Sunday, December 28, 2014

അദ്ധ്യായം - 45.

ആറരയോടെയാണ് ഇളയച്ഛന്‍ എത്തിയത്. വന്നപാടെ അദ്ദേഹം മുറ്റത്തിട്ട ചാരുകസേലയിലേക്ക് ചാഞ്ഞു. രാവിലത്തെ ഭക്ഷണം കഴിഞ്ഞ ഉടനെ കുഞ്ഞുണ്ണിമാമയുടെ വീട്ടിലേക്ക് പോയ ആളാണ്. പകല്‍ മുഴുവന്‍ അലച്ചിലായിരിക്കും. ഇല്ലെങ്കില്‍ ഇത്ര ക്ഷീണം തോന്നാന്‍ വഴിയില്ല.. അവിടെ നടന്ന കാര്യങ്ങള്‍ അറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. 

'' നല്ലോണം ക്ഷീണിച്ച മട്ടുണ്ടല്ലോ '' ചെറിയമ്മ തുടക്കം കുറിച്ചു.

'' ഉവ്വ്. ഇന്ന് മുഴുവന്‍ ഓട്ടം ആയിരുന്നു ''.

'' എന്നിട്ട് കാര്യങ്ങള്‍ എവിടംവരെയായി ''

'' അവസാനത്തെ അദ്ധ്യായവും തീര്‍ന്നു ''

'' എന്നുവെച്ചാല്‍ ''.

'' ആദ്യം വക്കീല് തയ്യാറാക്കിയ ഒസ്യത്ത് വാങ്ങി നോക്കി ഒപ്പിട്ടു. പിന്നെ സബ്ബ് റജിസ്ട്രാര്‍ ഓഫീസില്‍ ചെന്ന് രാജിയുടെ പേരിലേക്ക് ദാനാധാരം രജിസ്ട്രാക്കി. അതു കഴിഞ്ഞപ്പൊഴാ മൂപ്പര്‍ക്ക് വേറൊരു തോന്നല്‍ ''.

'' പിന്നെന്താ ''.

'' ആ സ്ഥലത്ത് ഒരു പമ്പുസെറ്റുണ്ട്. അതിന്‍റെ ഓണര്‍ഷിപ്പ് രാജിടെ പേരിലേക്ക് മാറ്റണം ''.

'' അതൊക്കെ പിന്നെ ചെയ്താല്‍ പോരേ ''.

'' ചോദിക്കാഞ്ഞിട്ടല്ല. അതിന്ന് ഞാന്‍ ജീവിച്ചിരുന്നില്ലെങ്കിലോ എന്ന് ഇങ്ങോട്ട് മറുചോദ്യം ചോദിച്ചാല്‍ എന്താ ചെയ്യാ ''.

'' ശുദ്ധ ഭ്രാന്താ ഇതൊക്കെ. എന്നിട്ട് അതും ശരിയാക്കിയോ ''.

'' എല്ലാം ശരിയാക്കി. പക്ഷേ അതിന്ന് കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയത്. ആദ്യം അപേക്ഷഫോറം വാങ്ങാനായി ഇലക്ട്രിസിറ്റി ഓഫീസിലേക്ക്. മുദ്രപേപ്പറില്‍ രണ്ടാളും ഒപ്പിട്ട ബോണ്ട് വേണം എന്ന് അപ്പോഴാണ് അറിയുന്നത്. പിന്നെ അതിനുള്ള ഓട്ടമായി. സ്റ്റാമ്പ് വെണ്ടറെ കണ്ട് മുദ്രപ്പത്രം മേടിച്ചു.. പിന്നെ അതുംകൊണ്ട് ആധാരം എഴുത്തുകാരന്‍റെ ഓഫീസില്‍ ചെന്ന് കമ്പ്യൂട്ടറില്‍ ബോണ്ട് ടൈപ്പ് ചെയ്തു വാങ്ങി ആ സാധനം കിട്ടി ഒപ്പിട്ടപ്പോഴേ അളിയന്ന് സമാധാനമായുള്ളൂ ''.

'' ഒന്നും പിന്നെയ്ക്ക് വെക്കണ്ടാ എന്നു വെച്ചിട്ടാവും ''.

'' ആയിരിക്കും. ഇല്ലെങ്കില്‍ പപ്പനമ്മാമനെ ഇപ്പോള്‍തന്നെ കാണണം എന്ന് പറയില്ലലോ ''.

'' അതും ഉണ്ടായോ ''.

'' ഉവ്വ്. എല്ലാം കഴിഞ്ഞപ്പോഴാണ് ആ ഭൂതോദയം പിന്നെ കാറയച്ച് അദ്ദേഹത്തെ വരുത്തി ''.

'' എന്തിനാ അത്യാവശ്യമായി അദ്ദേഹത്തെ വരുത്തിയത് ''.

'' മാപ്പു പറയാന്‍. ചെറുപ്പം മുതലേ മോഹിച്ചതൊക്കെ കിട്ടണം എന്ന വാശിയുണ്ടായിരുന്നു, കൂടാതെ ഞാനാണ് കേമന്‍ എന്ന് മനസ്സിലൊരു തോന്നലും. മൂന്ന് പെണ്‍കുട്ടികള്‍ക്ക് മുമ്പേ ജനിച്ചതുകൊണ്ട് വീട്ടിലെ ഓമനയായിരുന്നു അതാണ് അങ്ങിനെയായത്. പറയാനോ ചെയ്യാനോ പാടില്ലാത്ത പലതും നിങ്ങളോടൊക്കെ ചെയ്തിട്ടുണ്ട്. ക്ഷമിക്കണം എന്നു പറയാനല്ലാതെ അതിനൊന്നും പ്രതിവിധിയില്ല എന്നും പറഞ്ഞ് അദ്ദേഹത്തിന്‍റെ കാല്‍ക്കല്‍വീണു നമസ്ക്കരിച്ചു ''.

'' അദ്ദേഹത്തെ ഒരുപാട് അപമാനിച്ചതാണ്. ചിലപ്പോള്‍ കുറ്റബോധം ഉണ്ടാവും ''.

'' ഉണ്ടാവും. പപ്പനമ്മാമന്ന് അത് ബോദ്ധ്യമായി. എല്ലാ കളികളിലും ജയിക്കണം എന്ന വാശി ഒരു കളിക്കാരനും പാടില്ല വിജയം മാത്രം നല്‍കുന്ന കളിക്കളമല്ല ഈ ജീവിതം ഏതായാലും ആ സത്യം താന്‍ തിരിച്ചറിഞ്ഞല്ലോ. അതു മതി. പശ്ചാത്താപത്തിലും വെച്ച് വലിയ പ്രായശ്ഛിത്തമൊന്നും ഇല്ലാടോ എന്നും പറഞ്ഞ് പപ്പനമ്മാമന്‍ സമാധാനിപ്പിച്ചു ''.

'' അത് നന്നായി. എന്തിനാ ഉച്ചയ്ക്ക് ദീപുവിനെ വിളിച്ചത് ''.

'' അവനാണ് എന്‍റെ മനസ്സ് മാറ്റിയത്. അവന്‍റെ കൂടെയിരുന്ന് ഊണു കഴിക്കണം എന്ന് അളിയന്‍ പറഞ്ഞതോണ്ട് വിളിച്ചതാണ് ''.

'' സാരൂല്യാ. നാളെ അവന്‍ ഊണു കഴിക്കാന്‍ അവിടെ ചെന്നോട്ടെ ''.

'' അത് നടക്കില്ല. അവരൊക്കെ തിരുവനന്തപുരത്തേക്ക് പോയി ''.

'' എന്തിന് ''.

'' നാളെത്തന്നെ ഡോക്ടറെ കണ്ട് ചികിത്സ തുടങ്ങാന്‍ ''.

'' എന്തേ പോവുന്ന വിവരം ഞങ്ങളെ അറിയിക്കാഞ്ഞത്. പോവും മുമ്പ് ഞങ്ങള്‍ക്ക് ചെന്ന് കാണില്ലേ ''.

'' നിങ്ങളെയൊക്കെ കണ്ടാല്‍ ചിലപ്പോള്‍ നിയന്ത്രണം നഷ്ടപ്പെടും. അതുകൊണ്ട് പോയി കഴിഞ്ഞിട്ട് അവരോക്കെ അറിഞ്ഞാല്‍ മതി എന്ന് പറഞ്ഞുവത്രേ ''.

'' നിങ്ങള്‍ക്കെങ്കിലും ഒന്ന് അറിയിച്ചൂടേ ''.

'' അതെങ്ങിനെ. എല്ലാം പെട്ടെന്നല്ലേ. പപ്പനമ്മാമനെ വീട്ടിലെത്തിച്ച് തിരിച്ചു വരുമ്പോഴേക്കും സാധനങ്ങളെല്ലാം കാറില്‍ എടുത്തുവെച്ച് എല്ലാവരും കയറാന്‍ ഒരുങ്ങി നില്‍പ്പാണ് ''.

'' നല്ല കാലത്ത് പെങ്ങമ്മാരൊന്നും വേണ്ടാ. ഇനിയെന്തിനാ എന്ന് വിചാരിച്ചിട്ടുണ്ടാവും ''.

'' അങ്ങിനെ ചിന്തിക്കണ്ടാ ''.

'' ആപത്തൊന്നും കൂടാതെ മടങ്ങി വന്നാല്‍ മതി '' വലിയമ്മയുടെ സ്വരം പതറിയിരുന്നു.

ചെറിയമ്മ പോയി ഇളയച്ഛനുള്ള ചായയുമായി വന്നു.

'' വര്‍ത്തമാനത്തിനിടയ്ക്ക് ഒരു കാര്യം പറയാന്‍ വിട്ടു '' ചായഗ്ലാസ്സ് വാങ്ങിയിട്ട് ഇളയച്ഛന്‍ പറഞ്ഞു '' നാളെ ഉച്ചയ്ക്ക് മുംബയില്‍ നിന്ന് എല്ലാവരും കൂടി കൊയമ്പത്തൂരിലെത്തും. വൈകുന്നേരം മുകുന്ദേട്ടന്‍ എന്നെ വിളിച്ച് പറഞ്ഞിരുന്നു ''.

'' കൂട്ടീട്ട് വരാന്‍ പോണോ '' ദിലീപ് മേനോന്‍ ചോദിച്ചു.

'' വേണ്ടാ. അവര് ടാക്സി വിളിച്ച് വന്നോളും ''.

രാജിച്ചേച്ചി കത്തിച്ച നിലവിളക്കുമായി കടന്നു വന്നു.

' നിന്നോടാരാ ഇപ്പൊ വിളക്കു കൊളുത്താന്‍ പറഞ്ഞത് '' വലിയമ്മ മകളോട് തട്ടിക്കയറി.

'' ആരും പറഞ്ഞിട്ടല്ല. സന്ധ്യക്ക് വിളക്ക് കത്തിക്കണ്ടേ. സമയമായി. ഞാന്‍ കത്തിച്ചു. അത്രേന്നെ ''.

'' ദീപം ദീപം എന്ന് പറഞ്ഞോണ്ട് വരണ്ടേ. എന്നാലല്ലേ ആളുകള്‍ക്ക് വിളക്കു കണ്ട് തൊഴാനാവൂ ''.

'' അങ്ങിനെ ചെയ്താല്‍ വരാനുള്ളത് വഴിമാറി പോവ്വോ ''. അവര്‍ തുളസിത്തറയിലേക്ക് നടന്നു.

'' എന്തിനാ വലിയമ്മേ ചേച്ചിയെ വെറുതെ '

'' അവളെ പറഞ്ഞപ്പോഴേക്ക് അവന് പൊള്ളി '' വലിയമ്മ സ്ഥലം വിട്ടു.

'' ഇവളെപ്പോഴാ വന്നത് '' ഇളയച്ഛന്‍ ചെറിയമ്മയോട് ചോദിച്ചു.

'' ഉച്ചയ്ക്ക് ''

'' കുട്ടി ഇവിടെ വരൂ '' വിളക്കുവെച്ച് പോരുന്ന രാജിച്ചേച്ചിയെ ഇളയച്ഛന്‍ വിളിച്ചു.

'' എന്താ എളേച്ചാ '' അവര്‍ അടുത്തു നിന്നു.

'' കുഞ്ഞുണ്ണിമാമ കുറച്ചു സ്ഥലം നിന്‍റെ പേരില്‍ എഴുതിയിട്ടുണ്ട് ''.

'' ങും ''.

'' കടം കയറി വീട് ജപ്തി ചെയ്ത് പോവാറായ ഒരാളെ പണ്ട് പപ്പനമ്മാമന്‍ സ്വന്തം ​സ്ഥലം വിറ്റ് സഹായിച്ചിട്ടുണ്ടത്രേ. അയാള് മരിച്ചു. ഇപ്പോള്‍ മക്കള്‍ നല്ല നിലയിലായി. ദുബായിയില്‍ നിന്ന് ലീവിനു വരുമ്പോള്‍ പപ്പനമ്മാമന്ന് ആ സ്ഥലത്തിന്ന് ഇപ്പോഴത്തെ വില കണക്കാക്കി പതിനഞ്ച് ലക്ഷം രൂപ കൊടുക്കാമെന്ന് മൂത്ത മകന്‍ എഴുതിയിട്ടുണ്ടതേ. അത് മുഴുവന്‍ നിനക്കുള്ളതാണ് എന്ന് അദ്ദേഹം എന്നോട് പറഞ്ഞു ''.

'' ങും '' അതിനും ഒരു മൂളലായിര്രുന്നു മറുപടി.

'' എന്നാല്‍ കുട്ടി പൊയ്ക്കോളൂ '' രാജിച്ചേച്ചി അകത്തേക്ക് നടന്നു.

'' പാവം. ഒന്നിനോടും ആര്‍ത്തിയില്ലാത്ത കുട്ടി '' ഇളയച്ഛന്‍ സ്വയം പറഞ്ഞു.

'' നമശ്ശിവായ, നാരായണായ നമ '' അകത്തുനിന്ന് രാജിച്ചേച്ചിയുടെ പെണ്‍മക്കള്‍ നാമം ചൊല്ലാന്‍ തുടങ്ങി.

Sunday, December 21, 2014

അദ്ധ്യായം - 44.


ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ശബ്ദിച്ചു. ദിലീപ് മേനോന്‍ എടുത്തുനോക്കിയപ്പോള്‍ ഇളച്ഛനാണ്.

'' എന്താ എളേച്ഛാ '' അയാള്‍ ചോദിച്ചു.

'' ദീപു ഉണുകഴിച്ച്വോ ''.

'' കഴിച്ചുകൊണ്ടിരിക്കുന്നു ''.

'' എന്നാല്‍ ശരി ''.

'' എന്താ, ഞാന്‍ എന്തെങ്കിലും ചെയ്യാനുണ്ടോ ''.

'' ഏയ്. ഒന്നൂല്യാ. ഞാന്‍ തിരിച്ചത്താന്‍ ലേശംവൈകും. നാല് നാലര ആവും എന്ന് ചെറിയമ്മയോട് പറയൂ '' അതോടെ ഫോണ്‍ കട്ടായി.

'' എന്താ സംഗതി '' കേട്ടുകൊണ്ടിരുന്ന ചെറിയമ്മ ചോദിച്ചു. ദിലീപ് മേനോന്‍ കേട്ടത് അങ്ങിനെത്തന്നെ പറഞ്ഞു.

'' വല്ല അത്യാവശ്യ കാര്യം ഉണ്ടായിട്ടാവ്വോ മാഷേട്ടന്‍ ദീപുവിനെ വിളിച്ചത് '' വലിയമ്മ ചോദിച്ചപ്പോള്‍ ദിലീപ് മേനോനും അങ്ങിനെ തോന്നി.

'' ഞാന്‍ എളേച്ഛനെ വിളിച്ചു ചോദിക്കട്ടെ '' അയാള്‍ പറഞ്ഞു.

'' വേണ്ട വേണ്ടാ. എന്തെങ്കിലും ഉണ്ടെങ്കില്‍ പറയാതിരിക്കില്ല. അത് ചെയ്തില്ലല്ലോ. അപ്പോള്‍ വിശേഷിച്ച് ഒന്നുമുണ്ടാവില്ല '' ചെറിയമ്മ ആ നീക്കം തടഞ്ഞു '' അങ്ങോട്ടുകേറി ചോദിക്കുന്നത് ഇഷ്ടമില്ലാത്ത ആളാണ്. അതോണ്ട് നീ മിണ്ടാതെ ഊണു കഴിക്കാന്‍ നോക്ക് ''.

അതോടെ സംഭാഷണം നിലച്ചു. വലിയമ്മയാണ് ആദ്യം ഊണുകഴിച്ച് എഴുന്നേറ്റത്. അത് അങ്ങിനെയാണ്. വിളമ്പിവെച്ച ആഹാരം പെട്ടെന്ന് വാരിക്കഴിച്ച് വലിയമ്മ എഴുന്നേല്‍ക്കും.

'' ഊണു കഴിഞ്ഞാല്‍ നീ പോയി കുറച്ചു നേരം റെസ്റ്റ് ചെയ്തോ. കാപ്പി കുടിക്കാറാവുമ്പോള്‍ ഞാന്‍ വിളിക്കാം '' കൈ കഴുകാന്‍ എഴുന്നേറ്റ വലിയമ്മ പറഞ്ഞു.

'' ഉറങ്ങുകയൊന്നുമില്ല. എന്തെങ്കിലും വായിച്ച് ഇരിക്കുകയേ ഉള്ളൂ ''.

'' കുറച്ച് പണി ബാക്കിയുണ്ട്. അത് തീര്‍ത്തശേഷം ഞാനും വരാം '' വലിയമ്മ പാത്രങ്ങള്‍ കഴുകാന്‍ പോയി.

അപ്പോള്‍ മുറ്റത്ത് ഒരു ഓട്ടോറിക്ഷയുടെ ശബ്ദംകേട്ടു. പാത്രം കഴുകല്‍ പകുതിക്കുവെച്ച് വലിയമ്മ പുറത്തേക്ക് നടന്നു.

'' വരുന്ന കാര്യം നിനക്കൊന്ന് വിളിച്ച് അറിയിക്കാമായിരുന്നില്ലേ '' വലിയമ്മ ആരോടോ ചോദിക്കുകയാണ്.

'' എന്‍റെ വീട്ടിലേക്കല്ലേ ഞാന്‍ വരുന്നത്. അതിന്ന് മുന്‍കൂട്ടി പറഞ്ഞ് സമ്മതം വാങ്ങണോ '' രാജിചേച്ചിയുടെ മറുപടിയാണത്.

'' വന്നു കേറുമ്പോഴേക്ക് തുടങ്ങിക്കോളും തര്‍ക്കുത്തരം പറയാന്‍ '' വലിയമ്മയ്ക്ക് ആ പറഞ്ഞത് രസിച്ചിട്ടില്ല.

ഊണു കഴിക്കുന്നത് മതിയാക്കി കൈ കഴുകി വേഗം മുന്‍വശത്തേക്ക് നടന്നു. കയ്യിലുണ്ടായിരുന്ന ബാഗ് ചാരുപടിയില്‍ വെച്ചിട്ട് രാജിച്ചേച്ചി അതിനടുത്തു നില്‍പ്പുണ്ട്. പെണ്‍കുട്ടികള്‍ രണ്ടും അമ്മയുടെ ദേഹത്ത് ഒട്ടിച്ചേര്‍ന്ന് നില്‍ക്കുന്നു. രണ്ടുപേരും പരിഭ്രമിച്ചിട്ടുണ്ട്. അതിനവരെ കുറ്റം പറയാനാവില്ല. വന്നെത്തിയതും കിട്ടിയ സ്വീകരണം ആ മട്ടില്‍ ആയിരുന്നല്ലോ. ഉണ്ണിക്കുട്ടന്‍ ഓട്ടോവില്‍നിന്ന് ഒരു ചാക്കുകെട്ട് താഴെ ഇറക്കുകയാണ്. ഭാസ്ക്കരേട്ടനെ കാണാനില്ല.

'' ചേച്ചി ഭാസ്ക്കരേട്ടന്‍ എവിടെ '' ദിലീപ് മേനോന്‍ ചോദിച്ചു.

'' നാളെ ഗോവിന്ദന്‍ നായരുടെ മകന്‍റെ കല്യാണ നിശ്ചയമാണ്. അതു കഴിഞ്ഞേ ഭാസ്ക്കരേട്ടന്‍ വരൂ ''

'' ഏതു ഗോവിന്ദന്‍ നായര്‍ ''.

'' ആനക്കാരന്‍ ഗോവിന്ദനെ നിനക്ക് ഓര്‍മ്മീണ്ടോ ''.

എങ്ങിനെ മറക്കാനാണ് ? ആനയുടെ കുത്തേറ്റ് മരിച്ച ഗോവിന്ദന്‍ നായരെ നല്ല ഓര്‍മ്മയുണ്ട്, അയാളുടെ മരണത്തോടെ അനാഥമായ കുടുംബത്തേയും. അപകടത്തിന്നുശേഷം ആനയുടമ നഷ്ടപരിഹാരം നല്‍കാന്‍ ഒരുങ്ങിയ സമയത്താണ് വേറെ രണ്ടു സ്ത്രീകള്‍ മരിച്ച ആളുടെ ഭാര്യയാണെന്ന് അവകാശപ്പെട്ട് എത്തുന്നത്. മദ്ധ്യസ്ഥന്മാര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചപ്പോള്‍ നിസ്സാരമായ ഒരു തുക കിട്ടി. പിന്നീട് രണ്ടു മക്കളേയുംവെച്ച് ആ സ്ത്രീ അനുഭവിച്ച കഷ്ടപ്പാട് പറഞ്ഞു കേട്ടിട്ടുണ്ട്.

'' എന്താ നീ ആലോചിക്കുന്നത്. നിനക്ക് ആളെ മനസ്സിലായില്ലേ. നിന്‍റെ പഴയ ഷര്‍ട്ടുകളും പാന്‍റും ഞാന്‍ കൊണ്ടുപോയി വെട്ടി ചെറുതാക്കി കൊടുക്കും. അതിട്ട് വളര്‍ന്നവനാ കല്യാണക്കാരന്‍ ''.

'' സുരേഷ് എന്നല്ലേ അവന്‍റെ പേര്. ഇപ്പോള്‍ എന്തു ചെയ്യുന്നു ''.

'' ഐ.എ.എസ്. കഴിഞ്ഞ് ഏതോ വലിയ ജോലിയായീന്ന് കേട്ടു. ഇനി കലക്ടറായിട്ട് വരും എന്നാ ഭാസ്ക്കരേട്ടന്‍ പറയുന്നത് ''.

'' ആഹാ, അവന്‍ ആള് മിടുക്കനാണല്ലോ ''.

'' പിന്നെ നിന്നെപ്പോലെ ബുദ്ധിയില്ലാത്തോനാണ് എന്ന് വിചാരിച്ചോ ''.

'' കടന്നു പോടി അകത്തേക്ക്. ബുദ്ധിയുള്ള ഒരാള് വന്നിരിക്കുന്നു '' വലിയമ്മ ചൂടായി.

'' പോട്ടേ വലിയമ്മേ, രാജിച്ചേച്ചി ആലോചിക്കാതെ പറഞ്ഞതല്ലേ ''.

'' നീ ഇങ്ങോട്ട് വാ '' എന്നു പറഞ്ഞ് ചെറിയമ്മ രാജിച്ചേച്ചിയേയും കുട്ടികളേയും കൂട്ടി അകത്തേക്ക് നടന്നു, വലിയമ്മ പുറകെയും.

'' കേട്ടല്ലോ, അമ്മ പോവുന്നതുവരെ ഇതന്നെ ആയിരിക്കും അവസ്ഥ '' ഉണ്ണിക്കുട്ടന്‍ അരികത്തു വന്ന് പറഞ്ഞു.

'' നീയിതൊന്നും കാര്യമാക്കണ്ടാ ''എന്ന് ആശ്വസിപ്പിച്ചതോട അവനും സ്ഥലം വിട്ടു.

ആനക്കാരന്‍ ഗോവിന്ദന്‍റെ കുടുംബത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സിലെത്തി. അയാളുടെ മരണശേഷമുള്ള കാര്യങ്ങളേ രാജിച്ചേച്ചി പറഞ്ഞു കേട്ടിട്ടുള്ളു. ഗോവിന്ദന്‍റെ ഭാര്യ രമണി അനാഥയായിരുന്നു. അവര്‍ക്ക് പ്രായപൂര്‍ത്തി ആയതും ഏക ആശ്രയമായ മുത്തശ്ശിയും മരിച്ചു. അകന്ന ബന്ധുക്കള്‍ ഏറെ വൈകാതെ അവരെ ആനക്കാരന്‍ ഗോവിന്ദന്‍ നായര്‍ക്ക് വിവാഹം കഴിച്ചു കൊടുത്തു. ഭര്‍ത്താവിന്‍റെ സംരക്ഷണം അവര്‍ക്ക് അധികകാലം ലഭിച്ചില്ല. സമ്പാദ്യമായി ഒരു പെണ്‍കുട്ടിയേയും അതിന്നു താഴെ ഒരു ആണ്‍കുട്ടിയേയും നല്‍കി അയാള്‍ കടന്നുപോയി. മൂന്നു നാലു തവണ രാജിച്ചേച്ചി ആ രണ്ടു കുട്ടികളെ തറവാട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നിട്ടുണ്ട്.

'' ദീപൂ, നിനക്ക് എന്നോട് ദേഷ്യം ഉണ്ടോടാ '' രാജിച്ചേച്ചിയുടെ ശബ്ദം കേട്ടു.

'' ഏയ്. ഇല്ല ''.

'' എത വലുതായാലും എനിക്ക് നീ എന്‍റെ ദീപുവാണ് ''.

'' എനിക്കും അതാ ഇഷ്ടം ''. പെട്ടെന്ന് മനസ്സിലൊരു കുസൃതി തോന്നി.. രാജിച്ചേച്ചിയെ ഒന്ന് ചൂടാക്കണം.

'' ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടേ ''.

'' എന്തു വേണച്ചാലും ചോദിച്ചോ ''.

'' ചേച്ചിക്ക് രമണിയമ്മയോട് അസൂയ തോന്നുന്നുണ്ടോ ''

'' എന്തിന് ''

'' അവരുടെ മകന്‍ കലക്ടര്‍ ആവുകയല്ലേ ''.

'' എന്നാല്‍ കേട്ടോ. എനിക്ക് ഒട്ടും അസൂയയില്ല. എന്നല്ല മനസ്സ് നിറയെ സന്തോഷം ഉണ്ടേനും രമണിയുടെ മകള്‍ക്ക് കോളേജില്‍ പഠിപ്പിക്കുന്ന ജോലി കിട്ടിയപ്പോഴും ഇപ്പഴും അതന്നെ ഉള്ളൂ ''.

'' അതെന്താ ഇത്ര സന്തോഷം തോന്നാന്‍ ''.

'' അതൊക്കെ ഉണ്ട് ''.

 '' പറയൂ. കേള്‍ക്കട്ടെ ''.

'' വേണ്ട വേണ്ടാ. ഇന്നേവരെ ഞാനാരോടും പറഞ്ഞിട്ടില്ല ''.

'' എന്നോട് പറഞ്ഞൂടെ. ഞാന്‍ ചേച്ചിടെ ദീപുവല്ലേ ''.

'' നീ ആരോടെങ്കിലും പറയ്യോ ''.

'' ഇല്ല ''.

'' സത്യം ''.

'' സത്യം ''.

'' എന്നാല്‍ ഞാന്‍ പായാം. ചെറുപ്പത്തില്‍ രമണി നല്ല ഭംഗിയുള്ള  പെണ്ണായിരുന്നു. അവളും ഭാസ്ക്കരേട്ടനും സ്നേഹത്തിലായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ''.

'' എന്നിട്ടെന്തേ കല്യാണം കഴിക്കാതിരുന്നത് ''.

'' കാശും ഇല്ല, ആളും നാഥനും ഇല്ല. അങ്ങിനത്തെ ഒരു പെണ്ണിനെ കെട്ടാന്‍ വീട്ടുകാര് സമ്മതിക്ക്വോ. വലിയൊരു നാലുകെട്ടും മൂന്നു നേരം ഉണ്ണാനുള്ള വകയും അമ്മയ്ക്ക് ജോലിയും ഉള്ളതോണ്ട് ആ നറുക്ക് എന്‍റെ പേരില് വീണു ''.

'' എങ്കില്‍ വേണ്ട വേണ്ടാ അവരോട് സ്നേഹം തോന്നാന്‍ വഴിയില്ല. മാത്രമല്ല ഭാസ്ക്കരേട്ടനോടും മനസ്സില്‍ നീരസം കാണും ''.

'' എന്തിന്. കാട്ടാളത്തിയെപ്പോലെയുള്ള എന്നെ കല്യാണം കഴിച്ച് കൂടെ പൊറുപ്പിക്കുന്നതിന്നോ ''.

'' ഭാസ്ക്കരേട്ടന്‍ സ്നേഹിച്ച സ്ത്രീയല്ലേ. അവര് നന്നാവുമ്പോള്‍ അല്‍പ്പം അസൂയ തോന്നില്ലേ ''.

'' കല്യാണം കഴിക്കാന്‍ പറ്റിയില്ലെങ്കിലും ഭാസ്ക്കരേട്ടന്ന് അവളെ മാക്കാന്‍ കഴിയ്യോ ? ഇല്ല. ഞാനറിയാതെ ഭാസ്ക്കരേട്ടന്ന് അവരെ സഹായിക്കാന്‍ പറ്റില്ലേ ? അത് ചെയ്യുന്നില്ലല്ലോ. അതിന്‍റെ അര്‍ത്ഥം മൂപ്പര് എന്നെ മനസ്സറിഞ്ഞ് സ്നേഹിക്കുന്നുണ്ട് എന്നല്ലേ? അപ്പോള്‍ ഞാനെന്താ വേണ്ടത് ? സ്നേഹിക്കുന്ന ഭര്‍ത്താവിന്‍റെ സന്തോഷം എന്താന്ന് മനസ്സിലാക്കി കണ്ടറിഞ്ഞ് പെരുമാറണം ''.

'' അങ്ങിനെ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ ''.

'' ഉവ്വ്. നിന്‍റെ പഴയ പുസ്തകങ്ങള്‍ വാങ്ങി രമണിയുടെ മകള്‍ക്ക് കൊടുക്കുമ്പോഴും പഴയ ഡ്രസ്സ് വാങ്ങി വെട്ടിച്ചെറുതാക്കി ചെക്കന് കൊടുക്കുമ്പോഴും ഭാസ്ക്കരേട്ടന്‍റെ  മനസ്സില്‍ ഉണ്ടാവുന്ന സന്തോഷം എനിക്ക് അറിയാന്‍ കഴിഞ്ഞിട്ടുണ്ട് ''.

മനസ്സില്‍ അത്ഭുതമോ സന്തോഷമോ എന്തൊക്കേയോ നിറയുന്നുണ്ട്. പഠിപ്പും വിവരവും ഇല്ലെങ്കിലെന്ത്? ആ മനസ്സിന്‍റെ വലിപ്പത്തിന്നു മുന്നില്‍ അതൊന്നും ഒരു കുറവല്ല.

'' ദീപൂ, നിന്നെ ജാഫര്‍ വിളിക്കുന്നു '' വലിയമ്മ അകത്തു നിന്ന് മൊബൈലുമായി എത്തി.

'' രാത്രി ഒമ്പതിന്ന് കാറുമായി ഞാനെത്തും '' കാള്‍ എടുത്തതും ജാഫറിന്‍റെ സ്വരം കേട്ടു.

'' എന്താ പരിപാടി ''.

'' ഇന്ന് നെന്മാറ വേലയല്ലേ ? ഒരുങ്ങി നിന്നോ '' വല്ലതും കൂടുതല്‍ പറയുന്നതിന്നു മുമ്പ് കാള്‍ അവസാനിച്ചു.

'' എന്തിനാ വിളിച്ചത് '' വലിയമ്മ ചോദിച്ചു.

'' നെന്മാറ വേലയ്ക്ക് ചെല്ലാന്‍ ''.

'' എന്നാല്‍ പൊയ്ക്കോ. നാളെ അവരൊക്കെ വന്നെത്തിയാല്‍ പിന്നെ എങ്ങോട്ടും പോവാന്‍ പറ്റി എന്നു വരില്ല ''.

'' വരുമ്പോള്‍ പൊരിയും തേനീച്ചാമ്പഴവും ഹലുവയും വാങ്ങീട്ട് വാ '' രാജിച്ചേച്ചി അതു പറഞ്ഞതും വലിയമ്മ അവരെ തുറിച്ചു നോക്കി

'' കുറച്ച് ചുക്കുവെള്ളം തരൂ വലിയമ്മേ, വല്ലാതെ ദാഹിക്കുന്നു '' അടുത്ത ശകാരവര്‍ഷം തുടങ്ങുന്നത്തിന്നു മുമ്പ് ഇടപെട്ടു.

Sunday, November 30, 2014

അദ്ധ്യായം - 43.


'' ഇതൊന്നു നോക്കൂ വലിയമ്മേ '' നീട്ടിപ്പിടിച്ച ദിനപത്രത്താളുമായി ദിലീപ് മേനോന്‍  അടുക്കളപ്പണിയില്‍ മുഴുകിയിരിക്കുന്ന സുഭദ്രടീച്ചറുടെ അടുത്ത് ചെന്നു.

'' എന്താ ഗ്യാസിന്‍റെ വില വീണ്ടും കൂടിയോ '' ടീച്ചര്‍ക്ക് അതാണ് ഭയം

'' അതല്ല. ഇതൊന്ന് കാണൂ '' അയാള്‍ പത്രം നീട്ടി.

ടീച്ചര്‍ അത് വാങ്ങിനോക്കി. ഒരു പ്രമുഖ വസ്ത്ര വ്യാപാരസ്ഥാപനത്തിന്‍റെ പരസ്യം ദിനപത്രത്തിന്‍റെ ഒന്നാം  പേജ് കയ്യടക്കിയിരിക്കുന്നു. ടൌണില്‍ അവരുടെ പുതിയ ഷോറൂം വരികയാണ്. പ്രശസ്തരായ സിനിമാ നടനും നടിയും ചേര്‍ന്നാണ് ഉല്‍ഘാടനകര്‍മ്മം നിര്‍വ്വഹിക്കുന്നത്.

'' നീയിത് ഇപ്പോഴേ അറിയുന്നുള്ളൂ. പത്തുപതിനഞ്ച് ദിവസമായി ടി.വി. യില് എപ്പൊ നോക്കിയാലും ഇതന്നെ കാണാറുള്ളത് ''.

''  ചെറിയമ്മ ക്ക് സ്കൂളില്‍ പോണ്ടല്ലോ. കുറച്ചു കഴിഞ്ഞ് നമ്മള്‍ മൂന്നാ ള്‍ക്കും കൂടി അവിടേക്ക് പോവാം. ഉല്‍ഘാടനം കാണുകയും ചെയ്യാം, എന്തെങ്കിലും പര്‍ച്ചേസ് നടത്തുകയും ആവാം ''.

'' എന്തു പര്‍ച്ചേസ് ''.

'' വലിയമ്മയ്ക്കും ചെറിയമ്മയ്ക്കും ഒരേപോലത്തെ ഓരോ സില്‍ക്ക് സാരികള്‍ വാങ്ങണം . അമ്മയുടെ ഷഷ്ടിപൂര്‍ത്തിക്ക് ചെത്തിപൊളിച്ച് നില്‍ക്കണമല്ലോ ''.

'' നാളെ എല്ലാവരും എത്ത്വോലോ. എന്നിട്ട് നീ അനിതയേയും പെങ്ങളേയും അമ്മയേയും കൂട്ടി പൊയ്ക്കോ. ഇവിടുന്ന് സുമിത്രയും കൂടെ പോന്നോട്ടെ.  അവര്‍ക്കൊക്കെ എന്താ വേണ്ടത്ച്ചാല്‍ വാങ്ങി കൊടുത്തോ ''.

'' അപ്പോള്‍ വലിയമ്മയ്ക്ക് ''.

'' എനിക്ക് അവിടുത്തെ സാരിയൊന്നും വേണ്ടാ ''.

'' അതെന്താ വലിയമ്മയ്ക്ക് വേണ്ടാത്തത്. ഞാന്‍ വാങ്ങുന്നതോണ്ടാണോ ''.

'' അതല്ല. എന്നെങ്കിലും പട്ടുസ്സാരിയോ കളറുള്ള സാരിയോ ഉടുത്ത് എന്നെ നീ കണ്ടിട്ടുണ്ടോ. രാജിയുടെ അച്ഛന്‍ മരിച്ച ശേഷം വെളുത്ത വസ്ത്രങ്ങളേ ഞാന്‍ ഉടുത്തിട്ടുള്ളൂ. അത് വാങ്ങാന്‍ ഷോറൂമിലൊന്നും പോവണ്ട. വിഷു ആവാറായില്ലേ. കുത്താമ്പുള്ളിക്കാര് ചെട്ടികള് തുണി വില്‍ക്കാന്‍ എത്തും.  അവരുടെ കയ്യില്‍ കൈത്തറി സാരികളും സെറ്റു മുണ്ടുകളും ഒന്നാന്തരം ഡബിള്‍വേഷ്ടികളും ഉണ്ടാവും. നിനക്ക് വേണച്ചാല്‍ നല്ലതു നോക്കി ഒരു ഡബിള്‍മുണ്ട് വാങ്ങിച്ചോ ''.

'' അവരുടെ കയ്യില്‍ വെറൈറ്റി കാണില്ല. ഒരേ സൈസ്സ് തുണിയാവും. ഡിസൈനിലേ എന്തെങ്കിലും വ്യത്യാസം കാണൂ ''.

'' സമ്മതിക്കുന്നു. പക്ഷെ എപ്പോഴാ നീ പറയുന്ന ഈ വെറൈറ്റിയൊക്കെ വന്നത്. എന്‍റെ കുട്ടിക്കാലത്ത് ഇന്നത്തെ മാതിരിയുള്ള തുണികള്‍ ആരും സ്വപ്നത്തില്‍ കൂടി കണ്ടിട്ടില്ല ''.

''  അത്രയധികം മാറ്റം വന്നിട്ടുണ്ടോ വലിയമ്മേ ''.

'' പിന്നല്ലാതെ. ആണുങ്ങളുടെ കാര്യം ആദ്യം കേട്ടോ. മുറിക്കയ്യന്‍ ഷര്‍ട്ടും മുണ്ടും ആണ് പഴയ കാലത്ത് ആണുങ്ങളുടെ വേഷം. കഴിവില്ലാത്തവര്‍ ബ്ലീച്ച് ചെയ്യാത്ത ജഗന്നാഥന്‍ എന്ന തുണി മുറിച്ചുവാങ്ങിയാണ് മുണ്ടായിട്ട് ഉടുക്കുക. കുറച്ച് ഭേദപ്പെട്ടവര്‍ മല്ലുമുണ്ട് വാങ്ങും. വലിയ പ്രമാണിമാരേ ഡബിള്‍വേഷ്ടിയും ഫുള്‍ഷര്‍ട്ടും  ധരിക്കൂ. സ്കൂളില്‍ പഠിക്കാന്‍ പോവുന്ന ആണ്‍കുട്ടികള്‍ ഷര്‍ട്ടും ട്രൌസറും ഇടും. കന്നുമേക്കാന്‍പോവുന്ന പിള്ളര്‍ തോര്‍ത്തുടുക്കും ''. 

'' അതു ശരി. അപ്പോള്‍ സ്ത്രീകളുടെ കാര്യം ''.

'' ഒരുവിധം പെണ്ണുങ്ങളൊക്കെ ജാക്കറ്റും മുണ്ടും ധരിക്കും. മല്ലുമുണ്ടോ പുളിയിലക്കര മുണ്ടോ ആണ് ഉടുക്കാറ്. വീട്ടില്‍ നിന്ന് വെളിയിലേക്ക് പോവുമ്പോള്‍ ഒരു മേല്‍മുണ്ട് കൂടി ഇടും . കുറച്ചുകൂടി ഭേദപ്പെട്ടവര്‍ സെറ്റുമുണ്ട് ഉടുക്കും. പല ചെറുപ്പക്കാരികളും സാരിയാണ് ഉടുക്കാറ്.  വോയില്‍സാരിയാണ് പ്രധാനം. സ്കൂളില്‍ പോണ പെണ്‍കുട്ടികള്‍ക്ക് പാവാടയും ജാക്കറ്റുമാണ് വേഷം. ഇത്തിരി മുതിര്‍ന്നാല്‍ ധാവിണി ഇടും. ചെറിയ പെണ്‍കുട്ടികള്‍ ഗൌണാണ് ധരിക്കാറ്. ''.

'' വെരി സിമ്പിള്‍ ഡ്രസ്സ്. ചൂരീദാര്‍, നൈറ്റി, ജീന്‍സ് ഒന്നും ഇല്ല ''.

'' ഇപ്പറഞ്ഞതൊക്കെ വന്നിട്ട് കുറച്ചു കാലമല്ലേ ആയുള്ളൂ ''.

'' ആളുകള്‍ക്ക് ഫാഷനൊന്നും അറിയില്ല എന്നര്‍ത്ഥം ''.

'' ഫാഷന്‍ വെച്ചിരിക്കുന്നു. നിനക്ക് കേള്‍ക്കണോ? പാടത്ത് പണിക്കു വന്നിരുന്നവര്‍ ജാക്കറ്റ് ഇടാറില്ല. മാറു മറയ്ക്കാന്‍ തോളില്‍കൂടി ഒരു തുണിയിടും. പണ്ടു കാലത്ത് അതും കൂടി സമ്മതിച്ചിരുന്നില്ല എന്നാണ് കേട്ടിട്ടുള്ളത്. ഇതൊക്കെയാണ് ഞങ്ങളുടെ ചെറുപ്പകാലത്തെ അവസ്ഥ ''.

'' മാറു മറയ്ക്കാന്‍ അനുവദിക്കാത്ത സവര്‍ണ്ണമേധാവിത്വത്തിനെതിരെ സമരം നടത്തിയ കാര്യം ഞാന്‍ വായിച്ചിട്ടുണ്ട്. അത മോശമായിരുന്നു അന്നത്തെ അവസ്ഥ എന്ന് കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ട് ''.

'' വേറൊരു വിശേഷം കേട്ടോ. സ്വാതന്ത്യം കിട്ടിയ സമയത്താണ് ഏട്ടന്‍ ജനിച്ചത് . ആ കാലത്ത് തുണിക്കുവരെ റേഷനായിരുന്നു എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അത് ആലോചിക്കുമ്പോള്‍ ഞങ്ങള്‍ മൂന്നാളും ഭാഗ്യം ചെയ്തോരല്ലേ ''.

'' സിന്തറ്റിക്ക് തുണികള്‍ എപ്പോഴാ പ്രചാരത്തിലായത് ''.

'' ഏട്ടന്‍ കോളേജില്‍ പഠിക്കുന്ന കാലത്താണ് ടെറിലിന്‍ തുണി വന്നത്. പളപളാ എന്ന് മിന്നുന്ന അത് ആ കാലത്തെ ഫാഷനായിരുന്നു. അതു കഴിഞ്ഞപ്പോള്‍ ടെറികോട്ടന്‍ എന്നും പാഞ്ഞ് വേറൊരു വിധം തുണി വന്നു.  ഗള്‍ഫില്‍ ജോലിയുള്ള ബന്ധുക്കള്‍ വരുന്നതുംകാത്ത് ആളുകള്‍ ഇരിക്കും. ഫോറിന്‍ സാരിയോ, ഷര്‍ട്ടിനോ, പാന്‍റിനോ ഉള്ള തുണിയോ കിട്ടിയാലോ? ഇപ്പോള്‍ അതിലും നല്ല തുണികള്‍ ഇവിടെ കിട്ടാനുണ്ട് ''.

'' അതു ശരിയാണ് ''.

'' ഫാഷന്‍ മൂത്തു മൂത്ത് ഇപ്പോള്‍ സാരിയിലൊക്കെ അലുക്കും തൊങ്ങലും തുന്നിപ്പിടിപ്പിക്കുന്നുണ്ട്. അതൊക്കെ ഉടുക്കുമ്പോള്‍  ദേഹത്ത് കുത്തില്ലേ. അതൊക്കെ കഴുകി വെടുപ്പാക്കന്‍ എന്തു പാടായിരിക്കും  എന്നാ ഞാന്‍ ആലോചിക്കുന്നത് ''.

'' എന്നു വിചാരിച്ച് ആരെങ്കിലും അത് വാങ്ങാതിരിക്കുന്നുണ്ടോ. അപ്പപ്പോ ള്‍ എന്താണ് ഫാഷന്‍ എന്നു നോക്കി ആളുകള്‍ അത്തരം സാധനങ്ങള്‍ വാ ങ്ങുന്നു ''.

'' ഒരു കാര്യം ഞാന്‍ പറയാം. പുരോഗതി എന്ന് പറയുന്നത് തുണിടെ കാര്യ ത്തില്‍ ഉണ്ടായതുപോലെ വേറൊന്നിനും കാണില്ല. ഒരുകാലത്ത് കിട്ടാനില്ലാ ത്ത സാധനം ഇന്ന് സുലഭമാണ്.  കൈ നിറയെ കാശുംവെച്ച് ഇറങ്ങിയാല്‍ ഇഷ്ടമനുസരിച്ചുള്ള വസ്ത്രം വാങ്ങാം. തുന്നല്‍കാരനെ അന്വേഷിച്ച് നടക്കണ്ടാ, കാലതാമസം ഇല്ല.  പൊവ്വാ, വാങ്ങ്വാ, മടങ്ങി വര്വാ. എന്തെളുപ്പം. കുറച്ചായിട്ട് മാഷേട്ടന്‍കൂടി റെഡീമെയ്‌ഡ് ഷര്‍ട്ടാണ് വാങ്ങാറ് ''.

'' അതു ശരി. വലിയമ്മയും മകനും കൂടി കാലത്തുതന്നെ നാട്ടുപഞ്ചായ ത്തും പറഞ്ഞോണ്ട് ഇരിക്ക്യാണോ. എന്തോ മാഷേട്ടന്‍ എന്നു പറയുന്നത് കേട്ടല്ലോ ''.

'' ഞാന്‍ സേവയ്ക്ക് മാവ് പിഴിഞ്ഞോണ്ടീക്കുമ്പോള്‍  ഇവന്‍ ഈ പേപ്പറ് കാണീക്കാന്‍ വന്നതാ. പിന്നെ അതായി വര്‍ത്തമാനം. മാഷേട്ടന്‍ റെഡിമെയ്ഡ് ഷര്‍ട്ടാണ് ഇടുന്നത് എന്ന് പറയുകയായിരുന്നു ''.

'' അതാ നല്ലത്. ഇഷ്ടമുള്ളത് എടുത്ത് ഇട്ടു നോക്കി വാങ്ങാം. തുണി വാങ്ങി തുന്നിക്കുമ്പോള്‍ ഇറുക്കം ഉണ്ട്, വലുപ്പം പോരാ എന്നൊക്കെ തോന്നിയാ ല്‍ പെട്ടില്ലേ ''.

'' വിലയാണ് സഹിക്കാത്തത്. ഇന്നാള് ഉണ്ണിക്കുട്ടന്‍ ഒരു ഷര്‍ട്ട് വാങ്ങിയ തിന്ന് ആയിരം ഉറുപ്പികയായി. ഞാന്‍ കുറെ ചീത്ത പറഞ്ഞു. ചെക്കന്‍റെ ഒരു പത്രാസ്. പത്തോ ഇരുന്നൂറോ കൊടുത്ത് ഒന്ന് വാങ്ങിക്ക്വേ വേണ്ടൂ ''.

'' നല്ല ബ്രാന്‍ഡിന്ന് നല്ല വില വരും വലിയമ്മേ ''.

'' ആ പറഞ്ഞത് ശരിയാണ് '' സുമിത്ര ടീച്ചര്‍ പറഞ്ഞു ''  ഇന്നാള് സൈനബ ടീച്ചറുടെ മരുമകന്‍ ചെറിയ കുട്ടിക്ക് ഷര്‍ട്ടും നിക്കറും വാങ്ങിയതിന്‍റെ വില കേട്ടിട്ട് ഞാന്‍  അന്തം വിട്ടു. ഒന്നിന്ന് പത്തുറുപ്പിക വെച്ചിട്ടാ വാങ്ങിയതത്രേ ''.

'' തുന്നല്‍കൂലി അതിലും കൂടുതല്‍ വരില്ലേ. എവിടുന്നാ അയാളത് വാങ്ങിയത് ''.

'' റോഡോരത്ത് വില്‍ക്കുന്നവരില്‍ നിന്നാണെന്നാ പറഞ്ഞത്. എന്നാലെന്താ. കുട്ടി ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കുമ്പോള്‍ മാറ്റാന്‍ അതൊക്കെ പോരേ ''.

'' മാഷേട്ടന്‍ വരാറായില്ലേ ''.

'' കാലത്ത് എണീറ്റതിന്നു ശേഷം വേഗം വരണം എന്നു പറഞ്ഞ് മൂന്നു പ്രാവശ്യം അളിയന്‍ വിളിച്ചു കഴിഞ്ഞു. കുളി കഴിഞ്ഞ് ശ്രസ്സ് മാറ്റുന്നു. ഇപ്പൊ എത്തും ''.

'' എന്നാല്‍ ചട്ടിണിക്ക് അരച്ചുവെച്ചതില്‍ കടുക് വറത്ത് ഇട്. ഞാന്‍ ആ നേരംകൊണ്ട് ചായ ഉണ്ടാക്കട്ടെ ''.

ഇരുവരും ജോലിയിലേക്ക് കടന്നതോടെ ദിലീപ് മേനോന്‍ പത്രവുമായി ഉമ്മറത്തേക്ക് നടന്നു.

Friday, November 21, 2014

അദ്ധ്യായം - 42.

'' മാഷേട്ടന്ന് ഇഷ്ടമില്ലാത്തതോണ്ട് പിരിഞ്ഞു വരുമ്പോള്‍ ഞാന്‍ വീട്ടിലേക്ക് ആരേയും  കൂട്ടിയിട്ട് വരില്ല എന്ന് ഇന്ന് രാവിലെക്കൂടി സുമിത്ര എന്നോട് പറഞ്ഞതാണ്. ഇപ്പോള്‍ വിളിച്ച് പറയുന്നൂ സ്കൂള്‍ബസ്സില്‍ എല്ലാരുംകൂടി വരുന്നുണ്ടെന്ന്   '' വലിയമ്മ പറഞ്ഞു '' കൂടെ വരുന്നവര്‍ക്ക് എന്തെങ്കിലും കൊടുക്കണ്ടേ.  സുമിത്ര ടീച്ചറുടെ വീട്ടില്‍ ചെന്നിട്ട് ഒന്നും കിട്ടിയില്ല എന്ന്  ആരെങ്കിലും പറയണ്ടാ . ബേക്കറീന്ന് വല്ലതും വാങ്ങാന്‍ നിനക്ക് എന്‍റെ കൂടെ വരാന്‍ ആവ്വോ ''.

'' എന്താ ആവാതെ, ഞാന്‍ വെറുതെ ഇരിപ്പല്ലേ '' ദിലീപ് മേനോന്‍ ഒരുങ്ങി.

'' ഒരു കാര്യം മുന്‍കൂട്ടി പറയാം. വീട്ടിലേക്ക് ആരെങ്കിലും വരുന്ന നേരം നോക്കി  മുറിയില്‍ കയറി വാതിലടച്ച് ഇരിക്കുന്ന നിന്‍റെ സ്വഭാവം ഇന്ന് കാണിക്കരുത്. സുമിത്രയുടെ കൂടെ വരുന്ന ടീച്ചര്‍മാരെ ഞങ്ങള് രണ്ടാളും കൂടി അകത്ത് വിളിച്ചിരുത്തി സംസാരിച്ചോളാം.  ആണുങ്ങളെ ഉമ്മറത്ത് നീ വേണം സ്വീകരിച്ചിരുത്താന്‍ ''.

''  അതിനിപ്പോള്‍ ഞാന്‍ അന്നത്തെപ്പോലെ കുട്ടിയൊന്നുമല്ലോ. ആ കാര്യം ഞാനേറ്റു ''.

'' ബസ്സിലാവുമ്പോള്‍ പത്തു മുപ്പത് ആളെങ്കിലും ഉണ്ടാവും. അതനുസരിച്ച് വേണ്ടതൊക്കെ നമ്മള് ഒരുക്കി വെക്കണം ''.

''  എന്തൊക്കേയാ വേണ്ടത് എന്ന് പറയൂ ''.

''  ഇവിടെ  ഹലുവ ഇരിപ്പുണ്ട്.  വേണച്ചാല്‍ ഒരു മധുരം കൂടി ആവാം . ഒന്നുകില്‍ സ്വീറ്റ്. അല്ലെങ്കില്‍  കേയ്ക്ക്. പിന്നെ അച്ചപ്പവും ബിസ്ക്കറ്റും അപ്പം ഞാന്‍ ഉണ്ടാക്കുന്നുണ്ട്.  മധുരത്തിന്ന് അതൊക്കെ ധാരാളം മതി ''.  

'' പിന്നെ ''.

'' എരുവിന്ന് പരിപ്പുവട ചുടാമെന്ന് വെച്ചിട്ടുണ്ട്.  മിക്സ്ച്ചറും മുറുക്കും ചിപ്സും  വാങ്ങാം. നേന്ത്രപ്പഴം  നുറുക്ക് കൂടിയായാല്‍ ധാരാളമായി  ''. വലിയമ്മയ്ക്ക് എല്ലാ കാര്യത്തിലും വ്യക്തമായ ധാരണയുണ്ട്.

അവരുടെ കണക്കുകൂട്ടല്‍ ശരിയായിരുന്നു. മൂന്നുമണി കഴിഞ്ഞതേയുള്ളൂ യാത്രയയപ്പുസംഘം വീട്ടിലെത്തി. സ്കൂള്‍ബസ്സിലും  ഒരുകാറിലുമായാണ്  അവരെത്തിയത്. കാറില്‍ നിന്ന് ചെറിയമ്മയും വേറൊരു സ്ത്രീയും ഒരു പുരുഷനും  ഇറങ്ങി. ബസ്സില്‍ നിന്ന് ബാക്കിയുള്ളവരും. ആകെ മുപ്പത്തി മൂന്നുപേര്‍.

'' കൂടെയുള്ളത് മാനേജറും ഹെഡ്മിസ്ട്രസ്സും ആണ്. അയാളുടെ കാറാണ് അത് '' വലിയമ്മ പറഞ്ഞു. ആഗതരെ എതിരേല്‍ക്കാന്‍ വലിയമ്മയുടെ കൂടെ ഇറങ്ങി.

'' സുശീലയുടെ മകനാണ് ഇത് . ലീവില്‍ വന്നിട്ട് ഒരു മാസമായി '' വലിയമ്മ പരിചയപ്പെടുത്തിയപ്പോള്‍ കൈകൂപ്പി.

'' യാത്രയയപ്പ് പോലുള്ള ചടങ്ങുകളിലൊന്നും  ഞാന്‍  പങ്കെടുക്കാറില്ല. പാര്‍ട്ടി  കാര്യങ്ങള്‍ നോക്കാനേ സമയം പോരാ. അതിനുപുറമേയാണ് പഞ്ചായത്ത്  പരിപാടികളും സഹകരണബാങ്ക് പ്രസിഡണ്ട് സ്ഥാനവും  '' മാനേജര്‍ പറഞ്ഞു '' സുമിത്രടീച്ചറുടെ കാര്യത്തില്‍ അതു പറഞ്ഞിരിക്കാന്‍ പറ്റില്ലല്ലോ. മാധവന്‍ മാഷ് പാര്‍ട്ടിടെ അനുഭാവിയല്ലേ ''.

''  ജോലിയില്‍ നിന്ന് പിരിഞ്ഞുപോരുന്ന എന്‍റെ ചെറിയമ്മയെ എല്ലാവിധ തിരക്കുകളും മാറ്റിവെച്ച്  വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതിന്ന് ഒരുപാട് നന്ദിയുണ്ട് '' ദിലീപ് മേനോന്‍ അദ്ദേഹത്തിന്‍റെ കയ്യില്‍ പിടിച്ചു.

ഒരു മണിക്കൂറിലേറെ സ്കൂള്‍ കാര്യങ്ങളും വീട്ടുവിശേഷങ്ങളും നാട്ടു വര്‍ത്തമാനവും  സംസാരിച്ചിരുന്ന് ചായകുടിയും കഴിഞ്ഞ ശേഷമാണ് അതിഥികള്‍ തിരിച്ചുപോയത്.  വീടും പറമ്പും കാണാനിറങ്ങിയ ചിലര്‍ ഉപ്പിലിടാന്‍ പറ്റിയ കണ്ണിമാങ്ങയും കര്‍ക്കിടക പ്ലാവിലെ ഇടിച്ചക്കയും വലിയമ്മയോട് ചോദിച്ചുവാങ്ങി.

'' അങ്ങിനെ ആ ചടങ്ങും കഴിഞ്ഞു '' എല്ലാവരും പോയപ്പോള്‍ ചെറിയമ്മ ​പറഞ്ഞു '' ഇനി മുതല്‍ ഈ വീടന്നെ ലോകം ''.

'' അല്ലെങ്കിലും അത് അങ്ങിനെത്തന്നെ. ജോലിയില്‍ നിന്ന് പിരിഞ്ഞാല്‍ ആണുങ്ങള് എന്തെങ്കിലും പൊതുകാര്യത്തിന്ന് ഇറങ്ങും. പെണ്ണുങ്ങള് വെപ്പുംതീനുമായി വീട്ടില് ഒതുങ്ങിക്കൂടും '' വലിയമ്മ പറഞ്ഞു '' അതു പോട്ടെ, ഞങ്ങള് ഒരുക്കിയതൊക്കെ പോരേ ''.

'' ധാരാളം. ഇത്രയൊന്നും ഞാന്‍ കരുതിയില്ല ''.

'' സുശീലയ്ക്ക് ഒന്നും വേണ്ടിവന്നില്ല. ഞാന്‍ പിരിഞ്ഞു വരുമ്പോള്‍ കൂടെ വന്നോര്‍ക്ക് മുറുക്കും അമ്പലത്തില്‍ വഴിപാടാക്കിയ കൂട്ടുപായസവും ആണ് കൊടുത്തത്. ഇതെങ്കിലും ഇത്തിരി കേമമായിക്കോട്ടേ എന്ന് കരുതി. എനിക്കതല്ല സുമിത്രേ സന്തോഷം. നമ്മുടെ ദീപു ഗൃഹനാഥന്‍റെ സ്ഥാനത്തു നിന്ന് വേണ്ടതൊക്കെ ചെയ്തു. ആദ്യമായിട്ടാണ് അവന്‍ ഒരു കാര്യത്തിന്ന് മുമ്പില്‍ നില്‍ക്കുന്നത് ''.

'' എനിക്കും സന്തോഷമായി. ആ മാനേജര്‍ പറഞ്ഞതു കേട്ടില്ലേ. എന്തൊക്കെ തിരക്കുകള്‍ മാറ്റിവെച്ചിട്ടാണ് അയാള്‍ ഇങ്ങോട്ട് വന്നത് '' ദിലീപ് മേനോന്‍ പറഞ്ഞു .

'' നീ അത് വിശ്വസിച്ചോ. അതൊക്കെ വെറും ചപ്പടാച്ചിയല്ലേ. അയാള് എല്ലാ ദിക്കിലും ചെല്ലും. ഇതുപോലെ പറയും ചെയ്യും ''.

'' ഈ ഒഴിവുകാലം എനിക്ക് മറക്കാന്‍ പറ്റില്ല. എന്തെല്ലാം അനുഭവങ്ങള്‍. ഒക്കെ സ്വപ്നംപോലെ തോന്നുന്നു '' ദിലീപ് മേനോന്‍ ഉറക്കെ ആത്മഗതം ചെയ്തു .


ഇരുട്ട് പടര്‍ന്നു തുടങ്ങി. ക്ലാസ്സ് വിട്ടതും ഉണ്ണിക്കുട്ടന്‍ പോയിട്ടുണ്ടാവും. അമ്മയെ കാണാന്‍  പോവുന്ന കാര്യം രാവിലെ അവന്‍ പറഞ്ഞിരുന്നു.  ഇളയച്ഛന്‍  ഇനിയും എത്തിയിട്ടില്ല. കാലത്തേ പപ്പനമ്മാമനോടൊപ്പം പോയതാണ്. കുഞ്ഞുണ്ണിമാമയെ മെഡിക്കല്‍ ടെസ്റ്റുകള്‍ക്ക് കൂട്ടിയിട്ടു പോയിട്ടുണ്ടാവും. പല തവണ മൊബൈലില്‍ വിളച്ചിട്ടും ഇളയച്ഛന്‍ എടുത്തില്ല എന്ന് ചെറിയമ്മ പറയുന്നത് കേട്ടു.

എട്ടരയോടെ ഒരു ഓട്ടോറിക്ഷയിലാണ് ഇളയച്ഛന്‍ എത്തിയത്.

'' എന്താ മൊബൈല് സ്വിച്ചോഫ് ചെയ്തു വെച്ചത്. ആറേഴു പ്രാവശ്യം  ഞാന്‍ വിളിച്ചിരുന്നു ''. ചെറിയമ്മ പറഞ്ഞു

''രണ്ടുമൂന്ന് ദിവസമായി അത് പണിമുടക്കിലാണ്. എന്തോ തകരാറുണ്ട്. മാറ്റാറായി എന്ന് തോന്നുന്നു ''.

'' ആസ്പതിയില്‍ ആയതോണ്ട് ഓഫ് ചെയ്തതാവും എന്നാ ഞാന്‍ ഒടുക്കം കരുതിയത് ''.

'' അതിനാരാ ആസ്പത്രിയില്‍ പോയത് ''.

'' പിന്നെ ഇത്ര നേരം എവിടെയായിരുന്നു ''.

''ഒക്കെ ഞാന്‍ വിസ്തരിച്ച് പറയാം. ആദ്യം ഈ ഡ്രസ്സ് മാറ്റിയിട്ട് വരട്ടെ '' അദ്ദേഹം  പത്തായപ്പുരയിലേക്ക് നടന്നു.

വെള്ളനിറത്തില്‍ വരകളുള്ള ലുങ്കിയും കയ്യില്ലാത്ത ബനിയനും ധരിച്ച് അദ്ദേഹം വൈകാതെ തിരിച്ചെത്തി.

'' ഇനി പറയൂ, എന്തേ ഉണ്ടായത് '' ചെറിയമ്മ ചോദിച്ചു.

'' ഈ വയസ്സിനിടെ എതയോപേരെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ എന്‍റെ അളിയനെപ്പോലെ ഒരാളെ കണ്ടിട്ടില്ല, ഇനി കാണുന്നും തോന്നുന്നില്ല ''.

'' എന്താ, ഇന്നും കുഞ്ഞുണ്ണിയേട്ടന്‍ ഏടത്തിയമ്മയോടും മക്കളോടും ലഹള കൂടിയോ ''.

'' അതൊന്നൂല്യാ. പക്ഷെ ചികിത്സയുടെ കാര്യം ആലോചിക്കുന്നതിന്നുമുമ്പ് ഭാഗം നടത്തണം എന്ന് പുള്ളിക്ക് ഒരേ വാശി ''.

'' എന്നിട്ട് ''.

'' ആ കുട്ടികള്‍ക്ക് അങ്ങിനെയൊന്നൂല്യാ. മകന്‍ ഒരക്ഷരംമിണ്ടാതെ എല്ലാം കേട്ടുംകൊണ്ട് മിണ്ടാതിരുന്നു.  അച്ഛന്‍ ഓഹരി തന്നാലും തന്നില്ലെങ്കിലും ഞങ്ങള്‍ക്ക് വിരോധമില്ല എന്ന് മകളുടെ ഭര്‍ത്താവ് പറയുകയുംചെയ്തു.  ''.

'' പിന്നെന്താ പ്രശ്നം ''.

'' എങ്കില്‍ ഉടനെ ഒസ്യത്ത് എഴുതണം എന്നായി തന്‍റെ ഏട്ടന്‍  ''.

'' എന്നിട്ട് ''.

'' വക്കീലിനെ കണ്ട് സംസാരിക്കാന്‍ ചെന്നു. അയാള്‍ക്ക് കോടതിയിലേക്ക് പോവാനുള്ള സമയത്താണ് എത്തുന്നത്. വൈകുന്നേരം വരാന്‍ പറഞ്ഞു. അവിടെ ചെന്ന് സംസാരിച്ച് എല്ലാം ശരിയാക്കിയിട്ട് വരുന്ന വഴിയാണ് ''.

'' നല്ല കഥ ''.

'' അതിലും വലിയ കഥയാണ് ഇനിയുള്ളത് ''.

'' അതെന്താ ''.

'' മൂപ്പര്‍ക്ക് മൂത്ത അളിയന്‍ കുറെ പണം സഹായിച്ചിട്ടുണ്ടത്രേ. ആ സംഖ്യ മടക്കി കൊടുക്കും മുമ്പ് അയാള് മരിച്ചു. പണം മടക്കി കൊടുക്കാനായില്ല. അതു കൊടുത്ത് ഭൂമി വാങ്ങി. ഇപ്പോള്‍ ആ സ്ഥലം രാജിക്ക് കൊടുക്കണം.  പ്രമാണം റജിസ്റ്ററാക്കിയിട്ടേ ചികിത്സയ്ക്ക് ചെല്ലൂ എന്ന് ഒരേ നിര്‍ബന്ധം. ആധാരം എഴുത്തുകാരനെ കണ്ട് നാളെയ്ക്ക് തന്നെ റജിസ്റ്റര്‍ ചെയ്യാനുള്ള ഏര്‍പ്പാട് ചെയ്തു ''.

'' ഭാര്യയും മക്കളും എതിരൊന്നും പറഞ്ഞില്ലേ ''.

'' ഭാര്യക്ക് ചെറിയൊരു ഇഷ്ടക്കേട് ഉള്ളതുപോലെ തോന്നി. അളിയനോട് കടം വാങ്ങിയിട്ടുണ്ടെങ്കില്‍ ആ പണം  മടക്കിക്കൊടുത്താല്‍ പോരേ എന്ന് ചോദിച്ചു ''.

'' എന്നിട്ട് ''

'' പപ്പനമ്മാമന്‍ ഉണ്ടായിരുന്നത് നന്നായി. ഇത്രയും കാലത്തെ പലിശ കൂട്ടി നോക്കാന്‍ അദ്ദേഹം പറഞ്ഞു.  കണക്കാക്കി നോക്കുമ്പോള്‍ സ്ഥലം മാത്രം കൊടുത്താല്‍ മതിയാവില്ല, വലിയൊരു സംഖ്യയും കൊടുക്കേണ്ടി വരും. അതിനും  പുറമെയാണ് ഇതകാലം  ഭൂമിയില്‍ നിന്ന് കിട്ടിയ ആദായം ''. 

'' അതൊന്നും ഉണ്ടായിട്ടല്ലല്ലോ എന്‍റെ മകള്‍ ഇതുവരെ ജീവിച്ചത്. അയമ്മടെ മനസ്താപം നേടിയിട്ട് അവള്‍ക്ക് ഒന്നും വേണ്ടാ ''.

'' അധിക കാലം ഇനിയില്ല എന്ന തോന്നല്‍ അളിയന്‍റെ ഉള്ളിലുണ്ടോ എന്ന് എനിക്ക് തോന്നുന്നു. ചിലപ്പോള്‍  കുറ്റബോധവും ഉണ്ടാവും. ഏതായാലും അര്‍ഹതയില്ലാത്ത ഒന്നുമല്ല രാജിക്ക് കിട്ടുന്നത് . സ്ഥലം കിട്ടി എന്നുവെച്ച് ദൈവകോപമോ മനസ്താപമോ ഒന്നും അവള്‍ക്ക് ഉണ്ടാവില്ല. ''.

'' ഒടുക്കം എന്തു തീരുമാനിച്ചു ''.

'' നാളെ മറ്റന്നാളായിട്ട് നേരത്തെ പറഞ്ഞതൊക്കെ തീര്‍ത്തിട്ട് ഞായറാഴ്ച എല്ലാവരുംകൂടി മരുമകന്‍റെ വീട്ടിലേക്ക് പോവുന്നു. ഇനി ചികിത്സയും ടെസ്റ്റുകളും അവിടെയാവാമെന്ന് നിശ്ചയിച്ചു ''.

'' അപ്പോള്‍ ഇംഗ്ലണ്ടില്‍ നിന്നുവന്ന ഡോക്ടറെ കാണീക്കേണ്ടേ ''.

'' അവര്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍ നമുക്കെന്താ ''.

'' നേരം എത്രയായി എന്നറിയ്യോ. ആഹാരം കഴിച്ചിട്ട് കിടക്കാന്‍ നോക്കാം '' വലിയമ്മ സംഭാഷണത്തിന്ന് തിരശീലയിട്ടു.

Wednesday, October 29, 2014

അദ്ധ്യായം - 41.


'' സുമിത്രേ, നീയും ഇവരുടെകൂടെ ഇരുന്നോ. അമ്പലത്തില്‍ തൊഴുതിട്ടേ സ്കൂളില്‍ പോണുള്ളൂ എന്നല്ലേ പറഞ്ഞത്. നേരം വൈകണ്ടാ '' തന്‍റെ പുറകിലായി നിന്ന അനിയത്തിയോട് വലിയമ്മ പറഞ്ഞു.

ഇളയച്ഛന്‍ ഇരുന്ന കസേലയ്ക്ക് തൊട്ടടുത്തതില്‍ ചെറിയമ്മ ഇരുന്നു. മേശപ്പുറത്തുവെച്ച കാസറോളില്‍ നിന്ന് അവര്‍ ഇഡ്ഢലിയെടുത്ത് പ്ലെയിറ്റുകളില്‍ വിളമ്പി, അതിനു മുകളിലായി ഉള്ളിസ്സാമ്പാറും.

'' ഇതെന്താ ഇങ്ങിനെയിരിക്കുന്ന് '' ഇഡ്ഢലിയില്‍ കൈ വെച്ചതും  ഇളയച്ഛന്‍ ചോദിച്ചു.

ദിലീപ് മേനോന്‍ പലഹാരത്തില്‍ തൊട്ടുനോക്കി. പശപോലെ ഒട്ടുന്നുണ്ട്.

'' ഒട്ടലുണ്ട് അല്ലേ? എനിക്ക് നേരത്തെതന്നെ സംശയം തോന്നിയതാണ്. കാറ്റുകൊണ്ട് വെടിച്ചാല്‍ ശരിയാവുമെന്ന് കരുതി പാത്രം അടയ്ക്കാതെ വെച്ചുനോക്കി. എന്നിട്ടും പറ്റീലാ. ഇത് അരിയുടെ കുഴപ്പം തന്നെയാണ് '' വലിയമ്മ വിശദീകരിച്ചു.

'' ഇന്നലെവരെ തകരാറൊന്നും കണ്ടില്ലല്ലോ ''.

'' ആ അരി തീര്‍ന്നു. ഇത് ഇന്നലെ ഉണ്ണിക്കുട്ടന്‍ ഇവിടുത്തെ കടയില്‍  നിന്ന് വാങ്ങിയതാ. ഇഡ്ഢലി ഉണ്ടാക്കാന്‍ പറ്റുന്ന അരി ചോദിച്ചു വാങ്ങണം എന്ന് ഞാന്‍ ചെക്കനോട് പ്രത്യേകം  പറഞ്ഞതാണ്. ആ ഊമ അത് മിണ്ടിയിട്ടുണ്ടാവില്ല ''.

'' എല്ലാ അരിയും ഇഡ്ഢലിക്ക് പറ്റില്ലേ വലിയമ്മേ ''.

'' ഇല്ല. ജയ, ജ്യോതി തുടങ്ങിയ ചിലതിന്‍റെ അരി ശരിയാവില്ല. അര വേവിട്ട് പുഴുങ്ങിയാല്‍  ചിലപ്പോള്‍ ശരിയാവും. മില്ലുകാര് അതൊന്നും നോക്കീട്ടല്ലല്ലേ അരി ഉണ്ടാക്കി  വില്‍ക്കുന്നത് ''.

'' ഉണ്ണിക്കുട്ടന്‍ കഴിച്ചിട്ട് ഒന്നും പറഞ്ഞില്ലേ '' പപ്പനമ്മാമന്‍ ചോദിച്ചു.

'' ഒരു മാസമായിട്ട് അവന്‍ വെള്ളച്ചോറ് തയിരുകൂട്ടി ഉണ്ടിട്ട് പോവും. വേനല്‍ചൂടില്‍ ദേഹം  കേടുവരാതെ നോക്കലാണ്. എല്ലാവരും കുറച്ചു നേരം ഇരിക്കാച്ചാല്‍ ഞാന്‍ ഉപ്പുമാവ്  ഉണ്ടാക്കിത്തരാം. വറുത്ത റവ ഇരിപ്പുണ്ട് ''.

'' ഒന്നും വേണ്ടാ സുഭദ്രേ. ഒരു നേരം ഇങ്ങിനത്തെ തകരാറൊക്കെ ഉണ്ടാവും. അത് കാര്യമാക്കാനില്ല '' പപ്പനമ്മാമന്‍ പറഞ്ഞു '' വല്ലതും കഴിച്ചിട്ട് വേഗം ചെല്ലണം. കുഞ്ഞുണ്ണിടെ  മകളും എത്തിയിട്ടുണ്ടാവും. എന്താ വേണ്ടത് എന്ന് എല്ലാവരോടും കൂടി ആലോചിച്ച് പറ്റിയാല്‍ ഇന്നന്നെ എവിടേക്കെങ്കിലും കൊണ്ടുപോണം ''.

'' എനിക്ക് അയാളുടെ സ്വഭാവം തീരെ പറ്റില്ല. ഓരോരിക്കല്‍ ഓരോരോ പ്രകൃതമാണ് ''.ഇളയച്ഛന്‍ പറഞ്ഞു '' ഇങ്ങിനത്തെ അവസരത്തില്‍ അത് വിചാരിച്ചിരിക്കാന്‍ പാടില്ലല്ലോ എന്നുകരുതി ക്ഷമിക്കുന്നതാണ് ''.

'' അതേതായാലും നന്നായി. ലോകത്ത് കാണുന്ന ഏറ്റവും വിചിത്രമായ പ്രതിഭാസം  എന്താന്നാ  മാധവന്‍റെ ധാരണ ''.

'' ശരിക്ക് ഒരു ഉത്തരം  പറയാന്‍ പറ്റില്ല. ചിലര്‍ക്ക് സാധാരമാണെന്ന് തോന്നുന്നത് വേറെ ചിലര്‍ക്ക് വിചിത്രമായി തോന്നാം ''.

'' എന്നാലേ അങ്ങിനെ ഒന്നുണ്ട്. മനുഷ്യന്‍റെ ചില സമയത്തെ പെരുമാറ്റം പോലെ വിചിത്രമായി മറ്റൊന്നില്ല ''.

'' എനിക്ക് മനസ്സിലായില്ല ''.

'' കുഞ്ഞുണ്ണിയുടെ കാര്യംതന്നെ എടുക്കാം. അയാള്‍ക്ക് ഓരോരിക്കല്‍ ഓരോരോ  പ്രകൃതമാണെന്ന് ഇപ്പോള്‍ മാധവന്‍ പറഞ്ഞതല്ലേയുള്ളൂ. അതാണ് മനുഷ്യന്‍റെ പെരുമാറ്റം  വിചിത്രമാണെന്ന് പറഞ്ഞത് ''.

'' അങ്ങിനെ നോക്കുമ്പോള്‍ ശരിയാണ് ''.

'' എല്ലാം എനിക്ക് വേണം എന്ന ദുര്‍മോഹം ഉള്ളതോണ്ട് ഒരുവിധം എല്ലാവരേയും  വെറുപ്പിച്ചു. എനിക്കേ അറിയൂ മറ്റുള്ളവര്‍ മണ്ടന്മാര്‍  എന്ന തോന്നല്‍ അയാളെ ഒരു  ധിക്കാരിയാക്കി. സ്വന്തം  മനസ്സിലുള്ളത് ആരോടും പറയാതെ ഒറ്റയാന്‍ മനോഭാവം  പുലര്‍ത്തിയതു കാരണം ഭാര്യയ്ക്കും മക്കള്‍ക്കും കൂടി അയാളെ മനസ്സിലാക്കിയില്ല ''.

'' അതാണല്ലോ അയാളുടെ ജീവിതം ഇങ്ങിനെ പരാജയപ്പെട്ടത് ''.

'' നമ്മള്‍ സംസാരിച്ചുകൊണ്ടിരുന്ന വിഷയവും വേറൊരു വിചിത്രമായ പെരുമാറ്റത്തെക്കുറിച്ചാണ് ''.

'' എനിക്കും ആ അഭിപ്രായം ഇല്ലാതില്ല ''.

'' ശേയ്. അതിപ്പോള്‍ പറയണ്ടാ '' ചെറിയമ്മ കണ്ണിറുക്കിക്കാണിക്കുന്നത് കണ്ടു.

അതോടെ സംഭാഷണം നിലച്ചു. വേഗം ഭക്ഷണം കഴിച്ച് മൂന്നുപേരും ഇറങ്ങാന്‍  ഒരുങ്ങി.

'' ഞാനുംകൂടി വരാം '' ദിലീപ് മേനോന്‍ പറഞ്ഞു.

'' വേണ്ടാ. അവിടെ എന്തൊക്കെ ഗുസ്തിയാ ഉണ്ടാവുക എന്നറിയില്ല '' ഇളയച്ഛന്‍ മറുത്തു പറഞ്ഞതോടെ ആ പരിപാടി ഉപേക്ഷിച്ചു.

അകത്തേക്ക് ചെല്ലുമ്പോള്‍ വലിയമ്മ ഭക്ഷണം കഴിച്ച് കൈ കഴുകാന്‍  എഴുന്നേറ്റിരിക്കുന്നു. വലിയമ്മ അങ്ങിനെയാണ്. എത്ര പെട്ടെന്നാണ് അവര്‍ ഭക്ഷണം കഴിച്ചു തീര്‍ക്കാറ്.

'' എന്താ വലിയമ്മേ ഇപ്പോള്‍ പറയണ്ടാ എന്ന് ചെറിയമ്മ പറഞ്ഞത് '' ജിജ്ഞാസ ചോദ്യരൂപത്തില്‍ പുറത്തുചാടി.

'' എന്തായി ആങ്ങളയും പെങ്ങളും തമ്മിലുള്ള ഉപ്പേരിപ്പിണക്കം '' മറു ചോദ്യമാണ് വലിയമ്മയില്‍ നിന്ന് ഉയര്‍ന്നത്.

അപ്പോള്‍ എല്ലാവരും കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നു. അനിതയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വലിയമ്മയ്ക്ക് കൈമാറി.

'' ഇങ്ങിനെ ആവുമെന്ന് കരുതിയില്ല, വലിയമ്മേ '' ദിലീപ് മേനോന്‍ തല കുനിച്ചു '' നാട്ടില്‍ വരണം, ജാഫറിനോടൊപ്പം ചുറ്റിക്കറങ്ങണം.  കുറെ  വേലയും പൂരവും കാണണം. ഇതൊക്കേയേ മോഹിച്ചുള്ളൂ. അതാണ് അനിതയേയും കുട്ടിയേയും കൂട്ടാതെ ഒറ്റയ്ക്ക് പോന്നത്. മുംബെയില്‍ ഇറങ്ങിയാല്‍ അമ്മ അവിടെ നില്‍ക്കാന്‍ പറയും. അതുകൊണ്ട് നേരെ ഇങ്ങോട്ട് പോന്നൂ ''.

'' അതാ അവര് പറഞ്ഞോണ്ടിരുന്നത്. പഠിച്ചു മിടുക്കരായി, വലിയ ഉദ്യോഗം നേടി, നല്ല ചുറ്റുപാടായി. ധാരാളം സമ്പാദിക്കുന്നുണ്ട്. എന്ത് ഉണ്ടായിട്ടെന്താ ആങ്ങളയ്ക്കും പെങ്ങള്‍ക്കും പ്രായത്തിന്ന് അനുസരിച്ച പക്വത മാത്രം ആയില്ല എന്ന് പറയുകയായിരുന്നു. അല്ലെങ്കില്‍ അന്യ നാട്ടില്‍ ഭാര്യയേയും കുട്ടിയേയും തനിച്ചാക്കി ആരെങ്കിലും വേലയും പൂരവും  കാണാന്‍ ഓടി പോര്വോ ''.

ഒന്നും പറയാനില്ല. സത്യമല്ലേ ഇതെല്ലാം. ദിലീപ് മേനോന്‍റെ മുഖത്ത് നിഴലിച്ച വിഷാദം സുഭദ്ര ടീച്ചര്‍ ശ്രദ്ധിച്ചു. അവര്‍ മെല്ലെ അയാളുടെ അടുത്തേക്ക് ചെന്ന് തോളില്‍ കൈ വെച്ചു, പിന്നെ മുടിയിഴകളിലൂടെ വിരലോടിച്ചു തുടങ്ങി. പെട്ടെന്നയാള്‍ വലിയമ്മയുടെ സാന്ത്വനത്തില്‍  ആശ്വാസംകൊള്ളാറുള്ള സ്കൂള്‍കുട്ടിയായി.

'' നിനക്ക് ഒര്‍മ്മവെച്ച കാലം മുതല്‍ക്ക് ഇതന്നെ അവസ്ഥ. രണ്ടിനും തമ്മില്‍ത്തല്ലാന്‍ കാരണമൊന്നും വേണ്ടാ. ഒടുക്കം അമ്മയുടെ കയ്യില്‍ നിന്ന് എന്തെങ്കിലും കിട്ടിയാല്‍ കരഞ്ഞുംകൊണ്ട് നീ എന്‍റടുത്ത് വരും ''

'' അന്നും അവളാണ് പ്രശ്നം ഉണ്ടാക്കാറ് ''.

'' ആയിരിക്കും. സ്കൂള്‍പൂട്ടിയാല്‍ അമ്മ അച്ഛന്‍റെ അടുത്തേക്ക് പോവും. രണ്ടാളേയും കൂടെ കൂട്ടാന്‍ മോഹമില്ലാഞ്ഞിട്ടല്ല, അമ്മ അവളെ മാത്രം കൊണ്ടുപോവ്വാറ്. അവിടെ ചെന്ന് രണ്ടുംകൂടി അടിപിടി കൂടിയാല്‍ അച്ഛന്‍റെ കയ്യില്‍ നിന്ന് ചുടുക്കനെ കിട്ടും. അതൊഴിവാക്കാനാണ് നിന്നെ ഇവിടെ നിര്‍ത്തി പോയിരുന്നത് ''.

''  അച്ഛനും അമ്മയ്ക്കും അന്നും എന്നെക്കാള്‍ ഇഷ്ടം അവളോടായിരുന്നു ''.

'' അത് വെറുതെ തോന്നുന്നതാണ്. നിന്‍റെ പാലുകുടി മാറും മുമ്പ് അവളെ പ്രസവിച്ചു. പിന്നെ ഞാനാ നിന്നെ നോക്കിയത്. അതോണ്ട് നിനക്ക് അമ്മ വേണം എന്ന നിര്‍ബ്ബന്ധം ഉണ്ടായിരുന്നില്ല. അവള്‍ക്ക് അമ്മയെ പിരിഞ്ഞ് ഇരിക്കാനും പറ്റില്ല. പിന്നെ എന്താ ചെയ്യാ. നിന്നെ എന്നെ ഏല്‍പ്പിച്ച് വണ്ടി കയറുമ്പോള്‍ സുശീലടെ കണ്ണില്‍നിന്ന് പുഴപോലെ വെള്ളം ഒഴുകാറുള്ളത് ഞാന്‍ മറന്നിട്ടില്ല ''.

'' ഇനിയെന്താ വേണ്ടത് ''.

'' നീയൊന്നും ചെയ്യേണ്ടാ. കാര്യങ്ങളുടെപോക്ക് ഇന്നലെ സുശീല എന്നെ വിളിച്ച് പറഞ്ഞപ്പോഴേ ഞാന്‍ മാഷേട്ടനേയും സുമിത്രയേയും അറിയിച്ചു. മാഷേട്ടന്‍ മുകുന്ദേട്ടനോട് സംഭവം പറഞ്ഞു. മൂപ്പര്  പട്ടാളക്കാരന്‍റെ തനി സ്വരൂപം കണിച്ചിട്ടുണ്ടാവും. ഈറ്റുപ്പുലിപോലെ നിന്ന നിന്‍റെ പെങ്ങള് പൂച്ചയുടെ മുമ്പില്‍പ്പെട്ട എലിയെപ്പോലെയായി. ഇപ്പോള്‍ പോരാനുള്ള അടുക്കലും ഒതുക്കലും ആവും ''.

'' എപ്പോഴാ എത്തുക ''.

'' പ്ലെയിനിലാ വരുന്നത് എന്നേ എന്നോട് പറഞ്ഞിട്ടുള്ളൂ. ബാക്കിയൊക്കെ മാഷേട്ടനെ അറിയൂ ''.

'' അനിതയെ വിളിച്ച് ചോദിക്കട്ടെ ''.

'' അവളുടെ അടുത്ത് ചോദിച്ചിട്ടാണോ നിന്‍റെ അച്ഛന്‍ കാര്യങ്ങളൊക്കെ നിശ്ചയിക്കാറുള്ളത്. വെറുതെ ആ കുട്ടിയെ ബുദ്ധിമുട്ടിക്കണ്ടാ. കുറച്ചു കഴിഞ്ഞാല്‍ സുശീല വിളിക്കും. അതുവരെ നീ പോയി ടി.വി. കണ്ടോ ''.

എപ്പോഴോ വരട്ടെ, പ്രശ്നങ്ങള്‍ തീര്‍ന്നുവല്ലോ. ആ സന്തോഷത്തോടെ അയാള്‍ എഴുന്നേറ്റു.

Wednesday, October 15, 2014

അദ്ധ്യായം - 40.

പല്ലുതേപ്പ് കഴിഞ്ഞതും ദിലീപ്മേനോന്‍ തോര്‍ത്തുമെടുത്ത് അമ്പലക്കുളത്തിലേക്ക് നടന്നു. കുളി കഴിഞ്ഞ് ക്ഷേത്രത്തില്‍  കയറി തൊഴുതു പ്രാര്‍ത്ഥിക്കണം. ഇന്നലെ അനിത പറഞ്ഞ മട്ടിലൊന്നും സംഭവിക്കാതെ ഭഗവാന്‍ കാത്തുകൊള്ളട്ടെ. ഭാഗ്യത്തിന്ന് പുറത്ത്  വലിയമ്മയെ കാണാനില്ല. അല്ലെങ്കില്‍ വെള്ളം മാറി കുളിച്ച് അസുഖം വരുത്തേണ്ടാ എന്നു പറഞ്ഞ്  വിലക്കിയേനേ.

ഉദിക്കുമ്പോഴേക്കും തന്നെ വെയിലിന്ന് എന്തൊരു ചൂടാണ്. കുളത്തിലെ വെള്ളം വറ്റിതുടങ്ങിയിരിക്കുന്നു. ഉള്ള വെള്ളത്തിന്നുമീതെ പച്ചനിറത്തിലുള്ള പാടയുടെ ആവരണമുണ്ട്. താഴത്തേക്ക് ഇറങ്ങുംതോറും പടവുകള്‍ നല്ലപോലെ വഴുക്കുന്നു. നില്‍ക്കുന്ന പടവില്‍ ഇരുന്ന് കയ്യൂന്നി വെള്ളത്തിലേക്ക് ഇറങ്ങി മുകള്‍പ്പരപ്പിലെ പാട കൈകൊണ്ട് നീക്കീ. മുങ്ങി പൊങ്ങിയപ്പോള്‍ ഉന്മേഷം തോന്നി. സോപ്പ് എടുക്കാതെയാണ് പോന്നത് എന്ന ഓര്‍മ്മ അപ്പോഴാണ് വന്നത്. തലയും മേലും തുടച്ച് അമ്പലത്തിലേക്ക് നടന്നു.

മേല്‍ശാന്തി കൃഷ്ണന്‍നമ്പൂതിരി നല്ലതുപോലെ തടിച്ചിരിക്കുന്നു. കുടവയറിന്ന് മീതെ പൂണൂല്‍ ഒട്ടികിടപ്പുണ്ട്. കറുപ്പും വെളുപ്പും കലര്‍ന്ന മുടി കുറെ കൊഴിഞ്ഞിരിക്കുന്നു.

'' എന്താ ഇഷ്ടാ താന്‍ ഇങ്ങോട്ട് വരാത്തത് എന്ന് വിചാരിച്ച് ഇരിക്ക്യായിരുന്നു '' അദ്ദേഹം ചിരിച്ചു '' വന്ന കാര്യം സുഭദ്രാമ്മ പറഞ്ഞിരുന്നു. മാസം ഒന്നായില്ലേ വന്നിട്ട് ''.

'' ഉവ്വ്. ഓരോരോ തിരക്കുകള്‍ കാരണം വരാനായില്ല ''.

'' ഭൂമിയുടെ ഏതു തലയ്ക്കല്‍ പോയിരുന്നാലും മനുഷ്യന്‍ നാട്ടിലെ ദൈവത്തിനെ മറക്കാന്‍ പാടില്ല. മറന്നാല്‍ കര പിടിക്കില്ല ''.

'' മറന്നിട്ടൊന്നും ഇല്ല. എപ്പോഴും ഓര്‍ക്കാറുണ്ട് ''.

'' ഞാന്‍ തന്നെ പറഞ്ഞതല്ലട്ടോ. പൊതുവായിട്ട് ഒരു തത്വം പറഞ്ഞൂന്ന് മാത്രം. സുഭദ്രാമ്മ ഇടയ്ക്ക് തന്‍റെ പേരില്‍ വഴിപാട് നടത്താറുണ്ട് ''.

'' ഭാര്യയും മകനും വരുന്നുണ്ട്. അവരേയും കൂട്ടി പിന്നീട് വരാം ''.

'' കൂത്തും കുമ്മാട്ടിയും നടത്തണം എന്ന് ആളുകള്  പറയുന്നുണ്ട്. അത് മുടങ്ങിയിട്ട് കാലം ഇശ്ശിയായി. നല്ല ചിലവുള്ള സംഗതിയാണ്. കയ്യയച്ച് എന്തെങ്കിലും തരണംട്ടോ ''.

'' തീര്‍ച്ചയായും ''. ദക്ഷിണ നല്‍കി പ്രസാദം വാങ്ങി പുറത്തിറങ്ങി.

തറവാടിന്‍റെ അകത്തളത്തുനിന്ന് മുറ്റത്തേക്ക് ഇറങ്ങിവന്ന ചിരിയുടെ അലകളാണ് എതിരേറ്റത്. പപ്പനമ്മാമനും ഇളയച്ഛനും എന്തോ പറഞ്ഞ് ചിരിക്കുകയാണ്. ഇത്ര നേരത്തെ പപ്പനമ്മാമന്‍ വരുന്ന പതിവില്ല. ഇന്ന് എന്താണാവോ വിശേഷം.

'' നീ എഴുന്നേറ്റിട്ടുണ്ടാവില്ല എന്നാ വിചാരിച്ചത്. മാമന്‍ നേരത്തെ തോര്‍ത്തും എടുത്ത് അമ്പലക്കുളത്തിലേക്ക് പോയി എന്ന് ഉണ്ണിക്കുട്ടന്‍ പറഞ്ഞിട്ടാ ഞാന്‍ അറിഞ്ഞത് '' വലിയമ്മ പറഞ്ഞു '' കുളിച്ചു തൊഴുകാന്‍ ഇന്ന് എന്താ വിശേഷിച്ച്  ''.

'' ഭാര്യയും മകനും വരുന്ന സന്തോഷം കൊണ്ടാവും. അല്ലാതെന്താ '' ചെറിയമ്മ അഭിപ്രായപ്പെട്ടു.

സത്യസ്ഥിതി ഇതല്ലല്ലോ. അതെങ്ങിനെ ഇവരോട് പറയും. കഴിഞ്ഞ രാത്രി അനിത പറഞ്ഞ കാര്യങ്ങള്‍ അത്ര സന്തോഷകരമല്ല. എന്തിന് മുന്‍കൂട്ടി അതെല്ലാം പറഞ്ഞ് ഇവരെക്കൂടി വിഷമിപ്പിക്കണം. അറിയുമ്പോള്‍ അറിഞ്ഞോട്ടെ. തല്‍ക്കാലം ഒന്നും പറയാതിരിക്കുന്നതാണ് ഭംഗി.

'' ഞാന്‍ ഈറന്‍ മാറിയിട്ടു വേഗം വരാം '' എന്നും പറഞ്ഞ് അകത്തേക്ക് നടന്നു.

വൈകീട്ട് അനിത വിളിച്ചപ്പോള്‍ എന്തോ പന്തികേട് ഉണ്ട് എന്ന് പറഞ്ഞിരുന്നു. രാത്രി വിളിച്ചപ്പോഴാണ് എല്ലാം വിശദമായി പറഞ്ഞത്. അനിയത്തി നാട്ടിലേക്ക് വരുന്നില്ല. വേണമെങ്കില്‍ അമ്മയുടെ ബെര്‍ത്ത്‌ഡേ മുംബെയില്‍വെച്ച് സെലിബ്രേറ്റ് ചെയ്യാം എന്നാണത്രേ അവളുടെ നിലപാട്. നാട്ടിലേക്ക് പോരുന്ന വഴിക്ക് ഏട്ടന്‍ മുംബെയില്‍ ഇറങ്ങി കാണാഞ്ഞതിലുള്ള പ്രതിഷേധമാണ് കാരണം. അമ്മ കുറെ പറഞ്ഞു നോക്കിയെങ്കിലും അവള്‍ ഒട്ടും വഴങ്ങിയില്ല. അച്ഛന്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ഇനി അതു മാത്രമേ അറിയാനുള്ളൂ.

വസ്ത്രം മാറി മറ്റുള്ളവരുടെ അടുത്തേക്ക് നടന്നു.

'' നീ വന്നിട്ട് ഭക്ഷണം കഴിക്കാമെന്ന് കരുതി ഇരുന്നതാ '' വലിയമ്മ പറഞ്ഞു.

'' പപ്പനമ്മാമന്‍ എപ്പോഴാ എത്തിയത് '' .

'' ഞാന്‍ പറഞ്ഞിട്ട് ഉണ്ണി ഓട്ടോറിക്ഷ വിളിച്ച് പോയി കൂട്ടീട്ട് വന്നതാണ് '' ഇളയച്ഛന്‍ പറഞ്ഞു '' ഗോപന്‍ ഇന്നലെ രാത്രി എത്തിയിട്ടുണ്ടത്രേ. ഗോപിക അമൃത എക്സ്‌പ്രസ്സില്‍  പോന്നിട്ടുണ്ട്. കുറച്ചു കഴിയുമ്പോഴേക്ക് അവളും എത്തും. അവരോട് സംസാരിക്കുമ്പോള്‍  വലിയമ്മാമനും  ഇരുന്നോട്ടെ എന്നു കരുതി ''.

'' എന്തോ തമാശ പറഞ്ഞ് ചിരിക്കുന്നത് കേട്ടൂ ''.

'' ഞങ്ങള്‍ ഓരോരുത്തരുടെ  മക്കളുടെ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ട് ഇരിക്കുകയായിരുന്നു '' വലിയമ്മ പറഞ്ഞു.

''ദീപൂന് പഴയ പോസ്റ്റ് മാഷ് സ്വാമിയെ ഓര്‍മ്മയുണ്ടോ '' പപ്പനമ്മാമന്‍ ചോദിച്ചു.

മകനെ ട്യൂഷന്‍ ക്ലാസ്സിലേക്ക് സൈക്കിളില്‍ കൊണ്ടു വന്നിരുന്ന അയാളെ മറന്നിട്ടില്ല. നെറ്റിയിലെ ചന്ദനക്കുറിയും രോമങ്ങള്‍  എഴുന്നേറ്റു നില്‍ക്കുന്ന ചെവികളില്‍ തിരുകിവെച്ച തെച്ചിപ്പൂക്കളും കണ്‍മുന്നില്‍ കാണുന്നുണ്ട്

 '' ഉവ്വ്. എനിക്കറിയാം ''.

'' അദ്ദേഹത്തിന്ന് ഒറ്റ മകനേയുള്ളൂ. ആ കുട്ടി പഠിച്ചു മിടുക്കനായി ഇപ്പോള്‍ അമേരിക്കയില്‍ എഞ്ചിനീയറാണ്. അച്ഛനേയും അമ്മയേയും അവന് ജീവനാണ്.. ഇടയ്ക്ക് അവരെ അങ്ങോട്ട് കൊണ്ടുപോകും. സ്വാമി സമ്മതിക്കാത്തതോണ്ടാ അവിടെ സ്ഥിരമായി ഇരുത്താത്തത്. കഴിഞ്ഞ കുംഭാഭിഷേകത്തിന്ന് പകുതി ചിലവ് എന്‍റെ വകയാണ് എന്ന് സ്വാമി ഗ്രാമക്കാരോട് പറഞ്ഞുവത്രേ. നിസ്സാര തുകയൊന്ന്വോല്ല. ലക്ഷക്കണക്കിന്ന് പൈസ വരും. ഒരുമടി കൂടാതെ മകന്‍ പണം അയച്ചുകൊടുത്തു. അങ്ങിനേയും മക്കളുണ്ട് ''.

'' പണത്തിനുവേണ്ടി അച്ഛനമ്മമാരെ ദ്രോഹിക്കുന്ന മക്കളില്ലേ '' വലിയമ്മ മറുവശം ചൂണ്ടിക്കാട്ടി.

'' ഇഷ്ടംപോലെയുണ്ട് '' പപ്പനമ്മാമന്‍ പറഞ്ഞു '' ഞാന്‍ ഒരാളുടെ കഥ പറയാം. പേരു പറയുന്നില്ല. കക്ഷി സര്‍ക്കാര്‍ സര്‍വ്വീസില്‍ ലാസ്റ്റ് ഗ്രേഡ് ആയിരുന്നു. കഷ്ടപ്പെട്ട് മക്കളെ പഠിപ്പിച്ചു. പെണ്‍കുട്ടികളെ കെട്ടിച്ചുവിട്ടു. ഒടുക്കം മക്കള് കാരണം അയാള്‍ക്ക്  മരിക്കേണ്ടി വന്നു ''.

എല്ലാവരും പപ്പനമ്മാമനെ നോക്കി.

'' ജോലിയില്‍ ഇരിക്കുമ്പോള്‍ എന്നും അയാള്‍ക്ക് കഷ്ടപ്പാടായിരുന്നു. പെന്‍ഷനായല്‍ സമാധാനം കിട്ടും എന്ന് കരുതി. ജോലീന്ന് പിരിഞ്ഞു വന്നപ്പോഴോ? മൂത്ത പെണ്ണിന്‍റെ കെട്ട്യോന്‍ മരിച്ചു. രണ്ടാമത്തോളെ ഭര്‍ത്താവ് മൊഴി ചൊല്ലി. രണ്ടുപേരും വീട്ടിലെത്തിയതോടെ എന്നും തമ്മില്‍ത്തല്ലായി. വന്ന പെണ്‍കുട്ടികളുടേയും സ്വന്തം പെണ്‍മക്കളുടേയും തല്ല് തീര്‍ക്കാനേ സമയം ഉള്ളൂ. ചെക്കന്മാര് വല്ലപ്പോഴും പണിക്ക് പോവും. അവരുടെ ആവശ്യങ്ങളും കുടുംബച്ചിലവും ആ സാധു വഹിക്കണം. അധികംവൈകാതെ എന്തോ കഴിച്ച് ഭാര്യ മരിച്ചു. പിന്നെയാണ് ശരിക്കുള്ള ദുരിതം ആരംഭിച്ചത്. ഇപ്പോഴത്തെ എ.ടി.എം. സംവിധാനമൊന്നും അയാള്‍ക്ക് അറിയില്ല. കാര്‍ഡ് മക്കള്‍ കൈക്കലാക്കി. പെന്‍ഷന്‍ കാശ് അവരെടുത്ത് ചിലവാക്കും. നേരിട്ട് ചോദിക്കാന്‍ വയ്യ. ആരോടെങ്കിലും പറഞ്ഞൂന്ന് അറിഞ്ഞാല്‍ മക്കള് തല്ലികൊല്ലും ഒടുവില്‍ ഒരു ചായക്കോ ഒരു കെട്ട് ബീഡിക്കോ ആരോടെങ്കിലും ഇരക്കണം എന്ന ഗതിയായി. മനസ്സ് മടുത്ത് അയാള്‍ വീടു വിട്ട് ഇറങ്ങി. ഏതോ നാട്ടില്‍ തീവണ്ടി തട്ടി മരിച്ചു എന്ന വിവരമാണ് പിന്നെ കേട്ടത് ''.


'. വല്ലാത്ത മക്കളന്നെ ''.

'' ഞാന്‍ ഈ പറഞ്ഞ രണ്ടു കൂട്ടരുണ്ടല്ലോ. രണ്ടും ഒരു പത്തു ശതമാനം ഉണ്ടെന്ന് കൂട്ടിക്കോളൂ. ബാക്കി മുഴുവന്‍ ഈ രണ്ടിന്‍റേയും ഇടയിലാണ്. ഗുണവും ദോഷവും കൂടിയും കുറഞ്ഞും  ഇരിക്കും എന്നു മാത്രം ''.

''.സംസാരിച്ചിരുന്ന് നേരം പോണൂ. എനിക്ക് ഇന്നും കൂടി സ്കൂളില്‍ പോവാനുണ്ട് ''.ചെറിയമ്മ ഇടപെട്ടു.

'' ഓ, അപ്പോള്‍ ഇന്ന് റിട്ടയര്‍മെന്‍റാണ് അല്ലേ. യാത്രയയപ്പിന്ന് എല്ലാരും പോണുണ്ടോ ''.

'' ആരും ഇല്ല എന്നാണ് പറയുന്നത് ''.

'' മാധവനും  പോണില്ലേ ''.

''. നല്ല ആളെ കണ്ടൂ. മാഷേട്ടന്‍ സ്വന്തം യാത്രയയപ്പിന്നും കൂടി നിന്നിട്ടില്ല ''.

'' എന്നെക്കൊണ്ട് വയ്യ ഇല്ലാത്ത ഗുണഗണങ്ങള് വര്‍ണ്ണിക്കുന്നത് കേള്‍ക്കാന്‍ '' ഇളയച്ഛന്‍ പറഞ്ഞു '' സര്‍വ്വീസില്‍ ഇരിക്കുമ്പോള്‍ തരം കിട്ടിയാല്‍ കുത്തും. ഇന്നലെ മൂന്നരയ്ക്ക് നോക്കുമ്പോള്‍  സുമിത്ര ടീച്ചറെ കാണാനില്ല. അറ്റന്‍ഡന്‍സ് ഒപ്പിട്ടിട്ടുണ്ട്, മുങ്ങി നടക്കാന്‍  എന്താ സാമര്‍ത്ഥ്യം എന്നോ, മേരി ടീച്ചറുടെ മകള്‍ക്ക് എന്തോ സെറ്റപ്പ് ഉണ്ട് എന്ന് കേട്ടൂ, എന്നാ ചാടി പോവുന്നത് ആവോ എന്നോ ഒക്കെ പറഞ്ഞിട്ട് സ്നേഹമയിയായ സുമിത്ര ടീച്ചറുടെ വിരമിക്കല്‍ ഉണ്ടാക്കുന്ന വിടവ് നികത്താനാവില്ല എന്ന് ഉളുപ്പില്ലാതെ വെച്ചു കാച്ചുന്നത് കേട്ടിരിക്കാന്‍  എന്നെക്കൊണ്ടാവില്ല ''.

'' വേഗം വന്ന് ആഹാരം കഴിക്കിന്‍. എന്നിട്ടു വേണം എനിക്ക് പോവാന്‍ '' ചെറിയമ്മ ധൃതി കൂട്ടി. എല്ലാവരും എഴുന്നേറ്റു.

Thursday, September 25, 2014

അദ്ധ്യായം - 39.

അനിത സംഭാഷണം അവസാനിപ്പിച്ച് കാള്‍ കട്ട് ചെയ്തതും ദിലീപ് മേനോനില്‍ നിന്നും 
ആശ്വാസത്തിന്‍റെ ഒരു നെടുവീര്‍പ്പ് ഉയര്‍ന്നു. ഭാഗ്യം. പ്രതീക്ഷിച്ച പ്രശ്നങ്ങളൊന്നും 
ഉണ്ടായില്ല. അനിതയെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലേക്ക് ചെന്നത് ദീപ്തിയാണെന്നും 
സ്നേഹത്തോടെയാണ് അവള്‍ പെരുമാറിയത് എന്നും അനിത പറഞ്ഞു കേട്ടപ്പോള്‍ മനസ്സ്
സന്തോഷംകൊണ്ട് നിറഞ്ഞു. അച്ഛേമ്മ മോനേ എടുക്കാം എന്നു പറഞ്ഞ് അവളാണത്രേ കുട്ടിയെ കാറിലേക്ക് എടുത്തുകൊണ്ട് പോയത്. ഇനി അറിയേണ്ടത് ഒരേയൊരു കാര്യം 

മാത്രം. എല്ലാവരും കൂടി എന്നാണ് നാട്ടിലെത്തുക എന്നത്. മകനെ ലാളിക്കാന്‍ കൊതി തോന്നുന്നു. വെറുതെ നാട്ടിലേക്ക് ഒറ്റയ്ക്ക് പോരാന്‍ തോന്നി.

'' അക്കരെ ആയിരുന്നപ്പോള്‍ ഒന്നരാടം ദിവസം ഫോണ്‍ ചെയ്ത ആളാണ്. അടുത്ത് വന്നപ്പോള്‍  നിനക്ക് അതിനും കൂടി സമയം കിട്ടുന്നില്ല അല്ലേടാ '' കുറച്ചുമുമ്പ് ജാഫര്‍ 

ഫോണില്‍ വിളിച്ചപ്പോള്‍ ചോദിച്ചതാണ്. അതിന്ന്  അവനെ കുറ്റം പറയാനാവില്ല. ഇവിടെ എത്തിയതിന്നുശേഷം ഓരോരോ പ്രശ്നങ്ങള്‍ വന്നുപെട്ടു. അതോടെ ഒന്നിനും സമയം 
കിട്ടാതായി. വേല, പൂരം എന്നിവയൊക്കെ നടക്കുന്ന സമയം നോക്കി നാട്ടിലേക്ക് വന്നത് വളരെ കാലത്തിന്നുശേഷം പറ്റാവുന്ന ആഘോഷങ്ങളില്‍ സംബന്ധിക്കാം  എന്ന ഉദ്ദേശം
 വെച്ചുതന്നെയാണ്. എന്നിട്ടോ? വിചാരിച്ചതൊന്നും നടന്നില്ല.

'' അരാ വിളിച്ചത് '' വലിയമ്മ ചായയുമായി എത്തി.

'' അനിത '' അവള്‍ പറഞ്ഞ കാര്യങ്ങള്‍ വിസ്തരിച്ചു.

'' നീ ഓരോന്ന് ആലോചിച്ച് കൂട്ടിയതാണ്. പെങ്ങള് മര്യാദ തെറ്റി ഒന്നും ചെയ്യില്ല എന്ന് 

ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ ''. വലിയമ്മ തുടര്‍ന്നു '' ആട്ടേ, എപ്പഴാ അവര് ഇങ്ങോട്ട് വരുന്നത് ''.

'' അന്വേഷിച്ചിട്ട് വിളിക്കാമെന്ന് അനിത പറഞ്ഞു ''.

 '' എത്ര പെട്ടെന്നാ ഒരു മാസം പോയത്. നീ വന്നിട്ട് നാളെയ്ക്ക് ഒരു മാസം തികയും. സുമിത്രയുടെ ടിച്ചറുദ്യോഗവും നാളെ തീരും. പിന്നെ പകല്‍ സമയത്തും എനിക്ക് ഒരു തുണയായി. അല്ലെങ്കില്‍ ഒറ്റയ്ക്ക് ഒരു ഇരുപ്പാണ് ''.

തറവാടിന്‍റെ നിഴല്‍ മുറ്റവും കടന്ന് തൊടിയിലെത്തിയിരിക്കുന്നു.  നാലു മണി ആവാറായിട്ടുണ്ടാവും. സമയം നീങ്ങുന്നതനുസരിച്ച് നിഴലിന്‍റെ നീളവും കൂടും. ഒടുവില്‍ 

വേലിയോരത്തെ പരുവക്കൂട്ടത്തില്‍ പതിച്ചു കഴിഞ്ഞാല്‍ ഇരുട്ട് പരക്കാന്‍ തുടങ്ങും. കുട്ടിക്കാലത്ത് അങ്ങിനെയാണ് സമയം നിര്‍ണ്ണയിച്ചിരുന്നത്. ആ പരുവക്കൂട്ടം ഇപ്പോഴില്ല. കുറെ കാലം മുമ്പ് അതെല്ലാം മുറിച്ചുവിറ്റു.

ഉണ്ണിക്കുട്ടനോടൊപ്പം ചെറിയമ്മയെത്തി.

'' മാഷേട്ടന്‍ ഡോക്ടറെ കാണാന്‍ പോയിട്ട് എന്തായി. വല്ലതും അറിഞ്ഞ്വോ '' വലിയമ്മ ചോദിച്ചു.

'' തിരിച്ചു വര്വാണ്. റിപ്പോര്‍ട്ടുകള്‍ ഏട്ടനെ ഏല്‍പ്പിച്ചിട്ട് വരാം എന്ന് ഫോണ്‍ ചെയ്തിരുന്നു ''.

'' ഡോക്ടര്‍ എന്താത്രേ പറഞ്ഞത് ''.

'' വന്നിട്ട് വിശദമായി പറയാം എന്നാ എന്നോട് പറഞ്ഞത് '' ചെറിയമ്മ വസ്ത്രം മാറാന്‍ 

പോയി.

'' ദുഷ്ടത കുറെ ചെയ്ത ആളാണ്. എങ്കിലും കൂടപ്പിറപ്പല്ലേ. ആരൊക്കെ ഉണ്ട് എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഇങ്ങിനെ ഒരു ഏട്ടനുണ്ട് എന്നു പറയാലോ '' വലിയമ്മ ആത്മഗതം ചെയ്തു.

'' വലിയമ്മ പരിഭ്രമിക്കേണ്ടാ. പറഞ്ഞു കേട്ട അറിവല്ലേ നമുക്കുള്ളൂ. എളേച്ചന്‍ വരട്ടെ. എന്താ എന്ന് അറിയാമല്ലോ ''.

ചെറിയമ്മ തിരിച്ചെത്തുമ്പോഴേക്ക് ഇളയച്ഛനെത്തി. വന്നപാടെ അദ്ദേഹം
ചാരുകസേലയിലേക്ക് ചാഞ്ഞു.

'' എന്താ ഡോക്ടര്‍ പറഞ്ഞത് '' ചെറിയമ്മയാണ്  തുടക്കം കുറിച്ചത്.

'' ബെസ്റ്റ് കക്ഷിയാണ് എന്‍റെ അളിയന്‍ '' ഇളയച്ചന്‍ പറഞ്ഞു '' പഠിപ്പും അറിവും ഉള്ള 

ആളാണ്. പറഞ്ഞിട്ടെന്താ. ചികിത്സിച്ച രീതി കേട്ടാല്‍ അന്തംവിടും . മൂപ്പര് ചെയ്യാത്ത 
ചികിത്സയില്ല. ഏഴു ഡോക്ടര്‍മാരെ ഇതിനിടയില്‍ ആള് കണ്ടു കഴിഞ്ഞു. ആരുടെ അടുത്തും 
തികച്ച് ഒരു മാസം ചികിത്സ ചെയ്തിട്ടില്ല. പറഞ്ഞ ടെസ്റ്റുകളൊന്നും നടത്തിയിട്ടില്ല.
മരുന്നുകള്‍ ചിലത് വാങ്ങിയ ബില്ലുകള്‍ കണ്ടു. ബാക്കി വാങ്ങിയോ കഴിച്ചോ എന്നൊന്നും 

അറിയില്ല. അതിനിടയില്‍ കുറച്ച് ആയുര്‍വേദവും ഹോമിയോപതിയും പരീക്ഷിച്ചിട്ടുണ്ട്. സിദ്ധവൈദ്യവും യുനാനിയും കൂടി നോക്കിക്കോട്ടെ എന്തിനാ അതായിട്ട് വേണ്ടാന്ന് വെക്കുന്നത് ''.

'' ഏട്ടനോട് ചോദിച്ചില്ലേ ''.

'' ഉവ്വ് ''.

'' എന്നിട്ട് എന്തു പറഞ്ഞു ''

'' ഒരക്ഷരം വായ തുറന്ന് പറഞ്ഞില്ല.  കൂമനെപ്പോലെ മൂളീക്കേട്ടോണ്ട് ഇരുന്നു ''.

'' ഇനി എന്താ ഉദ്ദേശം  ''.

'' വിഷു കഴിഞ്ഞിട്ടേ ഡോക്ടര്‍ ഇംഗ്ലണ്ടിലേക്ക് പോവൂ. അതിനു മുമ്പ് ചില ടെസ്റ്റുകള്‍ 

ചെയ്യണം. ഞാന്‍ ആ കാര്യം പറഞ്ഞു ''.

'' ആരാ അതിനൊക്കെ ''

'' അയമ്മ കുറച്ചുകൂടി ഭേദാണെന്ന് തോന്നുന്നു.  മക്കളോട് നാളെത്തന്നെ വരാന്‍ 

പറയാമെന്ന് അയമ്മ ഏറ്റിട്ടുണ്ട്. അവരുടെ അഭിപ്രായം കൂടി അറിഞ്ഞിട്ട് എന്താ വേണ്ടത്‌ച്ചാല്‍ ചെയ്യാമെന്ന് പറഞ്ഞു ''.

മൊബൈല്‍ ശബ്ദിച്ചു. അനിതയുടെ കാളാണ്. ദിലീപ് മേനോന്‍ അതുമായി എഴുന്നേറ്റ് നടന്നു.

Thursday, September 11, 2014

അദ്ധ്യായം - 38.

മുറ്റത്തു കാര്‍ നിര്‍ത്തി ഇറങ്ങുമ്പോഴേക്ക് പത്തു പന്ത്രണ്ട് വയസ്സ് തോന്നിക്കുന്ന ഒരു ആണ്‍കുട്ടി ഓടിയെത്തി. ദിലീപ് മേനോന്‍ അവനെ സൂക്ഷിച്ചു നോക്കി. കറുപ്പ് നിറത്തിലുള്ള പാന്‍റും നീലയില്‍ ചെക്കുകളുള്ള ഷര്‍ട്ടുമാണ് വേഷം. കയ്യിലൊരു
ചെറിയ വടിയുമുണ്ട്.

'' എന്താടാ '' വലിയമ്മ അവനോട് ചോദിച്ചു.

'' ഏതോ ഒരാള് ഇവിടെ വന്നിട്ടുണ്ടായിരുന്നു. കുറെ വിളിച്ചു നോക്കി. ബെല്ലും
 അടിച്ചു ''.

'' ആരാ ആള് ''.

'' അതെനിക്ക് അറിയില്ല. ഞാന്‍ വെള്ളം കുടിക്കാന്‍ വന്നപ്പോള്‍ കണ്ടതാണ് ''

'' അയാളെന്തെങ്കിലും പറഞ്ഞ്വോ ''.

'' ഫോണ്‍ ചെയ്തപ്പൊ എടുത്തില്ല. വന്നു നോക്കുമ്പോള്‍ വീട് പൂട്ടീട്ടും ഉണ്ട്. ആരോടാ വിവരം പറയ്യാ എന്നും പറഞ്ഞ് അയാള്‍ വന്ന സൈക്കിളില്‍ കയറിപ്പോയി ''.

'' നിനക്ക് എന്താന്ന് ചോദിക്കായിരുന്നില്ലേ ''.

'' എനിക്കെന്താ ആവശ്യം. എന്തിനാ വന്നത് എന്ന് അയാള്‍ക്ക് പറഞ്ഞൂടെ. അതയാള്‍
ചെയ്തില്ല. അത്ര വലിയ ആളാണെങ്കില്‍ വന്നപോലെ പൊയ്ക്കോട്ടെ എന്ന് ഞാനും
വിചാരിച്ചു. അതോണ്ട് ഞാന്‍ അയാളോട് ചോദിക്കാന്‍ പോയതൂല്യാ '' എന്നും
പറഞ്ഞ് അവന്‍ തിരിച്ചു പോയി.

'' കന്ന് മേക്കുന്ന ചെക്കന്‍റെ പത്രാസാ ഇത്. മുളച്ചു പൊങ്ങുമ്പോഴേക്ക് ഉള്ള ഗമ  ഇതാണെങ്കില്‍ വളര്‍ന്നു വന്നാലത്തെ സ്ഥിതി എന്തായിരിക്കും '' എന്ന് വലിയമ്മ ഉറക്കെ ആത്മഗതം ചെയ്യുന്നത് കേട്ടു.

ആകപ്പാടെ ആശയക്കുഴപ്പത്തിലായി. ഫോണ്‍ ചെയ്തതും ആളെ പറഞ്ഞയച്ചതും
ആരായിരിക്കും? വലിയമ്മയോട് സംശയം ചോദിച്ചു.

'' അതുതന്നെയാണ് ഞാനും ആലോചിക്കുന്നത്. ജാനുമുത്തി മരിച്ച കാര്യം കേട്ടറിഞ്ഞ് പപ്പനമ്മാമന്‍ വിളിച്ചതാണെങ്കിലോ? ''.

'' ആയിക്കൂടെന്നില്ല. മരിച്ച വീട്ടില്‍ നിന്നുതന്നെ വിളിച്ചതായിരിക്കും. ഫോണെടുക്കാതെ വന്നപ്പോള്‍ ആരേയെങ്കിലും ഇങ്ങോട്ട് അയച്ചതാവണം ''.

'' പക്ഷെ ഒരു സംശയം. നമ്മള് പോയതിന്നു ശേഷമല്ലേ ഫോണ്‍ വന്നത്. അങ്ങിനെ നോക്കുമ്പോള്‍ വഴിക്കുവെച്ച് പപ്പനമ്മാമനെ കാണേണ്ടതല്ലേ. അതുണ്ടായില്ലല്ലോ. അദ്ദേഹം നേരത്തെ വന്നുപോയി എന്നാ എന്നോട് മുത്തിടെ പേരക്കുട്ടി പറഞ്ഞത്. അപ്പോള്‍ വിളിച്ചത് അദ്ദേഹമാവില്ല ''.

'' പിന്നെ ആരാവും ''.

'' കുഞ്ഞുണ്ണ്യേട്ടന്‍റെ വീട്ടില്‍ നിന്ന് ആയിരിക്ക്വോ ''.

'' അതിനും സാദ്ധ്യതയുണ്ട് ''.

'' ചിലപ്പോള്‍ ഏടത്തിയമ്മയെ നമ്മളുടെ കൂടെ മരിച്ച വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവ്വോന്ന് ചോദിക്കാനായിരിക്കും ''.

'' അന്വേഷിച്ച് ആളെ അയച്ചതല്ലേ. എന്തെങ്കിലും അത്യാവശ്യകാര്യം ഉണ്ടെങ്കിലോ ''.

'' കുഞ്ഞുണ്ണ്യേട്ടന്‍റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളുംകൊണ്ട് മാഷേട്ടന്‍ ഏതോ ഡോക്ടറെ കാണാന്‍ പോയതല്ലേ. എന്തെങ്കിലും വിവരം അറിയിക്കാനാണെങ്കിലോ ''.

'' നമ്മള്‍ ഇങ്ങിനെ ഒരോന്ന് ഊഹിച്ചിരിക്കുന്നതിനേക്കാള്‍ നല്ലത് വലിയമ്മ ഫോണ്‍
ചെയ്ത് ചോദിക്കുന്നതാണ്. അപ്പോഴേക്കും ഞാന്‍ കുളിച്ചിട്ടുവരാം ''.

'' മരിച്ച വീട്ടില്‍ പോയി വന്നതല്ലേ. അമ്പലക്കുളം തൊട്ട് ഞാന്‍ അശുദ്ധമാക്കുന്നില്ല.  പൊട്ടക്കുളത്തില്‍ ഞാനും ഒന്ന് മുങ്ങിയിട്ട് വരാം. എന്നിട്ടു മതി ഫോണ്‍ ചെയ്യല് ''.

'' ഒന്ന് വേഗാക്കെന്‍റെ ദീപൂ. കുഞ്ഞുണ്ണ്യേട്ടന്ന് എന്തോ വയ്യാത്രേ '' ദിലീപ് മേനോന്‍റെ വിസ്തരിച്ചുള്ള കുളി തീരുന്നതിന്നു മുമ്പേ കുളിമുറിക്ക് മുമ്പില്‍ നിന്ന് വലിയമ്മയുടെ ശബ്ദം ഉയര്‍ന്നു. പെട്ടെന്ന് കുളി തിര്‍ത്ത് പുറത്തിറങ്ങി.

'' നമുക്കൊന്ന് അവിടം വരെ ചെല്ലാം '' വലിയമ്മ തയ്യാറായി കഴിഞ്ഞിരിക്കുന്നു.

'' എന്താ സംഗതി ''.

'' കുളിച്ചു വന്നിട്ട് ഞാന്‍ വിളിച്ചപ്പോള്‍ കുഞ്ഞുണ്ണിയേട്ടന്ന് പെട്ടെന്ന് വയ്യാതായി, അതാ വിളിച്ചത് എന്ന് ഏടത്തിയമ്മ പറഞ്ഞു ''.

'' എന്താ എന്ന് വ്യക്തമായി പറഞ്ഞില്ലേ ''.

'' കയ്യും കാലും ഒക്കെ കുഴഞ്ഞ് ശ്വാസം പോയതുപോലെ കിടന്ന്വോത്രേ. ഞങ്ങള് ഇപ്പൊത്തന്നെ വരാം എന്ന് പറഞ്ഞപ്പോള്‍ അവര് ഫോണ്‍ വെച്ചു ''.

വീട്ടിലെത്തിയപ്പോള്‍ വിചാരിച്ച അത്ര കുഴപ്പമൊന്നും കണ്ടില്ല. കുഞ്ഞുണ്ണിമാമ ദിവാന്‍കോട്ടില്‍ ചാരി കിടപ്പുണ്ട്. അമ്മായി അദ്ദേഹത്തിന്‍റെ കാല് തടവുന്നു.

'' എന്താ ഉണ്ടായത് '' വലിയമ്മ പരിഭ്രമത്തോടെ ചോദിച്ചു.

'' എന്താ ഞാന്‍ പറയണ്ട്. കയ്യും കാലും നീട്ടി കണ്ണ് അനക്കാതെ ഒരു കിടപ്പായിരുന്നു. ആള് പോയി എന്നന്നെ ഞാന്‍ വിചാരിച്ചു '' അമ്മായി പറഞ്ഞു '' പരിഭ്രമിച്ചിട്ടാ ഞാന്‍ അങ്ങോട്ടേക്ക് വിളിച്ചത്. എന്താ ചെയ്യേണ്ടത് എന്ന് ചോദിക്കാന്‍ ഒരാളില്ലല്ലോ ഇവിടെ ''.

'' എന്നിട്ട് ഡോക്ടറെ കാണിച്ചില്ലേ ''.

'' ദീപുവിനോട് ഒരു ഡോക്ടറെ കൂട്ടിയിട്ടു വരാന്‍ പറയാന്‍ വേണ്ടിയാണ് ഒരാളെ അങ്ങോട്ട് അയച്ചത്. അവന്‍ മടങ്ങി വരുമ്പോഴേക്കും അല്‍പ്പം ഭേദായി ''.

'' മരുന്ന് വല്ലതും കൊടുത്ത്വോ ''.

'' ഇല്ല. പാല് തിളപ്പിച്ചത് ഉണ്ടായിരുന്നു. അതില് മധുരം ഇട്ട് കുടിക്കാന്‍ കൊടുത്തു. അത് ഉള്ളില്‍ ചെന്നതോടെ എഴുന്നേറ്റു ''.

'' ഷുഗര്‍ കുറഞ്ഞതായിരുന്നു പ്രശ്നം. കുഞ്ഞുണ്ണിമാമ പറഞ്ഞു '' എനിക്ക് കാര്യം
മനസ്സിലായി. പക്ഷേ പറയാന്‍ പറ്റണ്ടേ ''.

'' എന്താ പെട്ടെന്ന് ഷുഗര്‍ കുറഞ്ഞത് ''.

'' ഇന്ന് അമ്മയുടെ ശ്രാര്‍ദ്ധം അല്ലേ. ഇന്നലെ ഒരിക്കലായിരുന്നു. പലഹാരം ഉണ്ടാക്കി തരാം എന്ന് ഞാന്‍ പറഞ്ഞത് കേട്ടില്ല. രണ്ട് കുന്നന്‍പഴവും ഒരു ഗ്ലാസ്സ് കാപ്പിയും
ആയിരുന്നു രാത്രിലത്തെ ഭക്ഷണം. രാവിലെ ബലിയിടാതെ വല്ലതും കഴിക്കാന്‍ പാട്വോ. ഒക്കെ കഴിഞ്ഞപ്പോള്‍ ചത്ത ശവംപോലീണ്ട് കിടക്കുന്നു ''.

'' വയ്യാത്തോടത്ത് എന്തിനാ ശ്രാര്‍ദ്ധവും ബലിയിടലും ഒക്കെ. അമ്മയ്ക്ക് അറിയില്ലേ വയ്യാഞ്ഞിട്ടാനെന്ന് ''.

'' അമ്മ നാലു പെറ്റു. അവര് മരിച്ചപ്പോള്‍ നിങ്ങള് മൂന്നാളുക്കും അവരെ വേണ്ടാ എന്നായി. എനിക്ക് അങ്ങിനെ മറക്കാന്‍ പറ്റില്ല. ഞാന്‍ ചാവുന്നതുവരെ അച്ഛനും
അമ്മയ്ക്കും ബലിയിടും ''.

'' ഏട്ടന്‍ അങ്ങിനെ പറയരുത്. സുശീല എപ്പോഴും ഇവിടെ ഉണ്ടാവില്ലല്ലോ. അവള്‍ക്കു വേണ്ടീയാണ് ഞങ്ങള്- മൂന്നാളും തിരുനെല്ലിയില്‍ പോയി ബലിയിട്ടത്. അവിടെ ബലിയിട്ടാല്‍ പിന്നെ പിതൃകര്‍മ്മം നടത്താന്‍ പാടില്ല. അതോണ്ട് ചെയ്യാറില്ല ''.

'' ഇതാണ് ശീലം ''.അമ്മായി ഇടപെട്ടു '' മറ്റുള്ളവരെ കുറ്റം പറയാന്‍ വേണ്ടി തക്കം
നോക്കിയിരിക്കും. ചാവുന്നതുവരെ അത് മാറില്ല ''.

'' എന്‍റെ മനസ്സില്‍ തോന്നുന്നത് ഞാന്‍ പറയും. ഒതുക്കി വെക്കുന്ന പതിവ് എനിക്കില്ല ''.

'' അതു പോട്ടേ. എന്താ ശ്രാര്‍ദ്ധത്തിന്ന് പ്രത്യേകിച്ച് ''.

'' ഒന്നൂല്യാ. എന്നെക്കൊണ്ടാവില്ല സദ്യയൊരുക്കി കാക്കയ്ക്ക് കൊടുക്കാന്‍ ''.അമ്മായി പറഞ്ഞു '' ചെറുപ്പോന്നും ആല്ലല്ലോ എനിക്ക് ''.

'' ഞാന്‍ അതിന് കുറ്റം പറയില്ല. അല്ലെങ്കിലും പലതും ഇല്ലാതായി വര്വേല്ലേ. പണ്ട് ഉണ്ടായിരുന്നത് ആലോചിച്ച് ഇരിക്കാനല്ലേ പറ്റൂ ''.

കുഞ്ഞുണ്ണിമാമ ഭൂതകാലത്തിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹത്തിന്‍റെ മുഖഭാവത്തില്‍
നിന്ന് വ്യക്തമാണ്.

'' നേരം വെളുക്കുമ്പോഴേക്ക് ഇളയത് തറവാട്ടിലെത്തും. അദ്ദേഹം ബലിച്ചോറ് വെക്കാന്‍ തുടങ്ങുമ്പോഴേക്ക് ബലിയിടാനുള്ളോര് കുളിക്കാന്‍ പോവും. ബലിയിട്ടു കഴിഞ്ഞ് അദ്ദേഹത്തിന്ന് ദക്ഷിണയും ദാനവും കൊടുത്ത് അയച്ചിട്ടേ പച്ചവെള്ളം
കുടിയ്ക്കൂ '' കുഞ്ഞുണ്ണിമാമ പറഞ്ഞു തുടങ്ങി '' ഉച്ചയ്ക്ക് സര്‍വ്വ വിഭവങ്ങളുമായി ഒരു സദ്യ ഉണ്ടാവും. വെപ്പൊക്കെ ദെഹണ്ണക്കാരാണ് ചെയ്യുക. ഒരു ഇലയിട്ട് സകല വിഭവങ്ങളും വിളമ്പി പൂവും വെള്ളവുംകൊണ്ട് പൂജ കഴിച്ച ശേഷം കാക്കയ്ക്ക് കൊടുക്കും.. സന്ധ്യ കഴിഞ്ഞാല്‍ പിതൃക്കള്‍ക്കുള്ള പൂജയ്ക്കുള്ള ഒരുക്കമായി. അത് അധര്‍മ്മത്തിലാണ് ''.

'' മതി വര്‍ണ്ണിച്ചത്. ക്ഷീണിച്ച് വയ്യാതാവണ്ടാ '' അമ്മായി തുടരാന്‍ അനുവദിച്ചില്ല.

'' ഞാന്‍ പോയി ഡോക്ടറെ വിളിച്ചിട്ടു വരാം ''.

'' വേണ്ടാ ദീപൂ. റിപ്പോര്‍ട്ടുകളൊക്കെ ഡോക്ടറെ കാണിച്ച് അഭിപ്രായം അറിയാന്‍
പോയിട്ടുണ്ടല്ലോ. അത് അറിഞ്ഞിട്ടു മതി ഇനിയുള്ള ചികിത്സ '' കുഞ്ഞുണ്ണിമാമ തടസ്സം പറഞ്ഞതോടെ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയായി.

'' ദീപൂന്ന് എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ പൊയ്ക്കോളൂ. പിന്നെ വന്നാല്‍ മതി '' വലിയമ്മ പറഞ്ഞു.

'' അതു വേണ്ടാ. രണ്ടാളും എന്‍റെ കൂടെ ഊണു കഴിച്ചിട്ട് പോയാല്‍ മതി. ഇനി അതിന് സാധിച്ചില്ലെങ്കിലോ '' കുഞ്ഞുണ്ണിമാമ പ്രകടിപ്പിച്ച ആഗ്രഹം സന്തോഷം
ഉളവാക്കി.

'' എട്ടന്‍ വേണ്ടാത്തതൊന്നും ചിന്തിക്കണ്ടാ. ഇനിയും എത്രയോ കാലം നമ്മള് ഒന്നിച്ച് ഭക്ഷണം കഴിക്കും. ഒന്നും അവസാനിക്കാറായിട്ടില്ല. ഇപ്പോള്‍ ഞാന്‍ അടുക്കളയില്‍ ചെന്ന് ഏടത്തിയമ്മയെ എന്തെങ്കിലും സഹായിക്കട്ടെ '' അമ്മായിയോടൊപ്പം വലിയമ്മ അടുക്കളയിലേക്ക് നടന്നു.

'' ദീപു പേപ്പറ് വായിക്ക്വേ, അല്ലെങ്കില്‍ ടി.വി. കാണ്വേ ചെയ്തോളൂ. ഞാന്‍ ഇത്തിരി കിടക്കട്ടെ '' കുഞ്ഞുണ്ണിമാമ കണ്ണടച്ചു.

ദിലീപ് മേനോന്‍ ടീപ്പോയിയില്‍ നിന്ന് പേപ്പറെടുത്തു.

Monday, August 25, 2014

നോവല്‍ - അദ്ധ്യായം - 37.

 '' ദീപൂ, എഴുന്നേൽക്ക് '' വലിയമ്മ മുതുകത്ത് തട്ടി വിളിക്കുകയാണ്. വൈകിയെത്തിയ ഉറക്കത്തിന്ന് പിരിഞ്ഞുപോവാൻ അതിലേറെ മടി.

'' സമയം എത്രയായി '' കിടന്ന കിടപ്പിൽ ചോദിച്ചു.

'' പത്തര ''.

ഒരു ഞെട്ടലാണ് തോന്നിയത്. പപ്പനമ്മാമനെ എട്ടു മണിക്കു മുമ്പ് വീട്ടിൽ എത്തിക്കാമെന്ന് ഏറ്റതാണ്. സമയം പോയത് അറിഞ്ഞില്ല.

'' പപ്പനമ്മാമനെ കൊണ്ടു പോവണ്ടേ '' പിടഞ്ഞെഴുന്നേൽക്കുന്നതിന്നിടെ ചോദിച്ചു.

'' അദ്ദേഹം വീടെത്തിയിട്ട് മണിക്കൂർ മൂന്നാവും ''.

'' എന്നെ വിളിച്ചില്ലല്ലോ ''.

'' ഞാൻ വിളിക്കാൻ വന്നതാ. ആ കുട്ടി ഉറങ്ങിക്കോട്ടെ. ബുദ്ധിമുട്ടിക്കണ്ടാ എന്ന് അദ്ദേഹം പറഞ്ഞതോണ്ട് വിളിച്ചില്ല ''.

'' എന്നിട്ട് എങ്ങിനെ പോയി ''.

'' ഉണ്ണിക്കുട്ടൻ ഒരു ഓട്ടോറിക്ഷ വിളിച്ചിട്ടു വന്ന് അതിൽ കയറ്റി വിട്ടു ''.

പപ്പനമ്മാമന്ന് നടന്ന് ബുദ്ധിമുട്ടേണ്ടി വന്നില്ല. എങ്കിലും അതല്ലല്ലോ ശരി. ഒരു കാര്യം ചെയ്യാമെന്ന് ഏറ്റിട്ട് ചെയ്യാതിരിക്കുന്നത് തെറ്റല്ലേ. മനസ്സിൽ കുറ്റബോധം തോന്നി. വൈകിയെത്തിയ ഉറക്കത്തിനെ ശപിച്ചു.

'' ഇനി മടിപിടിച്ച് ഇരിക്കണ്ടാ. ഒരു സ്ഥലംവരെ പോവാനുണ്ട് ''.

'' എവിടേക്കാ ''.

'' അതൊക്കെ പറയാം‌. ആദ്യം പല്ലുതേച്ച് ആഹാരം കഴിക്കാൻ നോക്ക്. കുളി അവിടെ പോയി വന്നിട്ടാവാം ''.

മരണംനടന്ന ഏതോ ഒരു വീട്ടിലേക്കാണെന്ന് മനസ്സിലായി. ഉറക്കമുണർന്ന് എഴുന്നേറ്റതും  മരണവാർത്ത കേൾക്കണ്ടാ എന്നുവെച്ചിട്ടാവും വലിയമ്മ ആ വിവരം പറയാത്തത്. പ്രഭാതകർമ്മങ്ങൾ നിർവ്വഹിച്ച് എത്തുമ്പോൾ ഡൈനിങ്ങ് ടേബിളിൽ പ്രാതൽ റെഡിയായിരിക്കുന്നുണ്ട്. വെളേപ്പത്തിനും കറിയ്ക്കും നല്ല സ്വാദ്. ആസ്വദിച്ച് കഴിക്കാൻ തുടങ്ങി.

'' നമ്മുടെ ജാനുമുത്തി മരിച്ച്വോത്രേ '' വലിയമ്മ പറഞ്ഞപ്പോൾ അത്ഭുതം തോന്നി. മുത്തിയമ്മ ഇതുവരെ മരിച്ചില്ലെന്നോ ? തറവാട്ടിൽ നിന്ന് ഭാഗം പിരിഞ്ഞ് അക്കരെ താമസമാക്കിയ ഒരു അമ്മാമൻറെ ഭാര്യയായിരുന്നു അവർ‌. കുട്ടിക്കാലത്ത് അക്കരെ വീട്ടിൽ പലതവണ വലിയമ്മയോടൊപ്പം പോയിട്ടുണ്ട്. അന്നേ ജാനുമുത്തി  ഒരു പടുവൃദ്ധയായിരുന്നു.

'' എന്താ നീ ആലോചിക്കുന്നത്. നിനക്ക് ജാനുമുത്തിയെ ഓർമ്മയില്ലേ ''.

'' ഉവ്വ് ''. കാണാൻചെല്ലുമ്പോഴൊക്കെ ജാനുമുത്തി എന്തെങ്കിലും തരാറുണ്ട്. പഴകി പൂപ്പൽ പിടിച്ച ബിസ്ക്കറ്റോ, എണ്ണച്ചുക്കടിക്കുന്ന വാഴക്ക വറ്റലോ അളിഞ്ഞു തുടങ്ങിയ നേന്ത്രപ്പഴമോ ആയിരിക്കും സ്നേഹത്തോടെ വെച്ചു നീട്ടുന്നത്. തിന്നാൻ കൊള്ളാത്ത അവ വാങ്ങി പോക്കറ്റിലിടും‌. പോരാൻ നേരത്ത് വഴിയോരത്ത് വലിച്ചെറിയും.

'' തിന്നാൻ കൊള്ളാത്ത സാധനങ്ങൾ തരാറുള്ള മുത്തിയമ്മയല്ലേ ''.

'' അപ്പോൾ നീ മറന്നിട്ടില്ല '' വലിയമ്മ ചിരിച്ചു '' അതായിരുന്നു അയമ്മടെ പ്രകൃതം‌. വയസ്സായ ആളല്ലേ എന്നു വിചാരിച്ച് കാണാൻ ചെല്ലുന്നവർ  തിന്നാനുള്ളത് എന്തെങ്കിലും കൊണ്ടുപോയി കൊടുക്കും‌. തള്ള അതൊന്നും തിന്നില്ല. അപ്പോൾത്തന്നെ ആർക്കെങ്കിലും കൊടുത്താൽ അവരെങ്കിലും തിന്നും‌. അതും ചെയ്യില്ല. ഒടുവിൽ വെച്ചിരുന്ന് കേടു വന്നാൽ അതെടുത്ത് മറ്റൊള്ളോർക്ക് കൊടുക്കും ''.

'' ജാനുമുത്തിക്ക് എത്ര വയസ്സ് കാണും ''.

''  നൂറു വയസ്സ് ആയിട്ടുണ്ടാവും എന്നാണ് തോന്നുന്നത്. കുറച്ചായി ഞാൻ കാണാൻ ചെന്നിട്ട് ''.

'' നമ്മൾ ആരേയെങ്കിലും അറിയിക്കാനുണ്ടോ ''.

'' മാഷേട്ടനും സുമിത്രയും പോയശേഷമാണ് ഫോൺ വന്നത്. ഉച്ചയ്ക്ക് മുമ്പ് ശവമെടുക്കും എന്നു പറഞ്ഞു.  ആ വിവരം ഞാൻ രണ്ടാളോടും വിളിച്ച് പറയുകയും ചെയ്തു ''.

വലിയമ്മ കാറിൻറെ മുൻസീറ്റിൽ  ഇരുന്നു. നടന്നു പോവുകയാണെങ്കിൽ പുഴയുടെ മറുകരയിലെ ആ വീട്ടിലേക്ക് രണ്ടോ രണ്ടരയോ കിലോമീറ്ററേ ഉണ്ടാവൂ. മുമ്പ് പുഴയിറങ്ങി കടന്ന് പോവുമായിരുന്നു. ഇപ്പോൾ ആരും അതിന്ന് മിനക്കെടാറില്ല. മെയിൻ റോഡിൽ നിന്ന് തെക്കോട്ടേക്ക് പോവുന്ന പാതയിലൂടെ ചെന്നാൽ പതിപ്പാലമുണ്ട്. ബസ്സ് സർവ്വീസ് ഉള്ള പാതയിലെ ആ പാലം കനത്ത മഴക്കാലത്ത് വെള്ളത്തിനടിയിലാവും‌. ദിവസങ്ങളോളം അതിലെ ഗതാഗതം ഉണ്ടാവില്ല.

'' ശവം ഐവർമഠത്തിലേക്ക് കൊണ്ടുപോവും എന്നാ പറഞ്ഞത്. അതാണ് സൗകര്യം. വീട്ടുകാരൊന്നും അറിയേണ്ട.  പറഞ്ഞ കാശ് കൊടുത്താൽ മതി '' വലിയമ്മ എന്തോ ആലോചനയിലാണ്.

'' എന്താ ആലോചിക്കുന്നത് ''.

'' മുമ്പൊക്കെ ആരെങ്കിലും മരിച്ചു എന്ന് അറിഞ്ഞാൽ മതി. ചുറ്റുപാടും ഉള്ള ആളുകൾ ഒത്തുകൂടും‌. പിന്നെ ശവം എടുത്ത് കിടത്തലായി. കത്തിച്ച നിലവിളക്കും പരാർപ്പും തലഭാഗത്ത് വെക്കുമ്പോഴേക്ക് നാട്ടിൽ വിവരം കൊടുക്കാൻ ആളെ വിടും‌. മാവു മുറിക്കാനും ശവദഹനത്തിന്ന് വേണ്ട സാധനങ്ങൾ വാങ്ങാനും പണിക്കാരെ പറഞ്ഞയയ്ക്കും‌. ഒന്നും ആരോടും പറയേണ്ട കാര്യമില്ല. കണ്ടറിഞ്ഞ് ഓരോരുത്തര് ചെയ്തോളും‌. ഇപ്പോൾ അതാണോ സ്ഥിതി. അപ്പുറത്തെ വീട്ടിൽ ഒരാള് മരിച്ചു കിടക്കുമ്പോഴാവും ഇപ്പുറത്തെ വീട്ടിൽ സദ്യയും ആഘോഷവും ''.

'' ഡെഡ് ബോഡി കൊണ്ടുപോയിട്ടല്ലേ നമ്മൾ തിരിച്ചു പോരൂ ''.

'' അതൊന്നും വേണ്ടാ. അവിടെ ചെന്ന് ആളെ കാണിക്കണം. കുറച്ചുനേരം നിന്നിട്ട് നമുക്ക് മടങ്ങി പോരാം ''.

പതിപ്പാലം കടന്നശേഷം ആദ്യത്തെ വളവിനടുത്തു നിന്ന് കാർ ഇടത്തോട്ട് തിരിച്ചു. മുമ്പ് ചരൽപ്പാതയായിരുന്ന വഴി ടാറിട്ടിരിക്കുന്നു. പടിക്കലായി കാർനിർത്തി, വലിയമ്മയോടൊപ്പം നടന്നു. തുണിപ്പന്തലിൽ ഇട്ടിരിക്കുന്ന പ്ലാസ്റ്റിക്ക് കസേലകൾ മിക്കതും ഒഴിഞ്ഞു കിടപ്പുണ്ട്.

വാതിൽപ്പടിക്കരികെ ചെരിപ്പഴിച്ചുവെച്ച് അകത്തേക്ക്ചെന്നു. ശവശരീരം വെച്ച ഫ്രീസറിന്നുമുകളിൽ ആരോ ഒരുറീത്ത് വെച്ചിരിക്കുന്നു. ജാനുമുത്തി ഒർമ്മയായി മാറാൻ ഏതാനും നാഴിക മാത്രം‌. 

ഒരു നിമിഷം ആ ശരീരത്തിലേക്ക് നോക്കി. വായിൽവെക്കാൻ കൊള്ളാത്ത എന്തെങ്കിലും കുട്ടികൾക്ക്കൊടുപ്പാനായി അവർ കരുതിയിട്ടുണ്ടാവുമോ? തലയ്ക്കൽ കത്തിച്ചുവെച്ച ചന്ദനത്തിരികളിൽ നിന്ന് ഉയരുന്ന പുകയ്ക്ക് മരണത്തിൻറെ ഗന്ധമാണ്. ഏറെനേരം അത് സഹിക്കാനാവില്ല. പോരാൻ നേരത്ത് വലിയമ്മയെ നോക്കി. അവർ സ്ത്രീകൾക്കിടയിൽ ഇടം പിടിച്ചു കഴിഞ്ഞിരിക്കുന്നു.

മുൻവരിയിലെ ഒരു കസേലയിൽ  ഇരുന്നു. പരിചയമുള്ള ഒരു മുഖവും കാണാനില്ല. കുറെ നേരം ഒറ്റയ്ക്കിരുന്നാൽ ബോറടിക്കും‌. പക്ഷെ അത് വേണ്ടി വന്നില്ല.

'' സുഭദ്ര ടീച്ചറുടെ ആരാ '' പ്രായം‌ ചെന്ന ഒരാൾ അടുത്തു വന്ന് ചോദിച്ചു.

'' മകൻ '' ഒറ്റവാക്കിൽ മറുപടി ഒതുക്കി.

'' അതിന് ടീച്ചർക്ക് ഒരു മകളല്ലേ ഉള്ളൂ ''.

'' സുഭദ്ര ടീച്ചർ എൻറെ വലിയമ്മയാണ്. സുശീലടീച്ചറുടെ മകനാണ് ഞാൻ ''

'' അങ്ങിനെ പറയിൻ‌. ആക്സിഡൻറിൽപെട്ട് അച്ഛൻറെ ഒരു കാൽ പോയി അല്ലേ ''.

ഉവ്വെന്ന മട്ടിൽ തലയാട്ടി.

'' മൂന്ന് ടീച്ചർമാർക്കും എന്നെ നല്ലോണം അറിയും. ഡ്രൈവറ് ഗോവിന്ദൻ‌ നായർ എന്നു പറഞ്ഞാൽ അറിയാത്ത ആരാ ഈ നാട്ടിൽ ഉള്ളത്.  ആട്ടേ. എന്നാ ലീവിൽ വന്നത്, എത്ര ദിവസം ലീവുണ്ട് ''.

'' വന്നിട്ട് ഒരു മാസം ആവാറായി. ഇനി ഒരു മാസംകൂടി ഉണ്ടാവും '' ഇനി എന്തെങ്കിലും ചോദിക്കുന്നതിന്നു മുമ്പ് വിഷയം മാറ്റണം‌.

'' ബോഡി എടുക്കാറായോ ''.

'' പന്ത്രണ്ട് മണി എന്നാ പറഞ്ഞത്. അപ്പഴയ്ക്ക് ആവ്വോന്നാ സംശയം‌. ഒരു പെരക്കുട്ടി ഡെൽഹിയിലുണ്ട്. അയാൾ വന്നിട്ടു വേണം എടുക്കാൻ ''.

'' അയാൾ എപ്പോൾ എത്തും ''.

'' എപ്പൊഴാ എന്ന് പറയാൻ പറ്റില്ല. വിമാനത്തിൽ വന്ന് കൊയമ്പത്തൂരിൽ ഇറങ്ങി എന്ന് പറഞ്ഞു. അവിടുന്നിങ്ങോട്ട് ടാക്സിയിലാണ് യാത്ര. റോഡ് പണി കാരണം മെല്ലേ വരാൻ പറ്റൂ. പോരാത്തതിന്ന് വാളയാറിൽ എന്നും ട്രാഫിക്ക് ബ്ലോക്കുണ്ടാവും. അതൊക്കെ കടന്നിട്ട് എത്തണ്ടേ ''.

'' എന്തായിരുന്നു അസുഖം ''.

'' അങ്ങിനെ പറയത്തക്ക ഒരു സൂക്കടും അവർക്ക് ഉണ്ടായിരുന്നില്ല. വരുന്ന എടവത്തിൽ നൂറാം പിറന്നാൾ ആഘോഷിക്കാനിരുന്നതാ. അത് നടക്കാതെ പോയി ''.

വലിയമ്മ പുറത്തേക്ക് വന്നതും എഴുന്നേറ്റു.

'' മാഷേട്ടനും സുമിത്രയും പപ്പനമ്മാമനും  ഒക്കെ വന്നു പോയത്രേ ''  അവർ പറഞ്ഞു '' നമുക്കും പോവാം ''.

'' അല്ലാ. ശവം എടുക്കും മുമ്പ് പോവ്വാണോ '' അയാൾ വിടുന്ന മട്ടില്ല.

'' ചെന്നിട്ട് ഒരു സ്ഥലം വരെ പോവാനുണ്ട് '' വലിയമ്മ മറുപടി നൽകി.

'' അങ്ങിനെയാണെങ്കിൽ പിന്നെ നിവൃത്തിയില്ലല്ലോ ''.

'' ശരി. പിന്നെ കാണാം '' അയാളോട് യാത്ര പറഞ്ഞു.

'' നല്ല ആളേയാണ് നിനക്ക് വർത്തമാനം പറയാൻ കിട്ടിയത്. കടിച്ചാൽ കടി വിടാത്ത സൈസ്സാണ് ആ മഹാൻ '' കാറിൽ കയയതും വലിയമ്മ പറഞ്ഞു '' എന്തായാലും നീ ഒറ്റയ്ക്കിരുന്ന് ബോറടിച്ചില്ലല്ലോ ''.

'' കൂടുതൽ നേരം സംസാരിച്ചാൽ തീർച്ചയായും ബോറ് തോന്നുമായിരുന്നു. ഭാഗ്യം,  അപ്പോഴേക്കും വലിയമ്മ വന്നു രക്ഷിച്ചു ''.

രണ്ടുപേരും ചിരിച്ചു. കാർ പതിപ്പാലത്തിനടുത്തെത്തി

Wednesday, August 13, 2014

അദ്ധ്യായം - 36.

ദിലീപ് മേനോൻ തലയ്ക്കൽവെച്ച മൊബൈൽ എടുത്തു നോക്കി. സമയം രണ്ടര കഴിഞ്ഞു. പത്തുമണി കഴിഞ്ഞതും ഉറങ്ങാൻ കിടന്നതാണ്. പലവട്ടം തിരിഞ്ഞുംമറിഞ്ഞും കിടന്നു. കൺപീലികളോട് കലഹിച്ച് ഉറക്കംഎങ്ങോ പോയിരിക്കുന്നു. അനിതയോട് സംസാരിച്ചതിന്നുശേഷം മനസ്സിൽ ഉണ്ടായ അസ്വസ്ഥത ഇനിയും മാറിയിട്ടില്ല.

നാളെ ഉച്ചയോടുകൂടി അനിത മകനുമായി മുംബെയിൽ എത്തും‌. പെങ്ങൾ വേണ്ടവിധത്തിൽ സ്വീകരിച്ചില്ലെങ്കിലോ എന്ന ആശങ്കയാണ് അനിതയ്ക്ക്. അവളെ കുറ്റം പറയാനാവില്ല.  കല്യാണം കഴിഞ്ഞ് കാലം കുറേ കഴിഞ്ഞു എന്നത് ശരിയാണ്. പക്ഷേ  ഇത്രകാലം നാത്തൂന്മാർ ഒന്നിച്ചു കഴിയാൻ ഇട വന്നിട്ടില്ല. പോരാത്തതിന്ന് പെങ്ങൾക്ക് നല്ല  തലക്കനവുമുണ്ട്. ഒരു പക്ഷേ കയറി ചെല്ലുമ്പോൾ നാത്തൂൻ അവഗണീച്ചാലോ എന്നതാണ് അനിതയുടെ പേടി. അപ്രിയമായതൊന്നും സംഭവിക്കാതിരുന്നാൽ മതി.  ഭാര്യയേയും കുട്ടിയേയും അന്യനാട്ടിൽ വിട്ട് ഒറ്റയ്ക്ക് പോരാൻ തോന്നിയത് തെറ്റായി. ഇനി പറഞ്ഞിട്ടു കാര്യമില്ലല്ലോ. . 

പപ്പനമ്മാമൻ കൂർക്കം വലിക്കുന്നത് കേൾക്കാനുണ്ട്. ഇടയ്ക്ക് അദ്ദേഹം ചുമയ്ക്കും‌. '' ഹമ്മേ '' എന്ന വിളിയോടെയാണ് ഓരോ തവണയും ചുമ അവസാനിക്കുക. ഒട്ടും വൈകാതെ വീണ്ടും കൂർക്കംവലി ആരംഭിക്കും. പലതവണ ഈ പ്രക്രിയ ആവർത്തിച്ചുകഴിഞ്ഞു. മനസ്സിൽ യാതൊരുവിധ വേവലാതിയും ഇല്ലാത്തതിനാലാവാം അദ്ദേഹത്തിന്ന് ഇങ്ങിനെ ഉറങ്ങാൻ കഴിയുന്നത്.

മുമ്പും പപ്പനമ്മാമനെ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അന്നൊന്നും ഇത്രയും അടുപ്പം  ഉണ്ടായിരുന്നില്ല. എന്തെല്ലാം കാര്യങ്ങളാണ്  ഈ കുറഞ്ഞ ദിവസങ്ങൾക്കകം അദ്ദേഹത്തിൽ നിന്ന് അറിയാൻ കഴിഞ്ഞത്.

അടുക്കളയുടെ ഭാഗത്തുനിന്ന് എന്തോ ശബ്ദം കേട്ടു. കിടക്കുന്നതിന്നു മുമ്പ് പപ്പനമ്മാമൻ പറഞ്ഞ കാര്യങ്ങൾ പെട്ടെന്ന് മനസ്സിലെത്തി. നിലവിലുള്ള തറവാടിനോടു ചേർന്ന് ഇത്രതന്നെ വലുപ്പമുള്ള  വേറൊരു കെട്ടിടം പണ്ട് ഉണ്ടായിരുന്നുവത്രേ. ജാരസംസർഗ്ഗം സംശയിച്ച് തറവാട്ടിലെ ഏതോ ഒരു പെൺകിടാവിനെ അന്നത്തെ കാരണവർ ആ കെട്ടിടത്തിൻറെ ഒരു തൂണിൽ കെട്ടിയിട്ട് ഭേദ്യം ചെയ്തു. മർദ്ദനത്തിനൊടുവിൽ ആ യുവതി മരണപ്പെട്ടു. പ്രതാപവും സ്വാധീനവും കാരണം കേസ്സുണ്ടായില്ല. പക്ഷേ വേറെ പലതും സംഭവിച്ചു. കൊല്ലം തികയുന്നതിന്നു മുമ്പ് ആ കെട്ടിടം അഗ്നിക്കിരയായി. പുതുക്കി പണിതെങ്കിലും അതിൽ താമസിക്കാൻ ആരും തയ്യാറായില്ല. ഒരു പ്രേതാലയംപോലെ ആ കെട്ടിടം ആളനക്കമില്ലാതെ കിടന്നത് പപ്പനമ്മാമൻ കണ്ടിട്ടുണ്ടത്രേ. '' അഞ്ചിടങ്ങഴി അരിയിട്ട് കഞ്ഞി വെച്ചാലും കുട്ടികൾക്കും ആണുങ്ങൾ‌ക്കും കൊടുത്തു കഴിഞ്ഞാൽ പെണ്ണുങ്ങൾക്ക് തികയില്ല '' എന്ന അവസ്ഥയിൽ നിന്നുള്ള മാറ്റം പെട്ടെന്നായിരുന്നു. തറവാട് ഭാഗിച്ച് ഓരോ താവഴി ഓരോ സ്ഥലത്തേക്ക് താമസം മാറി. കാരണവർക്ക് വസൂരിദീനം പിടിപെട്ടു. തോട്ടിൻകരയിലെ കളപ്പുരയിൽ ആരും നോക്കാനില്ലാതെ ആ മനുഷ്യൻ നരകിച്ച് മരിച്ചുവത്രേ. ഒട്ടേറെ പരിഹാരക്രിയകൾ ചെയ്തിട്ടും ദോഷം മാറാത്തതിനാലാവാം ഒടുവിൽ ആ കെട്ടിടം നശിച്ചു മണ്ണടിഞ്ഞു.

തുറന്നിട്ട ജനലിന്നരികിലായി ഒരു നിഴലനക്കം കണ്ടു. മുറ്റത്തുകൂടി ആരോ  നടക്കുന്ന ഒച്ച കേൾക്കാനുണ്ട്. കൈകാലുകളിലൂടെ ഒരു വിറയൽ മേലോട്ട് കയറി.  ദേഹമാസകലം വിയർപ്പിൽ കുളിച്ചിരിക്കുന്നു. ശബ്ദം പുറത്തേക്ക് വരുന്നില്ല. മനസ്സ് ഭയത്തിന്ന് കീഴടങ്ങുകയാണ്.

പെട്ടെന്ന് പപ്പനമ്മാമൻ ചുമച്ചുതുടങ്ങി. അടുത്ത് ഒരാളുണ്ട് എന്ന തോന്നൽ ആശ്വാസം പകർന്നു. തല പൊങ്ങിച്ച് നോക്കുമ്പോൾ അദ്ദേഹം എഴുന്നേറ്റ് ഇരിക്കുകയാണ്. വേഗം അദ്ദേഹത്തിൻറെ അരികിലേക്ക് ചെന്നു.

'' വല്ലാതെ ചുമയ്ക്കുന്നുണ്ടല്ലോ. കട്ടൻ കാപ്പി ഉണ്ടാക്കണോ '' ചെറിയൊരു ചൂട് കിട്ടിയാൽ ചുമ അൽപ്പം ഭേദപ്പെടുമെന്ന് കരുതി ചോദിച്ചു.

'' ഒന്നും വേണ്ടാ. ഞാൻ കാരണം ദീപുവിന്ന് ഉറങ്ങാൻ ബുദ്ധിമുട്ടായോ ''.

'' ഏയ്. അങ്ങിനെയൊന്നും ഇല്ല. എന്താ എന്നറിയില്ല. ഇത്ര നേരമായിട്ടും ഉറക്കം വരുന്നില്ല ''.

'' മനസ്സിൽ ആലോചന വല്ലതും ഉണ്ടാവും. അതാ ഉറക്കം വരാത്തത് '' എത്ര എളുപ്പം അദ്ദേഹം കാരണം കണ്ടെത്തി..

''  അതുതന്നെ കാരണം‌. ഇത്ര നേരം അനിതയേയും മകനേയും കുറിച്ച് ആലോചിക്കുകയായിരുന്നു  ''

'' പല തവണ പറയണം എന്നു വിചാരിച്ച ഒരു കാര്യമുണ്ട്.  ദീപുവിന്ന് പരിഭവം തോന്നരുത്. ഭാര്യയേയും കുട്ടിയേയും തനിച്ചാക്കി  നേരത്തെ പോന്നത് ഒട്ടും ശരിയായില്ല. കല്യാണം കഴിഞ്ഞാൽ പിന്നെ സ്വന്തം കാര്യം നോക്കരുത്. ഭാര്യയുടേയും  കാര്യം നോക്കിയ ശേഷമേ നമ്മുടെ കാര്യം നോക്കാവൂ. അല്ലെങ്കിൽ എന്നെപ്പോലെ ഭാര്യയും മക്കളും ഒന്നും വേണ്ടാ എന്ന മട്ടിലുള്ള ജീവിതം ആവണം ''.

''  പപ്പനമ്മാമൻ എന്താ വിവാഹം വേണ്ടാ എന്നു വെച്ചത് ''.

'' വേണ്ടാന്ന് വെച്ചതൊന്ന്വല്ല. അങ്ങിനെ സംഭവിച്ചു എന്നേ  പറയേണ്ടൂ. വകേൽ ഒരമ്മാമൻറെ മകളെ അമ്മ നോക്കിവെച്ചിരുന്നു. അമ്മായിയുടെ അമ്മയ്ക്ക് വയസ്സായി, പേരക്കുട്ടിയുടെ പുടമുറി കാണണം എന്നൊക്കെ പറഞ്ഞ് അവർ തിടുക്കം കൂട്ടി. എനിക്ക് അന്ന് ഇരുപത്തൊന്ന് വയസ്സാണ്, പെൺകുട്ടിക്ക് പതിനഞ്ചും‌. ചിങ്ങത്തിലെ ഉത്രാടത്തിന്ന് പുടമുറിക്കുള്ള മുഹുർത്തം കുറിച്ചു. ക്ഷണിക്കൽ വരെ നടത്തി. ആ സമയത്താണ് സമരം ചെയ്തതിന്ന് എന്നെ പോലീസ് പിടിക്കുന്നത്. അതോടെ അത് മുടങ്ങി ''.

'' പിന്നെ വേറെ ആലോചനയൊന്നും വന്നില്ലേ ''.

'' ഒരിക്കൽ കൂടി ആലോചിച്ചു. അതും നടന്നില്ല ''.

'' അതെന്താ  പറ്റിയത് ''.

'' അമ്മയുടെ പരിചയത്തിലുള്ള കുട്ടിയായിരുന്നു അത്. പെണ്ണു കാണൽ വരെ നടന്നു. പെൺകുട്ടിയുടെ അമ്മയ്ക്കാണെങ്കിൽ മൂക്ക് മുങ്ങ്വോളം മോഹം‌. അപ്പോഴാ കുട്ടിയുടെ അമ്മാമൻ എതിർപ്പ് പറഞ്ഞത് ''.

'' എന്തിനാ എതിർത്തത് ''.

'' മര്യാദയ്ക്ക് വല്ല പണിയും ചെയ്ത് കുടുംബം നോക്കുന്നത്തിന്നു പകരം നാടു നന്നാക്കാൻ നടക്കുന്നവന്ന് എൻറെ അനന്തിരവളെ കൊടുക്കില്ല എന്ന് അയാൾ തടസ്സംപറഞ്ഞു.  തീരുമാനമെടുക്കാനുള്ള അധികാരം അന്നൊക്കെ അമ്മാമന്മാർക്കാണ്. അതോടെ അതും മുടങ്ങി ''.

'' എന്നിട്ട് ''.

'' അമ്മ ഏതോ പേരുകേട്ട ജോത്സ്യൻറെ അടുത്ത് എൻറെ ജാതകവുമായി ചെന്നു. എനിക്ക് പരിവ്രാജക യോഗം ഉണ്ട്, സന്യാസിയെപ്പോലെയുള്ള ജീവിതമായിരിക്കും‌, കല്യാണം നടക്കില്ല, നടന്നാലും അധികകാലം ഒന്നിച്ച്  കഴിയില്ല എന്നൊക്കെ പറഞ്ഞുവത്രേ. അതോടെ കുടുംബജീവിതം വേണ്ടാ എന്ന് ഞാനും നിശ്ചയിച്ചു. എന്തിനാ ഒരു പെണ്ണിൻറെ ജീവിതം ഞാനായിട്ട് നശിപ്പിക്കുന്നത് ''.

'' എന്താ രണ്ടാൾക്കും ഉറങ്ങ്വോന്നും വേണ്ടേ '' കിടപ്പുമുറിയുടെ വാതിൽ തുറന്ന് വലിയമ്മയെത്തി.

'' കുര വന്നപ്പോൾ എഴുന്നേറ്റതാണ്. സുഭദ്ര കിടന്നോളൂ '' പപ്പനമ്മാമൻ പറഞ്ഞതും വലിയമ്മ തിരിച്ചു പോയി.

'' ദീപു, ഉറക്കം വരാൻ ഒരു സൂത്രം പറഞ്ഞുതരാം‌. ഒന്നുകിൽ കുറേനേരം നാമം ജപിച്ചുകൊണ്ട് കിടക്കുക, അതല്ലെങ്കിലോ വെള്ളത്തിൽ മലർന്നു കിടന്ന് നീന്തുന്നതായി സങ്കൽപ്പിക്കുക. ഉറക്കം തന്നേ വന്നോളും  ''.

പപ്പനമ്മാമൻറെ ഉപദേശം പരീക്ഷിച്ചു നോക്കാം‌. ദിലീപ് മേനോൻ പുതപ്പ് തലവഴി വലിച്ചിട്ടു.


Friday, August 1, 2014

അദ്ധ്യായം - 35.


'' എന്തിനാ ഒറ്റയ്ക്ക് തിരുവനന്തപുരത്തേക്ക് പോയത്.  പറഞ്ഞാൽ ഞാൻ കൂടെ വരില്ലേ ''.

'' അതിനൊന്നും സമയം കിട്ടിയില്ല.  നീലകണ്ഠൻറെ മകളുടെ ഭർത്താവ് പി. ഡ്ബ്ലിയു. ഡി. യിൽ നിന്ന് എക്സിക്യുട്ടീവ് എഞ്ചിനീയറായി റിട്ടയർ ചെയ്ത ആളാണ്. നീലകണ്ഠൻ അയാളോടാണ് എന്നെ കാണണം എന്ന മോഹം പറഞ്ഞത്. അയാൾ പോവാനും വരാനും ഉള്ള ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്ത് കാർ ഡ്രൈവറെ എനിക്ക് തുണയ്ക്ക് അയച്ചു.  ആ വിദ്വാൻ വന്ന് വിവരം പറയുമ്പോഴാണ് ഞാൻ കാര്യം അറിയുന്നത് ''.

'' എന്താ കൂട്ടുകാരൻറെ കണ്ടീഷൻ‌.  കണ്ടപ്പോൾ മനസ്സിലായോ ''.

''  സംഗതി സീരിയസ്സന്നെ.  ആളെ മനസ്സിലാവാത്ത അവസ്ഥയായിട്ടില്ല. ഞാൻ ചെന്നതും കയ്യിൽ മുറുക്കെ പിടിച്ചു.  കാര്യം അദ്ദേഹത്തിന്ന് പിടി കിട്ടി എന്ന് തോന്നുന്നു.  പേടിക്കേണ്ടാ സൂക്കട് വേഗം ഭേദാവും എന്ന് ഞാൻ പറഞ്ഞപ്പോൾ മൂപ്പര്  അമർത്തിയൊന്ന്   മൂളി.   രാത്രി മടങ്ങി വരാനായി പുറപ്പെടാൻ നേരത്ത് പിന്നെ കാണാട്ടോ എന്ന് ഞാൻ പറഞ്ഞതും എവിടെ വെച്ചാ എന്ന് തിരിച്ചൊരു ചോദ്യം.  ഒന്നും പറയാതെ ഞാനിറങ്ങി ''.

'' എത്ര ദിവസം അവിടെ കൂടി ''.

'' ആസ്പത്രീയിൽ ദിവസക്കണക്കിന്ന് കഴിയാൻ പറ്റില്ലല്ലോ.  രാത്രി തിരുവനതപുരത്തേക്ക് പോവുന്ന അമൃത എക്സ്പ്രസ്സിൽ അങ്ങോട്ട് പോയി. പിറ്റേ ദിവസം രാത്രി അതേ  വണ്ടിക്ക് തിരിച്ചു പോന്നു ''.

'' അത് നന്നായി. ബുദ്ധിമുട്ടാതെ പോയി വന്നല്ലോ ''.

''  തിരുവനന്തപുരത്തേക്ക് ചെല്ലുമ്പോഴെല്ലാം ഞാൻ ഈ വണ്ടിയിലാണ് പോവാറും വരാറും.  ഇത്ര സൗകര്യം വേറെഏത് വണ്ടീല് പോയാലും കിട്ടില്ല.  തീവണ്ടിയുടെ സൗകര്യം ആലോചിക്കുമ്പോൾ വെള്ള.ക്കാരോട് ബഹുമാനവും നന്ദിയും തോന്നാറുണ്ട് ''.

'' അവരെ ആട്ടിയോടിക്കാൻ സമരം ചെയ്ത ആളല്ലേ. എന്നിട്ട് ഇങ്ങിനെ പറയുന്നത് ആരെങ്കിലും കേട്ടാലോ ''.

'' ആരേയും ബോധിപ്പിക്കാൻ വേണ്ടി ഞാനൊന്നും പറയാറില്ല.  ശരി എന്ന് എനിക്ക് തോന്നുന്നത് ഞാൻ പറയും‌. ഇംഗ്ലീഷുകാർ എത്രയോ  ദ്രോഹങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷെ റെയിൽവേ, ആധുനീക വിദ്യാഭ്യാസം തുടങ്ങിയ ചില നല്ല കാര്യങ്ങളും അവര്‍ ചെയ്തു ''.

'' അതെല്ലാം അവരുടെ ആവശ്യത്തിന്നുവേണ്ടി ചെയ്തതല്ലേ  ''.

'' അല്ലയെന്ന് പറയുന്നില്ല.­പക്ഷെ ഇന്നും നമ്മളതിൻറെ ഗുണഫലങ്ങൾ  അനുഭവിക്കുന്നുണ്ട്. ഇന്നത്തെപ്പോലത്തെ വലിയയന്ത്രങ്ങൾ ഇല്ലാത്ത കാലത്ത് റെയിൽവേ ലൈനിട്ടത് ചെറിയ കാര്യമാണോ ''.

'' വേണമെങ്കിൽ ആര്‍ക്കും ചെയ്യാൻ പറ്റുന്നതല്ലേ ''.

'' അതുപറഞ്ഞാൽ ഞാൻ സമ്മതിക്കില്ല. നമ്മുടെ നാട്ടിൽ ഏതെങ്കിലും പദ്ധതി സമയത്തിന്ന് പൂർത്തിയാക്കിയിട്ടുണ്ടോ. അടങ്കൽ തുകയുടെ എത്ര ഇരട്ടി പണി തീരുമ്പോഴേക്ക് ചിലവിടേണ്ടി വരും‌. അപ്പോൾ ഒന്നര നൂറ്റാണ്ടു മുമ്പ് റിക്കോർഡ് വേഗത്തിൽ പണി തീർത്തവരെ ബഹുമാനിക്കാതിരിക്കാൻ പറ്റുമോ ''.

'' റിക്കോർഡ് വേഗത്തിൽ ചെയ്തു എന്ന് എങ്ങിനെ പറയാൻ പറ്റും. ആർക്കാ അത് അറിയുക ''.

'' റെയിൽവേയുടെ ചരിത്രം കേട്ടോളൂ. കൃത്യമായി പറഞ്ഞാൽ 1861 ലാണ് നമ്മുടെ നാട്ടിൽ റെയിൽവേ ലൈൻ നിർമ്മിച്ചത്. തിരൂരിൽ നിന്ന് ബേപ്പൂരിലേക്കായിരുന്നു അത്. പിന്നെ തിരൂർ - കുറ്റിപ്പുറം‌, പട്ടാമ്പി - ഷൊർണ്ണൂർ അങ്ങിനെ ഒരോ ഭാഗമായി ഒന്നൊന്നര കൊല്ലം കൊണ്ട് അവർ പോത്തനൂർ മുതൽ ബേപ്പൂർ വരെയുള്ള പണി തീർത്തു ''.

'' ഇവിടെ റെയിൽവേലൈൻ ഉണ്ടായിട്ട് കഷ്ടിച്ച് നൂറുകൊല്ലം ആവും എന്നാ ഞാൻ കരുതിയിരുന്നത് '' ദിലീപ് മേനോൻ അത് പറഞ്ഞതും അകത്തു നിന്ന് ടെലഫോണിൻറെ ശബ്ദം ഉയർന്നു.

'' ദീപൂ, നിൻറെ മൊബൈൽ സ്വിച്ചോഫാണോ. ജാഫർ വിളിക്കുന്നുണ്ട് '' അകത്തു നിന്ന് വലിയമ്മയുടെ വിളി പറഞ്ഞതും ദിലീപ് മേനോൻ പോയി.

ഇപ്പോൾ ഉമ്മറത്ത് ഒറ്റയ്ക്കാണുള്ളത്. മനസ്സ് പഴയതാളുകൾ മറിച്ചു നോക്കാൻ തുടങ്ങി. ഓർമ്മയിലെ തണ്ടപാളയത്തിലൂടെ കരിവണ്ടികൾ കൂവി പായുകയാണ്. കൈകാട്ടി മരങ്ങൾ‌, ചൂരൽ കൊണ്ടുണ്ടാക്കിയ താക്കോൽ കൊടുക്കാനുള്ള വളയങ്ങൾ‌, പാട്ടത്തൈരുവീണൂ കിടക്കുന്ന പ്ലാറ്റ്ഫോമുകൾ, കരിതുപ്പി നീങ്ങുന്ന കരിംഭൂതങ്ങളെപ്പോലുള്ള ഭീമൻ എഞ്ചിനുകൾ‌ അങ്ങിനെ നിരവധി കാഴ്ചകൾ മിന്നി മറഞ്ഞു‌.

തീവണ്ടികൾ പുറന്തള്ളിയ കരിപടലങ്ങൾ മായുമ്പോൾ തെളിയുന്നത് ജനവരിയിലെ ഒരു പ്രഭാതമാണ്. പ്രാതൽ കഴിക്കാനിരിക്കുമ്പോഴാണ്  കന്നു മേക്കാൻ വരുന്ന മുത്തായി എത്തുന്നത്.

'' നിറച്ചെനയുള്ള പയ്യാണ്. എപ്പോഴാ പ്രസവിക്കുക എന്ന് പറയാൻ പറ്റില്ലട്ടോ. ദൂരത്തൊന്നും കൊണ്ടുപോണ്ടാ '' എന്ന് അമ്മ അവനോട് പറയുന്നതു കേട്ടു. പശുവിനേയും കുട്ടിയേയുംകൊണ്ട് അവൻ പടി കടന്നു പോവുന്നത് അടുക്കളയിലെ ജനാലിലൂടെ കണ്ടതാണ്. ഭക്ഷണം കഴിഞ്ഞ് എഴുന്നേൽക്കുമ്പോൾ സമയം എട്ടര. ആളുകേറുന്ന തീവണ്ടി വരാനുള്ള സമയമായി. ആനയെപ്പോലെ ആളുകേറുന്ന തീവണ്ടിയും ബാല്യകാലത്തെ കൗതുകമായിരുന്നു. റെയിൽവേ ഗെയിറ്റിനരികിലുള്ള പുളിമരച്ചോട്ടിൽ ചെന്നു നിന്നാൽ യാത്രക്കാരെ വ്യക്തമായി കാണാം‌. അതിനാൽ വണ്ടി വരുന്നതും നോക്കി അവിടെ ചെന്നു നിൽക്കും‌.

പടിപ്പുരകടന്ന് പുളിമരച്ചോട്ടിലേക്ക് ഓടി. അകലെ വളവു തിരിഞ്ഞ് ഓടി വരുന്ന വണ്ടി കാണാനുണ്ട്. അടുത്തെത്താറായപ്പോൾ ഉറക്കെ വിസിലടിക്കുന്നത്കേട്ടു. നോക്കുമ്പോൾ ട്രാക്കിലൂടെ വീട്ടിലെ പശുവും കിടാവും ശബ്ദം കേട്ട് പരിഭ്രമിച്ച് ഓടുകയാണ്. വണ്ടി അടുത്തെത്തി കഴിഞ്ഞു. നോക്കി നിൽക്കുകയല്ലാതെ ഒന്നും ചെയ്യാനാവില്ല. പെട്ടെന്ന് കുട്ടി ഒരു വശത്തേക്ക് ചാടിയിറങ്ങി. എഞ്ചിൻ പശുവിനെ ഇടിച്ചു തെറിപ്പിച്ചു. ഒരു ഫുട്ബോൾപോലെ അത് മൈലാഞ്ചിചെടികൾകൊണ്ട് കെട്ടിയ വേലിയിൽ ചെന്നു വീണൂ. പുഴയോരത്തു നിന്ന് കയറിവന്ന മുത്തായിയോടൊപ്പം പശുവിനെ ചെന്നു നോക്കി. അതിൻറെ ദേഹത്ത് മുറിവൊന്നും കണ്ടില്ല. തുറിച്ചകണ്ണുകളിൽ അപ്പോഴും ഭയത്തിൻറെ നിഴലുണ്ട്.

'' മാട് ചത്തു. ഇനി എന്താ ചെയ്യാ '' മുത്തായിയുടെ വാക്കുകളിൽ പേടിയോ ദുഖമോ എന്തായിരുന്നു എന്നറിയില്ല.

'' കുട്ടി ഇവിടെ നിൽക്കൂ. ഞാൻ വീട്ടിൽ പറഞ്ഞിട്ടു വരാം '' അവൻ വീട്ടിലേക്കോടി. പുളിങ്കമ്പുമായിട്ടാണ് അമ്മ എത്തിയത്.

'' കന്നുമേക്കാൻ വന്ന ചെക്കനെ പമ്പരം ഉണ്ടാക്കാൻ പറഞ്ഞയയച്ചിട്ട് പെറാറായ പയ്യിനെ കൊലയ്ക്ക് കൊടുത്തില്ലേടാ '' എന്നും പറഞ്ഞ് അമ്മ പൊതിരെ തല്ലി.

താൻ നിരപരാധിത്വം ബോധിപ്പിച്ചത് അമ്മ ചെവിക്കൊള്ളാത്തപ്പോൾ ഉണ്ടായ സങ്കടം ഇന്നും മറന്നിട്ടില്ല. വീട്ടിലെ പടിപ്പുരയിലിരുന്ന് എത്ര നേരം കരഞ്ഞുവെന്ന് ഓർമ്മയില്ല .ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ആരും വിളിച്ചില്ല. വണ്ടിയിൽ ചാടി ചാവാൻ പോന്നതാണ്. പക്ഷേ സ്റ്റേഷനിലെത്തിയപ്പോൾ തീരുമാനം മാറി. മുമ്പിൽ കണ്ട വണ്ടിയിൽ കയറി. ഷൊർണ്ണൂരിൽ എത്തിയപ്പോൾ ആരോതന്ന ചോറ് കഴിച്ചത് ഒർമ്മയുണ്ട്. ആ യാത്ര അവസാനിച്ചത് കോഴിക്കോടാണ്. ഒരുപക്ഷേ    ജീവിതം മാറ്റി മറിച്ചത് ആ യാത്രയായിരിക്കും.

മഹാത്മാഗാന്ധി എത്തിയിട്ടുണ്ട് എന്ന് പലരും പറയുന്നത് കേട്ടപ്പോൾ കൗതുകം തോന്നി കാണാൻ ചെന്നു. ജനക്കൂട്ടത്തിന്നിടയിൽ നിന്ന് താൻ കണ്ട ആ മനുഷ്യനിൽ പത്തുവയസ്സ് തികയാത്ത ബാലന് പ്രത്യേകിച്ച് യാതൊന്നും തോന്നിയില്ല. പക്ഷെ അന്ന് മുഴങ്ങി കേട്ട '' ഭാരത് മാതാ കീ ജെയ് '' എന്ന ഒരു വാചകം മനസ്സിൽ ഇടം പിടിച്ചു. അതിൻറെ അലയൊലി ഇപ്പോഴും ചെവിയിലുണ്ട്.

'' ഒറ്റയ്ക്കിരുന്ന് ബോറടിച്ചു അല്ലേ '' ദിലീപ് മേനോൻറെ ചോദ്യം കേട്ട് ഞെട്ടിയെണീറ്റു.


Monday, July 21, 2014

അദ്ധ്യായം - 34.

'' എത്രയാ വേണ്ടത് കുട്ടാ '' പപ്പനമ്മാമന്‍ പോക്കറ്റില്‍നിന്ന് പേഴ്സെടുത്തു.

'' വേണ്ടാ അമ്മാമേ, കാശ് ദീപു കൊടുത്തോളും '' അപ്പോഴേക്കും അടുത്തെത്തിയ വലിയമ്മ ഇടപെട്ടു.

'' പൈസ മാഷ് തന്നു '' ഓട്ടോറിക്ഷക്കാരന്‍ വാഹനം സ്റ്റാര്‍ട്ടാക്കി. 

'' അമ്മമ്മേ, ഇപ്പോള്‍ വരാം ''  എന്ന് വലിയമ്മയോടു പറഞ്ഞ് ഉണ്ണിക്കുട്ടന്‍ അതില്‍ കയറി തിരിച്ചു പോയി. പപ്പനമ്മാമന്‍റെ രണ്ടു വശത്തുമായി രണ്ടാളും നടന്നു. 

'' ദീപു കുറച്ചു കഴിഞ്ഞിട്ട് അങ്ങോട്ട് വരാന്‍ ഒരുങ്ങിയതാണ് '' പപ്പനമ്മാമനോട് വലിയമ്മ പറഞ്ഞു '' ഇന്നുണ്ടായ സംഭവങ്ങള്‍ ഇന്നന്നെ അമ്മാമയോട് പറയണം എന്ന് അവന് ഒരേ നിര്‍ബ്ബന്ധം ''.

'' രാജിച്ചേച്ചിയുടെ കുട്ടിയെ ഡോക്ടറെ കാണിച്ച വിവരം പറയാന്‍ വേണ്ടി ഞാന്‍  വന്നപ്പോള്‍ പപ്പനമ്മാമനെ കാണാനായില്ല. വീട് പൂട്ടിയിരുന്നു. രാവിലെ അങ്ങോട്ട് പോരുമ്പോള്‍ അന്ന് എങ്ങോട്ടാ പോയത് എന്ന് അന്വേഷിക്കണമെന്ന് വിചാരിച്ചു. പക്ഷെ അതിനൊന്നും സമയം കിട്ടിയില്ല '' ദിലീപ് മേനോന്‍ ബാക്കികൂടി ചേര്‍ത്തി.

'' പാര്‍ട്ടിക്ക് ചെന്നപ്പോള്‍ ഓഡിറ്റോറിയത്തില്‍വെച്ച് മാധവനേയും സുമിത്രയേയും കണ്ടു. കുഞ്ഞുണ്ണിയെ കാണാന്‍ നിങ്ങള് പോയകാര്യം അവര് പറഞ്ഞറിഞ്ഞു. ഇനി അതു പറയാന്‍ നിങ്ങള് രണ്ടാളും  ബുദ്ധിമുട്ടണ്ടാ '' പപ്പനമ്മാമന്‍ ചിരിച്ചു ''  പിന്നെ ദീപു എന്നെ അന്വേഷിച്ചു വന്നപ്പോള്‍ കാണാതിരുന്നതല്ലേ? അതിനെപ്പറ്റി ഇത്തിരി വിസ്തരിച്ച് പറയാനുണ്ട് ''. 

പടവുകള്‍ കയറുമ്പോള്‍ അദ്ദേഹം മുന്നോട്ടാഞ്ഞു. പെട്ടെന്ന് കയ്യില്‍ കടന്നു പിടിച്ചു.  കൈ വല്ലാതെ വിറയ്ക്കുന്നുണ്ട്.

'' ഈയിടെയായി സ്റ്റെപ്പുകള്‍  കയറുമ്പോള്‍ കാലിന്ന് തീരെ  ബലമില്ലാത്തതുപോലെ തോന്നും. ആരെങ്കിലും പിടിച്ചാലേ കാല് എടുത്തുവെക്കാന്‍ പറ്റൂ ''.

ചാരുകസേലയില്‍ അദ്ദേഹം നീണ്ടു നിവര്‍ന്നു കിടന്നു. നല്ലപോലെ  വിയര്‍ത്തിട്ടുണ്ട്.  പെഡസ്റ്റല്‍ ഫാന്‍ അരികിലേക്ക് നീക്കിവെച്ചു.

'' അമ്മാമയ്ക്ക് കുടിക്കാനെന്താ വേണ്ടത്. ചായ കൊണ്ടുവരട്ടെ '' അല്‍പ്പനേരത്തിന്നു ശേഷം വലിയമ്മ ചോദിച്ചു.

'' ചായ വേണ്ടാ. സംഭാരം ഉണ്ടെങ്കില്‍ അതാവാം  ''.

തണുത്ത മോരിന്‍വെള്ളം അകത്തു ചെന്നപ്പോള്‍ പപ്പനമ്മാമന്‍ ഉഷാറായി.

'' ദീപു വന്നതിന്‍റെ തലേ ദിവസം ഞാൻ  അത്യാവശ്യമായി  തിരുവനന്തപുരം വരെ പോയിരുന്നു. അതാ  കാണാഞ്ഞത് '' അദ്ദേഹം  സംഭാഷണം ആരംഭിച്ചു.

'' അമ്മാമ ഇക്കുറി സമരത്തിനോ സമ്മേളനത്തിനോ എന്തിനാ പോയത് ''.

 '' ഏയ്. ഇത്തവണ അതിനൊന്ന്വോല്ല പോയത്. എന്‍റെ പഴയൊരു കൂട്ടുകാരനുണ്ട്, നീലകണ്ഠന്‍ നമ്പൂതിരി. അദ്ദേഹം ക്യാന്‍സര്‍ ബാധിച്ച് അവിടെ ചികിത്സയിലാണ്. അയാളെ കാണാന്‍ വേണ്ടി പോയതാ ''.

''  വയസ്സുകാലത്ത്  ഇത്രദൂരം യാത്ര ചെയ്യേണ്ടിയിരുന്നില്ല. കൂട്ടുകാരൻ ട്രീറ്റ്മെന്‍റ് കഴിഞ്ഞു
 തിരിച്ചു വരുമ്പോൾ വീട്ടിൽചെന്നു കണ്ടാൽ മതിയായിരുന്നു ''.

''  അയാൾ തിരിച്ചു വരുന്ന കാര്യം ഉറപ്പിക്കാനാവില്ല. അത്യന്തം ഗുരുതരാവസ്ഥയിലാണ് ഇപ്പോഴുള്ളത്. പിന്നെ വയസ്സിനെപ്പറ്റിയാണെങ്കിൽ പ്രായത്തിൻറെ കോട്ടം ശരീരത്തിനല്ലേ, മനസ്സിനല്ലല്ലോ. മനസ്സുകൊണ്ട് ഞാൻ ഇപ്പോഴും ചെറുപ്പമാണ്  ''. 

'' കുട്ടികളുടെകൂടെ ചിരിച്ച് കളിക്കുന്നത് കണുമ്പോള്‍  എനിക്കും അങ്ങിനെ തോന്നാറുണ്ട്.
 ഒരു  സംശയം  ചോദിച്ചോട്ടെ. എപ്പോഴെങ്കിലും പപ്പനമ്മാമന്  പ്രായമായി എന്ന തോന്നല്‍ വരില്ലേ. അപ്പോഴോ ''.

'' അന്ന് ഞാന്‍ ജീവിച്ചത് മതി എന്ന് വെക്കും.  വയസ്സായി എന്ന തോന്നല്‍ മനസ്സിൽ വന്നാൽ
പിന്നെ ആ മനുസ്യന്‍ ജീവിക്കുന്നതിൽ അർത്ഥമില്ല.  ചത്തു പോവുന്നതാ നല്ലത് ''.

'' അസ്സല് വേദാന്തം. അമ്മാമയുടെ കൂട്ടുകാരന് എത്ര പ്രായമായി ''.

'' എന്നെക്കാൾ ഒന്നോ രണ്ടോ വയസ്സിന്‍റെ കുറവ് കാണും.  പത്തെണ്‍പത്തിയെട്ട് വയസ്സായി എന്ന് കൂട്ടിക്കോളൂ. ആ കണക്കിന് നോക്കിയാൽ അയാള്‍ മരിച്ചാല്‍  ഒട്ടും സങ്കടപ്പെടാനില്ല. ഇത്ര കാലം ജീവിച്ചില്ലേ. എന്നായാലും ഈ ലോകത്തു നിന്ന് പോവാനുള്ളതാണ്. അപ്പോള്‍  വെറുതെ എന്തിനാ പണച്ചിലവിനും മക്കൾക്ക് ബുദ്ധിമുട്ടാനും വേണ്ടി  ഒരു ചികിത്സ ''.

'' അതെന്താ അങ്ങിനെ പറഞ്ഞത്. അച്ഛനോ അമ്മയ്ക്കോ രോഗം ബാധിച്ചാൽ ബുദ്ധിമുട്ടോ ചിലവോ ആരും നോക്കില്ലല്ലോ. കിട്ടാവുന്ന ഏറ്റവും നല്ല ചികിത്സ ചെയ്യിക്കില്ലേ ''.

'' ശരിയാണ്.  അച്ഛനേയും  അമ്മയേയും സ്നേഹിക്കുന്ന മക്കൾക്ക് അവര്‍ ഇല്ലാതാവുന്നത് സങ്കടകരമാണ്.  മാതാപിതാക്കള്‍ എന്നും തങ്ങളോടൊപ്പമുണ്ടാവണം എന്ന് അത്തരക്കാര്‍ ആഗ്രഹിക്കും. അതിനുവേണ്ടി എന്തു കഷ്ടപ്പാട് സഹിക്കാനും എത്രപണം ചിലവാക്കാനും അവര്‍ മടിക്കില്ല.  ഞാന്‍ പറഞ്ഞത് ഒരു പരിധി കഴിഞ്ഞാല്‍ ചികിത്സ എന്നത് രോഗിക്കും വേണ്ടപ്പെട്ടവര്‍ക്കും ഒരുപോലെ അനാവശ്യമായ ഒരു ബാദ്ധ്യതയായി മാറും എന്നാണ് ''.

 '' അതെങ്ങിനെ? ''.

'' നീലകണ്ഠന്‍റെ കാര്യം തന്നെയെടുക്കാം. അയാളുടെ രോഗം ഒരു കാലത്തും മാറില്ല എന്ന് അയാള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും ഒക്കെ നന്നായി അറിയാം. മരുന്നുസൂചി കുത്തിക്കേറ്റി ശരീരത്തിനെ വേണ്ടാതെ വേദനിപ്പിക്കുന്നത് സഹിക്കേണ്ടി വരുന്നത് എന്നത് അയാളുടെ സങ്കടം. പ്രയോജനമില്ലാത്ത കാര്യത്തിന്നുവേണ്ടി പണച്ചിലവും ബുദ്ധിമുട്ടും സഹിക്കേണ്ടി വരുന്നു എന്നത് ബന്ധുക്കളുടെ പ്രശ്നം '' പപ്പനമ്മാമന്‍  തോളത്തിട്ട തോര്‍ത്തെടുത്ത് മുഖം തുടച്ചതിന്നുശേഷം തുടര്‍ന്നു '' ഞാനൊരു കാര്യം ചോദിക്കട്ടെ, എന്തിനാ മരണത്തെ വല്ലാതെ ഭയക്കുന്നത്.  എന്നായാലും സംഭവിക്കും എന്ന് ഉറപ്പുള്ള കാര്യമല്ലേ  അത് ''.

''  അമ്മാമേ, ആര്‍ക്കാ മരണഭയം ഇല്ലാത്തത് ''.

'' അപൂര്‍വ്വം  ചിലരെ  ഒഴിച്ചു നിര്‍ത്തിയാല്‍  ബാക്കി എല്ലാവര്‍ക്കും മരണത്തെ ഭയമാണ്. ഞാന്‍, എന്‍റെ എന്ന തോന്നലാണ് മരണഭയത്തിന്ന് ആധാരം. മായ കാരണമാണ് ഈ വിധം തോന്നല്‍ ഉണ്ടാവുന്നത് എന്ന് ജ്ഞാനികള്‍ പറഞ്ഞു തന്നിട്ടുണ്ട്. മായയെ അതിജീവിക്കാന്‍  കഴിഞ്ഞാല്‍ പിന്നെ ഒന്നിനേയും ഭയപ്പെടേണ്ടി വരില്ല. അതിന്ന് ശരീരമല്ല അതിനകത്തുള്ള ആത്മാവാണ് ഞാന്‍ എന്ന് ബോധം വരണം ''.

'' പറഞ്ഞു പറഞ്ഞ് അമ്മാമ തത്വോപദേശത്തിലെത്തി ''.

'' എന്താ നിങ്ങള്‍ക്ക് മടുപ്പ് തോന്നുന്നുണ്ടോ ''.

'' ഇല്ല. പറഞ്ഞോളൂ. കേട്ടിട്ട് ലേശം വിവരം വെച്ചാല്‍ നല്ലതല്ലേ ''.

'' എവിടെ നിന്നാണ് ഈ ലോകത്തേക്ക് വന്നതെന്നോ എവിടേക്കാണ് തിരിച്ചുപോവുന്നത് എന്നോ ആര്‍ക്കും അറിയില്ല. എന്താണ് മരണം എന്ന് ചോദിച്ചാലോ? വ്യക്തമായ ഉത്തരം ഒരാള്‍ക്കും പറയാനാവില്ല.  പ്രാണന്‍ പോയതോണ്ട് മരിച്ചു എന്നല്ലാതെ ബാക്കിയൊന്നും ആര്‍ക്കും അറിയില്ല. എന്നാല്‍ എന്താണ് ഈ പ്രാണന്‍ എന്നോ, ജീവനുള്ള  ശരീരത്തിലത് എവിടെ കുടികൊള്ളുന്നു എന്നോ ഇന്നുവരെ ആരും മനസ്സിലാക്കിയിട്ടില്ല.  എന്നാൽ ഒരു കാര്യം ഉറപ്പാണ്. കാണാനോ, കേള്‍ക്കാനോ, തൊട്ടറിയാനോ, രുചിച്ചു നോക്കാനോ, മണം പിടിക്കാനോ പറ്റാത്ത എന്തോ ഒന്ന് ജീവജാലങ്ങള്‍ക്കുണ്ട്.  ശരീരത്തില്‍ നിന്ന് എപ്പോഴത് വേര്‍പെടുന്നുവോ അപ്പോഴാണ് ആ ജീവിയുടെ മരണം. അതായത് മരണം ആത്മാവിനല്ല ശരീരത്തിനാണ് എന്നര്‍ത്ഥം.  മരണത്തെക്കുറിച്ചും മരണാനന്തരജീവിതത്തെക്കുറിച്ചും മിക്ക മതങ്ങളും പഠിപ്പിക്കുന്നത് ഇതുതന്നെയാണ് ''.

'' മരണത്തെപ്പറ്റി പണ്ടുള്ളവര്‍ ഇതു മാത്രമാണോ പറഞ്ഞിട്ടുള്ളത് ''.

'' അല്ല. പലരും പല വിധത്തിലാണ് വിവരിച്ചിട്ടുള്ളത്. അഴുക്കു വസ്ത്രം മാറ്റി വേറൊന്ന് നമ്മള്‍ ധരിക്കുന്നതുപോലെ ജീര്‍ണ്ണിച്ചദേഹത്തെ ഉപേക്ഷിച്ച് പുതിയൊരു ദേഹത്തെ ദേഹി സ്വീകരിക്കുന്നതാണ് മരണമെന്ന് ചിലര്‍ കരുതിയിരൂന്നു. എന്നാല്‍ വേറെചിലര്‍ മരണത്തെ
മഹാനിദ്രയായിട്ടാണ് കണക്കാക്കിയിട്ടുള്ളത് ''.

'' ഈ കാര്യത്തിലും അഭിപ്രായവ്യത്യാസമോ '' ദിലീപ് മേനോന്‍ ആശ്ചര്യം പ്രകടിപ്പിച്ചു.

'' കഴിഞ്ഞിട്ടില്ല. ഈ ജന്മത്ത് ചെയ്ത പുണ്യപാപങ്ങളുടെ  ഭാണ്ഡക്കെട്ടുമായി ആത്മാവ് വേറൊരു ജന്മത്തിലേക്ക് പുറപ്പെടുന്ന യാത്രയായിട്ടാണ് മൂന്നാമത് ഒരു കൂട്ടര്‍ മരണത്തെ വ്യാഖ്യാനിക്കുന്നത്. ഇനി എന്തൊക്കെയുണ്ടെന്ന് ആര്‍ക്കാ അറിയുക  ''.

 ഒരു ഓട്ടോറിക്ഷ പടി കടന്നുവന്നു മുറ്റത്ത് നിന്നു. അതില്‍ നിന്ന് മാധവന്‍ മാഷും ഭാര്യയും ഉണ്ണിക്കുട്ടനും ഇറങ്ങി.

'' ഇതാ അമ്മാമ '' സുമിത്രയുടെ വാക്കുകളില്‍ ആശ്ചര്യം നിഴലിച്ചു. സന്ധ്യയാവുന്നതിന്ന് മുമ്പ് വീടെത്താന്‍ തിടുക്കം കൂട്ടുന്ന ആളാണ് വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നത്.

'' ഓരോന്ന് പറഞ്ഞിരുന്ന് പോവുന്ന കാര്യം  മറന്നു ''പപ്പനമ്മാമന്‍ എഴുന്നേറ്റു '' നേരം വൈകി. ദീപൂന് എന്നെ അവിടെ എത്തിക്കാന്‍ വയ്ക്കോ ''.

'' ഇന്നിനി എങ്ങോട്ടും അയയ്ക്കില്ല '' വലിയമ്മ മറുപടി പറഞ്ഞു.

'' അതു പറ്റില്ല. പോയിട്ട് ചില കാര്യങ്ങളുണ്ട് ''.

'' ഈ രാത്രി നേരത്ത് എന്താ ഇത്ര വലിയ കാര്യം.  ഒഴിവുകഴിവ് പറഞ്ഞാലൊന്നും ഞാന്‍ സമ്മതിക്കില്ല. എത്ര കാലമായി ഇവിടെ അന്തിയുറങ്ങീട്ട്. ഒരുദിവസം അമ്മാമ ഞങ്ങളുടെ കൂടെ വേണമെന്ന് ഞങ്ങള്‍ക്കും മോഹം കാണില്ലേ '' .

'' ശരി. സമ്മതിച്ചു. പക്ഷെ നാളെ വെളുക്കുമ്പോ എന്നെ അവിടെ എത്തിക്കണം. എട്ടര മണി കഴിഞ്ഞാല്‍ കുറച്ചാളുകള്‍ എത്തും. കോളനിയിലെ ഒരു പെണ്‍കുട്ടിക്ക് കല്യാണാലോചന വന്നിട്ടുണ്ട്. അതിനാണെങ്കില്‍ വേണ്ടപ്പെട്ട ആളായിട്ട് ഒരു മുത്തിത്തള്ള മാത്രമേ ഉള്ളൂ. ആ തള്ളയാണെങ്കില്‍  ഇന്നോ നാളയോ എന്നമട്ടില്‍ കിടപ്പാണ്. കല്യാണം നടത്താനുള്ള മാര്‍ഗ്ഗം ആലോചിക്കാനാണ് അവരുടെ വരവ്.  അപ്പോള്‍ ഞാനില്ലാതെ പറ്റില്ല ''.

'' എപ്പൊ വേണമെന്ന് പറഞ്ഞാല്‍ മതി, അപ്പൊ ദീപു അവിടെ എത്തിച്ചോളും. അതോര്‍ത്ത്  അമ്മാമ വിഷമിക്കേണ്ടാ '' ചെറിയമ്മ ഉറപ്പു നല്‍കി.

'' എങ്കില്‍ ആരെങ്കിലും ചെന്ന് ഞാന്‍ ഇന്ന് വരില്ല എന്ന വിവരം അറിയിക്കണം ''.

'' ആരോടാ പറയേണ്ടത് ''.

'' ആരെങ്കിലും വീട്ടില്‍ ടി.വി. കണ്ടോണ്ട് ഇരിക്കുന്നുണ്ടാവും. അവരോട് പറഞ്ഞാല്‍ മതി ''.

'' അപ്പോള്‍ വീട് പൂട്ടിയിട്ടില്ലേ ''.

'' ദൂരെ എവിടേക്കെങ്കിലും പോവുമ്പോള്‍ ഞാന്‍ വീട് പൂട്ടിയിട്ട് താക്കോല്‍ അടുത്ത വീട്ടില്‍  കൊടുക്കും. അല്ലെങ്കില്‍ പൂട്ടുന്ന പതിവില്ല ''.

വലിയമ്മ ഉണ്ണിക്കുട്ടനെ ആ ദൌത്യം ഏല്‍പ്പിച്ചു. അവന്‍ സൈക്കിളില്‍ കയറി സ്ഥലം വിട്ടു.

 '' നമുക്ക് കുറെനേരം വര്‍ത്തമാനം പറഞ്ഞിരിക്കാം. പുലരുന്നവരെ ഇരിക്കാനും ഞാന്‍ തയ്യാറാണ് '' ദിലീപ് മേനോന്‍ നിലപാട് അറിയിച്ചു

'' നല്ല കഥ. അതിന്ന് ശിവരാത്രിയൊന്നും അല്ലല്ലോ '' വലിയമ്മ ആ നിര്‍ദ്ദേശത്തെ എതിര്‍ത്തു .

'' ഉറക്കം വന്നാല്‍ എനിക്ക് കിടന്നേ പറ്റൂ. ഇല്ലെങ്കില്‍ തല ചുറ്റും  '' പപ്പനമ്മാമന്‍ തന്‍റെ വിഷമം അറിയിച്ചു ''

''  അമ്മാമയ്ക്ക് രാത്രിയ്ക്ക് എന്താ വേണ്ടത്. ചോറോ, കഞ്ഞിയോ, ചപ്പാത്തിയോ എന്തു വേണമെങ്കിലും ഉണ്ടാക്കാം ''.

'' എനിക്ക് അങ്ങിനത്തെ നിര്‍ബന്ധമൊന്നും ഇല്ല. വല്ലതും കിട്ടിയാല്‍ കഴിക്കും. ഇല്ലെങ്കിലോ വേണ്ടാന്ന്‌ വെച്ച് കിടക്കും ''.

'' ചൂടുവെള്ളം ഉണ്ടാക്കാം.  കയ്യും കാലും കഴുകിയിട്ട് നാമം ജപിച്ചോളൂ ''.

'' എനിക്ക് അങ്ങിനത്തെ എടപാടൊന്നുമില്ല. ആരേയും ദ്രോഹിക്കാതിരിക്കുക.  കഴിയുന്ന സഹായങ്ങള്‍  മറ്റുള്ളവര്‍ക്ക് നല്‍കുക. അതു രണ്ടും ഞാന്‍ പാലിക്കുന്നുണ്ട്. അതിലേറെ വലിയ ഈശ്വരാരാധന എന്താ ഉള്ളത്  ''.

'' സുമിത്രയും മാഷേട്ടനും ഉടുത്തത് മാറ്റിയിട്ട് വരട്ടെ. അപ്പോഴേക്ക് ഞാന്‍ കഞ്ഞിക്ക് അരി അരിച്ചിടാം '' വലിയമ്മ അടുക്കളയിലേക്ക് നടന്നു, മറ്റുള്ളവര്‍ പത്തായപ്പുരയിലേക്കും. ഉമ്മറത്ത് പപ്പനമ്മാമനും ദിലീപ് മേനോനും അടുത്ത സംഭാഷണത്തിന്ന് ഒരുങ്ങി.

Monday, June 23, 2014

അദ്ധ്യായം - 33.


സമയം സന്ധ്യയോടടുക്കാറായെങ്കിലും വെയിലിന്ന് നല്ല ചൂടുണ്ട്.. ഇടയ്ക്ക്  വയല്‍കടന്ന് വിരു ന്നിന്നെത്തുന്ന വരണ്ട കാറ്റിന്ന് മുറ്റത്തെ മാവിന്‍റെഇലകളെ ഇളക്കാനുള്ള കെല്‍പ്പില്ല. പെഡസ്റ്റല്‍ ഫാനിന്‍റെ അരോചകമായ ശബ്ദംകേട്ടു മടുത്തു. എഴുന്നേറ്റു ചെന്ന് അത് ഓഫ് ചെയ്ത് വീണ്ടും കിടന്നു..

അമ്പലത്തില്‍ നിന്ന് ഭക്തിഗാനങ്ങള്‍ ഉയരുന്നുര്‍ന്നുതുടങ്ങി. നട തുറന്നുകാണും. പാട്ടും കേട്ട് ചുമരിലേക്കും നോക്കി വെറുതെ കിടന്നു. യു.പി. സ്കൂള്‍ വിട്ട് ഹൈസ്കൂളില്‍ചേര്‍ന്ന കൊല്ല മാണ് വീട്ടില്‍ ആദ്യമായി ഒരുടേപ്പ്‌റിക്കോര്‍ഡര്‍ എത്തുന്നത്. ആ കൊല്ലം അച്ഛന്‍ ലീവില്‍ വരുമ്പോള്‍ കൊണ്ടുവന്ന നാഷണല് പാനാസോണിക്ക് മോണോടൈപ്പ് ടേപ്പ്‌റിക്കോര്‍ഡര്‍ ഒരു അത്ഭുതം ആയിരുന്നു. ടൌണിലെ കാസറ്റ് കടയില്‍നിന്ന് ഒട്ടേറെ കാസറ്റുക്കള്‍ റിക്കോര്‍ഡ് ചെയ്യിച്ചു വാങ്ങി. ഭക്തിഗാനങ്ങളായിരുന്നു ഭൂരിഭാഗവും .അന്നു കേട്ടിരുന്ന പാട്ടുകളാണ് ഇപ്പോഴും കേള്‍ക്കുന്നത്. എത്ര കാലം ചെന്നാലും ചിലത് നില നില്‍ക്കും. പി. ലീല ആലപിച്ച നാരായണീയത്തിന്‍റെ ഗ്രാമഫോണ്‍റിക്കോര്‍ഡ് പരിപാവനമായ വിഗ്രഹം പോലെ ഇന്നും വലിയമ്മ പൂജാമുറിയില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.

ചുണ്ണാമ്പും സുര്‍ക്കയും ചേര്‍ത്ത മിശ്രിതംകൊണ്ട് തേച്ചുമിനുക്കിയ ചുമരില്‍ അഴുക്ക് പിടിച്ചി രിക്കുന്നു.. ആ പാടുകളില്‍ ഏതെല്ലാമോ ചിത്രങ്ങള്‍ ഒളിമങ്ങി കിടപ്പുണ്ട്.മനസ്സിലെ ഭാവനയ്ക്ക നുസരിച്ച്  ഏതു രൂപം വേണമെങ്കിലും ആ അടയാളങ്ങളില്‍ കണ്ടെത്താനാവും..


''എന്താ ചെക്കന്മാരുടെ ഒരു അഹമതി.. സകല എണ്ണതിനീം പെടച്ച് നീളം വലിക്കണം''. മുറ്റത്ത് ഒരു സ്ത്രീശബ്ദം കേട്ടപ്പോള്‍ എഴുന്നേറ്റുനോക്കി.

കറുപ്പാണെങ്കിലും മുഖശ്രീയുള്ള ഒരു യുവതി ആരോടോ ദേഷ്യപ്പെട്ടുകൊണ്ട് വരികയാണ്. ഒരു കാലി പ്ലാസ്റ്റിക്ക്കുടം വലത്തു കയ്യില്‍ തൂക്കിപ്പിടിച്ചിട്ടുണ്ട്. അവള്‍ മുഖത്തു നോക്കി ഒന്നു ചിരിച്ചു.

'' വഴീല്‍കൂടിപോണ ചെക്കന്മാര് മതിലിന്ന് വെളീലിക്കുള്ളകൊമ്പിലെ മാങ്ങ മുഴുവന്‍ എറിഞ്ഞു വീഴ്ത്തി '' അവള്‍ പറഞ്ഞു '' വീണു കിടക്കുന്നത് അവര് എടുത്തോട്ടേ. മാവില്‍  നില്‍ക്കുന്നതിനെ എറിയണോ. എന്തെടാ നിങ്ങള് കാട്ടുന്നത് എന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ക്കെന്താ നഷ്ടം നിങ്ങളുടെ മാവണോ എന്ന് ഇങ്ങോട്ട് ഒരു ചോദ്യം ''

അതുംപറഞ്ഞ് അവള്‍ അടുക്കളഭാഗത്തേക്ക് നടന്നു. ഏതുകാലത്തും കുട്ടികള്‍ ഇങ്ങിനെയാണ്. മാവില്‍ മാങ്ങ കാണുമ്പോള്‍ എറിയാന്‍ തോന്നും. പെട്ടെന്ന്  ബാല്യകാലം ഓര്‍മ്മ വന്നു..  രാജിചേച്ചിക്ക് മാങ്ങ വലിയ ഇഷ്ടമായിരുന്നു. തറവാട്ടിലെ തൊടിയിലുള്ള മാങ്ങ പോരാതെ പാതവക്കത്തും അമ്പലത്തിന്‍റെ തൊട്ടടുത്ത തൊടിയിലും മാങ്ങപെറുക്കാന്‍ ചെല്ലും. വീണത് കിട്ടിയില്ലെങ്കില്‍ എറിഞ്ഞു വീഴ്ത്തും വീട്ടില്‍ ആരും അറിയാതെയുള്ള പരിപാടിയാണ്. ഒരു ദിവസം കുഞ്ഞുണ്ണിമാമ വന്നത് ക്ഷോഭിച്ചുകൊണ്ടായിരുന്നു.

'' സുഭദ്രേ, എന്താ നിന്‍റെ മകള് ഈ കാട്ടുന്നത്. ഒന്നിനോളം പോന്ന പെണ്ണല്ലേ. ആ ചെക്കനേയും കൂട്ടി അമ്പലത്തൊടിയിലും പാതടെ ഓരത്തും ഉള്ള സകല മൂച്ചിയിലും മാങ്ങ എറിയാന്‍ പോണുണ്ട്. കെട്ടിച്ചുവിട്ടാല്‍ അടുത്തകൊല്ലം കുട്ടി ഒന്ന് ഉറപ്പാ. എന്നിട്ട് ഇപ്പോഴും കാലിപ്പിള്ളരുടെ മട്ട് നടപ്പാണ് ''.

അന്ന് ചേച്ചിക്ക് പൊതിരെ കിട്ടി. പിന്നീട് അവര്‍ വീടിന്ന് പുറത്ത് അധികം ചെല്ലാതായി. .

അടുക്കളയുടെ പുറകില്‍ നിന്നായി ആ സ്ത്രീയുടേയും വലിയമ്മയുടേയും സംഭാഷണം കേള്‍ക്കാനുണ്ട്. പിള്ളേരെക്കുറിച്ചുള്ള പരാതി തന്നെയാണ് വിഷയം. അല്‍പ്പനേരം അത് തുടര്‍ന്നു.


'' നീ നാളെ വാ. ഞാന്‍ സുമിത്രയോടു പറഞ്ഞ് വാങ്ങി വെക്കാം '' വലിയമ്മ സംഭാഷണം അവസാനിപ്പിച്ചു.

നിറഞ്ഞ കുടവുമേറ്റി തിരിച്ചു പോവുമ്പോള്‍ അവള്‍ ഒന്നുക്ടി പുഞ്ചിരിച്ചു. എവിടേയോ കണ്ടുപരിചയമുള്ള മുഖമാണ്. ആരാണെന്ന് ഓര്‍മ്മ കിട്ടുന്നില്ല.

'' കുറച്ചു കഴിഞ്ഞിട്ട് വിളക്ക്വെക്കാം അല്ലേ '' വലിയമ്മ എത്തി 'ക്ലോക്കില്‍ സമയം ആയീന്നു പറഞ്ഞിട്ടെന്താ. വെയിലാറിയതേ ഉള്ളൂ ''.

'' ആരാ ആ സ്ത്രീ. എന്നെ നോക്കി പരിചയമുള്ളതുപോലെ ചിരിച്ചു ''.

'' പണ്ട് നമ്മുടെ വീട്ടില് പണിക്കു വന്നിരുന്ന ലക്ഷ്മിടെ മകള്‍ ശാന്തേ ഓര്‍മ്മയുണ്ടോ ".

'' ശാന്തേടെ ആരാ ''.

" ശാന്തടേ എന്നൊന്നും പറയണ്ടാ. അവളന്നെ ശാന്ത ''.

മുറ്റമടിക്കാന്‍  വന്നിരുന്ന  ലക്ഷ്മിയുടെ കൂടെ കുഞ്ഞുടുപ്പും ധരിച്ച് വന്നിരുന്ന ശാന്തയുടെ രൂപം മനസ്സില്‍ തെളിഞ്ഞു. .കോളേജ്  പഠനകാലത്താണെന്ന് തോന്നുന്നു  ലക്ഷ്മി കിടപ്പിലാ യതും പകരം കുറെനാള്‍ ശാന്ത പണിക്കു വന്നതും. അപ്പോള്‍ അവള്‍ മുതിര്‍ന്ന പെണ്‍കുട്ടി യായിരുന്നു..

" കഷ്ടാണ്- ആ പെണ്ണിന്‍റെ കാര്യം " വലിയമ്മ പറയാന്‍ തുടങ്ങി. ലക്ഷ്മിയുടെ കെട്ട്യോന്‍ മുഴു ക്കുടിയനായിരുന്നു. അവന്‍ ദേഹോപദ്രവും ഏല്‍പ്പിച്ചിട്ടാണ്  ആ പെണ്ണിന് ക്ഷയരോഗം വന്നത്. വേണ്ടതു പോലെ ചികിത്സിച്ചില്ല. മര്യാദയ്ക്ക് ഭക്ഷണവും കൊടുത്തില്ല. നരകിചിട്ടന്നെ അവള് മരിച്ചു. മകളുടെ കാര്യത്തില്‍ തന്തയ്ക്ക് അത്രയും ശ്രദ്ധ ഉണ്ടായിരുന്നില്ല. തോന്നിയതു പോലെ അവള്‍ വളര്‍ന്നു. ചെറുപ്പത്തിന്‍റെ  വിവരമില്ലായ്മ കൊണ്ട് പെണ്‍കുട്ടിക്ക് ഒരു അബദ്ധം പറ്റി. സ്നേഹം ഭാവിച്ച ആണിനെ വിശ്വസിച്ചു. കാര്യം കഴിഞ്ഞതോടെ അവന്‍ കാലു മാറി. ഏഴെട്ടു മാസം കഴിഞ്ഞപ്പോള്‍ സംഭവം നാട്ടില്‍ പാട്ടായി. പിന്നെ എന്തു ചെയ്യും. സമയമായപ്പോള്‍ അടു ത്തുള്ളോര് ചേര്‍ന്ന്  പെണ്ണിനെ ആസ്പത്രിയില്‍ കൊണ്ടു പോയി. അവള് അവിടെ കിടന്ന് ഒരു ആണ്‍കുട്ടിയെ പ്രസവിച്ചു. ഇപ്പോള്‍ അതിന് ഏഴെട്ട്  വയസ്സായിട്ടുണ്ടാവും. ചെക്കന്‍ സ്കൂളില്‍ പോണുണ്ട്..

" അപ്പോള്‍ അവളുടെ അച്ഛന്‍ ".

" നിറ വയറുള്ള പെണ്ണിനെ ചവിട്ടിക്കൊല്ലാന്‍ നോക്കിയപ്പോള്‍ അയ്‌വക്കത്തെ ആണുങ്ങള് രണ്ട് കൊടുത്തു. അന്ന് വീട്ടിന്ന് ഇറങ്ങി പോയതാണ്. എവിടെ ഉണ്ട് എന്ന് ആര്‍ക്കും അറിയില്ല ''.

" എങ്ങിനെ അവളും കുട്ടിയും ജീവിക്കുന്നു ''.

'' കൂലിപ്പണിക്ക് പോയി അവള്‍ സമ്പാദിക്കും. ഇപ്പോള്‍ പഞ്ചായത്തില്‍ നിന്ന് ഒരു പശുവിനെ കിട്ടിയിട്ടുണ്ട്. പണി കഴിഞ്ഞു വന്നാല്‍  അതിന്ന് പുല്ലരിഞ്ഞു കൊടുക്കും. ഇപ്പോള്‍ വേനല്‍ക്കാ ലമായതോണ്ട് പുല്ല്  കിട്ടാനില്ല. എവിടുന്നോ  അവള് കുറെ വൈക്കോല് വാങ്ങി വെച്ചിട്ടുണ്ട്. പിന്നെ മൂന്നു നാലു വീട്ടില്‍ നിന്ന് അരി കഴുകിയ വെള്ളവും ബാക്കി വന്നതും ഒക്കെ കൊണ്ടു പോയി അതിന്ന് കൊടുക്കും. കുടംകൊണ്ടു വന്നത് വെള്ളം എടുക്കാനാണ് ''..

'' ചെറുപ്പം വിട്ടിട്ടില്ല. ഇനി വേറൊരു അബദ്ധം പറ്റാതെ ഇരുന്നാല്‍ മതി ''.

'' ഇനി അങ്ങിനെ പറ്റുംന്ന് തോന്നുന്നില്ല. ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്ന് പറയാറില്ലേ. ഒരിക്കല്‍ ഒരു അബദ്ധം പറ്റി. അത് ഏതൊരാള്‍ക്കും പറ്റും.ചക്ക യൊന്നും അല്ലല്ലോ ചൂഴ്ന്നു നോക്കാന്‍. ആണുങ്ങളാവുമ്പോള്‍ ചളി കണ്ടാല്‍ ചിലപ്പോള്‍ ചവിട്ടി എന്നു വരും, വെള്ളം കാണുമ്പോള്‍ അവരത് കഴുകും ചെയ്യും. പെണ്ണുങ്ങളുടെ കഥ അതുപോലെ അല്ല. ഒരബദ്ധം പറ്റിയാല്‍ പറ്റിയതുതന്നെ. ജീവിതകാലം മുഴുവന്‍ ചെയ്ത തെറ്റിന്‍റെ ഫലം അവള് അനുഭവിക്കേണ്ടി വരും ''.

'' എന്നാലും ഒരു പെണ്‍കുട്ടിയെ ചതിക്കുമ്പോള്‍ മനസ്സാക്ഷിക്കുത്ത് തോന്നില്ലേ ''.

'' അത് ഉള്ളവര്‍ക്കല്ലേ തോന്നൂ. ഏതോ വലിയ വീട്ടിലെ സന്താനമാണ് അവളെ ചതിച്ചത് എന്നാ അന്ന് ജനസംസാരം ഉണ്ടായിരുന്നത്. പലരും പെണ്ണിനോട് ചോദിച്ചു നോക്കി. എന്നെ കൊന്നാലും ഞാനത് പറയില്ല. എന്‍റെ മകന്‍റെ അച്ഛന് ഞാനായിട്ട് ഒരുമാനക്കേട് ഉണ്ടാവരുത് എന്നും പറഞ്ഞ് അവളൊഴിഞ്ഞു. ഇന്നത്തെ കാലത്ത് ഇങ്ങിനത്തെ പെണ്ണുങ്ങളുണ്ടാവ്വോ. ഇതുതന്നെ തക്കം എന്നു കരുതി പിടിച്ച പിടിയാലേ കല്യാണം കഴിപ്പിക്കില്ലേ ''..

'' ആ കുട്ടി അയാളെ അത്രയധികം സ്നേഹിക്കുന്നുണ്ടാവും ''.

പടി കടന്ന് ഒരു ഓട്ടോറിക്ഷ വന്നുനിന്നു. ഉണ്ണിക്കുട്ടനോടൊപ്പം പപ്പനമ്മാമനും ഉണ്ട്.. എഴുന്നേറ്റ് അദ്ദേഹത്തിന്‍റെ അടുത്തേക്ക് നടന്നു.