Tuesday, December 31, 2013

അദ്ധ്യായം - 22.

ദിലീപ് മേനോൻ കയറിച്ചെല്ലുമ്പോൾ പപ്പനമ്മാമൻ ചാരുകസേലയിൽ നിലക്കടലയും കൊറിച്ചുകൊണ്ട് കിടപ്പാണ്. അരികിലായി നിലത്ത് കട്ടൻകാപ്പി നിറച്ച ചില്ലുഗ്ലാസുണ്ട്.

'' ഇന്നെന്താ ആഹാരം കഴിക്കാൻ വൈകിയത് '' അയാൾ ചോദിച്ചു.

'' ചെറുപയർ വറുത്ത്അരങ്ങിയതും പൊടിയരിയുംകൂടി കഞ്ഞിവെച്ചത് എട്ടുമണിയോടെ ഒരു വീട്ടിൽനിന്ന് എത്തിച്ചിരുന്നു. തേങ്ങാച്ചമ്മന്തിയും കൂട്ടി അത് കഴിച്ചു ''.

'' അതുശരി. ഒറ്റയ്ക്കിരുന്ന് മടുത്തപ്പോൾ കാപ്പിവെച്ചു കുടിച്ചതാണല്ലേ ''.

'' പത്തുപന്ത്രണ്ട് കുട്ടികൾ ഇത്രനേരം ഉണ്ടായിരുന്നു. അവർ പോയപ്പോൾ കട്ടൻകാപ്പി ഉണ്ടാക്കി. കുറച്ച് നിലക്കടല വറത്തതും എടുത്ത് ഇവിടെയിരുന്നു ''.

'' എന്തിനാ വെറുതെ ഇരുന്ന് ബോറടിക്കുന്നത്. ആ നേരത്ത് ടി.വി. കണ്ടൂടെ '' ദിലീപ് മേനോൻ ടി.വി. ഓണാക്കി. കാർട്ടൂൺ ചാനലാണ്.

'' എന്താ ഇതാണോ കണ്ടുകൊണ്ടിരുന്നത് '' അയാൾ ചോദിച്ചു.

'' ഞാൻ പറഞ്ഞില്ലേ. കുട്ടികൾ ഉണ്ടായിരുന്നു. അവർക്കുവേണ്ടി വെച്ചതാണ്. ഇതിൽ മനസ്സു വെച്ചിട്ട് അവരുടെ പഠിപ്പ് കളയാൻ പാടില്ലല്ലോ. അതുകൊണ്ട് എല്ലാവരോടും പോയി കുറെനേരം പഠിച്ചിട്ട് വരാൻ പറഞ്ഞു ''.

'' പപ്പനമ്മാമൻ എന്താ കാണാറ് ''.

'' ന്യൂസ് കാണും, പിന്നെ പഴയ ഹിന്ദി, തമിഴ്. മലയാളം സിനിമകളും. കുറെനേരം പാട്ട് കേട്ടിരിക്കും. ഇത് നോക്കിയിരുന്നാൽ സമയം പോണത് അറിയില്ല ''.

'' ആകെക്കൂടി സന്തോഷമായി അല്ലേ ''.

'' എന്താ സംശയം. നല്ല സന്തോഷം തോന്നുന്നുണ്ട്. സ്വപ്നത്തിൽ വിചാരിച്ചതാണോ ഇതൊക്കെ ''.

'' മനസ്സ് വെക്കാഞ്ഞിട്ടല്ലേ ഇത്രകാലം വൈകിയത്. ഒരു ടി.വി.വാങ്ങുന്നത് അത്രയേറെ പ്രയാസമുള്ള കാര്യമാണോ ''.

'' ഞാൻ ഉദ്ദേശിച്ചത് അതല്ല. എൻറെ ചെറുപ്പകാലത്ത് കേട്ടറിവില്ലാത്ത സാധനമാണ് ടി.വി. അത് കാണാനും ആസ്വദിക്കാനും കഴിയുക എന്നത് ഈ ജന്മത്തിൽ ലഭിച്ച ഒരു സൗഭാഗ്യമല്ലാതെന്താ ''.

'' എനിക്ക് ഓർമ്മവെച്ച കാലത്ത് കുറെ വീടുകളിൽ ടി.വി. ഉണ്ടായിരുന്നു. ഞായറാഴ്ച ദിവസങ്ങളിൽ രാമായണം സീരിയൽ കാണാൻ സ്കൂളിനടുത്തുള്ള വീട്ടിൽ പോകാറുണ്ട്. മഹാഭാരതം ആരംഭിക്കുമ്പോഴേക്ക് തറവാട്ടിൽ ഒരു ടി.വി. വാങ്ങിയിരുന്നു ''.

'' ഇതൊക്കെ ഇന്നാള് നടന്നത്. കൂടിവന്നാൽ ഒരു പത്തുമുപ്പത് കൊല്ലം ആയിട്ടുണ്ടാവും. അതിനു മുമ്പത്തെ അവസ്ഥ കേൾക്കണോ '' പപ്പനമ്മാമൻ ഗ്ലാസ്സിലുള്ള കട്ടൻ കാപ്പി ഒരുവലിക്ക് കുടിച്ചുതീർത്ത് പറയാൻ തുടങ്ങി '' എൻറെ കുട്ടിക്കാലത്ത് റേഡിയോ എന്ന സാധനത്തെക്കുറിച്ച് കേട്ടിട്ടും കൂടി ഉണ്ടായിരുന്നില്ല. പുനാങ്കിൽ നിന്ന് തിരിച്ചുവന്ന ഒരു പ്രമാണിയുടെ വീട്ടിൽവെച്ചാണ് ഞാൻ ആദ്യമായി റേഡിയോ കാണുന്നത്. അതിൻറെ മാജിക്ക് ഐയുടെ പ്രകാശം അത്ഭുതത്തോടെ നോക്കി നിന്നത് ഇപ്പോഴും മനസ്സിലുണ്ട്. അന്നൊക്കെ റേഡിയോ ഉപയോഗിക്കണമെങ്കിൽ ലൈസൻസ് വേണം. ലൈസൻസ് ഫീസ് പതിനഞ്ച് ഉറുപ്പികയാണെന്നാണ് എൻറെ ഓർമ്മ. ആ തുക പോസ്റ്റ് ഓഫീസിൽ അടയ്ക്കണം. ഇല്ലെങ്കിൽ കേസ്സെടുക്കും ''.

'' എനിക്കതൊന്നും അറിയില്ല ''.

'' അതിന് ദീപു ജനിക്കുമ്പോഴേക്കും ലൈസൻസ് സമ്പ്രദായം നിർത്തലാക്കിയല്ലോ ''.

'' ഒരു കൂട്ടുകാരൻറെ വീട്ടിൽ പഴയൊരു റേഡിയോ സൂക്ഷിച്ചുവെച്ചത് ഞാൻ കണ്ടിട്ടുണ്ട്. എന്താ അതിൻറെ വലുപ്പം ''.

'' ആദ്യ കാലത്തേത് വലിയ വാൾവുകളുള്ള റേഡിയോകളായിരുന്നു. ഒക്ടൽ. നോവൽ, റിംലോക്ക് എന്നിങ്ങനെ പലതരം വാൾവുകളുണ്ട്. പിന്നെ മിനിയേച്ചർ വാൾവുകളായി. EL 84, EZ 80, UL 41 എന്നിങ്ങിനെ ഓരോ നമ്പറാണ് വാൾവുകൾക്ക് ഉണ്ടായിരുന്നത്. അതു കഴിഞ്ഞാണ് ട്രാൻസിസ്റ്റർ വന്നത് ''.

'' പപ്പനമ്മാമന്ന് ഇതൊക്കെ എങ്ങിനേയാ അറിയുന്നത് ''.

'' പട്ടാളത്തിൽനിന്ന് പിരിഞ്ഞുവന്ന ഒരു കുറുപ്പുണ്ടായിരുന്നു. റേഡിയോമെക്കാനിക്കാണ്   അയാൾ. ആ കക്ഷി അങ്ങാടിയിൽ മുറി വാടകയ്ക്കെടുത്ത് റേഡിയോ നന്നാക്കാനൊരു കട തുടങ്ങി. ചിലപ്പോൾ ഞാൻ അവിടെ ചെന്നിരിക്കും. അയാളിൽ നിന്ന് പഠിച്ചതാണ് ഇതെല്ലാം ''.

'' റേഡിയോ നന്നാക്കാൻ പഠിച്ചോ ''.

'' ഏയ്. അതിനെവിടെ നേരം. അയാളുടെ കയ്യിലുള്ള പുസ്തകം നോക്കി ഒരിക്കൽ ഒരു ട്രാൻസിസ്റ്റർ ഉണ്ടാക്കിയിട്ടുണ്ട് ''.

'' ആഹാ. അതുകൊള്ളാമല്ലോ ''.

'' ആറ് ട്രാൻസിസ്റ്റർ വെച്ച ഒരു സർക്യൂട്ടാണ് ചെയ്തത്. ഒരു ദിവസം ട്രെയിനിൽ കേറി കൊയമ്പത്തൂരിൽ ചെന്നു. ഒപ്പനക്കാര തെരുവിൽ സ്പെയർ പാർട്ട്സ് വിൽക്കുന്ന ഒരു കടയുണ്ട്. അവിടെനിന്ന് സാധനങ്ങൾ വാങ്ങി. വലിയൊരു സോപ്പുപെട്ടിയിലാണ് അത് അസംബിൾ ചെയ്തത് ''.

'' എന്നിട്ട് ആ സാധനം വർക്ക് ചെയ്തോ ''.

'' ഉവ്വ്. ഒരു ഹിന്ദി പാട്ടാണ് ആദ്യമായി അതിൽനിന്ന് പുറത്തുവന്നത്. അതു കേട്ടപ്പോൾ മനസ്സിലുണ്ടായ സന്തോഷം പറയാൻ പറ്റില്ല ''.

'' സത്യം പറയാലോ, പപ്പനമ്മാമൻ ആളൊരു സംഭവമാണ് ''.

'' അങ്ങിനെയൊന്നും പറയണ്ട്. ഓരോകാലത്ത് ഓരോന്നിനോട് കമ്പം തോന്നും. കുറച്ചു കഴിഞ്ഞാൽ അത് മടുക്കും, അല്ലെങ്കിലോ വേറെ എന്തിനോടെങ്കിലും താൽപ്പര്യം വരും. അതോടെ ആദ്യത്തേത് വിടും ''.

'' ട്രാൻസിസ്റ്റർ വന്നപ്പോൾ ആളുകൾക്ക് അതിനോട് ക്രെയ്സായിരിക്കും അല്ലേ ''.

'' പിന്നെന്താ. ചില അൽപ്പന്മാർ ട്രാൻസിസ്റ്ററും തൂക്കിപ്പിടിച്ച് വഴിനീളെ പാട്ടുംകേട്ടോണ്ട് നടക്കും. അതൊക്കെ ഒരു കാലം ''.

'' ടി.വി. വന്നതോ ''.

'' ഒരിക്കൽ എന്തോ ആവശ്യത്തിന് മദിരാശിവരെ പോവേണ്ടിവന്നു. കുറെ അങ്ങോട്ട് ചെന്നപ്പോൾ കെട്ടിടങ്ങളുടെ മുകളിൽ അലുമിനിയംകൊണ്ട് പക്ഷിയുടെ അസ്ഥികൂടം മാതിരി എന്തോ വെച്ചത്കണ്ടു. എന്താ സാധനം എന്ന് എനിക്കൊട്ട് മനസ്സിലായതുമില്ല. അടുത്തിരുന്ന ആളോട് ചോദിച്ചപ്പോഴാണ് അത് ടെലിവിഷൻറെ ആൻറിനയാണെന്ന്  അറിയുന്നത്. പിന്നേയും പത്തോ പതിനഞ്ചോ കൊല്ലം കഴിഞ്ഞിട്ടാണ് നമ്മുടെ നാട്ടിൽ ടി.വി. എത്തിയത് ''.

'' വല്ലാത്ത മാറ്റം വന്നതുപോലെ തോന്നുന്നു അല്ലേ ''.

'' നീശ്ചയമായും തോന്നുന്നുണ്ട്. ശാസ്ത്രത്തിൻറെ കുതിച്ചുചാട്ടം ഏറെ പ്രകടമാവുന്നത് വാർത്താവിനിമയരംഗത്തു തന്നെ. ടെലഫോണിൻറെ കാര്യം ചിന്തിച്ച് നോക്കിയാലോ. അമ്പതുകൊല്ലം മുമ്പ് നമ്മുടെ നാട്ടില് മൂന്നോ നാലോ വീട്ടിലേ ഫോണുണ്ടായിരുന്നുള്ളൂ. പാലക്കാട്ടേക്ക് വിളിക്കണച്ചാൽ ട്രങ്ക് ബുക്ക്ചെയ്യണം. ബസ്സിൽ അവിടെപോയി കാര്യം നടത്തി വന്നാലും ഫോൺ ബുക്ക് ചെയ്തത് കിട്ടില്ല. പിന്നെയാണ് ഓട്ടോമാറ്റിക്ക് c- dot എക്സ്ചേഞ്ചുകൾ വരുന്നത്. ഇപ്പോൾ വയർലെസ്സ് ഫോണുകളും മൊബൈലുകളുമായി ''.

'' വേറെ എന്തെങ്കിലും ഓർമ്മ തോന്നുന്നുണ്ടോ ''.

'' ഹാം റേഡിയോ എന്നൊരു ഏർപ്പാട് ഉണ്ട്. അമേച്ച്വർ റേഡിയോ ഓപ്പറേറ്റർമാർക്ക് അന്യോന്യം സന്ദേശങ്ങളയക്കാനും സംഭാഷണം നടത്താനും ഉള്ള സംവിധാനമാണ് അത്. അതിനും ലൈസൻസ് വേണം. ഒരു ടെസ്റ്റ് പാസ്സായാലേ ലൈസൻസ് കിട്ടുള്ളു. ഫിസിക്സും മോഴ്സ്കോഡും ആണ് ടെസ്റ്റിനുള്ള വിഷയങ്ങൾ ''.

'' പപ്പനമ്മാമൻ ഹാം ലൈസൻസ് എടുത്തിട്ടുണ്ടോ ''.

'' ഹേയ്. ഇല്ല. നേരത്തെ പറഞ്ഞ കുറുപ്പിന്ന് ഉണ്ടായിരുന്നു. അതിനുവേണ്ട വയർലെസ്സ് സെറ്റ് അയാൾതന്നെ ഉണ്ടാക്കിയതാണ് ''.

'' സത്യം പറഞ്ഞാൽ എന്തൊക്കയോ പുതിയ കാര്യങ്ങൾ ഇന്ന് പഠിക്കാനായി ''.

മുറ്റത്ത് കുട്ടികളുടെ ശബ്ദം കേൾക്കാനുണ്ട്. ടി.വി. കാണാൻ വന്നതാവണം.

'' കുട്ടികള് വന്നൂന്ന് തോന്നുന്നു '' പപ്പനമ്മാമൻ പറഞ്ഞു '' അവരിരുന്ന് ടി.വി.കണ്ടോട്ടെ. നമുക്ക് പുറത്തിരുന്ന് സംസാരിക്കാം ''.

ടി.വി.ഓൺ ചെയ്ത് പുറത്തേക്കിറങ്ങി, കുട്ടികൾ അകത്തേക്കും.
      

Wednesday, December 11, 2013

അദ്ധ്യായം - 21.


'' നീ ഇപ്പൊ പുറത്തേക്ക് വരണ്ടാ. ഇവിടെത്തന്നെ കിടന്നോ '' വാതിൽക്കൽ വന്നുനിന്ന് വലിയമ്മ പറഞ്ഞു. ദിലീപ് മേനോന് അമ്പരപ്പാണ് തോന്നിയത്.

'' എന്താ വലിയമ്മേ '' അയാൾ കിടക്കയിൽ നിന്ന് എഴുന്നേറ്റു. പ്രാതൽ കഴിഞ്ഞ് ന്യൂസ് പേപ്പറുമായി മുറിയിലേക്ക് ചെന്നതാണ് അയാൾ. ജനലോരം ചേർന്ന് കട്ടിലിൽ കിടന്ന് പത്രം വായിക്കുന്നതാണ് രീതി.

'' അതേ. കാവിലെ പാട്ടുതാലപ്പൊലിക്ക് പിരിവിന് വരുന്നുണ്ട്. നിന്നെ കണ്ടാൽ അവർ എന്തെങ്കിലും ചിലവ് ചെയ്യിക്കും ''.

'' അതിനെന്താ. എന്താ ചോദിക്കുന്നത് എന്നുവെച്ചാൽ കൊടുക്കാം ''.

'' എനിക്ക് അതറിയാം. അതാണ് വരണ്ടാ എന്നു പറഞ്ഞത് ''. വലിയമ്മ വാതിൽ ചാരി പുറത്തേക്ക് പോയി.

മുറ്റത്തുനിന്ന് സംഭാഷണം കേൾക്കുന്നുണ്ട്. പിരിവുകാരും വലിയമ്മയും പിരിവിനെപ്പറ്റി സംസാരിക്കുകയാണ്.

'' ഇക്കുറി പൂർവ്വാധികം ഗംഭീരമാക്കാനാണ് ഉദ്ദേശം '' ആരോ പറയുകയാണ് '' പിന്നെ ചിലവിൻറെ കാര്യം പറയണ്ടല്ലോ. ആനയ്ക്കും തായമ്പകക്കാർക്കും ചോദിച്ച സംഖ്യ കൊടുക്കണം. അവരെ കുറ്റം പറയാൻ പറ്റില്ല. കൊടുക്കാൻ വേറെ ആളുണ്ട് ''.

'' എന്തിനാ ഇത്ര കഷ്ടപ്പെട്ട് കഴിക്കുന്നത്. ഉള്ളതോണ്ട് ചെയ്താൽ പോരേ ''.

'' നല്ല കാര്യായി. ഇത്തിരി മോശമായാൽ മതി. നൂറു കുറ്റം പറയാൻ ആളുണ്ടാവും. പന്തല് പോരാ, ആനയ്ക്ക് പൊക്കം കമ്മി, തായമ്പക മോശം, വെടിക്കെട്ട് ഉഷാറായില്ല എന്നു വേണ്ടാ തൊട്ടതിനും പിടിച്ചതിനും കുറവ് കാണും ''.

'' എന്നാൽ പറയുന്ന ആളുകള് ചിലവാക്കട്ടെ. വെറുതെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കണോ ''.

'' ടീച്ചർക്ക് എന്താ അത്രയ്ക്ക് പ്രാരബ്ധം. പെൻഷനില്ലേ ''.

'' അതുശരി. സംഭാവന കൊടുക്കാനാണോ പെൻഷൻ തരുന്നത്. നൂറുകൂട്ടം ചിലവുകൾ ഒരു വീടായാലുണ്ടാവും. അതൊന്നും പറഞ്ഞു നടക്കുന്നില്ല എന്നേയുള്ളു ''.

'' വലിയ തറവാടല്ലേ ഇത്. അതിന് യോജിച്ച മട്ടിൽ തരിൻ ''.

അലമാറ തുറക്കുന്ന ശബ്ദം കേട്ടു. വലിയമ്മ പണം എടുക്കുകയാവും.

'' ഇത് മതിയോ '' പണം വാങ്ങിയ ആളാവും അത്.

'' തൽക്കാലം ഇതോണ്ട് തൃപ്തിപ്പെടിൻ. ഉണ്ടാവുന്ന കാലത്ത് കൈ നിറയെ തരാം ''.

'' ഇതേതാ കാറ് '' വേറൊരു ശബ്ദമാണ് അത്.

'' സുശീലടെ മകൻ വന്നിട്ടുണ്ട്. അവൻ കൊണ്ടു വന്നതാ ''.

'' എന്നിട്ട് ആളെവിടെ. കണ്ടാൽ പഞ്ചവാദ്യം അദ്ദേഹത്തെക്കൊണ്ട് സ്പൊൺസർ ചെയ്യിക്കായിരുന്നു ''.

'' അവൻ ബിസിനസ്സ് കാര്യായിട്ട് ബാംഗ്ലൂരിലേക്ക് പോയി. മടങ്ങി വരാൻ ഒരു മാസം കഴിയും ''.

വലിയമ്മ എത്ര ഭംഗിയായി നുണ പറയുന്നു. ദിലീപ് മേനോൻറെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. ഉമ്മറത്തെ വാതിൽ അടയ്ക്കുന്ന ശബ്ദം കേട്ടു. പിരിവുകാർ പോയിട്ടുണ്ടാവും.

'' ഒരു വിധത്തിൽ അവരെ പറഞ്ഞയച്ചു '' വലിയമ്മ അടുത്തെത്തി.

'' എല്ലാം ഞാൻ കേട്ടു. ബാംഗ്ലൂരിലേക്ക് പോയി എന്നു പറഞ്ഞിട്ട് ആരെങ്കിലും എന്നെ കണ്ടാലോ ''.

'' അതിനെന്താ. പോയ കാര്യം പെട്ടെന്ന് തിർന്നു. ഇന്നു രാവിലെ തിരിച്ചെത്തി എന്നു പറഞ്ഞാൽ അല്ലാന്ന് തെളിയിക്കാൻ അവർ മിനക്കെട്വോ ''.

'' താലപ്പൊലിക്ക് ആനയെ കൊണ്ടുവരാൻ എന്താവും ''.

'' എന്താ. നിനക്ക് അതിനുള്ള ഉദ്ദേശം ഉണ്ടോ ''.

'' ഏയ്. ഇല്ല. അറിയാൻ വേണ്ടി ചോദിച്ചതാണ് ''.

'' അമ്പതിനായിരം ഒരു ലക്ഷം എന്നൊക്കെ കേൾക്കുന്നുണ്ട്. ആനടെ തരാതരംപോലെ കൊടുക്കേണ്ടി വരും ''.

'' എന്തൊക്കെ പരിപാടികളാണ് ഇക്കൊല്ലം ''.

'' നോട്ടീസ് തന്നിട്ടുണ്ട്. ഞാൻ വായിച്ചു നോക്കിയില്ല. പിന്നെ പരിപാടിക്കൊന്നും ഞാൻ പോവാറില്ല. ഉച്ചപൂജയ്ക്ക് ചെന്ന് തൊഴുകും. സന്ധ്യക്ക് ദീപാരധന തൊഴാനും പോവും ''.

'' ഒന്നും കാണുകയും കേൾക്കുകയും വേണ്ടേ ''.

'' എൻറെ കുട്ടിക്കാലത്ത് ഹരികഥ ഉണ്ടാവും. ചില ദിവസം ഭജനകളാവും. ഒരു ദിവസം കഥകളി. പിന്നെ അതു മാറി. ഓട്ടൻ തുള്ളല്. കഥാപ്രസംഗം, ബാലെ, ഭക്തി ഗാനമേള ഒക്കെയായി. ഇപ്പോൾ സിനിമാറ്റിക്ക് ഡാൻസും ഗാനമേളയും തന്നെ പ്രധാനം. എനിക്ക് ആ വലിയ സ്പീക്കറിൽ കൂടിയുള്ള നിലവിളി കേട്ടാൽ തലവേദന വരും. പാട്ടാണത്രേ പാട്ട്. കൂക്കി നിലവിളിക്കുന്നതിനെ പാട്ട് എന്ന് പറയാനാവ്വോ ''.

'' വലിയമ്മേ, കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളല്ലേ ഇതൊക്കെ ''.

'' ഉവ്വ്. സമ്മതിച്ചു. എന്നാലും ഇത്ര മാറ്റം ഉണ്ടാവ്വോ '' വലിയമ്മ പഴയ കാലത്തിലേക്ക് മനസ്സ് തിരിക്കുകയാണ്.

'' അതൊരു കാലം. ഒരാഴ്ചമുമ്പേ പൂതനും തിറയും വീടുവീടാന്തരം എത്തും. അവർക്ക് നെല്ലും പണവും മതി. പിന്നെ നായാടിയും പാമ്പൂതനും വരും. അവർക്ക് പഴയ മുണ്ടും ഷർട്ടും ഒക്കെ വേണം. നെല്ലും പണവും കൊടുത്താലൊന്നും പോവില്ല. മുറ്റത്തുതന്നെ നിൽക്കും. തുണികൾ കിട്ടിയിട്ടേ പോവൂ ''.

'' ഇപ്പോൾ പൂതനൊന്നും വരാറില്ലെ ''.

'' ഉവ്വ്. എല്ലാവർക്കും പണംമതി. അതാവുമ്പൊ ഷാപ്പിൽ കൊടുക്കാൻ എളുപ്പാണല്ലോ ''.

'' വലിയമ്മ കുട്ടിക്കാലത്ത് താലപ്പൊലിക്ക് പോവാറില്ലേ ''.

'' പിന്നല്ലാതെ. അന്ന് അതൊക്കെ അല്ലേ സന്തോഷം. പെണ്ണുങ്ങള് കുളിച്ച് സാരിയോ മുണ്ടും വേഷ്ടിയോ ഉടുത്ത് മുടിയിൽ പൂ ചൂടി അണിഞ്ഞൊരുങ്ങി എത്തും. താലത്തിൽ കത്തിച്ചുവെച്ച ചിരാതുമായി അവർ വരിയായി നിൽക്കുന്നതുതന്നെ ഒരു കാഴ്ചയാണ്.  നാട്ടിലെ പ്രമാണികളായ ആണുങ്ങൾ നല്ല കരയുള്ള മുണ്ടുടുത്ത് തോളിലൂടെ വേഷ്ടി പുതച്ച് നിൽക്കും. വെളിച്ചപ്പാട് അവർക്കാണ് ആദ്യം കൽപ്പന കൊടുക്കാറ് ''.

'' എങ്ങിനേയാ ഇതൊക്കെ ഇപ്പോഴും ഓർമ്മിക്കുന്നത് ''.

'' മനുഷ്യന് ഒരു ഗുണമുണ്ട് ദീപൂ. അതികൂടാതെ വേദനിപ്പിച്ചതും സന്തോഷംതന്നതുമായ കാര്യങ്ങളൊന്നും മറക്കാൻ കഴിയില്ല. അങ്ങിനെ മനസ്സിൽ ഇപ്പോഴുമുള്ള ഒരു സംഗതി പറയാം. ആ കാലത്ത് നാണിക്കുട്ടിയുണ്ടായിരുന്നു. അവളെ കണ്ടാൽ പെണ്ണുങ്ങള് കൂടി മോഹിക്കും. അത്ര ഭംഗിയാണ് ആ പെണ്ണിന്. അതന്യാണ് അവൾക്ക് ആപത്തായതും ''.

'' അവർക്ക് എന്താ സംഭവിച്ചത് ''.

'' ആരോ പറഞ്ഞ് പറ്റിച്ചു വയറ്റിലുണ്ടാക്കി. പത്തമ്പത്തഞ്ച് കൊല്ലം മുമ്പുള്ള കാലമല്ലേ. അന്ന് എളുപ്പത്തിൽ അലസിപ്പിക്കാനൊന്നും പറ്റില്ല. നാലഞ്ചു മാസം അവളത് ഒതുക്കി വെച്ചു. പിന്നെ ഒരു ദിവസം ആരും ഇല്ലാത്ത നേരം നോക്കി വീടിൻറെ ഉത്തരത്തിൽ കെട്ടിത്തൂങ്ങി. ഇന്നും അവളുടെ മുഖം എൻറെ മനസ്സിന്ന് പോയിട്ടില്ല ''.

'' കഷ്ടമായി ''.

'' അന്നും ഇന്നും ഒരു കാര്യം ഒരുപോലെയാണ്. എന്തെങ്കിലും അബദ്ധം പിണഞ്ഞാൽ കുറ്റം പെണ്ണിനാണ്. പുരുഷൻ തടി തപ്പും ''.

'' പിന്നെയെന്തൊക്കെ ഓർമ്മയുണ്ട് ''.

'' ധാരാളം ആളുകള് താലപ്പൊലിക്ക് എത്തും. അമ്പലപറമ്പില് നിൽക്കാൻ ഇടം കിട്ടില്ല. ബലൂണും പീപ്പയും വിൽക്കുന്നവർ, മിഠായി തട്ടുകാർ. കൈനോക്കി ഫലം പറയുന്നവർ, മുച്ചീട്ടുകളിക്കാർ അങ്ങിനെ ഒരു കൂട്ടം. പറമ്പിൻറെ ഒരു ഓരത്ത് യന്ത്ര ഉഴിഞ്ഞാലാണ്. മരംകൊണ്ട് ഉണ്ടാക്കിയ അതിൽ രണ്ടോ മൂന്നോ ആളുകൾക്ക് കയറാൻ പറ്റുന്ന നാല് പെട്ടികളുണ്ടാവും. കാലണ കൊടുക്കണം അതിൽ കയറാൻ ''.

'' വലിയമ്മ അതില് കേറീട്ടുണ്ടോ ''.

'' നല്ല കഥ. തറവാട്ടിൽപിറന്ന പെൺകുട്ടികളൊന്നും അതിൽ കേറില്ല. നമ്മുടെ വീട്ടിന്ന് ആരേയും കയറാൻ സമ്മതിക്കാറില്ല. ഒരിക്കൽ കുഞ്ഞുണ്ണ്യേട്ടൻ വീട്ടുകാർ  അറിയാതെ അതില് കയറി. അന്ന് അമ്മ ഒരു ചൂരല് മുറിയുന്നതുവരെ ഏട്ടനെ തല്ലി ''.

'' അന്നും ആരു പറഞ്ഞാലും കേൾക്കാത്ത ആളായിരുന്നു അല്ലേ ''.

'' ചൊട്ട മുതൽക്കുള്ള ശീലം തന്നെ ഇപ്പോഴും ഉള്ളത്. സകല ആളുകളേയും വെറുപ്പിക്കും. താൻ പിടിച്ച മുയലിന്ന് മൂന്നു കൊമ്പ് എന്നതാണ് പ്രകൃതം. എന്തായാലും നീ ഇന്നലെ പോയി കണ്ടത് നന്നായി. ഇല്ലെങ്കിൽ നിന്നോടുള്ള ദേഷ്യം മനസ്സിൽ സൂക്ഷിക്കും. ഒരു പക്ഷെ മുകുന്ദേട്ടൻ അതിൽ കേറി വല്ലതും പറഞ്ഞാൽ സുശീലടെ ഷഷ്ടിപൂർത്തിക്ക് ഏട്ടൻ വരില്ല. ആകെക്കൂടി അഭംഗിയാവും ചെയ്യും. അത് കൂടാതെ കഴിഞ്ഞു ''.

'' ഒരു ചായ വേണം ''.

'' അയ്യോ. സാമ്പാറിന്ന് പരിപ്പ് അടുപ്പത്തിട്ട് വന്നതാ. അടിപിടിച്ചിട്ടുണ്ടാവും '' വലിയമ്മ എഴുന്നേറ്റ് ധൃതിയിൽ നടന്നു.

Sunday, December 8, 2013

അദ്ധ്യായം - 20.

ദിലീപ് മേനോൻ റൂം നമ്പർ106 ൻറെ വാതിൽക്കൽ ഒരുനിമിഷം മടിച്ചുനിന്നു. അകത്ത് കുഞ്ഞുണ്ണിമാമയെ കാണാൻവന്ന ആരെങ്കിലും ഉണ്ടാവുമോ? അപരിചിതരുടെ മുന്നിൽ വെച്ച് അദ്ദേഹം തന്നോട് തട്ടികയറിയാൽ എന്താ ചെയ്യുക. ആരേയും അറിയിക്കാതെ തിരിച്ചുപോവുന്നതാവും നല്ലത്. പെട്ടെന്ന് പപ്പനമ്മാമനെ ഓർമ്മവന്നു. അദ്ദേഹം കൂടെ വരാമെന്ന് പറഞ്ഞതാണ്. അങ്ങിനെ ചെയ്താൽ മതിയായിരുന്നു. കുഞ്ഞുണ്ണിമാമയെ കാണാതെ തിരിച്ചുപോയാൽ അദ്ദേഹം ചോദിക്കുമ്പോൾ എന്താണ് പറയുക. വരുന്നത് വരട്ടെ. വാതിൽക്കൽ മെല്ലെ മുട്ടി.

വാതിൽ തുറന്നത് അമ്മായിയാണ്. തീരെ പ്രതീക്ഷിക്കാതെ എത്തിയതിനാലാവും ആ മുഖത്ത് ഒരു അമ്പരപ്പ്.

'' വാ '' അവർ ക്ഷണിച്ചു.

അകത്ത് മറ്റാരും ഇല്ല. സമാധാനമായി. ഇനി എന്തു വേണമെങ്കിലും സംഭവിച്ചോട്ടെ. കുഞ്ഞുണ്ണിമാമ ശകാരിക്കുകയോ രണ്ടു തല്ലുകയോ ചെയ്താലും വിരോധമില്ല.

'' താൻ ഇവിടെ ഇരിയ്ക്കടോ '' കുഞ്ഞുണ്ണിമാമ കട്ടിലിൻറെ ഓരത്തിരിക്കാൻ ക്ഷണിച്ചു.  നല്ലകാലം. ദേഷ്യപ്പെട്ടില്ലല്ലോ. പറഞ്ഞതുപോലെ ചെയ്തു.

'' ഞാൻ ഇവിടെയുള്ള കാര്യം എങ്ങിനെയാ അറിഞ്ഞത് ''.

'' ഇന്നലെ രാത്രി ചെറിയച്ഛൻ പറഞ്ഞ് അറിഞ്ഞതാണ്. രാവിലെ ഞാൻ വീട്ടിൽചെന്നു. പണിക്കാരനാണ് ഇവിടെയുള്ള കാര്യം പറഞ്ഞത് ''.

'' ഓ, അതുശരി. വിവരം എല്ലാവരും അറിഞ്ഞല്ലോ. എന്നിട്ട് ഒരെണ്ണം എഴുന്നള്ളിയോ. ഇല്ല. അതെങ്ങിനെ. സർവ്വ എണ്ണത്തിനും ഞാനല്ലേ ശത്രു ''.

'' അങ്ങിനെ കരുതണ്ടാ. അവരൊക്കെ വരും ''.

'' വന്നാലും വന്നില്ലെങ്കിലും താൻ വന്നല്ലോ. എനിക്ക് സന്തോഷായി ''.

'' കുഞ്ഞുണ്ണിമാമയ്ക്ക് എന്തെങ്കിലും പറ്റീന്ന് കേട്ടാൽ എനിക്ക് കേട്ടില്ല എന്നുവെക്കാൻ ആവില്ല ''.

'' താൻ നല്ലവനാണ്. വാസ്തവം പറഞ്ഞാൽ തന്നെ ഞാൻ തെറ്റിദ്ധരിച്ചു ''.

'' എന്താ അത് ''.

'' താൻ ആളെ വിട്ട് തല്ലിച്ചതാവും എന്നാ ആദ്യം കരുതിയത്. തനിക്ക് അതിന് ആവില്ല എന്ന് പിന്നീട് തോന്നി. ഇപ്പോൾ താനല്ല ചെയ്യിച്ചത് എന്ന് ഉറപ്പായി ''.

'' കുഞ്ഞുണ്ണിമാമ ചീത്ത പറഞ്ഞപ്പോൾ സങ്കടം തോന്നി എന്നത് നേരാണ്. പക്ഷെ ആരോ കയ്യേറ്റം ചെയ്തു എന്നു കേട്ടപ്പോൾ എനിക്ക് സഹിക്കാനായില്ല ''.

'' എനിക്ക് കുറെയധികം ശത്രുക്കളുണ്ട്. കാര്യം ഉണ്ടായിട്ടൊന്നും അല്ല. ഞാൻ നന്നായിട്ട് ജീവിക്കുന്നതിലുള്ള അസൂയയാ എല്ലാറ്റിനും. കാക്ക തിന്നുന്നത് കോഴിക്ക് കണ്ടൂടാ എന്ന് കേട്ടിട്ടില്ലേ. അതന്നെ സംഗതി ''.

'' അപ്പോൾ മുമ്പും ഇതുപോലെ ഉണ്ടായിട്ടുണ്ടോ ''.

'' ദേഹോപദ്രവം ഉണ്ടായിട്ടില്ല. ആളില്ലാത്ത നേരത്ത് മതില് ചാടിക്കടന്ന് പൂച്ചട്ടികൾ എറിഞ്ഞുടയ്ക്കുക, ജനലിൻറെ ചില്ല് പൊട്ടിക്കുക, പുറത്ത് ഉണങ്ങാനിട്ട തുണികൾ കീറുക ഒക്കെ ചെയ്തിട്ടുണ്ട്. ഒരിക്കൽ കുടിവെള്ളം മുടക്കാൻ വേണ്ടി കിണറിൽ ചത്ത നായിനെ കൊണ്ടുവന്ന് ഇട്ടിട്ടുമുണ്ട്. ഈ ജാതി പണികൾ ചെയ്താൽ ഞാൻ പേടിച്ച് നാട്ടിൽ നിന്ന് പോവുംന്ന് കരുതീട്ടുണ്ടാവും. അതിന് വേറെ ആളെ നോക്കണം ''.

'' കഴിയുന്നതും ഒരാളോടും വാക്കുതർക്കത്തിനൊന്നും പോകരുത് എന്ന് ഞാൻ പടിപ്പടി പറഞ്ഞു കൊടുക്കും.കേൾക്കണ്ടേ '' അമ്മായി പരിഭവം പറഞ്ഞു '' നോക്ക്, നിൻറടുത്ത് ലഹളയ്ക്ക് നിൽക്കണ്ട വല്ല കാര്യൂണ്ടോ. ഈ വയസ്സാൻ കാലത്ത് ഭൂമി വാങ്ങി കൂട്ടീട്ട് എന്ത് ചെയ്യാൻ പോവ്വാണാവോ ''.

'' മിണ്ടാതെ ഒരിടത്ത് മൂടിക്കൊണ്ടിരുന്നോ. ഞാൻ എന്തെങ്കിലും ഉണ്ടാക്കുന്നുണ്ടെങ്കിൽ അത് നിനക്കും മക്കൾക്കും വേണ്ടിത്തന്നെയാണ്. അല്ലാതെ എൻറെ കുടുംബക്കാർക്ക് വേണ്ടീട്ടല്ല ''.

'' നിങ്ങള് എന്തോ ചെയ്തോളിൻ. ഞാൻ പറയാൻ വരുന്നില്ല '' അമ്മായി ഒതുങ്ങി.

'' നോക്ക് ദീപൂ. മക്കള് രണ്ടേ ഉള്ളൂച്ചാലും അവരെക്കൊണ്ടുള്ള വേവലാതിയാണ് എന്നും. ഒരുത്തിയുള്ളതിനെ കെട്ടിച്ചുവിട്ടു. ആ മരുമകൻ ഒരു വസ്തൂന്ന് കയ്യിലാവാത്തവനായി. ചിലവിന്ന് ഞാൻ അയച്ചുകൊടുക്കണം. മകനുള്ളത് പത്ത് രൂപ കിട്ടിയാൽ പതിനഞ്ച് ചിലവാക്കുന്ന സാധനം. അപ്പോൾ ഞാൻ വേണ്ടേ എന്തെങ്കിലും ഉണ്ടാക്കി വെക്കാൻ ''.

'' കുഞ്ഞുണ്ണിമാമ വിഷമിക്കണ്ടാ. എന്ത് പ്രയാസം ഉണ്ടെങ്കിലും എന്നെ അറിയിക്കണം. എന്നെക്കൊണ്ട് ആവുന്നതൊക്കെ ഞാൻ ചെയ്യാം ''.

'' ഒന്നും വേണ്ടാടോ. താൻ ഈ പറഞ്ഞില്ലേ. അതന്നെ ധാരാളം. പിന്നെ ഒരു കാര്യം. ഞാൻ ഇന്നലെ പറഞ്ഞത് താൻ മനസ്സില് വെക്കണ്ടാ. അങ്ങിനെ ഉണ്ടായില്ല എന്ന് കരുതിക്കോളൂ ''.

'' ഞാനത് അപ്പോഴേ മറന്നു ''.

'' എന്നാൽ പൊയ്ക്കോ. ഡോക്ടറ് വരുന്ന നേരായി. വലത്തെ കയ്യിന് ഒരു വേദനയേ ഉള്ളൂ. കാര്യമാക്കാനില്ല. എങ്ങിനെയെങ്കിലും ഡിസ്ചാർജ്ജ് വാങ്ങിപ്പോണം ''.

മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ അതിയായ സന്തോഷം തോന്നി. വീട്ടിലേക്ക് വിളിച്ച് ഈ വിവരം അറിയിക്കണം, ജാഫറിനോടും പറയണം. മെല്ലെ കാറിനടുത്തേക്ക് നടന്നു.

*************************************

വളരെമെല്ലെ കാറോടിച്ചു. പുറകിൽ പെട്ടിഓട്ടോ വരുന്നുണ്ട്. അതിൻറെ ഡ്രൈവർക്ക് വഴി അറിയില്ല, ഓട്ടോയുടെ പിന്നിൽ ബൈക്കിൽ വരുന്നവർക്കും.

സ്കൂൾ വിട്ട സമയമാണ്. റോഡിലാകെ ചെറിയ കുട്ടികളാണ്. സമയം നാലു കഴിഞ്ഞു. ആസ്പത്രിയിൽ നിന്ന് നേരെ ചെന്നത് ജാഫറിനെ കാണാനാണ്. മുഴുവൻ വിവരങ്ങളും കേട്ടതോടെ അവൻ ഉറക്കെ ചിരിച്ചു.

'' ബെസ്റ്റ്. അന്യായക്കാരനും പ്രതിയും ഒന്നായി. കണ്ടു നിന്നവരൊക്കെ വേറെ. ഞാൻ ചോദിക്കട്ടെ, നീയല്ലാതെ വേറെ ആരാ ആ കഴുവേറിയെ കാണാൻ പോവ്വാ ''.

'' വല്ലപ്പോഴുമല്ലേ ഞാൻ നാട്ടിലേക്ക് വരുന്നത് . ഇവിടെ താമസിക്കുന്നതോ ഏതാനും ദിവസങ്ങൾ മാത്രം. അതിനിടയിൽ ബന്ധുക്കളോട് തമ്മിൽത്തല്ലണോ ''.

'' പണ്ടു മുതലേ മണ്ണ്വോല്ല ചാണക്വോല്ല എന്ന മട്ടിലൊരു സാധനമാണ് നീ. അതോണ്ട് ഞാൻ ഒന്നും പറയുന്നില്ല ''.

ജാഫറിനോടൊപ്പം കുറെ നേരം സംസാരിച്ചിരുന്നു. അവൻറെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ഷോപ്പിങ്ങിന് ഇറങ്ങി. തിരിച്ചെത്താൻ വൈകുമെന്ന് തറവാട്ടിലേക്ക് വിളിച്ചു പറഞ്ഞതിനാൽ വലിയമ്മ കാത്തിരുന്ന് മുഷിഞ്ഞിട്ടുണ്ടാവില്ല.

പപ്പനമ്മാമൻറെ വീടിന്നു മുന്നിൽ വാഹനങ്ങൾ നിർത്തി. ശബ്ദം കേട്ട് അദ്ദേഹം പടി തുറന്ന് അടുത്തെത്തി.

'' ആരാ ഇവരൊക്കെ. എന്താ ഇതില് ''  അദ്ദേഹം പരിഭ്രമിച്ച മട്ടാണ്.

'' കുട്ടികൾക്ക് കളിക്കാൻ കുറെ കളിക്കോപ്പുകൾ വാങ്ങി, ഒപ്പം ഒരു എൽ.സി.ഡി. ടി.വി. യും ഡിഷ് ആൻറിനയും ''.

'' എന്തിനാ ഇതെല്ലാം ''.

'' അന്നേ പറഞ്ഞതല്ലേ കുട്ടികൾക്ക് കളിക്കാൻ വാങ്ങിച്ചു കൊടുക്കാമെന്ന്. ഞാൻ അത് മറന്നു. ഇന്നുരാവിലെ ഒരുകുട്ടി പൊട്ടിയ പന്തുമായി വരുന്നത് കണ്ടപ്പോൾ ഓർമ്മവന്നു. ടൗണിൽ ചെന്നപ്പോൾ ചിലതൊക്കെ വാങ്ങി. പിന്നെ ഒരു ടി.വി. പപ്പനമ്മാമന് ന്യൂസ് കാണാനും അയൽപക്കത്തെ കുട്ടികൾക്ക് സിനിമയോ കളികളോ കാണാനും ഒരെണ്ണം ഇരിക്കട്ടെ എന്നു വിചാരിച്ചു ''.

'' കുട്ടികൾക്ക് കളിക്കാൻ എന്തെങ്കിലും വാങ്ങി കൊടുക്ക്വോ എന്ന് ഞാൻ ദീപുവിനോട് ചോദിച്ചത് വല്ല പന്തോ പാവയോ അവർക്ക് കിട്ടിക്കോട്ടെ എന്നു വെച്ചിട്ടാണ്. ഇതിന് ഒരുപാട് സംഖ്യ വന്നിട്ടുണ്ടാവില്ലെ ''.

'' അത് കര്യമാക്കണ്ടാ. ജനിച്ചു വരുമ്പോൾ നമ്മളാരും ഒന്നും കൊണ്ടു വരുന്നില്ല. മരിച്ച് പോവുമ്പോൾ ഒന്നും കൊണ്ടുപോവുകയും ചെയ്യുന്നില്ല. പിന്നെന്തിനാ വിഷമം ''.

'' ഈ തത്വശാസ്ത്രം പറയാൻ എളുപ്പമാണ്. പ്രായോഗിക തലത്തിൽ അത് കൊള്ളില്ല. വലിയൊരു കുന്നാണെങ്കിലും വെട്ടിയെടുത്താൽ അത് നിരപ്പാവും, പിന്നെ അഗാധമായ ഗർത്തവും. ജീവിക്കാൻ പണം കൂടിയേ കഴിയൂ. അതുകൊണ്ട് കുറച്ചൊക്കെ നിയന്ത്രണം വേണം. ഇല്ലെങ്കിൽ പിന്നീട് ബുദ്ധിമുട്ടും ''.

'' കുറെയൊക്കെ സൂക്ഷിച്ചു വെക്കുന്നുണ്ട് ''.

'' അതു മതി.കുഞ്ഞുണ്ണിയെപ്പോലെ ആർത്തി വേണ്ടാ ''.

'' ഞാൻ രാവിലെ ആസ്പത്രിയുൽ ചെന്ന് കുഞ്ഞുണ്ണിമാമയെ കണ്ടു ''.

'' ഉവ്വോ. ആ വിദ്വാൻ എന്തെങ്കിലും ഏടാകൂടം എഴുന്നള്ളിച്ചോ ''.

'' ഏയ്. ഇല്ല '' ഉണ്ടായ സംഭവങ്ങൾ വിവരിച്ചു.

'' നന്നായി. താണ നിലത്തേ നീരോടൂ, അതിനെ ദൈവം തുണ ചെയ്യൂ എന്ന് കേട്ടിട്ടില്ലേ. എത്ര മൂർഖനാണെങ്കിലും നന്മ കണ്ടാൽ ചിലപ്പോൾ മനസ്സിന്ന് ഇളക്കം ഉണ്ടാവും ''.

മെക്കാനിക്കുകൾ ഡിഷ് ആൻറിനയും ടെലിവിഷൻസെറ്റും ഉറപ്പിക്കാൻ പോയി. മുച്ചക്ര സൈക്കിളുകളും ടൊയ് കാറുകളും ഓട്ടോയിൽ നിന്ന് താഴെ ഇറക്കി വെച്ചതും കുട്ടികൾ അവയ്ക്കു ചുറ്റും പൊതിഞ്ഞു. ചിലർ താഴേക്ക് ഉരുതി ഇറങ്ങാനുള്ള ക്ലൈമ്പർ അൻഡ് സ്ലൈഡിലെ കോണിയിൽ കയറാൻ ധൃതികൂട്ടി. അവരുടെ സന്തോഷത്തിൽ ലയിച്ച് പപ്പനമ്മാമനോടൊപ്പം ദിലീപ് മേനോൻ മുറ്റത്ത് നിന്നു.

Tuesday, December 3, 2013

അദ്ധ്യായം - 19.


'' വലിയമ്മേ, ഞാൻ വന്നിട്ടേ കുളിക്കുന്നുള്ളു '' എന്നും പറഞ്ഞ് ദിലീപ് മേനോൻ കാറിൽ കയറി.

കിഴക്കെ ചക്രവാളത്തിൽ വരച്ചിട്ട ചുവന്ന വൃത്തത്തിനെ തെങ്ങോലകൾ തുടച്ചുമാറ്റാൻ ശ്രമിക്കുകയാണ്. സർവത്ര മഞ്ഞിൻറെ ആവരണമാണ്. കുംഭമാസത്തിലും ഇത്രയേറെ മഞ്ഞോ ? ഒരു പക്ഷെ ഭൂമി മഞ്ഞിൽ കിടന്ന് വീർപ്പുമുട്ടുകയായിരിക്കും. പപ്പനമ്മാമനെ കണ്ട് സംസാരിച്ചാലേ തൻറെ മനസ്സിലെ വീർപ്പുമുട്ടൽ കുറച്ചെങ്കിലും ഒഴിവാക്കാനാവൂ. വലതുകാലിൻറെ തള്ളവിരൽ ആക്സിലറേറ്ററിന്നു മേൽ മൃദുവായി സ്പർശിക്കുന്നുണ്ട്.

'' എന്താ ദീപൂ ഈ നേരത്ത് '' എന്നു ചോദിച്ചുകൊണ്ടാണ് പപ്പനമ്മാമൻ വരവേറ്റത്. വാതിലിന്നു നേരെയിട്ട കസേലയിലിരിക്കുകയാണ് അദ്ദേഹം.

'' ഒരു കാര്യം പറയാൻ വന്നതാണ് '' മുറ്റത്ത് ചെരിപ്പ് അഴിച്ചുവെക്കുമ്പോൾ പറഞ്ഞു.

'' ഇന്നലെ ദീപുവിനെ കാണാഞ്ഞപ്പോഴേ എന്തോ വിശേഷമുണ്ടെന്ന് എനിക്ക് തോന്നി.  പറയൂ. കേൾക്കട്ടെ ''.

പപ്പനമ്മാമന് അഭിമുഖമായി കട്ടിലിൽ ഇരുന്നു. കുഞ്ഞുണ്ണിമാമയുമായി തലേ ദിവസം ഉണ്ടായ സംഭവങ്ങൾ വിവരിച്ചു.

'' അത് ഏതായാലും നന്നായി. രണ്ടു കയ്യും കൊട്ടിയാലല്ലേ ശബ്ദം ഉണ്ടാവൂ. മാത്രമല്ല ദീപു തിരിച്ചു പറഞ്ഞു എന്ന് ആരും കുറ്റം പറയില്ലല്ലോ '' എല്ലാം കേട്ടു കഴിഞ്ഞശേഷം പപ്പനമ്മാമൻ മറുപടി പറഞ്ഞു '' ക്ഷമാബലമശക്താനം, ശക്താനാം ഭൂഷണം ക്ഷമ എന്നാണല്ലോ പ്രമാണം. പിന്നൊരു കാര്യം ഞാൻ പറയാം. ഈ സംഭവം മറ്റൊരാളും അറിയാനിട വരരുത്. പ്രത്യേകിച്ച് അനിത. ഇതെങ്ങാനും ആ കുട്ടി കേട്ടാൽ നമ്മുടെ കുടുംബത്തിനെക്കുറിച്ച് അവൾ എന്തു കരുതും ''.

'' ഞാനും അങ്ങിനെ കരുതി അവളെ അറിയിക്കാതിരുന്നു. പക്ഷെ അനിത ഫോൺ ചെയ്തപ്പോൾ അമ്മ എല്ലാം പറഞ്ഞുകൊടുത്തു ''.

'' എന്നിട്ട് ആ കുട്ടി ദീപുവിനെ വിളിച്ച് ചോദിച്ചിട്ടുണ്ടാവും ''

'' ഉവ്വ്. ഞാൻ കാര്യങ്ങൾ മറച്ചു വെച്ചതിന്ന് ഒരുപാട് പരിഭവം പറഞ്ഞു ''.

'' അത് സ്വാഭാവികം. അതിന് അവളോട് കലഹിച്ചില്ലല്ലോ ''.

'' ഏയ്. അങ്ങിനെയൊന്നും ഉണ്ടായില്ല. സത്യം പറഞ്ഞാൽ ഇന്നുവരെ ഞങ്ങള് രണ്ടാളും അലോഹ്യപ്പെട്ട് ഇരുന്നിട്ടേയില്ല ''.

'' അതന്യാണ് വേണ്ടത് ''.

'' ദിലീപേട്ടൻ സാധുവായതോണ്ട് എല്ലാം കേട്ട് സങ്കടപ്പെട്ടിരുന്നു, വേറെ ആരെങ്കിലും ആണെങ്കിൽ ചുട്ട മറുപടി കൊടുത്തേനേ, നമ്മുടെ മകനൊന്ന് വലുതാവട്ടെ, അച്ഛനെ വേദനിപ്പിച്ചവരോട് അവൻ പകരം ചോദിച്ചോളും എന്നൊക്കെ അനിത പറഞ്ഞു ''.

പപ്പനമ്മാമൻ ഉറക്കെ ചിരിച്ചു. എന്തോ അബദ്ധം പിണഞ്ഞ മട്ടിൽ ദിലീപ് മേനോൻ തല കുനിച്ചിരുന്നു.

'' ഭേഷ്. മകനെങ്കിലും ധൈര്യശാലിയാവട്ടെ എന്ന് അനിത കരുതിയിട്ടുണ്ടാവും ''.

'' കുഞ്ഞുണ്ണിമാമയെപോലെ അല്ലേ ''.

'' അതിന് കുഞ്ഞുണ്ണി ധീരനൊന്നുമല്ല. തൻറേടം ഉള്ളവരെ കണ്ടാൽ അയാളുടെ മുട്ട് വിറയ്ക്കും '' ഒന്നു നിർത്തി പപ്പനമ്മാമൻ തുടർന്നു '' അങ്ങിനെ ഒരാള് ഉണ്ടായിരുന്നു. നമ്മുടെ കുടുംബത്തിൻറെ ഭാഗ്യദോഷംകൊണ്ട് അവൻ അധികകാലം ജീവിച്ചില്ല ''.

'' ആരാ ആള് ''.

'' ബാലകൃഷ്ണൻറെ തൊട്ടുതാഴെ ഒരാളുണ്ടായിരുന്നു. എൻറെ രണ്ടാമത്തെ അനിയൻ. അവൻ ശരിക്കും ഒരു ആൺകുട്ടിയായിരുന്നു ''.

'' അങ്ങിനെയൊരാളെ ഞാൻ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലല്ലോ ''.

'' അതെങ്ങിനേയാ ഉണ്ടാവ്വാ. അവൻ മരിച്ചിട്ടന്നെ പത്തമ്പത്തഞ്ചു കൊല്ലം കഴിഞ്ഞു ''.

'' ആ അമ്മാമൻറെ പേരെന്താണ്. എങ്ങിനേയാ അദ്ദേഹം മരിച്ചത്. അദ്ദേഹത്തിൻറെ മക്കൾ എവിടെയാണ് '' അറിയാനുള്ള വ്യഗ്രത കുറെ ചോദ്യങ്ങളായി പുറത്തു വന്നു.

'' എന്നാൽ കേട്ടോളൂ. എന്നെക്കാൾ എട്ടു വയസ്സിന്ന് ഇളയതാണ് രാമചന്ദ്രൻ. കാണാൻ  സുന്ദരൻ. പക്ഷെ ചെറുപ്പത്തിലെ അവന് പഠിപ്പിനോട് വലിയ അഭിരുചി ഇല്ലായിരുന്നു. എന്നാലെന്താ, മറ്റെല്ലാറ്റിനും മിടുമിടുക്കനായിരുന്നു. പണിക്കാരോടൊപ്പം പാടത്തിറങ്ങി  കിളയ്ക്കും കന്നുപൂട്ടും. കൊയ്യാനും മെതിക്കാനുമൊക്കെ വലിയ താൽപ്പര്യമുണ്ടായിരുന്നു. നാട്ടില് ആരു മരിച്ചാലും അവിടെയെത്തും. കല്യാണ വീടുകളിൽ തലേദിവസം തന്നെ പോയി വേണ്ട സഹായങ്ങൾചെയ്യും. എന്നിട്ടും ചിലർക്ക് അവനെ ഇഷ്ടമായിരുന്നില്ല ''.

'' അതെന്തേ ''.

'' തീണ്ടലും തൊടീലുമുള്ള ആ കാലത്ത് അവൻ കീഴ്ജാതിക്കാരുടെ വീടുകളിൽ ചെല്ലും. അവരുടെ വീടുകളിൽനിന്ന് ഭക്ഷണം കഴിക്കും. അതൊന്നും അവർക്ക് പിടിച്ചിരുന്നില്ല ''.

'' ആ അമ്മാമൻ സ്കൂളിൽ പോയിട്ടില്ലേ ''.

'' ഉവ്വ്. എങ്ങിനെയൊക്കേയോ ഉന്തിത്തള്ളി എട്ടാം ക്ലാസ്സുവരെയെത്തി. അക്കൊല്ലം അവിടെ കിടന്നു. പിന്നെ സ്കൂളിൽ പോയിട്ടില്ല ''.

'' അപ്പോൾ വീട്ടിലാരും ദേഷ്യപ്പെടില്ലേ ''.

'' അതിന് ആരാ ഉള്ളത്. അമ്മാമന്മാരാണ് കുടുംബം ഭരിക്കേണ്ടത്. അമ്മയ്ക്ക് ആകെ കൂടി ഒരു ആങ്ങളയാണ് ഉണ്ടായിരുന്നത്. ആ മനുഷ്യൻ ഒരു പ്രത്യേക തരമായിരുന്നു. ചെറുപ്പത്തിലേ എല്ലാറ്റിനോടും ഒരു വിരക്തി. കാവിയുടുത്ത് സന്യാസിയായിട്ട് കുറച്ചു കാലം നടന്നു. ഞാൻ ജനിക്കുന്നതിന്ന് മുമ്പേ കാശിയിലേക്ക് പോവുകയാണ് എന്നും പറഞ്ഞ് വീടുവിട്ട് ഇറങ്ങി. പിന്നെ മടങ്ങി വന്നില്ല ''.

'' അപ്പോൾ അച്ഛൻ ''.

'' അച്ഛൻ നമ്പൂരി മഹാബലി പ്രജകളെ കാണാൻ വരുന്നതുപോലെ വല്ലപ്പോഴും വരും. പത്തായപ്പുരയിലാണ് താമസം. നമ്മളുടെ വീട്ടുകാർ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കില്ല. അച്ഛന് ആഹാരം ഉണ്ടാക്കി കൊടുക്കാൻ ഏതെങ്കിലും ഒരു ബ്രാഹ്മണനെ വരുത്തും. അതൊക്കെയായിരുന്നു ആ കാലത്തെ ചിട്ടകള്. അദ്ദേഹം ഞങ്ങളെ വിളിക്കുകയോ എന്തെങ്കിലും സംസാരിക്കുകയോ ചെയ്തിട്ടില്ല. പിന്നല്ലേ ഗുണദോഷിക്കല് ''.

'' ധീരനായിരുന്നു എന്നു പറഞ്ഞത് ? ''.

'' അവന് പത്തുപതിനാറ് വയസ്സുള്ളപ്പോൾ പുഴയിൽ കുളിക്കാൻ ചെന്ന രണ്ടു കുട്ടികൾ വെള്ളത്തിൽ പെട്ടു. ആരോ ഉറക്കെ നിലവിളിച്ച് ആളെ കൂട്ടി. പറഞ്ഞിട്ടെന്താ ആരും വെള്ളത്തിലിറങ്ങാൻ ധൈര്യപ്പെട്ടില്ല. ആ കുണ്ടിൽ നീരാളിയുണ്ട് എന്നാണ് പൊതുവെ വിശ്വാസം. അപ്പോഴാണ് അവൻ എത്തുന്നത്. പലരും എതിർട്ടിട്ടും വെള്ളത്തിലേക്ക് എടുത്ത് ഒറ്റച്ചാട്ടം. പൊങ്ങി വന്നത് കുട്ടികളേയും കൊണ്ടാണ്. അതോടെ നാട്ടുകാർക്ക് അവനെന്നു പറഞ്ഞാൽ ജീവനായി. അതിലും സാഹസീകമായിട്ടാണ് അവൻ മറ്റൊരു കുഞ്ഞിനെ രക്ഷിച്ചത് ''.

'' അത് എന്തായിരുന്നു ''.

'' ആ കാലത്ത് ഏതാണ്ട് എല്ലാ പാവപ്പെട്ടവരുടെ വീടും പനമ്പട്ടകൊണ്ട് കുത്തിമറച്ച് ഉണ്ടാക്കിയവയായിരുന്നു. ഒരു വേനൽക്കാലത്ത് ഹരിജനങ്ങൾ താമസിക്കുന്ന ഇടത്ത് തൊട്ടുതൊട്ടുള്ള കുറെ വീടുകളിൽ ഒന്നിന്ന് തീ പിടിച്ചു. ആളുകൾ അലമുറ കൂട്ടി. ഒന്നിൽ നിന്ന് മറ്റൊന്നിന്ന് തീ പടർന്നു. അതിൽ നിന്ന് അടുത്തതിന്ന്. അങ്ങിനെ പനപ്രമാണം പൊക്കത്തിൽ തീ കത്തിപ്പൊങ്ങി. ആർക്കും അടുക്കാൻ ധൈര്യമില്ല. അപ്പോഴാണ് ഒരു കുടിലിൽ ഒരു പിഞ്ചുകുഞ്ഞ് ഉണ്ടെന്ന് അറിയുന്നത്. അതിൻറെ തള്ള ഉറക്കെ കരഞ്ഞു. നിമിഷങ്ങൾക്കകം കുഞ്ഞിനെ തീ വിഴുങ്ങും. വിവരം അറിഞ്ഞ് ഓടിയെത്തിയ അവൻ തീപിടിച്ച കുടിലിൽ കടന്ന്  ആ കുഞ്ഞിനെ രക്ഷിച്ചു. പിന്നത്തെ കാര്യം പറയാനുണ്ടോ. അവൻ പാവങ്ങൾക്ക് കൺകണ്ട ദൈവമായി ''.

'' ആള് തരക്കേടില്ലല്ലോ ''.

'' അധികാരിയുടെ മുഖത്തു നോക്കി കാര്യം പറഞ്ഞതാണ് അവനെ ഹീറോ ആക്കിയത് ''.

'' എന്താ ആ സംഭവം ''.

'' അധികാരിയുടെ വളപ്പിലെ തെങ്ങിൽനിന്ന് തേങ്ങ കട്ടു എന്നും പറഞ്ഞ് ഏതോ ഒരു ഹരിജനെ പിടിച്ച് തെങ്ങിൽ കെട്ടിയിട്ടു. വാസ്തവത്തിൽ അവനല്ല അതു ചെയ്തത്. പലരും പറഞ്ഞു നോക്കി. ആരെന്തു പറഞ്ഞാലും അധികാരി സമ്മതിക്കില്ല. പൊതിരെ തല്ലിയിട്ട് പോലീസിൽ ഏൽപ്പിക്കും എന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു. ഒടുവിൽ എവിടെ നിന്നോ രാമചന്ദ്രനെത്തി ''.

'' എന്നിട്ട് ''.

'' അവിടെ കൂടിയ ആളുകളെ മുഴുവൻ കൊന്നതിന്നുശേഷമേ അവനെ കൊണ്ടുപോവാൻ കഴിയൂ എന്നുംപറഞ്ഞ് പടിക്കൽ നീണ്ടു നിവർന്ന് കിടന്നു. അതുകണ്ടതും അവിടെയുള്ള എല്ലാവരും അവനോടൊപ്പം ചേർന്നു. ഒടുവിൽ അധികാരിക്ക് അവനെ വിടേണ്ടിവന്നു ''.

'' ആ അമ്മാമൻ ശരിക്കും ധീരൻ തന്നെ. എങ്ങിനെയാണ് അദ്ദേഹം മരിച്ചത് ''.

'' കാവിലെ കൂത്തു കഴിഞ്ഞ് കൂട്ടുകാരോടൊപ്പം തിരിച്ചു വരുമ്പോൾ വിഷം തീണ്ടി. കടിച്ച പാമ്പിനെ തിരഞ്ഞ് രണ്ടു രണ്ടര നാഴിക നേരം കളഞ്ഞു. ഒടുക്കം അതിനെ തേടിപ്പിടിച്ച് തല്ലികൊന്നു. അപ്പോഴേക്കും വിഷം കേറി. എങ്ങോട്ടും കൊണ്ടുപോവാൻകൂടി പറ്റിയില്ല ''.

'' കഷ്ടമായി ആ അമ്മാമൻറെ കാര്യം ''.

'' ഓരോരുത്തരുടെ യോഗം. അതുപോലെയല്ലേ വരുള്ളു. കുഞ്ഞുണ്ണിയുടെ കാര്യം ദീപു വിട്ടുകളഞ്ഞോളൂ. അവൻ ചെയ്തതിന്ന് അവന് കിട്ടിക്കോളൂം ''.

'' ഇന്നലെ ആരോ കുഞ്ഞുണ്ണിമാമയെ കയ്യേറ്റം ചെയ്തു എന്നുകേട്ടു '' ദിലീപ് മേനോൻ അറിഞ്ഞ കാര്യങ്ങൾ വിശദീകരിച്ചു.

'' എന്തിനാണ് എന്നറിയ്യോ ''.

'' അറിയില്ല ''.

'' ഒരക്ഷരം മറുത്തു പറയാനറിയാത്ത ആളുടെ മേത്ത് കുതിര കേറാൻ ചെന്നത് ദൈവം കണ്ടിട്ടുണ്ടാവും. അതിനുള്ള ശിക്ഷയാണെന്ന് കരുതിയാൽ മതി ''.

'' ഞാൻ ആരോടും പകരം വീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. പക്ഷെ ചെറിയച്ഛൻ ഈ കാര്യം അച്ഛനോടും ജാഫറിനോടും പറഞ്ഞിരുന്നു. ഇനി അവനോ മറ്റോ... ''.

'' ആയിക്കൂടാ എന്നില്ല. ദീപുവിനെ ജീവനെപ്പോലെ സ്നേഹിക്കുന്ന ആളാണല്ലോ ജാഫർ.   സുന്ദരേശ്വരൻ ചെയതത് അയാൾക്ക് സഹിച്ചിട്ടുണ്ടാവില്ല. ഹൈസ്ക്കൂളിൽ പഠിക്കുന്ന കാലത്ത് ദീപുവിനെ ഉപദ്രവിച്ച ഏതോ സഹപാഠിയെ മർദ്ദിച്ചതിന്ന് സസ്പെൻഷൻ വാങ്ങിയ ആളല്ലേ. ആ കാര്യം ഓർമ്മയുണ്ടല്ലോ ''.

'' ഉവ്വ് ''.

'' എന്നാൽ ഇനി നടന്നതിനെക്കുറിച്ച് ആലോചിക്കണ്ടാ ''.

'' എനിക്ക് ആസ്പത്രിയിൽ ചെന്ന് കുഞ്ഞുണ്ണിമാമയെ കാണണമെന്നുണ്ടായിരുന്നു. ആ കാര്യം പറഞ്ഞപ്പോൾ തറവാട്ടിൽ ഉള്ളവരെല്ലാം എതിർത്തു. കണ്ട് സന്തോഷിക്കനായി ചെന്നതാണെന്ന് കുഞ്ഞുണ്ണിമാമ പറയുമോ എന്നാ അവരുടെ പേടി ''.

'' ദീപുവിൻറെ മനസ്സിലുള്ള നന്മ ഞാൻ കാണുന്നുണ്ട്. ചിലപ്പോൾ കുഞ്ഞുണ്ണി മോശമായി പെരുമാറീന്ന് വരും. അതു കണക്കാക്കണ്ടാ. ഒന്നുചെന്ന് കണ്ടോളൂ. വേണച്ചാൽ ഞാനും കൂടെവരാം ''.

'' ആദ്യം ഞാനൊന്നു ചെന്ന് നോക്കട്ടെ. എന്നിട്ടു കൊണ്ടുപോവാം ''.

പടി കടന്ന് മുറ്റത്തെത്തിയ കുട്ടിയുടെ കയ്യിൽ പൊട്ടിയ പ്ലാസ്റ്റിക്ക് പന്ത് കണ്ടു. അവൻ ഒരു നിധിപോലെ അതിനെ മാറോടടക്കി പിടിച്ചിരിക്കുന്നു. കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ വാങ്ങിക്കൊടുക്കാമെന്ന് പപ്പനമ്മാമനോട് ഏറ്റതാണ്. അത് ചെയ്തിട്ടില്ല. വൈകാതെ വാങ്ങിക്കൊടുക്കണം, പറ്റിയാൽ ഇന്നുതന്നെ.

'' ഞാൻ വൈകുന്നേരം എത്താം '' പപ്പനമ്മാമനോട് യാത്ര പറഞ്ഞിറങ്ങി.