Wednesday, October 29, 2014

അദ്ധ്യായം - 41.


'' സുമിത്രേ, നീയും ഇവരുടെകൂടെ ഇരുന്നോ. അമ്പലത്തില്‍ തൊഴുതിട്ടേ സ്കൂളില്‍ പോണുള്ളൂ എന്നല്ലേ പറഞ്ഞത്. നേരം വൈകണ്ടാ '' തന്‍റെ പുറകിലായി നിന്ന അനിയത്തിയോട് വലിയമ്മ പറഞ്ഞു.

ഇളയച്ഛന്‍ ഇരുന്ന കസേലയ്ക്ക് തൊട്ടടുത്തതില്‍ ചെറിയമ്മ ഇരുന്നു. മേശപ്പുറത്തുവെച്ച കാസറോളില്‍ നിന്ന് അവര്‍ ഇഡ്ഢലിയെടുത്ത് പ്ലെയിറ്റുകളില്‍ വിളമ്പി, അതിനു മുകളിലായി ഉള്ളിസ്സാമ്പാറും.

'' ഇതെന്താ ഇങ്ങിനെയിരിക്കുന്ന് '' ഇഡ്ഢലിയില്‍ കൈ വെച്ചതും  ഇളയച്ഛന്‍ ചോദിച്ചു.

ദിലീപ് മേനോന്‍ പലഹാരത്തില്‍ തൊട്ടുനോക്കി. പശപോലെ ഒട്ടുന്നുണ്ട്.

'' ഒട്ടലുണ്ട് അല്ലേ? എനിക്ക് നേരത്തെതന്നെ സംശയം തോന്നിയതാണ്. കാറ്റുകൊണ്ട് വെടിച്ചാല്‍ ശരിയാവുമെന്ന് കരുതി പാത്രം അടയ്ക്കാതെ വെച്ചുനോക്കി. എന്നിട്ടും പറ്റീലാ. ഇത് അരിയുടെ കുഴപ്പം തന്നെയാണ് '' വലിയമ്മ വിശദീകരിച്ചു.

'' ഇന്നലെവരെ തകരാറൊന്നും കണ്ടില്ലല്ലോ ''.

'' ആ അരി തീര്‍ന്നു. ഇത് ഇന്നലെ ഉണ്ണിക്കുട്ടന്‍ ഇവിടുത്തെ കടയില്‍  നിന്ന് വാങ്ങിയതാ. ഇഡ്ഢലി ഉണ്ടാക്കാന്‍ പറ്റുന്ന അരി ചോദിച്ചു വാങ്ങണം എന്ന് ഞാന്‍ ചെക്കനോട് പ്രത്യേകം  പറഞ്ഞതാണ്. ആ ഊമ അത് മിണ്ടിയിട്ടുണ്ടാവില്ല ''.

'' എല്ലാ അരിയും ഇഡ്ഢലിക്ക് പറ്റില്ലേ വലിയമ്മേ ''.

'' ഇല്ല. ജയ, ജ്യോതി തുടങ്ങിയ ചിലതിന്‍റെ അരി ശരിയാവില്ല. അര വേവിട്ട് പുഴുങ്ങിയാല്‍  ചിലപ്പോള്‍ ശരിയാവും. മില്ലുകാര് അതൊന്നും നോക്കീട്ടല്ലല്ലേ അരി ഉണ്ടാക്കി  വില്‍ക്കുന്നത് ''.

'' ഉണ്ണിക്കുട്ടന്‍ കഴിച്ചിട്ട് ഒന്നും പറഞ്ഞില്ലേ '' പപ്പനമ്മാമന്‍ ചോദിച്ചു.

'' ഒരു മാസമായിട്ട് അവന്‍ വെള്ളച്ചോറ് തയിരുകൂട്ടി ഉണ്ടിട്ട് പോവും. വേനല്‍ചൂടില്‍ ദേഹം  കേടുവരാതെ നോക്കലാണ്. എല്ലാവരും കുറച്ചു നേരം ഇരിക്കാച്ചാല്‍ ഞാന്‍ ഉപ്പുമാവ്  ഉണ്ടാക്കിത്തരാം. വറുത്ത റവ ഇരിപ്പുണ്ട് ''.

'' ഒന്നും വേണ്ടാ സുഭദ്രേ. ഒരു നേരം ഇങ്ങിനത്തെ തകരാറൊക്കെ ഉണ്ടാവും. അത് കാര്യമാക്കാനില്ല '' പപ്പനമ്മാമന്‍ പറഞ്ഞു '' വല്ലതും കഴിച്ചിട്ട് വേഗം ചെല്ലണം. കുഞ്ഞുണ്ണിടെ  മകളും എത്തിയിട്ടുണ്ടാവും. എന്താ വേണ്ടത് എന്ന് എല്ലാവരോടും കൂടി ആലോചിച്ച് പറ്റിയാല്‍ ഇന്നന്നെ എവിടേക്കെങ്കിലും കൊണ്ടുപോണം ''.

'' എനിക്ക് അയാളുടെ സ്വഭാവം തീരെ പറ്റില്ല. ഓരോരിക്കല്‍ ഓരോരോ പ്രകൃതമാണ് ''.ഇളയച്ഛന്‍ പറഞ്ഞു '' ഇങ്ങിനത്തെ അവസരത്തില്‍ അത് വിചാരിച്ചിരിക്കാന്‍ പാടില്ലല്ലോ എന്നുകരുതി ക്ഷമിക്കുന്നതാണ് ''.

'' അതേതായാലും നന്നായി. ലോകത്ത് കാണുന്ന ഏറ്റവും വിചിത്രമായ പ്രതിഭാസം  എന്താന്നാ  മാധവന്‍റെ ധാരണ ''.

'' ശരിക്ക് ഒരു ഉത്തരം  പറയാന്‍ പറ്റില്ല. ചിലര്‍ക്ക് സാധാരമാണെന്ന് തോന്നുന്നത് വേറെ ചിലര്‍ക്ക് വിചിത്രമായി തോന്നാം ''.

'' എന്നാലേ അങ്ങിനെ ഒന്നുണ്ട്. മനുഷ്യന്‍റെ ചില സമയത്തെ പെരുമാറ്റം പോലെ വിചിത്രമായി മറ്റൊന്നില്ല ''.

'' എനിക്ക് മനസ്സിലായില്ല ''.

'' കുഞ്ഞുണ്ണിയുടെ കാര്യംതന്നെ എടുക്കാം. അയാള്‍ക്ക് ഓരോരിക്കല്‍ ഓരോരോ  പ്രകൃതമാണെന്ന് ഇപ്പോള്‍ മാധവന്‍ പറഞ്ഞതല്ലേയുള്ളൂ. അതാണ് മനുഷ്യന്‍റെ പെരുമാറ്റം  വിചിത്രമാണെന്ന് പറഞ്ഞത് ''.

'' അങ്ങിനെ നോക്കുമ്പോള്‍ ശരിയാണ് ''.

'' എല്ലാം എനിക്ക് വേണം എന്ന ദുര്‍മോഹം ഉള്ളതോണ്ട് ഒരുവിധം എല്ലാവരേയും  വെറുപ്പിച്ചു. എനിക്കേ അറിയൂ മറ്റുള്ളവര്‍ മണ്ടന്മാര്‍  എന്ന തോന്നല്‍ അയാളെ ഒരു  ധിക്കാരിയാക്കി. സ്വന്തം  മനസ്സിലുള്ളത് ആരോടും പറയാതെ ഒറ്റയാന്‍ മനോഭാവം  പുലര്‍ത്തിയതു കാരണം ഭാര്യയ്ക്കും മക്കള്‍ക്കും കൂടി അയാളെ മനസ്സിലാക്കിയില്ല ''.

'' അതാണല്ലോ അയാളുടെ ജീവിതം ഇങ്ങിനെ പരാജയപ്പെട്ടത് ''.

'' നമ്മള്‍ സംസാരിച്ചുകൊണ്ടിരുന്ന വിഷയവും വേറൊരു വിചിത്രമായ പെരുമാറ്റത്തെക്കുറിച്ചാണ് ''.

'' എനിക്കും ആ അഭിപ്രായം ഇല്ലാതില്ല ''.

'' ശേയ്. അതിപ്പോള്‍ പറയണ്ടാ '' ചെറിയമ്മ കണ്ണിറുക്കിക്കാണിക്കുന്നത് കണ്ടു.

അതോടെ സംഭാഷണം നിലച്ചു. വേഗം ഭക്ഷണം കഴിച്ച് മൂന്നുപേരും ഇറങ്ങാന്‍  ഒരുങ്ങി.

'' ഞാനുംകൂടി വരാം '' ദിലീപ് മേനോന്‍ പറഞ്ഞു.

'' വേണ്ടാ. അവിടെ എന്തൊക്കെ ഗുസ്തിയാ ഉണ്ടാവുക എന്നറിയില്ല '' ഇളയച്ഛന്‍ മറുത്തു പറഞ്ഞതോടെ ആ പരിപാടി ഉപേക്ഷിച്ചു.

അകത്തേക്ക് ചെല്ലുമ്പോള്‍ വലിയമ്മ ഭക്ഷണം കഴിച്ച് കൈ കഴുകാന്‍  എഴുന്നേറ്റിരിക്കുന്നു. വലിയമ്മ അങ്ങിനെയാണ്. എത്ര പെട്ടെന്നാണ് അവര്‍ ഭക്ഷണം കഴിച്ചു തീര്‍ക്കാറ്.

'' എന്താ വലിയമ്മേ ഇപ്പോള്‍ പറയണ്ടാ എന്ന് ചെറിയമ്മ പറഞ്ഞത് '' ജിജ്ഞാസ ചോദ്യരൂപത്തില്‍ പുറത്തുചാടി.

'' എന്തായി ആങ്ങളയും പെങ്ങളും തമ്മിലുള്ള ഉപ്പേരിപ്പിണക്കം '' മറു ചോദ്യമാണ് വലിയമ്മയില്‍ നിന്ന് ഉയര്‍ന്നത്.

അപ്പോള്‍ എല്ലാവരും കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നു. അനിതയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വലിയമ്മയ്ക്ക് കൈമാറി.

'' ഇങ്ങിനെ ആവുമെന്ന് കരുതിയില്ല, വലിയമ്മേ '' ദിലീപ് മേനോന്‍ തല കുനിച്ചു '' നാട്ടില്‍ വരണം, ജാഫറിനോടൊപ്പം ചുറ്റിക്കറങ്ങണം.  കുറെ  വേലയും പൂരവും കാണണം. ഇതൊക്കേയേ മോഹിച്ചുള്ളൂ. അതാണ് അനിതയേയും കുട്ടിയേയും കൂട്ടാതെ ഒറ്റയ്ക്ക് പോന്നത്. മുംബെയില്‍ ഇറങ്ങിയാല്‍ അമ്മ അവിടെ നില്‍ക്കാന്‍ പറയും. അതുകൊണ്ട് നേരെ ഇങ്ങോട്ട് പോന്നൂ ''.

'' അതാ അവര് പറഞ്ഞോണ്ടിരുന്നത്. പഠിച്ചു മിടുക്കരായി, വലിയ ഉദ്യോഗം നേടി, നല്ല ചുറ്റുപാടായി. ധാരാളം സമ്പാദിക്കുന്നുണ്ട്. എന്ത് ഉണ്ടായിട്ടെന്താ ആങ്ങളയ്ക്കും പെങ്ങള്‍ക്കും പ്രായത്തിന്ന് അനുസരിച്ച പക്വത മാത്രം ആയില്ല എന്ന് പറയുകയായിരുന്നു. അല്ലെങ്കില്‍ അന്യ നാട്ടില്‍ ഭാര്യയേയും കുട്ടിയേയും തനിച്ചാക്കി ആരെങ്കിലും വേലയും പൂരവും  കാണാന്‍ ഓടി പോര്വോ ''.

ഒന്നും പറയാനില്ല. സത്യമല്ലേ ഇതെല്ലാം. ദിലീപ് മേനോന്‍റെ മുഖത്ത് നിഴലിച്ച വിഷാദം സുഭദ്ര ടീച്ചര്‍ ശ്രദ്ധിച്ചു. അവര്‍ മെല്ലെ അയാളുടെ അടുത്തേക്ക് ചെന്ന് തോളില്‍ കൈ വെച്ചു, പിന്നെ മുടിയിഴകളിലൂടെ വിരലോടിച്ചു തുടങ്ങി. പെട്ടെന്നയാള്‍ വലിയമ്മയുടെ സാന്ത്വനത്തില്‍  ആശ്വാസംകൊള്ളാറുള്ള സ്കൂള്‍കുട്ടിയായി.

'' നിനക്ക് ഒര്‍മ്മവെച്ച കാലം മുതല്‍ക്ക് ഇതന്നെ അവസ്ഥ. രണ്ടിനും തമ്മില്‍ത്തല്ലാന്‍ കാരണമൊന്നും വേണ്ടാ. ഒടുക്കം അമ്മയുടെ കയ്യില്‍ നിന്ന് എന്തെങ്കിലും കിട്ടിയാല്‍ കരഞ്ഞുംകൊണ്ട് നീ എന്‍റടുത്ത് വരും ''

'' അന്നും അവളാണ് പ്രശ്നം ഉണ്ടാക്കാറ് ''.

'' ആയിരിക്കും. സ്കൂള്‍പൂട്ടിയാല്‍ അമ്മ അച്ഛന്‍റെ അടുത്തേക്ക് പോവും. രണ്ടാളേയും കൂടെ കൂട്ടാന്‍ മോഹമില്ലാഞ്ഞിട്ടല്ല, അമ്മ അവളെ മാത്രം കൊണ്ടുപോവ്വാറ്. അവിടെ ചെന്ന് രണ്ടുംകൂടി അടിപിടി കൂടിയാല്‍ അച്ഛന്‍റെ കയ്യില്‍ നിന്ന് ചുടുക്കനെ കിട്ടും. അതൊഴിവാക്കാനാണ് നിന്നെ ഇവിടെ നിര്‍ത്തി പോയിരുന്നത് ''.

''  അച്ഛനും അമ്മയ്ക്കും അന്നും എന്നെക്കാള്‍ ഇഷ്ടം അവളോടായിരുന്നു ''.

'' അത് വെറുതെ തോന്നുന്നതാണ്. നിന്‍റെ പാലുകുടി മാറും മുമ്പ് അവളെ പ്രസവിച്ചു. പിന്നെ ഞാനാ നിന്നെ നോക്കിയത്. അതോണ്ട് നിനക്ക് അമ്മ വേണം എന്ന നിര്‍ബ്ബന്ധം ഉണ്ടായിരുന്നില്ല. അവള്‍ക്ക് അമ്മയെ പിരിഞ്ഞ് ഇരിക്കാനും പറ്റില്ല. പിന്നെ എന്താ ചെയ്യാ. നിന്നെ എന്നെ ഏല്‍പ്പിച്ച് വണ്ടി കയറുമ്പോള്‍ സുശീലടെ കണ്ണില്‍നിന്ന് പുഴപോലെ വെള്ളം ഒഴുകാറുള്ളത് ഞാന്‍ മറന്നിട്ടില്ല ''.

'' ഇനിയെന്താ വേണ്ടത് ''.

'' നീയൊന്നും ചെയ്യേണ്ടാ. കാര്യങ്ങളുടെപോക്ക് ഇന്നലെ സുശീല എന്നെ വിളിച്ച് പറഞ്ഞപ്പോഴേ ഞാന്‍ മാഷേട്ടനേയും സുമിത്രയേയും അറിയിച്ചു. മാഷേട്ടന്‍ മുകുന്ദേട്ടനോട് സംഭവം പറഞ്ഞു. മൂപ്പര്  പട്ടാളക്കാരന്‍റെ തനി സ്വരൂപം കണിച്ചിട്ടുണ്ടാവും. ഈറ്റുപ്പുലിപോലെ നിന്ന നിന്‍റെ പെങ്ങള് പൂച്ചയുടെ മുമ്പില്‍പ്പെട്ട എലിയെപ്പോലെയായി. ഇപ്പോള്‍ പോരാനുള്ള അടുക്കലും ഒതുക്കലും ആവും ''.

'' എപ്പോഴാ എത്തുക ''.

'' പ്ലെയിനിലാ വരുന്നത് എന്നേ എന്നോട് പറഞ്ഞിട്ടുള്ളൂ. ബാക്കിയൊക്കെ മാഷേട്ടനെ അറിയൂ ''.

'' അനിതയെ വിളിച്ച് ചോദിക്കട്ടെ ''.

'' അവളുടെ അടുത്ത് ചോദിച്ചിട്ടാണോ നിന്‍റെ അച്ഛന്‍ കാര്യങ്ങളൊക്കെ നിശ്ചയിക്കാറുള്ളത്. വെറുതെ ആ കുട്ടിയെ ബുദ്ധിമുട്ടിക്കണ്ടാ. കുറച്ചു കഴിഞ്ഞാല്‍ സുശീല വിളിക്കും. അതുവരെ നീ പോയി ടി.വി. കണ്ടോ ''.

എപ്പോഴോ വരട്ടെ, പ്രശ്നങ്ങള്‍ തീര്‍ന്നുവല്ലോ. ആ സന്തോഷത്തോടെ അയാള്‍ എഴുന്നേറ്റു.

Wednesday, October 15, 2014

അദ്ധ്യായം - 40.

പല്ലുതേപ്പ് കഴിഞ്ഞതും ദിലീപ്മേനോന്‍ തോര്‍ത്തുമെടുത്ത് അമ്പലക്കുളത്തിലേക്ക് നടന്നു. കുളി കഴിഞ്ഞ് ക്ഷേത്രത്തില്‍  കയറി തൊഴുതു പ്രാര്‍ത്ഥിക്കണം. ഇന്നലെ അനിത പറഞ്ഞ മട്ടിലൊന്നും സംഭവിക്കാതെ ഭഗവാന്‍ കാത്തുകൊള്ളട്ടെ. ഭാഗ്യത്തിന്ന് പുറത്ത്  വലിയമ്മയെ കാണാനില്ല. അല്ലെങ്കില്‍ വെള്ളം മാറി കുളിച്ച് അസുഖം വരുത്തേണ്ടാ എന്നു പറഞ്ഞ്  വിലക്കിയേനേ.

ഉദിക്കുമ്പോഴേക്കും തന്നെ വെയിലിന്ന് എന്തൊരു ചൂടാണ്. കുളത്തിലെ വെള്ളം വറ്റിതുടങ്ങിയിരിക്കുന്നു. ഉള്ള വെള്ളത്തിന്നുമീതെ പച്ചനിറത്തിലുള്ള പാടയുടെ ആവരണമുണ്ട്. താഴത്തേക്ക് ഇറങ്ങുംതോറും പടവുകള്‍ നല്ലപോലെ വഴുക്കുന്നു. നില്‍ക്കുന്ന പടവില്‍ ഇരുന്ന് കയ്യൂന്നി വെള്ളത്തിലേക്ക് ഇറങ്ങി മുകള്‍പ്പരപ്പിലെ പാട കൈകൊണ്ട് നീക്കീ. മുങ്ങി പൊങ്ങിയപ്പോള്‍ ഉന്മേഷം തോന്നി. സോപ്പ് എടുക്കാതെയാണ് പോന്നത് എന്ന ഓര്‍മ്മ അപ്പോഴാണ് വന്നത്. തലയും മേലും തുടച്ച് അമ്പലത്തിലേക്ക് നടന്നു.

മേല്‍ശാന്തി കൃഷ്ണന്‍നമ്പൂതിരി നല്ലതുപോലെ തടിച്ചിരിക്കുന്നു. കുടവയറിന്ന് മീതെ പൂണൂല്‍ ഒട്ടികിടപ്പുണ്ട്. കറുപ്പും വെളുപ്പും കലര്‍ന്ന മുടി കുറെ കൊഴിഞ്ഞിരിക്കുന്നു.

'' എന്താ ഇഷ്ടാ താന്‍ ഇങ്ങോട്ട് വരാത്തത് എന്ന് വിചാരിച്ച് ഇരിക്ക്യായിരുന്നു '' അദ്ദേഹം ചിരിച്ചു '' വന്ന കാര്യം സുഭദ്രാമ്മ പറഞ്ഞിരുന്നു. മാസം ഒന്നായില്ലേ വന്നിട്ട് ''.

'' ഉവ്വ്. ഓരോരോ തിരക്കുകള്‍ കാരണം വരാനായില്ല ''.

'' ഭൂമിയുടെ ഏതു തലയ്ക്കല്‍ പോയിരുന്നാലും മനുഷ്യന്‍ നാട്ടിലെ ദൈവത്തിനെ മറക്കാന്‍ പാടില്ല. മറന്നാല്‍ കര പിടിക്കില്ല ''.

'' മറന്നിട്ടൊന്നും ഇല്ല. എപ്പോഴും ഓര്‍ക്കാറുണ്ട് ''.

'' ഞാന്‍ തന്നെ പറഞ്ഞതല്ലട്ടോ. പൊതുവായിട്ട് ഒരു തത്വം പറഞ്ഞൂന്ന് മാത്രം. സുഭദ്രാമ്മ ഇടയ്ക്ക് തന്‍റെ പേരില്‍ വഴിപാട് നടത്താറുണ്ട് ''.

'' ഭാര്യയും മകനും വരുന്നുണ്ട്. അവരേയും കൂട്ടി പിന്നീട് വരാം ''.

'' കൂത്തും കുമ്മാട്ടിയും നടത്തണം എന്ന് ആളുകള്  പറയുന്നുണ്ട്. അത് മുടങ്ങിയിട്ട് കാലം ഇശ്ശിയായി. നല്ല ചിലവുള്ള സംഗതിയാണ്. കയ്യയച്ച് എന്തെങ്കിലും തരണംട്ടോ ''.

'' തീര്‍ച്ചയായും ''. ദക്ഷിണ നല്‍കി പ്രസാദം വാങ്ങി പുറത്തിറങ്ങി.

തറവാടിന്‍റെ അകത്തളത്തുനിന്ന് മുറ്റത്തേക്ക് ഇറങ്ങിവന്ന ചിരിയുടെ അലകളാണ് എതിരേറ്റത്. പപ്പനമ്മാമനും ഇളയച്ഛനും എന്തോ പറഞ്ഞ് ചിരിക്കുകയാണ്. ഇത്ര നേരത്തെ പപ്പനമ്മാമന്‍ വരുന്ന പതിവില്ല. ഇന്ന് എന്താണാവോ വിശേഷം.

'' നീ എഴുന്നേറ്റിട്ടുണ്ടാവില്ല എന്നാ വിചാരിച്ചത്. മാമന്‍ നേരത്തെ തോര്‍ത്തും എടുത്ത് അമ്പലക്കുളത്തിലേക്ക് പോയി എന്ന് ഉണ്ണിക്കുട്ടന്‍ പറഞ്ഞിട്ടാ ഞാന്‍ അറിഞ്ഞത് '' വലിയമ്മ പറഞ്ഞു '' കുളിച്ചു തൊഴുകാന്‍ ഇന്ന് എന്താ വിശേഷിച്ച്  ''.

'' ഭാര്യയും മകനും വരുന്ന സന്തോഷം കൊണ്ടാവും. അല്ലാതെന്താ '' ചെറിയമ്മ അഭിപ്രായപ്പെട്ടു.

സത്യസ്ഥിതി ഇതല്ലല്ലോ. അതെങ്ങിനെ ഇവരോട് പറയും. കഴിഞ്ഞ രാത്രി അനിത പറഞ്ഞ കാര്യങ്ങള്‍ അത്ര സന്തോഷകരമല്ല. എന്തിന് മുന്‍കൂട്ടി അതെല്ലാം പറഞ്ഞ് ഇവരെക്കൂടി വിഷമിപ്പിക്കണം. അറിയുമ്പോള്‍ അറിഞ്ഞോട്ടെ. തല്‍ക്കാലം ഒന്നും പറയാതിരിക്കുന്നതാണ് ഭംഗി.

'' ഞാന്‍ ഈറന്‍ മാറിയിട്ടു വേഗം വരാം '' എന്നും പറഞ്ഞ് അകത്തേക്ക് നടന്നു.

വൈകീട്ട് അനിത വിളിച്ചപ്പോള്‍ എന്തോ പന്തികേട് ഉണ്ട് എന്ന് പറഞ്ഞിരുന്നു. രാത്രി വിളിച്ചപ്പോഴാണ് എല്ലാം വിശദമായി പറഞ്ഞത്. അനിയത്തി നാട്ടിലേക്ക് വരുന്നില്ല. വേണമെങ്കില്‍ അമ്മയുടെ ബെര്‍ത്ത്‌ഡേ മുംബെയില്‍വെച്ച് സെലിബ്രേറ്റ് ചെയ്യാം എന്നാണത്രേ അവളുടെ നിലപാട്. നാട്ടിലേക്ക് പോരുന്ന വഴിക്ക് ഏട്ടന്‍ മുംബെയില്‍ ഇറങ്ങി കാണാഞ്ഞതിലുള്ള പ്രതിഷേധമാണ് കാരണം. അമ്മ കുറെ പറഞ്ഞു നോക്കിയെങ്കിലും അവള്‍ ഒട്ടും വഴങ്ങിയില്ല. അച്ഛന്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ഇനി അതു മാത്രമേ അറിയാനുള്ളൂ.

വസ്ത്രം മാറി മറ്റുള്ളവരുടെ അടുത്തേക്ക് നടന്നു.

'' നീ വന്നിട്ട് ഭക്ഷണം കഴിക്കാമെന്ന് കരുതി ഇരുന്നതാ '' വലിയമ്മ പറഞ്ഞു.

'' പപ്പനമ്മാമന്‍ എപ്പോഴാ എത്തിയത് '' .

'' ഞാന്‍ പറഞ്ഞിട്ട് ഉണ്ണി ഓട്ടോറിക്ഷ വിളിച്ച് പോയി കൂട്ടീട്ട് വന്നതാണ് '' ഇളയച്ഛന്‍ പറഞ്ഞു '' ഗോപന്‍ ഇന്നലെ രാത്രി എത്തിയിട്ടുണ്ടത്രേ. ഗോപിക അമൃത എക്സ്‌പ്രസ്സില്‍  പോന്നിട്ടുണ്ട്. കുറച്ചു കഴിയുമ്പോഴേക്ക് അവളും എത്തും. അവരോട് സംസാരിക്കുമ്പോള്‍  വലിയമ്മാമനും  ഇരുന്നോട്ടെ എന്നു കരുതി ''.

'' എന്തോ തമാശ പറഞ്ഞ് ചിരിക്കുന്നത് കേട്ടൂ ''.

'' ഞങ്ങള്‍ ഓരോരുത്തരുടെ  മക്കളുടെ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ട് ഇരിക്കുകയായിരുന്നു '' വലിയമ്മ പറഞ്ഞു.

''ദീപൂന് പഴയ പോസ്റ്റ് മാഷ് സ്വാമിയെ ഓര്‍മ്മയുണ്ടോ '' പപ്പനമ്മാമന്‍ ചോദിച്ചു.

മകനെ ട്യൂഷന്‍ ക്ലാസ്സിലേക്ക് സൈക്കിളില്‍ കൊണ്ടു വന്നിരുന്ന അയാളെ മറന്നിട്ടില്ല. നെറ്റിയിലെ ചന്ദനക്കുറിയും രോമങ്ങള്‍  എഴുന്നേറ്റു നില്‍ക്കുന്ന ചെവികളില്‍ തിരുകിവെച്ച തെച്ചിപ്പൂക്കളും കണ്‍മുന്നില്‍ കാണുന്നുണ്ട്

 '' ഉവ്വ്. എനിക്കറിയാം ''.

'' അദ്ദേഹത്തിന്ന് ഒറ്റ മകനേയുള്ളൂ. ആ കുട്ടി പഠിച്ചു മിടുക്കനായി ഇപ്പോള്‍ അമേരിക്കയില്‍ എഞ്ചിനീയറാണ്. അച്ഛനേയും അമ്മയേയും അവന് ജീവനാണ്.. ഇടയ്ക്ക് അവരെ അങ്ങോട്ട് കൊണ്ടുപോകും. സ്വാമി സമ്മതിക്കാത്തതോണ്ടാ അവിടെ സ്ഥിരമായി ഇരുത്താത്തത്. കഴിഞ്ഞ കുംഭാഭിഷേകത്തിന്ന് പകുതി ചിലവ് എന്‍റെ വകയാണ് എന്ന് സ്വാമി ഗ്രാമക്കാരോട് പറഞ്ഞുവത്രേ. നിസ്സാര തുകയൊന്ന്വോല്ല. ലക്ഷക്കണക്കിന്ന് പൈസ വരും. ഒരുമടി കൂടാതെ മകന്‍ പണം അയച്ചുകൊടുത്തു. അങ്ങിനേയും മക്കളുണ്ട് ''.

'' പണത്തിനുവേണ്ടി അച്ഛനമ്മമാരെ ദ്രോഹിക്കുന്ന മക്കളില്ലേ '' വലിയമ്മ മറുവശം ചൂണ്ടിക്കാട്ടി.

'' ഇഷ്ടംപോലെയുണ്ട് '' പപ്പനമ്മാമന്‍ പറഞ്ഞു '' ഞാന്‍ ഒരാളുടെ കഥ പറയാം. പേരു പറയുന്നില്ല. കക്ഷി സര്‍ക്കാര്‍ സര്‍വ്വീസില്‍ ലാസ്റ്റ് ഗ്രേഡ് ആയിരുന്നു. കഷ്ടപ്പെട്ട് മക്കളെ പഠിപ്പിച്ചു. പെണ്‍കുട്ടികളെ കെട്ടിച്ചുവിട്ടു. ഒടുക്കം മക്കള് കാരണം അയാള്‍ക്ക്  മരിക്കേണ്ടി വന്നു ''.

എല്ലാവരും പപ്പനമ്മാമനെ നോക്കി.

'' ജോലിയില്‍ ഇരിക്കുമ്പോള്‍ എന്നും അയാള്‍ക്ക് കഷ്ടപ്പാടായിരുന്നു. പെന്‍ഷനായല്‍ സമാധാനം കിട്ടും എന്ന് കരുതി. ജോലീന്ന് പിരിഞ്ഞു വന്നപ്പോഴോ? മൂത്ത പെണ്ണിന്‍റെ കെട്ട്യോന്‍ മരിച്ചു. രണ്ടാമത്തോളെ ഭര്‍ത്താവ് മൊഴി ചൊല്ലി. രണ്ടുപേരും വീട്ടിലെത്തിയതോടെ എന്നും തമ്മില്‍ത്തല്ലായി. വന്ന പെണ്‍കുട്ടികളുടേയും സ്വന്തം പെണ്‍മക്കളുടേയും തല്ല് തീര്‍ക്കാനേ സമയം ഉള്ളൂ. ചെക്കന്മാര് വല്ലപ്പോഴും പണിക്ക് പോവും. അവരുടെ ആവശ്യങ്ങളും കുടുംബച്ചിലവും ആ സാധു വഹിക്കണം. അധികംവൈകാതെ എന്തോ കഴിച്ച് ഭാര്യ മരിച്ചു. പിന്നെയാണ് ശരിക്കുള്ള ദുരിതം ആരംഭിച്ചത്. ഇപ്പോഴത്തെ എ.ടി.എം. സംവിധാനമൊന്നും അയാള്‍ക്ക് അറിയില്ല. കാര്‍ഡ് മക്കള്‍ കൈക്കലാക്കി. പെന്‍ഷന്‍ കാശ് അവരെടുത്ത് ചിലവാക്കും. നേരിട്ട് ചോദിക്കാന്‍ വയ്യ. ആരോടെങ്കിലും പറഞ്ഞൂന്ന് അറിഞ്ഞാല്‍ മക്കള് തല്ലികൊല്ലും ഒടുവില്‍ ഒരു ചായക്കോ ഒരു കെട്ട് ബീഡിക്കോ ആരോടെങ്കിലും ഇരക്കണം എന്ന ഗതിയായി. മനസ്സ് മടുത്ത് അയാള്‍ വീടു വിട്ട് ഇറങ്ങി. ഏതോ നാട്ടില്‍ തീവണ്ടി തട്ടി മരിച്ചു എന്ന വിവരമാണ് പിന്നെ കേട്ടത് ''.


'. വല്ലാത്ത മക്കളന്നെ ''.

'' ഞാന്‍ ഈ പറഞ്ഞ രണ്ടു കൂട്ടരുണ്ടല്ലോ. രണ്ടും ഒരു പത്തു ശതമാനം ഉണ്ടെന്ന് കൂട്ടിക്കോളൂ. ബാക്കി മുഴുവന്‍ ഈ രണ്ടിന്‍റേയും ഇടയിലാണ്. ഗുണവും ദോഷവും കൂടിയും കുറഞ്ഞും  ഇരിക്കും എന്നു മാത്രം ''.

''.സംസാരിച്ചിരുന്ന് നേരം പോണൂ. എനിക്ക് ഇന്നും കൂടി സ്കൂളില്‍ പോവാനുണ്ട് ''.ചെറിയമ്മ ഇടപെട്ടു.

'' ഓ, അപ്പോള്‍ ഇന്ന് റിട്ടയര്‍മെന്‍റാണ് അല്ലേ. യാത്രയയപ്പിന്ന് എല്ലാരും പോണുണ്ടോ ''.

'' ആരും ഇല്ല എന്നാണ് പറയുന്നത് ''.

'' മാധവനും  പോണില്ലേ ''.

''. നല്ല ആളെ കണ്ടൂ. മാഷേട്ടന്‍ സ്വന്തം യാത്രയയപ്പിന്നും കൂടി നിന്നിട്ടില്ല ''.

'' എന്നെക്കൊണ്ട് വയ്യ ഇല്ലാത്ത ഗുണഗണങ്ങള് വര്‍ണ്ണിക്കുന്നത് കേള്‍ക്കാന്‍ '' ഇളയച്ഛന്‍ പറഞ്ഞു '' സര്‍വ്വീസില്‍ ഇരിക്കുമ്പോള്‍ തരം കിട്ടിയാല്‍ കുത്തും. ഇന്നലെ മൂന്നരയ്ക്ക് നോക്കുമ്പോള്‍  സുമിത്ര ടീച്ചറെ കാണാനില്ല. അറ്റന്‍ഡന്‍സ് ഒപ്പിട്ടിട്ടുണ്ട്, മുങ്ങി നടക്കാന്‍  എന്താ സാമര്‍ത്ഥ്യം എന്നോ, മേരി ടീച്ചറുടെ മകള്‍ക്ക് എന്തോ സെറ്റപ്പ് ഉണ്ട് എന്ന് കേട്ടൂ, എന്നാ ചാടി പോവുന്നത് ആവോ എന്നോ ഒക്കെ പറഞ്ഞിട്ട് സ്നേഹമയിയായ സുമിത്ര ടീച്ചറുടെ വിരമിക്കല്‍ ഉണ്ടാക്കുന്ന വിടവ് നികത്താനാവില്ല എന്ന് ഉളുപ്പില്ലാതെ വെച്ചു കാച്ചുന്നത് കേട്ടിരിക്കാന്‍  എന്നെക്കൊണ്ടാവില്ല ''.

'' വേഗം വന്ന് ആഹാരം കഴിക്കിന്‍. എന്നിട്ടു വേണം എനിക്ക് പോവാന്‍ '' ചെറിയമ്മ ധൃതി കൂട്ടി. എല്ലാവരും എഴുന്നേറ്റു.