Wednesday, January 29, 2014

അദ്ധ്യായം - 25.

'' ഇപ്പോഴാണെടാ ദീപൂ എൻറെ മനസ്സൊന്ന് തണുത്തത് '' പാർക്കിങ്ങ് ഗ്രൗണ്ടിലേക്ക്  നടക്കുന്നതിന്നിടയിൽ രാജേശ്വരി ദിലീപ് മേനോനോട് പറഞ്ഞു. ഓ.പി.യ്ക്കു മുന്നിൽ ഭാസ്ക്കരേട്ടനും കുട്ടികളും നിൽപ്പുണ്ട്.

'' എനിക്കും സന്തോഷമായി '' അയാൾ മറുപടി നൽകി '' പക്ഷെ ചേച്ചി എന്തൊക്കെ വിഡ്ഡിത്തരങ്ങളാണ് ആ ഡോക്ടറോട് ചോദിച്ചത് ''.

'' ഞാൻ ചോദിച്ചതില് എന്താ തെറ്റ്. നീയും ഡോക്ടറും കൂടി ഇംഗ്ലീഷിൽ വർത്തമാനം പറഞ്ഞോണ്ടിരുന്നാൽ എനിക്ക് വല്ലതും മനസ്സിലാവ്വോ. അപ്പൊ മനസ്സില് തോന്നിയ സംശയം ഞാൻ ചോദിച്ചു. അത്രേന്നെ ''.

'' എന്നാലും ഈയം പൂശാൻ വരുന്നവൻ കുടത്തിലെ ഓട്ട അടയ്ക്കാൻ വെട്ടിവെക്കുന്ന മാതിരി ഹാർട്ടിൽ ചെയ്യോ എന്നു ചോദിച്ചത് കുറച്ച് കടന്നതായി ''.

'' നീ പോടാ. ഞാൻ അങ്ങിനെയൊന്ന്വോല്ല ചോദിച്ചത് ''.

'' എന്തായാലും ഇപ്പോൾ എന്താ മകളുടെ അസുഖം എന്ന് മനസ്സിലായില്ലേ ''.

'' ഉവ്വ്. ഹാർട്ടിന്ന് ഇടത്തും വലത്തുമായി രണ്ട് സൈഡുകളുണ്ട്. ഒന്നിൽ ചീത്ത രക്തവും മറ്റേതിൽ നല്ല രക്തവും ഉണ്ടാവും. രണ്ടിൻറേയും ഇടയ്ക്കുള്ള ഭിത്തിയിൽ ഓട്ട വന്നാൽ ചീത്ത രക്തവും നല്ല രക്തവും കലരും. അതാണ് കുട്ടിടെ സൂക്കട് ''.

'' ഈ പറഞ്ഞതെല്ലാം സ്കൂൾ കുട്ടികൾ ഏഴിലോ എട്ടിലോ പഠിക്കുന്നതാണ്. എന്നിട്ടും ചേച്ചിക്ക് അറിയില്ല. പഠിക്കുന്ന കാലത്ത് ചേച്ചി എന്താ ചെയ്തത് ''.

'' അത്ര ബുദ്ധിയുണ്ടെങ്കിൽ ഇങ്ങിനെ ആവ്വോ. ബാലൻ മാസ്റ്റർ വന്ന് എന്തൊക്കേയോ പറയും. എനിക്കൊന്നും മനസ്സിലാവില്ല. തലേലെ പേനിനെ കൊല്ലാൻ എന്താ ചെയ്യാ എന്നും ആലോചിച്ച് ഞാൻ ഇരിക്കും ''.

ദിലീപ് മേനോന്ന് ചിരി സഹിച്ചില്ല. രാജേശ്വരിയും അതിൽ പങ്കുകൊണ്ടു.

'' സത്യം പറയാലോ, ശനിയാഴ്ച വന്നിട്ട് ചികിത്സടെ കാര്യം തീരുമാനിക്കാം എന്നും പറഞ്ഞു പോയിട്ട് ഇന്നുവരെ നിന്നെ കാണാഞ്ഞപ്പോൾ മറന്നിട്ടുണ്ടാവും എന്ന് ഞാൻ കരുതി. ഏതായാലും നല്ല ഡോക്ടറെ കാണിക്കാൻ പറ്റിയല്ലോ. അതു മതി ''.

ആസ്പത്രി ഗെയിറ്റ് കടന്ന് കാർ റോഡിലേക്കിറങ്ങി. നല്ല വെയിലാണ്. എ.സി. ഓൺ ചെയ്തു. ബൈപാസ് റോഡ് ഹൈവേയിൽ അവസാനിച്ചു. ഒന്നു കൂടി വേഗത കൂട്ടി.

'' ദീപൂ, പേടിക്കാനൊന്നും ഇല്ലല്ലോ '' ഭാസ്കരേട്ടന്ന് പരിഭ്രമം ഉള്ളതുപോലെ.

'' ഏയ്. ഒട്ടും വിഷമിക്കേണ്ടാ. ഡോക്ടർ പറഞ്ഞത് കേട്ടില്ലേ. ചിലർക്ക് ഈ തകരാറ് സംഭവിക്കാറുണ്ട്. പലപ്പോഴും തനിയെ അത് മാറും. നമ്മുടെ കുട്ടിക്ക് അത് മാറിയിട്ടില്ല. ശരിയായ ചികിത്സ അവൾക്ക് കിട്ടിയിട്ടുമില്ല. ഡോക്ടർ പറഞ്ഞപോലെ ആറുമാസം മരുന്നുകൾ കഴിച്ചു നോക്കട്ടെ. വേണമെങ്കിൽ അത് അടപ്പിക്കാം ''.

'' അത് ആലോചിക്കുമ്പോഴാ പേടി ''.

'' വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുമെന്നാണ് ഡോക്ടർ പറഞ്ഞത്. ഞാൻ പോയാലും ഇടയ്ക്ക് ഡോക്ടറെ വിളിച്ച് വിവരങ്ങൾ അന്വേഷിക്കും. ഓപ്പറേഷൻ വേണ്ടിവന്നാൽ ലീവെടുത്ത് ഇവിടെ വന്ന് അത് നടത്തിയിട്ട് പോവും ''.

'' എൻറെ കുട്ടിടെ ദുരിതം മാറ്റിയാൽ നിനക്ക് നൂറ് പുണ്യം കിട്ടും '' രാജിച്ചേച്ചി കണ്ണുകൾ തുടയ്ക്കുന്നത് കണ്ണാടിയിലൂടെ കണ്ടു.

'' സമയമായില്ലേ. നമുക്ക് കാപ്പി കുടിക്കാം '' നല്ലൊരു ഹോട്ടൽ കണ്ടതും കാറ് നിർത്തി. കുട്ടികൾക്ക് ആകെക്കൂടി ഒരു അമ്പരപ്പ് തോന്നി. ഒരു പക്ഷെ അവർ ഇതു പോലത്തെ ഹോട്ടലിൽ ആദ്യമായി ചെല്ലുകയാവും.

തുടക്കത്തിലെ പരിഭ്രമം തീർന്നതോടു കൂടി കുട്ടികൾ ഭക്ഷണം ആസ്വദിച്ചു കഴിക്കാൻ തുടങ്ങി. രാജിച്ചേച്ചിയും ഭാസ്ക്കരേട്ടനും അവരോടൊപ്പംചേർന്നു. എയർ കണ്ടീഷണർ ശരീരത്തെ മാത്രമല്ല മനസ്സിനേയും കുളിർപ്പിക്കുന്നുണ്ടെന്ന് തോന്നി.

'' ഉണ്ണിക്കുട്ടനും കൂടി ഉണ്ടെങ്കിൽ എത്ര നന്നായിരുന്നു '' രാജിച്ചേച്ചി പറഞ്ഞു.

'' അവന് പരീക്ഷ തുടങ്ങുകയായി. അതാണ് വരാഞ്ഞത്. ചേച്ചിയുടെ മോഹം പോലെ നാളെ അവനെ ഹോട്ടലിൽ കൊണ്ടുപോയി ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങിക്കൊടുക്കാം ''.

'' ദീപൂ, എനിക്ക് നിന്നോട് രണ്ടു കാര്യം ചോദിക്കാനുണ്ട് '' യാത്ര തുടർന്നതും രാജിച്ചേച്ചി പറഞ്ഞു '' ദേഷ്യം വരാൻ പാടില്ലാട്ടോ ''.

'' എന്തായാലും ചേച്ചി ചോദിച്ചോളൂ ''.

'' എനിക്ക് ഒരു വയസ്സ് തികയുന്നതിന്നു മുമ്പേ എൻറെ അച്ഛൻ മരിച്ചു. അച്ഛൻറെ വക എന്നു പറഞ്ഞ് ഒരു പൈസ എനിക്ക് ആരും തന്നിട്ടില്ല ''.

'' അതിന്ന് ''.

'' എൻറെ അമ്മായിയമ്മ ആളൊരു കെണിച്ചിയാണെങ്കിലും ഒരു നല്ല കാര്യം എപ്പോഴും പറയാറുണ്ട്. കേസ്സ് കൊടുത്താൽ അച്ഛൻറെവീതം എനിക്ക് കിട്ടും അതിന്ന് ശ്രമിക്കെടാ എന്ന് മകനെ ഉപദേശിക്കും ''.

'' രാജിച്ചേച്ചിക്ക് എന്തിൻറെ കേടാണ്. ഭാസ്ക്കരേട്ടൻറെ അമ്മയെ ഇങ്ങിനെയൊക്കെ പറയാമോ ''.

'' ഞാൻ പറഞ്ഞതിലാ കുറ്റം. വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ആ തള്ളടെ തല അമ്മികൊഴവകൊണ്ട് കുത്തിപൊട്ടിച്ചിട്ടുണ്ടാവും. ചാവുന്നതുവരെ അതിനെ ഒരക്ഷരം ഞാൻ പറഞ്ഞിട്ടില്ല ''.

'' നല്ലൊരു വക്കീലിനെ കണ്ട് അന്വേഷിക്കട്ടെ '' രാജിച്ചേച്ചി കൂടുതൽ അബദ്ധങ്ങൾ എഴുന്നള്ളിക്കുന്നതിന്നു മുമ്പ് വിഷയം മാറ്റി '' ഇനിയെന്താ പറയാനുള്ളത് ''.

'' പാലുവിറ്റ് കിട്ടിയ കാശിൽ നിന്ന് മിച്ചം പിടിച്ച് നറുക്ക് ചേരാറുണ്ടായിരുന്നു. അങ്ങിനെ മൂന്നു പ്രാവശ്യം അരപ്പവൻ വീതം വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. എത്ര ബുദ്ധിമുട്ട് വന്നപ്പോഴും അതിനെ തൊട്ടിട്ടില്ല. പെണ്ണ് വയസ്സറിയിക്കുമ്പോൾ ഒരു മാല വാങ്ങാൻ വെച്ചതാണ് ''.

'' എന്താ, അത് ഇപ്പോഴും ഇല്ലേ ''.

'' ഉണ്ട്. പക്ഷെ എൻറെ മനസ്സില് ഒരു ആലോചന ''.

'' എന്താ ചേച്ചി ''.

'' ഒരാഴ്ച കഴിഞ്ഞാൽ നിൻറെ കുട്ടിയെ നടാടെ കാണും. അപ്പോൾ അച്ചേമ്മടെ വക അതിന്ന് എന്തെങ്കിലും കൊടുക്കണ്ടേ. പ്രത്യേകിച്ച് നീ ഇങ്ങിനെയൊക്കെ ഉപകാരം ചെയ്യുമ്പോൾ അങ്ങോട്ട് ചെയ്യാതിരുന്നാൽ തെറ്റാവില്ലേ ''.

'' എന്തൊക്കെയാ ഈ ചേച്ചി പറയുന്നത് ''.

'' ഇവൾക്ക് വിവരം എന്നു പറയുന്ന സാധനം ലവലേശമില്ല '' ഭാസ്ക്കരേട്ടൻ ഇടപെട്ടു.

'' നിങ്ങള് മിണ്ടാണ്ടെ ഇരുന്നോളിൻ. ഞാൻ എൻറെ ആങ്ങളടെ അടുത്തല്ലേ പറയുന്നത്. ദീപൂ, നീ ഒരു കാര്യം ചെയ്യ്. നീ പോവുമ്പോൾ ഞാൻ അത് നിൻറെ കയ്യിൽ തന്നു വിടാം. കുട്ടിക്ക് പറ്റിയ ഒരു മാല അതോണ്ട് വാങ്ങിക്കോ ''.

രാജിച്ചേച്ചിയുടെ ശുദ്ധഗതിയോർത്ത് ചിരി വന്നു. പാവം, പണ്ടും ഇങ്ങിനെയായിരുന്നു. ഒന്നും മനസ്സിൽ സൂക്ഷിക്കാൻ അറിയാത്ത പ്രകൃതം.

'' നീയെന്താ ഒന്നും പറയാത്തത് '' വീണ്ടും ചോദ്യമുയർന്നു.

'' മാലയേക്കാളും വിലകൂടിയ ഒരു സാധനം ചേച്ചി അവന് കൊടുക്കണം ''.

'' എൻറേല് ഉണ്ടെങ്കിലല്ലേ ''.

'' ഉണ്ട്. ചേച്ചിയുടെ അടുത്ത് മാത്രമേ അതുള്ളു ''.

'' എന്താ അത് ''.

'' ചേച്ചി എൻറെ മകൻറെ കയ്യും പിടിച്ച് തറവാട്ടിലെ തൊടിയിലും കുളത്തിൻ കരയിലും പാടത്തിൻറെ വരമ്പിലുമൊക്കെ നടക്കണം. മുമ്പ് എന്നെ കൈപിടിച്ച് നടന്നതുപോലെ. അതിലുംവെച്ച് വില കൂടിയതൊന്നും അവന് കൊടുക്കാനില്ല ''.

ആ പറഞ്ഞതിൻറെ പൊരുൾ രാജേശ്വരിക്ക് മനസ്സിലായില്ല. കാർ ഓടിക്കൊണ്ടിരുന്നു.

12 comments:

 1. സ്നേഹത്തില്‍ നിര്‍മ്മിയ്ക്കപ്പെട്ട് കഥാസൌധം അങ്ങനെ ഉയരുകയാണ്

  സന്തോഷം!

  ReplyDelete
  Replies
  1. ajith,
   ആ സ്നേഹസൗധത്തിലേക്ക് സ്വാഗതം.

   Delete
 2. നഷ്ടപ്പെട്ടു പോകുന്ന ഗ്രാമവിശുദ്ധിയ്ക്കാണ്, നാട്ടിൻ പുറത്തെ നിഷ്കളങ്ക സ്നേഹത്തിനാണ് സ്വർണത്തേയ്ക്കാൾ മൂല്യം.
  വായന തുടരുന്നു.

  ReplyDelete
  Replies
  1. രാജഗോപാൽ,
   നിഷ്ക്കളങ്ക സ്നേഹത്തിന്നുതന്നെ കൂടുതൽ വില .

   Delete
 3. മനുഷ്യസ്നേഹത്തിന്റെ കഥ... അത് കേരളേട്ടനിലൂടെ അങ്ങനെ ഒഴുകുന്നത് കാണുവാൻ എന്തൊരു രസമാണ്... തുടരട്ടെ ഇനിയും കേരളേട്ടാ...

  ReplyDelete
  Replies
  1. വിനുവേട്ടൻ,
   സ്നേഹത്തിൻറെ ഭംഗി കാണാൻ കഴിയുന്നത് ഒരു വരദാനമാണ്.

   Delete
 4. '' ചേച്ചി എൻറെ മകൻറെ കയ്യും പിടിച്ച് തറവാട്ടിലെ തൊടിയിലും കുളത്തിൻ കരയിലും പാടത്തിൻറെ വരമ്പിലുമൊക്കെ നടക്കണം. മുമ്പ് എന്നെ കൈപിടിച്ച് നടന്നതുപോലെ. അതിലുംവെച്ച് വില കൂടിയതൊന്നും അവന് കൊടുക്കാനില്ല ''.

  ആ പറഞ്ഞതിൻറെ പൊരുൾ രാജേശ്വരിക്ക് മനസ്സിലായില്ല. Chechi, alppam ''tube light'' aanu. Saaramilla :)

  ReplyDelete
 5. '' ചേച്ചി എൻറെ മകൻറെ കയ്യും പിടിച്ച് തറവാട്ടിലെ തൊടിയിലും കുളത്തിൻ കരയിലും പാടത്തിൻറെ വരമ്പിലുമൊക്കെ നടക്കണം. മുമ്പ് എന്നെ കൈപിടിച്ച് നടന്നതുപോലെ. അതിലുംവെച്ച് വില കൂടിയതൊന്നും അവന് കൊടുക്കാനില്ല ''.

  ആ പറഞ്ഞതിൻറെ പൊരുൾ രാജേശ്വരിക്ക് മനസ്സിലായില്ല. Chechi, alppam ''tube light'' aanu. Saaramilla :)

  ReplyDelete
  Replies
  1. ഡോ.പി.മാലങ്കോട്,
   ചേച്ചിക്ക് അത്രയ്ക്കേ ബുദ്ധിയുള്ളു എന്ന് രാജേശ്വരി സമ്മതിക്കാറുണ്ട്.

   Delete
 6. അതെ നിഷ്കളങ്ക സൌന്ദര്യം ബന്ധങ്ങൾ ജീവിത ഗന്ധി എന്ന് തന്നെ പറയേണ്ടി വരും

  ReplyDelete
  Replies
  1. ബൈജു മണിയങ്കാല,
   ഈ വിലയിരുത്തലിന്ന് നന്ദി.

   Delete
 7. ചേച്ചി എൻറെ മകൻറെ കയ്യും പിടിച്ച് തറവാട്ടിലെ തൊടിയിലും കുളത്തിൻ കരയിലും പാടത്തിൻറെ വരമ്പിലുമൊക്കെ നടക്കണം. മുമ്പ് എന്നെ കൈപിടിച്ച് നടന്നതുപോലെ. അതിലുംവെച്ച് വില കൂടിയതൊന്നും അവന് കൊടുക്കാനില്ല ''.

  ഇത് വായിച്ചു എന്തോ എന്റെ കണ്ണ് നിറഞ്ഞു.

  ReplyDelete