Saturday, January 24, 2015

അദ്ധ്യായം - 46.


മുഖത്തോടുമുഖം നോക്കി നില്‍ക്കുന്ന വല്ലെങ്ങിദേശക്കാരുടേയും നെന്മാറദേശക്കാരുടേയും ആനപ്പന്തലുകളില്‍ ആലക്തികദീപങ്ങള്‍ പലതരംചിത്രങ്ങള്‍ വരച്ചുകൊണ്ടിരിക്കുകയാണ്. നെല്ലിക്കുളങ്ങര ഭഗവതിക്കു മുമ്പില്‍  രാവ് പകലിന്‍റെ വേഷമണിഞ്ഞു. നേരം രണ്ട് കഴിഞ്ഞതേയുള്ളൂ. വെടിക്കെട്ട് തുടങ്ങുവാന്‍ ഇനിയും സമയമുണ്ട്. ജാഫറിനോടൊപ്പം വേലപ്പറമ്പില്‍ കറങ്ങുമ്പോഴും ദിലീപ്മേനോന്‍ തീരെ സന്തോഷവാനായിരുന്നില്ല.

'' എന്താടാ കൊട്ടെണ്ണ കുടിച്ചപോലെ തൂങ്ങിക്കൊണ്ടീക്കുന്നത്. ഈ ലീവിലെ തെണ്ടിത്തിരിച്ചില് ഇന്നത്തോടെ തീര്‍ന്നൂന്ന് വിചാരിച്ചാ '' കൂട്ടുകാരന്‍റെ ഉത്സാഹക്കുറവ് ശ്രദ്ധിച്ച ജാഫര്‍ ചോദിച്ചു

'' ഏയ്. അങ്ങിനെയൊന്നൂല്യാ ''

'' പിന്നെന്താ ഒരു മൌനവൃതം. മനസ്സില് എന്തെങ്കിലും ഉണ്ടെങ്കില്‍ തൊള്ള തുറന്ന് പറയ്. എന്തിനും നമുക്ക് പരിഹാരം കാണാം  ''.

'' ആകെക്കൂടി വിഷമത്തിലാണ് ഞാന്‍. എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട് ''

ഇരുവരും ദൂരെ പാര്‍ക്ക് ചെയ്തിട്ടുള്ള കാറിനടുത്തേക്ക് നടന്നു. ഒരു തട്ടുകടയില്‍ നിന്ന് ഓംലെറ്റ് വാങ്ങി വണ്ടിയിലിരുന്ന് തിന്നുകൊണ്ട് അവര്‍ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. കുഞ്ഞുണ്ണിമാമയുടെ അവസ്ഥ ദിലീപ് മേനോനെ വേദനിപ്പിച്ചിരുന്നു, പെങ്ങളും അച്ഛനും എങ്ങിനെ പെരുമാറും എന്നതിനെക്കുറിച്ചുള്ള വേവലാതിയുമുണ്ട്. അതയാള്‍ കൂട്ടുകാരനുമായി പങ്കുവെച്ചു.

'' ഒരു കണക്കില് അവരെ ഒഴിവാക്കി നമ്മള് രണ്ടാള് മാത്രം  വന്നത് നന്നായി. അതു കാരണം നിനക്ക് മനസ്സിലുള്ളത് തുറന്ന് പറയാനായി  '' ദിലീപ്മേനോന്‍  നിര്‍ത്തിയപ്പോള്‍ ജാഫര്‍ പറഞ്ഞു. അയാള്‍ നാനോ കാറിന്‍റെ സ്റ്റിയറിങ്ങ് വീലില്‍ മെല്ലെ താളം പിടിച്ചു.

നെന്മാറ വേല കാണാന്‍  പുറപ്പെട്ടതാണ്  ജാഫറും ദിലീപ് മേനോനും ജാഫറിന്‍റെ അളിയനും അയാളുടെ ചിലസുഹൃത്തുക്കളും അവരുടെ കൂടെ വരാനിരുന്നതാണ്. എട്ടു പേര്‍ക്ക് സഞ്ചരിക്കാന്‍ പറ്റിയ  ഒരു കാറും അവര്‍ സംഘടിപ്പിച്ചിരുന്നു. സംഘത്തിലെ രണ്ടുപേര്‍ കച്ചറ കേസ്സുകെട്ടുകളാണെന്നു മനസ്സിലാക്കി ജാഫര്‍ ഒഴിഞ്ഞു മാറിയതാണ്.

'' എല്ലാം കേട്ടപ്പോള്‍ എന്തു തോന്നി '' ദിലീപ് മേനോന്‍ ചോദിച്ചു.

''  നിന്‍റെ സൂക്കട് നിന്‍റെ അമ്മാമനും കിട്ടി എന്നുതോന്നി ''.

'' അതിന് എനിക്കെന്താ ക്യാന്‍സറാണോ ''.

'' അല്ല. പക്ഷേ നിനക്ക് വേറൊരു അസുഖമുണ്ട് ''.

'' എന്താ ഞാന്‍ കൂടി അറിയാത്ത ഒരു സുഖക്കേട് ''

'' പണ്ടേ നിന്‍റെ ചില ത്രെഡ് ലേശം ടൈറ്റ് അല്ല എന്ന് തോന്നാറുണ്ട്. ഇപ്പോള്‍ നിന്‍റെ അമ്മാമനും അങ്ങിനെയാണെന്ന് മനസ്സിലായി. നീ കൂടെ നടന്നതിന്‍റെ ഗുണമായിരിക്കും  ''.

'' ഇങ്ങിനെ പറഞ്ഞാല്‍ എനിക്കറിയില്ല. ഉള്ള കാര്യം വ്യക്തമായി പറയണം  ''.

'' ഉള്ളത് ഉള്ളപോലെ പറയാലോ, നിങ്ങള് അമ്മാമനും മരുമകനും പിരിയല്‍പ്പം  അയഞ്ഞിട്ടുണ്ട്  ''.

'' കൂട്ടുകാരനാണെന്നു വിചാരിച്ച് ഞാന്‍ മനസ്സിലുള്ള വിഷമങ്ങള്‍ തുറന്ന് പറഞ്ഞു. അതുകൊണ്ട്  വട്ടാണ് എന്ന് കേള്‍ക്കേണ്ടി വന്നു. ഇനി ഞാന്‍ ഒരക്ഷരം പറയില്ല   '' ദിലീപ് മേനോന്‍ പരിഭവിച്ചു.

'' നീയങ്ങിനെ ദേഷ്യപ്പെടേണ്ടാ. ഞാന്‍ പറയുന്നത് മുഴുവന്‍ കേള്‍ക്ക്  '' ജാഫര്‍ കൂട്ടുകാരനെ അനുനയിപ്പിക്കാന്‍ തുടങ്ങി '' ആര്‍ക്കാടാ ഈ ലോകത്ത് കുറ്റവും കുറവും ഇല്ലാത്തത്. അവനവന്‍റെ കോട്ടം സ്വയം തിരിച്ചറിയണം. മെല്ലെമെല്ലെ അത് മാറ്റണം. അതാ ചെയ്യേണ്ടത്  ''.

'' എനിക്കെന്താ തകരാറ് ''.

'' എന്നാല്‍  കേട്ടോ. എനിക്കിപ്പൊ നാല്‍പ്പത് വയസ്സായി . നിനക്ക് മൂന്നോ നാലോ  കുറയും. നിന്‍റെ  പ്രായത്തിലുള്ള  ആണുങ്ങള്‍ക്ക് വേണ്ട ധൈര്യമോ പാകതയോ നിനക്കുണ്ടോ ? ഇപ്പഴും ചെറിയ കുട്ടികളുടെ മനസ്സല്ലേ നിന്‍റേത്  ''.

'' അത് ഇയാള്‍ വെറുതെ പറയുന്നതാ ''.

'' അല്ല. അന്യ നാട്ടില്‍ ഭാര്യയേയും കുട്ടിയേയും വിട്ട് നീയല്ലാതെ വേറെ ആരെങ്കിലും വേലയും പൂരവും കാണാന്‍ വര്വോ ''.

'' അതാണോ ഇത്ര വലിയ കാര്യം. എനിക്ക് മോഹം തോന്നി. ഞാന്‍ ഭാര്യയോട് ചോദിച്ചു. അവള്‍ ഓ.കെ. പറഞ്ഞു. ഞാന്‍ പോന്നു ''.

'' നിന്‍റെ കേനക്കേട് കണ്ടപ്പോള്‍ ആ പാവം സമ്മതിച്ചതായിരിക്കും.  അല്ലാതെ മനസ്സുണ്ടായിട്ട് സമ്മതിച്ചതാവില്ല '' ഒന്നു നിര്‍ത്തി അയാള്‍ തുടര്‍ന്നു ''  അത് വിട്. ഉപദേശിക്കുകയാണ് എന്ന് കരുതണ്ടാ, നിന്‍റെ പോരായ്മ പറഞ്ഞു തരികയാണ്.  പെട്ടെന്ന് ചാടി വീണ് തീരുമാനം എടുക്കാതെ നല്ലോണം ആലോചിച്ചിട്ടുവേണം എന്തും ചെയ്യാന്‍. ആ സ്വഭാവം നീ ഉണ്ടാക്കണം  ''.

'' എന്താ അങ്ങിനെ തോന്നാന്‍ ''

'' ഇവിടെ വന്നതും ആദ്യം തോന്നിയ ഐഡിയ എന്താണ്? മരുമകന്‍ ചെക്കന് മോട്ടോര്‍ സൈക്കിള്‍ വാങ്ങിക്കൊടുക്കണം, വലിയമ്മയ്ക്ക് എവിടേക്കെങ്കിലും പോവാന്‍ കാറ് സംഘടിപ്പിക്കണം എന്നൊക്കെ അല്ലേ? അവര്‍ക്ക് കാറ് കൊണ്ടു നടക്കാന്‍ പറ്റുന്നതാണോ എന്ന് നീ ചിന്തിച്ചില്ല. ആരെങ്കിലും കേട്ടാല്‍ ഇതിനെ പ്രാന്ത് എന്നല്ലാതെ എന്താ പറയ്യാ  ''.

'' ഇതൊക്കെ അറിഞ്ഞിട്ടും ഇതുവരെ അതിനെക്കുറിച്ച് യാതൊന്നും പറഞ്ഞില്ലല്ലോ ''.

'' നല്ല കഥ. ഞാന്‍ ഇതു പറഞ്ഞാല്‍ ചുരുങ്ങിയത് രണ്ടാഴ്ച നീ അതും ആലോചിച്ച് സങ്കടപ്പെട്ടോണ്ട് നടക്കും.  അത് ഒഴിവാക്കാന്‍ വേണ്ടി  പറഞ്ഞില്ല.  ഇപ്പോള്‍ ഉള്ളുതുറന്ന് സംസാരിക്കുന്നതോണ്ട് പറഞ്ഞു ''.

''  എന്താ ചെയ്യാ. ഞാന്‍ അങ്ങിനെ ആയിപ്പോയി ''

'' അങ്ങിനെ ആവരുത്. എളുപ്പം ഉള്ളവനെ കണ്ടാല്‍ എള്ളില്‍പിടിച്ച് പൂത്തുന്നവരാ ഈ ലോകത്തുള്ളത്. അപ്പോള്‍ എന്തും നേരിടാനുള്ള ധൈര്യവും കാര്യങ്ങള്‍ ആലോചിച്ച് ചെയ്യാനുള്ള കഴിവും നിനക്ക് ഉണ്ടാവണം. കുഞ്ഞുണ്ണീമാമ ദേഷ്യപ്പെട്ടു എന്നു പറഞ്ഞ് നീ കണ്ണില്‍ വെള്ളം നിറച്ച് നടന്നത് മറന്ന്വോ. അച്ഛനും പെങ്ങളും നാളെ വന്നാല്‍ നിന്നോട് എങ്ങിനെ പെരുമാറും എന്ന അങ്കലാപ്പല്ലേ ഇപ്പോഴുള്ളത്. അതൊന്നും പാടില്ല. നല്ല ധൈര്യം വേണം. അവര് എന്തുചെയ്താലും എനിക്കൊരു ചുക്കും ഇല്ല എന്നങ്ങോട്ട് ഉറപ്പിക്ക്. ഇവന്‍റെ അടുത്ത് നമ്മളുടെ കളി നടക്കില്ല എന്ന് കണ്ടാല്‍ ആരും അടുക്കാന്‍ മടിക്കും ''.

'' ഇനി കുഞ്ഞുണ്ണിമാമയ്ക്ക് എന്താ കുഴപ്പം എന്നുകൂടി പറയൂ ''.

'' മോന്തിയാവുന്നതുവരെ വെള്ളംകോരി ഒടുക്കം പടിക്കല് കുടം ഇട്ടു പൊട്ടിച്ചു എന്നു പറയുന്ന മട്ടിലാ അയാളുടെ കാര്യം. ധൈര്യശാലി, സ്വന്തം കാര്യം മാത്രം നോക്കുന്ന ആള്‍, മൂക്കിന്‍റെ തുമ്പത്ത് ശുണ്ഠി ഉള്ളവന്‍ എന്നൊക്കെ  മറ്റുള്ളവരെക്കൊണ്ട് പറയിപ്പിച്ച് ഒടുവില്‍ എല്ലാവരുടെ മുമ്പിലും തലകുമ്പിട്ട് വാലും ചുരുട്ടി നിന്നു. വല്ലാത്ത നാണക്കേടായി അത് ''.

'' മരണം മുമ്പിലെത്തുമ്പോള്‍ ആരും അങ്ങിനെയാവും ''.

'' അതുവെറുതെ. സദ്ദാംഹുസൈനെ തൂക്കിക്കൊല്ലാന്‍ നിര്‍ത്തിയത് ഞാന്‍ ടി. വി. യില്‍ കണ്ടതാണ്. തൂക്കുകയര്‍ കഴുത്തിലിട്ടപ്പോഴും അയാള്‍ പുല്ലുപോലെ നിന്നു ''.

'' എല്ലാവരും ഒരുപോലെ ആവില്ല ''.

'' സമ്മതിച്ചു. ധൈര്യം ഇല്ലാത്തവര്‍ പേടിക്കും. പക്ഷേ ഡെപ്യൂട്ടി കലക്ടര്‍ സുന്ദരേശ്വര മേനോന്‍ പരിഭ്രമിക്കാന്‍ പാടുണ്ടോ. ഈ ലോകത്തുള്ള ഒന്നിനേയും കൂട്ടാക്കാത്തവനാണ് എന്നല്ലേ അയാള്‍ ഭാവിച്ചിരുന്നത്.  അപ്പോള്‍  ഇതുവരെ കാട്ടിയത് മുഴുവന്‍ വെറും അഭിനയം. ആരോടൊക്കേയോ മനസ്സിലുള്ള വൈരാഗ്യം കാരണം ചെയ്ത വേഷം കെട്ടല്. ആയാള് ഇങ്ങിനെ മാറി എന്നു പറഞ്ഞാല്‍ കക്ഷിയെ പരിചയം ഉള്ള ഒരാളും വിശ്വസിക്കില്ല് ''.

'' എന്നാലും അദ്ദേഹം ഇല്ലാതാവുന്നു എന്നോര്‍ക്കുമ്പോള്‍ ''.

'' എന്താ ഇല്ലാതായാല്‍? അയാള് ചെറുപ്പമൊന്നും അല്ലല്ലോ. എന്നാല്‍ കുട്ടികള്‍ ഒരുവഴിക്ക് ആയില്ലല്ലോ എന്നു കരുതി വിഷമിക്കണം. ഇത് അങ്ങിനെയല്ല, മക്കളൊക്കെ വലുതായി സ്വന്തം കാര്യം നോക്കാനുള്ള പ്രാപ്തിയായി. ഇനി അയാള് മരിക്ക്യാണെങ്കില്‍ മരിക്കട്ടെ ''.

'' എങ്ങിനെ ഇത്ര സിമ്പിളായി പറയുന്നു ''.

'' എടാ, നമ്മള് മടങ്ങി പോവുമ്പോള്‍ എതിരെ വരുന്ന ലോറിക്കാരന്‍ കാറിലൊന്നു ചാര്‍ത്തിയാല്‍ എന്താ ഉണ്ടാവ്വാ, നമ്മള് രണ്ടാളും ജില്ല ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ എത്തും. അത്രയേ ഉള്ളു മനുഷ്യന്‍റെ അവസ്ഥ. ആര് എപ്പോള്‍ വേണമെങ്കിലും ചാവാം. പോരാത്തതിന്ന് കുഞ്ഞുണ്ണിമാമന്‍  അടുത്തകാലത്ത് ചാവുമോ ഇല്ലയോ എന്നൊന്നും പറയാറായിട്ടില്ല. വേണ്ടാതെ ഓരോന്ന് ആലോചിച്ച് നീ വേവലാതി അടിക്കേണ്ടാ ''.

'' കുഞ്ഞുണ്ണിമാമന്‍ രക്ഷപ്പെട്വോ ''.

'' നല്ല ചികിത്സയും ആത്മധൈര്യവും ഉണ്ടെങ്കില്‍ ഈ സൂക്കട് മാറും എന്ന് കേള്‍ക്കുന്നുണ്ട്. പഴയപോലെ ആണെങ്കില്‍ ചിലപ്പോള്‍ ആള് രക്ഷപ്പെടും. മനസ്സ് തളര്‍ന്നാല്‍ പോയതുതന്നെ ''.

'' നല്ലത് വരുത്തണേ എന്ന് പ്രാര്‍ത്ഥിക്കാം. അല്ലാതെന്താ ചെയ്യുക ''.

'' അതാ ശരി. ആട്ടെ, ഇനിയെന്തെങ്കിലും പ്രശ്നം ഉണ്ടോ നിനക്ക് ''.

'' തറവാട്ടിലുള്ളവരുടെ സ്നേഹം കാണുമ്പോള്‍ എനിക്ക് തിരിച്ചു പോവന്‍ തോന്നുന്നില്ല. എല്ലാവരുടേയും കൂടെ സന്തോഷത്തോടെ ഇവിടെ കഴിയാനാണ് മോഹം ''.

'' പ്രാന്ത് പറയാതെ. ജോലി കളഞ്ഞ് വീട്ടില്‍ കൂടിയാല്‍ നിന്‍റെ മകനെ വളര്‍ത്തി വലുതാക്കണ്ടേ ? അതിന്ന് ആരുടേയെങ്കിലും മുമ്പില്‍ കൈ നീട്ടാനാണോ പരിപാടി. അതോ ഭാര്യ അന്യനാട്ടില്‍ ഒറ്റയ്ക്ക് കിടന്ന് കഷ്ടപ്പെട്ടോട്ടെ എന്നാണോ  ''.

''  അവള് കഷ്ടപ്പെടുന്നത് കാണാന്‍ എനിക്കൊണ്ടാവില്ല. ഞാനെന്തു ചെയ്യുന്നതിന്നും എതിരു പറയാത്ത ആളാണ് അവള്‍ ''.

'' എന്നാല്‍ ലീവ് തീരുമ്പോള്‍ മടങ്ങിച്ചെല്ല്. അഞ്ചും ആറും കൊല്ലം കൂടുമ്പോള്‍ വരുന്ന പതിവ് നിര്‍ത്തിയിട്ട് കൊല്ലത്തിലൊരിക്കല്‍ നാട്ടിലേക്ക് പോര്. അപ്പോള്‍  എല്ലാവര്‍ക്കും  സന്തോഷമാവും  ''.

'' അതാ ഞാനും ഉദ്ദേശിക്കുന്നത് ''

'' എന്നാ നീ ലീവ് കഴിഞ്ഞ് പോവുന്നത് ''.

'' ഈ മാസം അവസാനം വരെ ലീവുണ്ട്. ഒരാഴ്ചകൂടി എടുക്കണം. പപ്പനമ്മാമന്‍റെ പിറന്നാളിന്ന് പങ്കെടുക്കാനുണ്ട് ''.

'' അതു നല്ല കാര്യം. ആ കാരണവര് അത്രയ്ക്ക് നല്ല ആളാണ്. അതു കഴിഞ്ഞാല്‍ ജോലിക്ക് ചെല്ല്. വീട്ടുകാരൊന്നും ദേഷ്യം കാണിക്കില്ല.  നിന്‍റെ സ്വഭാവം അവര്‍ക്ക് അറിയാലോ. അവര്‍ ഒരിക്കലും നിന്നെ വിഷമിപ്പിക്കില്ല. നിനക്കാവാത്ത കാര്യങ്ങള്‍  അവര്‍ ഏല്‍പ്പിച്ചതും കൂടിയില്ല ''.

'' എന്താ അങ്ങിനെ പറയാന്‍ ''.

'' എന്നാ നിന്‍റെ അമ്മയുടെ ബര്‍ത്ത്ഡേ '' ജാഫര്‍ തിരിച്ചൊരു ചോദ്യം ചോദിച്ചു.

'' അഞ്ചാം തിയ്യതി. ഇനി നാലു ദിവസമുണ്ട് ''.

'' ഒരുക്കങ്ങളൊക്കെ കഴിഞ്ഞോ. എന്തൊക്കെയാണ് പരിപാടി ''.

'' ഒന്നും എനിക്കറിയില്ല. എല്ലാം എളേച്ചനെയാണ് ഏല്‍പ്പിച്ചിട്ടുള്ളത് ''.

'' ഇപ്പൊ ഞാന്‍ പറഞ്ഞതെങ്ങിനെ ''

'' എന്നെ അവര്‍ക്ക് വേണ്ടാ. അതാ മനപ്പൂര്‍വ്വം ഒഴിവാക്കിയത് ''

'' എന്ന് നീ പറയരുത്. ഒരുപക്ഷേ മകന്‍ സുഖിച്ചു നടന്നോട്ടെ എന്ന് കരുതിയിട്ടാവും. അല്ലെങ്കിലോ നിനക്ക് അതിനുള്ള പ്രാപ്തിയില്ല എന്ന് കണ്ടിട്ടാവും നിന്നെ ചുമതല ഏല്‍പ്പിക്കാഞ്ഞത്. അതുപോട്ടെ,  നീയെന്താ ഇതുവരെ എന്നെ ക്ഷണിക്കാഞ്ഞത് ''.

'' സോറിട്ടോ. അങ്ങിനെയൊരു സംഗതി ഞാന്‍ ആലോചിച്ചിരുന്നില്ല ''.

'' സാരൂല്യാ. മിനിഞ്ഞാന്ന് മാധവന്‍ മാഷ് വന്ന്  എന്നെ ക്ഷണിച്ചു.  ബ്രാഹ്മണന്മാരെക്കൊണ്ട് മന്ത്രം ചൊല്ലിക്കുകയോ അവര്‍ക്ക് ദാനം കൊടുക്കുകയോ ഒക്കെ ചെയ്യുന്നുണ്ടെന്ന് പറഞ്ഞു ''.

ദൂരെ മത്താപ്പിന്‍റെ പ്രകാശം കണ്ടു. വെടിക്കെട്ടിന്ന് തീ കൊളുത്തുന്നു എന്നതിന്‍റെ സിഗ്നലാണ് അത്. മാലയായി കൊരുത്ത ഓലപ്പടക്കവും ഡൈനാമിറ്റും ഒരുമിച്ച് പൊട്ടാന്‍ തുടങ്ങി. ചെകിടടപ്പിക്കുന്ന ഒച്ചയും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവുംകൊണ്ട് പരിസരമാകെ നടുങ്ങി. പുക വേലപ്പറമ്പിനെ ഒന്നാകെ മൂടി. സുരക്ഷിതമായ അകലം പാലിക്കാതെ  കരിമരുന്നുപ്രയോഗം കാണുന്നവരെ നിഴല്‍പോലെ അഗ്നിജ്വാലയുടെ മുന്നിലായി കാണാനുണ്ട്. കൂട്ടപ്പൊരിച്ചില്‍ കഴിഞ്ഞ് തീ അണഞ്ഞതും മറുഭാഗത്തെ വെടിക്കെട്ട് ആരംഭിച്ചു കഴിഞ്ഞു.

'' പറ ഔട്ട് പൊട്ടുന്നതു കൂടി കണ്ടിട്ട് നമുക്ക് പോവാം '' വെടിക്കെട്ട് അവസാനിച്ച് കാണികളുടെ ആര്‍പ്പുവിളി ഉയര്‍ന്നപ്പോള്‍ ജാഫര്‍ പറഞ്ഞു.

''  തേനീച്ചാമ്പഴവും ഹലുവയും പൊരിയും വാങ്ങണമെന്ന് എന്നോട് രാജിച്ചേച്ചി പറഞ്ഞിട്ടുണ്ട്. നമുക്ക് അതെല്ലാം വാങ്ങി നില്‍ക്കാം ''.

കാറില്‍നിന്നിറങ്ങി കൈകോര്‍ത്തുപിടിച്ച് അവര്‍ ജനക്കൂട്ടത്തിലേക്ക് കടന്നുചെന്നു. പലരും തിരിച്ചു പോവാന്‍ തുടങ്ങി.

'' നാളെ മുതല്‍ നിന്നെ ഫ്രീ ആയി കിട്ടിയെന്ന് വരില്ല. അതുകൊണ്ട് പറയുകയാണ് '' ജാഫര്‍ കൂട്ടുകാരനെ ചേര്‍ത്തു പിടിച്ചു '' കഴിഞ്ഞ കാര്യങ്ങള്‍ ആലോചിച്ച് സങ്കടപ്പെടരുത്. വരാന്‍ പോവുന്നതിനെ വിചാരിച്ച് വേവലാതിപ്പെടാനും പാടില്ല. ഇന്നെന്താണോ അതിനെ സന്തോഷത്തോടെ രണ്ടു കയ്യും നീട്ടി ഏറ്റു വാങ്ങണം ''.

'' തീര്‍ച്ചയായും '' ദിലീപ് മേനോന്‍റെ ശബ്ദത്തിലെ ആത്മവിശ്വാസം ജാഫര്‍ തിരിച്ചറിഞ്ഞു '' ഈ അവധിക്കാലം ഒരു സ്വപ്നംപോലെ  എന്നും എന്‍റെ മനസ്സിലുണ്ടാവും  ''.

ആകാശത്തേക്ക് കുതിച്ചുയര്‍ന്ന് പലതട്ടുകളായി നിറങ്ങള്‍ വാരി വിതറി ഒരു ഔട്ട് പൊട്ടി. അതില്‍ നിന്ന് പുറത്തു ചാടിയ വര്‍ണ്ണക്കുട വേലപ്പറമ്പിന്ന് മുകളിലൂടെ പറന്നു നീങ്ങി.

നോവല്‍ അവസാനിച്ചു.

( ഈ കഥ ഇവിടെ അവസാനിക്കുന്നില്ല. '' ഇനിയൊരു ജന്മത്തേക്ക് അല്‍പ്പം ബാക്കി '' എന്ന പേരില്‍ ഇതിന്‍റെ രണ്ടാം ഭാഗവുമായി  എത്തുന്നുണ്ട് )

Sunday, December 28, 2014

അദ്ധ്യായം - 45.

ആറരയോടെയാണ് ഇളയച്ഛന്‍ എത്തിയത്. വന്നപാടെ അദ്ദേഹം മുറ്റത്തിട്ട ചാരുകസേലയിലേക്ക് ചാഞ്ഞു. രാവിലത്തെ ഭക്ഷണം കഴിഞ്ഞ ഉടനെ കുഞ്ഞുണ്ണിമാമയുടെ വീട്ടിലേക്ക് പോയ ആളാണ്. പകല്‍ മുഴുവന്‍ അലച്ചിലായിരിക്കും. ഇല്ലെങ്കില്‍ ഇത്ര ക്ഷീണം തോന്നാന്‍ വഴിയില്ല.. അവിടെ നടന്ന കാര്യങ്ങള്‍ അറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. 

'' നല്ലോണം ക്ഷീണിച്ച മട്ടുണ്ടല്ലോ '' ചെറിയമ്മ തുടക്കം കുറിച്ചു.

'' ഉവ്വ്. ഇന്ന് മുഴുവന്‍ ഓട്ടം ആയിരുന്നു ''.

'' എന്നിട്ട് കാര്യങ്ങള്‍ എവിടംവരെയായി ''

'' അവസാനത്തെ അദ്ധ്യായവും തീര്‍ന്നു ''

'' എന്നുവെച്ചാല്‍ ''.

'' ആദ്യം വക്കീല് തയ്യാറാക്കിയ ഒസ്യത്ത് വാങ്ങി നോക്കി ഒപ്പിട്ടു. പിന്നെ സബ്ബ് റജിസ്ട്രാര്‍ ഓഫീസില്‍ ചെന്ന് രാജിയുടെ പേരിലേക്ക് ദാനാധാരം രജിസ്ട്രാക്കി. അതു കഴിഞ്ഞപ്പൊഴാ മൂപ്പര്‍ക്ക് വേറൊരു തോന്നല്‍ ''.

'' പിന്നെന്താ ''.

'' ആ സ്ഥലത്ത് ഒരു പമ്പുസെറ്റുണ്ട്. അതിന്‍റെ ഓണര്‍ഷിപ്പ് രാജിടെ പേരിലേക്ക് മാറ്റണം ''.

'' അതൊക്കെ പിന്നെ ചെയ്താല്‍ പോരേ ''.

'' ചോദിക്കാഞ്ഞിട്ടല്ല. അതിന്ന് ഞാന്‍ ജീവിച്ചിരുന്നില്ലെങ്കിലോ എന്ന് ഇങ്ങോട്ട് മറുചോദ്യം ചോദിച്ചാല്‍ എന്താ ചെയ്യാ ''.

'' ശുദ്ധ ഭ്രാന്താ ഇതൊക്കെ. എന്നിട്ട് അതും ശരിയാക്കിയോ ''.

'' എല്ലാം ശരിയാക്കി. പക്ഷേ അതിന്ന് കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയത്. ആദ്യം അപേക്ഷഫോറം വാങ്ങാനായി ഇലക്ട്രിസിറ്റി ഓഫീസിലേക്ക്. മുദ്രപേപ്പറില്‍ രണ്ടാളും ഒപ്പിട്ട ബോണ്ട് വേണം എന്ന് അപ്പോഴാണ് അറിയുന്നത്. പിന്നെ അതിനുള്ള ഓട്ടമായി. സ്റ്റാമ്പ് വെണ്ടറെ കണ്ട് മുദ്രപ്പത്രം മേടിച്ചു.. പിന്നെ അതുംകൊണ്ട് ആധാരം എഴുത്തുകാരന്‍റെ ഓഫീസില്‍ ചെന്ന് കമ്പ്യൂട്ടറില്‍ ബോണ്ട് ടൈപ്പ് ചെയ്തു വാങ്ങി ആ സാധനം കിട്ടി ഒപ്പിട്ടപ്പോഴേ അളിയന്ന് സമാധാനമായുള്ളൂ ''.

'' ഒന്നും പിന്നെയ്ക്ക് വെക്കണ്ടാ എന്നു വെച്ചിട്ടാവും ''.

'' ആയിരിക്കും. ഇല്ലെങ്കില്‍ പപ്പനമ്മാമനെ ഇപ്പോള്‍തന്നെ കാണണം എന്ന് പറയില്ലലോ ''.

'' അതും ഉണ്ടായോ ''.

'' ഉവ്വ്. എല്ലാം കഴിഞ്ഞപ്പോഴാണ് ആ ഭൂതോദയം പിന്നെ കാറയച്ച് അദ്ദേഹത്തെ വരുത്തി ''.

'' എന്തിനാ അത്യാവശ്യമായി അദ്ദേഹത്തെ വരുത്തിയത് ''.

'' മാപ്പു പറയാന്‍. ചെറുപ്പം മുതലേ മോഹിച്ചതൊക്കെ കിട്ടണം എന്ന വാശിയുണ്ടായിരുന്നു, കൂടാതെ ഞാനാണ് കേമന്‍ എന്ന് മനസ്സിലൊരു തോന്നലും. മൂന്ന് പെണ്‍കുട്ടികള്‍ക്ക് മുമ്പേ ജനിച്ചതുകൊണ്ട് വീട്ടിലെ ഓമനയായിരുന്നു അതാണ് അങ്ങിനെയായത്. പറയാനോ ചെയ്യാനോ പാടില്ലാത്ത പലതും നിങ്ങളോടൊക്കെ ചെയ്തിട്ടുണ്ട്. ക്ഷമിക്കണം എന്നു പറയാനല്ലാതെ അതിനൊന്നും പ്രതിവിധിയില്ല എന്നും പറഞ്ഞ് അദ്ദേഹത്തിന്‍റെ കാല്‍ക്കല്‍വീണു നമസ്ക്കരിച്ചു ''.

'' അദ്ദേഹത്തെ ഒരുപാട് അപമാനിച്ചതാണ്. ചിലപ്പോള്‍ കുറ്റബോധം ഉണ്ടാവും ''.

'' ഉണ്ടാവും. പപ്പനമ്മാമന്ന് അത് ബോദ്ധ്യമായി. എല്ലാ കളികളിലും ജയിക്കണം എന്ന വാശി ഒരു കളിക്കാരനും പാടില്ല വിജയം മാത്രം നല്‍കുന്ന കളിക്കളമല്ല ഈ ജീവിതം ഏതായാലും ആ സത്യം താന്‍ തിരിച്ചറിഞ്ഞല്ലോ. അതു മതി. പശ്ചാത്താപത്തിലും വെച്ച് വലിയ പ്രായശ്ഛിത്തമൊന്നും ഇല്ലാടോ എന്നും പറഞ്ഞ് പപ്പനമ്മാമന്‍ സമാധാനിപ്പിച്ചു ''.

'' അത് നന്നായി. എന്തിനാ ഉച്ചയ്ക്ക് ദീപുവിനെ വിളിച്ചത് ''.

'' അവനാണ് എന്‍റെ മനസ്സ് മാറ്റിയത്. അവന്‍റെ കൂടെയിരുന്ന് ഊണു കഴിക്കണം എന്ന് അളിയന്‍ പറഞ്ഞതോണ്ട് വിളിച്ചതാണ് ''.

'' സാരൂല്യാ. നാളെ അവന്‍ ഊണു കഴിക്കാന്‍ അവിടെ ചെന്നോട്ടെ ''.

'' അത് നടക്കില്ല. അവരൊക്കെ തിരുവനന്തപുരത്തേക്ക് പോയി ''.

'' എന്തിന് ''.

'' നാളെത്തന്നെ ഡോക്ടറെ കണ്ട് ചികിത്സ തുടങ്ങാന്‍ ''.

'' എന്തേ പോവുന്ന വിവരം ഞങ്ങളെ അറിയിക്കാഞ്ഞത്. പോവും മുമ്പ് ഞങ്ങള്‍ക്ക് ചെന്ന് കാണില്ലേ ''.

'' നിങ്ങളെയൊക്കെ കണ്ടാല്‍ ചിലപ്പോള്‍ നിയന്ത്രണം നഷ്ടപ്പെടും. അതുകൊണ്ട് പോയി കഴിഞ്ഞിട്ട് അവരോക്കെ അറിഞ്ഞാല്‍ മതി എന്ന് പറഞ്ഞുവത്രേ ''.

'' നിങ്ങള്‍ക്കെങ്കിലും ഒന്ന് അറിയിച്ചൂടേ ''.

'' അതെങ്ങിനെ. എല്ലാം പെട്ടെന്നല്ലേ. പപ്പനമ്മാമനെ വീട്ടിലെത്തിച്ച് തിരിച്ചു വരുമ്പോഴേക്കും സാധനങ്ങളെല്ലാം കാറില്‍ എടുത്തുവെച്ച് എല്ലാവരും കയറാന്‍ ഒരുങ്ങി നില്‍പ്പാണ് ''.

'' നല്ല കാലത്ത് പെങ്ങമ്മാരൊന്നും വേണ്ടാ. ഇനിയെന്തിനാ എന്ന് വിചാരിച്ചിട്ടുണ്ടാവും ''.

'' അങ്ങിനെ ചിന്തിക്കണ്ടാ ''.

'' ആപത്തൊന്നും കൂടാതെ മടങ്ങി വന്നാല്‍ മതി '' വലിയമ്മയുടെ സ്വരം പതറിയിരുന്നു.

ചെറിയമ്മ പോയി ഇളയച്ഛനുള്ള ചായയുമായി വന്നു.

'' വര്‍ത്തമാനത്തിനിടയ്ക്ക് ഒരു കാര്യം പറയാന്‍ വിട്ടു '' ചായഗ്ലാസ്സ് വാങ്ങിയിട്ട് ഇളയച്ഛന്‍ പറഞ്ഞു '' നാളെ ഉച്ചയ്ക്ക് മുംബയില്‍ നിന്ന് എല്ലാവരും കൂടി കൊയമ്പത്തൂരിലെത്തും. വൈകുന്നേരം മുകുന്ദേട്ടന്‍ എന്നെ വിളിച്ച് പറഞ്ഞിരുന്നു ''.

'' കൂട്ടീട്ട് വരാന്‍ പോണോ '' ദിലീപ് മേനോന്‍ ചോദിച്ചു.

'' വേണ്ടാ. അവര് ടാക്സി വിളിച്ച് വന്നോളും ''.

രാജിച്ചേച്ചി കത്തിച്ച നിലവിളക്കുമായി കടന്നു വന്നു.

' നിന്നോടാരാ ഇപ്പൊ വിളക്കു കൊളുത്താന്‍ പറഞ്ഞത് '' വലിയമ്മ മകളോട് തട്ടിക്കയറി.

'' ആരും പറഞ്ഞിട്ടല്ല. സന്ധ്യക്ക് വിളക്ക് കത്തിക്കണ്ടേ. സമയമായി. ഞാന്‍ കത്തിച്ചു. അത്രേന്നെ ''.

'' ദീപം ദീപം എന്ന് പറഞ്ഞോണ്ട് വരണ്ടേ. എന്നാലല്ലേ ആളുകള്‍ക്ക് വിളക്കു കണ്ട് തൊഴാനാവൂ ''.

'' അങ്ങിനെ ചെയ്താല്‍ വരാനുള്ളത് വഴിമാറി പോവ്വോ ''. അവര്‍ തുളസിത്തറയിലേക്ക് നടന്നു.

'' എന്തിനാ വലിയമ്മേ ചേച്ചിയെ വെറുതെ '

'' അവളെ പറഞ്ഞപ്പോഴേക്ക് അവന് പൊള്ളി '' വലിയമ്മ സ്ഥലം വിട്ടു.

'' ഇവളെപ്പോഴാ വന്നത് '' ഇളയച്ഛന്‍ ചെറിയമ്മയോട് ചോദിച്ചു.

'' ഉച്ചയ്ക്ക് ''

'' കുട്ടി ഇവിടെ വരൂ '' വിളക്കുവെച്ച് പോരുന്ന രാജിച്ചേച്ചിയെ ഇളയച്ഛന്‍ വിളിച്ചു.

'' എന്താ എളേച്ചാ '' അവര്‍ അടുത്തു നിന്നു.

'' കുഞ്ഞുണ്ണിമാമ കുറച്ചു സ്ഥലം നിന്‍റെ പേരില്‍ എഴുതിയിട്ടുണ്ട് ''.

'' ങും ''.

'' കടം കയറി വീട് ജപ്തി ചെയ്ത് പോവാറായ ഒരാളെ പണ്ട് പപ്പനമ്മാമന്‍ സ്വന്തം ​സ്ഥലം വിറ്റ് സഹായിച്ചിട്ടുണ്ടത്രേ. അയാള് മരിച്ചു. ഇപ്പോള്‍ മക്കള്‍ നല്ല നിലയിലായി. ദുബായിയില്‍ നിന്ന് ലീവിനു വരുമ്പോള്‍ പപ്പനമ്മാമന്ന് ആ സ്ഥലത്തിന്ന് ഇപ്പോഴത്തെ വില കണക്കാക്കി പതിനഞ്ച് ലക്ഷം രൂപ കൊടുക്കാമെന്ന് മൂത്ത മകന്‍ എഴുതിയിട്ടുണ്ടതേ. അത് മുഴുവന്‍ നിനക്കുള്ളതാണ് എന്ന് അദ്ദേഹം എന്നോട് പറഞ്ഞു ''.

'' ങും '' അതിനും ഒരു മൂളലായിര്രുന്നു മറുപടി.

'' എന്നാല്‍ കുട്ടി പൊയ്ക്കോളൂ '' രാജിച്ചേച്ചി അകത്തേക്ക് നടന്നു.

'' പാവം. ഒന്നിനോടും ആര്‍ത്തിയില്ലാത്ത കുട്ടി '' ഇളയച്ഛന്‍ സ്വയം പറഞ്ഞു.

'' നമശ്ശിവായ, നാരായണായ നമ '' അകത്തുനിന്ന് രാജിച്ചേച്ചിയുടെ പെണ്‍മക്കള്‍ നാമം ചൊല്ലാന്‍ തുടങ്ങി.

Sunday, December 21, 2014

അദ്ധ്യായം - 44.


ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ശബ്ദിച്ചു. ദിലീപ് മേനോന്‍ എടുത്തുനോക്കിയപ്പോള്‍ ഇളച്ഛനാണ്.

'' എന്താ എളേച്ഛാ '' അയാള്‍ ചോദിച്ചു.

'' ദീപു ഉണുകഴിച്ച്വോ ''.

'' കഴിച്ചുകൊണ്ടിരിക്കുന്നു ''.

'' എന്നാല്‍ ശരി ''.

'' എന്താ, ഞാന്‍ എന്തെങ്കിലും ചെയ്യാനുണ്ടോ ''.

'' ഏയ്. ഒന്നൂല്യാ. ഞാന്‍ തിരിച്ചത്താന്‍ ലേശംവൈകും. നാല് നാലര ആവും എന്ന് ചെറിയമ്മയോട് പറയൂ '' അതോടെ ഫോണ്‍ കട്ടായി.

'' എന്താ സംഗതി '' കേട്ടുകൊണ്ടിരുന്ന ചെറിയമ്മ ചോദിച്ചു. ദിലീപ് മേനോന്‍ കേട്ടത് അങ്ങിനെത്തന്നെ പറഞ്ഞു.

'' വല്ല അത്യാവശ്യ കാര്യം ഉണ്ടായിട്ടാവ്വോ മാഷേട്ടന്‍ ദീപുവിനെ വിളിച്ചത് '' വലിയമ്മ ചോദിച്ചപ്പോള്‍ ദിലീപ് മേനോനും അങ്ങിനെ തോന്നി.

'' ഞാന്‍ എളേച്ഛനെ വിളിച്ചു ചോദിക്കട്ടെ '' അയാള്‍ പറഞ്ഞു.

'' വേണ്ട വേണ്ടാ. എന്തെങ്കിലും ഉണ്ടെങ്കില്‍ പറയാതിരിക്കില്ല. അത് ചെയ്തില്ലല്ലോ. അപ്പോള്‍ വിശേഷിച്ച് ഒന്നുമുണ്ടാവില്ല '' ചെറിയമ്മ ആ നീക്കം തടഞ്ഞു '' അങ്ങോട്ടുകേറി ചോദിക്കുന്നത് ഇഷ്ടമില്ലാത്ത ആളാണ്. അതോണ്ട് നീ മിണ്ടാതെ ഊണു കഴിക്കാന്‍ നോക്ക് ''.

അതോടെ സംഭാഷണം നിലച്ചു. വലിയമ്മയാണ് ആദ്യം ഊണുകഴിച്ച് എഴുന്നേറ്റത്. അത് അങ്ങിനെയാണ്. വിളമ്പിവെച്ച ആഹാരം പെട്ടെന്ന് വാരിക്കഴിച്ച് വലിയമ്മ എഴുന്നേല്‍ക്കും.

'' ഊണു കഴിഞ്ഞാല്‍ നീ പോയി കുറച്ചു നേരം റെസ്റ്റ് ചെയ്തോ. കാപ്പി കുടിക്കാറാവുമ്പോള്‍ ഞാന്‍ വിളിക്കാം '' കൈ കഴുകാന്‍ എഴുന്നേറ്റ വലിയമ്മ പറഞ്ഞു.

'' ഉറങ്ങുകയൊന്നുമില്ല. എന്തെങ്കിലും വായിച്ച് ഇരിക്കുകയേ ഉള്ളൂ ''.

'' കുറച്ച് പണി ബാക്കിയുണ്ട്. അത് തീര്‍ത്തശേഷം ഞാനും വരാം '' വലിയമ്മ പാത്രങ്ങള്‍ കഴുകാന്‍ പോയി.

അപ്പോള്‍ മുറ്റത്ത് ഒരു ഓട്ടോറിക്ഷയുടെ ശബ്ദംകേട്ടു. പാത്രം കഴുകല്‍ പകുതിക്കുവെച്ച് വലിയമ്മ പുറത്തേക്ക് നടന്നു.

'' വരുന്ന കാര്യം നിനക്കൊന്ന് വിളിച്ച് അറിയിക്കാമായിരുന്നില്ലേ '' വലിയമ്മ ആരോടോ ചോദിക്കുകയാണ്.

'' എന്‍റെ വീട്ടിലേക്കല്ലേ ഞാന്‍ വരുന്നത്. അതിന്ന് മുന്‍കൂട്ടി പറഞ്ഞ് സമ്മതം വാങ്ങണോ '' രാജിചേച്ചിയുടെ മറുപടിയാണത്.

'' വന്നു കേറുമ്പോഴേക്ക് തുടങ്ങിക്കോളും തര്‍ക്കുത്തരം പറയാന്‍ '' വലിയമ്മയ്ക്ക് ആ പറഞ്ഞത് രസിച്ചിട്ടില്ല.

ഊണു കഴിക്കുന്നത് മതിയാക്കി കൈ കഴുകി വേഗം മുന്‍വശത്തേക്ക് നടന്നു. കയ്യിലുണ്ടായിരുന്ന ബാഗ് ചാരുപടിയില്‍ വെച്ചിട്ട് രാജിച്ചേച്ചി അതിനടുത്തു നില്‍പ്പുണ്ട്. പെണ്‍കുട്ടികള്‍ രണ്ടും അമ്മയുടെ ദേഹത്ത് ഒട്ടിച്ചേര്‍ന്ന് നില്‍ക്കുന്നു. രണ്ടുപേരും പരിഭ്രമിച്ചിട്ടുണ്ട്. അതിനവരെ കുറ്റം പറയാനാവില്ല. വന്നെത്തിയതും കിട്ടിയ സ്വീകരണം ആ മട്ടില്‍ ആയിരുന്നല്ലോ. ഉണ്ണിക്കുട്ടന്‍ ഓട്ടോവില്‍നിന്ന് ഒരു ചാക്കുകെട്ട് താഴെ ഇറക്കുകയാണ്. ഭാസ്ക്കരേട്ടനെ കാണാനില്ല.

'' ചേച്ചി ഭാസ്ക്കരേട്ടന്‍ എവിടെ '' ദിലീപ് മേനോന്‍ ചോദിച്ചു.

'' നാളെ ഗോവിന്ദന്‍ നായരുടെ മകന്‍റെ കല്യാണ നിശ്ചയമാണ്. അതു കഴിഞ്ഞേ ഭാസ്ക്കരേട്ടന്‍ വരൂ ''

'' ഏതു ഗോവിന്ദന്‍ നായര്‍ ''.

'' ആനക്കാരന്‍ ഗോവിന്ദനെ നിനക്ക് ഓര്‍മ്മീണ്ടോ ''.

എങ്ങിനെ മറക്കാനാണ് ? ആനയുടെ കുത്തേറ്റ് മരിച്ച ഗോവിന്ദന്‍ നായരെ നല്ല ഓര്‍മ്മയുണ്ട്, അയാളുടെ മരണത്തോടെ അനാഥമായ കുടുംബത്തേയും. അപകടത്തിന്നുശേഷം ആനയുടമ നഷ്ടപരിഹാരം നല്‍കാന്‍ ഒരുങ്ങിയ സമയത്താണ് വേറെ രണ്ടു സ്ത്രീകള്‍ മരിച്ച ആളുടെ ഭാര്യയാണെന്ന് അവകാശപ്പെട്ട് എത്തുന്നത്. മദ്ധ്യസ്ഥന്മാര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചപ്പോള്‍ നിസ്സാരമായ ഒരു തുക കിട്ടി. പിന്നീട് രണ്ടു മക്കളേയുംവെച്ച് ആ സ്ത്രീ അനുഭവിച്ച കഷ്ടപ്പാട് പറഞ്ഞു കേട്ടിട്ടുണ്ട്.

'' എന്താ നീ ആലോചിക്കുന്നത്. നിനക്ക് ആളെ മനസ്സിലായില്ലേ. നിന്‍റെ പഴയ ഷര്‍ട്ടുകളും പാന്‍റും ഞാന്‍ കൊണ്ടുപോയി വെട്ടി ചെറുതാക്കി കൊടുക്കും. അതിട്ട് വളര്‍ന്നവനാ കല്യാണക്കാരന്‍ ''.

'' സുരേഷ് എന്നല്ലേ അവന്‍റെ പേര്. ഇപ്പോള്‍ എന്തു ചെയ്യുന്നു ''.

'' ഐ.എ.എസ്. കഴിഞ്ഞ് ഏതോ വലിയ ജോലിയായീന്ന് കേട്ടു. ഇനി കലക്ടറായിട്ട് വരും എന്നാ ഭാസ്ക്കരേട്ടന്‍ പറയുന്നത് ''.

'' ആഹാ, അവന്‍ ആള് മിടുക്കനാണല്ലോ ''.

'' പിന്നെ നിന്നെപ്പോലെ ബുദ്ധിയില്ലാത്തോനാണ് എന്ന് വിചാരിച്ചോ ''.

'' കടന്നു പോടി അകത്തേക്ക്. ബുദ്ധിയുള്ള ഒരാള് വന്നിരിക്കുന്നു '' വലിയമ്മ ചൂടായി.

'' പോട്ടേ വലിയമ്മേ, രാജിച്ചേച്ചി ആലോചിക്കാതെ പറഞ്ഞതല്ലേ ''.

'' നീ ഇങ്ങോട്ട് വാ '' എന്നു പറഞ്ഞ് ചെറിയമ്മ രാജിച്ചേച്ചിയേയും കുട്ടികളേയും കൂട്ടി അകത്തേക്ക് നടന്നു, വലിയമ്മ പുറകെയും.

'' കേട്ടല്ലോ, അമ്മ പോവുന്നതുവരെ ഇതന്നെ ആയിരിക്കും അവസ്ഥ '' ഉണ്ണിക്കുട്ടന്‍ അരികത്തു വന്ന് പറഞ്ഞു.

'' നീയിതൊന്നും കാര്യമാക്കണ്ടാ ''എന്ന് ആശ്വസിപ്പിച്ചതോട അവനും സ്ഥലം വിട്ടു.

ആനക്കാരന്‍ ഗോവിന്ദന്‍റെ കുടുംബത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സിലെത്തി. അയാളുടെ മരണശേഷമുള്ള കാര്യങ്ങളേ രാജിച്ചേച്ചി പറഞ്ഞു കേട്ടിട്ടുള്ളു. ഗോവിന്ദന്‍റെ ഭാര്യ രമണി അനാഥയായിരുന്നു. അവര്‍ക്ക് പ്രായപൂര്‍ത്തി ആയതും ഏക ആശ്രയമായ മുത്തശ്ശിയും മരിച്ചു. അകന്ന ബന്ധുക്കള്‍ ഏറെ വൈകാതെ അവരെ ആനക്കാരന്‍ ഗോവിന്ദന്‍ നായര്‍ക്ക് വിവാഹം കഴിച്ചു കൊടുത്തു. ഭര്‍ത്താവിന്‍റെ സംരക്ഷണം അവര്‍ക്ക് അധികകാലം ലഭിച്ചില്ല. സമ്പാദ്യമായി ഒരു പെണ്‍കുട്ടിയേയും അതിന്നു താഴെ ഒരു ആണ്‍കുട്ടിയേയും നല്‍കി അയാള്‍ കടന്നുപോയി. മൂന്നു നാലു തവണ രാജിച്ചേച്ചി ആ രണ്ടു കുട്ടികളെ തറവാട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നിട്ടുണ്ട്.

'' ദീപൂ, നിനക്ക് എന്നോട് ദേഷ്യം ഉണ്ടോടാ '' രാജിച്ചേച്ചിയുടെ ശബ്ദം കേട്ടു.

'' ഏയ്. ഇല്ല ''.

'' എത വലുതായാലും എനിക്ക് നീ എന്‍റെ ദീപുവാണ് ''.

'' എനിക്കും അതാ ഇഷ്ടം ''. പെട്ടെന്ന് മനസ്സിലൊരു കുസൃതി തോന്നി.. രാജിച്ചേച്ചിയെ ഒന്ന് ചൂടാക്കണം.

'' ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടേ ''.

'' എന്തു വേണച്ചാലും ചോദിച്ചോ ''.

'' ചേച്ചിക്ക് രമണിയമ്മയോട് അസൂയ തോന്നുന്നുണ്ടോ ''

'' എന്തിന് ''

'' അവരുടെ മകന്‍ കലക്ടര്‍ ആവുകയല്ലേ ''.

'' എന്നാല്‍ കേട്ടോ. എനിക്ക് ഒട്ടും അസൂയയില്ല. എന്നല്ല മനസ്സ് നിറയെ സന്തോഷം ഉണ്ടേനും രമണിയുടെ മകള്‍ക്ക് കോളേജില്‍ പഠിപ്പിക്കുന്ന ജോലി കിട്ടിയപ്പോഴും ഇപ്പഴും അതന്നെ ഉള്ളൂ ''.

'' അതെന്താ ഇത്ര സന്തോഷം തോന്നാന്‍ ''.

'' അതൊക്കെ ഉണ്ട് ''.

 '' പറയൂ. കേള്‍ക്കട്ടെ ''.

'' വേണ്ട വേണ്ടാ. ഇന്നേവരെ ഞാനാരോടും പറഞ്ഞിട്ടില്ല ''.

'' എന്നോട് പറഞ്ഞൂടെ. ഞാന്‍ ചേച്ചിടെ ദീപുവല്ലേ ''.

'' നീ ആരോടെങ്കിലും പറയ്യോ ''.

'' ഇല്ല ''.

'' സത്യം ''.

'' സത്യം ''.

'' എന്നാല്‍ ഞാന്‍ പായാം. ചെറുപ്പത്തില്‍ രമണി നല്ല ഭംഗിയുള്ള  പെണ്ണായിരുന്നു. അവളും ഭാസ്ക്കരേട്ടനും സ്നേഹത്തിലായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ''.

'' എന്നിട്ടെന്തേ കല്യാണം കഴിക്കാതിരുന്നത് ''.

'' കാശും ഇല്ല, ആളും നാഥനും ഇല്ല. അങ്ങിനത്തെ ഒരു പെണ്ണിനെ കെട്ടാന്‍ വീട്ടുകാര് സമ്മതിക്ക്വോ. വലിയൊരു നാലുകെട്ടും മൂന്നു നേരം ഉണ്ണാനുള്ള വകയും അമ്മയ്ക്ക് ജോലിയും ഉള്ളതോണ്ട് ആ നറുക്ക് എന്‍റെ പേരില് വീണു ''.

'' എങ്കില്‍ വേണ്ട വേണ്ടാ അവരോട് സ്നേഹം തോന്നാന്‍ വഴിയില്ല. മാത്രമല്ല ഭാസ്ക്കരേട്ടനോടും മനസ്സില്‍ നീരസം കാണും ''.

'' എന്തിന്. കാട്ടാളത്തിയെപ്പോലെയുള്ള എന്നെ കല്യാണം കഴിച്ച് കൂടെ പൊറുപ്പിക്കുന്നതിന്നോ ''.

'' ഭാസ്ക്കരേട്ടന്‍ സ്നേഹിച്ച സ്ത്രീയല്ലേ. അവര് നന്നാവുമ്പോള്‍ അല്‍പ്പം അസൂയ തോന്നില്ലേ ''.

'' കല്യാണം കഴിക്കാന്‍ പറ്റിയില്ലെങ്കിലും ഭാസ്ക്കരേട്ടന്ന് അവളെ മാക്കാന്‍ കഴിയ്യോ ? ഇല്ല. ഞാനറിയാതെ ഭാസ്ക്കരേട്ടന്ന് അവരെ സഹായിക്കാന്‍ പറ്റില്ലേ ? അത് ചെയ്യുന്നില്ലല്ലോ. അതിന്‍റെ അര്‍ത്ഥം മൂപ്പര് എന്നെ മനസ്സറിഞ്ഞ് സ്നേഹിക്കുന്നുണ്ട് എന്നല്ലേ? അപ്പോള്‍ ഞാനെന്താ വേണ്ടത് ? സ്നേഹിക്കുന്ന ഭര്‍ത്താവിന്‍റെ സന്തോഷം എന്താന്ന് മനസ്സിലാക്കി കണ്ടറിഞ്ഞ് പെരുമാറണം ''.

'' അങ്ങിനെ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ ''.

'' ഉവ്വ്. നിന്‍റെ പഴയ പുസ്തകങ്ങള്‍ വാങ്ങി രമണിയുടെ മകള്‍ക്ക് കൊടുക്കുമ്പോഴും പഴയ ഡ്രസ്സ് വാങ്ങി വെട്ടിച്ചെറുതാക്കി ചെക്കന് കൊടുക്കുമ്പോഴും ഭാസ്ക്കരേട്ടന്‍റെ  മനസ്സില്‍ ഉണ്ടാവുന്ന സന്തോഷം എനിക്ക് അറിയാന്‍ കഴിഞ്ഞിട്ടുണ്ട് ''.

മനസ്സില്‍ അത്ഭുതമോ സന്തോഷമോ എന്തൊക്കേയോ നിറയുന്നുണ്ട്. പഠിപ്പും വിവരവും ഇല്ലെങ്കിലെന്ത്? ആ മനസ്സിന്‍റെ വലിപ്പത്തിന്നു മുന്നില്‍ അതൊന്നും ഒരു കുറവല്ല.

'' ദീപൂ, നിന്നെ ജാഫര്‍ വിളിക്കുന്നു '' വലിയമ്മ അകത്തു നിന്ന് മൊബൈലുമായി എത്തി.

'' രാത്രി ഒമ്പതിന്ന് കാറുമായി ഞാനെത്തും '' കാള്‍ എടുത്തതും ജാഫറിന്‍റെ സ്വരം കേട്ടു.

'' എന്താ പരിപാടി ''.

'' ഇന്ന് നെന്മാറ വേലയല്ലേ ? ഒരുങ്ങി നിന്നോ '' വല്ലതും കൂടുതല്‍ പറയുന്നതിന്നു മുമ്പ് കാള്‍ അവസാനിച്ചു.

'' എന്തിനാ വിളിച്ചത് '' വലിയമ്മ ചോദിച്ചു.

'' നെന്മാറ വേലയ്ക്ക് ചെല്ലാന്‍ ''.

'' എന്നാല്‍ പൊയ്ക്കോ. നാളെ അവരൊക്കെ വന്നെത്തിയാല്‍ പിന്നെ എങ്ങോട്ടും പോവാന്‍ പറ്റി എന്നു വരില്ല ''.

'' വരുമ്പോള്‍ പൊരിയും തേനീച്ചാമ്പഴവും ഹലുവയും വാങ്ങീട്ട് വാ '' രാജിച്ചേച്ചി അതു പറഞ്ഞതും വലിയമ്മ അവരെ തുറിച്ചു നോക്കി

'' കുറച്ച് ചുക്കുവെള്ളം തരൂ വലിയമ്മേ, വല്ലാതെ ദാഹിക്കുന്നു '' അടുത്ത ശകാരവര്‍ഷം തുടങ്ങുന്നത്തിന്നു മുമ്പ് ഇടപെട്ടു.

Sunday, November 30, 2014

അദ്ധ്യായം - 43.


'' ഇതൊന്നു നോക്കൂ വലിയമ്മേ '' നീട്ടിപ്പിടിച്ച ദിനപത്രത്താളുമായി ദിലീപ് മേനോന്‍  അടുക്കളപ്പണിയില്‍ മുഴുകിയിരിക്കുന്ന സുഭദ്രടീച്ചറുടെ അടുത്ത് ചെന്നു.

'' എന്താ ഗ്യാസിന്‍റെ വില വീണ്ടും കൂടിയോ '' ടീച്ചര്‍ക്ക് അതാണ് ഭയം

'' അതല്ല. ഇതൊന്ന് കാണൂ '' അയാള്‍ പത്രം നീട്ടി.

ടീച്ചര്‍ അത് വാങ്ങിനോക്കി. ഒരു പ്രമുഖ വസ്ത്ര വ്യാപാരസ്ഥാപനത്തിന്‍റെ പരസ്യം ദിനപത്രത്തിന്‍റെ ഒന്നാം  പേജ് കയ്യടക്കിയിരിക്കുന്നു. ടൌണില്‍ അവരുടെ പുതിയ ഷോറൂം വരികയാണ്. പ്രശസ്തരായ സിനിമാ നടനും നടിയും ചേര്‍ന്നാണ് ഉല്‍ഘാടനകര്‍മ്മം നിര്‍വ്വഹിക്കുന്നത്.

'' നീയിത് ഇപ്പോഴേ അറിയുന്നുള്ളൂ. പത്തുപതിനഞ്ച് ദിവസമായി ടി.വി. യില് എപ്പൊ നോക്കിയാലും ഇതന്നെ കാണാറുള്ളത് ''.

''  ചെറിയമ്മ ക്ക് സ്കൂളില്‍ പോണ്ടല്ലോ. കുറച്ചു കഴിഞ്ഞ് നമ്മള്‍ മൂന്നാ ള്‍ക്കും കൂടി അവിടേക്ക് പോവാം. ഉല്‍ഘാടനം കാണുകയും ചെയ്യാം, എന്തെങ്കിലും പര്‍ച്ചേസ് നടത്തുകയും ആവാം ''.

'' എന്തു പര്‍ച്ചേസ് ''.

'' വലിയമ്മയ്ക്കും ചെറിയമ്മയ്ക്കും ഒരേപോലത്തെ ഓരോ സില്‍ക്ക് സാരികള്‍ വാങ്ങണം . അമ്മയുടെ ഷഷ്ടിപൂര്‍ത്തിക്ക് ചെത്തിപൊളിച്ച് നില്‍ക്കണമല്ലോ ''.

'' നാളെ എല്ലാവരും എത്ത്വോലോ. എന്നിട്ട് നീ അനിതയേയും പെങ്ങളേയും അമ്മയേയും കൂട്ടി പൊയ്ക്കോ. ഇവിടുന്ന് സുമിത്രയും കൂടെ പോന്നോട്ടെ.  അവര്‍ക്കൊക്കെ എന്താ വേണ്ടത്ച്ചാല്‍ വാങ്ങി കൊടുത്തോ ''.

'' അപ്പോള്‍ വലിയമ്മയ്ക്ക് ''.

'' എനിക്ക് അവിടുത്തെ സാരിയൊന്നും വേണ്ടാ ''.

'' അതെന്താ വലിയമ്മയ്ക്ക് വേണ്ടാത്തത്. ഞാന്‍ വാങ്ങുന്നതോണ്ടാണോ ''.

'' അതല്ല. എന്നെങ്കിലും പട്ടുസ്സാരിയോ കളറുള്ള സാരിയോ ഉടുത്ത് എന്നെ നീ കണ്ടിട്ടുണ്ടോ. രാജിയുടെ അച്ഛന്‍ മരിച്ച ശേഷം വെളുത്ത വസ്ത്രങ്ങളേ ഞാന്‍ ഉടുത്തിട്ടുള്ളൂ. അത് വാങ്ങാന്‍ ഷോറൂമിലൊന്നും പോവണ്ട. വിഷു ആവാറായില്ലേ. കുത്താമ്പുള്ളിക്കാര് ചെട്ടികള് തുണി വില്‍ക്കാന്‍ എത്തും.  അവരുടെ കയ്യില്‍ കൈത്തറി സാരികളും സെറ്റു മുണ്ടുകളും ഒന്നാന്തരം ഡബിള്‍വേഷ്ടികളും ഉണ്ടാവും. നിനക്ക് വേണച്ചാല്‍ നല്ലതു നോക്കി ഒരു ഡബിള്‍മുണ്ട് വാങ്ങിച്ചോ ''.

'' അവരുടെ കയ്യില്‍ വെറൈറ്റി കാണില്ല. ഒരേ സൈസ്സ് തുണിയാവും. ഡിസൈനിലേ എന്തെങ്കിലും വ്യത്യാസം കാണൂ ''.

'' സമ്മതിക്കുന്നു. പക്ഷെ എപ്പോഴാ നീ പറയുന്ന ഈ വെറൈറ്റിയൊക്കെ വന്നത്. എന്‍റെ കുട്ടിക്കാലത്ത് ഇന്നത്തെ മാതിരിയുള്ള തുണികള്‍ ആരും സ്വപ്നത്തില്‍ കൂടി കണ്ടിട്ടില്ല ''.

''  അത്രയധികം മാറ്റം വന്നിട്ടുണ്ടോ വലിയമ്മേ ''.

'' പിന്നല്ലാതെ. ആണുങ്ങളുടെ കാര്യം ആദ്യം കേട്ടോ. മുറിക്കയ്യന്‍ ഷര്‍ട്ടും മുണ്ടും ആണ് പഴയ കാലത്ത് ആണുങ്ങളുടെ വേഷം. കഴിവില്ലാത്തവര്‍ ബ്ലീച്ച് ചെയ്യാത്ത ജഗന്നാഥന്‍ എന്ന തുണി മുറിച്ചുവാങ്ങിയാണ് മുണ്ടായിട്ട് ഉടുക്കുക. കുറച്ച് ഭേദപ്പെട്ടവര്‍ മല്ലുമുണ്ട് വാങ്ങും. വലിയ പ്രമാണിമാരേ ഡബിള്‍വേഷ്ടിയും ഫുള്‍ഷര്‍ട്ടും  ധരിക്കൂ. സ്കൂളില്‍ പഠിക്കാന്‍ പോവുന്ന ആണ്‍കുട്ടികള്‍ ഷര്‍ട്ടും ട്രൌസറും ഇടും. കന്നുമേക്കാന്‍പോവുന്ന പിള്ളര്‍ തോര്‍ത്തുടുക്കും ''. 

'' അതു ശരി. അപ്പോള്‍ സ്ത്രീകളുടെ കാര്യം ''.

'' ഒരുവിധം പെണ്ണുങ്ങളൊക്കെ ജാക്കറ്റും മുണ്ടും ധരിക്കും. മല്ലുമുണ്ടോ പുളിയിലക്കര മുണ്ടോ ആണ് ഉടുക്കാറ്. വീട്ടില്‍ നിന്ന് വെളിയിലേക്ക് പോവുമ്പോള്‍ ഒരു മേല്‍മുണ്ട് കൂടി ഇടും . കുറച്ചുകൂടി ഭേദപ്പെട്ടവര്‍ സെറ്റുമുണ്ട് ഉടുക്കും. പല ചെറുപ്പക്കാരികളും സാരിയാണ് ഉടുക്കാറ്.  വോയില്‍സാരിയാണ് പ്രധാനം. സ്കൂളില്‍ പോണ പെണ്‍കുട്ടികള്‍ക്ക് പാവാടയും ജാക്കറ്റുമാണ് വേഷം. ഇത്തിരി മുതിര്‍ന്നാല്‍ ധാവിണി ഇടും. ചെറിയ പെണ്‍കുട്ടികള്‍ ഗൌണാണ് ധരിക്കാറ്. ''.

'' വെരി സിമ്പിള്‍ ഡ്രസ്സ്. ചൂരീദാര്‍, നൈറ്റി, ജീന്‍സ് ഒന്നും ഇല്ല ''.

'' ഇപ്പറഞ്ഞതൊക്കെ വന്നിട്ട് കുറച്ചു കാലമല്ലേ ആയുള്ളൂ ''.

'' ആളുകള്‍ക്ക് ഫാഷനൊന്നും അറിയില്ല എന്നര്‍ത്ഥം ''.

'' ഫാഷന്‍ വെച്ചിരിക്കുന്നു. നിനക്ക് കേള്‍ക്കണോ? പാടത്ത് പണിക്കു വന്നിരുന്നവര്‍ ജാക്കറ്റ് ഇടാറില്ല. മാറു മറയ്ക്കാന്‍ തോളില്‍കൂടി ഒരു തുണിയിടും. പണ്ടു കാലത്ത് അതും കൂടി സമ്മതിച്ചിരുന്നില്ല എന്നാണ് കേട്ടിട്ടുള്ളത്. ഇതൊക്കെയാണ് ഞങ്ങളുടെ ചെറുപ്പകാലത്തെ അവസ്ഥ ''.

'' മാറു മറയ്ക്കാന്‍ അനുവദിക്കാത്ത സവര്‍ണ്ണമേധാവിത്വത്തിനെതിരെ സമരം നടത്തിയ കാര്യം ഞാന്‍ വായിച്ചിട്ടുണ്ട്. അത മോശമായിരുന്നു അന്നത്തെ അവസ്ഥ എന്ന് കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ട് ''.

'' വേറൊരു വിശേഷം കേട്ടോ. സ്വാതന്ത്യം കിട്ടിയ സമയത്താണ് ഏട്ടന്‍ ജനിച്ചത് . ആ കാലത്ത് തുണിക്കുവരെ റേഷനായിരുന്നു എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അത് ആലോചിക്കുമ്പോള്‍ ഞങ്ങള്‍ മൂന്നാളും ഭാഗ്യം ചെയ്തോരല്ലേ ''.

'' സിന്തറ്റിക്ക് തുണികള്‍ എപ്പോഴാ പ്രചാരത്തിലായത് ''.

'' ഏട്ടന്‍ കോളേജില്‍ പഠിക്കുന്ന കാലത്താണ് ടെറിലിന്‍ തുണി വന്നത്. പളപളാ എന്ന് മിന്നുന്ന അത് ആ കാലത്തെ ഫാഷനായിരുന്നു. അതു കഴിഞ്ഞപ്പോള്‍ ടെറികോട്ടന്‍ എന്നും പാഞ്ഞ് വേറൊരു വിധം തുണി വന്നു.  ഗള്‍ഫില്‍ ജോലിയുള്ള ബന്ധുക്കള്‍ വരുന്നതുംകാത്ത് ആളുകള്‍ ഇരിക്കും. ഫോറിന്‍ സാരിയോ, ഷര്‍ട്ടിനോ, പാന്‍റിനോ ഉള്ള തുണിയോ കിട്ടിയാലോ? ഇപ്പോള്‍ അതിലും നല്ല തുണികള്‍ ഇവിടെ കിട്ടാനുണ്ട് ''.

'' അതു ശരിയാണ് ''.

'' ഫാഷന്‍ മൂത്തു മൂത്ത് ഇപ്പോള്‍ സാരിയിലൊക്കെ അലുക്കും തൊങ്ങലും തുന്നിപ്പിടിപ്പിക്കുന്നുണ്ട്. അതൊക്കെ ഉടുക്കുമ്പോള്‍  ദേഹത്ത് കുത്തില്ലേ. അതൊക്കെ കഴുകി വെടുപ്പാക്കന്‍ എന്തു പാടായിരിക്കും  എന്നാ ഞാന്‍ ആലോചിക്കുന്നത് ''.

'' എന്നു വിചാരിച്ച് ആരെങ്കിലും അത് വാങ്ങാതിരിക്കുന്നുണ്ടോ. അപ്പപ്പോ ള്‍ എന്താണ് ഫാഷന്‍ എന്നു നോക്കി ആളുകള്‍ അത്തരം സാധനങ്ങള്‍ വാ ങ്ങുന്നു ''.

'' ഒരു കാര്യം ഞാന്‍ പറയാം. പുരോഗതി എന്ന് പറയുന്നത് തുണിടെ കാര്യ ത്തില്‍ ഉണ്ടായതുപോലെ വേറൊന്നിനും കാണില്ല. ഒരുകാലത്ത് കിട്ടാനില്ലാ ത്ത സാധനം ഇന്ന് സുലഭമാണ്.  കൈ നിറയെ കാശുംവെച്ച് ഇറങ്ങിയാല്‍ ഇഷ്ടമനുസരിച്ചുള്ള വസ്ത്രം വാങ്ങാം. തുന്നല്‍കാരനെ അന്വേഷിച്ച് നടക്കണ്ടാ, കാലതാമസം ഇല്ല.  പൊവ്വാ, വാങ്ങ്വാ, മടങ്ങി വര്വാ. എന്തെളുപ്പം. കുറച്ചായിട്ട് മാഷേട്ടന്‍കൂടി റെഡീമെയ്‌ഡ് ഷര്‍ട്ടാണ് വാങ്ങാറ് ''.

'' അതു ശരി. വലിയമ്മയും മകനും കൂടി കാലത്തുതന്നെ നാട്ടുപഞ്ചായ ത്തും പറഞ്ഞോണ്ട് ഇരിക്ക്യാണോ. എന്തോ മാഷേട്ടന്‍ എന്നു പറയുന്നത് കേട്ടല്ലോ ''.

'' ഞാന്‍ സേവയ്ക്ക് മാവ് പിഴിഞ്ഞോണ്ടീക്കുമ്പോള്‍  ഇവന്‍ ഈ പേപ്പറ് കാണീക്കാന്‍ വന്നതാ. പിന്നെ അതായി വര്‍ത്തമാനം. മാഷേട്ടന്‍ റെഡിമെയ്ഡ് ഷര്‍ട്ടാണ് ഇടുന്നത് എന്ന് പറയുകയായിരുന്നു ''.

'' അതാ നല്ലത്. ഇഷ്ടമുള്ളത് എടുത്ത് ഇട്ടു നോക്കി വാങ്ങാം. തുണി വാങ്ങി തുന്നിക്കുമ്പോള്‍ ഇറുക്കം ഉണ്ട്, വലുപ്പം പോരാ എന്നൊക്കെ തോന്നിയാ ല്‍ പെട്ടില്ലേ ''.

'' വിലയാണ് സഹിക്കാത്തത്. ഇന്നാള് ഉണ്ണിക്കുട്ടന്‍ ഒരു ഷര്‍ട്ട് വാങ്ങിയ തിന്ന് ആയിരം ഉറുപ്പികയായി. ഞാന്‍ കുറെ ചീത്ത പറഞ്ഞു. ചെക്കന്‍റെ ഒരു പത്രാസ്. പത്തോ ഇരുന്നൂറോ കൊടുത്ത് ഒന്ന് വാങ്ങിക്ക്വേ വേണ്ടൂ ''.

'' നല്ല ബ്രാന്‍ഡിന്ന് നല്ല വില വരും വലിയമ്മേ ''.

'' ആ പറഞ്ഞത് ശരിയാണ് '' സുമിത്ര ടീച്ചര്‍ പറഞ്ഞു ''  ഇന്നാള് സൈനബ ടീച്ചറുടെ മരുമകന്‍ ചെറിയ കുട്ടിക്ക് ഷര്‍ട്ടും നിക്കറും വാങ്ങിയതിന്‍റെ വില കേട്ടിട്ട് ഞാന്‍  അന്തം വിട്ടു. ഒന്നിന്ന് പത്തുറുപ്പിക വെച്ചിട്ടാ വാങ്ങിയതത്രേ ''.

'' തുന്നല്‍കൂലി അതിലും കൂടുതല്‍ വരില്ലേ. എവിടുന്നാ അയാളത് വാങ്ങിയത് ''.

'' റോഡോരത്ത് വില്‍ക്കുന്നവരില്‍ നിന്നാണെന്നാ പറഞ്ഞത്. എന്നാലെന്താ. കുട്ടി ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കുമ്പോള്‍ മാറ്റാന്‍ അതൊക്കെ പോരേ ''.

'' മാഷേട്ടന്‍ വരാറായില്ലേ ''.

'' കാലത്ത് എണീറ്റതിന്നു ശേഷം വേഗം വരണം എന്നു പറഞ്ഞ് മൂന്നു പ്രാവശ്യം അളിയന്‍ വിളിച്ചു കഴിഞ്ഞു. കുളി കഴിഞ്ഞ് ശ്രസ്സ് മാറ്റുന്നു. ഇപ്പൊ എത്തും ''.

'' എന്നാല്‍ ചട്ടിണിക്ക് അരച്ചുവെച്ചതില്‍ കടുക് വറത്ത് ഇട്. ഞാന്‍ ആ നേരംകൊണ്ട് ചായ ഉണ്ടാക്കട്ടെ ''.

ഇരുവരും ജോലിയിലേക്ക് കടന്നതോടെ ദിലീപ് മേനോന്‍ പത്രവുമായി ഉമ്മറത്തേക്ക് നടന്നു.

Friday, November 21, 2014

അദ്ധ്യായം - 42.

'' മാഷേട്ടന്ന് ഇഷ്ടമില്ലാത്തതോണ്ട് പിരിഞ്ഞു വരുമ്പോള്‍ ഞാന്‍ വീട്ടിലേക്ക് ആരേയും  കൂട്ടിയിട്ട് വരില്ല എന്ന് ഇന്ന് രാവിലെക്കൂടി സുമിത്ര എന്നോട് പറഞ്ഞതാണ്. ഇപ്പോള്‍ വിളിച്ച് പറയുന്നൂ സ്കൂള്‍ബസ്സില്‍ എല്ലാരുംകൂടി വരുന്നുണ്ടെന്ന്   '' വലിയമ്മ പറഞ്ഞു '' കൂടെ വരുന്നവര്‍ക്ക് എന്തെങ്കിലും കൊടുക്കണ്ടേ.  സുമിത്ര ടീച്ചറുടെ വീട്ടില്‍ ചെന്നിട്ട് ഒന്നും കിട്ടിയില്ല എന്ന്  ആരെങ്കിലും പറയണ്ടാ . ബേക്കറീന്ന് വല്ലതും വാങ്ങാന്‍ നിനക്ക് എന്‍റെ കൂടെ വരാന്‍ ആവ്വോ ''.

'' എന്താ ആവാതെ, ഞാന്‍ വെറുതെ ഇരിപ്പല്ലേ '' ദിലീപ് മേനോന്‍ ഒരുങ്ങി.

'' ഒരു കാര്യം മുന്‍കൂട്ടി പറയാം. വീട്ടിലേക്ക് ആരെങ്കിലും വരുന്ന നേരം നോക്കി  മുറിയില്‍ കയറി വാതിലടച്ച് ഇരിക്കുന്ന നിന്‍റെ സ്വഭാവം ഇന്ന് കാണിക്കരുത്. സുമിത്രയുടെ കൂടെ വരുന്ന ടീച്ചര്‍മാരെ ഞങ്ങള് രണ്ടാളും കൂടി അകത്ത് വിളിച്ചിരുത്തി സംസാരിച്ചോളാം.  ആണുങ്ങളെ ഉമ്മറത്ത് നീ വേണം സ്വീകരിച്ചിരുത്താന്‍ ''.

''  അതിനിപ്പോള്‍ ഞാന്‍ അന്നത്തെപ്പോലെ കുട്ടിയൊന്നുമല്ലോ. ആ കാര്യം ഞാനേറ്റു ''.

'' ബസ്സിലാവുമ്പോള്‍ പത്തു മുപ്പത് ആളെങ്കിലും ഉണ്ടാവും. അതനുസരിച്ച് വേണ്ടതൊക്കെ നമ്മള് ഒരുക്കി വെക്കണം ''.

''  എന്തൊക്കേയാ വേണ്ടത് എന്ന് പറയൂ ''.

''  ഇവിടെ  ഹലുവ ഇരിപ്പുണ്ട്.  വേണച്ചാല്‍ ഒരു മധുരം കൂടി ആവാം . ഒന്നുകില്‍ സ്വീറ്റ്. അല്ലെങ്കില്‍  കേയ്ക്ക്. പിന്നെ അച്ചപ്പവും ബിസ്ക്കറ്റും അപ്പം ഞാന്‍ ഉണ്ടാക്കുന്നുണ്ട്.  മധുരത്തിന്ന് അതൊക്കെ ധാരാളം മതി ''.  

'' പിന്നെ ''.

'' എരുവിന്ന് പരിപ്പുവട ചുടാമെന്ന് വെച്ചിട്ടുണ്ട്.  മിക്സ്ച്ചറും മുറുക്കും ചിപ്സും  വാങ്ങാം. നേന്ത്രപ്പഴം  നുറുക്ക് കൂടിയായാല്‍ ധാരാളമായി  ''. വലിയമ്മയ്ക്ക് എല്ലാ കാര്യത്തിലും വ്യക്തമായ ധാരണയുണ്ട്.

അവരുടെ കണക്കുകൂട്ടല്‍ ശരിയായിരുന്നു. മൂന്നുമണി കഴിഞ്ഞതേയുള്ളൂ യാത്രയയപ്പുസംഘം വീട്ടിലെത്തി. സ്കൂള്‍ബസ്സിലും  ഒരുകാറിലുമായാണ്  അവരെത്തിയത്. കാറില്‍ നിന്ന് ചെറിയമ്മയും വേറൊരു സ്ത്രീയും ഒരു പുരുഷനും  ഇറങ്ങി. ബസ്സില്‍ നിന്ന് ബാക്കിയുള്ളവരും. ആകെ മുപ്പത്തി മൂന്നുപേര്‍.

'' കൂടെയുള്ളത് മാനേജറും ഹെഡ്മിസ്ട്രസ്സും ആണ്. അയാളുടെ കാറാണ് അത് '' വലിയമ്മ പറഞ്ഞു. ആഗതരെ എതിരേല്‍ക്കാന്‍ വലിയമ്മയുടെ കൂടെ ഇറങ്ങി.

'' സുശീലയുടെ മകനാണ് ഇത് . ലീവില്‍ വന്നിട്ട് ഒരു മാസമായി '' വലിയമ്മ പരിചയപ്പെടുത്തിയപ്പോള്‍ കൈകൂപ്പി.

'' യാത്രയയപ്പ് പോലുള്ള ചടങ്ങുകളിലൊന്നും  ഞാന്‍  പങ്കെടുക്കാറില്ല. പാര്‍ട്ടി  കാര്യങ്ങള്‍ നോക്കാനേ സമയം പോരാ. അതിനുപുറമേയാണ് പഞ്ചായത്ത്  പരിപാടികളും സഹകരണബാങ്ക് പ്രസിഡണ്ട് സ്ഥാനവും  '' മാനേജര്‍ പറഞ്ഞു '' സുമിത്രടീച്ചറുടെ കാര്യത്തില്‍ അതു പറഞ്ഞിരിക്കാന്‍ പറ്റില്ലല്ലോ. മാധവന്‍ മാഷ് പാര്‍ട്ടിടെ അനുഭാവിയല്ലേ ''.

''  ജോലിയില്‍ നിന്ന് പിരിഞ്ഞുപോരുന്ന എന്‍റെ ചെറിയമ്മയെ എല്ലാവിധ തിരക്കുകളും മാറ്റിവെച്ച്  വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതിന്ന് ഒരുപാട് നന്ദിയുണ്ട് '' ദിലീപ് മേനോന്‍ അദ്ദേഹത്തിന്‍റെ കയ്യില്‍ പിടിച്ചു.

ഒരു മണിക്കൂറിലേറെ സ്കൂള്‍ കാര്യങ്ങളും വീട്ടുവിശേഷങ്ങളും നാട്ടു വര്‍ത്തമാനവും  സംസാരിച്ചിരുന്ന് ചായകുടിയും കഴിഞ്ഞ ശേഷമാണ് അതിഥികള്‍ തിരിച്ചുപോയത്.  വീടും പറമ്പും കാണാനിറങ്ങിയ ചിലര്‍ ഉപ്പിലിടാന്‍ പറ്റിയ കണ്ണിമാങ്ങയും കര്‍ക്കിടക പ്ലാവിലെ ഇടിച്ചക്കയും വലിയമ്മയോട് ചോദിച്ചുവാങ്ങി.

'' അങ്ങിനെ ആ ചടങ്ങും കഴിഞ്ഞു '' എല്ലാവരും പോയപ്പോള്‍ ചെറിയമ്മ ​പറഞ്ഞു '' ഇനി മുതല്‍ ഈ വീടന്നെ ലോകം ''.

'' അല്ലെങ്കിലും അത് അങ്ങിനെത്തന്നെ. ജോലിയില്‍ നിന്ന് പിരിഞ്ഞാല്‍ ആണുങ്ങള് എന്തെങ്കിലും പൊതുകാര്യത്തിന്ന് ഇറങ്ങും. പെണ്ണുങ്ങള് വെപ്പുംതീനുമായി വീട്ടില് ഒതുങ്ങിക്കൂടും '' വലിയമ്മ പറഞ്ഞു '' അതു പോട്ടെ, ഞങ്ങള് ഒരുക്കിയതൊക്കെ പോരേ ''.

'' ധാരാളം. ഇത്രയൊന്നും ഞാന്‍ കരുതിയില്ല ''.

'' സുശീലയ്ക്ക് ഒന്നും വേണ്ടിവന്നില്ല. ഞാന്‍ പിരിഞ്ഞു വരുമ്പോള്‍ കൂടെ വന്നോര്‍ക്ക് മുറുക്കും അമ്പലത്തില്‍ വഴിപാടാക്കിയ കൂട്ടുപായസവും ആണ് കൊടുത്തത്. ഇതെങ്കിലും ഇത്തിരി കേമമായിക്കോട്ടേ എന്ന് കരുതി. എനിക്കതല്ല സുമിത്രേ സന്തോഷം. നമ്മുടെ ദീപു ഗൃഹനാഥന്‍റെ സ്ഥാനത്തു നിന്ന് വേണ്ടതൊക്കെ ചെയ്തു. ആദ്യമായിട്ടാണ് അവന്‍ ഒരു കാര്യത്തിന്ന് മുമ്പില്‍ നില്‍ക്കുന്നത് ''.

'' എനിക്കും സന്തോഷമായി. ആ മാനേജര്‍ പറഞ്ഞതു കേട്ടില്ലേ. എന്തൊക്കെ തിരക്കുകള്‍ മാറ്റിവെച്ചിട്ടാണ് അയാള്‍ ഇങ്ങോട്ട് വന്നത് '' ദിലീപ് മേനോന്‍ പറഞ്ഞു .

'' നീ അത് വിശ്വസിച്ചോ. അതൊക്കെ വെറും ചപ്പടാച്ചിയല്ലേ. അയാള് എല്ലാ ദിക്കിലും ചെല്ലും. ഇതുപോലെ പറയും ചെയ്യും ''.

'' ഈ ഒഴിവുകാലം എനിക്ക് മറക്കാന്‍ പറ്റില്ല. എന്തെല്ലാം അനുഭവങ്ങള്‍. ഒക്കെ സ്വപ്നംപോലെ തോന്നുന്നു '' ദിലീപ് മേനോന്‍ ഉറക്കെ ആത്മഗതം ചെയ്തു .


ഇരുട്ട് പടര്‍ന്നു തുടങ്ങി. ക്ലാസ്സ് വിട്ടതും ഉണ്ണിക്കുട്ടന്‍ പോയിട്ടുണ്ടാവും. അമ്മയെ കാണാന്‍  പോവുന്ന കാര്യം രാവിലെ അവന്‍ പറഞ്ഞിരുന്നു.  ഇളയച്ഛന്‍  ഇനിയും എത്തിയിട്ടില്ല. കാലത്തേ പപ്പനമ്മാമനോടൊപ്പം പോയതാണ്. കുഞ്ഞുണ്ണിമാമയെ മെഡിക്കല്‍ ടെസ്റ്റുകള്‍ക്ക് കൂട്ടിയിട്ടു പോയിട്ടുണ്ടാവും. പല തവണ മൊബൈലില്‍ വിളച്ചിട്ടും ഇളയച്ഛന്‍ എടുത്തില്ല എന്ന് ചെറിയമ്മ പറയുന്നത് കേട്ടു.

എട്ടരയോടെ ഒരു ഓട്ടോറിക്ഷയിലാണ് ഇളയച്ഛന്‍ എത്തിയത്.

'' എന്താ മൊബൈല് സ്വിച്ചോഫ് ചെയ്തു വെച്ചത്. ആറേഴു പ്രാവശ്യം  ഞാന്‍ വിളിച്ചിരുന്നു ''. ചെറിയമ്മ പറഞ്ഞു

''രണ്ടുമൂന്ന് ദിവസമായി അത് പണിമുടക്കിലാണ്. എന്തോ തകരാറുണ്ട്. മാറ്റാറായി എന്ന് തോന്നുന്നു ''.

'' ആസ്പതിയില്‍ ആയതോണ്ട് ഓഫ് ചെയ്തതാവും എന്നാ ഞാന്‍ ഒടുക്കം കരുതിയത് ''.

'' അതിനാരാ ആസ്പത്രിയില്‍ പോയത് ''.

'' പിന്നെ ഇത്ര നേരം എവിടെയായിരുന്നു ''.

''ഒക്കെ ഞാന്‍ വിസ്തരിച്ച് പറയാം. ആദ്യം ഈ ഡ്രസ്സ് മാറ്റിയിട്ട് വരട്ടെ '' അദ്ദേഹം  പത്തായപ്പുരയിലേക്ക് നടന്നു.

വെള്ളനിറത്തില്‍ വരകളുള്ള ലുങ്കിയും കയ്യില്ലാത്ത ബനിയനും ധരിച്ച് അദ്ദേഹം വൈകാതെ തിരിച്ചെത്തി.

'' ഇനി പറയൂ, എന്തേ ഉണ്ടായത് '' ചെറിയമ്മ ചോദിച്ചു.

'' ഈ വയസ്സിനിടെ എതയോപേരെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ എന്‍റെ അളിയനെപ്പോലെ ഒരാളെ കണ്ടിട്ടില്ല, ഇനി കാണുന്നും തോന്നുന്നില്ല ''.

'' എന്താ, ഇന്നും കുഞ്ഞുണ്ണിയേട്ടന്‍ ഏടത്തിയമ്മയോടും മക്കളോടും ലഹള കൂടിയോ ''.

'' അതൊന്നൂല്യാ. പക്ഷെ ചികിത്സയുടെ കാര്യം ആലോചിക്കുന്നതിന്നുമുമ്പ് ഭാഗം നടത്തണം എന്ന് പുള്ളിക്ക് ഒരേ വാശി ''.

'' എന്നിട്ട് ''.

'' ആ കുട്ടികള്‍ക്ക് അങ്ങിനെയൊന്നൂല്യാ. മകന്‍ ഒരക്ഷരംമിണ്ടാതെ എല്ലാം കേട്ടുംകൊണ്ട് മിണ്ടാതിരുന്നു.  അച്ഛന്‍ ഓഹരി തന്നാലും തന്നില്ലെങ്കിലും ഞങ്ങള്‍ക്ക് വിരോധമില്ല എന്ന് മകളുടെ ഭര്‍ത്താവ് പറയുകയുംചെയ്തു.  ''.

'' പിന്നെന്താ പ്രശ്നം ''.

'' എങ്കില്‍ ഉടനെ ഒസ്യത്ത് എഴുതണം എന്നായി തന്‍റെ ഏട്ടന്‍  ''.

'' എന്നിട്ട് ''.

'' വക്കീലിനെ കണ്ട് സംസാരിക്കാന്‍ ചെന്നു. അയാള്‍ക്ക് കോടതിയിലേക്ക് പോവാനുള്ള സമയത്താണ് എത്തുന്നത്. വൈകുന്നേരം വരാന്‍ പറഞ്ഞു. അവിടെ ചെന്ന് സംസാരിച്ച് എല്ലാം ശരിയാക്കിയിട്ട് വരുന്ന വഴിയാണ് ''.

'' നല്ല കഥ ''.

'' അതിലും വലിയ കഥയാണ് ഇനിയുള്ളത് ''.

'' അതെന്താ ''.

'' മൂപ്പര്‍ക്ക് മൂത്ത അളിയന്‍ കുറെ പണം സഹായിച്ചിട്ടുണ്ടത്രേ. ആ സംഖ്യ മടക്കി കൊടുക്കും മുമ്പ് അയാള് മരിച്ചു. പണം മടക്കി കൊടുക്കാനായില്ല. അതു കൊടുത്ത് ഭൂമി വാങ്ങി. ഇപ്പോള്‍ ആ സ്ഥലം രാജിക്ക് കൊടുക്കണം.  പ്രമാണം റജിസ്റ്ററാക്കിയിട്ടേ ചികിത്സയ്ക്ക് ചെല്ലൂ എന്ന് ഒരേ നിര്‍ബന്ധം. ആധാരം എഴുത്തുകാരനെ കണ്ട് നാളെയ്ക്ക് തന്നെ റജിസ്റ്റര്‍ ചെയ്യാനുള്ള ഏര്‍പ്പാട് ചെയ്തു ''.

'' ഭാര്യയും മക്കളും എതിരൊന്നും പറഞ്ഞില്ലേ ''.

'' ഭാര്യക്ക് ചെറിയൊരു ഇഷ്ടക്കേട് ഉള്ളതുപോലെ തോന്നി. അളിയനോട് കടം വാങ്ങിയിട്ടുണ്ടെങ്കില്‍ ആ പണം  മടക്കിക്കൊടുത്താല്‍ പോരേ എന്ന് ചോദിച്ചു ''.

'' എന്നിട്ട് ''

'' പപ്പനമ്മാമന്‍ ഉണ്ടായിരുന്നത് നന്നായി. ഇത്രയും കാലത്തെ പലിശ കൂട്ടി നോക്കാന്‍ അദ്ദേഹം പറഞ്ഞു.  കണക്കാക്കി നോക്കുമ്പോള്‍ സ്ഥലം മാത്രം കൊടുത്താല്‍ മതിയാവില്ല, വലിയൊരു സംഖ്യയും കൊടുക്കേണ്ടി വരും. അതിനും  പുറമെയാണ് ഇതകാലം  ഭൂമിയില്‍ നിന്ന് കിട്ടിയ ആദായം ''. 

'' അതൊന്നും ഉണ്ടായിട്ടല്ലല്ലോ എന്‍റെ മകള്‍ ഇതുവരെ ജീവിച്ചത്. അയമ്മടെ മനസ്താപം നേടിയിട്ട് അവള്‍ക്ക് ഒന്നും വേണ്ടാ ''.

'' അധിക കാലം ഇനിയില്ല എന്ന തോന്നല്‍ അളിയന്‍റെ ഉള്ളിലുണ്ടോ എന്ന് എനിക്ക് തോന്നുന്നു. ചിലപ്പോള്‍  കുറ്റബോധവും ഉണ്ടാവും. ഏതായാലും അര്‍ഹതയില്ലാത്ത ഒന്നുമല്ല രാജിക്ക് കിട്ടുന്നത് . സ്ഥലം കിട്ടി എന്നുവെച്ച് ദൈവകോപമോ മനസ്താപമോ ഒന്നും അവള്‍ക്ക് ഉണ്ടാവില്ല. ''.

'' ഒടുക്കം എന്തു തീരുമാനിച്ചു ''.

'' നാളെ മറ്റന്നാളായിട്ട് നേരത്തെ പറഞ്ഞതൊക്കെ തീര്‍ത്തിട്ട് ഞായറാഴ്ച എല്ലാവരുംകൂടി മരുമകന്‍റെ വീട്ടിലേക്ക് പോവുന്നു. ഇനി ചികിത്സയും ടെസ്റ്റുകളും അവിടെയാവാമെന്ന് നിശ്ചയിച്ചു ''.

'' അപ്പോള്‍ ഇംഗ്ലണ്ടില്‍ നിന്നുവന്ന ഡോക്ടറെ കാണീക്കേണ്ടേ ''.

'' അവര്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍ നമുക്കെന്താ ''.

'' നേരം എത്രയായി എന്നറിയ്യോ. ആഹാരം കഴിച്ചിട്ട് കിടക്കാന്‍ നോക്കാം '' വലിയമ്മ സംഭാഷണത്തിന്ന് തിരശീലയിട്ടു.

Wednesday, October 29, 2014

അദ്ധ്യായം - 41.


'' സുമിത്രേ, നീയും ഇവരുടെകൂടെ ഇരുന്നോ. അമ്പലത്തില്‍ തൊഴുതിട്ടേ സ്കൂളില്‍ പോണുള്ളൂ എന്നല്ലേ പറഞ്ഞത്. നേരം വൈകണ്ടാ '' തന്‍റെ പുറകിലായി നിന്ന അനിയത്തിയോട് വലിയമ്മ പറഞ്ഞു.

ഇളയച്ഛന്‍ ഇരുന്ന കസേലയ്ക്ക് തൊട്ടടുത്തതില്‍ ചെറിയമ്മ ഇരുന്നു. മേശപ്പുറത്തുവെച്ച കാസറോളില്‍ നിന്ന് അവര്‍ ഇഡ്ഢലിയെടുത്ത് പ്ലെയിറ്റുകളില്‍ വിളമ്പി, അതിനു മുകളിലായി ഉള്ളിസ്സാമ്പാറും.

'' ഇതെന്താ ഇങ്ങിനെയിരിക്കുന്ന് '' ഇഡ്ഢലിയില്‍ കൈ വെച്ചതും  ഇളയച്ഛന്‍ ചോദിച്ചു.

ദിലീപ് മേനോന്‍ പലഹാരത്തില്‍ തൊട്ടുനോക്കി. പശപോലെ ഒട്ടുന്നുണ്ട്.

'' ഒട്ടലുണ്ട് അല്ലേ? എനിക്ക് നേരത്തെതന്നെ സംശയം തോന്നിയതാണ്. കാറ്റുകൊണ്ട് വെടിച്ചാല്‍ ശരിയാവുമെന്ന് കരുതി പാത്രം അടയ്ക്കാതെ വെച്ചുനോക്കി. എന്നിട്ടും പറ്റീലാ. ഇത് അരിയുടെ കുഴപ്പം തന്നെയാണ് '' വലിയമ്മ വിശദീകരിച്ചു.

'' ഇന്നലെവരെ തകരാറൊന്നും കണ്ടില്ലല്ലോ ''.

'' ആ അരി തീര്‍ന്നു. ഇത് ഇന്നലെ ഉണ്ണിക്കുട്ടന്‍ ഇവിടുത്തെ കടയില്‍  നിന്ന് വാങ്ങിയതാ. ഇഡ്ഢലി ഉണ്ടാക്കാന്‍ പറ്റുന്ന അരി ചോദിച്ചു വാങ്ങണം എന്ന് ഞാന്‍ ചെക്കനോട് പ്രത്യേകം  പറഞ്ഞതാണ്. ആ ഊമ അത് മിണ്ടിയിട്ടുണ്ടാവില്ല ''.

'' എല്ലാ അരിയും ഇഡ്ഢലിക്ക് പറ്റില്ലേ വലിയമ്മേ ''.

'' ഇല്ല. ജയ, ജ്യോതി തുടങ്ങിയ ചിലതിന്‍റെ അരി ശരിയാവില്ല. അര വേവിട്ട് പുഴുങ്ങിയാല്‍  ചിലപ്പോള്‍ ശരിയാവും. മില്ലുകാര് അതൊന്നും നോക്കീട്ടല്ലല്ലേ അരി ഉണ്ടാക്കി  വില്‍ക്കുന്നത് ''.

'' ഉണ്ണിക്കുട്ടന്‍ കഴിച്ചിട്ട് ഒന്നും പറഞ്ഞില്ലേ '' പപ്പനമ്മാമന്‍ ചോദിച്ചു.

'' ഒരു മാസമായിട്ട് അവന്‍ വെള്ളച്ചോറ് തയിരുകൂട്ടി ഉണ്ടിട്ട് പോവും. വേനല്‍ചൂടില്‍ ദേഹം  കേടുവരാതെ നോക്കലാണ്. എല്ലാവരും കുറച്ചു നേരം ഇരിക്കാച്ചാല്‍ ഞാന്‍ ഉപ്പുമാവ്  ഉണ്ടാക്കിത്തരാം. വറുത്ത റവ ഇരിപ്പുണ്ട് ''.

'' ഒന്നും വേണ്ടാ സുഭദ്രേ. ഒരു നേരം ഇങ്ങിനത്തെ തകരാറൊക്കെ ഉണ്ടാവും. അത് കാര്യമാക്കാനില്ല '' പപ്പനമ്മാമന്‍ പറഞ്ഞു '' വല്ലതും കഴിച്ചിട്ട് വേഗം ചെല്ലണം. കുഞ്ഞുണ്ണിടെ  മകളും എത്തിയിട്ടുണ്ടാവും. എന്താ വേണ്ടത് എന്ന് എല്ലാവരോടും കൂടി ആലോചിച്ച് പറ്റിയാല്‍ ഇന്നന്നെ എവിടേക്കെങ്കിലും കൊണ്ടുപോണം ''.

'' എനിക്ക് അയാളുടെ സ്വഭാവം തീരെ പറ്റില്ല. ഓരോരിക്കല്‍ ഓരോരോ പ്രകൃതമാണ് ''.ഇളയച്ഛന്‍ പറഞ്ഞു '' ഇങ്ങിനത്തെ അവസരത്തില്‍ അത് വിചാരിച്ചിരിക്കാന്‍ പാടില്ലല്ലോ എന്നുകരുതി ക്ഷമിക്കുന്നതാണ് ''.

'' അതേതായാലും നന്നായി. ലോകത്ത് കാണുന്ന ഏറ്റവും വിചിത്രമായ പ്രതിഭാസം  എന്താന്നാ  മാധവന്‍റെ ധാരണ ''.

'' ശരിക്ക് ഒരു ഉത്തരം  പറയാന്‍ പറ്റില്ല. ചിലര്‍ക്ക് സാധാരമാണെന്ന് തോന്നുന്നത് വേറെ ചിലര്‍ക്ക് വിചിത്രമായി തോന്നാം ''.

'' എന്നാലേ അങ്ങിനെ ഒന്നുണ്ട്. മനുഷ്യന്‍റെ ചില സമയത്തെ പെരുമാറ്റം പോലെ വിചിത്രമായി മറ്റൊന്നില്ല ''.

'' എനിക്ക് മനസ്സിലായില്ല ''.

'' കുഞ്ഞുണ്ണിയുടെ കാര്യംതന്നെ എടുക്കാം. അയാള്‍ക്ക് ഓരോരിക്കല്‍ ഓരോരോ  പ്രകൃതമാണെന്ന് ഇപ്പോള്‍ മാധവന്‍ പറഞ്ഞതല്ലേയുള്ളൂ. അതാണ് മനുഷ്യന്‍റെ പെരുമാറ്റം  വിചിത്രമാണെന്ന് പറഞ്ഞത് ''.

'' അങ്ങിനെ നോക്കുമ്പോള്‍ ശരിയാണ് ''.

'' എല്ലാം എനിക്ക് വേണം എന്ന ദുര്‍മോഹം ഉള്ളതോണ്ട് ഒരുവിധം എല്ലാവരേയും  വെറുപ്പിച്ചു. എനിക്കേ അറിയൂ മറ്റുള്ളവര്‍ മണ്ടന്മാര്‍  എന്ന തോന്നല്‍ അയാളെ ഒരു  ധിക്കാരിയാക്കി. സ്വന്തം  മനസ്സിലുള്ളത് ആരോടും പറയാതെ ഒറ്റയാന്‍ മനോഭാവം  പുലര്‍ത്തിയതു കാരണം ഭാര്യയ്ക്കും മക്കള്‍ക്കും കൂടി അയാളെ മനസ്സിലാക്കിയില്ല ''.

'' അതാണല്ലോ അയാളുടെ ജീവിതം ഇങ്ങിനെ പരാജയപ്പെട്ടത് ''.

'' നമ്മള്‍ സംസാരിച്ചുകൊണ്ടിരുന്ന വിഷയവും വേറൊരു വിചിത്രമായ പെരുമാറ്റത്തെക്കുറിച്ചാണ് ''.

'' എനിക്കും ആ അഭിപ്രായം ഇല്ലാതില്ല ''.

'' ശേയ്. അതിപ്പോള്‍ പറയണ്ടാ '' ചെറിയമ്മ കണ്ണിറുക്കിക്കാണിക്കുന്നത് കണ്ടു.

അതോടെ സംഭാഷണം നിലച്ചു. വേഗം ഭക്ഷണം കഴിച്ച് മൂന്നുപേരും ഇറങ്ങാന്‍  ഒരുങ്ങി.

'' ഞാനുംകൂടി വരാം '' ദിലീപ് മേനോന്‍ പറഞ്ഞു.

'' വേണ്ടാ. അവിടെ എന്തൊക്കെ ഗുസ്തിയാ ഉണ്ടാവുക എന്നറിയില്ല '' ഇളയച്ഛന്‍ മറുത്തു പറഞ്ഞതോടെ ആ പരിപാടി ഉപേക്ഷിച്ചു.

അകത്തേക്ക് ചെല്ലുമ്പോള്‍ വലിയമ്മ ഭക്ഷണം കഴിച്ച് കൈ കഴുകാന്‍  എഴുന്നേറ്റിരിക്കുന്നു. വലിയമ്മ അങ്ങിനെയാണ്. എത്ര പെട്ടെന്നാണ് അവര്‍ ഭക്ഷണം കഴിച്ചു തീര്‍ക്കാറ്.

'' എന്താ വലിയമ്മേ ഇപ്പോള്‍ പറയണ്ടാ എന്ന് ചെറിയമ്മ പറഞ്ഞത് '' ജിജ്ഞാസ ചോദ്യരൂപത്തില്‍ പുറത്തുചാടി.

'' എന്തായി ആങ്ങളയും പെങ്ങളും തമ്മിലുള്ള ഉപ്പേരിപ്പിണക്കം '' മറു ചോദ്യമാണ് വലിയമ്മയില്‍ നിന്ന് ഉയര്‍ന്നത്.

അപ്പോള്‍ എല്ലാവരും കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നു. അനിതയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വലിയമ്മയ്ക്ക് കൈമാറി.

'' ഇങ്ങിനെ ആവുമെന്ന് കരുതിയില്ല, വലിയമ്മേ '' ദിലീപ് മേനോന്‍ തല കുനിച്ചു '' നാട്ടില്‍ വരണം, ജാഫറിനോടൊപ്പം ചുറ്റിക്കറങ്ങണം.  കുറെ  വേലയും പൂരവും കാണണം. ഇതൊക്കേയേ മോഹിച്ചുള്ളൂ. അതാണ് അനിതയേയും കുട്ടിയേയും കൂട്ടാതെ ഒറ്റയ്ക്ക് പോന്നത്. മുംബെയില്‍ ഇറങ്ങിയാല്‍ അമ്മ അവിടെ നില്‍ക്കാന്‍ പറയും. അതുകൊണ്ട് നേരെ ഇങ്ങോട്ട് പോന്നൂ ''.

'' അതാ അവര് പറഞ്ഞോണ്ടിരുന്നത്. പഠിച്ചു മിടുക്കരായി, വലിയ ഉദ്യോഗം നേടി, നല്ല ചുറ്റുപാടായി. ധാരാളം സമ്പാദിക്കുന്നുണ്ട്. എന്ത് ഉണ്ടായിട്ടെന്താ ആങ്ങളയ്ക്കും പെങ്ങള്‍ക്കും പ്രായത്തിന്ന് അനുസരിച്ച പക്വത മാത്രം ആയില്ല എന്ന് പറയുകയായിരുന്നു. അല്ലെങ്കില്‍ അന്യ നാട്ടില്‍ ഭാര്യയേയും കുട്ടിയേയും തനിച്ചാക്കി ആരെങ്കിലും വേലയും പൂരവും  കാണാന്‍ ഓടി പോര്വോ ''.

ഒന്നും പറയാനില്ല. സത്യമല്ലേ ഇതെല്ലാം. ദിലീപ് മേനോന്‍റെ മുഖത്ത് നിഴലിച്ച വിഷാദം സുഭദ്ര ടീച്ചര്‍ ശ്രദ്ധിച്ചു. അവര്‍ മെല്ലെ അയാളുടെ അടുത്തേക്ക് ചെന്ന് തോളില്‍ കൈ വെച്ചു, പിന്നെ മുടിയിഴകളിലൂടെ വിരലോടിച്ചു തുടങ്ങി. പെട്ടെന്നയാള്‍ വലിയമ്മയുടെ സാന്ത്വനത്തില്‍  ആശ്വാസംകൊള്ളാറുള്ള സ്കൂള്‍കുട്ടിയായി.

'' നിനക്ക് ഒര്‍മ്മവെച്ച കാലം മുതല്‍ക്ക് ഇതന്നെ അവസ്ഥ. രണ്ടിനും തമ്മില്‍ത്തല്ലാന്‍ കാരണമൊന്നും വേണ്ടാ. ഒടുക്കം അമ്മയുടെ കയ്യില്‍ നിന്ന് എന്തെങ്കിലും കിട്ടിയാല്‍ കരഞ്ഞുംകൊണ്ട് നീ എന്‍റടുത്ത് വരും ''

'' അന്നും അവളാണ് പ്രശ്നം ഉണ്ടാക്കാറ് ''.

'' ആയിരിക്കും. സ്കൂള്‍പൂട്ടിയാല്‍ അമ്മ അച്ഛന്‍റെ അടുത്തേക്ക് പോവും. രണ്ടാളേയും കൂടെ കൂട്ടാന്‍ മോഹമില്ലാഞ്ഞിട്ടല്ല, അമ്മ അവളെ മാത്രം കൊണ്ടുപോവ്വാറ്. അവിടെ ചെന്ന് രണ്ടുംകൂടി അടിപിടി കൂടിയാല്‍ അച്ഛന്‍റെ കയ്യില്‍ നിന്ന് ചുടുക്കനെ കിട്ടും. അതൊഴിവാക്കാനാണ് നിന്നെ ഇവിടെ നിര്‍ത്തി പോയിരുന്നത് ''.

''  അച്ഛനും അമ്മയ്ക്കും അന്നും എന്നെക്കാള്‍ ഇഷ്ടം അവളോടായിരുന്നു ''.

'' അത് വെറുതെ തോന്നുന്നതാണ്. നിന്‍റെ പാലുകുടി മാറും മുമ്പ് അവളെ പ്രസവിച്ചു. പിന്നെ ഞാനാ നിന്നെ നോക്കിയത്. അതോണ്ട് നിനക്ക് അമ്മ വേണം എന്ന നിര്‍ബ്ബന്ധം ഉണ്ടായിരുന്നില്ല. അവള്‍ക്ക് അമ്മയെ പിരിഞ്ഞ് ഇരിക്കാനും പറ്റില്ല. പിന്നെ എന്താ ചെയ്യാ. നിന്നെ എന്നെ ഏല്‍പ്പിച്ച് വണ്ടി കയറുമ്പോള്‍ സുശീലടെ കണ്ണില്‍നിന്ന് പുഴപോലെ വെള്ളം ഒഴുകാറുള്ളത് ഞാന്‍ മറന്നിട്ടില്ല ''.

'' ഇനിയെന്താ വേണ്ടത് ''.

'' നീയൊന്നും ചെയ്യേണ്ടാ. കാര്യങ്ങളുടെപോക്ക് ഇന്നലെ സുശീല എന്നെ വിളിച്ച് പറഞ്ഞപ്പോഴേ ഞാന്‍ മാഷേട്ടനേയും സുമിത്രയേയും അറിയിച്ചു. മാഷേട്ടന്‍ മുകുന്ദേട്ടനോട് സംഭവം പറഞ്ഞു. മൂപ്പര്  പട്ടാളക്കാരന്‍റെ തനി സ്വരൂപം കണിച്ചിട്ടുണ്ടാവും. ഈറ്റുപ്പുലിപോലെ നിന്ന നിന്‍റെ പെങ്ങള് പൂച്ചയുടെ മുമ്പില്‍പ്പെട്ട എലിയെപ്പോലെയായി. ഇപ്പോള്‍ പോരാനുള്ള അടുക്കലും ഒതുക്കലും ആവും ''.

'' എപ്പോഴാ എത്തുക ''.

'' പ്ലെയിനിലാ വരുന്നത് എന്നേ എന്നോട് പറഞ്ഞിട്ടുള്ളൂ. ബാക്കിയൊക്കെ മാഷേട്ടനെ അറിയൂ ''.

'' അനിതയെ വിളിച്ച് ചോദിക്കട്ടെ ''.

'' അവളുടെ അടുത്ത് ചോദിച്ചിട്ടാണോ നിന്‍റെ അച്ഛന്‍ കാര്യങ്ങളൊക്കെ നിശ്ചയിക്കാറുള്ളത്. വെറുതെ ആ കുട്ടിയെ ബുദ്ധിമുട്ടിക്കണ്ടാ. കുറച്ചു കഴിഞ്ഞാല്‍ സുശീല വിളിക്കും. അതുവരെ നീ പോയി ടി.വി. കണ്ടോ ''.

എപ്പോഴോ വരട്ടെ, പ്രശ്നങ്ങള്‍ തീര്‍ന്നുവല്ലോ. ആ സന്തോഷത്തോടെ അയാള്‍ എഴുന്നേറ്റു.

Wednesday, October 15, 2014

അദ്ധ്യായം - 40.

പല്ലുതേപ്പ് കഴിഞ്ഞതും ദിലീപ്മേനോന്‍ തോര്‍ത്തുമെടുത്ത് അമ്പലക്കുളത്തിലേക്ക് നടന്നു. കുളി കഴിഞ്ഞ് ക്ഷേത്രത്തില്‍  കയറി തൊഴുതു പ്രാര്‍ത്ഥിക്കണം. ഇന്നലെ അനിത പറഞ്ഞ മട്ടിലൊന്നും സംഭവിക്കാതെ ഭഗവാന്‍ കാത്തുകൊള്ളട്ടെ. ഭാഗ്യത്തിന്ന് പുറത്ത്  വലിയമ്മയെ കാണാനില്ല. അല്ലെങ്കില്‍ വെള്ളം മാറി കുളിച്ച് അസുഖം വരുത്തേണ്ടാ എന്നു പറഞ്ഞ്  വിലക്കിയേനേ.

ഉദിക്കുമ്പോഴേക്കും തന്നെ വെയിലിന്ന് എന്തൊരു ചൂടാണ്. കുളത്തിലെ വെള്ളം വറ്റിതുടങ്ങിയിരിക്കുന്നു. ഉള്ള വെള്ളത്തിന്നുമീതെ പച്ചനിറത്തിലുള്ള പാടയുടെ ആവരണമുണ്ട്. താഴത്തേക്ക് ഇറങ്ങുംതോറും പടവുകള്‍ നല്ലപോലെ വഴുക്കുന്നു. നില്‍ക്കുന്ന പടവില്‍ ഇരുന്ന് കയ്യൂന്നി വെള്ളത്തിലേക്ക് ഇറങ്ങി മുകള്‍പ്പരപ്പിലെ പാട കൈകൊണ്ട് നീക്കീ. മുങ്ങി പൊങ്ങിയപ്പോള്‍ ഉന്മേഷം തോന്നി. സോപ്പ് എടുക്കാതെയാണ് പോന്നത് എന്ന ഓര്‍മ്മ അപ്പോഴാണ് വന്നത്. തലയും മേലും തുടച്ച് അമ്പലത്തിലേക്ക് നടന്നു.

മേല്‍ശാന്തി കൃഷ്ണന്‍നമ്പൂതിരി നല്ലതുപോലെ തടിച്ചിരിക്കുന്നു. കുടവയറിന്ന് മീതെ പൂണൂല്‍ ഒട്ടികിടപ്പുണ്ട്. കറുപ്പും വെളുപ്പും കലര്‍ന്ന മുടി കുറെ കൊഴിഞ്ഞിരിക്കുന്നു.

'' എന്താ ഇഷ്ടാ താന്‍ ഇങ്ങോട്ട് വരാത്തത് എന്ന് വിചാരിച്ച് ഇരിക്ക്യായിരുന്നു '' അദ്ദേഹം ചിരിച്ചു '' വന്ന കാര്യം സുഭദ്രാമ്മ പറഞ്ഞിരുന്നു. മാസം ഒന്നായില്ലേ വന്നിട്ട് ''.

'' ഉവ്വ്. ഓരോരോ തിരക്കുകള്‍ കാരണം വരാനായില്ല ''.

'' ഭൂമിയുടെ ഏതു തലയ്ക്കല്‍ പോയിരുന്നാലും മനുഷ്യന്‍ നാട്ടിലെ ദൈവത്തിനെ മറക്കാന്‍ പാടില്ല. മറന്നാല്‍ കര പിടിക്കില്ല ''.

'' മറന്നിട്ടൊന്നും ഇല്ല. എപ്പോഴും ഓര്‍ക്കാറുണ്ട് ''.

'' ഞാന്‍ തന്നെ പറഞ്ഞതല്ലട്ടോ. പൊതുവായിട്ട് ഒരു തത്വം പറഞ്ഞൂന്ന് മാത്രം. സുഭദ്രാമ്മ ഇടയ്ക്ക് തന്‍റെ പേരില്‍ വഴിപാട് നടത്താറുണ്ട് ''.

'' ഭാര്യയും മകനും വരുന്നുണ്ട്. അവരേയും കൂട്ടി പിന്നീട് വരാം ''.

'' കൂത്തും കുമ്മാട്ടിയും നടത്തണം എന്ന് ആളുകള്  പറയുന്നുണ്ട്. അത് മുടങ്ങിയിട്ട് കാലം ഇശ്ശിയായി. നല്ല ചിലവുള്ള സംഗതിയാണ്. കയ്യയച്ച് എന്തെങ്കിലും തരണംട്ടോ ''.

'' തീര്‍ച്ചയായും ''. ദക്ഷിണ നല്‍കി പ്രസാദം വാങ്ങി പുറത്തിറങ്ങി.

തറവാടിന്‍റെ അകത്തളത്തുനിന്ന് മുറ്റത്തേക്ക് ഇറങ്ങിവന്ന ചിരിയുടെ അലകളാണ് എതിരേറ്റത്. പപ്പനമ്മാമനും ഇളയച്ഛനും എന്തോ പറഞ്ഞ് ചിരിക്കുകയാണ്. ഇത്ര നേരത്തെ പപ്പനമ്മാമന്‍ വരുന്ന പതിവില്ല. ഇന്ന് എന്താണാവോ വിശേഷം.

'' നീ എഴുന്നേറ്റിട്ടുണ്ടാവില്ല എന്നാ വിചാരിച്ചത്. മാമന്‍ നേരത്തെ തോര്‍ത്തും എടുത്ത് അമ്പലക്കുളത്തിലേക്ക് പോയി എന്ന് ഉണ്ണിക്കുട്ടന്‍ പറഞ്ഞിട്ടാ ഞാന്‍ അറിഞ്ഞത് '' വലിയമ്മ പറഞ്ഞു '' കുളിച്ചു തൊഴുകാന്‍ ഇന്ന് എന്താ വിശേഷിച്ച്  ''.

'' ഭാര്യയും മകനും വരുന്ന സന്തോഷം കൊണ്ടാവും. അല്ലാതെന്താ '' ചെറിയമ്മ അഭിപ്രായപ്പെട്ടു.

സത്യസ്ഥിതി ഇതല്ലല്ലോ. അതെങ്ങിനെ ഇവരോട് പറയും. കഴിഞ്ഞ രാത്രി അനിത പറഞ്ഞ കാര്യങ്ങള്‍ അത്ര സന്തോഷകരമല്ല. എന്തിന് മുന്‍കൂട്ടി അതെല്ലാം പറഞ്ഞ് ഇവരെക്കൂടി വിഷമിപ്പിക്കണം. അറിയുമ്പോള്‍ അറിഞ്ഞോട്ടെ. തല്‍ക്കാലം ഒന്നും പറയാതിരിക്കുന്നതാണ് ഭംഗി.

'' ഞാന്‍ ഈറന്‍ മാറിയിട്ടു വേഗം വരാം '' എന്നും പറഞ്ഞ് അകത്തേക്ക് നടന്നു.

വൈകീട്ട് അനിത വിളിച്ചപ്പോള്‍ എന്തോ പന്തികേട് ഉണ്ട് എന്ന് പറഞ്ഞിരുന്നു. രാത്രി വിളിച്ചപ്പോഴാണ് എല്ലാം വിശദമായി പറഞ്ഞത്. അനിയത്തി നാട്ടിലേക്ക് വരുന്നില്ല. വേണമെങ്കില്‍ അമ്മയുടെ ബെര്‍ത്ത്‌ഡേ മുംബെയില്‍വെച്ച് സെലിബ്രേറ്റ് ചെയ്യാം എന്നാണത്രേ അവളുടെ നിലപാട്. നാട്ടിലേക്ക് പോരുന്ന വഴിക്ക് ഏട്ടന്‍ മുംബെയില്‍ ഇറങ്ങി കാണാഞ്ഞതിലുള്ള പ്രതിഷേധമാണ് കാരണം. അമ്മ കുറെ പറഞ്ഞു നോക്കിയെങ്കിലും അവള്‍ ഒട്ടും വഴങ്ങിയില്ല. അച്ഛന്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ഇനി അതു മാത്രമേ അറിയാനുള്ളൂ.

വസ്ത്രം മാറി മറ്റുള്ളവരുടെ അടുത്തേക്ക് നടന്നു.

'' നീ വന്നിട്ട് ഭക്ഷണം കഴിക്കാമെന്ന് കരുതി ഇരുന്നതാ '' വലിയമ്മ പറഞ്ഞു.

'' പപ്പനമ്മാമന്‍ എപ്പോഴാ എത്തിയത് '' .

'' ഞാന്‍ പറഞ്ഞിട്ട് ഉണ്ണി ഓട്ടോറിക്ഷ വിളിച്ച് പോയി കൂട്ടീട്ട് വന്നതാണ് '' ഇളയച്ഛന്‍ പറഞ്ഞു '' ഗോപന്‍ ഇന്നലെ രാത്രി എത്തിയിട്ടുണ്ടത്രേ. ഗോപിക അമൃത എക്സ്‌പ്രസ്സില്‍  പോന്നിട്ടുണ്ട്. കുറച്ചു കഴിയുമ്പോഴേക്ക് അവളും എത്തും. അവരോട് സംസാരിക്കുമ്പോള്‍  വലിയമ്മാമനും  ഇരുന്നോട്ടെ എന്നു കരുതി ''.

'' എന്തോ തമാശ പറഞ്ഞ് ചിരിക്കുന്നത് കേട്ടൂ ''.

'' ഞങ്ങള്‍ ഓരോരുത്തരുടെ  മക്കളുടെ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ട് ഇരിക്കുകയായിരുന്നു '' വലിയമ്മ പറഞ്ഞു.

''ദീപൂന് പഴയ പോസ്റ്റ് മാഷ് സ്വാമിയെ ഓര്‍മ്മയുണ്ടോ '' പപ്പനമ്മാമന്‍ ചോദിച്ചു.

മകനെ ട്യൂഷന്‍ ക്ലാസ്സിലേക്ക് സൈക്കിളില്‍ കൊണ്ടു വന്നിരുന്ന അയാളെ മറന്നിട്ടില്ല. നെറ്റിയിലെ ചന്ദനക്കുറിയും രോമങ്ങള്‍  എഴുന്നേറ്റു നില്‍ക്കുന്ന ചെവികളില്‍ തിരുകിവെച്ച തെച്ചിപ്പൂക്കളും കണ്‍മുന്നില്‍ കാണുന്നുണ്ട്

 '' ഉവ്വ്. എനിക്കറിയാം ''.

'' അദ്ദേഹത്തിന്ന് ഒറ്റ മകനേയുള്ളൂ. ആ കുട്ടി പഠിച്ചു മിടുക്കനായി ഇപ്പോള്‍ അമേരിക്കയില്‍ എഞ്ചിനീയറാണ്. അച്ഛനേയും അമ്മയേയും അവന് ജീവനാണ്.. ഇടയ്ക്ക് അവരെ അങ്ങോട്ട് കൊണ്ടുപോകും. സ്വാമി സമ്മതിക്കാത്തതോണ്ടാ അവിടെ സ്ഥിരമായി ഇരുത്താത്തത്. കഴിഞ്ഞ കുംഭാഭിഷേകത്തിന്ന് പകുതി ചിലവ് എന്‍റെ വകയാണ് എന്ന് സ്വാമി ഗ്രാമക്കാരോട് പറഞ്ഞുവത്രേ. നിസ്സാര തുകയൊന്ന്വോല്ല. ലക്ഷക്കണക്കിന്ന് പൈസ വരും. ഒരുമടി കൂടാതെ മകന്‍ പണം അയച്ചുകൊടുത്തു. അങ്ങിനേയും മക്കളുണ്ട് ''.

'' പണത്തിനുവേണ്ടി അച്ഛനമ്മമാരെ ദ്രോഹിക്കുന്ന മക്കളില്ലേ '' വലിയമ്മ മറുവശം ചൂണ്ടിക്കാട്ടി.

'' ഇഷ്ടംപോലെയുണ്ട് '' പപ്പനമ്മാമന്‍ പറഞ്ഞു '' ഞാന്‍ ഒരാളുടെ കഥ പറയാം. പേരു പറയുന്നില്ല. കക്ഷി സര്‍ക്കാര്‍ സര്‍വ്വീസില്‍ ലാസ്റ്റ് ഗ്രേഡ് ആയിരുന്നു. കഷ്ടപ്പെട്ട് മക്കളെ പഠിപ്പിച്ചു. പെണ്‍കുട്ടികളെ കെട്ടിച്ചുവിട്ടു. ഒടുക്കം മക്കള് കാരണം അയാള്‍ക്ക്  മരിക്കേണ്ടി വന്നു ''.

എല്ലാവരും പപ്പനമ്മാമനെ നോക്കി.

'' ജോലിയില്‍ ഇരിക്കുമ്പോള്‍ എന്നും അയാള്‍ക്ക് കഷ്ടപ്പാടായിരുന്നു. പെന്‍ഷനായല്‍ സമാധാനം കിട്ടും എന്ന് കരുതി. ജോലീന്ന് പിരിഞ്ഞു വന്നപ്പോഴോ? മൂത്ത പെണ്ണിന്‍റെ കെട്ട്യോന്‍ മരിച്ചു. രണ്ടാമത്തോളെ ഭര്‍ത്താവ് മൊഴി ചൊല്ലി. രണ്ടുപേരും വീട്ടിലെത്തിയതോടെ എന്നും തമ്മില്‍ത്തല്ലായി. വന്ന പെണ്‍കുട്ടികളുടേയും സ്വന്തം പെണ്‍മക്കളുടേയും തല്ല് തീര്‍ക്കാനേ സമയം ഉള്ളൂ. ചെക്കന്മാര് വല്ലപ്പോഴും പണിക്ക് പോവും. അവരുടെ ആവശ്യങ്ങളും കുടുംബച്ചിലവും ആ സാധു വഹിക്കണം. അധികംവൈകാതെ എന്തോ കഴിച്ച് ഭാര്യ മരിച്ചു. പിന്നെയാണ് ശരിക്കുള്ള ദുരിതം ആരംഭിച്ചത്. ഇപ്പോഴത്തെ എ.ടി.എം. സംവിധാനമൊന്നും അയാള്‍ക്ക് അറിയില്ല. കാര്‍ഡ് മക്കള്‍ കൈക്കലാക്കി. പെന്‍ഷന്‍ കാശ് അവരെടുത്ത് ചിലവാക്കും. നേരിട്ട് ചോദിക്കാന്‍ വയ്യ. ആരോടെങ്കിലും പറഞ്ഞൂന്ന് അറിഞ്ഞാല്‍ മക്കള് തല്ലികൊല്ലും ഒടുവില്‍ ഒരു ചായക്കോ ഒരു കെട്ട് ബീഡിക്കോ ആരോടെങ്കിലും ഇരക്കണം എന്ന ഗതിയായി. മനസ്സ് മടുത്ത് അയാള്‍ വീടു വിട്ട് ഇറങ്ങി. ഏതോ നാട്ടില്‍ തീവണ്ടി തട്ടി മരിച്ചു എന്ന വിവരമാണ് പിന്നെ കേട്ടത് ''.


'. വല്ലാത്ത മക്കളന്നെ ''.

'' ഞാന്‍ ഈ പറഞ്ഞ രണ്ടു കൂട്ടരുണ്ടല്ലോ. രണ്ടും ഒരു പത്തു ശതമാനം ഉണ്ടെന്ന് കൂട്ടിക്കോളൂ. ബാക്കി മുഴുവന്‍ ഈ രണ്ടിന്‍റേയും ഇടയിലാണ്. ഗുണവും ദോഷവും കൂടിയും കുറഞ്ഞും  ഇരിക്കും എന്നു മാത്രം ''.

''.സംസാരിച്ചിരുന്ന് നേരം പോണൂ. എനിക്ക് ഇന്നും കൂടി സ്കൂളില്‍ പോവാനുണ്ട് ''.ചെറിയമ്മ ഇടപെട്ടു.

'' ഓ, അപ്പോള്‍ ഇന്ന് റിട്ടയര്‍മെന്‍റാണ് അല്ലേ. യാത്രയയപ്പിന്ന് എല്ലാരും പോണുണ്ടോ ''.

'' ആരും ഇല്ല എന്നാണ് പറയുന്നത് ''.

'' മാധവനും  പോണില്ലേ ''.

''. നല്ല ആളെ കണ്ടൂ. മാഷേട്ടന്‍ സ്വന്തം യാത്രയയപ്പിന്നും കൂടി നിന്നിട്ടില്ല ''.

'' എന്നെക്കൊണ്ട് വയ്യ ഇല്ലാത്ത ഗുണഗണങ്ങള് വര്‍ണ്ണിക്കുന്നത് കേള്‍ക്കാന്‍ '' ഇളയച്ഛന്‍ പറഞ്ഞു '' സര്‍വ്വീസില്‍ ഇരിക്കുമ്പോള്‍ തരം കിട്ടിയാല്‍ കുത്തും. ഇന്നലെ മൂന്നരയ്ക്ക് നോക്കുമ്പോള്‍  സുമിത്ര ടീച്ചറെ കാണാനില്ല. അറ്റന്‍ഡന്‍സ് ഒപ്പിട്ടിട്ടുണ്ട്, മുങ്ങി നടക്കാന്‍  എന്താ സാമര്‍ത്ഥ്യം എന്നോ, മേരി ടീച്ചറുടെ മകള്‍ക്ക് എന്തോ സെറ്റപ്പ് ഉണ്ട് എന്ന് കേട്ടൂ, എന്നാ ചാടി പോവുന്നത് ആവോ എന്നോ ഒക്കെ പറഞ്ഞിട്ട് സ്നേഹമയിയായ സുമിത്ര ടീച്ചറുടെ വിരമിക്കല്‍ ഉണ്ടാക്കുന്ന വിടവ് നികത്താനാവില്ല എന്ന് ഉളുപ്പില്ലാതെ വെച്ചു കാച്ചുന്നത് കേട്ടിരിക്കാന്‍  എന്നെക്കൊണ്ടാവില്ല ''.

'' വേഗം വന്ന് ആഹാരം കഴിക്കിന്‍. എന്നിട്ടു വേണം എനിക്ക് പോവാന്‍ '' ചെറിയമ്മ ധൃതി കൂട്ടി. എല്ലാവരും എഴുന്നേറ്റു.