Sunday, December 8, 2013

അദ്ധ്യായം - 20.

ദിലീപ് മേനോൻ റൂം നമ്പർ106 ൻറെ വാതിൽക്കൽ ഒരുനിമിഷം മടിച്ചുനിന്നു. അകത്ത് കുഞ്ഞുണ്ണിമാമയെ കാണാൻവന്ന ആരെങ്കിലും ഉണ്ടാവുമോ? അപരിചിതരുടെ മുന്നിൽ വെച്ച് അദ്ദേഹം തന്നോട് തട്ടികയറിയാൽ എന്താ ചെയ്യുക. ആരേയും അറിയിക്കാതെ തിരിച്ചുപോവുന്നതാവും നല്ലത്. പെട്ടെന്ന് പപ്പനമ്മാമനെ ഓർമ്മവന്നു. അദ്ദേഹം കൂടെ വരാമെന്ന് പറഞ്ഞതാണ്. അങ്ങിനെ ചെയ്താൽ മതിയായിരുന്നു. കുഞ്ഞുണ്ണിമാമയെ കാണാതെ തിരിച്ചുപോയാൽ അദ്ദേഹം ചോദിക്കുമ്പോൾ എന്താണ് പറയുക. വരുന്നത് വരട്ടെ. വാതിൽക്കൽ മെല്ലെ മുട്ടി.

വാതിൽ തുറന്നത് അമ്മായിയാണ്. തീരെ പ്രതീക്ഷിക്കാതെ എത്തിയതിനാലാവും ആ മുഖത്ത് ഒരു അമ്പരപ്പ്.

'' വാ '' അവർ ക്ഷണിച്ചു.

അകത്ത് മറ്റാരും ഇല്ല. സമാധാനമായി. ഇനി എന്തു വേണമെങ്കിലും സംഭവിച്ചോട്ടെ. കുഞ്ഞുണ്ണിമാമ ശകാരിക്കുകയോ രണ്ടു തല്ലുകയോ ചെയ്താലും വിരോധമില്ല.

'' താൻ ഇവിടെ ഇരിയ്ക്കടോ '' കുഞ്ഞുണ്ണിമാമ കട്ടിലിൻറെ ഓരത്തിരിക്കാൻ ക്ഷണിച്ചു.  നല്ലകാലം. ദേഷ്യപ്പെട്ടില്ലല്ലോ. പറഞ്ഞതുപോലെ ചെയ്തു.

'' ഞാൻ ഇവിടെയുള്ള കാര്യം എങ്ങിനെയാ അറിഞ്ഞത് ''.

'' ഇന്നലെ രാത്രി ചെറിയച്ഛൻ പറഞ്ഞ് അറിഞ്ഞതാണ്. രാവിലെ ഞാൻ വീട്ടിൽചെന്നു. പണിക്കാരനാണ് ഇവിടെയുള്ള കാര്യം പറഞ്ഞത് ''.

'' ഓ, അതുശരി. വിവരം എല്ലാവരും അറിഞ്ഞല്ലോ. എന്നിട്ട് ഒരെണ്ണം എഴുന്നള്ളിയോ. ഇല്ല. അതെങ്ങിനെ. സർവ്വ എണ്ണത്തിനും ഞാനല്ലേ ശത്രു ''.

'' അങ്ങിനെ കരുതണ്ടാ. അവരൊക്കെ വരും ''.

'' വന്നാലും വന്നില്ലെങ്കിലും താൻ വന്നല്ലോ. എനിക്ക് സന്തോഷായി ''.

'' കുഞ്ഞുണ്ണിമാമയ്ക്ക് എന്തെങ്കിലും പറ്റീന്ന് കേട്ടാൽ എനിക്ക് കേട്ടില്ല എന്നുവെക്കാൻ ആവില്ല ''.

'' താൻ നല്ലവനാണ്. വാസ്തവം പറഞ്ഞാൽ തന്നെ ഞാൻ തെറ്റിദ്ധരിച്ചു ''.

'' എന്താ അത് ''.

'' താൻ ആളെ വിട്ട് തല്ലിച്ചതാവും എന്നാ ആദ്യം കരുതിയത്. തനിക്ക് അതിന് ആവില്ല എന്ന് പിന്നീട് തോന്നി. ഇപ്പോൾ താനല്ല ചെയ്യിച്ചത് എന്ന് ഉറപ്പായി ''.

'' കുഞ്ഞുണ്ണിമാമ ചീത്ത പറഞ്ഞപ്പോൾ സങ്കടം തോന്നി എന്നത് നേരാണ്. പക്ഷെ ആരോ കയ്യേറ്റം ചെയ്തു എന്നു കേട്ടപ്പോൾ എനിക്ക് സഹിക്കാനായില്ല ''.

'' എനിക്ക് കുറെയധികം ശത്രുക്കളുണ്ട്. കാര്യം ഉണ്ടായിട്ടൊന്നും അല്ല. ഞാൻ നന്നായിട്ട് ജീവിക്കുന്നതിലുള്ള അസൂയയാ എല്ലാറ്റിനും. കാക്ക തിന്നുന്നത് കോഴിക്ക് കണ്ടൂടാ എന്ന് കേട്ടിട്ടില്ലേ. അതന്നെ സംഗതി ''.

'' അപ്പോൾ മുമ്പും ഇതുപോലെ ഉണ്ടായിട്ടുണ്ടോ ''.

'' ദേഹോപദ്രവം ഉണ്ടായിട്ടില്ല. ആളില്ലാത്ത നേരത്ത് മതില് ചാടിക്കടന്ന് പൂച്ചട്ടികൾ എറിഞ്ഞുടയ്ക്കുക, ജനലിൻറെ ചില്ല് പൊട്ടിക്കുക, പുറത്ത് ഉണങ്ങാനിട്ട തുണികൾ കീറുക ഒക്കെ ചെയ്തിട്ടുണ്ട്. ഒരിക്കൽ കുടിവെള്ളം മുടക്കാൻ വേണ്ടി കിണറിൽ ചത്ത നായിനെ കൊണ്ടുവന്ന് ഇട്ടിട്ടുമുണ്ട്. ഈ ജാതി പണികൾ ചെയ്താൽ ഞാൻ പേടിച്ച് നാട്ടിൽ നിന്ന് പോവുംന്ന് കരുതീട്ടുണ്ടാവും. അതിന് വേറെ ആളെ നോക്കണം ''.

'' കഴിയുന്നതും ഒരാളോടും വാക്കുതർക്കത്തിനൊന്നും പോകരുത് എന്ന് ഞാൻ പടിപ്പടി പറഞ്ഞു കൊടുക്കും.കേൾക്കണ്ടേ '' അമ്മായി പരിഭവം പറഞ്ഞു '' നോക്ക്, നിൻറടുത്ത് ലഹളയ്ക്ക് നിൽക്കണ്ട വല്ല കാര്യൂണ്ടോ. ഈ വയസ്സാൻ കാലത്ത് ഭൂമി വാങ്ങി കൂട്ടീട്ട് എന്ത് ചെയ്യാൻ പോവ്വാണാവോ ''.

'' മിണ്ടാതെ ഒരിടത്ത് മൂടിക്കൊണ്ടിരുന്നോ. ഞാൻ എന്തെങ്കിലും ഉണ്ടാക്കുന്നുണ്ടെങ്കിൽ അത് നിനക്കും മക്കൾക്കും വേണ്ടിത്തന്നെയാണ്. അല്ലാതെ എൻറെ കുടുംബക്കാർക്ക് വേണ്ടീട്ടല്ല ''.

'' നിങ്ങള് എന്തോ ചെയ്തോളിൻ. ഞാൻ പറയാൻ വരുന്നില്ല '' അമ്മായി ഒതുങ്ങി.

'' നോക്ക് ദീപൂ. മക്കള് രണ്ടേ ഉള്ളൂച്ചാലും അവരെക്കൊണ്ടുള്ള വേവലാതിയാണ് എന്നും. ഒരുത്തിയുള്ളതിനെ കെട്ടിച്ചുവിട്ടു. ആ മരുമകൻ ഒരു വസ്തൂന്ന് കയ്യിലാവാത്തവനായി. ചിലവിന്ന് ഞാൻ അയച്ചുകൊടുക്കണം. മകനുള്ളത് പത്ത് രൂപ കിട്ടിയാൽ പതിനഞ്ച് ചിലവാക്കുന്ന സാധനം. അപ്പോൾ ഞാൻ വേണ്ടേ എന്തെങ്കിലും ഉണ്ടാക്കി വെക്കാൻ ''.

'' കുഞ്ഞുണ്ണിമാമ വിഷമിക്കണ്ടാ. എന്ത് പ്രയാസം ഉണ്ടെങ്കിലും എന്നെ അറിയിക്കണം. എന്നെക്കൊണ്ട് ആവുന്നതൊക്കെ ഞാൻ ചെയ്യാം ''.

'' ഒന്നും വേണ്ടാടോ. താൻ ഈ പറഞ്ഞില്ലേ. അതന്നെ ധാരാളം. പിന്നെ ഒരു കാര്യം. ഞാൻ ഇന്നലെ പറഞ്ഞത് താൻ മനസ്സില് വെക്കണ്ടാ. അങ്ങിനെ ഉണ്ടായില്ല എന്ന് കരുതിക്കോളൂ ''.

'' ഞാനത് അപ്പോഴേ മറന്നു ''.

'' എന്നാൽ പൊയ്ക്കോ. ഡോക്ടറ് വരുന്ന നേരായി. വലത്തെ കയ്യിന് ഒരു വേദനയേ ഉള്ളൂ. കാര്യമാക്കാനില്ല. എങ്ങിനെയെങ്കിലും ഡിസ്ചാർജ്ജ് വാങ്ങിപ്പോണം ''.

മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ അതിയായ സന്തോഷം തോന്നി. വീട്ടിലേക്ക് വിളിച്ച് ഈ വിവരം അറിയിക്കണം, ജാഫറിനോടും പറയണം. മെല്ലെ കാറിനടുത്തേക്ക് നടന്നു.

*************************************

വളരെമെല്ലെ കാറോടിച്ചു. പുറകിൽ പെട്ടിഓട്ടോ വരുന്നുണ്ട്. അതിൻറെ ഡ്രൈവർക്ക് വഴി അറിയില്ല, ഓട്ടോയുടെ പിന്നിൽ ബൈക്കിൽ വരുന്നവർക്കും.

സ്കൂൾ വിട്ട സമയമാണ്. റോഡിലാകെ ചെറിയ കുട്ടികളാണ്. സമയം നാലു കഴിഞ്ഞു. ആസ്പത്രിയിൽ നിന്ന് നേരെ ചെന്നത് ജാഫറിനെ കാണാനാണ്. മുഴുവൻ വിവരങ്ങളും കേട്ടതോടെ അവൻ ഉറക്കെ ചിരിച്ചു.

'' ബെസ്റ്റ്. അന്യായക്കാരനും പ്രതിയും ഒന്നായി. കണ്ടു നിന്നവരൊക്കെ വേറെ. ഞാൻ ചോദിക്കട്ടെ, നീയല്ലാതെ വേറെ ആരാ ആ കഴുവേറിയെ കാണാൻ പോവ്വാ ''.

'' വല്ലപ്പോഴുമല്ലേ ഞാൻ നാട്ടിലേക്ക് വരുന്നത് . ഇവിടെ താമസിക്കുന്നതോ ഏതാനും ദിവസങ്ങൾ മാത്രം. അതിനിടയിൽ ബന്ധുക്കളോട് തമ്മിൽത്തല്ലണോ ''.

'' പണ്ടു മുതലേ മണ്ണ്വോല്ല ചാണക്വോല്ല എന്ന മട്ടിലൊരു സാധനമാണ് നീ. അതോണ്ട് ഞാൻ ഒന്നും പറയുന്നില്ല ''.

ജാഫറിനോടൊപ്പം കുറെ നേരം സംസാരിച്ചിരുന്നു. അവൻറെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ഷോപ്പിങ്ങിന് ഇറങ്ങി. തിരിച്ചെത്താൻ വൈകുമെന്ന് തറവാട്ടിലേക്ക് വിളിച്ചു പറഞ്ഞതിനാൽ വലിയമ്മ കാത്തിരുന്ന് മുഷിഞ്ഞിട്ടുണ്ടാവില്ല.

പപ്പനമ്മാമൻറെ വീടിന്നു മുന്നിൽ വാഹനങ്ങൾ നിർത്തി. ശബ്ദം കേട്ട് അദ്ദേഹം പടി തുറന്ന് അടുത്തെത്തി.

'' ആരാ ഇവരൊക്കെ. എന്താ ഇതില് ''  അദ്ദേഹം പരിഭ്രമിച്ച മട്ടാണ്.

'' കുട്ടികൾക്ക് കളിക്കാൻ കുറെ കളിക്കോപ്പുകൾ വാങ്ങി, ഒപ്പം ഒരു എൽ.സി.ഡി. ടി.വി. യും ഡിഷ് ആൻറിനയും ''.

'' എന്തിനാ ഇതെല്ലാം ''.

'' അന്നേ പറഞ്ഞതല്ലേ കുട്ടികൾക്ക് കളിക്കാൻ വാങ്ങിച്ചു കൊടുക്കാമെന്ന്. ഞാൻ അത് മറന്നു. ഇന്നുരാവിലെ ഒരുകുട്ടി പൊട്ടിയ പന്തുമായി വരുന്നത് കണ്ടപ്പോൾ ഓർമ്മവന്നു. ടൗണിൽ ചെന്നപ്പോൾ ചിലതൊക്കെ വാങ്ങി. പിന്നെ ഒരു ടി.വി. പപ്പനമ്മാമന് ന്യൂസ് കാണാനും അയൽപക്കത്തെ കുട്ടികൾക്ക് സിനിമയോ കളികളോ കാണാനും ഒരെണ്ണം ഇരിക്കട്ടെ എന്നു വിചാരിച്ചു ''.

'' കുട്ടികൾക്ക് കളിക്കാൻ എന്തെങ്കിലും വാങ്ങി കൊടുക്ക്വോ എന്ന് ഞാൻ ദീപുവിനോട് ചോദിച്ചത് വല്ല പന്തോ പാവയോ അവർക്ക് കിട്ടിക്കോട്ടെ എന്നു വെച്ചിട്ടാണ്. ഇതിന് ഒരുപാട് സംഖ്യ വന്നിട്ടുണ്ടാവില്ലെ ''.

'' അത് കര്യമാക്കണ്ടാ. ജനിച്ചു വരുമ്പോൾ നമ്മളാരും ഒന്നും കൊണ്ടു വരുന്നില്ല. മരിച്ച് പോവുമ്പോൾ ഒന്നും കൊണ്ടുപോവുകയും ചെയ്യുന്നില്ല. പിന്നെന്തിനാ വിഷമം ''.

'' ഈ തത്വശാസ്ത്രം പറയാൻ എളുപ്പമാണ്. പ്രായോഗിക തലത്തിൽ അത് കൊള്ളില്ല. വലിയൊരു കുന്നാണെങ്കിലും വെട്ടിയെടുത്താൽ അത് നിരപ്പാവും, പിന്നെ അഗാധമായ ഗർത്തവും. ജീവിക്കാൻ പണം കൂടിയേ കഴിയൂ. അതുകൊണ്ട് കുറച്ചൊക്കെ നിയന്ത്രണം വേണം. ഇല്ലെങ്കിൽ പിന്നീട് ബുദ്ധിമുട്ടും ''.

'' കുറെയൊക്കെ സൂക്ഷിച്ചു വെക്കുന്നുണ്ട് ''.

'' അതു മതി.കുഞ്ഞുണ്ണിയെപ്പോലെ ആർത്തി വേണ്ടാ ''.

'' ഞാൻ രാവിലെ ആസ്പത്രിയുൽ ചെന്ന് കുഞ്ഞുണ്ണിമാമയെ കണ്ടു ''.

'' ഉവ്വോ. ആ വിദ്വാൻ എന്തെങ്കിലും ഏടാകൂടം എഴുന്നള്ളിച്ചോ ''.

'' ഏയ്. ഇല്ല '' ഉണ്ടായ സംഭവങ്ങൾ വിവരിച്ചു.

'' നന്നായി. താണ നിലത്തേ നീരോടൂ, അതിനെ ദൈവം തുണ ചെയ്യൂ എന്ന് കേട്ടിട്ടില്ലേ. എത്ര മൂർഖനാണെങ്കിലും നന്മ കണ്ടാൽ ചിലപ്പോൾ മനസ്സിന്ന് ഇളക്കം ഉണ്ടാവും ''.

മെക്കാനിക്കുകൾ ഡിഷ് ആൻറിനയും ടെലിവിഷൻസെറ്റും ഉറപ്പിക്കാൻ പോയി. മുച്ചക്ര സൈക്കിളുകളും ടൊയ് കാറുകളും ഓട്ടോയിൽ നിന്ന് താഴെ ഇറക്കി വെച്ചതും കുട്ടികൾ അവയ്ക്കു ചുറ്റും പൊതിഞ്ഞു. ചിലർ താഴേക്ക് ഉരുതി ഇറങ്ങാനുള്ള ക്ലൈമ്പർ അൻഡ് സ്ലൈഡിലെ കോണിയിൽ കയറാൻ ധൃതികൂട്ടി. അവരുടെ സന്തോഷത്തിൽ ലയിച്ച് പപ്പനമ്മാമനോടൊപ്പം ദിലീപ് മേനോൻ മുറ്റത്ത് നിന്നു.

14 comments:

 1. അമ്മാവനിട്ട് ഒന്നു ഒടുത്തപ്പോൾ നേരെയായി ല്ലേ....! ചിലരങ്ങനാ.. ഓർക്കാപ്പുറത്ത് ഒന്നു കിട്ടിയാലെ പഠിക്കൂ...

  ReplyDelete
  Replies
  1. വി.കെ,
   കഠിനമായി അധിക്ഷേപിച്ചിട്ടുപോലും തന്നെ കാണാനെത്തിയ ദിലീപിനോട് കുഞ്ഞുണ്ണിമാമയ്ക്ക് അൽപ്പം സ്നേഹം തോന്നിയത് സ്വാഭാവികം.അടി കിട്ടിയാലൊന്നും മനസ്സ് മാറുന്ന ആളല്ല അദ്ദേഹം.

   Delete
 2. അമ്മാവനെ ഞാനും ഒന്ന് തെറ്റി ധരിച്ചു ആള് പാവം തന്നെ സാഹചര്യം പിന്നെ മുന്ശുണ്ടി അതൊക്കെ ആവും എന്നാലും ആ മനോവിഷമം മാറി പോയി കാണാൻ തോന്നിയത് എന്തായാലും നന്നായി

  ReplyDelete
  Replies
  1. എല്ലാ മനുഷ്യരിലും നന്മയും തിന്മയും ഉണ്ട്. അവയുടെ അനുപാതത്തിൽ വ്യത്യാസമുണ്ടാകാം. അങ്ങിനെയൊരു നന്മയാണ് ഇപ്പോൾ കുഞ്ഞുണ്ണിമാമയിൽ കണ്ടത്.

   Delete
 3. നല്ല ഒരു ഭാഗം ആയിരുന്നു ആശുപത്രി സന്ദര്‍ശനം. നന്മയാല്‍ തിന്മയെ ജയിക്കുന്ന ദിലീപും വളരെ സന്തോഷം തരുന്ന ഒരു പാത്രമാണ്

  പാലക്കാട്ടേട്ടന്റെ നോവലുകളില്‍ ഇതല്ലേ ഏറ്റവും നല്ലതെന്ന് എനിക്കൊരു തോന്നല്‍.

  ReplyDelete
  Replies
  1. ajith,
   വളരെ വിരളമായേ നന്മ വിജയിക്കാതെ വരൂ. ദിലീപിൻറെ സ്വഭാവഗുണം ആരും ഇഷ്ടപ്പെടും.

   ഈ നോവൽ നല്ലതാണ് എന്ന് അറിയിച്ചതിൽ വളരെ സന്തോഷം.

   Delete
 4. അത് ശരി.. അപ്പോൾ ജാഫർ അല്ലായിരുന്നോ ക്വട്ടേഷൻ കൊടുത്തത്? എന്തായാലും കുഞ്ഞുണ്ണിമാമയുടെ തെറ്റുദ്ധാരണ മാറിയല്ലോ... നന്നായി...

  ദിലീപിന്റെ നന്മ കാണുമ്പോൾ സന്തോഷം തോന്നുന്നുന്നു...

  ReplyDelete
  Replies
  1. വിനുവേട്ടൻ,
   സംഗതി ഒപ്പിച്ചത് ജാഫർതന്നെ. പക്ഷെ ആ വസ്തുത കുഞ്ഞുണ്ണിമാമയ്ക്കോ ദിലീപിനോ അറിയില്ല.

   Delete
 5. നന്മ മനസ്സിനെ ശുദ്ധീകരിക്കുന്ന ഒരു ഡിറ്റർജന്റ് തന്നെയാണ്.

  ReplyDelete
 6. വലിയൊരു കുന്നാണെങ്കിലും വെട്ടിയെടുത്താൽ അത് നിരപ്പാവും
  താണ നിലത്തേ നീരോടൂ, അതിനെ ദൈവം തുണ ചെയ്യൂ
  ഇതൊക്കെ പണ്ട് കോപ്പി എഴുതീട്ടുള്ളതാണ്. വീണ്ടും വായിച്ചപ്പോള്‍ സന്തോഷം വയസ്സിനു മൂത്തവര്‍ ഉപദേശിക്കുമ്പോള്‍ ചെറിയവര്‍ ഒക്കെ മനസ്സിലാക്കിയാല്‍ നല്ലത്.
  ദിലീപിനേപോലെയുള്ള മനസ്സില്‍ നന്മയുള്ള കുട്ടികള്‍ ഇന്ന് അപൂര്‍വമാണ്.
  നോവല്‍ ഏട്ടന്റെ മനസ്സ് പോലെ നിര്‍മലമായി ഒഴുകിക്കൊണ്ടേയിരിക്കുന്നു.

  ReplyDelete
  Replies
  1. nalina kumari,
   വളരെ വിരളമായേ ഇത്രയധികം നന്മയുള്ളവരെ കാണാനാവൂ. ദിലീപ് സത്ഗുണങ്ങളാൽ സമ്പന്നനാണ്.

   Delete
 7. അവരുടെ സന്തോഷത്തിൽ ലയിച്ച് പപ്പനമ്മാമനോടൊപ്പം ദിലീപ് മേനോൻ മുറ്റത്ത് നിന്നു. - Mattullavarude santhosham nammude santhosham!

  ReplyDelete
 8. ഡോ.പി. മാലങ്കോട്,
  എങ്കിൽ എന്നെന്നും സന്തോഷിക്കാം.

  ReplyDelete