Wednesday, January 29, 2014

അദ്ധ്യായം - 25.

'' ഇപ്പോഴാണെടാ ദീപൂ എൻറെ മനസ്സൊന്ന് തണുത്തത് '' പാർക്കിങ്ങ് ഗ്രൗണ്ടിലേക്ക്  നടക്കുന്നതിന്നിടയിൽ രാജേശ്വരി ദിലീപ് മേനോനോട് പറഞ്ഞു. ഓ.പി.യ്ക്കു മുന്നിൽ ഭാസ്ക്കരേട്ടനും കുട്ടികളും നിൽപ്പുണ്ട്.

'' എനിക്കും സന്തോഷമായി '' അയാൾ മറുപടി നൽകി '' പക്ഷെ ചേച്ചി എന്തൊക്കെ വിഡ്ഡിത്തരങ്ങളാണ് ആ ഡോക്ടറോട് ചോദിച്ചത് ''.

'' ഞാൻ ചോദിച്ചതില് എന്താ തെറ്റ്. നീയും ഡോക്ടറും കൂടി ഇംഗ്ലീഷിൽ വർത്തമാനം പറഞ്ഞോണ്ടിരുന്നാൽ എനിക്ക് വല്ലതും മനസ്സിലാവ്വോ. അപ്പൊ മനസ്സില് തോന്നിയ സംശയം ഞാൻ ചോദിച്ചു. അത്രേന്നെ ''.

'' എന്നാലും ഈയം പൂശാൻ വരുന്നവൻ കുടത്തിലെ ഓട്ട അടയ്ക്കാൻ വെട്ടിവെക്കുന്ന മാതിരി ഹാർട്ടിൽ ചെയ്യോ എന്നു ചോദിച്ചത് കുറച്ച് കടന്നതായി ''.

'' നീ പോടാ. ഞാൻ അങ്ങിനെയൊന്ന്വോല്ല ചോദിച്ചത് ''.

'' എന്തായാലും ഇപ്പോൾ എന്താ മകളുടെ അസുഖം എന്ന് മനസ്സിലായില്ലേ ''.

'' ഉവ്വ്. ഹാർട്ടിന്ന് ഇടത്തും വലത്തുമായി രണ്ട് സൈഡുകളുണ്ട്. ഒന്നിൽ ചീത്ത രക്തവും മറ്റേതിൽ നല്ല രക്തവും ഉണ്ടാവും. രണ്ടിൻറേയും ഇടയ്ക്കുള്ള ഭിത്തിയിൽ ഓട്ട വന്നാൽ ചീത്ത രക്തവും നല്ല രക്തവും കലരും. അതാണ് കുട്ടിടെ സൂക്കട് ''.

'' ഈ പറഞ്ഞതെല്ലാം സ്കൂൾ കുട്ടികൾ ഏഴിലോ എട്ടിലോ പഠിക്കുന്നതാണ്. എന്നിട്ടും ചേച്ചിക്ക് അറിയില്ല. പഠിക്കുന്ന കാലത്ത് ചേച്ചി എന്താ ചെയ്തത് ''.

'' അത്ര ബുദ്ധിയുണ്ടെങ്കിൽ ഇങ്ങിനെ ആവ്വോ. ബാലൻ മാസ്റ്റർ വന്ന് എന്തൊക്കേയോ പറയും. എനിക്കൊന്നും മനസ്സിലാവില്ല. തലേലെ പേനിനെ കൊല്ലാൻ എന്താ ചെയ്യാ എന്നും ആലോചിച്ച് ഞാൻ ഇരിക്കും ''.

ദിലീപ് മേനോന്ന് ചിരി സഹിച്ചില്ല. രാജേശ്വരിയും അതിൽ പങ്കുകൊണ്ടു.

'' സത്യം പറയാലോ, ശനിയാഴ്ച വന്നിട്ട് ചികിത്സടെ കാര്യം തീരുമാനിക്കാം എന്നും പറഞ്ഞു പോയിട്ട് ഇന്നുവരെ നിന്നെ കാണാഞ്ഞപ്പോൾ മറന്നിട്ടുണ്ടാവും എന്ന് ഞാൻ കരുതി. ഏതായാലും നല്ല ഡോക്ടറെ കാണിക്കാൻ പറ്റിയല്ലോ. അതു മതി ''.

ആസ്പത്രി ഗെയിറ്റ് കടന്ന് കാർ റോഡിലേക്കിറങ്ങി. നല്ല വെയിലാണ്. എ.സി. ഓൺ ചെയ്തു. ബൈപാസ് റോഡ് ഹൈവേയിൽ അവസാനിച്ചു. ഒന്നു കൂടി വേഗത കൂട്ടി.

'' ദീപൂ, പേടിക്കാനൊന്നും ഇല്ലല്ലോ '' ഭാസ്കരേട്ടന്ന് പരിഭ്രമം ഉള്ളതുപോലെ.

'' ഏയ്. ഒട്ടും വിഷമിക്കേണ്ടാ. ഡോക്ടർ പറഞ്ഞത് കേട്ടില്ലേ. ചിലർക്ക് ഈ തകരാറ് സംഭവിക്കാറുണ്ട്. പലപ്പോഴും തനിയെ അത് മാറും. നമ്മുടെ കുട്ടിക്ക് അത് മാറിയിട്ടില്ല. ശരിയായ ചികിത്സ അവൾക്ക് കിട്ടിയിട്ടുമില്ല. ഡോക്ടർ പറഞ്ഞപോലെ ആറുമാസം മരുന്നുകൾ കഴിച്ചു നോക്കട്ടെ. വേണമെങ്കിൽ അത് അടപ്പിക്കാം ''.

'' അത് ആലോചിക്കുമ്പോഴാ പേടി ''.

'' വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുമെന്നാണ് ഡോക്ടർ പറഞ്ഞത്. ഞാൻ പോയാലും ഇടയ്ക്ക് ഡോക്ടറെ വിളിച്ച് വിവരങ്ങൾ അന്വേഷിക്കും. ഓപ്പറേഷൻ വേണ്ടിവന്നാൽ ലീവെടുത്ത് ഇവിടെ വന്ന് അത് നടത്തിയിട്ട് പോവും ''.

'' എൻറെ കുട്ടിടെ ദുരിതം മാറ്റിയാൽ നിനക്ക് നൂറ് പുണ്യം കിട്ടും '' രാജിച്ചേച്ചി കണ്ണുകൾ തുടയ്ക്കുന്നത് കണ്ണാടിയിലൂടെ കണ്ടു.

'' സമയമായില്ലേ. നമുക്ക് കാപ്പി കുടിക്കാം '' നല്ലൊരു ഹോട്ടൽ കണ്ടതും കാറ് നിർത്തി. കുട്ടികൾക്ക് ആകെക്കൂടി ഒരു അമ്പരപ്പ് തോന്നി. ഒരു പക്ഷെ അവർ ഇതു പോലത്തെ ഹോട്ടലിൽ ആദ്യമായി ചെല്ലുകയാവും.

തുടക്കത്തിലെ പരിഭ്രമം തീർന്നതോടു കൂടി കുട്ടികൾ ഭക്ഷണം ആസ്വദിച്ചു കഴിക്കാൻ തുടങ്ങി. രാജിച്ചേച്ചിയും ഭാസ്ക്കരേട്ടനും അവരോടൊപ്പംചേർന്നു. എയർ കണ്ടീഷണർ ശരീരത്തെ മാത്രമല്ല മനസ്സിനേയും കുളിർപ്പിക്കുന്നുണ്ടെന്ന് തോന്നി.

'' ഉണ്ണിക്കുട്ടനും കൂടി ഉണ്ടെങ്കിൽ എത്ര നന്നായിരുന്നു '' രാജിച്ചേച്ചി പറഞ്ഞു.

'' അവന് പരീക്ഷ തുടങ്ങുകയായി. അതാണ് വരാഞ്ഞത്. ചേച്ചിയുടെ മോഹം പോലെ നാളെ അവനെ ഹോട്ടലിൽ കൊണ്ടുപോയി ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങിക്കൊടുക്കാം ''.

'' ദീപൂ, എനിക്ക് നിന്നോട് രണ്ടു കാര്യം ചോദിക്കാനുണ്ട് '' യാത്ര തുടർന്നതും രാജിച്ചേച്ചി പറഞ്ഞു '' ദേഷ്യം വരാൻ പാടില്ലാട്ടോ ''.

'' എന്തായാലും ചേച്ചി ചോദിച്ചോളൂ ''.

'' എനിക്ക് ഒരു വയസ്സ് തികയുന്നതിന്നു മുമ്പേ എൻറെ അച്ഛൻ മരിച്ചു. അച്ഛൻറെ വക എന്നു പറഞ്ഞ് ഒരു പൈസ എനിക്ക് ആരും തന്നിട്ടില്ല ''.

'' അതിന്ന് ''.

'' എൻറെ അമ്മായിയമ്മ ആളൊരു കെണിച്ചിയാണെങ്കിലും ഒരു നല്ല കാര്യം എപ്പോഴും പറയാറുണ്ട്. കേസ്സ് കൊടുത്താൽ അച്ഛൻറെവീതം എനിക്ക് കിട്ടും അതിന്ന് ശ്രമിക്കെടാ എന്ന് മകനെ ഉപദേശിക്കും ''.

'' രാജിച്ചേച്ചിക്ക് എന്തിൻറെ കേടാണ്. ഭാസ്ക്കരേട്ടൻറെ അമ്മയെ ഇങ്ങിനെയൊക്കെ പറയാമോ ''.

'' ഞാൻ പറഞ്ഞതിലാ കുറ്റം. വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ആ തള്ളടെ തല അമ്മികൊഴവകൊണ്ട് കുത്തിപൊട്ടിച്ചിട്ടുണ്ടാവും. ചാവുന്നതുവരെ അതിനെ ഒരക്ഷരം ഞാൻ പറഞ്ഞിട്ടില്ല ''.

'' നല്ലൊരു വക്കീലിനെ കണ്ട് അന്വേഷിക്കട്ടെ '' രാജിച്ചേച്ചി കൂടുതൽ അബദ്ധങ്ങൾ എഴുന്നള്ളിക്കുന്നതിന്നു മുമ്പ് വിഷയം മാറ്റി '' ഇനിയെന്താ പറയാനുള്ളത് ''.

'' പാലുവിറ്റ് കിട്ടിയ കാശിൽ നിന്ന് മിച്ചം പിടിച്ച് നറുക്ക് ചേരാറുണ്ടായിരുന്നു. അങ്ങിനെ മൂന്നു പ്രാവശ്യം അരപ്പവൻ വീതം വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. എത്ര ബുദ്ധിമുട്ട് വന്നപ്പോഴും അതിനെ തൊട്ടിട്ടില്ല. പെണ്ണ് വയസ്സറിയിക്കുമ്പോൾ ഒരു മാല വാങ്ങാൻ വെച്ചതാണ് ''.

'' എന്താ, അത് ഇപ്പോഴും ഇല്ലേ ''.

'' ഉണ്ട്. പക്ഷെ എൻറെ മനസ്സില് ഒരു ആലോചന ''.

'' എന്താ ചേച്ചി ''.

'' ഒരാഴ്ച കഴിഞ്ഞാൽ നിൻറെ കുട്ടിയെ നടാടെ കാണും. അപ്പോൾ അച്ചേമ്മടെ വക അതിന്ന് എന്തെങ്കിലും കൊടുക്കണ്ടേ. പ്രത്യേകിച്ച് നീ ഇങ്ങിനെയൊക്കെ ഉപകാരം ചെയ്യുമ്പോൾ അങ്ങോട്ട് ചെയ്യാതിരുന്നാൽ തെറ്റാവില്ലേ ''.

'' എന്തൊക്കെയാ ഈ ചേച്ചി പറയുന്നത് ''.

'' ഇവൾക്ക് വിവരം എന്നു പറയുന്ന സാധനം ലവലേശമില്ല '' ഭാസ്ക്കരേട്ടൻ ഇടപെട്ടു.

'' നിങ്ങള് മിണ്ടാണ്ടെ ഇരുന്നോളിൻ. ഞാൻ എൻറെ ആങ്ങളടെ അടുത്തല്ലേ പറയുന്നത്. ദീപൂ, നീ ഒരു കാര്യം ചെയ്യ്. നീ പോവുമ്പോൾ ഞാൻ അത് നിൻറെ കയ്യിൽ തന്നു വിടാം. കുട്ടിക്ക് പറ്റിയ ഒരു മാല അതോണ്ട് വാങ്ങിക്കോ ''.

രാജിച്ചേച്ചിയുടെ ശുദ്ധഗതിയോർത്ത് ചിരി വന്നു. പാവം, പണ്ടും ഇങ്ങിനെയായിരുന്നു. ഒന്നും മനസ്സിൽ സൂക്ഷിക്കാൻ അറിയാത്ത പ്രകൃതം.

'' നീയെന്താ ഒന്നും പറയാത്തത് '' വീണ്ടും ചോദ്യമുയർന്നു.

'' മാലയേക്കാളും വിലകൂടിയ ഒരു സാധനം ചേച്ചി അവന് കൊടുക്കണം ''.

'' എൻറേല് ഉണ്ടെങ്കിലല്ലേ ''.

'' ഉണ്ട്. ചേച്ചിയുടെ അടുത്ത് മാത്രമേ അതുള്ളു ''.

'' എന്താ അത് ''.

'' ചേച്ചി എൻറെ മകൻറെ കയ്യും പിടിച്ച് തറവാട്ടിലെ തൊടിയിലും കുളത്തിൻ കരയിലും പാടത്തിൻറെ വരമ്പിലുമൊക്കെ നടക്കണം. മുമ്പ് എന്നെ കൈപിടിച്ച് നടന്നതുപോലെ. അതിലുംവെച്ച് വില കൂടിയതൊന്നും അവന് കൊടുക്കാനില്ല ''.

ആ പറഞ്ഞതിൻറെ പൊരുൾ രാജേശ്വരിക്ക് മനസ്സിലായില്ല. കാർ ഓടിക്കൊണ്ടിരുന്നു.

Sunday, January 19, 2014

അദ്ധ്യായം - 24.


'' നിന്നുടെ വീട്ടിൽ രണ്ടു നായ്ക്കളുമുണ്ടല്ലോ
എങ്ങിനെ ഞാനും വരട്ടെ അമ്മാളു എങ്ങിനെ
ഞാനും വരട്ടെ ''.

'' കടിയ്ക്കുന്ന നായിനെ പടിക്കലും കെട്ടീടാം
കുരയ്ക്കാണ്ടു കഴിക്കാം ചെല്ലച്ചോ പിന്നാലെ
വന്നോളിൻ ''.

സി.എഫ്. എൽ. വിളക്കിൻറെ വെട്ടത്തിൽ കളിക്കാർ സ്വയം മറന്ന് കളിക്കുകയാണ്. ചായം തേച്ച അവരുടെ മുഖത്ത് പൊടിഞ്ഞ വിയർപ്പു തുള്ളികൾ മുത്തുകൾ പോലെ തിളങ്ങുന്നുണ്ട്. ചെണ്ടയുടെ താളത്തിനൊപ്പിച്ച് കളിക്കാരുടെ കയ്യിലുള്ള തൂവാലകൾ ഇളകുന്നതും നോക്കി നിർനിമേഷനായി ഇരുന്നു.

'' ദീപൂ എഴുന്നേൽക്ക്. സമയം രണ്ടായി '' വലിയമ്മയുടെ വിളി കേട്ട് ദിലീപ് മേനോൻ ഉണർന്നു.

'' പപ്പനമ്മാമൻ വന്നിട്ടുണ്ട് '' അവർ പറഞ്ഞു '' കുറെനേരമായി നിന്നെ കാത്തിരിക്കുന്നു ''. വേഗം എഴുന്നേറ്റു ചെന്നു. പപ്പനമ്മാമൻ ചാരുപടിയിൽ ഇരിപ്പാണ്.

'' ദീപു നല്ല ഉറക്കമായിരുന്നു. ശല്യം ചെയ്യണ്ടാന്ന് കരുതി വിളിക്കാഞ്ഞതാ '' അദ്ദേഹം പറഞ്ഞു '' നേരം വെളുക്കുന്നതു വരെ ഉറങ്ങാതെ കളി കണ്ടതല്ലേ ''.

'' കളി മുഴുവനും കാണാൻ നിന്നില്ല. മൂന്നു മണിയാവുമ്പോഴേക്കും മടങ്ങിവന്നു ''.

കഴിഞ്ഞ രാത്രി ശരിക്ക് ഉറങ്ങാൻ പറ്റിയില്ല. പൊറാട്ടുംകളി കാണണോ എന്നുചോദിച്ച് സന്ധ്യയോടെ ജാഫർ വിളിച്ചപ്പോൾ വേണ്ടാ എന്നു പറയാൻ കഴിഞ്ഞില്ല. എത്രയോ കാലത്തിന്നു ശേഷം വീണു കിട്ടിയ അവസരമാണ്.

'' ഉറക്കത്തിലും പൊറാട്ടുംകളിയുടെ നിനവായിരിക്കും അല്ലേ '' പപ്പനമ്മാമൻ ചിരിച്ചു '' മണ്ണാനും മണ്ണാത്തിയും, കുറവനും കുറത്തിയും, പൂക്കാരിപെണ്ണുമൊക്കെ കണ്ണിനുമുമ്പിൽ കളിക്കുന്നതുപോലെ തോന്നിയിട്ടുണ്ടാവും ''.

ആ പറഞ്ഞത് ശരിയാണ്. തലേന്നുരാത്രി കേട്ട പാട്ടിൻറേയും കൊട്ടിൻറേയും അലകൾ ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നതുപോലെ തോന്നുന്നുണ്ട്. മറുപടിയൊന്നും പറയാതെ വെറുതെ ചിരിച്ചു. കളിയുടെ നിനവുകൾ മനസ്സിൽ നിന്ന് പോവുന്നില്ല.

പൊറാട്ടും കളിയുടെ വേദി കൊയ്ത്തുകഴിഞ്ഞ പാടങ്ങളോ, ഏതെങ്കിലും പറമ്പുകളോ ആയിരിക്കും. പണ്ടൊക്കെ വീട്ടിൽനിന്നും കളി കാണാൻ പോവാൻ അനുവാദം കിട്ടില്ല.  കള്ളും കുടിച്ച് കേൾക്കാൻ പാടില്ലാത്ത പാട്ടുകളും പാടിയുള്ള കളിയാണ് അതെന്നാണ് വീട്ടുകാരുടെ അഭിപ്രായം. വിക്ടോറിയകോളേജിൽ B.Sc ക്ക് ചേർന്നകൊല്ലം ആരോടും
പറയാതെ ജാഫറിൻറെകൂടെ കളികാണാൻ പോയത് മറക്കാനാവില്ല. വീട്ടുകാരറിയാതെ വല്ലപ്പോഴും സിനിമയ്ക്ക് പോവാനുള്ളസൗകര്യം ഉള്ളതിനാൽ ആ കാലത്ത് ഉമ്മറത്തെ ചാരുപടിയിലാണ് കിടപ്പ്. കഷ്ടകാലത്തിന്ന് ആ രാത്രി പശുക്കുട്ടി കെട്ടഴിഞ്ഞ് നടന്നു. അതോടെ പശു നിർത്താതെ കരയാൻതുടങ്ങി. വാതിൽ തുറന്ന് പുറത്തു വന്ന വീട്ടുകാർ ചാരുപടിയിൽ തലയണ്ണയും പുതപ്പും മാത്രമേ കണ്ടുള്ളു. പുലരുന്നതിന്ന് എത്രയോമുമ്പേ വീട്ടിലെത്തിയെങ്കിലും ഉറങ്ങാതെ കാത്തിരുന്ന വീട്ടുകാരിൽ നിന്ന് കേട്ട ശകാരത്തിന്ന് കണക്കില്ല.

'' സത്യം പറഞ്ഞാൽ പൊറാട്ടും കളി എനിക്കും ഇഷ്ടമാണ് '' പപ്പനമ്മാമൻ പറഞ്ഞു '' മുമ്പൊക്കെ കൊയ്ത്തു കഴിഞ്ഞാൽ ഇടയ്ക്ക് കളി ഉണ്ടാവും. വളരെക്കുറച്ച് വാദ്യങ്ങൾ, ലളിതമായ രംഗസജ്ജീകരണം, സാധാരണ വസ്ത്രങ്ങൾ ധരിച്ച വേഷങ്ങൾ, നർമ്മം തുളുമ്പുന്ന വരികൾ എന്നിവയാണ് ഈ നാടൻ കലാരൂപത്തിനെ ജനകീയമാക്കുന്നത്. ഇടക്കാലത്ത് പൊറാട്ടുംകളി സ്പൊൺസർ ചെയ്തിരുന്നത് കള്ളുഷാപ്പ്കാരായിരുന്നു. ബാക്കിവന്ന കള്ളൊക്കെ ഒരു രാത്രികൊണ്ട് ചിലവാക്കാൻ പറ്റുമല്ലോ. ഇപ്പോൾ ചില സ്ഥലങ്ങളിൽ പൊറാട്ടുംകളി സംഘങ്ങളുണ്ട് ''.

'' രണ്ടാളും കൂടി പൊറാട്ടുംകളിയെപ്പറ്റി സംസാരിച്ചിരുന്നാൽ ഇന്നത്തെ നെന്മാറ യാത്ര മുടങ്ങും. വേഗം ആഹാരം കഴിച്ച് പുറപ്പെടാൻ നോക്കിൻ '' വലിയമ്മ ധൃതികൂട്ടി.

 രണ്ടുപേർക്കും ഭക്ഷണം വിളമ്പിയശേഷം വലിയമ്മയിരുന്നു. വിശപ്പ് തോന്നുന്നില്ല. നേരം തെറ്റി ഉറങ്ങിയതിനാലാവാം. വിളമ്പി വെച്ചതിൽ പാതി പാത്രത്തിലേക്കിട്ടു.

'' പപ്പനമ്മാമൻ അങ്ങോട്ട് വരുന്നുണ്ടാവും എന്ന് ഞാൻ വിചാരിച്ചില്ല. എങ്കിൽ വിവരം തരുമായിരുന്നു '' ദിലീപ് മേനോൻ പറഞ്ഞു '' പോവുന്ന കാര്യം എങ്ങിനെ അറിഞ്ഞു ''.

'' ഒരു പമ്പ്കണക്ഷന്നുവേണ്ടി ഇലക്ട്രിസിറ്റി ഓഫീസിൽ പോയതാവിരുന്നു. വെറുതെ ദീപുവിനെ വിളിച്ചപ്പോൾ ഫോണെടുത്തത് സുഭദ്ര. ശിവരാമനെ കാണാൻ നെന്മാറക്ക് പോവുന്നകാര്യം അങ്ങിനെ അറിഞ്ഞതാണ്. എന്നാൽ അവിടംവരെ ഒന്ന് പോയാലോ എന്നു തോന്നി. പിന്നെ സംശയിച്ചു നിന്നില്ല. ഒരു ഓട്ടോറിക്ഷ വിളിച്ച് നേരെ ഇങ്ങോട്ട് പോന്നു ''.

'' അത് നന്നായി. പപ്പനമ്മാമനും അവരെ കാണാലോ ''.

'' ഞാൻ ഇടയ്ക്കൊക്കെ കാണാറുണ്ട്. ചിലപ്പോൾ വല്ലതും കൊടുക്കും. രണ്ടാമത്തെ മകനെ ഉപദേശിച്ച് നന്നാക്കാൻ എന്നെ ഏൽപ്പിച്ചതാണ്. എന്തെങ്കിലും പറഞ്ഞാൽ ചെക്കൻ കൂമനെമാതിരി മിണ്ടാതെ നിൽക്കും. നമ്മള് അവൻ നന്നായി എന്നു കരുതും. പക്ഷെ പിന്നെ ചെയ്യുന്നതും കുരുത്തക്കേടന്നെ ''.

'' അമ്മാമേ, കല്യാണത്തിന്ന് സമ്മാനം കൊടുക്കുന്നതിന്നു പകരം അതിനുള്ള സംഖ്യ ഇപ്പോൾത്തന്നെ ആ കുട്ടിയുടെ കയ്യിൽ കൊടുത്താൽ അവർക്കത് ഉപ്കാരമാവില്ലേ '' വലിയമ്മ അഭിപ്രായം ചോദിച്ചു.

'' അതാ നല്ലത് '' പപ്പനമ്മാമൻ സമ്മതിച്ചു.

'' ഞാൻ ഒരു ആയിരം ഉറുപ്പിക ഒരു കവറിലിട്ട് പെൺകുട്ടിടെ കയ്യിൽ കൊടുക്കും. ദീപു പതിനായിരം കൊടുക്കുന്നുണ്ട് എന്നു പറഞ്ഞു ''.

'' ഞാനും അയ്യായിരം കയ്യിൽ വെച്ചിട്ടുണ്ട് ''.

പാത്രങ്ങൾ ധൃതിയിൽ കഴുകിവെച്ച് വലിയമ്മ ഒരുങ്ങി വന്നു. വാതിൽപൂട്ടി താക്കോൽ സൂത്രഓട്ടയുടെ ഉള്ളിൽ തിരുകിവെച്ചു. 

മെയിൻറോഡിലേക്ക് കയറിയതും വേഗത കൂട്ടി. നാലുമണി കഴിഞ്ഞാൽ ചെറിയമ്മ സ്കൂളിൽനിന്ന് പോരും. ചെറിയച്ഛൻ സ്ഥലത്തില്ല. എന്തോ ആവശ്യത്തിന്ന് സ്വന്തം വീട്ടിലേക്ക് പോയിരിക്കുകയാണ്. ഉണ്ണിക്കുട്ടൻ ഡ്രൈവിങ്ങ്ക്ലാസ്സ് കഴിഞ്ഞ് എപ്പോൾ വരുമെന്ന് പറയാനാവില്ല. ഇരുട്ടുമ്പോഴേക്ക് തിരിച്ചെത്തണം. ചെറിയമ്മയെ തനിച്ച് ഇരുത്തിക്കൂടാ.

 പപ്പനമ്മാമനും വലിയമ്മയും ശിവരാമൻനായരുടെ ജീവിതപരാജയം വിവരിക്കുന്നത് കേൾക്കാം.

 '' ഈ തിരിവ് കഴിഞ്ഞാൽ വലത്തോട്ട് ഒരു വഴിയുണ്ട്. അതിലെ കുറച്ചു ദൂരം ചെന്നാൽ കുളവും ആൽത്തറയും ആയി. അവിടുന്ന് ഇത്തിരി കൂടി മുമ്പോട്ട് പോയാൽ ഇടത്തോട്ട്  ഒരു മണ്ണുറോഡുണ്ട്. അതിലെ മൂന്നാമത്തെ വീട്ടിലാണ് ശിവരാമൻ കഴിയുന്നത് '' കാറ് നെന്മാറ അടുക്കാറായപ്പോൾ പപ്പനമ്മാമൻ പറഞ്ഞു.

'' കൃഷ്ണകുമാർ വേലയ്ക്ക് ക്ഷണിച്ചപ്പോൾ ചെന്നത് ടൗണിലുള്ള ഒരു വീട്ടിലാണല്ലോ. എന്താ അവിടുന്ന് താമസം മാറിയോ ''.

'' ശിവരാമൻറെ മൂത്തമകൻ ചിട്ടി നടത്തി കടം വരുത്തിയ കാര്യം ഞാൻ പറഞ്ഞില്ലേ. അതോടെ സകലമാന സ്വത്തുക്കളും ഇരിക്കുന്ന വീടുംപോയി. പിച്ചച്ചട്ടി എടുത്തുഎന്ന് പറയാറില്ലേ. ശിവരാമൻറെ അനുഭവം അതായി ''.

'' നല്ലകാലത്ത് അത്രകണ്ട് നെഗളിച്ചിട്ടുണ്ട് '' പുറകിൽനിന്ന് വലിയമ്മ പറയുന്നത് കേട്ടു  '' ഒരുപാട് തെളച്ചാൽ ദൈവം അതിനെ അടുപ്പിന്ന് വാങ്ങിവെക്കും ''.

'' അങ്ങിനെ പറയരുത് സുഭദ്രേ. നീ പറഞ്ഞ ദൈവം ആർക്ക് എപ്പോൾ എന്താ ചെയ്യുക എന്ന് പറയാൻ പറ്റില്ല. അവൻറെ യോഗം ഇങ്ങിനെയാണ് എന്ന് കരുതിയാൽ മതി ''.

'' ഇതന്നെ വീട് '' ഒരു ചെറിയഓട്ടുപുരയ്ക്ക് മുന്നിൽ കാർ നിർത്തി. വേലിയിൽ പടർന്നു കയറിയ വള്ളികളിൽ ഏതൊക്കയോ പൂക്കൾ വിരിഞ്ഞു നിൽപ്പുണ്ട്. കാറിൻറെ ശബ്ദം കേട്ടതും ഒരാൾ പുറത്തുവന്നു.

'' അതാണ് ശിവരാമൻ നായർ '' പപ്പനമ്മാമൻ പറഞ്ഞു.

ദിലീപ് മേനോൻ അയാളെ നോക്കി. എഴുപതിനോടടുത്ത് പ്രായം തോന്നുന്ന ശോഷിച്ച ശരീരമുള്ള ഒരാൾ. തലയിൽ അവശേഷിച്ചിട്ടുള്ള ഏതാനും രോമങ്ങൾക്കൊപ്പം മാറിലെ മുടികളേയും നര ബാധിച്ചിട്ടുണ്ട്. തവിട്ടു നിറത്തിൽ പ്രിൻറുകളുള്ള ഒരു ലുങ്കി മാത്രമാണ് വേഷം. ആഗതരെ കണ്ടതും അയാൾ അമ്പരന്നതുപോലെ തോന്നി.

'' ദാക്ഷായണീ ഇങ്ങിട്ട് വാ, ആരൊക്കെയാണ് വന്നിരിക്കുന്നത് എന്നുനോക്ക് '' അയാൾ അകത്തേക്ക് നോക്കി ഉച്ചത്തിൽ വിളിച്ചു. നിറം മങ്ങി തുടങ്ങിയ സാരി ധരിച്ച ഉണങ്ങി മെലിഞ്ഞ ഒരു സ്ത്രീരൂപം വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു.

'' വരിൻ വരിൻ '' ചിരിച്ചുകൊണ്ട് അവർ അകത്തേക്ക് ക്ഷണിച്ചു.

ദിലീപ് മേനോൻ ചുറ്റുപാടുമൊന്ന് ശ്രദ്ധിച്ചു. കാലപ്പഴക്കം ചെന്ന വീട് വെള്ള പൂശിയ കാലം മറന്നിട്ടുണ്ടാവും. മുൻവശത്തെ ഒരു കഴിക്കോലിൽ നിന്ന് മുറ്റത്തെ മാവിലേക്ക് വലിച്ചുകെട്ടിയ അയക്കോലിൽ ഉണങ്ങാനിട്ടിരിക്കുന്ന പഴന്തുണികൾ വീട്ടുകാരുടെ ശോചനീയമായ അവസ്ഥ വിളിച്ചു പറയുന്നുണ്ട്.

പഴഞ്ചൻ പലകക്കട്ടിലിൽ പുല്ലുപായ വിരിച്ച് ശിവരാമൻ നായർ ഇരിപ്പിടമൊരുക്കി.

'' ഉള്ള സ്ഥലത്ത് എല്ലാവരും ഇരിക്കിൻ '' അയാൾ പറഞ്ഞു '' സൗകര്യമൊക്കെ തീരെ കമ്മിയാണ്. എങ്ങിനെയോ കഴിഞ്ഞു പോണൂന്ന് മാത്രം ''.

'' ഒക്കെ ഞങ്ങൾക്കറിയില്ലേ. അതാലോചിച്ച് താൻ വിഷമിക്കേണ്ടാ '' പപ്പനമ്മാമൻ ആശ്വസിപ്പിച്ചു.

'' എൻറെ തെറ്റിന്ന് ദൈവം തന്ന ശിക്ഷയാണ് ഇത്. നല്ലകാലത്ത് ഞാൻ തന്നെയാണ് കേമൻ എന്നു കരുതി ഒരുപാട് അഹങ്കരിച്ചു. പക്ഷെ മക്കള് എന്നെ തോൽപ്പിച്ചു ''.

അയാൾ വിതുമ്പികരയാൻ തുടങ്ങി. പപ്പനമ്മാമൻ എഴുന്നേറ്റുചെന്ന് അയാളുടെ കയ്യിൽ പിടിച്ചു.

'' ഇനിയും നന്നായിക്കൂടാ എന്ന് പറയാൻ പറ്റില്ല. എന്നെങ്കിലും തൻറെ കഷ്ടപ്പാടുകൾ മാറും. അതുവരെ ക്ഷമയോടെ കാത്തിരിക്ക് ''.

'' ഇനി നന്നാവ്വേ. അത് ഈ ജന്മത്ത് ഉണ്ടാവില്ല. തട്ടിമുട്ടി ഇങ്ങിനെയൊക്കെ പോണം. ചാവുന്നതിന്നുമുമ്പ് പേരക്കുട്ടിടെ കയ്യുപിടിച്ച് ഒരുത്തനെ ഏൽപ്പിക്കണം എന്ന മോഹം മാത്രമേ ഉണ്ടായിരുന്നുള്ളു. അവൾക്ക് പറ്റിയ ബന്ധമല്ല ഇത് എന്നറിയാം. വേണച്ചാൽ രണ്ടോ മൂന്നോ കൊല്ലം കാത്തിരിക്കാം. അപ്പോഴും നല്ല നിലയിൽ ഒരുത്തൻ വരുമെന്ന് എന്താ ഉറപ്പ് ''.

'' എന്താ ഈ ബന്ധത്തിന്ന് കുഴപ്പം. കല്യാണം വിളിക്കാൻ വന്നപ്പോൾ ശിവരാമേട്ടൻ ഒന്നും പറഞ്ഞില്ലല്ലോ '' വലിയമ്മ ചോദിച്ചു.

'' പെണ്ണിന്ന് വയസ്സ് ഇരുപത്തിരണ്ട് ആയിട്ടേയുള്ളു. കണ്ടാൽ അത്രയും കൂടി തോന്നില്ല. പക്ഷെ ചെക്കന് പ്രായം നാൽപ്പത്തിയാറ്. ഒരിക്കൽ കല്യാണം കഴിച്ചതാണ്. അതിൽ പതിനേഴും പതിനാലും വയസ്സുള്ള രണ്ട് ചെക്കന്മാരും ഉണ്ട് ''.

'' പിന്നെന്തിനാ ഇങ്ങിനെയൊരു കല്യാണത്തിന്ന് ഒരുങ്ങിയത് '' ചോദിക്കാതിരിക്കാൻ ആയില്ല.

'' ഒന്നാമത് കുട്ടിയെ വേണ്ടപോലെ കല്യാണം കഴിച്ചയക്കാൻ എന്നെക്കൊണ്ട് ആവില്ല. പോരാത്തതിന്ന് ജയിലിൽ കിടക്കുന്നവൻ കുറച്ചുദിവസം കഴിഞ്ഞാൽ വരും എന്നുകേട്ടു. ആ കാലൻ വരുമ്പോഴേക്ക് പെണ്ണിനെ പടി കടത്തിവിടണം ''.

'' എന്തിനാ അവനെ പേടിക്കുന്നത് ''.

'' പറയാൻ നാണക്കേടുണ്ട്. എങ്കിലും ചോദിച്ച സ്ഥിതിക്ക് പറയാതെ വയ്യല്ലോ.  അമ്മ പെങ്ങന്മാരുള്ള ഇടത്തിൽ കയറ്റാൻ കൊള്ളാത്തവനാണ് ആ കഴുവേറി. മരുമകളാണ് എന്നു നോക്കാതെ വല്ലതും ചെയ്താലോ. പെണ്ണുങ്ങളുടെ ധൈര്യം കൊണ്ട് മാനക്കേട് വരാതെ പിടിച്ചു നിൽക്കുന്നൂ എന്നു മാത്രം ''.

'' പഠിക്കുന്ന കാലത്ത് കൃഷ്ണകുമാർ അങ്ങിനെ ആയിരുന്നില്ലല്ലോ ''.

'' അതെന്തോ. ജയിലിലാവുന്നതിന്നു മുമ്പ് ഒരുപാട് പെണ്ണുകേസ്സിൽ പെട്ടിട്ടുണ്ട്. ആദ്യം കാശു കൊടുത്ത് ചിലത് ഒതുക്കിത്തീർത്തു. പിന്നെ ഞാൻ വിചാരിച്ചാൽ പറ്റാതായി ''.

'' മൂത്തവന് എന്താ പറ്റിയത് ''.

'' ആരാൻറെ കാശെടുത്ത് കണ്ട പെണ്ണുങ്ങൾക്ക് കൊടുത്താൽ കമ്പിനി പൊളിയില്ലേ. അവനും വിട്ട പുള്ളിയൊന്നും ആയിരുന്നില്ല ''.

'' വിധി എന്നല്ലാതെ എന്താ ഇതിനൊക്കെ പറയണ്ടത് '' വലിയമ്മ നെടുവീർപ്പിട്ടു.

'' അതു വിചാരിച്ച് സമാധാനിക്കാനേ പറ്റൂ. എനിക്ക് പഠിപ്പില്ല. പഴയ എട്ടാം ക്ലാസ്സാണ്. അപ്പോഴേക്ക് അച്ഛൻ മരിച്ചു. എല്ലാം കൊണ്ടുനടക്കേണ്ട ചുമതല എൻറെ തലയിലായി. പക്ഷെ എൻറെ അച്ഛൻ ഉണ്ടാക്കിയത് ഞാൻ കളഞ്ഞു കുളിച്ചില്ല. മക്കളെങ്കിലും പഠിച്ച് നന്നാവട്ടെ എന്നായിരുന്നു ആകെക്കൂടി ഉണ്ടായിരുന്ന മോഹം. അതിനു വേണ്ടി പണം വാരിക്കോരി ചിലവാക്കി. അവരുടെ കാര്യത്തിനൊന്നും ഒരു ലോപവും വരുത്തിയിട്ടില്ല. എന്നാലോ ശിക്ഷിക്കേണ്ട ഇടത്ത് ശരിക്ക് ശിക്ഷിച്ചിട്ടുണ്ട്. ചില സമയത്ത് മനസ്സിൽ തോന്നും വല്ലാതെ കർശനമായതോണ്ടാണോ മക്കള് ഇങ്ങിനെയായത് എന്ന് . ഏറെ ചിത്രം ഓട്ടപ്പെടും എന്ന് പറയുന്ന മാതിരി ''.

ദാക്ഷായണിയമ്മ ചായയുമായെത്തി. അതു വാങ്ങി നിലത്ത് ചൂടാറാൻ വെച്ചു.

'' കുട്ടിയെ വിളിക്കൂ '' വലിയമ്മ പറഞ്ഞു.

മുത്തശ്ശിയുടെ പിന്നിലായി അവൾ വന്നു നിന്നു. കാഴ്ചയ്ക്ക് പതിനാറോ പതിനേഴോ വയസ്സേ തോന്നിക്കൂ. നല്ല ഐശ്വര്യമുള്ള മുഖം. ദാവിണിയുടെ ഒരറ്റം കയ്യിൽ പിടിച്ച് ആഗതരെ നോക്കി അവൾ ചിരിച്ചു.

വലിയമ്മ കയ്യിലുള്ള കവർ അവളെ ഏൽപ്പിച്ചു. അവരുടെ കാലുതൊട്ടു വന്ദിച്ച് അവൾ അത് മുത്തശ്ശനെ ഏൽപ്പിച്ചു.

പപ്പനമ്മാമൻ പണം ശിവരാമൻ നായരെ ഏൽപ്പിക്കുന്നതു കണ്ട് ദിലീപ് മേനോനും അങ്ങിനെ ചെയ്തു. ഇരുവരേയും നമസ്ക്കരിച്ച ശേഷം കുട്ടി അകത്തേക്ക് പോയി.

'' മകളെ കണ്ടില്ലല്ലോ '' വലിയമ്മ അന്വേഷിച്ചു.

'' അവൾ നാലഞ്ചു വീടുകളിൽ പാത്രം മോറാനും തുണി തിരുമ്പാനുമായി നിൽക്കുന്നുണ്ട്. അതോണ്ടാ ഇവിടുത്തെ ചിലവ് കഴിയുന്നത്. എത്താൻ സന്ധ്യ മയങ്ങും ''. ഇതിനകം ചായ തണുത്തിരുന്നു. അതു കുടിച്ച് ഗ്ലാസ്സ് തിരിച്ചേൽപ്പിച്ചു.

'' എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ '' പപ്പനമ്മാമൻ എഴുന്നേറ്റു.

'' ഇന്ന് വന്നു എന്നുവെച്ച് കല്യാണത്തിന്ന് വരാതിരിക്കരുത് '' ശിവരാമൻ നായർ കൈ കൂപ്പി '' പണ്ടവും പണവും ഒന്നും വേണ്ടാന്ന് ചെക്കൻ പറഞ്ഞിട്ടുണ്ട്. അതന്നെ വലിയ കാര്യം. അമ്പലത്തിൽ മാലയിട്ട് ഉപായത്തിലൊരു സദ്യ നടത്തണം. അതും അയാള് ചെയ്യും. കുട്ടിക്ക് തുണി വാങ്ങാൻ ചിലരുടെ അടുത്ത് സഹായം ചോദിച്ചിട്ടുണ്ട്. ഇനി അതു വേണ്ടാ ''.

കാറിനടുത്തുവരെ ഭാര്യയും ഭർത്താവും വന്നു. വാഹനം മുന്നോട്ട് നീങ്ങി. മണ്ണുറോഡ് കടന്ന് നല്ല വഴിയിലേക്ക് കയറി.

'' ദീപൂനെ ശിവരാമേട്ടന് മനസ്സിലായില്ല എന്നു തോന്നുന്നു '' വലിയമ്മ പറഞ്ഞു  '' അതു നന്നായി. വേറൊരു കുറ്റബോധം കൂടി ഉണ്ടാവാതെ കഴിഞ്ഞല്ലോ ''.

ശിവരാമൻ നായരുടെ കുടുംബത്തിൻറെ അവസ്ഥ മനസ്സിനെ അസ്വസ്ഥമാക്കുന്നുണ്ട്. ആർക്കും ഇത്തരത്തിലൊരു ഗതി വരരുതേ എന്ന് പ്രാർത്ഥിച്ചു.

'' പൂന്താനത്തിൻറെ വരികൾ ദീപൂന്ന് ഓർമ്മയുണ്ടോ '' പപ്പനമ്മാമൻ ചോദിച്ചു '' രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ, മാളിക മുകളേറിയ മന്നൻറെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ ''.

നെഞ്ചിനകത്ത് നിറഞ്ഞ ദുഃഖം പെയ്തിറങ്ങരുതേയെന്ന് ദിലീപ് മേനോൻ പ്രാർത്ഥിച്ചു.

Thursday, January 9, 2014

അദ്ധ്യായം - 23.

പലനിറങ്ങൾ വാരിയണിഞ്ഞ പടിഞ്ഞാറൻ ചക്രവാളം ഏതോ ഒരു ചിത്രകാരൻ വരച്ച പ്രകൃതിദൃശ്യംപോലെയുണ്ട്. നേരം സന്ധ്യയോടടുക്കുകയാണ്. അകലെ പറവകൂട്ടങ്ങൾ കൂടുകളിലേക്ക് മടങ്ങുന്നത് കാണാനുണ്ട്. റോഡരികിലെ തെരുവുവിളക്കുകൾക്ക് തീരെ പ്രകാശമില്ല. നാട്ടുവെളിച്ചം പോയാലെ അവയുടെ പ്രഭയറിയൂ.
 
എതിരെ വരുന്ന വാഹനങ്ങളൊന്നും ലൈറ്റ് പ്രകാശിപ്പിച്ചിട്ടില്ല. അത് സൗകര്യമായി. ഇരുട്ടാവുന്നതിന്ന് മുമ്പേ വീടെത്തണം. ഒന്നുകൂടി വേഗത കൂട്ടി.

'' എവിടെയായിരുന്നു ദീപൂ നീ ഇത്ര നേരം '' വിറകുപുരയിൽ കാർ നിർത്തി ഇറങ്ങിയതും വലിയമ്മ അടുത്തെത്തി '' കാണാതെ ആയപ്പോൾ പലതവണ നിൻറെ മൊബൈലിൽ വിളിച്ചുനോക്കി. സ്വിച്ചോഫ് എന്നാണ് എല്ലായ്പ്പോഴും പറഞ്ഞത് ''.

'' മൊബൈൽ കേടായിരുന്നു വലിയമ്മേ ''.

കട്ടിലിന്നു സമീപത്ത് ചീർപ്പും പൗഡറുമൊക്കെ വെക്കുന്ന ചെറിയൊരു സ്റ്റാൻഡിലാണ് മൊബൈൽ ചാർജ്ജ് ചെയ്യാൻ വെക്കാറ്. രാവിലെ ചീർപ്പെടുക്കുമ്പോൾ ചാർജ്ജറിൻറെ വയറിൽ കൈതട്ടി മൊബൈൽ തെറിച്ചുവീണു കഷ്ണങ്ങളായി. അത് നന്നാക്കാൻവേണ്ടി കാലത്ത് ഇറങ്ങിയതാണ്.

'' എന്നാൽ അത് പറഞ്ഞിട്ട് പോവായിരുന്നില്ലേ നിനക്ക്. ഞാൻ ചോറും കൂട്ടാനും വെച്ച് ഉച്ചയ്ക്ക് നിന്നെ കാത്തിരിക്ക്യേന്നെ. ആളെ കാണണ്ടേ ''.

'' മൊബൈൽ നന്നാക്കൻ ടൗണിൽ ചെന്നപ്പോൾ ജാഫറിനെ കണ്ടു. അവൻറെ കൂടെ കൊയമ്പത്തൂരിലേക്ക് പോയി ''.

'' അങ്ങിനെ വരട്ടെ '' വലിയമ്മ പറഞ്ഞു '' ഒരുവഴിക്ക് പുറപ്പെട്ടിട്ട് വേറൊരു ദിക്കിലേക്ക് പോണതല്ലേ നിൻറെ രീതി. ആട്ടേ, പപ്പമ്മാമനെ എങ്ങോട്ടെങ്കിലും കൂട്ടീട്ട് പോവ്വാന്ന് നീ
ഏറ്റിരുന്നോ ''.

'' ഉവ്വ്. ഉച്ചയ്ക്ക് ശേഷം ടൗണിൽ ഒരു സെമിനാറുണ്ടെന്ന് പറഞ്ഞിരുന്നു. ഞാൻ കൂടെ ചെല്ലാമെന്ന് സമ്മതിച്ചതാണ്. അത് മറന്നു ''.

'' കഷ്ടായിട്ടോ. കാത്തിരുന്ന് മടുത്തപ്പോൾ അദ്ദേഹം ഇങ്ങോട്ട് വിളിച്ചു. ഞാൻ എന്താ പറയണ്ടത്. വെളിച്ചാവുമ്പൊ ഇറങ്ങിയതാണെന്ന് മാത്രം പറഞ്ഞു ''.

'' നാളെ കാണുമ്പോൾ ഉണ്ടായ കാര്യം പറയാം ''.

'' എന്തിനാ കൊയമ്പത്തൂരിലേക്ക് പോയത് ''.

''വിലകൂടിയ മൊബൈലല്ലേ, അത് നന്നാക്കാൻ എറണാകുളത്തോ, കൊയമ്പത്തൂരോ കൊടുക്കണം, പാലക്കാട് കൊടുത്താൽ ശരിയാവില്ല എന്ന് ജാഫർ പറഞ്ഞു. അങ്ങിനെ ചെയ്യാമെന്നുവെച്ച് രണ്ടാളും കൂടി കൊയമ്പത്തൂരിലേക്ക് പോയി ''.

'' നല്ല മൊബൈലല്ലേ നിൻറേത്. പിന്നെന്താ കേട് പറ്റാൻ ''.

'' രാവിലെ എൻറെ കൈ തട്ടി സ്റ്റാൻഡിൽ നിന്ന് വീണു തുണ്ടംതുണ്ടമായി ചിതറി ''.

'' എന്നിട്ട് നന്നാക്കി കിട്ടിയോ ''.

'' ഉവ്വ്. ഭാഗ്യത്തിന് വലിയ കേടൊന്നും പറ്റിയില്ല. സർവ്വീസ്ചാർജ്ജ് മാത്രമേ വന്നുള്ളു ''.

'' നിനക്ക് ചായ വേണോ '' വലിയമ്മ എഴുന്നേറ്റു കഴിഞ്ഞു.

'' വേണ്ടാ. ഇനി ചായ കുടിച്ചാൽ അത്താഴം മുടങ്ങും ''.

'' എന്നാൽ ഡ്രസ്സ് മാറ്റീട്ട് വാ. ഒരു കാര്യം പറയാനുണ്ട് ''.

അകത്തുചെന്ന് വേഷംമാറി. കാവിമുണ്ടും തോർത്തും ഇപ്പോൾ ഇഷ്ടപ്പെട്ട വേഷമായി. പപ്പനമ്മാമനിൽ നിന്ന് കിട്ടിയ താൽപ്പര്യം. ചാരുപടിയിൽ വലിയമ്മയുടെ സമീപത്ത് ചെന്നിരുന്നു. ചെറിയമ്മയെ കാണാനില്ല.

'' ചെറിയമ്മ എവിടെ '' ദിലീപ് മേനോൻ ചോദിച്ചു.

'' അവള് മാഷേട്ടൻറെ കൂടെ തെക്കുമുറിയിലേക്ക് പോയി. റിട്ടയർമെൻറ് ആവാറായില്ലേ. ഏതോ ഒരുടീച്ചറ് അവരുടെവീട്ടിലേക്ക് ക്ഷണിച്ചതാണത്രേ. പോവുമ്പൊ ഉണ്ണിക്കുട്ടനെ കൂടെ കൊണ്ടുപോയി ''.

'' എന്താ വലിയമ്മ പറയാനുണ്ട് എന്ന് സൂചിപ്പിച്ചത് ''.

'' അതോ, ഇന്ന് ശിവരാമേട്ടൻ വന്നിരുന്നു. പേരക്കുട്ടിടെ കല്യാണം ക്ഷണിക്കാൻ ''.

പെട്ടെന്ന് ആളെ മനസ്സിലായില്ല. ഓർമ്മയുടെ അകത്തളങ്ങളിലൊന്നും അങ്ങിനെ ഒരു പേരുകാരനില്ല.

'' ആരാ ഈ ശിവരാമേട്ടൻ. എനിക്ക് ഓർമ്മ വരുന്നില്ല ''.

'' നെന്മാറ വേലയ്ക്ക് നിൻറെ ഒപ്പം പഠിച്ച കൃഷ്ണകുമാറിൻറെ വീട്ടിൽ പോയത് ഓർമ്മ തോന്നുന്നുണ്ടോ ''.

ശരീരത്തിലൂടെ വൈദ്യുതി പ്രവഹിച്ചതുപോലെ ഞെട്ടി. പതിനെട്ട് കൊല്ലം മുമ്പിലേക്ക് മനസ്സ് എടുത്തെറിയുകയാണ്. ബി.എസ്.സി. ഒന്നാം വർഷത്തിന്ന് പഠിക്കുന്ന കാലം. കൃഷ്ണകുമാർ സഹപാഠിയും അടുത്ത കൂട്ടുകാരനുമായിരുന്നു. നെന്മാറയിലാണ് അവൻറെ അച്ഛൻറെ വീട്. പറഞ്ഞു വന്നപ്പോൾ തറവാട്ടിലെ വേറൊരു ഭവനത്തിലെ അംഗമാണ് അവൻറെ അമ്മ. ആ ബന്ധുത്വവും കൃഷ്ണകുമാറിനോടുള്ള അടുപ്പവും കാരണം നെന്മാറ വേലയ്ക്ക് അവൻ ക്ഷണിച്ചതും ഒരുങ്ങിപുറപ്പെട്ടു. വേലദിവസം ഉച്ചയോടെ അവൻറെ വീട്ടിലെത്തി. വീടു നിറയെ ബന്ധുജനങ്ങളാണ്. അത് സ്വാഭാവികം. വേല പ്രമാണിച്ച് ഒരുവിധം എല്ലാവീടുകളിലും അകലെയുള്ള വേണ്ടപ്പെട്ടവരെത്തും. സ്വീകരിച്ചിരുത്തിയ ശേഷം കൂട്ടുകാരൻ നാരങ്ങവെള്ളം എടുക്കാൻ അകത്തേക്ക് പോയതാണ്. പിന്നെ കേട്ട സംഭാഷണം മനസ്സിലേൽപ്പിച്ച ആഘാതം ചെറുതല്ല.

'' ആരാടാ ഉമ്മറത്ത് '' അത് ഒരു പുരുഷൻറെ സ്വരമാണ്.

'' എൻറെ കൂട്ടുകാരനാ അച്ഛാ, ദിലീപ് മേനോൻ ''.

'' അവൻറെ വീട് എവിടാ ''.

കൃഷ്ണകുമാർ സ്ഥലം പറഞ്ഞു കൊടുക്കുന്നത് കേട്ടു '' പറഞ്ഞു വരുമ്പോൾ അമ്മയുടെ കുടുംബത്തിൽപെട്ടതാ അവൻ ''

'' ഏതാ അവൻറെ തറവാട് ''. അതിനും കൂട്ടുകാരൻ മറുപടി നൽകി.

'' കൂട്ടുകാരനാണെന്നു പറഞ്ഞ് കൂടെകൊണ്ടു നടക്കാൻ അവനെത്തന്നെ കണ്ടുള്ളൂ. ആരാ അവൻ എന്ന് നിനക്കറിയ്യോ ''.

'' എന്താ സംഗതി '' ഒരു സ്ത്രീസ്വരം ചെവിയിലെത്തി.

'' തൻറെ പുത്രൻറെ കൂട്ടുകാരൻ ഉമ്മറത്തുണ്ട്. പോയി നല്ലോണം സൽക്കരിക്ക്യാ ''.

'' കാര്യം പറയൂ. എന്തിനാ ദേഷ്യപ്പെടുന്നത് ''.

'' തൻറെ തറവാട്ടിലെ സുന്ദരേശ്വരനെ ഓർമ്മീണ്ടല്ലോ. ആ കഴുവേറിടെ അനന്തരവനാ വന്നിട്ടുള്ളത് ''.

'' അവൻ എന്തു തെറ്റാണ് ചെയ്തത് '' കൃഷ്ണകുമാർ ചോദിക്കുന്നത് കേട്ടു.

'' അവനല്ല അവൻറെ അമ്മാമനാണ് നമ്മളോട് തെറ്റ് ചെയ്തത്. നാട്ടിൽ പാലത്തിന്ന് അപ്രോച്ച്റോഡുണ്ടാക്കാൻ ഭൂമി ഏറ്റെടുത്തപ്പോൾ നമ്മളുടെ ഒരേക്ര പതിനാറ് സെൻറ് സ്ഥലം പോയി. അന്ന് ഇവൻറെ അമ്മാമനാണ് ആ ഭാഗത്തെ റവന്യു ഇൻസ്പെക്ടർ. സ്ഥലത്തിൻറെ വില നിശ്ചയിക്കേണ്ടത് അവനാണ്. ഒന്ന് മനസ്സുവെച്ചാൽ വില കുറച്ച് കൂട്ടിയിടാൻ പറ്റും. നിൻറെ അമ്മ പറഞ്ഞതുകേട്ട് ഞാൻ അവനെ ചെന്നു കണ്ടു. എന്താ അവൻറെയൊരു പത്രാസ്. കണ്ണ് മിഴിയില്ല. കുറെനേരം കാത്തുനിന്നിട്ടാ കണ്ടത്. ഞാൻ അമ്മയുടെ വീട്ടുപേരു പറഞ്ഞു. ആ മഹാൻ അത് ഗൗനിച്ചതേയില്ല. ആ ഏരിയയിൽ ഏറ്റവും കൂടിയ തുകയ്ക്ക് റജിസ്റ്റർ ചെയ്ത ആധാരത്തിൻറെ ഡീറ്റെയ്ൽസ് കണ്ടെത്തി അതുമായി വരാൻ പറഞ്ഞു. കുറെ കഷ്ടപ്പെട്ട് അത് ഉണ്ടാക്കി ചെന്നപ്പോൾ പിന്നൊരു ദിവസം വരാൻ പറഞ്ഞു. അന്ന് ചെന്നപ്പോൾ ആധാരം വേറെ ബ്ലോക്കിലെ ഭൂമിയുടെ ആണ്, അത് ശരിയാവില്ല എന്നായി. വീണ്ടും വേറൊരു ആധാരത്തിൻറെ നമ്പർ തേടി പിടിച്ചു കൊടുത്തു. അടുത്തതവണ ചെന്നപ്പോൾ ഏൽപ്പിച്ചത് കരഭൂമിയുടെ നമ്പറാണ്, നിങ്ങളുടെ സ്ഥലം ഡി.സി.ഡ്ബ്ലിയു ആണ് എന്നായി ''.

'' ഡി.സി.ഡ്ബ്ലിയു  എന്നുവെച്ചാൽ എന്താ അച്ഛാ ''.

'' ഡബിൾ ക്രോപ്പ് വെറ്റ് ലൻഡ്. അതായത് ഇരുപ്പൂ നിലം. അതിന് വില കുറവാണത്രേ. കുറെ തർക്കിച്ചുനോക്കി. നിങ്ങൾക്ക് സൊലേഷ്യ കിട്ടുന്നില്ലേ. പിന്നെന്താ നഷ്ടം എന്നാ അവൻറെ ചോദ്യം. സൊലേഷ്യ അവൻറെ അപ്പൻറെ തറവാട്ടിൽനിന്ന് ഒരു സൗജന്യം തരുന്നതുപോലെയാണ് അവൻറെ പറച്ചിൽ. പിന്നെ കെഞ്ചാനൊന്നും നിന്നില്ല. കിട്ടിയ സംഖ്യ മതി എന്നുവെച്ചു. അവൻ ഒന്ന് സഹായിച്ചുവെങ്കിൽ നല്ലൊരു തുക കിട്ടിയേനെ.  കൈമടക്ക് കിട്ടാത്തതോണ്ട് പറ്റിച്ച പണിയാണ് അത്. നമ്മളുടെ കയ്യിന്ന് കൈക്കൂലി വാങ്ങില്ല എന്നു കരുതിയതാ തെറ്റ്. അവന് അങ്ങിനെയൊരു നോട്ടമൊന്നുമില്ല. പണം ആരു കൊടുക്കുന്നുവോ അവരുടെ കാര്യം റെഡി. അല്ലാത്തവരുടെ കാര്യം മുക്കോപി ''.

'' അതിന് ആ കുട്ടി എന്തു പിഴച്ചു ''.

'' ആ കുടുംബത്തിൽ പിറന്നു, അതന്നെ. വളർന്ന് വലുതാവുമ്പൊ ഇവൻ കാരണവരെ കടത്തി വെട്ടും. നോക്കിക്കോ ''.

കൃഷ്ണകുമാർ വരുന്നതിന്നുമുമ്പ് ഇറങ്ങിനടന്നു. ഭാഗ്യത്തിന്ന് ഒരു ബസ്സ് പുറപ്പെടുകയാണ്. അതിൽ ചാടിക്കേറി സ്ഥലംവിട്ടു. വിതുമ്പി കരഞ്ഞുകൊണ്ടാണ് അന്ന് വീട്ടിലെത്തിയത്. സംഭവിച്ചതെല്ലാം വീട്ടുകാരോട് പറഞ്ഞു.

'' ശിവരാമേട്ടന്ന് പണത്തിൻറെ കൊഴുപ്പാണ്. പാലം വരുന്നതിന്നു മുമ്പന്നെ നമ്മളോട് അത്രലോഹ്യം ഉണ്ടായിട്ടില്ല. അവരുടെസ്ഥിതിക്ക് നമ്മള് പോരാ എന്ന തോന്നലാവും '' അന്ന് വലിയമ്മ സമാധാനിപ്പിച്ചു.

'' എന്താ നീ അന്നത്തെ സംഭവം ആലോചിക്ക്യാണോ ''.

'' ഏയ്. അത് കഴിഞ്ഞ അദ്ധ്യായമല്ലേ. ഇനിയെന്തിനാ അത് ആലോചിക്കുന്നത് ''.

'' അന്നത്തെ ശിവരാമേട്ടനല്ല ഇന്നുള്ളത്. നീ നാട്ടിലുണ്ട് എന്നു കേട്ടപ്പോൾ കാണണം എന്നും പറഞ്ഞ് കുറെ നേരം നിന്നു. സമയം വൈകുന്നു എന്നു കണ്ടപ്പോൾ പറ്റിയാൽ ഇനി ഒരു ദിവസം വരാം എന്നും പറഞ്ഞ് കുഞ്ഞുണ്ണിയേട്ടൻറെ വീട്ടിലേക്ക് പോയി ''.

'' അയാള് കുഞ്ഞുണ്ണിമാമടെ അടുത്ത് ലോഹ്യത്തിലല്ലല്ലോ ''.

'' അലോഹ്യം നടിക്കുന്നത് എപ്പഴാ. കൈനിറയെ കാശും എന്തും ചെയ്യാൻ പ്രാപ്തീം ഉള്ള കാലത്തേ അലോഹ്യപ്പെട്ട് ഇരിക്കാൻ പറ്റൂ. അതുരണ്ടും ഇല്ലാതാമ്പൊൾ പട്ടിക്ക് സമം ''.

'' എന്താ അയാൾക്ക് പറ്റിയത് ''.

'' മക്കള് നന്നായില്ല. ശിവരാമേട്ടൻറെ മൂത്തമകൻ ഒരു ചിട്ടി കമ്പിനി നടത്തി. അത് പൊളിഞ്ഞു പാളീസായി. സ്വത്ത് മുഴുവൻ പോയി. നിൻറെ കൂട്ടുകാരനില്ലേ കൃഷ്ണകുമാർ, അവൻ കള്ളും കുടിച്ച് അടിപിടിയും ഉണ്ടാക്കി നടന്നു. ഇപ്പോൾ ഒരു കൊലക്കേസ്സില് പ്രതിയായി ജയിലിലാണ്. മൂത്തത് മകളായിരുന്നു. അവളുടെ ഭർത്താവ് മരിച്ചു. ഇപ്പോ അവളുടെ സംരക്ഷണം ശിവരാമേട്ടനാണ്. അതിന് ഒരു മകളുള്ളതിൻറെ കല്യാണം ക്ഷണിക്കാനാണ് വന്നത്. വാസ്തവത്തിൽ എന്തെങ്കിലും സഹായം കിട്ട്വോ എന്ന് നോക്കാനും കൂടിയിട്ടാ വരവ് ''.

'' എന്താ കൊടുക്കേണ്ടത് ''.

'' പത്തോ അഞ്ഞൂറോ കൊടുക്ക്. കൂടി വന്നാൽ ആയിരം ''.

'' അതുകൊണ്ട് എന്തിനാ തികയുന്നത്. ഒരു പത്തെങ്കിലും കൊടുക്കണ്ടേ ''.

'' ഒരു പെൺകുട്ടിടെ മംഗല്യത്തിൻറെ കാര്യമല്ലേ. വേണ്ടാന്ന് ഞാൻ ഒരു കാലത്തും പറയില്ല. എന്നാലും പണം ചിലവാക്കുന്നത് സൂക്ഷിച്ചു വേണം ''.

തറവാട്ടിലേക്കുള്ള വഴിയിൽ ഒരു ഓട്ടോറിക്ഷയുടെ ശബ്ദം കേട്ടു.

'' അവരുമൂന്നാളും എത്തീ തോന്നുന്നു '' വലിയമ്മ പറഞ്ഞു.

ഗെയിറ്റ് കടന്ന് ഓട്ടോറിക്ഷ മുറ്റത്തെത്തി.