Wednesday, August 13, 2014

അദ്ധ്യായം - 36.

ദിലീപ് മേനോൻ തലയ്ക്കൽവെച്ച മൊബൈൽ എടുത്തു നോക്കി. സമയം രണ്ടര കഴിഞ്ഞു. പത്തുമണി കഴിഞ്ഞതും ഉറങ്ങാൻ കിടന്നതാണ്. പലവട്ടം തിരിഞ്ഞുംമറിഞ്ഞും കിടന്നു. കൺപീലികളോട് കലഹിച്ച് ഉറക്കംഎങ്ങോ പോയിരിക്കുന്നു. അനിതയോട് സംസാരിച്ചതിന്നുശേഷം മനസ്സിൽ ഉണ്ടായ അസ്വസ്ഥത ഇനിയും മാറിയിട്ടില്ല.

നാളെ ഉച്ചയോടുകൂടി അനിത മകനുമായി മുംബെയിൽ എത്തും‌. പെങ്ങൾ വേണ്ടവിധത്തിൽ സ്വീകരിച്ചില്ലെങ്കിലോ എന്ന ആശങ്കയാണ് അനിതയ്ക്ക്. അവളെ കുറ്റം പറയാനാവില്ല.  കല്യാണം കഴിഞ്ഞ് കാലം കുറേ കഴിഞ്ഞു എന്നത് ശരിയാണ്. പക്ഷേ  ഇത്രകാലം നാത്തൂന്മാർ ഒന്നിച്ചു കഴിയാൻ ഇട വന്നിട്ടില്ല. പോരാത്തതിന്ന് പെങ്ങൾക്ക് നല്ല  തലക്കനവുമുണ്ട്. ഒരു പക്ഷേ കയറി ചെല്ലുമ്പോൾ നാത്തൂൻ അവഗണീച്ചാലോ എന്നതാണ് അനിതയുടെ പേടി. അപ്രിയമായതൊന്നും സംഭവിക്കാതിരുന്നാൽ മതി.  ഭാര്യയേയും കുട്ടിയേയും അന്യനാട്ടിൽ വിട്ട് ഒറ്റയ്ക്ക് പോരാൻ തോന്നിയത് തെറ്റായി. ഇനി പറഞ്ഞിട്ടു കാര്യമില്ലല്ലോ. . 

പപ്പനമ്മാമൻ കൂർക്കം വലിക്കുന്നത് കേൾക്കാനുണ്ട്. ഇടയ്ക്ക് അദ്ദേഹം ചുമയ്ക്കും‌. '' ഹമ്മേ '' എന്ന വിളിയോടെയാണ് ഓരോ തവണയും ചുമ അവസാനിക്കുക. ഒട്ടും വൈകാതെ വീണ്ടും കൂർക്കംവലി ആരംഭിക്കും. പലതവണ ഈ പ്രക്രിയ ആവർത്തിച്ചുകഴിഞ്ഞു. മനസ്സിൽ യാതൊരുവിധ വേവലാതിയും ഇല്ലാത്തതിനാലാവാം അദ്ദേഹത്തിന്ന് ഇങ്ങിനെ ഉറങ്ങാൻ കഴിയുന്നത്.

മുമ്പും പപ്പനമ്മാമനെ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അന്നൊന്നും ഇത്രയും അടുപ്പം  ഉണ്ടായിരുന്നില്ല. എന്തെല്ലാം കാര്യങ്ങളാണ്  ഈ കുറഞ്ഞ ദിവസങ്ങൾക്കകം അദ്ദേഹത്തിൽ നിന്ന് അറിയാൻ കഴിഞ്ഞത്.

അടുക്കളയുടെ ഭാഗത്തുനിന്ന് എന്തോ ശബ്ദം കേട്ടു. കിടക്കുന്നതിന്നു മുമ്പ് പപ്പനമ്മാമൻ പറഞ്ഞ കാര്യങ്ങൾ പെട്ടെന്ന് മനസ്സിലെത്തി. നിലവിലുള്ള തറവാടിനോടു ചേർന്ന് ഇത്രതന്നെ വലുപ്പമുള്ള  വേറൊരു കെട്ടിടം പണ്ട് ഉണ്ടായിരുന്നുവത്രേ. ജാരസംസർഗ്ഗം സംശയിച്ച് തറവാട്ടിലെ ഏതോ ഒരു പെൺകിടാവിനെ അന്നത്തെ കാരണവർ ആ കെട്ടിടത്തിൻറെ ഒരു തൂണിൽ കെട്ടിയിട്ട് ഭേദ്യം ചെയ്തു. മർദ്ദനത്തിനൊടുവിൽ ആ യുവതി മരണപ്പെട്ടു. പ്രതാപവും സ്വാധീനവും കാരണം കേസ്സുണ്ടായില്ല. പക്ഷേ വേറെ പലതും സംഭവിച്ചു. കൊല്ലം തികയുന്നതിന്നു മുമ്പ് ആ കെട്ടിടം അഗ്നിക്കിരയായി. പുതുക്കി പണിതെങ്കിലും അതിൽ താമസിക്കാൻ ആരും തയ്യാറായില്ല. ഒരു പ്രേതാലയംപോലെ ആ കെട്ടിടം ആളനക്കമില്ലാതെ കിടന്നത് പപ്പനമ്മാമൻ കണ്ടിട്ടുണ്ടത്രേ. '' അഞ്ചിടങ്ങഴി അരിയിട്ട് കഞ്ഞി വെച്ചാലും കുട്ടികൾക്കും ആണുങ്ങൾ‌ക്കും കൊടുത്തു കഴിഞ്ഞാൽ പെണ്ണുങ്ങൾക്ക് തികയില്ല '' എന്ന അവസ്ഥയിൽ നിന്നുള്ള മാറ്റം പെട്ടെന്നായിരുന്നു. തറവാട് ഭാഗിച്ച് ഓരോ താവഴി ഓരോ സ്ഥലത്തേക്ക് താമസം മാറി. കാരണവർക്ക് വസൂരിദീനം പിടിപെട്ടു. തോട്ടിൻകരയിലെ കളപ്പുരയിൽ ആരും നോക്കാനില്ലാതെ ആ മനുഷ്യൻ നരകിച്ച് മരിച്ചുവത്രേ. ഒട്ടേറെ പരിഹാരക്രിയകൾ ചെയ്തിട്ടും ദോഷം മാറാത്തതിനാലാവാം ഒടുവിൽ ആ കെട്ടിടം നശിച്ചു മണ്ണടിഞ്ഞു.

തുറന്നിട്ട ജനലിന്നരികിലായി ഒരു നിഴലനക്കം കണ്ടു. മുറ്റത്തുകൂടി ആരോ  നടക്കുന്ന ഒച്ച കേൾക്കാനുണ്ട്. കൈകാലുകളിലൂടെ ഒരു വിറയൽ മേലോട്ട് കയറി.  ദേഹമാസകലം വിയർപ്പിൽ കുളിച്ചിരിക്കുന്നു. ശബ്ദം പുറത്തേക്ക് വരുന്നില്ല. മനസ്സ് ഭയത്തിന്ന് കീഴടങ്ങുകയാണ്.

പെട്ടെന്ന് പപ്പനമ്മാമൻ ചുമച്ചുതുടങ്ങി. അടുത്ത് ഒരാളുണ്ട് എന്ന തോന്നൽ ആശ്വാസം പകർന്നു. തല പൊങ്ങിച്ച് നോക്കുമ്പോൾ അദ്ദേഹം എഴുന്നേറ്റ് ഇരിക്കുകയാണ്. വേഗം അദ്ദേഹത്തിൻറെ അരികിലേക്ക് ചെന്നു.

'' വല്ലാതെ ചുമയ്ക്കുന്നുണ്ടല്ലോ. കട്ടൻ കാപ്പി ഉണ്ടാക്കണോ '' ചെറിയൊരു ചൂട് കിട്ടിയാൽ ചുമ അൽപ്പം ഭേദപ്പെടുമെന്ന് കരുതി ചോദിച്ചു.

'' ഒന്നും വേണ്ടാ. ഞാൻ കാരണം ദീപുവിന്ന് ഉറങ്ങാൻ ബുദ്ധിമുട്ടായോ ''.

'' ഏയ്. അങ്ങിനെയൊന്നും ഇല്ല. എന്താ എന്നറിയില്ല. ഇത്ര നേരമായിട്ടും ഉറക്കം വരുന്നില്ല ''.

'' മനസ്സിൽ ആലോചന വല്ലതും ഉണ്ടാവും. അതാ ഉറക്കം വരാത്തത് '' എത്ര എളുപ്പം അദ്ദേഹം കാരണം കണ്ടെത്തി..

''  അതുതന്നെ കാരണം‌. ഇത്ര നേരം അനിതയേയും മകനേയും കുറിച്ച് ആലോചിക്കുകയായിരുന്നു  ''

'' പല തവണ പറയണം എന്നു വിചാരിച്ച ഒരു കാര്യമുണ്ട്.  ദീപുവിന്ന് പരിഭവം തോന്നരുത്. ഭാര്യയേയും കുട്ടിയേയും തനിച്ചാക്കി  നേരത്തെ പോന്നത് ഒട്ടും ശരിയായില്ല. കല്യാണം കഴിഞ്ഞാൽ പിന്നെ സ്വന്തം കാര്യം നോക്കരുത്. ഭാര്യയുടേയും  കാര്യം നോക്കിയ ശേഷമേ നമ്മുടെ കാര്യം നോക്കാവൂ. അല്ലെങ്കിൽ എന്നെപ്പോലെ ഭാര്യയും മക്കളും ഒന്നും വേണ്ടാ എന്ന മട്ടിലുള്ള ജീവിതം ആവണം ''.

''  പപ്പനമ്മാമൻ എന്താ വിവാഹം വേണ്ടാ എന്നു വെച്ചത് ''.

'' വേണ്ടാന്ന് വെച്ചതൊന്ന്വല്ല. അങ്ങിനെ സംഭവിച്ചു എന്നേ  പറയേണ്ടൂ. വകേൽ ഒരമ്മാമൻറെ മകളെ അമ്മ നോക്കിവെച്ചിരുന്നു. അമ്മായിയുടെ അമ്മയ്ക്ക് വയസ്സായി, പേരക്കുട്ടിയുടെ പുടമുറി കാണണം എന്നൊക്കെ പറഞ്ഞ് അവർ തിടുക്കം കൂട്ടി. എനിക്ക് അന്ന് ഇരുപത്തൊന്ന് വയസ്സാണ്, പെൺകുട്ടിക്ക് പതിനഞ്ചും‌. ചിങ്ങത്തിലെ ഉത്രാടത്തിന്ന് പുടമുറിക്കുള്ള മുഹുർത്തം കുറിച്ചു. ക്ഷണിക്കൽ വരെ നടത്തി. ആ സമയത്താണ് സമരം ചെയ്തതിന്ന് എന്നെ പോലീസ് പിടിക്കുന്നത്. അതോടെ അത് മുടങ്ങി ''.

'' പിന്നെ വേറെ ആലോചനയൊന്നും വന്നില്ലേ ''.

'' ഒരിക്കൽ കൂടി ആലോചിച്ചു. അതും നടന്നില്ല ''.

'' അതെന്താ  പറ്റിയത് ''.

'' അമ്മയുടെ പരിചയത്തിലുള്ള കുട്ടിയായിരുന്നു അത്. പെണ്ണു കാണൽ വരെ നടന്നു. പെൺകുട്ടിയുടെ അമ്മയ്ക്കാണെങ്കിൽ മൂക്ക് മുങ്ങ്വോളം മോഹം‌. അപ്പോഴാ കുട്ടിയുടെ അമ്മാമൻ എതിർപ്പ് പറഞ്ഞത് ''.

'' എന്തിനാ എതിർത്തത് ''.

'' മര്യാദയ്ക്ക് വല്ല പണിയും ചെയ്ത് കുടുംബം നോക്കുന്നത്തിന്നു പകരം നാടു നന്നാക്കാൻ നടക്കുന്നവന്ന് എൻറെ അനന്തിരവളെ കൊടുക്കില്ല എന്ന് അയാൾ തടസ്സംപറഞ്ഞു.  തീരുമാനമെടുക്കാനുള്ള അധികാരം അന്നൊക്കെ അമ്മാമന്മാർക്കാണ്. അതോടെ അതും മുടങ്ങി ''.

'' എന്നിട്ട് ''.

'' അമ്മ ഏതോ പേരുകേട്ട ജോത്സ്യൻറെ അടുത്ത് എൻറെ ജാതകവുമായി ചെന്നു. എനിക്ക് പരിവ്രാജക യോഗം ഉണ്ട്, സന്യാസിയെപ്പോലെയുള്ള ജീവിതമായിരിക്കും‌, കല്യാണം നടക്കില്ല, നടന്നാലും അധികകാലം ഒന്നിച്ച്  കഴിയില്ല എന്നൊക്കെ പറഞ്ഞുവത്രേ. അതോടെ കുടുംബജീവിതം വേണ്ടാ എന്ന് ഞാനും നിശ്ചയിച്ചു. എന്തിനാ ഒരു പെണ്ണിൻറെ ജീവിതം ഞാനായിട്ട് നശിപ്പിക്കുന്നത് ''.

'' എന്താ രണ്ടാൾക്കും ഉറങ്ങ്വോന്നും വേണ്ടേ '' കിടപ്പുമുറിയുടെ വാതിൽ തുറന്ന് വലിയമ്മയെത്തി.

'' കുര വന്നപ്പോൾ എഴുന്നേറ്റതാണ്. സുഭദ്ര കിടന്നോളൂ '' പപ്പനമ്മാമൻ പറഞ്ഞതും വലിയമ്മ തിരിച്ചു പോയി.

'' ദീപു, ഉറക്കം വരാൻ ഒരു സൂത്രം പറഞ്ഞുതരാം‌. ഒന്നുകിൽ കുറേനേരം നാമം ജപിച്ചുകൊണ്ട് കിടക്കുക, അതല്ലെങ്കിലോ വെള്ളത്തിൽ മലർന്നു കിടന്ന് നീന്തുന്നതായി സങ്കൽപ്പിക്കുക. ഉറക്കം തന്നേ വന്നോളും  ''.

പപ്പനമ്മാമൻറെ ഉപദേശം പരീക്ഷിച്ചു നോക്കാം‌. ദിലീപ് മേനോൻ പുതപ്പ് തലവഴി വലിച്ചിട്ടു.


8 comments:

 1. പണ്ടു കാലത്ത് ഇങ്ങനേയും ചില തീരുമാനങ്ങൾ ആളുകൾ എടുക്കാറുണ്ട്. പപ്പനമ്മാവനെപ്പോലെ പലരേയും കണ്ടിട്ടുണ്ട്.

  ReplyDelete
  Replies
  1. ഉവ്വ്. പപ്പനമ്മാമന്‍ അങ്ങിനെയൊരു തീരുമാനമെടുത്തു.

   Delete
 2. നാട്ടിൻപുറത്തെ നന്മയുടെ കഥകൾ തുടരട്ടെ കേരളേട്ടാ...

  ReplyDelete
 3. ' ദീപു, ഉറക്കം വരാൻ ഒരു സൂത്രം പറഞ്ഞുതരാം‌. ഒന്നുകിൽ കുറേനേരം നാമം ജപിച്ചുകൊണ്ട് കിടക്കുക, അതല്ലെങ്കിലോ വെള്ളത്തിൽ മലർന്നു കിടന്ന് നീന്തുന്നതായി സങ്കൽപ്പിക്കുക.
  Angane kurachu tricks undu. :)

  ReplyDelete
  Replies
  1. ചിന്തകള്‍ ഉറക്കത്തിനെ തടസ്സപ്പെടുത്തും. അത് ഒഴിവാക്കാനുള്ള വിദ്യകളാണ് ഇതെല്ലാം 

   Delete
 4. '' മനസ്സിൽ ആലോചന വല്ലതും ഉണ്ടാവും. അതാ ഉറക്കം വരാത്തത്

  ReplyDelete
 5. ശ്ശോ!!!!!!ഇതൊക്കെ നേരത്തേ വായിച്ചതാണല്ലോ!!

  ReplyDelete