Sunday, December 28, 2014

അദ്ധ്യായം - 45.

ആറരയോടെയാണ് ഇളയച്ഛന്‍ എത്തിയത്. വന്നപാടെ അദ്ദേഹം മുറ്റത്തിട്ട ചാരുകസേലയിലേക്ക് ചാഞ്ഞു. രാവിലത്തെ ഭക്ഷണം കഴിഞ്ഞ ഉടനെ കുഞ്ഞുണ്ണിമാമയുടെ വീട്ടിലേക്ക് പോയ ആളാണ്. പകല്‍ മുഴുവന്‍ അലച്ചിലായിരിക്കും. ഇല്ലെങ്കില്‍ ഇത്ര ക്ഷീണം തോന്നാന്‍ വഴിയില്ല.. അവിടെ നടന്ന കാര്യങ്ങള്‍ അറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. 

'' നല്ലോണം ക്ഷീണിച്ച മട്ടുണ്ടല്ലോ '' ചെറിയമ്മ തുടക്കം കുറിച്ചു.

'' ഉവ്വ്. ഇന്ന് മുഴുവന്‍ ഓട്ടം ആയിരുന്നു ''.

'' എന്നിട്ട് കാര്യങ്ങള്‍ എവിടംവരെയായി ''

'' അവസാനത്തെ അദ്ധ്യായവും തീര്‍ന്നു ''

'' എന്നുവെച്ചാല്‍ ''.

'' ആദ്യം വക്കീല് തയ്യാറാക്കിയ ഒസ്യത്ത് വാങ്ങി നോക്കി ഒപ്പിട്ടു. പിന്നെ സബ്ബ് റജിസ്ട്രാര്‍ ഓഫീസില്‍ ചെന്ന് രാജിയുടെ പേരിലേക്ക് ദാനാധാരം രജിസ്ട്രാക്കി. അതു കഴിഞ്ഞപ്പൊഴാ മൂപ്പര്‍ക്ക് വേറൊരു തോന്നല്‍ ''.

'' പിന്നെന്താ ''.

'' ആ സ്ഥലത്ത് ഒരു പമ്പുസെറ്റുണ്ട്. അതിന്‍റെ ഓണര്‍ഷിപ്പ് രാജിടെ പേരിലേക്ക് മാറ്റണം ''.

'' അതൊക്കെ പിന്നെ ചെയ്താല്‍ പോരേ ''.

'' ചോദിക്കാഞ്ഞിട്ടല്ല. അതിന്ന് ഞാന്‍ ജീവിച്ചിരുന്നില്ലെങ്കിലോ എന്ന് ഇങ്ങോട്ട് മറുചോദ്യം ചോദിച്ചാല്‍ എന്താ ചെയ്യാ ''.

'' ശുദ്ധ ഭ്രാന്താ ഇതൊക്കെ. എന്നിട്ട് അതും ശരിയാക്കിയോ ''.

'' എല്ലാം ശരിയാക്കി. പക്ഷേ അതിന്ന് കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയത്. ആദ്യം അപേക്ഷഫോറം വാങ്ങാനായി ഇലക്ട്രിസിറ്റി ഓഫീസിലേക്ക്. മുദ്രപേപ്പറില്‍ രണ്ടാളും ഒപ്പിട്ട ബോണ്ട് വേണം എന്ന് അപ്പോഴാണ് അറിയുന്നത്. പിന്നെ അതിനുള്ള ഓട്ടമായി. സ്റ്റാമ്പ് വെണ്ടറെ കണ്ട് മുദ്രപ്പത്രം മേടിച്ചു.. പിന്നെ അതുംകൊണ്ട് ആധാരം എഴുത്തുകാരന്‍റെ ഓഫീസില്‍ ചെന്ന് കമ്പ്യൂട്ടറില്‍ ബോണ്ട് ടൈപ്പ് ചെയ്തു വാങ്ങി ആ സാധനം കിട്ടി ഒപ്പിട്ടപ്പോഴേ അളിയന്ന് സമാധാനമായുള്ളൂ ''.

'' ഒന്നും പിന്നെയ്ക്ക് വെക്കണ്ടാ എന്നു വെച്ചിട്ടാവും ''.

'' ആയിരിക്കും. ഇല്ലെങ്കില്‍ പപ്പനമ്മാമനെ ഇപ്പോള്‍തന്നെ കാണണം എന്ന് പറയില്ലലോ ''.

'' അതും ഉണ്ടായോ ''.

'' ഉവ്വ്. എല്ലാം കഴിഞ്ഞപ്പോഴാണ് ആ ഭൂതോദയം പിന്നെ കാറയച്ച് അദ്ദേഹത്തെ വരുത്തി ''.

'' എന്തിനാ അത്യാവശ്യമായി അദ്ദേഹത്തെ വരുത്തിയത് ''.

'' മാപ്പു പറയാന്‍. ചെറുപ്പം മുതലേ മോഹിച്ചതൊക്കെ കിട്ടണം എന്ന വാശിയുണ്ടായിരുന്നു, കൂടാതെ ഞാനാണ് കേമന്‍ എന്ന് മനസ്സിലൊരു തോന്നലും. മൂന്ന് പെണ്‍കുട്ടികള്‍ക്ക് മുമ്പേ ജനിച്ചതുകൊണ്ട് വീട്ടിലെ ഓമനയായിരുന്നു അതാണ് അങ്ങിനെയായത്. പറയാനോ ചെയ്യാനോ പാടില്ലാത്ത പലതും നിങ്ങളോടൊക്കെ ചെയ്തിട്ടുണ്ട്. ക്ഷമിക്കണം എന്നു പറയാനല്ലാതെ അതിനൊന്നും പ്രതിവിധിയില്ല എന്നും പറഞ്ഞ് അദ്ദേഹത്തിന്‍റെ കാല്‍ക്കല്‍വീണു നമസ്ക്കരിച്ചു ''.

'' അദ്ദേഹത്തെ ഒരുപാട് അപമാനിച്ചതാണ്. ചിലപ്പോള്‍ കുറ്റബോധം ഉണ്ടാവും ''.

'' ഉണ്ടാവും. പപ്പനമ്മാമന്ന് അത് ബോദ്ധ്യമായി. എല്ലാ കളികളിലും ജയിക്കണം എന്ന വാശി ഒരു കളിക്കാരനും പാടില്ല വിജയം മാത്രം നല്‍കുന്ന കളിക്കളമല്ല ഈ ജീവിതം ഏതായാലും ആ സത്യം താന്‍ തിരിച്ചറിഞ്ഞല്ലോ. അതു മതി. പശ്ചാത്താപത്തിലും വെച്ച് വലിയ പ്രായശ്ഛിത്തമൊന്നും ഇല്ലാടോ എന്നും പറഞ്ഞ് പപ്പനമ്മാമന്‍ സമാധാനിപ്പിച്ചു ''.

'' അത് നന്നായി. എന്തിനാ ഉച്ചയ്ക്ക് ദീപുവിനെ വിളിച്ചത് ''.

'' അവനാണ് എന്‍റെ മനസ്സ് മാറ്റിയത്. അവന്‍റെ കൂടെയിരുന്ന് ഊണു കഴിക്കണം എന്ന് അളിയന്‍ പറഞ്ഞതോണ്ട് വിളിച്ചതാണ് ''.

'' സാരൂല്യാ. നാളെ അവന്‍ ഊണു കഴിക്കാന്‍ അവിടെ ചെന്നോട്ടെ ''.

'' അത് നടക്കില്ല. അവരൊക്കെ തിരുവനന്തപുരത്തേക്ക് പോയി ''.

'' എന്തിന് ''.

'' നാളെത്തന്നെ ഡോക്ടറെ കണ്ട് ചികിത്സ തുടങ്ങാന്‍ ''.

'' എന്തേ പോവുന്ന വിവരം ഞങ്ങളെ അറിയിക്കാഞ്ഞത്. പോവും മുമ്പ് ഞങ്ങള്‍ക്ക് ചെന്ന് കാണില്ലേ ''.

'' നിങ്ങളെയൊക്കെ കണ്ടാല്‍ ചിലപ്പോള്‍ നിയന്ത്രണം നഷ്ടപ്പെടും. അതുകൊണ്ട് പോയി കഴിഞ്ഞിട്ട് അവരോക്കെ അറിഞ്ഞാല്‍ മതി എന്ന് പറഞ്ഞുവത്രേ ''.

'' നിങ്ങള്‍ക്കെങ്കിലും ഒന്ന് അറിയിച്ചൂടേ ''.

'' അതെങ്ങിനെ. എല്ലാം പെട്ടെന്നല്ലേ. പപ്പനമ്മാമനെ വീട്ടിലെത്തിച്ച് തിരിച്ചു വരുമ്പോഴേക്കും സാധനങ്ങളെല്ലാം കാറില്‍ എടുത്തുവെച്ച് എല്ലാവരും കയറാന്‍ ഒരുങ്ങി നില്‍പ്പാണ് ''.

'' നല്ല കാലത്ത് പെങ്ങമ്മാരൊന്നും വേണ്ടാ. ഇനിയെന്തിനാ എന്ന് വിചാരിച്ചിട്ടുണ്ടാവും ''.

'' അങ്ങിനെ ചിന്തിക്കണ്ടാ ''.

'' ആപത്തൊന്നും കൂടാതെ മടങ്ങി വന്നാല്‍ മതി '' വലിയമ്മയുടെ സ്വരം പതറിയിരുന്നു.

ചെറിയമ്മ പോയി ഇളയച്ഛനുള്ള ചായയുമായി വന്നു.

'' വര്‍ത്തമാനത്തിനിടയ്ക്ക് ഒരു കാര്യം പറയാന്‍ വിട്ടു '' ചായഗ്ലാസ്സ് വാങ്ങിയിട്ട് ഇളയച്ഛന്‍ പറഞ്ഞു '' നാളെ ഉച്ചയ്ക്ക് മുംബയില്‍ നിന്ന് എല്ലാവരും കൂടി കൊയമ്പത്തൂരിലെത്തും. വൈകുന്നേരം മുകുന്ദേട്ടന്‍ എന്നെ വിളിച്ച് പറഞ്ഞിരുന്നു ''.

'' കൂട്ടീട്ട് വരാന്‍ പോണോ '' ദിലീപ് മേനോന്‍ ചോദിച്ചു.

'' വേണ്ടാ. അവര് ടാക്സി വിളിച്ച് വന്നോളും ''.

രാജിച്ചേച്ചി കത്തിച്ച നിലവിളക്കുമായി കടന്നു വന്നു.

' നിന്നോടാരാ ഇപ്പൊ വിളക്കു കൊളുത്താന്‍ പറഞ്ഞത് '' വലിയമ്മ മകളോട് തട്ടിക്കയറി.

'' ആരും പറഞ്ഞിട്ടല്ല. സന്ധ്യക്ക് വിളക്ക് കത്തിക്കണ്ടേ. സമയമായി. ഞാന്‍ കത്തിച്ചു. അത്രേന്നെ ''.

'' ദീപം ദീപം എന്ന് പറഞ്ഞോണ്ട് വരണ്ടേ. എന്നാലല്ലേ ആളുകള്‍ക്ക് വിളക്കു കണ്ട് തൊഴാനാവൂ ''.

'' അങ്ങിനെ ചെയ്താല്‍ വരാനുള്ളത് വഴിമാറി പോവ്വോ ''. അവര്‍ തുളസിത്തറയിലേക്ക് നടന്നു.

'' എന്തിനാ വലിയമ്മേ ചേച്ചിയെ വെറുതെ '

'' അവളെ പറഞ്ഞപ്പോഴേക്ക് അവന് പൊള്ളി '' വലിയമ്മ സ്ഥലം വിട്ടു.

'' ഇവളെപ്പോഴാ വന്നത് '' ഇളയച്ഛന്‍ ചെറിയമ്മയോട് ചോദിച്ചു.

'' ഉച്ചയ്ക്ക് ''

'' കുട്ടി ഇവിടെ വരൂ '' വിളക്കുവെച്ച് പോരുന്ന രാജിച്ചേച്ചിയെ ഇളയച്ഛന്‍ വിളിച്ചു.

'' എന്താ എളേച്ചാ '' അവര്‍ അടുത്തു നിന്നു.

'' കുഞ്ഞുണ്ണിമാമ കുറച്ചു സ്ഥലം നിന്‍റെ പേരില്‍ എഴുതിയിട്ടുണ്ട് ''.

'' ങും ''.

'' കടം കയറി വീട് ജപ്തി ചെയ്ത് പോവാറായ ഒരാളെ പണ്ട് പപ്പനമ്മാമന്‍ സ്വന്തം ​സ്ഥലം വിറ്റ് സഹായിച്ചിട്ടുണ്ടത്രേ. അയാള് മരിച്ചു. ഇപ്പോള്‍ മക്കള്‍ നല്ല നിലയിലായി. ദുബായിയില്‍ നിന്ന് ലീവിനു വരുമ്പോള്‍ പപ്പനമ്മാമന്ന് ആ സ്ഥലത്തിന്ന് ഇപ്പോഴത്തെ വില കണക്കാക്കി പതിനഞ്ച് ലക്ഷം രൂപ കൊടുക്കാമെന്ന് മൂത്ത മകന്‍ എഴുതിയിട്ടുണ്ടതേ. അത് മുഴുവന്‍ നിനക്കുള്ളതാണ് എന്ന് അദ്ദേഹം എന്നോട് പറഞ്ഞു ''.

'' ങും '' അതിനും ഒരു മൂളലായിര്രുന്നു മറുപടി.

'' എന്നാല്‍ കുട്ടി പൊയ്ക്കോളൂ '' രാജിച്ചേച്ചി അകത്തേക്ക് നടന്നു.

'' പാവം. ഒന്നിനോടും ആര്‍ത്തിയില്ലാത്ത കുട്ടി '' ഇളയച്ഛന്‍ സ്വയം പറഞ്ഞു.

'' നമശ്ശിവായ, നാരായണായ നമ '' അകത്തുനിന്ന് രാജിച്ചേച്ചിയുടെ പെണ്‍മക്കള്‍ നാമം ചൊല്ലാന്‍ തുടങ്ങി.

Sunday, December 21, 2014

അദ്ധ്യായം - 44.


ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ശബ്ദിച്ചു. ദിലീപ് മേനോന്‍ എടുത്തുനോക്കിയപ്പോള്‍ ഇളച്ഛനാണ്.

'' എന്താ എളേച്ഛാ '' അയാള്‍ ചോദിച്ചു.

'' ദീപു ഉണുകഴിച്ച്വോ ''.

'' കഴിച്ചുകൊണ്ടിരിക്കുന്നു ''.

'' എന്നാല്‍ ശരി ''.

'' എന്താ, ഞാന്‍ എന്തെങ്കിലും ചെയ്യാനുണ്ടോ ''.

'' ഏയ്. ഒന്നൂല്യാ. ഞാന്‍ തിരിച്ചത്താന്‍ ലേശംവൈകും. നാല് നാലര ആവും എന്ന് ചെറിയമ്മയോട് പറയൂ '' അതോടെ ഫോണ്‍ കട്ടായി.

'' എന്താ സംഗതി '' കേട്ടുകൊണ്ടിരുന്ന ചെറിയമ്മ ചോദിച്ചു. ദിലീപ് മേനോന്‍ കേട്ടത് അങ്ങിനെത്തന്നെ പറഞ്ഞു.

'' വല്ല അത്യാവശ്യ കാര്യം ഉണ്ടായിട്ടാവ്വോ മാഷേട്ടന്‍ ദീപുവിനെ വിളിച്ചത് '' വലിയമ്മ ചോദിച്ചപ്പോള്‍ ദിലീപ് മേനോനും അങ്ങിനെ തോന്നി.

'' ഞാന്‍ എളേച്ഛനെ വിളിച്ചു ചോദിക്കട്ടെ '' അയാള്‍ പറഞ്ഞു.

'' വേണ്ട വേണ്ടാ. എന്തെങ്കിലും ഉണ്ടെങ്കില്‍ പറയാതിരിക്കില്ല. അത് ചെയ്തില്ലല്ലോ. അപ്പോള്‍ വിശേഷിച്ച് ഒന്നുമുണ്ടാവില്ല '' ചെറിയമ്മ ആ നീക്കം തടഞ്ഞു '' അങ്ങോട്ടുകേറി ചോദിക്കുന്നത് ഇഷ്ടമില്ലാത്ത ആളാണ്. അതോണ്ട് നീ മിണ്ടാതെ ഊണു കഴിക്കാന്‍ നോക്ക് ''.

അതോടെ സംഭാഷണം നിലച്ചു. വലിയമ്മയാണ് ആദ്യം ഊണുകഴിച്ച് എഴുന്നേറ്റത്. അത് അങ്ങിനെയാണ്. വിളമ്പിവെച്ച ആഹാരം പെട്ടെന്ന് വാരിക്കഴിച്ച് വലിയമ്മ എഴുന്നേല്‍ക്കും.

'' ഊണു കഴിഞ്ഞാല്‍ നീ പോയി കുറച്ചു നേരം റെസ്റ്റ് ചെയ്തോ. കാപ്പി കുടിക്കാറാവുമ്പോള്‍ ഞാന്‍ വിളിക്കാം '' കൈ കഴുകാന്‍ എഴുന്നേറ്റ വലിയമ്മ പറഞ്ഞു.

'' ഉറങ്ങുകയൊന്നുമില്ല. എന്തെങ്കിലും വായിച്ച് ഇരിക്കുകയേ ഉള്ളൂ ''.

'' കുറച്ച് പണി ബാക്കിയുണ്ട്. അത് തീര്‍ത്തശേഷം ഞാനും വരാം '' വലിയമ്മ പാത്രങ്ങള്‍ കഴുകാന്‍ പോയി.

അപ്പോള്‍ മുറ്റത്ത് ഒരു ഓട്ടോറിക്ഷയുടെ ശബ്ദംകേട്ടു. പാത്രം കഴുകല്‍ പകുതിക്കുവെച്ച് വലിയമ്മ പുറത്തേക്ക് നടന്നു.

'' വരുന്ന കാര്യം നിനക്കൊന്ന് വിളിച്ച് അറിയിക്കാമായിരുന്നില്ലേ '' വലിയമ്മ ആരോടോ ചോദിക്കുകയാണ്.

'' എന്‍റെ വീട്ടിലേക്കല്ലേ ഞാന്‍ വരുന്നത്. അതിന്ന് മുന്‍കൂട്ടി പറഞ്ഞ് സമ്മതം വാങ്ങണോ '' രാജിചേച്ചിയുടെ മറുപടിയാണത്.

'' വന്നു കേറുമ്പോഴേക്ക് തുടങ്ങിക്കോളും തര്‍ക്കുത്തരം പറയാന്‍ '' വലിയമ്മയ്ക്ക് ആ പറഞ്ഞത് രസിച്ചിട്ടില്ല.

ഊണു കഴിക്കുന്നത് മതിയാക്കി കൈ കഴുകി വേഗം മുന്‍വശത്തേക്ക് നടന്നു. കയ്യിലുണ്ടായിരുന്ന ബാഗ് ചാരുപടിയില്‍ വെച്ചിട്ട് രാജിച്ചേച്ചി അതിനടുത്തു നില്‍പ്പുണ്ട്. പെണ്‍കുട്ടികള്‍ രണ്ടും അമ്മയുടെ ദേഹത്ത് ഒട്ടിച്ചേര്‍ന്ന് നില്‍ക്കുന്നു. രണ്ടുപേരും പരിഭ്രമിച്ചിട്ടുണ്ട്. അതിനവരെ കുറ്റം പറയാനാവില്ല. വന്നെത്തിയതും കിട്ടിയ സ്വീകരണം ആ മട്ടില്‍ ആയിരുന്നല്ലോ. ഉണ്ണിക്കുട്ടന്‍ ഓട്ടോവില്‍നിന്ന് ഒരു ചാക്കുകെട്ട് താഴെ ഇറക്കുകയാണ്. ഭാസ്ക്കരേട്ടനെ കാണാനില്ല.

'' ചേച്ചി ഭാസ്ക്കരേട്ടന്‍ എവിടെ '' ദിലീപ് മേനോന്‍ ചോദിച്ചു.

'' നാളെ ഗോവിന്ദന്‍ നായരുടെ മകന്‍റെ കല്യാണ നിശ്ചയമാണ്. അതു കഴിഞ്ഞേ ഭാസ്ക്കരേട്ടന്‍ വരൂ ''

'' ഏതു ഗോവിന്ദന്‍ നായര്‍ ''.

'' ആനക്കാരന്‍ ഗോവിന്ദനെ നിനക്ക് ഓര്‍മ്മീണ്ടോ ''.

എങ്ങിനെ മറക്കാനാണ് ? ആനയുടെ കുത്തേറ്റ് മരിച്ച ഗോവിന്ദന്‍ നായരെ നല്ല ഓര്‍മ്മയുണ്ട്, അയാളുടെ മരണത്തോടെ അനാഥമായ കുടുംബത്തേയും. അപകടത്തിന്നുശേഷം ആനയുടമ നഷ്ടപരിഹാരം നല്‍കാന്‍ ഒരുങ്ങിയ സമയത്താണ് വേറെ രണ്ടു സ്ത്രീകള്‍ മരിച്ച ആളുടെ ഭാര്യയാണെന്ന് അവകാശപ്പെട്ട് എത്തുന്നത്. മദ്ധ്യസ്ഥന്മാര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചപ്പോള്‍ നിസ്സാരമായ ഒരു തുക കിട്ടി. പിന്നീട് രണ്ടു മക്കളേയുംവെച്ച് ആ സ്ത്രീ അനുഭവിച്ച കഷ്ടപ്പാട് പറഞ്ഞു കേട്ടിട്ടുണ്ട്.

'' എന്താ നീ ആലോചിക്കുന്നത്. നിനക്ക് ആളെ മനസ്സിലായില്ലേ. നിന്‍റെ പഴയ ഷര്‍ട്ടുകളും പാന്‍റും ഞാന്‍ കൊണ്ടുപോയി വെട്ടി ചെറുതാക്കി കൊടുക്കും. അതിട്ട് വളര്‍ന്നവനാ കല്യാണക്കാരന്‍ ''.

'' സുരേഷ് എന്നല്ലേ അവന്‍റെ പേര്. ഇപ്പോള്‍ എന്തു ചെയ്യുന്നു ''.

'' ഐ.എ.എസ്. കഴിഞ്ഞ് ഏതോ വലിയ ജോലിയായീന്ന് കേട്ടു. ഇനി കലക്ടറായിട്ട് വരും എന്നാ ഭാസ്ക്കരേട്ടന്‍ പറയുന്നത് ''.

'' ആഹാ, അവന്‍ ആള് മിടുക്കനാണല്ലോ ''.

'' പിന്നെ നിന്നെപ്പോലെ ബുദ്ധിയില്ലാത്തോനാണ് എന്ന് വിചാരിച്ചോ ''.

'' കടന്നു പോടി അകത്തേക്ക്. ബുദ്ധിയുള്ള ഒരാള് വന്നിരിക്കുന്നു '' വലിയമ്മ ചൂടായി.

'' പോട്ടേ വലിയമ്മേ, രാജിച്ചേച്ചി ആലോചിക്കാതെ പറഞ്ഞതല്ലേ ''.

'' നീ ഇങ്ങോട്ട് വാ '' എന്നു പറഞ്ഞ് ചെറിയമ്മ രാജിച്ചേച്ചിയേയും കുട്ടികളേയും കൂട്ടി അകത്തേക്ക് നടന്നു, വലിയമ്മ പുറകെയും.

'' കേട്ടല്ലോ, അമ്മ പോവുന്നതുവരെ ഇതന്നെ ആയിരിക്കും അവസ്ഥ '' ഉണ്ണിക്കുട്ടന്‍ അരികത്തു വന്ന് പറഞ്ഞു.

'' നീയിതൊന്നും കാര്യമാക്കണ്ടാ ''എന്ന് ആശ്വസിപ്പിച്ചതോട അവനും സ്ഥലം വിട്ടു.

ആനക്കാരന്‍ ഗോവിന്ദന്‍റെ കുടുംബത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സിലെത്തി. അയാളുടെ മരണശേഷമുള്ള കാര്യങ്ങളേ രാജിച്ചേച്ചി പറഞ്ഞു കേട്ടിട്ടുള്ളു. ഗോവിന്ദന്‍റെ ഭാര്യ രമണി അനാഥയായിരുന്നു. അവര്‍ക്ക് പ്രായപൂര്‍ത്തി ആയതും ഏക ആശ്രയമായ മുത്തശ്ശിയും മരിച്ചു. അകന്ന ബന്ധുക്കള്‍ ഏറെ വൈകാതെ അവരെ ആനക്കാരന്‍ ഗോവിന്ദന്‍ നായര്‍ക്ക് വിവാഹം കഴിച്ചു കൊടുത്തു. ഭര്‍ത്താവിന്‍റെ സംരക്ഷണം അവര്‍ക്ക് അധികകാലം ലഭിച്ചില്ല. സമ്പാദ്യമായി ഒരു പെണ്‍കുട്ടിയേയും അതിന്നു താഴെ ഒരു ആണ്‍കുട്ടിയേയും നല്‍കി അയാള്‍ കടന്നുപോയി. മൂന്നു നാലു തവണ രാജിച്ചേച്ചി ആ രണ്ടു കുട്ടികളെ തറവാട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നിട്ടുണ്ട്.

'' ദീപൂ, നിനക്ക് എന്നോട് ദേഷ്യം ഉണ്ടോടാ '' രാജിച്ചേച്ചിയുടെ ശബ്ദം കേട്ടു.

'' ഏയ്. ഇല്ല ''.

'' എത വലുതായാലും എനിക്ക് നീ എന്‍റെ ദീപുവാണ് ''.

'' എനിക്കും അതാ ഇഷ്ടം ''. പെട്ടെന്ന് മനസ്സിലൊരു കുസൃതി തോന്നി.. രാജിച്ചേച്ചിയെ ഒന്ന് ചൂടാക്കണം.

'' ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടേ ''.

'' എന്തു വേണച്ചാലും ചോദിച്ചോ ''.

'' ചേച്ചിക്ക് രമണിയമ്മയോട് അസൂയ തോന്നുന്നുണ്ടോ ''

'' എന്തിന് ''

'' അവരുടെ മകന്‍ കലക്ടര്‍ ആവുകയല്ലേ ''.

'' എന്നാല്‍ കേട്ടോ. എനിക്ക് ഒട്ടും അസൂയയില്ല. എന്നല്ല മനസ്സ് നിറയെ സന്തോഷം ഉണ്ടേനും രമണിയുടെ മകള്‍ക്ക് കോളേജില്‍ പഠിപ്പിക്കുന്ന ജോലി കിട്ടിയപ്പോഴും ഇപ്പഴും അതന്നെ ഉള്ളൂ ''.

'' അതെന്താ ഇത്ര സന്തോഷം തോന്നാന്‍ ''.

'' അതൊക്കെ ഉണ്ട് ''.

 '' പറയൂ. കേള്‍ക്കട്ടെ ''.

'' വേണ്ട വേണ്ടാ. ഇന്നേവരെ ഞാനാരോടും പറഞ്ഞിട്ടില്ല ''.

'' എന്നോട് പറഞ്ഞൂടെ. ഞാന്‍ ചേച്ചിടെ ദീപുവല്ലേ ''.

'' നീ ആരോടെങ്കിലും പറയ്യോ ''.

'' ഇല്ല ''.

'' സത്യം ''.

'' സത്യം ''.

'' എന്നാല്‍ ഞാന്‍ പായാം. ചെറുപ്പത്തില്‍ രമണി നല്ല ഭംഗിയുള്ള  പെണ്ണായിരുന്നു. അവളും ഭാസ്ക്കരേട്ടനും സ്നേഹത്തിലായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ''.

'' എന്നിട്ടെന്തേ കല്യാണം കഴിക്കാതിരുന്നത് ''.

'' കാശും ഇല്ല, ആളും നാഥനും ഇല്ല. അങ്ങിനത്തെ ഒരു പെണ്ണിനെ കെട്ടാന്‍ വീട്ടുകാര് സമ്മതിക്ക്വോ. വലിയൊരു നാലുകെട്ടും മൂന്നു നേരം ഉണ്ണാനുള്ള വകയും അമ്മയ്ക്ക് ജോലിയും ഉള്ളതോണ്ട് ആ നറുക്ക് എന്‍റെ പേരില് വീണു ''.

'' എങ്കില്‍ വേണ്ട വേണ്ടാ അവരോട് സ്നേഹം തോന്നാന്‍ വഴിയില്ല. മാത്രമല്ല ഭാസ്ക്കരേട്ടനോടും മനസ്സില്‍ നീരസം കാണും ''.

'' എന്തിന്. കാട്ടാളത്തിയെപ്പോലെയുള്ള എന്നെ കല്യാണം കഴിച്ച് കൂടെ പൊറുപ്പിക്കുന്നതിന്നോ ''.

'' ഭാസ്ക്കരേട്ടന്‍ സ്നേഹിച്ച സ്ത്രീയല്ലേ. അവര് നന്നാവുമ്പോള്‍ അല്‍പ്പം അസൂയ തോന്നില്ലേ ''.

'' കല്യാണം കഴിക്കാന്‍ പറ്റിയില്ലെങ്കിലും ഭാസ്ക്കരേട്ടന്ന് അവളെ മാക്കാന്‍ കഴിയ്യോ ? ഇല്ല. ഞാനറിയാതെ ഭാസ്ക്കരേട്ടന്ന് അവരെ സഹായിക്കാന്‍ പറ്റില്ലേ ? അത് ചെയ്യുന്നില്ലല്ലോ. അതിന്‍റെ അര്‍ത്ഥം മൂപ്പര് എന്നെ മനസ്സറിഞ്ഞ് സ്നേഹിക്കുന്നുണ്ട് എന്നല്ലേ? അപ്പോള്‍ ഞാനെന്താ വേണ്ടത് ? സ്നേഹിക്കുന്ന ഭര്‍ത്താവിന്‍റെ സന്തോഷം എന്താന്ന് മനസ്സിലാക്കി കണ്ടറിഞ്ഞ് പെരുമാറണം ''.

'' അങ്ങിനെ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ ''.

'' ഉവ്വ്. നിന്‍റെ പഴയ പുസ്തകങ്ങള്‍ വാങ്ങി രമണിയുടെ മകള്‍ക്ക് കൊടുക്കുമ്പോഴും പഴയ ഡ്രസ്സ് വാങ്ങി വെട്ടിച്ചെറുതാക്കി ചെക്കന് കൊടുക്കുമ്പോഴും ഭാസ്ക്കരേട്ടന്‍റെ  മനസ്സില്‍ ഉണ്ടാവുന്ന സന്തോഷം എനിക്ക് അറിയാന്‍ കഴിഞ്ഞിട്ടുണ്ട് ''.

മനസ്സില്‍ അത്ഭുതമോ സന്തോഷമോ എന്തൊക്കേയോ നിറയുന്നുണ്ട്. പഠിപ്പും വിവരവും ഇല്ലെങ്കിലെന്ത്? ആ മനസ്സിന്‍റെ വലിപ്പത്തിന്നു മുന്നില്‍ അതൊന്നും ഒരു കുറവല്ല.

'' ദീപൂ, നിന്നെ ജാഫര്‍ വിളിക്കുന്നു '' വലിയമ്മ അകത്തു നിന്ന് മൊബൈലുമായി എത്തി.

'' രാത്രി ഒമ്പതിന്ന് കാറുമായി ഞാനെത്തും '' കാള്‍ എടുത്തതും ജാഫറിന്‍റെ സ്വരം കേട്ടു.

'' എന്താ പരിപാടി ''.

'' ഇന്ന് നെന്മാറ വേലയല്ലേ ? ഒരുങ്ങി നിന്നോ '' വല്ലതും കൂടുതല്‍ പറയുന്നതിന്നു മുമ്പ് കാള്‍ അവസാനിച്ചു.

'' എന്തിനാ വിളിച്ചത് '' വലിയമ്മ ചോദിച്ചു.

'' നെന്മാറ വേലയ്ക്ക് ചെല്ലാന്‍ ''.

'' എന്നാല്‍ പൊയ്ക്കോ. നാളെ അവരൊക്കെ വന്നെത്തിയാല്‍ പിന്നെ എങ്ങോട്ടും പോവാന്‍ പറ്റി എന്നു വരില്ല ''.

'' വരുമ്പോള്‍ പൊരിയും തേനീച്ചാമ്പഴവും ഹലുവയും വാങ്ങീട്ട് വാ '' രാജിച്ചേച്ചി അതു പറഞ്ഞതും വലിയമ്മ അവരെ തുറിച്ചു നോക്കി

'' കുറച്ച് ചുക്കുവെള്ളം തരൂ വലിയമ്മേ, വല്ലാതെ ദാഹിക്കുന്നു '' അടുത്ത ശകാരവര്‍ഷം തുടങ്ങുന്നത്തിന്നു മുമ്പ് ഇടപെട്ടു.