തെങ്കിലും വേണ്ടേ ''.

'' തീർച്ചയായും വേണം. ഞാൻ ഈ കാര്യം അനിതയോട് പറഞ്ഞു. അവൾ രാജിച്ചേച്ചിയുടേ രണ്ടു പെണ്മക്കൾക്കും ഓരോ മാല കൊടുക്കുന്നുണ്ട് ''.

'' വളരെ നന്നായി. ആട്ടേ, അവളുടേയും കുട്ടിയുടേയും സുഖക്കേട് എങ്ങിനീണ്ട് ''.

'' സത്യം പറയാലോ, രാജിച്ചേച്ചിയെ കണ്ടിട്ട് എനിക്ക് മനസ്സിലായില്ല. അത്രയ്ക്ക് മാറിയിട്ടുണ്ട്. കോട്ടക്കലിൽ ചെന്ന് കിടത്തി ചികിത്സിക്കണം എന്നു വിചാരിച്ച് നടന്നില്ല എന്നു പറഞ്ഞു. ഈ വെക്കേഷന് ചികിത്സയ്ക്ക് ചെന്നോളാൻ പറഞ്ഞിട്ടുണ്ട്. പൈസ ഞാൻ എത്തിച്ചു കൊടുക്കും ''.

'' കുട്ടിയുടെ കാര്യം ''.

'' എന്തൊക്കേയോ മരുന്ന് കൊടുക്കുന്നുണ്ട്. അതൊന്നും പോരാ. നല്ലൊരു ഡോക്ടറെ കാണിച്ച് ചികിത്സിപ്പിക്കണം. ഞാൻ പോവുന്നതിന്ന് മുമ്പ് അതും ചെയ്യും ''.

'' ഇതൊക്കെയാണ് ചെയ്യേണ്ടത്. അല്ലാതെ കാറ് വാങ്ങിക്കൊടുക്കലല്ല ''.

'' എനിക്കത് മനസ്സിലായി ''.

'' ദീപു വന്നതു കാരണം അവളുടെ ബാദ്ധ്യതയൊക്കെ തീർന്നു. ഇപ്പോൾ അവൾക്ക് മനസ്സമാധാനം ആയിട്ടുണ്ടാവും ''.

'' പഴയ രാജിയൊന്ന്വോല്ല. അവള് ജീവിക്കാൻ പഠിച്ചിരിക്കുന്നൂ എന്ന് ചെറിയച്ഛൻ പറഞ്ഞു ''.

'' അതെന്താ അങ്ങിനെ തോന്നാൻ ''.

'' മുറ്റം കുറച്ചേയുള്ളു. അവിടെ വെണ്ടയും വഴുതിനയും കയ്പ്പക്കയും ഒക്കെ വെച്ചിട്ടുണ്ട്. ഒക്കെ കായ്ക്കാറായി. അതു പോരാഞ്ഞിട്ട് അഞ്ചെട്ട് ആടുകളും ഉണ്ട് ''.

'' ഭേഷ്. ആടുകൾക്ക് തിന്നാൻ എളുപ്പമായി ''.

'' മുറ്റത്തിൻറെ ഒരു ഓരത്ത് മുളയുടെ അലകുകളും തെങ്ങോല മെടഞ്ഞതും കൊണ്ട് ആടുകളെ കെട്ടാൻ ഒരു കൂടുണ്ടാക്കിയിട്ടുണ്ട്. അതിലാണ് വളർത്തുന്നത് ''.

പത്തു തവണ ക്ലോക്ക് ശബ്ദിച്ചു. പപ്പനമ്മാമൻ എഴുന്നേറ്റു.

'' ദീപൂ. ഒരു ജാഥയ്ക്ക് സ്വീകരണം കൊടുക്കുന്നുണ്ട്. പത്തു മിനുട്ട് നേരത്തെ പരിപാടിയേ ഉള്ളു. അതു കഴിഞ്ഞതും ഞാനെത്തും. അതുവരെ വല്ലതും വായിച്ച് ഇരുന്നോളൂ ''.

ഒറ്റയ്ക്കായപ്പോൾ രാജിച്ചേച്ചിയെക്കുറിച്ചുള്ള ഓർമ്മകളെത്തി. ചെറിയച്ഛൻ പറഞ്ഞത് നേരാണ്. പഴയ രാജിച്ചേച്ചിയല്ല ഇപ്പോഴുള്ളത്. അനുഭവങ്ങൾ അവരെ മറ്റൊരാളാക്കിയിരിക്കുന്നു. സ്വന്തം പ്രാരബ്ധങ്ങൾ മറി കടക്കാൻ ആ പാവം ആവുന്നതൊക്കെ ചെയ്യുന്നുണ്ട്. കുട്ടികൾ മൂന്നുപേരും സ്കൂളിൽ പോവാൻ തുടങ്ങിയതോടേ എന്തെങ്കിലും വരുമാനമുണ്ടാക്കണമെന്ന തോന്നലുണ്ടായി. പഠിപ്പില്ലാത്തതിനാൽ നല്ല ജോലിയൊന്നും കിട്ടില്ലെന്ന അറിവിൽ ഒരു മഹിള കുടിൽ വ്യവസായ കേന്ദ്രത്തിൽ പോയി തുടങ്ങി. മെഴുകുതിരി നിർമ്മാണം, അച്ചാറുണ്ടാക്കൽ എന്നിവയൊക്കെയാണ് പണികൾ. കൊല്ലങ്ങളോളം അതു ചെയ്തു. അടുത്ത കാലത്താണ് അത് വേണ്ടെന്നു വെച്ചത്.

കാണാൻ ചെന്ന ദിവസം വൈകുന്നേരം ഒറ്റയ്ക്കു വിളിച്ച് രാജിച്ചേച്ചി സംസാരിക്കുകയായിരുന്നു.

'' പണി കഷ്ടമുള്ളതൊന്നും അല്ല '' അവർ പറഞ്ഞു '' പണിസ്ഥലത്തിലേക്ക് ഇവിടെ നിന്ന് രണ്ടു നാഴിക ദൂരമുണ്ട്. ബസ്സില്ല. ഓട്ടോറിക്ഷയ്ക്ക് പോയാൽ മുതലാവില്ല. രാവിലേയും വൈകുന്നേരവും നടക്കണം. കാലിൻറെ മുട്ടിന്ന് വേദനയായതോടേ വേണ്ടെന്നുവെച്ചു. എന്നിട്ടാണ് ആടുവളർത്തൽ തുടങ്ങിയത് ''.

'' ആട്ടിൻപാലിന്ന് ഔഷധഗുണം ഉണ്ട് ചേച്ചി '' ദിലീപ് മേനോൻ അറിയാവുന്ന കാര്യം വിളമ്പി.

'' അതൊന്നും നോക്കിയിട്ടല്ല ഇവറ്റയെ വളർത്തുന്നത്. ഒരു പ്രസവത്തിൽ മൂന്നോ നാലോ കുട്ടികൾ ഉണ്ടാവും. കുറച്ച് കഷ്ടപ്പെട്ടാലും വലുതാക്കിയാൽ വാങ്ങാൻ ആളെത്തും. പെരുനാളിന്ന് ആടിനെ വാങ്ങാൻ വരുന്നവർ പറഞ്ഞ വില തരും ''.

'' ഇതിനൊക്കെ തീറ്റ കൊടുക്കാൻ എന്താ ചെയ്യാ ''.

'' കുട്ടികളും ഏട്ടനും സ്കൂളിലേക്ക് പോയാൽ ഞാൻ എല്ലാറ്റിനേയും ആട്ടിക്കൊണ്ട് ഏതെങ്കിലും തോട്ടത്തിലോ പറമ്പിലോ ചെല്ലും. ഉച്ചവരെ തിന്നാൻ വിടും. വീട്ടിലേക്ക് മടങ്ങി പോരുമ്പോൾ എവിടെ നിന്നെങ്കിലും കുറെ തൂപ്പുണ്ടാക്കി ഏറ്റിക്കൊണ്ടുവരും. എത്ര തിന്നാൻ ഇട്ടു കൊടുത്താലും ഇവറ്റയ്ക്ക് മതിയാവില്ല. ആയിരം ആനയെ പുലർത്താം അര ആടിനെ ആവില്ല എന്ന് പഴയ ആളുകൾ പറയുന്നത് വെറുതെയല്ല ''.

'' പിന്നെ എന്തിനാ എങ്ങിനെ ബുദ്ധിമുട്ടുന്നത് ''

'' ബുദ്ധിമുട്ടാതെ പറ്റില്ലല്ലോ ദീപൂ. കുടുംബം കഴിയണ്ടേ. അപ്പൊ ഇത്തിരി കഷ്ടപ്പെട്വൊന്നേ ''.

'' ചേച്ചി ഇങ്ങിനെ കഷ്ടപ്പെട്ടിട്ടും ഭാസ്ക്കരേട്ടൻ കടക്കാരനായി അല്ലേ ''.

'' ഏട്ടനെ ഞാൻ ഒരു കാലത്തും കുറ്റം പറയില്ല. ഒന്നൂല്യെങ്കിലും കാണാൻ കൊള്ളാത്ത എന്നെ കല്യാണംകഴിച്ച് ഇട്ടിട്ടുപോയില്യല്ലോ. പണത്തിന് ലേശം കുറവുണ്ടെങ്കിലും ഏട്ടന് സ്നേഹത്തിന് കുറവില്ല. എനിക്ക് അതുമതി. പിന്നെ കഷ്ടപ്പാട്. അത് എൻറെ തലേലെഴുത്ത്. മായ്ച്ചു കളയാൻ ആവില്ല. അനുഭവിച്ച് തീരട്ടെ ''.

'' സ്ഥലത്തിൻറെ പേരിലുള്ള കടം വീടിയില്ലേ. ഇനിയെന്താ ഉദ്ദേശം ''.

'' ജോലീന്ന് പിരിയുമ്പൊ എന്തെങ്കിലും കിട്ടും. അതോണ്ട് അവിടെ ചെറുക്കനെ ഒരു വീട് കെട്ടണം. രണ്ട് പെൺകുട്ടികളുണ്ട്. കല്യാണം കഴിച്ച് അയയ്ക്കാൻ പറ്റിയില്ലെങ്കിലും അടച്ചു കിടക്കാൻ ഒരു കൂരപ്പുര വേണ്ടേ ''.

'' തറവാട്ടിൽ ഇഷ്ടംപോലെ സ്ഥലം ഉണ്ടല്ലോ. പിന്നെന്തിനാ വേറെ വീട് ''.

'' ഇളയമ്മ ഒഴിമുറിവെച്ചു തന്നൂന്ന് കരുതി നിങ്ങൾക്കും കൂടിയുള്ള മുതലല്ലേ അത്. അവിടെ ഞാനും കുട്ട്യേളും താമസാക്കുന്നത് ശരി. പക്ഷേ ഏട്ടൻറെ കാര്യം അതാണോ. എത്രയായാലും അന്യനല്ലേ ''

'' ഇങ്ങിനെയാണോ ചേച്ചി കരുതിയത്. ഞങ്ങൾക്കാർക്കും തറവാടോ സ്ഥലമോ ഒന്നും വേണ്ടാ. നിങ്ങളെയൊക്കെ കാണണം എന്ന് തോന്നുന്നതോണ്ട് വരുന്നു എന്നേയുള്ളു. വലിയമ്മയ്ക്കോ അവകാശികൾക്കോ ഇഷ്ടമില്ല എന്നറിഞ്ഞാൽ ആരും വരാനും പോണില്ല ''.

'' നീയെന്താ ഈ പറയുന്നത്. നീ വരുന്നതും കാത്ത് ഇരിക്കാൻ തുടങ്ങിയിട്ട് കൊല്ലം എത്രയായി എന്നറിയ്യോ. നിനക്ക് ഇഷ്ടമാണ് എന്നു കരുതി എല്ലാ കൊല്ലവും ഞാൻ എവിടെ നിന്നെങ്കിലും പറങ്കിയണ്ടി പെറുക്കി എടുത്തു വെക്കും. കുറെ മാസം കഴിയുമ്പോ നീ വരില്യാന്ന് ബോദ്ധ്യാവും. അപ്പോൾ അതൊക്കെ ആരുടേയെങ്കിലും പറമ്പിൽ കുഴിച്ചിടും. മുളച്ച് വളർന്ന് വലിയ മരമായി കായ്ച്ചു നിൽക്കുന്നതുപോലെ എൻറെ ദീപുമോൻ വലിയ ആളാവട്ടെ എന്ന് മനസ്സിൽ കരുതും. എന്നാലും അത് വറുത്ത് മക്കൾക്ക് കൊടുക്കില്ല. നിന്നെ കണക്കാക്കി വെച്ചത് നിനക്ക് തരാൻ പറ്റിയില്ലെങ്കിൽ ആർക്കും വേണ്ടാ ''.

'' എന്നിട്ടാ ചേച്ചി ഇങ്ങിനെ പറഞ്ഞത് '' ദിലീപ് മേനോന് സങ്കടം തോന്നി.

'' ചേച്ചിക്ക് നിൻറത്ര ബുദ്ധിയും വിവരവും ഇല്ലാന്ന് നിനക്കറിയില്ലേ. നീ വേണ്ടേടാ ക്ഷമിക്കാൻ. എത്രയായാലും എൻറെ പാവാടത്തുമ്പിൽ തൂങ്ങി നടന്നോനല്ലേ നീ ''.

പടിക്കൽ ഓട്ടോറിക്ഷയുടെ ശബ്ദം കേട്ട് എഴുന്നേറ്റു വാതിലിനടുത്തേക്ക് ചെന്നു. പപ്പനമ്മാമൻ വണ്ടിയിൽ നിന്ന് ഇറങ്ങി വരികയാണ്. കയ്യിൽ ഒരു പൊതിക്കെട്ടുണ്ട്.

'' പനങ്കൂമ്പാണ്. കണ്ടപ്പോൾ വാങ്ങി '' പപ്പനമ്മാമൻ പറഞ്ഞു '' ഈ സാധനം നിങ്ങളുടെ നാട്ടിൽ കിട്ടില്ലല്ലോ ''.

'' എനിക്ക് വലിയ ഇഷ്ടമാണ് '' ദിലീപ് മേനോൻ പൊതിക്കെട്ട് ഏറ്റുവാങ്ങി.