Saturday, August 31, 2013

അദ്ധ്യായം - 11.


'' മുത്തച്ചേ, ഈ പെണ്ണ് എന്നെ കളിയാക്കുന്നു '' ഒരു ആൺകുട്ടിയുടെ ശബ്ദം കാതിൽ വന്നലച്ചു. ദിലീപ് മേനോൻ കണ്ണു തുറക്കാതെതന്നെ വർത്തമാനം ശ്രദ്ധിച്ചു കിടന്നു.

'' മുത്തച്ചേ, ഇവൻ പറയ്യാണ് ഒറ്റ സംഖ്യ പഠിക്കാനാണ് ബുദ്ധിമുട്ടെന്ന്. ഞാൻ പറഞ്ഞു സ്ക്വയർ റൂട്ടും, സ്ക്വയറും പഠിക്കാനാണ് പാടെന്ന് . ഏതാണ് പഠിക്കാൻ പാട്. മുത്തച്ച പറയൂ '' ഒരു പെൺകുട്ടിയുടെ ശബ്ദമാണ് അത്.

'' നിങ്ങളുടെ അച്ഛന് എന്താ ജോലി '' പപ്പനമ്മാമൻറെ ചോദിക്കുന്നത് കേട്ടു.

'' ലോറീന്ന് ലോഡ് ഇറക്കൽ '' പെൺകുട്ടി പറഞ്ഞു.

'' ശരി. അച്ഛൻ ലോറീന്ന് ഒരു ചാക്ക് സിമിൻറ് ഇറക്കും. നിന്നെക്കൊണ്ടാവ്വോ ഒരു ചാക്ക് സിമിൻറ് ഇറക്കാൻ ''.

'' അതിന്  ഞാൻ കുട്ടിയല്ലേ ''.

'' സമ്മതിച്ചോ. അതുപോലെത്തന്നെ ഇവനും കുട്ടിയാണ്. നിൻറെ പ്രായം ആവുമ്പോൾ ഇവനും നീ പഠിക്കുന്നതൊക്കെ പഠിക്കും ''.

'' അയ്യേ. ഇവള് തോറ്റേ '' പയ്യൻ കളിയാക്കി ചിരിച്ചു. പെൺകുട്ടിയുടെ കരച്ചിലാണ് പിന്നെ കേൾക്കുന്നത്.

'' നീ കരയ്യോന്നും വേണ്ടാ. അവൻ നിൻറെ അനുജനല്ലേ. നീ വേണ്ടേ ക്ഷമിക്കാൻ ''.

'' മുത്തച്ചൻ അവൻറെ സൈഡാണ് ''.

'' അല്ല മോളേ. മുത്തച്ചൻ രണ്ടാളുടേയും ആണ്. നീയും ഇവനും തമ്മിൽ ബന്ധം ഉള്ളതു പോലെ നിൻറെ സ്ക്വയറും ഇവൻറെ ഒറ്റ സംഖ്യയും തമ്മിൽ ഒരു ബന്ധൂണ്ട് ''.

അത് പുതിയൊരറിവാണ്. ദിലീപ് മേനോൻ എഴുന്നേറ്റിരുന്നു. പപ്പനമ്മാമൻ മേശതുറന്ന് കറുത്ത ഒരു റബ്ബർ ഷീറ്റെടുത്ത് ചുവരിലെ ആണിയിൽ തൂക്കി. എന്നിട്ടൊരു ചോക്കെടുത്തു.

'' ഒരു സംഖ്യയുടെ സ്ക്വയർ എന്നു പറഞ്ഞാലെന്താ. ആ സംഖ്യയെ അതേ സംഖ്യകൊണ്ട് ഗുണിച്ചാൽ കിട്ടുന്നത്. അങ്ങിനെയല്ലേ ''. അതെയെന്ന് പെൺകുട്ടി തലയാട്ടി.

'' അപ്പോൾ ഒന്നിനെ ഒന്നുകൊണ്ട് ഗുണിച്ചാൽ ഒന്ന്. രണ്ടിനെ രണ്ടുകൊണ്ട് ഗുണിച്ചാൽ നാല്. മൂന്നിനെ മൂന്നുകൊണ്ട് ഗുണിച്ചാൽ ഒമ്പത്. ശരിയല്ലേ ''. പെൺകുട്ടി സമ്മതിച്ചു.

'' ഇനിയാണ് തമാശ. നോക്കിക്കോ '' പപ്പനമ്മാമൻ ചോക്കുമായി റബ്ബർഷീറ്റിനടുത്തേക്ക് ചെന്നു.

( 1 x I ) - ( 0 x 0 )  = I - 0 = I.  അതേപോലെ
( 2 x 2 ) - ( 1 x 1 ) = 4 - 1 = 3.
( 3 x 3 ) - ( 2 x 2 ) = 9 - 4 = 5.
( 4 x 4 ) - ( 3 x 3 ) = 16 - 9 = 7.
( 5 x 5 ) - ( 4 x 4 ) = 25 - 16 = 9.
( 6 x 6 ) - ( 5 x 5 ) = 36 - 25 = 11.
( 7 x 7 ) - ( 6 x 6 ) = 49 - 36 = 13.
( 8 x 8 ) - ( 7 x 7 ) = 64 - 49 = 15.
( 9 x 9 ) - ( 8 x 8 ) = 81 - 64 - 17.

'' ഇനി അവസാനത്തെ വരി മുകളിൽ നിന്ന് താഴോട്ട് നോക്കിൻ. ഒറ്റ അക്ഷരങ്ങൾ ക്രമമായി എഴുതിയ മട്ടിലായില്ലേ. രണ്ടു കുട്ടികളും തലയാട്ടി. ഇപ്പോൾ മനസ്സിലായോ ചേച്ചി പഠിക്കുന്ന സ്ക്വയറും അനിയൻ പഠിക്കുന്ന ഒറ്റ സംഖ്യയും തമ്മിൽ ബന്ധമുണ്ടെന്ന് ''. കുട്ടികൾ അത്ഭുത ഭാവത്തിൽ അന്യോന്യം നോക്കി.

'' ഇനി രണ്ടാളും തമ്മിൽ തല്ലാതെ വീട്ടിൽ പോയിരുന്ന് പഠിക്കിൻ ''.

'' ഞങ്ങൾക്ക് സ്കൂളിൽ പോണം ''.

'' എന്നാൽ പൊയ്ക്കോളിൻ ''. കുട്ടികൾ രണ്ടുപേരും എഴുന്നേറ്റുപോയി.

'' ഇത് എനിക്കും പുതിയ അറിവാണ്. ഞാൻ ഈ റിലേഷൻഷിപ്പ് പഠിച്ചിട്ടില്ല '' ദിലീപ് മേനോൻ പറഞ്ഞു.

'' ഞാനും ഇത് പഠിച്ചതൊന്ന്വോല്ല ''.

'' പിന്നെ ''.

'' പറയാൻ തുടങ്ങിയാൽ ഒരുപാട് പറയാനുണ്ട്. ചിലപ്പൊ ബോറ് തോന്നും ''.

'' ഏയ്, ഒട്ടും ബോറാവില്ല. സത്യം പറഞ്ഞാൽ എന്താണ് സംഗതി എന്നറിയാതെ എനിക്ക് ഇരിക്കപ്പൊറുതി കിട്ടില്ല ''.

'' എന്നാൽ കേട്ടോളൂ. പണ്ടുമുതലേ എനിക്കൊരു ശീലമുണ്ട്. ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഞാൻ ഒരാളെക്കുറിച്ചും ചിന്തിക്കാറില്ല. എന്തിനാ അവൻ ഇങ്ങിനെയാണ്, ഇവൾ അങ്ങിനെയാണ് എന്നൊക്കെ ആലോചിക്കുന്നത്. പാപം നേടാനോ. അതുപോലെ നാളെ എന്ത് സംഭവിക്കും ഇപ്പോഴുള്ളപ്രശ്നം എങ്ങിനെതീർക്കും എന്നൊന്നും ഓർക്കാറില്ല. ഓർത്താലും ഇല്ലെങ്കിലും വരേണ്ടത് വരും, ചിലതൊക്കെ വന്നതുപോലെ പോവും ചെയ്യും. പിന്നെന്തിനാ വേണ്ടാതെ ഓരോന്നാലോചിച്ച് വേവലാതിപെടുന്നത് ''.

'' ഉണർന്നിരിക്കുന്ന സമയത്ത് മനുഷ്യൻറെ മനസ്സിൽ ചിന്തകൾ ഉണ്ടായിക്കൊണ്ടിരിക്കില്ലേ. പപ്പനമ്മാന് അങ്ങിനെയില്ല എന്നാണോ ''.

'' ചിന്തിക്കില്ല എന്ന് ഞാൻ പറഞ്ഞിട്ടില്ലല്ലോ. ചിന്തിക്കും. അതിൻറെ രീതിയിൽ വ്യത്യാസം ഉണ്ട് എന്നേയുള്ളു ''. ദിലീപ് മേനോന് അത് മനസ്സിലായില്ല.

'' എന്താ വ്യത്യാസം ''.

'' കുട്ടിക്കാലത്ത് സ്കൂളിലേക്ക് പുറപ്പെടുമ്പോൾ ഞാൻ പുസ്തകത്തിലുള്ള ഒരു കണക്ക് നോക്കിവെക്കും. വഴിനീളെ അതിൻറെ സ്റ്റെപ്പുകൾ മനസ്സിൽ ചെയ്യും. ഇടയ്ക്ക് തെറ്റും. അപ്പോൾ വീണ്ടും തുടങ്ങും. അങ്ങിനെ ഉത്തരത്തിലെത്തുമ്പോൾ ഒരു സന്തോഷമുണ്ട്. ഇതേപോലെ ക്ലാസിൽ പഠിപ്പിച്ച ചരിത്രത്തിലെ ഭാഗങ്ങൾ ചില ദിവസങ്ങളിൽ ചിന്തിച്ചു നടക്കും. അലക്സാണ്ടർ നടത്തിയ യുദ്ധങ്ങളും അക്ബറുടെ ഭരണപരിഷ്ക്കാരങ്ങളും എന്തിന് നമ്മുടെ വീരപുരുഷന്മാരായ ഒതേനനേയും ആരോമലേയും കുറിച്ച് ആലോചിച്ചാൽ മതി വരില്ല. ദൂരേ നിന്നും റേഡിയോവിലൂടെ ശബ്ദവും ടെലിവിഷനിലൂടെ കാഴ്ചകളും നമുക്ക് മുമ്പിൽ എത്തിക്കാമെങ്കിൽ എന്തുകൊണ്ട് വസ്തുക്കളെ ഒരു ദിക്കിൽ നിന്ന് മറ്റൊരിടത്തേക്ക് എത്തിച്ചു കൂടാ എന്ന് ചിന്തിച്ചു കൂടെ. ഏതാനും മണിക്കൂറുകൾകൊണ്ട് അന്യഗ്രഹങ്ങളിൽ എത്താനുള്ള സംവിധാനം ഉണ്ടാവുന്നതിനെക്കുറിച്ച് സങ്കൽപ്പിക്കുന്നതിൽ എന്താ തെറ്റ്. ഈ പറയുന്നതൊക്കെ കേൾക്കുമ്പോൾ എനിക്ക് കിറുക്കാണെന്ന് ദീപുവിന് തോന്നുന്നുണ്ടോ ''.

'' ശരിക്ക് പറഞ്ഞാൽ എനിക്ക് അത്ഭുതമാണ് തോന്നുന്നത് ''.

'' ഇങ്ങിനെയൊക്കെയല്ലേ സാഹിത്യകാരന്മാർ ഓരോന്ന് എഴുതുന്നത്. കഥാകാരൻ താൻ എഴുതുന്ന കഥാപാത്രങ്ങളോടൊപ്പം സഞ്ചരിക്കണം. അവരുടെ മാനസീകവ്യാപാരങ്ങൾ അടുത്തറിയണം. എന്നാലല്ലേ എഴുതാനൊക്കൂ. പിന്നെ ഈ ശീലംകൊണ്ട് എന്താ ഗുണം എന്ന് അറിയ്യോ. ഒറ്റയ്ക്ക് ഇരിക്കേണ്ടി വരുമ്പോൾ തനിച്ചാണെന്ന തോന്നൽ ഉണ്ടാവില്ല. അതു കാരണം ജയിലിൽ കിടന്നപ്പോൾ എനിക്ക് ഒട്ടും വിഷമം തോന്നീട്ടുമില്ല ''.

'' അതും ഈ കണക്കും തമ്മിലെന്താ ബന്ധം ''.

'' പറയാം. അങ്ങിനെ ഓരോന്ന് ചിന്തിച്ചിരിക്കുമ്പോൾ ചില തോന്നലുകളുണ്ടാവും. നമ്മൾ ഉൾവിളി എന്നൊക്കെ പറയില്ലേ. അങ്ങിനത്തെ ഒരു തോന്നലിലാണ് ഇത് മനസ്സിലായത്. വശങ്ങൾ ഒരേ അളവിലുള്ള രൂപങ്ങളെക്കുറിച്ച് ഒരുദിവസം ആലോചിച്ചിരുന്നു. മൂന്നുഭാഗം തുല്യ അളവിലുള്ള തൃകോണം, സമചതുരം, പഞ്ചഭുജം, ഷഡ്ഭുജം അങ്ങിനെ പോകും ആ പട്ടിക. അവയുടെ വിസ്തീർണം തമ്മിലുള്ള അനുപാതം കണക്കാക്കുന്നതിന്നിടയിലാണ്  ഇത് എൻറെ ശ്രദ്ധയിൽപെട്ടത്.

'' അപ്പോൾ ഇത് പപ്പനമ്മാമൻറെ കണ്ടുപിടുത്തമാണോ ''.

'' എന്നൊന്നും ഞാൻ പറയില്ല. ചിലപ്പോൾ ഇത് നേരത്തെതന്നെ അറിയുന്നതായിരിക്കും. ഞാൻ പഠിച്ചിട്ടില്ലയെന്നേയുള്ളു ''.

'' ശാസ്ത്ര സംബന്ധമായ തോന്നലുകൾ കുട്ടിക്കാലത്തേ മനസ്സിൽ ഉണ്ടായിരുന്നോ ''.

'' തറവാടിൻറെ മുൻഭാഗത്ത് നാല് മാവുകൾ ഉണ്ടായിരുന്നു. ഒരേതരം മാങ്ങയാണ് അവയിൽ ഉണ്ടാവുക. അന്ന് ഒട്ടുമാവുകളെക്കുറിച്ച് കേട്ടിട്ടേയില്ല. ഓരോന്നിലും ഓരോവിധം മാങ്ങകൾ എങ്ങിനെയുണ്ടാക്കാം എന്ന് ആ കാലത്ത് പലപ്പോഴും ആലോചിച്ചിട്ടുണ്ട് ''.

'' ചരിത്രത്തെ സംബന്ധിച്ചോ ''.

'' യുദ്ധങ്ങളുടേയും ഭരണമാറ്റങ്ങളുടേയും വിവരണമാണ് നമ്മൾ പഠിച്ചിട്ടുള്ള ചരിത്രം. വിട്ടു പോയ വലിയൊരു ഘടകം അതിലുണ്ട്. ആ കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന സാധാരണ മനുഷ്യരുടെ ജീവിതരീതി, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, അവർ അനുഭവിച്ച ദുരിതങ്ങൾ എന്നിവയൊന്നും ചരിത്രത്തിൽ ഇടം പിടിക്കാറില്ല. ഏതാനും കൊല്ലം കഴിഞ്ഞാൽ നമ്മുടെ നാട്ടിലുള്ള റോഡ് എപ്പോൾ ഉണ്ടാക്കി, എപ്പോഴാണ് ഈ വഴിക്കുള്ള റെയിൽവെ ലൈൻ വൈദ്യുതീകരിച്ചത് എന്നൊക്കെ ചോദിച്ചാൽ ആർക്കാണ് പറയാനാവുക. മറ്റു പലതിനെ പോലെ അതെല്ലാം ചരിത്രത്താളുകളിലെ തമോഗർത്തങ്ങളിൽ പതിക്കും ''.

'' എനിക്ക് പപ്പനമ്മാമന് കാണാൻ കഴിഞ്ഞ മാറ്റങ്ങളെക്കുറിച്ച് അറിയണമെന്നുണ്ട് ''.

'' എനിക്ക് തൊണ്ണൂറ് വയസ്സാവാറായി. പത്തു പതിനഞ്ച് വയസ്സുവരെയുള്ളത് ഓർമ്മയിൽ ഇല്ലെങ്കിലും മുക്കാൽ നൂറ്റാണ്ടുകാലത്തെ കാര്യങ്ങൾ എനിക്കറിയാം ''.

'' ഇന്ത്യ സ്വതന്ത്രമായതിന്നു ശേഷമുള്ള കാര്യങ്ങൾ എനിക്കറിഞ്ഞാൽ മതി ''.

'' എല്ലാം പറഞ്ഞു തരാം. പക്ഷെ ഒരിരുപ്പിന് ആവില്ല ''.

'' വേണ്ടാ. ഞാൻ ഇനി വരുമ്പോൾ ഒരു പുസ്തകവുമായി വരാം. പറയുന്നത് അപ്പപ്പോൾ കുറിച്ചെടുക്കാമല്ലോ ''.

പുറത്തു നിന്ന് ആരുടേയോ ശബ്ദം കേട്ടു. പപ്പനമ്മാമൻ വാതിൽക്കലേക്ക് ചെന്നു.

'' കുഴൽക്കിണറിനുള്ള സ്ഥലം നോക്കാൻ പഞ്ചായത്തിൽ നിന്ന് ആളുകൾ വരുന്നുണ്ട് '' വന്ന ആൾ പറയുന്നത് കേട്ടു.

'' ദീപൂ, ഞാൻ അവിടെ ഒന്ന് നോക്കീട്ട്  വരാം '' പപ്പനമ്മാമൻ മുറ്റത്തേക്കിറങ്ങി, '' ഞാനും
 വരുന്നൂ '' എന്നു പറഞ്ഞ് ദിലീപ് മേനോനും.

Sunday, August 25, 2013

അദ്ധ്യായം 10.

പതിവിലും നേരത്തെ ദിലീപ്മേനോന്‍ ഉറക്കമുണര്‍ന്നു. കുറച്ചുനേരം കണ്ണും മിഴിച്ച് കിടന്നു. തുറന്നിട്ട ജനാലയിലൂടെ പിന്‍നിലാവ് അകത്തേക്ക് എത്തിനോക്കുകയാണ്. സമയം അഞ്ചാവുന്നതേയുള്ളു. ഇനി ഉറങ്ങുന്നില്ല. രാവിലെത്തന്നെ പപ്പനമ്മാമന്‍റെ വീട്ടിലേക്ക് ചെല്ലണം. പറഞ്ഞ വാക്ക് പാലിക്കാത്തതിന്ന്  ക്ഷമ ചോദിക്കണം. പകല്‍ മുഴുവന്‍ അദ്ദേഹത്തോടൊപ്പം കഴിയണം.

മകരകൊയ്ത്തുകഴിഞ്ഞ പാടങ്ങള്‍ കടന്ന് അമ്പലത്തില്‍നിന്നും ഭക്തിഗാനങ്ങള്‍ ഒഴുകിയെത്തി. പെട്ടെന്ന് കടന്നുപോയ കാലം മനസ്സിലെത്തി. കോളേജ് പഠനം തുടങ്ങിയതു മുതല്‍ തറവാട്ടിലെ മുന്‍വശത്തുള്ള ചാരുപടിയിലാണ് കിടന്നുറങ്ങാറ്. അതുകൊണ്ട് രണ്ടു ഗുണങ്ങളുണ്ട്. തറവാടിന്ന് ചുറ്റുമുള്ള മരക്കൂട്ടം നല്ല തണുത്ത കാറ്റ് എല്ലായ്പ്പോഴും എത്തിക്കും. വീട്ടുകാര്‍ അറിയാതെ നാടകത്തിനോ സെക്കന്‍ഡ്ഷോ സിനിമയ്ക്കോ ഒക്കെ പോയി തിരിച്ചു വന്ന് കിടന്നുറങ്ങാം. നറുനിലാവില്‍ കുളിച്ചൊരുങ്ങി നില്‍ക്കുന്ന മരങ്ങളുടെ ഭംഗി, പാല പൂക്കുന്നകാലത്ത് ചുറ്റുപാടും പരന്നൊഴുകുന്ന പാലപ്പൂവിന്‍റെ മത്തുപിടിപ്പിക്കുന്ന ഗന്ധം എന്നിവയൊക്കെ ആസ്വദിച്ച ആ കാലം മറക്കാനാവില്ല.

അടുക്കളയില്‍ നിന്ന് പാത്രങ്ങളുടെ ശബ്ദം കേള്‍ക്കുന്നുണ്ട്. വലിയമ്മ വീട്ടുപണികള്‍ തുടങ്ങി കാണും. എഴുന്നേറ്റ് അങ്ങോട്ടു ചെന്നു.

'' ഇന്നെന്താ നീ ഇത്ര നേരത്തെ '' വലിയമ്മ ചോദിച്ചു.

'' ഒന്നൂല്യാ. നേരത്തെ ഉണര്‍ന്നു. ഇനി കിടന്നാലും ഉറക്കം വരില്ല ''.

'' എന്നാല്‍ പല്ലു തേച്ചോ. ഞാനിപ്പൊ ചായീണ്ടാക്കി തരാം ''. ചൂടുചായ ഊതി കുടിക്കുമ്പോള്‍ വലിയമ്മ നാളികേരം ചിരകാന്‍ ഒരുങ്ങുകയാണ്.

'' വലിയമ്മേ ഇങ്ങിട്ടു തരൂ. ഞാന്‍ ചിരകിത്തരാം ''.

'' വേണ്ടാ. പരിചയം ഇല്ലാത്തതല്ലേ. ചിലപ്പോ ചിരവടെ നാവ് തട്ടി കൈ മുറിയും ''.

'' മുമ്പൊക്കെ ഞാന്‍ ചെയ്യാറുള്ളതല്ലേ. ഒന്നും മറന്നിട്ടില്ല '' മുമ്പ് വലിയമ്മയ്ക്ക് നാളികേരം ചിരകി കൊടുക്കുന്ന പണി ഒരു അവകാശമായിരുന്നു. ചിരവ നാവില്‍ നിന്ന് പ്ലേറ്റിലേക്ക് അടര്‍ന്നു വീഴുന്ന നാളികേരത്തിലൊരു ഭാഗം വായിലെത്തും.

'' നീ ഇങ്ങിനെ തിന്നാല്‍ ചട്ടിണി അരയ്ക്കാന്‍ തികയില്ല '' എന്നു പറയുമെങ്കിലും ചിലപ്പോള്‍ വലിയമ്മ  ഒരച്ച് ശര്‍ക്കര തരും. ശര്‍ക്കര കൂട്ടി നാളികേരം തിന്നാന്‍ ബഹുസ്വാദാണ്.

'' ഞാന്‍ രാവിലെത്തന്നെ പപ്പനമ്മാമന്‍റെ അടുത്തേക്ക് പോവും. പിന്നെ വൈകുന്നേരമേ വരുള്ളു ''.

'' അപ്പോള്‍ ഭക്ഷണത്തിനോ ''.

'' ഞങ്ങള്‍ ഉണ്ടാക്കി കഴിക്കും ''.

'' വെറുതെ ആ സാധൂനേ ബുദ്ധിമുട്ടിക്കണ്ടാ. രാവിലേക്ക് ആപ്പവും ഇഷ്ടുവുമാണ്. പപ്പനമ്മാമനുള്ളത് ഞാന്‍ ഒരു പാത്രത്തിലാക്കി തരാം. പോവുമ്പോള്‍ കൊണ്ടുപൊയ്ക്കോ. ഉച്ചയ്ക്ക് ഇവിടംവരെ വന്നാല്‍ രണ്ടാള്‍ക്കും വേണ്ട ഭക്ഷണം ടിഫിന്‍ പാത്രത്തിലാക്കി എടുക്കും ചെയ്യാം ''. കുളിച്ചൊരുങ്ങി ഭക്ഷണം കഴിക്കുമ്പോഴേക്ക് ചെറിയമ്മയും ഇളയച്ഛനും എത്തി.

'' എവിടേക്കാ ഇത്ര നേരത്തേ '' ചെറിയമ്മ ചോദിച്ചു.

'' പപ്പനമ്മാമന്‍റെ വീട്ടിലേക്ക്. ഇന്ന് പകല് മുഴുവന്‍ അവിടെ കൂടും ''.

'' അവിടെത്തന്നെ എത്ത്വോലോ. അതോ വേറെ എവിടെയെങ്കിലും ചുറ്റിതിരിഞ്ഞ് നാലുദിവസം കഴിഞ്ഞ് മടങ്ങി വര്വോ ''.

'' എന്തിനാ അയാളെ ഇങ്ങിനെ കളിയാക്കുന്നത് '' ഇളയച്ഛന്‍ ഇടപെട്ടു '' ഒരുപാട് കാലം കഴിഞ്ഞ് പഴയ കൂട്ടുകാരന്മാര് തമ്മില് കാണുമ്പോള്‍ ഇങ്ങിനെ ചില സന്തോഷമൊക്കെ വേണ്ടേ ''.

'' നോക്കിക്കോളൂ ചെറിയമ്മേ. ഇനി തിരിച്ചു പോവുന്നതുവരെ ഒരു സ്ഥലത്തേക്കും ഞാന്‍ പോവില്ല ''.

'' അതാപ്പൊ നന്നായത്. ഒന്നുകില്‍ കുറുപ്പിന്‍റെ നെഞ്ഞത്ത്. അല്ലെങ്കില്‍ കളരിടെ പുറത്ത്. നിന്നോട് എങ്ങിട്ടും പോണ്ടാന്ന് ഞാന്‍ പറഞ്ഞ്വോ ''.

'' ഇനി അതു പറഞ്ഞ് നേരം കളയണ്ടാ '' ഇളയച്ഛന്‍ ഭക്ഷണം കഴിക്കാനിരുന്നു.

കാറിന്‍റെ ശബ്ദം കേട്ടിട്ടാവണം പപ്പനമ്മാമന്‍ ഇറങ്ങി വന്നു. എഴുന്നേറ്റിട്ട് അധികനേരം ആയിട്ടില്ലെന്ന് തോന്നുന്നു. സ്വെറ്ററിട്ടിട്ടുണ്ട്, തലയിലൊരു മഫ്ലറും.

'' ദീപു എപ്പോഴാ എത്തിയത് '' മുറ്റത്ത് എത്തിയതും പപ്പനമ്മാമന്‍ ചോദിച്ചു.

'' ഇന്നലെ സന്ധ്യക്ക് ''.

'' രാജിടെ മകന്‍ രാവിലെ വന്നപ്പോഴേ ദീപു യാത്ര പോയ വിവരം അറിഞ്ഞു. പിന്നെ നമ്മുടെ മാധവന്‍ വന്നപ്പോഴാണ് ഉമ്മറ് സായ്‌വിന്‍റെ മകന്‍ വന്ന് കൂട്ടിക്കൊണ്ടു പോയതാണെന്ന് അറിഞ്ഞത് ''.

'' വൈകുന്നേരം മടങ്ങി വരും എന്ന് പറഞ്ഞതോണ്ട് ചെന്നതാണ്. ഓരോ ദിക്കില് കറങ്ങി ദിവസം നാല് പോയി ''.

ആഹാരത്തിന്‍റെ പാത്രവുമായി അകത്തേക്ക് കയറി. വീടിനകം വെവ്വേറെ മുറികളായി തിരിച്ചിട്ടില്ലെന്ന് അപ്പോഴാണ് അറിയുന്നത്. സിമിന്‍റ് കട്ടകള്‍കൊണ്ട് നിര്‍മ്മിച്ച് തേച്ചിട്ടില്ലാത്ത ഭിത്തി. വീടിന്‍റെ മുമ്പിലും പുറകിലും ഓരോ വാതില്, നാലു ചുവരുകളിലും ഈരണ്ട് ജനാലകള്‍, ഇരുമ്പുകൊണ്ടുള്ള മേല്‍ക്കൂര. അലുമിനീയംഷീറ്റുകള്‍ മേഞ്ഞിട്ടുണ്ട്. സിമിന്‍റുതറയില്‍ സമചതുരത്തിലുള്ള കളങ്ങള്‍. ഭിത്തിയില്‍ പല ഭാഗത്തായി നാലഞ്ച് വൈദ്യുത വിളക്കുകള്‍ ഘടിപ്പിച്ചിരിക്കുന്നു. മഹാത്മാഗാന്ധിയുടെ ഒരു ഫോട്ടോ മാത്രമാണ് ഏക അലങ്കാരം. കയറിചെല്ലുന്ന വാതിലിന്‍റെ വലതുവശത്ത് ഒരു പലകകട്ടില്‍. അതിന്‍റെ തല ഭാഗത്ത് മടക്കിവെച്ച പുല്ലുപായയും തലയണ്ണയും. മറുവശത്ത് മേശയും കസേലയും. ഒരു ചാരുകസേല  മടക്കിചുമരില്‍ ചാരിവെച്ചിട്ടുണ്ട്. ഒരു മൂലയില്‍ സ്റ്റൌവും ഏതാനും പാത്രങ്ങളും. മരത്തിലുണ്ടാക്കിയ ഒരു പെട്ടി ഒരുവശത്ത് ഇരിപ്പുണ്ട്, അയക്കോല്‍ കെട്ടിയതില്‍ അഴിച്ചിട്ട വസ്ത്രങ്ങളും. അതോടെ സ്ഥാവര ജംഗമ വസ്തുക്കള്‍ തീര്‍ന്നു.

'' ഇതെന്താ ഇങ്ങിനെയൊരു വീട് '' മനസ്സില്‍ തോന്നിയത് വാക്കുകളായി പുറത്തെത്തി.

'' വെയിലും മഴയും കൊള്ളാതെ ചുരുണ്ടു കൂടാന്‍ ഒരു താവളം വേണം. അതിന് ഇതുതന്നെ ധാരാളം. സ്വകാര്യത വേണമെന്നുണ്ടെങ്കിലല്ലേ ഇടച്ചുമരൊക്കെ കെട്ടി വേര്‍തിരിക്കലൊക്കെ വേണ്ടൂ '' പപ്പനമ്മാമന്‍ തുടര്‍ന്നു '' മാത്രമല്ല എന്‍റെ കാലം കഴിഞ്ഞാല്‍ കോളനിയില്‍ ഉള്ളവര്‍ക്ക് പൊതു ആവശ്യത്തിന് ഇത് ഉപകരിച്ചോട്ടേ എന്നും കൂടി കരുതിയാണ് ഇങ്ങിനെ ഉണ്ടാക്കിയത് ''.

പപ്പനമ്മാമന്‍ വാട്ടിയ വാഴയിലപ്പൊതി തുറന്ന് രണ്ട് ആപ്പം ഒരു പ്ലേറ്റില്‍ മാറ്റിവെച്ചു. എന്നിട്ട് അതിനു മീതെ കുറച്ചു കറിയൊഴിച്ചു. വാതില്‍ക്കല്‍ ചെന്നു നിന്ന് അദ്ദേഹം '' ലീലേ '' എന്ന് ഉറക്കെ വിളിച്ചു. പൂര്‍ണ്ണ നഗ്നനായ രണ്ടു രണ്ടര വയസ്സായ ആണ്‍കുട്ടിയാണ് ഓടിയെത്തിയത്. അവന്‍റെ പിന്നാലെ ഓടി  വന്ന യുവതി വാതില്‍ക്കല്‍വെച്ച് കുട്ടിയെ കടന്നു പിടിച്ചു.

'' മുത്തച്ചന്‍റെ വിളിക്കിണത് കേട്ടതും വെളിക്കിരിക്കുന്ന ഇടത്തിന്ന് ചെക്കന്‍ ഓടി വന്നതാണ്. കഴുകീട്ടില്ല '' അവള്‍ പറഞ്ഞു.

'' ആ പ്ലെയിറ്റ് കൊണ്ടുപോയി അതിലുള്ളത് അവന് കൊടുക്ക് '' അദ്ദേഹം നിര്‍ദ്ദേശിച്ചു. കുട്ടിയുടെ കയ്യും പിടിച്ച് പ്ലെയിറ്റുമായി അവള്‍ തിരിച്ചു പോയി.

'' കഷ്ടം ഉണ്ട് അവളുടെ കാര്യം ആലോചിച്ചാല്‍ '' പപ്പനമ്മാമന്‍ ആത്മഗതമെന്നോണം പറയുന്നത് കേട്ടു.

'' എന്താ പ്രശ്നം '' ദിലീപ് മേനോന് ചോദിക്കാതിരിക്കാനായില്ല.

'' ആ പെണ്‍കുട്ടിക്ക് ഇരുപത് വയസ്സ് ആവുണതേയുള്ളു. ഒരു കുട്ടിയും ആയി. അപ്പോഴേക്കും എല്ലാം കഴിഞ്ഞു ''.

'' എന്താ പറ്റിയത് ''.

'' ഒരു പനി. രണ്ടാഴ്ചയോളം ആസ്പത്രിയില്‍ കിടന്നു. അതോടെ അവളുടെ കെട്ട്യോന്‍ പോയി ''.

'' രക്ഷിതാക്കളില്ലേ അവള്‍ക്ക് ''.

'' അച്ഛനും അമ്മയും നേരത്തെ മരിച്ചു. ഒരു ഏട്ടനുള്ളതിന്‍റെ ഭാര്യ കടന്ന സൈസ്സാണ്. ഇവളെ കൂടെ കൂട്ടില്ല. കെട്ട്യോന്‍ മരിക്കുന്നതിന്ന് മുമ്പ് ഈ വീടിന്‍റെ തൊട്ടപ്രത്ത് ഒരു വീട് പണിതിരുന്നു. അതിലാ താമസം ''.

'' അപ്പോള്‍ ആ കുട്ടിയുടെ ഭാവി ''.

'' അതന്ന്യാണ് ഞാനും ചിന്തിച്ചോണ്ടിരിക്കിണത്. അഞ്ചാറ് മാസം കൂടി കഴിയട്ടെ. പാകംപോലെ  ഒരു ചെക്കനെ കിട്ടിയാല്‍ കെട്ടിച്ചു വിടണം. പെണ്ണായാല്‍ ഒരു ആണ്‍തുണ വേണം. ആണിന്ന് ഒരു പെണ്ണും  ''.

'' എന്നിട്ടെന്താ പപ്പമ്മാമന്‍ കല്യാണം കഴിച്ചില്ല ''.

'' വിതച്ചതില്‍ നിന്നു തെറിച്ച് വരമ്പത്തു വീണ വിത്തല്ലേ ഞാന്‍ . മനുഷ്യന് പറഞ്ഞതൊന്നും എനിക്ക് ബാധകമല്ലല്ലോ ''.

'' എന്നാലും നല്ല കാലത്ത് അങ്ങിനെയൊരു ആലോചന തോന്നീട്ടില്ലേ ''.

'' ഇല്ല്യാന്ന് പറയില്ല. പക്ഷെ നടന്നില്ല. പിന്നെ ഒരിക്കല്‍ ഒക്കെ വിസ്തരിച്ച് പറഞ്ഞു തരാം ''.

പപ്പനമ്മാമന്‍ ആഹരം കഴിക്കാന്‍ തുടങ്ങി. ദിലീപ് മേനോന്‍ മേശപ്പുറത്തു നിന്ന് പത്രമെടുത്തു നോക്കി. തലേന്നാളത്തേതാണ്.

'' ഇന്നത്തെ പേപ്പറ് എവിടെ ''.

''ഞാന്‍ പേപ്പറ് വരുത്താറില്ല. ഉച്ചയ്ക്കു ശേഷം വായിച്ചു കഴിഞ്ഞ പത്രം ആരെങ്കിലും കൊണ്ടുവന്ന് തരും. എന്നിട്ട് വായിച്ചാല്‍ പോരേ ''.

'' എന്തിനാ പപ്പനമ്മാമാ ഇത്ര പിശുക്ക്. പെന്‍ഷന്‍ കിട്ടിണില്യേ. ഒരു പേപ്പറ് വരുത്തിക്കൂടേ. ടി.വി. വാങ്ങിച്ചൂടേ. നാട്ടില് നടക്കുന്ന കാര്യങ്ങള്‍ അപ്പപ്പോള്‍ അറിയാം. സിനിമയോ, പാട്ടോ, സീരിയലോ  എന്തു വേണമെങ്കിലും കാണാം ''.

'' അതിനൊന്നും കയ്യില്‍ കാശില്ല. കിട്ടുന്ന പെന്‍ഷന്‍ ചിലവിനുതന്നെ തികയാറില്ല ''.

'' അതെന്താ ഇത്രയധികം ചിലവ് ''.

'' ഇപ്പോള്‍ ലീലയേയും, കുട്ടിയേയും കണ്ടില്ലേ. അതുപോലെ കഴിഞ്ഞു കൂടാന്‍ വകയില്ലാത്ത കുറെ ജന്മങ്ങളുണ്ട് ഈ കോളനീല്. ഇവള്‍ക്ക് കുട്ടിയെവിട്ട് പണിക്ക് പോവാന്‍ പറ്റില്ല. ജോലി ചെയ്യാനുള്ള ആരോഗ്യമോ സഹായിക്കാന്‍ ആളുകളോ ഇല്ലാത്തവരാണ് ബാക്കിയുള്ള ആളുകള്‍. വല്ല  കഞ്ഞിയോ വെള്ളമോ വേണ്ടേ ജീവന്‍ കിടക്കാന്‍. എനിക്ക് കിട്ടുന്നത് അവര്‍ക്കൊക്കെ വീതം വെക്കും. പിന്നെ വലുതായിട്ടൊന്നും ബാക്കി കാണില്ല ''.

പപ്പനമ്മാമനോടുള്ള ആദരവ് കൂടുകയാണ്. അന്യരുടെ സങ്കടം തീര്‍ക്കാന്‍ ഉഴിഞ്ഞുവെച്ച ജീവിതമാണ് അദ്ദേഹത്തിന്‍റേത് എന്നു പറയുന്നത് വെറുതെയല്ല. എന്തെങ്കിലും അദ്ദേഹത്തിന്നു വേണ്ടി ചെയ്യണം.

'' ഞാന്‍ ഒരു ടി.വി. വാങ്ങിത്തരട്ടെ ''.

'' വല്ലതും ചെയ്യണം എന്നുണ്ടെങ്കില്‍ '' പപ്പനമ്മാമന്‍ ഒന്നു നിറുത്തി വീണ്ടും തുടര്‍ന്നു '' ഇവിടെ കുറെ പാവപ്പെട്ട കുട്ടികളുണ്ട്. അവര്‍ക്ക് കളിപ്പാട്ടങ്ങളോ കുട്ടികള്‍ക്കുള്ള സൈക്കിളോ വാങ്ങിക്കൊടുത്താല്‍ മതി ''.

'' ഷുവര്‍ '' അയാള്‍ ഏറ്റു.

വൃദ്ധന്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങി. അയാള്‍ മെല്ലെ കട്ടിലിലേക്ക് ചെരിഞ്ഞു. 

Sunday, August 18, 2013

അദ്ധ്യായം - 9.


'' വടക്കഞ്ചേരി കഴിഞ്ഞോ '' പാതി മയക്കത്തില്‍ നിന്ന് ഉണര്‍ന്നെഴുന്നേറ്റ ദിലീപ്മേനോന്‍ ജാഫറിനോട് ചോദിച്ചു. ജാഫര്‍ ചോദ്യം വ്യക്തമായി കേട്ടില്ല.

'' വടക്കാഞ്ചേരിയോ, വടക്കഞ്ചേരിയോ ഏതാന്ന് കറക്റ്റായിട്ട് പറയിന്‍ ''.

'' വടക്കഞ്ചേരി. ആലത്തൂര് എത്തിയാല്‍ ഒന്നു പറയണം ''.

'' അതിന് നമ്മള്‍ വടക്കാഞ്ചേരി വഴിക്കാണ് പോന്നത്. ചെറുതുരുത്തി എത്താറായി '' ജാഫര്‍ തുടര്‍ന്നു '' മറ്റേ വഴി പൊട്ടിപൊളിഞ്ഞു കിടപ്പാണ്. ഇനി നാലുവരി പാതടെ പണി കഴിയുന്നതുവരെ അത് നന്നാക്കുംന്ന് തോന്നുണില്ല ''.

ആ മറുപടി കേട്ടതോടെ മനസ്സിലൊരു വിഷമം കടന്നു വന്നു. അനിതയ്ക്ക് കൊടുത്ത വാക്കും പാലിക്കാനായില്ല. കഷ്ടമായി. ഇനി എന്താണ് അവളോട് പറയുക. അല്ലങ്കിലേ ദിലീപേട്ടന്‍ ഒന്നുപറയും വേറൊന്ന് പ്രവര്‍ത്തിക്കും എന്ന് അവള്‍ പറയാറുള്ളതാണ്. അവളെ കുറ്റം പറയാനാവില്ല. ചെയ്യുന്ന മിക്ക കാര്യങ്ങളും അങ്ങിനെയാണല്ലോ.

'' എന്താ, ആലത്തൂര് ചെന്നിട്ട് എന്തെങ്കിലും കാര്യൂണ്ടോ '' ജാഫറിന്‍റെ ചോദ്യം കേട്ടു.

'' ഒരാളെ കാണാനുണ്ടായിരുന്നു. അല്ലാതെ വേറൊന്നൂല്യാ ''.

'' അത്യാവശ്യം ആണെങ്കില്‍ നമുക്ക് ലക്കിടിയില്‍ നിന്ന് തിരിഞ്ഞ് തിരുവില്വാമല വഴി ആലത്തൂരിലേക്ക് പോകാം ''.

'' ഏയ് , അങ്ങിനെ അര്‍ജ്ജന്‍റായിട്ട് ചെല്ലേണ്ട കാര്യം ഒന്ന്വോല്ല. പിന്നെ എപ്പോഴെങ്കിലും പോയി കണ്ടോളാം '' എന്നു പറഞ്ഞുവെങ്കിലും വാക്കുകളില്‍ നിരാശ കലര്‍ന്നിരുന്നോ എന്നു തോന്നി.

 തിരിച്ചുപോരുന്ന വഴി സരസ്വതിയമ്മയെ ചെന്നുകാണാം എന്ന ആശയം ഉടലെടുത്തത് കഴിഞ്ഞ രാത്രി അനിതയുമായി ഫോണില്‍ സംസാരിക്കുന്നതിന്നിടയിലാണ്.

'' അതേയ്, ഞാന്‍ നാട്ടിലെത്തിയാല്‍ വന്നു കാണുന്നുണ്ടെന്ന് പ്രത്യേകം പറയണേ ''അവള്‍ ഓര്‍മ്മിപ്പിച്ചു '' ഏട്ടനേയും എന്നേയും വളര്‍ത്തി വലുതാക്കാന്‍  അമ്മയേക്കാള്‍ കഷ്ടപ്പെട്ടത് അവരാണ് ''.

സരസ്വതിയമ്മ വളരെക്കാലം അനിതയുടെ വീട്ടിലെ പണിക്കാരിയായിരുന്നു. നോക്കി വളര്‍ത്തിയ ആള്‍ എന്നുപറയുന്നതാണ് ഒന്നുകൂടി ശരി. ജോലിക്കാരിയായ അമ്മയ്ക്ക് മക്കളുടെ കാര്യം ശ്രദ്ധിക്കാന്‍ വേണ്ടത്ര സമയം കിട്ടാറില്ല. ആ കുറവ് പരിഹരിച്ചത് സരസ്വതിയമ്മയാണ്. പക്ഷെ മക്കള്‍ മുതിര്‍ന്നതോടെ അനിതയുടെ അമ്മ തൊട്ടതിനും പിടിച്ചതിനും അവരില്‍ കുറ്റങ്ങളും കുറവുകളും  കണ്ടെത്താന്‍ തുടങ്ങി. ഒടുവില്‍ ഏതോ നിസ്സാരകാര്യത്തിന് ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. എങ്കിലും അപകടത്തില്‍പ്പെട്ട് അച്ഛനും അമ്മയും മരിച്ച വിവരം അറിഞ്ഞതും സരസ്വതിയമ്മ എല്ലാം മറന്ന് ഓടിയെത്തി. മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് അനിതയും ജ്യേഷ്ഠനും നാട്ടില്‍ നിന്ന് പോവുന്നതുവരെ അവരുടെകൂടെ കഴിഞ്ഞു. ഇപ്പോള്‍ ആലത്തൂരിനടുത്ത് ഭര്‍ത്താവിനോടൊപ്പം കഴിയുന്ന മകളുടെ കൂടെയാണ് അവര്‍.

'' ആലത്തൂര് എത്തുന്നതിന്നുതൊട്ടുമുമ്പ് ഇടത്തോട്ട് ഒരു റോഡുണ്ട്. അതിലെക്കൂടി രണ്ടു കിലോമീറ്റര്‍ ചെന്നിട്ട് ആരോടെങ്കിലും പട്ടാളത്തില്‍ നിന്നു പിരിഞ്ഞതിനുശേഷം ടെലഫോണ്‍ എക്സ്ചേഞ്ചില്‍ ജോലിക്കുപോവുന്ന ഗോവിന്ദന്‍കുട്ടിടെ വീട് ഏതാന്ന് ചോദിച്ചാല്‍ ആരും കാട്ടിത്തരും '' അനിത വഴി പറഞ്ഞുതന്നതാണ്.

'' താന്‍ വിഷമിക്കണ്ടടോ. അതൊക്കെ ഞാന്‍ അന്വേഷിച്ച് കണ്ടെത്തിക്കോളാം ''  എന്ന് ഉറപ്പ് കൊടുത്തു.

'' വെറുതെ പോയി കണ്ടിട്ട് വരാന്‍ പാടില്ല. അവര്‍ക്ക് വല്ലതും കൊടുക്കണം '' അനിത അതുകൂടി ഓര്‍മ്മിപ്പിച്ചിരുന്നു.

'' ഷുവര്‍. താന്‍ അതൊന്നും പറഞ്ഞു തരണ്ടാ. ഒക്കെ എനിക്കറിയാം  '' എന്ന് ഗമയില്‍ തട്ടിവിടുകയും ചെയ്തതാണ്. എല്ലാം വെറും വാക്കായി. ജാഫറിനോട് നേരത്തെ ഒരു വാക്ക് പറഞ്ഞിരുന്നുവെങ്കില്‍ ഈ അബദ്ധം പറ്റില്ലായിരുന്നു. ഇനി അത് ആലോചിച്ചിട്ട് കാര്യമില്ല.

വീട്ടുകാരോട് ചെയ്തത് വേറൊരു തെറ്റ്. ശനിയാഴ്ച രാജിച്ചേച്ചിയുടെ വീട്ടിലേക്ക് എല്ലാവരേയും കൂട്ടിക്കോണ്ടു പോയി ഞായറാഴ്ച തിരിച്ചു കൊണ്ടുവരാമെന്ന് വാക്ക് കൊടുത്തിരുന്നു. അതുകേട്ട് വലിയമ്മ രാജിചേച്ചിയെ ഫോണ്‍ ചെയ്ത് എല്ലാവരും കൂടി വരുമെന്ന വിവരം അറിയിക്കുകയും ചെയ്തു. അവരേയും നിരാശപ്പെടുത്തി.

എല്ലാറ്റിലും വലിയ തെറ്റു ചെയ്തത് പപ്പനമ്മാമനോടാണ് . തെറ്റ് എന്നല്ല ക്രൂരത എന്നുവേണം പറയാന്‍. ഏറെ കഷ്ടപ്പെട്ട് ഭക്ഷണങ്ങളൊരുക്കി അദ്ദേഹം കാത്തിരുന്നു കാണും. പതിവായി ഭക്ഷണം നല്‍കാറുള്ളവരോട് അന്നേക്ക് വേണ്ടാ എന്ന് അദ്ദേഹം പറഞ്ഞതാണ്. തന്നെ കാണാഞ്ഞ് ഭക്ഷണം ഉണ്ടാക്കാതിരിക്കുകയും മറ്റുള്ളവര്‍ ഒന്നും എത്തിക്കാതിരിക്കുകയും ചെയ്ത് ആ സാധു ബുദ്ധിമുട്ടിയൊ ആവോ. രണ്ടായാലും ഒരുപോലെ കഷ്ടമായി. അതിനുള്ള ഉത്തരവാദിത്വം മറ്റാര്‍ക്കുമല്ല. തറവാട്ടിലേക്ക് മൂന്ന് ദിവസത്തിനിടെ ഒരുതവണയേ ഫോണ്‍ ചെയ്തുള്ളു. അപ്പോള്‍ പപ്പനമ്മാമനെക്കുറിച്ച് ഒന്നും ചോദിക്കുകയും ചെയ്തില്ല. അസ്വസ്ഥത മനസ്സില്‍ പെറ്റുപെരുകുകയാണ്.

'' എന്താ ചങ്ങാതി വല്ലാണ്ടിരിക്കിണത്. യാത്ര ചെയ്ത പൂതി മാറീലേ '' മുഖത്തെ മ്ലാനത കണ്ടിട്ടാവണം ജാഫര്‍ തിരക്കി.

'' ഒരു തലവേദന '' കൂടുതല്‍ വിശദീകരിക്കാന്‍ നില്‍ക്കാതെ ദിലീപ് മേനോന്‍ ഒഴിഞ്ഞു മാറി.

'' ഒരു ദിവസം കൂടി നമുക്കവിടെ തങ്ങായിരുന്നു അല്ലേ ''  ജാഫര്‍ ഉറക്കെ ആത്മഗതം ചെയ്തു.

ഇപ്പോള്‍ത്തന്നെ ദിവസം നാലു കഴിഞ്ഞു. വൈകുന്നേരത്തേക്ക് എത്താമെന്നു പറഞ്ഞ് വ്യാഴാഴ്ച പുലര്‍ച്ചെ ഇറങ്ങിയതാണ്. എന്നിട്ട് തിരിച്ചെത്തുന്നത് ഞായറാഴ്ച വൈകീട്ട്. തറവാട്ടിലുള്ളവര്‍ എന്തു കരുതും. ക്ലാസ്സ് കട്ടു ചെയ്ത് സിനിമയ്ക്ക് പോയി തിരിച്ച് വീട്ടിലേക്ക് പോരുമ്പോള്‍ തോന്നുന്നതുപോലുള്ള പരിഭ്രമം തോന്നുന്നു. ബുധനാഴ്ച രാത്രി ഏറെ വൈകീട്ടാണ് ജാഫര്‍ വിളിക്കുന്നത്.

'' രാവിലെ ആറുമണിയാവുമ്പോഴേക്കും ഒരുങ്ങി നിന്നോ. ഒരുസ്ഥലം വരെ നമുക്ക് പോവാനുണ്ട് '' അയാള്‍ പറഞ്ഞു.

'' എങ്ങോട്ടാ ''.

'' അങ്ങിനെ പ്രത്യേകിച്ച് ഒരു സ്ഥലം ഒന്നൂല്യാ. എവിടെയെങ്കിലും കറങ്ങി തിരിഞ്ഞ് വൈകുന്നേരത്തോടെ എത്താം '' കൂടുതലെന്തെങ്കിലും പറയുന്നതിന്നു മുമ്പ് കാള്‍ 
കട്ടായി.

രാവിലെ വലിയമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോഴും ചെറിയച്ഛനും ചെറിയമ്മയും ഉണര്‍ന്നെഴുന്നേറ്റ് പത്തായപ്പുരയില്‍ നിന്നും വന്നിരുന്നില്ല. മൊബൈലില്‍ പഴയൊരു പാട്ടും വെച്ച് കേട്ടിരിക്കുമ്പോഴാണ് ജാഫര്‍ എത്തുന്നത്. കാറില്‍ അയാളെ കൂടാതെ വേറേയും രണ്ടുപേരുണ്ട്.

'' ഇത് നമ്മടെ അളിയന്‍ കബീറ്. സൌദീന്ന് വന്നിട്ട് ഒരാഴ്ച ആയിട്ടേ ഉള്ളൂ. നാട് ചുറ്റണംന്ന് പുള്ളിക്കൊരു മോഹം. മറ്റത് നമ്മടെ ദോസ്ത് വിജയന്‍ സാറ്. ഇന്‍കം ടാക്സ് ആപ്പീസിലാ മൂപ്പരുക്ക് ജോലി '' ജാഫര്‍ അപരിചിതരെ പരിചയപ്പെടുത്തി.

'' എന്തിനാ ഈ കുന്തം ഏറ്റിക്കൊണ്ട് നടക്കുന്നത് '' ഡോര്‍ തുറന്ന് കാറില്‍ കയറാന്‍ ചെന്നപ്പോള്‍ മൊബൈലിനെ ചൂണ്ടി ജാഫര്‍ പറഞ്ഞു '' ഇതൊക്കെ എടങ്ങേറാണ്. ഒരു വഴിക്ക് യാത്ര പോവുമ്പോള്‍ ചെത്തൂം വിളീം ഉണ്ടാക്കി മനുഷ്യനെ മടുപ്പിക്കും ''.

വൈകുന്നേരം തിരിച്ചെത്തുമല്ലോ എന്നു കരുതി മൊബൈല്‍ വലിയമ്മയെ ഏല്‍പ്പിച്ചു. അതുകൊണ്ട് ദിവസവും രാത്രി അനിതയെ വിളിക്കാന്‍ ടെലഫോണ്‍ ബൂത്തുകളെ ആശ്രയിക്കേണ്ടി വന്നു.

'' കണ്ണു മിഴിച്ചിരുന്ന് ഉറങ്ങണ്ടാ. നാടെത്താറായി '' ജാഫര്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ ബാഗ് എടുത്തു. ഉടുത്ത വസ്ത്രങ്ങളോടെ ഇറങ്ങിയതാണ്. മാറ്റാനുള്ള തുണികളെല്ലാം  അപ്പപ്പോള്‍ വാങ്ങേണ്ടി വന്നു. പടിക്കല്‍ കാറ് നിറുത്തിയതും ഇറങ്ങി കൂട്ടുകാരോട് യാത്ര പറഞ്ഞു.

'' അടുത്ത തവണ നമുക്ക് തമിഴ് നാട്ടിലൊന്ന് കറങ്ങണം '' വിജയന്‍ സാര്‍ പറഞ്ഞു. ബഹു രസികനാണ് അയാള്‍. എവിടെയെങ്കിലും ചുറ്റിക്കറങ്ങി വൈകീട്ട് വീടെത്താം എന്നേ ജാഫറും ഉദ്ദേശിച്ചിരുന്നുള്ളു. ബോട്ട് ഹൌസിലെ താമസവും കോവളവും തേക്കടിയും സന്ദര്‍ശിച്ചതും വിജയന്‍ സാറിന്‍റെ താല്‍പ്പര്യപ്രകാരമാണ്.

വലിയമ്മ സെറ്റുമുണ്ടുടുത്ത് എങ്ങോട്ടോ പോവാനൊരുങ്ങി നില്‍ക്കുകയാണ്. വേഷ്ടി പുതച്ച് ഇളയച്ഛനും കസവുസാരിയുടുത്ത് ചെറിയമ്മയും പത്തായപ്പുര ഉമ്മറത്ത്  നില്‍പ്പുണ്ട്.

'' ഉദ്ദേശിച്ചതുപോലെ വരാന്‍ പറ്റിയില്ല '' കുറ്റം സമ്മതിക്കുന്ന മട്ടില്‍ ദിലീപ് മേനോന്‍ പറഞ്ഞു.

'' അതിനെന്താ. എത്രയോ കാലമായി അന്യ നാട്ടില്‍ കഴിയുന്നതല്ലേ. കൂട്ടുകാരനെ കിട്ടിയപ്പോള്‍ സര്‍ക്കീട്ടടിച്ചു. അതൊരു വലിയ തെറ്റൊന്ന്വല്ല '' വലിയമ്മ പറഞ്ഞതു കേട്ടപ്പോള്‍ സ്വയം ചെറുതായതുപോലെ.

'' രാജിചേച്ചിടെ വീട്ടില്‍ പോവാന്ന് പറഞ്ഞിട്ട് ''.

'' ദീപു എന്തോ അത്യാവശ്യമായിട്ട് പോയിരിക്ക്യാണ്. എപ്പഴാ വര്വാന്ന് അറിയില്ല. പുറപ്പെടുന്നതിന്‍റെ തലേ ദിവസം വിവരം തരാന്ന് ഫോണ്‍ ചെയ്തു പറഞ്ഞു ''.

'' പപ്പനമ്മാമന്‍ ''.

'' ഓ. അതോ. എന്തോ കുരുത്തത്തിന് അന്നു രാവിലെ മാഷേട്ടന്‍ ഉണ്ണിക്കുട്ടന്‍റെ കയ്യില് പപ്പനമ്മാമന് ഏതോ കടലാസ് കൊടുത്തയച്ചിരുന്നു. നിന്നെ കാത്തിരിക്കുന്ന വിവരം അങ്ങിനെയാണ് ഞങ്ങളറിയുന്നത്. പിന്നെ ഇവിടുന്ന് ആഹാരം ഉണ്ടാക്കി എത്തിച്ചു കൊടുത്തു ''. എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ സമാധാനമായി.

'' എവിടേക്കാ എല്ലാരും കൂടി ''.

'' ഇന്ന് കാവില് കൂത്ത് തുടങ്ങ്വാണ്. രാത്രി പോവാനൊന്നും പറ്റില്ല. സന്ധ്യക്ക് ഒന്ന് തൊഴുതിട്ട് വരാന്ന് കരുതി ''.

'' എനിക്കും വരണംന്നുണ്ട് ''.

'' അതിനെന്താ. നീ പോയി വേഷം മാറി വരുമ്പഴയ്ക്കും ഞാന്‍ ചായ ഉണ്ടാക്കീട്ട് തരാം '' വലിയമ്മ അകത്തേക്ക് ചെന്നു. ഇളയച്ഛനേയും ചെറിയമ്മയേയും നോക്കി പുഞ്ചിരിച്ച് അയാള്‍ ബാഗുമായി അകത്തേക്ക് നടന്നു

Sunday, August 11, 2013

അദ്ധ്യായം - 8

കാര്‍ വിറകുപുരയില്‍ കയറ്റി നിര്‍ത്തി. ഇരുവശത്തേയും ഗ്ലാസ്സുകള്‍ പൊക്കി ഡോര്‍ തുറന്ന് ഇറങ്ങുമ്പോഴേക്കും ടോര്‍ച്ചുമായി ഉണ്ണിക്കുട്ടന്‍ വന്നു.

'' ചിലപ്പോള്‍ ഇവിടെ പാമ്പിനെ കാണാറുണ്ട്. എലിയെ പിടിക്കാന്‍ വരുന്നതാ '' അവന്‍ ടോര്‍ച്ച് തെളിച്ചു. മുറ്റത്ത് ചാരുകസേലയില്‍ ഇളയച്ഛന്‍ ഇരിപ്പുണ്ട്, വലിയമ്മയും ചെറിയമ്മയും നാലുകെട്ടിന്‍റെ കരിങ്കല്‍ പടവിലും,

'' ഇളയച്ഛന്‍ എപ്പോഴാ എത്തിയത് '' ദിലീപ് മേനോന്‍ ചോദിച്ചു.

'' ദീപു പോയതും ഞാനെത്തി. ഇപ്പോള്‍ ഇറങ്ങിയതേയുള്ളു എന്നാണ് സുമിത്ര പറഞ്ഞത് ''.

'' പപ്പനമ്മാമനുമായി വര്‍ത്തമാനം പറഞ്ഞ് ഇരുന്നപ്പോള്‍ സമയം പോയത് അറിഞ്ഞില്ല അല്ലേ '' വലിയമ്മ ചോദിച്ചു '' നിന്നെ മൊബൈലില്‍ വിളിച്ച് അന്വേഷിക്കണോ എന്ന് ഉണ്ണിക്കുട്ടന്‍ ചോദിച്ചതാണ്. എട്ടര മണി കഴിഞ്ഞിട്ട് കണ്ടില്ലെങ്കില്‍ വിളിച്ചോ എന്ന് ഞാനും പറഞ്ഞു ''.

'' അങ്ങിനെയല്ല വലിയമ്മേ ഉണ്ടായത്. പോകുമ്പോള്‍ വഴിക്ക് കുറച്ചു നേരം തങ്ങി. പപ്പനമ്മാമന്‍റെ അടുത്ത് അധിക നേരം സംസാരിക്കാന്‍ കൂടി പറ്റിയില്ല ''. കളി കണ്ടു നിന്ന വിവരം അയാള്‍ പറഞ്ഞു.

'' അല്ലെങ്കിലും പണ്ടേ നിനക്ക് ഒരു പതിവുണ്ട്. കിഴക്കോട്ടേക്ക് എന്നു പറഞ്ഞ് പുറപ്പെട്ടാല്‍ പടിഞ്ഞാറാണ് എത്തുക. ഇത്ര വലുതായിട്ടും ആ ശീലം വിട്ടിട്ടില്ല ''. അയാളൊന്നും പറഞ്ഞില്ല. പഴയ ശീലങ്ങള്‍ അങ്ങിനെ മാറ്റാനാവില്ലല്ലോ.

'' കുളിമുറീല് വെള്ളം നിറച്ചു വെച്ചിട്ടുണ്ട്. മേല്‍ക്കഴുകണം എന്നുണ്ടെങ്കില്‍ വേഗം പോയി കഴുകീട്ട് വാ '' ചെറിയമ്മ പറഞ്ഞു '' ഇളയച്ഛന് അത്താഴം കഴിക്കാറായി ''.

നാലുകെട്ടിലെ അടുക്കളയോട് ചേര്‍ന്നുള്ള കിണറിലെ വെള്ളത്തിന്ന് നല്ല തണുപ്പുണ്ട്. വേനലിന്‍റെ ചൂട് അതിനെ ബാധിച്ചിട്ടില്ല. കുളത്തില്‍ നിന്ന് അകലെയല്ലാത്തതിനാല്‍ വേനല്‍ക്കാലത്ത് കിണര്‍ വറ്റാറില്ല. മഴക്കാലത്ത് പുഴയിലെ വെള്ളം കലങ്ങുമ്പോള്‍ ചെറിയൊരു നിറവ്യത്യാസം ഉണ്ടാവുയും ചെയ്യും. ദേഹത്ത് വെള്ളം വീണതും  പുതിയ ഒരു ഊര്‍ജ്ജം ലഭിച്ചതു പോലെ.

അടുക്കളയില്‍ നിന്ന് കിണറിലെ വെള്ളം കോരിയെടുക്കാന്‍ സൌകര്യമുണ്ട്. വെള്ളം കോരുമ്പോള്‍ മരത്തിന്‍റെ വലിയ തുടി തിരിയുന്നത് കാണാന്‍ നല്ല രസമാണ്. കുട്ടിക്കാലത്ത് ആരെങ്കിലും വെള്ളം കോരുന്ന ശബ്ദം കേട്ടാല്‍ ആ കാഴ്ച കാണാന്‍ ഓടിയെത്തും. കുളിമുറിയിലേക്ക് വെള്ളം എത്തിക്കുന്നത് നല്ല പാടാണ്. ചെപ്പുകുടത്തില്‍ വെള്ളം നിറച്ച് ഏറ്റിക്കൊണ്ടു പോവണം. എല്ലാവരും ഒത്തു കൂടുമ്പോള്‍ അത് ബുദ്ധിമുട്ടാവും. കിണറില്‍ പമ്പു വെച്ച് വാട്ടര്‍ ടാങ്കും പൈപ്പുകളും സ്ഥാപിച്ചാല്‍ സൌകര്യമാവും. വലിയമ്മയോട് ചോദിച്ച് അത് ചെയ്യിക്കണം. കുളിച്ച് വസ്ത്രം മാറി വരുമ്പോഴേക്കും എല്ലാവരും ഭക്ഷണം  കഴിക്കാനുള്ള ഒരുക്കത്തിലാണ്.

'' രാത്രീലിക്ക് എന്താ വേണ്ടത് എന്ന് നിന്നോട് നേരത്തെ ചോദിക്കാന്‍ വിട്ടു. മാഷേട്ടന് കഞ്ഞി വേണം. അതോണ്ട് എല്ലാവര്‍ക്കും അതുണ്ടാക്കും. നിനക്ക് വേണച്ചാല്‍ ദോശ ഉണ്ടാക്കിത്തരാം. ചൂടോടെ കഴിച്ചോ ''.

'' എനിക്കും കഞ്ഞി മതി. വേനല്‍ക്കാലത്ത് അതാ നല്ലത്. ദോശ കഴിച്ചാല്‍ വെള്ളം കുടിച്ച് മതിയാവും ''.

മട്ടയരി കഞ്ഞിയോടൊപ്പം ചെറുപയര്‍ കറിയും തേങ്ങ വറത്തരച്ചതും അച്ചാറും ചുട്ട പപ്പടവുമായപ്പോള്‍ വിഭവ സ്മൃദ്ധമായി.

'' പപ്പനമ്മാന്‍ എന്തു പറയുന്നു '' കഞ്ഞി കുടിക്കുന്നതിനിടെ ഇളയച്ഛന്‍ അന്വേഷിച്ചു. കുട്ടികളെ പച്ചക്കറി കൃഷി പഠിപ്പിക്കുന്നതും നവതി ആഘോഷിക്കുന്ന കാര്യവും വിവരിച്ചു.

'' അദ്ദേഹം പരമ യോഗ്യനാണ്. ഈ നാട്ടിലെന്നല്ല ഒരു വിധം സ്ഥലത്തൊന്നും ഇതു പോലത്തെ മനുഷ്യനെ കാണാന്‍ കിട്ടില്ല.  അദ്ദേഹത്തിന്‍റെ ഓരോ ചെയ്തിയും. സ്വന്തം ആദര്‍ശത്തിന്ന് യോജിച്ചതായിരിക്കും. മനസ്സുകൊണ്ട് അദ്ദേഹത്തെ മൂന്നു നേരവും ഞാന്‍ വണങ്ങാറുണ്ട് ''.

'' ഒരുപാട് വീടുകളുണ്ട് ആ കോളനിയില്‍ ''.

'' ഉവ്വുവ്വ്. നാലില്‍ ചില്വാനം ഏക്ര ഭൂമിയാണ് ഭാഗത്തില്‍ അദ്ദേഹത്തിന്ന് കിട്ടിയത്. റോഡിനും മറ്റും നീക്കിവെച്ച ശേഷം മുഴുവന്‍ സ്ഥലവും അഞ്ചു സെന്‍റ് പ്ലോട്ടുകളാക്കി. ഒക്കെ വീടില്ലാത്ത പാവപ്പെട്ടവര്‍ക്ക് കൊടുത്തു ''.

'' വീടുണ്ടാക്കാന്‍ പണത്തിനോ ''.

'' ദുര്‍ബ്ബല വിഭാഗങ്ങള്‍ക്ക് ചില ആനുകൂല്യങ്ങളൊക്കെയുണ്ടല്ലോ. അതുപയോഗിച്ചാണ് വീടുകള്‍ പണിതത്. താന്‍ ആ സ്ഥലം ശരിക്ക് കണ്ടോ. ചുറ്റോടും മാത്രമേ വേലിയുള്ളു. അകത്ത് എല്ലാം ഒന്നിച്ചാണ്. ധന സഹായം കിട്ടാന്‍ അപേക്ഷ കൊടുക്കുമ്പോള്‍ ആധാരം വേണോലോ. അതിന്ന് അതിരു വേണ്ടേ. അതുകൊണ്ട് ഓരോ പ്ലോട്ടിന്‍റേയും നാലു മൂലകളിലും കോണ്‍ക്രീറ്റിന്‍റെ ഓരോ പോസ്റ്റ് ഇട്ടിട്ടുണ്ട് . അല്ലാതെ വേലിയോ മതിലോ ഒന്നും ഇല്ല ''.

'' കോളനി വരെ നല്ല കോണ്‍ക്രീറ്റ് റോഡുണ്ട് ''.

'' പഞ്ചായത്ത് മെമ്പര്‍ മാധവന്‍ പപ്പനമ്മാമന്‍റെ കടുത്ത ആരാധകനാണ്. പൊതു മുതല്‍ അപഹരിക്കില്ല എന്ന ആദര്‍ശം കൊണ്ടു നടക്കുന്ന ആള്‍. ആ കക്ഷിയുടെ ശ്രമത്തിലാണ് റോഡ് വന്നത്. കുട്ടികള്‍ക്ക് ഒരു പാര്‍ക്ക് ഉണ്ടാക്കാനുള്ള ഉദ്ദേശം ഉണ്ട് എന്ന് കേട്ടു ''.

'' കുഞ്ഞുണ്ണിമാമയുമായി പപ്പനമ്മാന് അലോഹ്യപ്പെടേണ്ടി വന്നു എന്ന് സൂചിപ്പിച്ചു ''.

'' തന്‍റെ കുഞ്ഞുണ്ണിമാമയുമായി ആരാ പൊരുത്തപ്പെടുക. തനിച്ചൊരു സ്വാര്‍ത്ഥനാണ് അയാള്‍. എന്നെ ആ മനുഷ്യന് കണ്ണെടുത്താല്‍ കണ്ടൂടാ ''.

'' അതും മനസ്സിലായി ''.

'' മനുഷ്യന് ആഗ്രഹമൊക്കെ ഉണ്ടാവും. പക്ഷെ ദുരാഗ്രഹം പാടില്ല. ഉള്ള സ്വത്തിന്‍റെ മുക്കാല്‍ പങ്കും ഓരോ കാരണം പറഞ്ഞ് മൂപ്പര് സ്വന്തം കൈവശത്താക്കി. പോരാഞ്ഞിട്ട് തറവാട്ടു വളപ്പില്‍ എനിക്ക് സ്ഥലം ഒന്നൂല്യാ, പത്തായപ്പുര എനിക്ക് വേണം എന്ന് മദ്ധ്യസ്ഥന്മാര്‍ മുഖാന്തിരം അറിയിച്ചു. അതുവരെ ഞാന്‍ ഇതിലൊന്നും ഇടപെട്ടിട്ടില്ല. ഭാര്യയുടെ വീട് ഭാഗിക്കാന്‍ മുമ്പിട്ടിറങ്ങി എന്ന പേരുദോഷം വരുത്തണ്ടല്ലോ. പക്ഷെ സംഗതിയുടെ പോക്ക് കണ്ടപ്പോള്‍ എന്തോ ഒരു പന്തികേടുണ്ടെന്ന് തോന്നി. അയാളുടെ ചില സേവക്കാരുണ്ട്. അവരെ പിടിച്ചു. എന്താ കുഞ്ഞുണ്ണിമാമന്‍ പ്ലാനിട്ടത് എന്നറിയ്യോ. പത്തായപ്പുര റജിസ്റ്റര്‍ ചെയ്തു കയ്യില്‍ കിട്ടിയാല്‍ ഏതെങ്കിലും റൌഡികളെ അവിടെ താമസിപ്പിക്ക്യാ. കുറച്ചു ദിവസം കഴിഞ്ഞാല്‍ അവര് അവരുടെ സ്വഭാവം കാണിക്കും. ഇപ്പുറത്ത് രണ്ട് പെണ്ണുങ്ങള്‍ മാത്രമല്ലേ ഉള്ളൂ. കേസ്സിനും കൂട്ടത്തിനും ഒക്കെ എത്ര പോവും. ഒടുക്കം മടുത്തിട്ട് സ്ഥലം വിറ്റ് ഇവിടം വിട്ടു പോവും. ആ സമയത്ത് ചുളു വിലയ്ക്ക് എല്ലാം കൂടി കൈക്കലാക്കാം. അത് അറിഞ്ഞപ്പോള്‍ ഒരു കൈ നോക്കണം എന്ന് ഞാനും നിശ്ചയിച്ചു. പത്തായപ്പുര സുമിത്രയ്ക്ക് വേണം എന്ന് ഉറച്ചു നിന്നു. തീരെ മനസ്സില്ലാതെയാണ് ഒടുവില്‍ സമ്മതിച്ചത്. അതോടെ ഞാനായി നമ്പര്‍ വണ്‍ ശത്രു. ഇപ്പോള്‍ മാധവനില്ലാത്ത കുറ്റം ഇല്ല ''.

'' ഇങ്ങിനെയൊക്കെ ആരെങ്കിലും ചെയ്യോ ''.

'' സാധാരണ ഒരാള് ചെയ്യില്ല. പക്ഷെ സുന്ദരേശ്വരമേനോന്‍ അതും അതിലപ്പുറവും ചെയ്യും. തനിക്ക് കേള്‍ക്കണോ ''  ഇളയച്ഛന്‍ തുടര്‍ന്നു '' ഞാന്‍ പറഞ്ഞ അയാളുടെ സേവക്കാരുണ്ടല്ലോ. നമ്മള് ചോദിച്ചാലൊന്നും അവര് വിട്ടു പറയില്ല. അവരുടെ ചില കൂട്ടാളികളുണ്ട് എന്‍റെ പരിചയത്തില്‍. അവര് മുഖാന്തിരം അറിഞ്ഞ വിവരങ്ങളാണ്  ഇത്. എന്നോട് ശത്രുത തോന്നാന്‍ ഇങ്ങിനെയൊരു കാരണമുണ്ട് എന്നു സമ്മതിക്കാം. എന്നാല്‍ മുകുന്ദേട്ടന്‍റെ കാര്യത്തില്‍ അങ്ങിനെ വല്ലതുമുണ്ടോ. പിന്നെന്തിനാ ഒരു നീരസം ''. അച്ഛനെക്കുറിച്ചാണ് പറയുന്നത്. രാവിലെ കുഞ്ഞുണ്ണിമാമ പറഞ്ഞത് ഓര്‍മ്മ വന്നു.

''  അച്ഛനും അമ്മയ്ക്കും കുഞ്ഞുണ്ണിമാമയോടല്ലേ അലോഹ്യം ''.

'' അതിന് കാരണക്കാരന്‍ ഇയാളാണ്. അതറിയ്യോ ''

'' അച്ഛന്‍റെ കാല് മുറിച്ചു മാറ്റിയ സമയത്ത് കാണാന്‍ ചെല്ലാത്തതുകൊണ്ടാണ് ഇഷ്ടക്കേടുണ്ടായത് എന്നാണ് കുഞ്ഞുണ്ണിമാമ എന്നോട് പറഞ്ഞത്. ഇലക്ഷന്‍ കാരണം ആ സമയത്ത് മാമന് ലീവെടുക്കാന്‍ കഴിഞ്ഞില്ലാത്രേ. അതാണ് പോവാതിരിക്കാന്‍ കാരണം എന്നും പറഞ്ഞു ''.

'' ശുദ്ധ നുണ. പണത്തിനു വേണ്ടി എന്തോ കാര്യം വഴി വിട്ടു ചെയ്തതിന് ആ സമയത്ത് കേസില്‍ കുടുങ്ങിയതാണ്. കാലു പിടിക്കാന്‍ ബഹുമിടുക്കനായതോണ്ട് പണം കൊടുത്തും സേവ പിടിച്ചും വലിയ കേട് പറ്റാതെ അതില്‍ നിന്ന് രക്ഷപ്പെട്ടു. എന്‍റെ മനസ്സില്‍ തോന്നുന്ന കാരണം ഇതൊന്ന്വോല്ല. മുകുന്ദേട്ടന്‍ മിലിട്ടറീല് ഓഫീസറായിരുന്ന ആളാണ്. നേരേ വാ നേരേ പോ എന്നതാണ് മൂപ്പരുടെ രീതി. ഇയാളുടെ തരികിട ആ മൂപ്പരുടെ അടുത്ത് നടക്കില്ല. ഒന്നു രണ്ടു സംഭവങ്ങള്‍ മുകുന്ദേട്ടന്‍ എന്‍റടുത്ത് പറഞ്ഞിട്ടൂണ്ട് ''.

'' അച്ഛന്‍ എപ്പോഴെങ്കിലും വിളിക്കാറുണ്ടോ ''.

'' മിക്ക ആഴ്ചയും വിളിക്കും. കാര്യങ്ങളൊക്കെ സംസാരിക്കും ''.

'' ഞാന്‍ വരുന്ന കാര്യം അച്ഛനോട് പറഞ്ഞിരുന്നില്ല ''.

'' അതൊന്നും സാരൂല്യാ. ചെറിയ കുട്ടികളുടെ മനസ്സാണ് ദീപൂന് എന്ന് ഇടയ്ക്ക് പറയാറുണ്ട് ''. ഭക്ഷണം കഴിഞ്ഞ് ഇളയച്ഛന്‍ എഴുന്നേറ്റു. അദ്ദേഹത്തിന്‍റെ പുറകെ കൈ കഴുകി പുറത്തേക്ക് നടന്നു.

'' തനിക്ക് ഉറങ്ങാറായോ ''.

'' ഇല്ല. എന്താ വേണ്ടത് ''.

''നമുക്ക് കുറച്ചു നേരം സംസാരിച്ചിരിക്കാം. പത്തു മിനുട്ട് കഴിഞ്ഞാല്‍ പവര്‍ കട്ടാണ്. അര മണിക്കൂറ് കഴിഞ്ഞിട്ടേ കറണ്ട് വരുള്ളു. അതു കഴിഞ്ഞിട്ട് കിടന്നാല്‍ പോരേ ''. ശരിയെന്ന് സമ്മതിച്ചു. ഇളയച്ഛന്‍ ചാരുകസേലയില്‍ കിടന്നു. കല്‍പ്പടവില്‍ വലിയമ്മയ്ക്കും ഇളയമ്മയ്ക്കും നടുവിലായി ദിലീപ് മേനോന്‍ ഇരുന്നു.

'' ദീപൂന് പത്തു മുപ്പത്താറ് വയസ്സായി. നല്ല വിദ്യാഭ്യാസവും ലോക പരിചയവും ഉണ്ട്. ആലോചിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത ആളല്ല. എന്നാലും ചിലതൊക്കെ പറഞ്ഞു തരണം എന്ന് എനിക്ക്തോന്നി. ഞാന്‍ സുമിത്രയെ കല്യാണം കഴിച്ച് ഇവിടെ വരുമ്പോള്‍ തനിക്ക് മൂന്ന് വയസ്സാണ്. ദീപൂനെ ഞാനും കുറച്ചൊക്കെ എടുത്തോണ്ട് നടന്നിട്ടുണ്ട്. ആ സ്വാതന്ത്രം വെച്ച് ചിലതൊക്കെ തന്നോട് പറയാന്‍ പോവ്വാണ് ''.

'' ഇളയച്ഛന്‍ പറയൂ '' കേള്‍ക്കാന്‍ അയാള്‍ തയ്യാറെടുത്തു.

Saturday, August 3, 2013

അദ്ധ്യായം - 7.

അഞ്ചര മണി കഴിഞ്ഞിട്ടും വെയിലിന്‍റെ ചൂടിന്ന് കുറവില്ല. ഇനിയും വൈകിച്ചാല്‍ പപ്പമ്മാമനെ കാണാന്‍ പോവുന്നത് നടക്കില്ല. ദിലീപ് മേനോന്‍ അകത്തു ചെന്ന് വേഷം മാറി വന്നു.

'' എവിടേക്കാ നീ ഇപ്പൊ പോണത് '' വലിയമ്മ ചോദിച്ചു.

'' പപ്പനമ്മാമനെ കാണണം ''.

'' ഞാനത് പറയാന്‍ നില്‍ക്ക്വായിരുന്നു. അദ്ദേഹം നമ്മുടെ കുടുംബത്തിലെ തല മൂത്ത കാരണോരല്ലേ. നിശ്ചയമായിട്ടും ചെന്ന് കാണണം. പോരാത്തതിന്ന് കുടുംബത്തിന് ഒരു ബുദ്ധിമുട്ടും മൂപ്പരെക്കൊണ്ട് ഉണ്ടായിട്ടൂല്യാ ''.

'' എന്നാല്‍ ഞാന്‍ മെല്ലെ നടന്നിട്ടു വരാം ''.

'' എവിടേക്കാണെന്നു വെച്ചിട്ടാ നടക്കാന്‍ ഭാവിക്കുന്നത്. പപ്പനമ്മാമന്‍ പഴയ പീടിക കെട്ടിടത്തില്‍നിന്ന് എന്നോ താമസം മാറി. ഈ റോഡില്‍ കൂടി പോയി ഗണപതി കോവില്‍ കഴിഞ്ഞാല്‍ വടക്കോട്ട് ഒരു വഴീണ്ട്. അതിലെ ഒന്നൊന്നര നാഴിക പോയാല്‍ കനാല്‍വരമ്പായി. പിന്നെ വലത്തോട്ട് ഇത്തിരി ദൂരം ചെന്നാല്‍ കോളനീല് എത്തും. അവിടെയാണ് അമ്മാമന്‍ ഇപ്പൊ വീടുണ്ടാക്കി ഇരിക്കുന്നത് ''.

'' അതുവരെ വാഹനം പോവ്വോ ''.

'' പിന്നല്ലാണ്ടേ. സിമിന്‍റിട്ട ഈ റോഡ് അതുവരെക്കും ഉണ്ട് ''.

 സ്റ്റീരിയോ ഓണാക്കി. ഏതോ തമിഴ് പാട്ടാണ്. ജാഫറിന്ന് തമിഴ് പാട്ടാണ് ഇഷ്ടം. അയാള്‍ വെച്ചതാവണം. തണല്‍ വിരിച്ചുക്കൊണ്ട് റോഡിന്‍റെ ഇരുവശങ്ങളിലും നില്‍ക്കുന്ന മരങ്ങള്‍ക്കടിയിലൂടെ കാറില്‍ പോവുന്നത് രസകരമായ അനുഭവമാണ്. പല രൂപത്തിലുള്ള കറുത്ത നിഴലുകള്‍ കാറിന്നടിയിലേക്ക് ഓടി വന്നുകൊണ്ടിരിക്കും. വെയിലിനെ വക വെക്കാതെ ഒരു പറ്റം ചെറുപ്പക്കാര്‍ ഗണപതി കോവില്‍ പറമ്പില്‍ ഫുട്ബോള്‍ കളിക്കുന്നുണ്ട്. കാറിന്‍റെ വേഗത കുറച്ച് അങ്ങോട്ട് നോക്കിയിരുന്നു. കുറച്ചു നേരം കളി കാണണം. വലിയൊരു പൂവരശ് മരത്തിന്നടിയില്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങി.

നീല ഷര്‍ട്ടിട്ട ചെറുപ്പക്കാരന്‍ മൈതാന മദ്ധ്യത്തില്‍ നിന്ന് പന്തുമായി കുതിക്കുകയാണ്. മൂന്നുപേരെ മറി കടന്ന് പെനാല്‍ട്ടി ബോക്സിന്ന് അല്‍പ്പം അകലെ വെച്ച് അവന്‍ ഗോളിലേക്ക് ഊക്കോടെ അടിച്ചു. ഗോളെന്ന് ഉറപ്പിച്ച ആ ഷോട്ട് പിഴച്ചു, പോസ്റ്റില്‍ നിന്ന് ഇഞ്ചുകള്‍ക്കകലെകൂടി പന്ത് പുറത്തേക്ക് പോയി .

ഒരു നിമിഷം ദിലീപ് മേനോന്‍ പഴയ കളിക്കാരനായി മാറി. നാട്ടില്‍ നിന്ന് പതിനഞ്ചു കിലോമീറ്റര്‍ അകലെയുള്ള ഹൈസ്കൂള്‍ ഗ്രൌണ്ടിലാണ് കളി. പ്രാദേശിക ടീമാണ് എതിരാളികള്‍. ജനങ്ങളുടെ സപ്പോര്‍ട്ട് ഉണ്ടായിട്ടും രണ്ട് ഗോളിന്ന് പിറകിലാണ് അവര്‍. ബാക്ക് ലൈനില്‍ നിന്ന് കിട്ടിയ പന്തുമായി ഗോള്‍പോസ്റ്റിലേക്ക് കുതിക്കുകയാണ് അയാള്‍. പെട്ടെന്നാണ് അത് സംഭവിച്ചത്. വെട്ടിയിട്ട മട്ടില്‍ ബോക്സിന്ന് വെളിയില്‍ വെച്ച് തെറിച്ചു വീണു. ഒരു നിമിഷത്തെ അമ്പരപ്പ് മാറുമ്പോള്‍ ജാഫര്‍ അടുത്തുണ്ട്.

'' നീ കയറിക്കോ. ഞാന്‍ ഉടനെയെത്താം '' അവന്‍ പറഞ്ഞു.

കാലിന്ന് തകരാറ് വന്ന മട്ടില്‍ നൊണ്ടിക്കൊണ്ട് വെളിയില്‍ ചെന്നിരുന്നു. കളി വീണ്ടും തുടങ്ങി. മിനുട്ടുകള്‍ക്കകം എതിര്‍ടീമിലെ ഒരു കളിക്കാരനെ ജാഫര്‍ ഫൌള്‍ ചെയ്തു. റഫറി പുറത്താക്കിയതോടെ അവന്‍ അടുത്തെത്തി.

'' നിനക്ക് എങ്ങിനെയുണ്ട് '' അവന്‍ അന്വേഷിച്ചു.

'' കുഴപ്പമില്ല. ക്ഷീണം തോന്നുന്നുണ്ട് ''.

'' നീ നന്നായി ഡ്രിബിള്‍ ചെയ്യും. ബാള്‍ കണ്ട്രോളുണ്ട്. നല്ല ഷോട്ടാണ്. പറഞ്ഞിട്ടെന്താ. നിനക്ക് സ്റ്റാമിന തീരെ പോരാ '' അവന്‍ തുടര്‍ന്നു ''  മത്തനും കുമ്പളങ്ങയും തിന്നാലൊന്നും സ്റ്റാമിന ഉണ്ടാവില്ല. അതിന് ചിക്കണോ ബീഫോ മുട്ടയോ മീനോ ഒക്കെ കഴിക്കണം. നീ എന്നെ നോക്ക്. ഒരുദിവസം മുഴുവന്‍ ഓടിയാലും ഞാന്‍ കിതയ്ക്കില്ല. എന്താ അതിന്‍റെ കാരണംന്ന് നിനക്കറിയ്യോ. ഒന്നും കിട്ടില്യാച്ചാല്‍ ഞാന്‍ രണ്ട് ഉണക്കമത്തിയെങ്കിലും ചുട്ട് ഊണിന്‍റെ ഒപ്പം കഴിക്കും ''. നിമിഷങ്ങള്‍ അടര്‍ന്നു വീണു. കളി തീരാറാവുന്നു.

'' നമുക്ക് വേഗം സ്ഥലം വിടണം '' ജാഫര്‍ പറഞ്ഞു '' ഇല്ലെങ്കില്‍ അടി ഉറപ്പാണ് ''.

'' എന്തിനാ അടിക്കുന്നത് ''.

'' കളീല് അവര് തോല്‍ക്കും. അപ്പോള്‍ തല്ലുണ്ടാവും. രണ്ടു ഗോളടിച്ച നിനക്കും അവരുടെ ആളെ ഫൌള്‍ ചെയ്ത എനിക്കും ഷുവറായിട്ടും കിട്ടും ''.

'' എങ്ങിനേയാ നമ്മള്‍ രക്ഷപ്പെടുക ''.

'' നിന്നെ ഡോക്ടറെ കാണിക്കാന്‍ പോണൂന്ന് പറഞ്ഞ് ഞാന്‍ സൈക്കിളില്‍ കേറ്റി സ്ഥലം വിടും ''. എന്നിട്ടും ഗ്രൌണ്ട് വിടും മുമ്പ് ആരൊക്കേയോ ചേര്‍ന്ന് തടുത്തു.

'' എവിടേക്കാ രണ്ടും കൂടി ''

'' ഇവനെ ഡോക്ടറെ കാണിക്കാന്‍ ''.

'' അങ്ങിനെ സ്ഥലം വിടണ്ടാ ''.

'' ഞങ്ങള് പോണില്ല. ഇവന്‍റെ സൈക്കിള്‍ അവിടെ ഉണ്ട്. അതെടുക്കാന്‍ വരും '' ഗോള്‍ പോസ്റ്റിന്ന് പിന്നില്‍ നിര്‍ത്തി വെച്ച ഏതോ സൈക്കിള്‍ കാണിച്ച് ജാഫര്‍ പറഞ്ഞു. അതോടെ പോവാന്‍ അനുവദിച്ചു.

'' റോഡില്‍ കൂടി പോയാല്‍ അവര് വന്നു പിടിക്കും '' ജാഫര്‍ പറഞ്ഞു '' തോണിക്കടവിന്‍റെ അടുത്തെത്തിയാല്‍ നമ്മള് പുഴയിലേക്ക് ഇറങ്ങും. മുട്ടിന് താഴെ വെള്ളം ഉള്ളു. ഞാന്‍ ഹാന്‍ഡില്‍ബാര്‍ പിടിച്ചു നടക്കാം. നീ കാരിയറില്‍ പിടിച്ച് പിന്നാലെ പോന്നോ. അക്കര കടന്നാല്‍ അവര്‍ക്ക് ഒന്നും ചെയ്യാനാവില്ല ''. ആ സൂത്രം ഫലിച്ചു. പക്ഷെ ടീമിലെ മറ്റു കളിക്കാര്‍ക്കും കളി കാണാന്‍ കൂടെ വന്നവര്‍ക്കും അന്ന് നാട്ടുകാരുടെ കയ്യിന്‍റെ ചൂട് അറിയാനായി.

ഗണപതി കോവിലില്‍ നിന്ന് മണിയൊച്ച കേട്ടു. ദീപാരാധനയ്ക്ക് സമയമായിട്ടുണ്ടാവും. കളി നോക്കി നിന്ന് നേരം പോയതറിഞ്ഞില്ല. ഇനി ഈ നേരത്ത് പപ്പനമ്മാമനെ കാണാന്‍ ചെല്ലുന്നത് ശരിയാണോ. പിന്നീടൊരിക്കല്‍ വന്നു കാണാം. കാറില്‍ കയറി സ്റ്റാര്‍ട്ട് ചെയ്തു. മടങ്ങി ചെല്ലുമ്പോള്‍ വലിയമ്മ വിശേഷങ്ങള്‍ ചോദിച്ചാല്‍ എന്തു പറയും. പിന്നെ മടിച്ചില്ല. കാര്‍ നേരെ കോളനിയിലേക്ക് വിട്ടു.

ഇപ്പോള്‍ റോഡിന്‍റെ ഒരു വശം കുറ്റിക്കാടാണ്. ഇടയ്ക്ക് മുളങ്കൂട്ടവും കരിമ്പനകളും കാണാം. മറു ഭാഗം മുഴുവന്‍ റബ്ബര്‍ തോട്ടങ്ങളാണ്. പാത ചെന്നെത്തിയത് കനാലിന്‍റെ വക്കത്താണ്. അവിടെ നിന്ന് വലത്ത് ഭാഗത്തേക്കുള്ള കനാല്‍ വരമ്പ് കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നു.

ദൂരേ നിന്നേ വഴിവക്കത്തെ പൈപ്പിന്‍ ചുവട്ടില്‍ പത്തിരുപത് കുട്ടികള്‍ നില്‍ക്കുന്നതു കണ്ടു. വേഗത കുറച്ച് അവരെ ശ്രദ്ധിച്ചു. കൂട്ടത്തില്‍ മുതിര്‍ന്നവന്‍ പൈപ്പിന്‍റെ ഹാന്‍ഡില്‍ പൊക്കുകയും താഴ്ത്തുകയും ചെയ്യുന്നുണ്ട്. പൈപ്പിലൂടെ ഒഴുകിയെത്തുന്ന വെള്ളം വലിയൊരു പ്ലാസ്റ്റിക്ക്ബക്കറ്റില്‍ നിറയുന്നുണ്ട്. ഒരു പെണ്‍കുട്ടി അതില്‍ നിന്ന് ചെറിയ പാത്രങ്ങളില്‍ വെള്ളം നിറച്ചു കൊടുക്കുന്നു. മറ്റു കുട്ടികള്‍ വെള്ളം നിറച്ച പാത്രങ്ങളുമായി റോഡിന്‍റെ ഓരത്തു കൂടെ പോവുകയാണ്. കാറ് കണ്ടതും കുട്ടികള്‍ക്ക് അതിലായി കൌതുകം. ഏതോ വിരുതന്‍ ബസ്സിന്ന് കൈ കാണിക്കുന്ന മട്ടില്‍ കൈ നീട്ടി. കാര്‍ അവരുടെ അടുത്ത് നിര്‍ത്തി.

'' പത്മനാഭ മേനോന്‍റെ വീട് ഏതാ '' അവരോട് ചോദിച്ചു. ചെറിയ കുട്ടികളുടെ മുഖത്ത് അമ്പരപ്പ്.

'' മുത്തശ്ശനെയാണ് ചോദിക്കുന്നത് '' വെള്ളം പമ്പു ചെയ്യുന്നവന്‍ പറഞ്ഞു '' ഇവിടെ നിന്ന് നാലാമത്തെ വീട് ''.

മുറിക്കയ്യന്‍ ഷര്‍ട്ടും കറുത്ത കരയുള്ള ഖദര്‍മുണ്ടുമാണ് വേഷം. നരച്ച തലമുടി ചെറുതായി വെട്ടിയിരിക്കുന്നു. മുഖം നിറയെ വെളുത്ത രോമങ്ങള്‍. ഏറ്റവും ഒടുവില്‍ കാണുന്ന സമയത്ത് കാഷായ വസ്ത്രം ധരിച്ച് നീട്ടി വളര്‍ത്തിയ തല മുടിയും താടിയുമായിരുന്നു പപ്പനമ്മാമന്. ഓരോ തവണ ഓരോ വിധത്തിലാണ് അദ്ദേഹം  പ്രത്യക്ഷപ്പെടാറ്.

കമ്പി വേലിക്കപ്പുറത്ത് ചെറിയൊരു പച്ചക്കറിത്തോട്ടമാണ്. കുട്ടികള്‍ ചെടികള്‍ക്ക് വെള്ളമൊഴിക്കുന്നത് നോക്കി നില്‍ക്കുകയാണ് പപ്പനമ്മാമന്‍.

'' മുത്തച്ചേ ആരോ വരുണൂ '' ഒരു ചെറിയ കുട്ടി പപ്പനമ്മാമനെ തോണ്ടി വിളിച്ചു. അദ്ദേഹം തിരിഞ്ഞു നോക്കി.

'' ദീപൂ. താന്‍ എപ്പോഴാ വന്നത് ''.

'' ഇന്നലെ വൈകുന്നേരം '' അയാള്‍ പറഞ്ഞു '' ഇന്ന് രാവിലെ ഒരു ഗസ്റ്റ് വന്നിരുന്നു. അതാണ് കാലത്ത് വരാഞ്ഞത് ''.

'' അതു നന്നായി. രാവിലെ ഞാനും പഞ്ചായത്ത് ഓഫീസുവരെ പോയിരുന്നു''.

'' എന്താ ഇപ്പോള്‍ പച്ചക്കറി കൃഷിയാണോ ''.

'' എടോ, താന്‍ ഈ ചെറിയ കുട്ടികളെ കണ്ടില്ലേ. മൂന്ന് വയസ്സു മുതല്‍ പത്തു പതിനാല് വയസ്സുവരെയുള്ളവരുണ്ട് ഈ കൂട്ടത്തില്‍  '' പപ്പനമ്മാമന്‍ തുടര്‍ന്നു '' ജൈവ വളം ഉപയോഗിച്ച് പച്ചക്കറികൃഷി ചെയ്യുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ നാടുനീളെ സെമിനാറും പ്രസംഗവും. എന്നിട്ടെന്താ നൂറാള് കേട്ടിട്ട് പോയാല്‍ രണ്ടാള് എന്തെങ്കിലും ചെയ്താലായി. ബാക്കി മുഴുവന്‍ വെറും വേസ്റ്റ്. ഞാന്‍ ഇവിടെ ഈ കുട്ടികളെ കൃഷി ചെയ്യിച്ച് പഠിപ്പിക്കയാണ്. അനുഭവങ്ങളിലൂടെ വേണം എന്തും പഠിക്കാന്‍. തൊഴിലിന്‍റെ മഹത്വം അവര്‍ മനസ്സിലാക്കട്ടെ ''.

'' ഒക്കെ നനച്ചു. ഇനിയെന്താ ചെയ്യേണ്ടത് മുത്തശ്ശാ '' മുളകു ചെടിക്ക് വെള്ളം ഒഴിച്ചു വന്ന കുട്ടി ചോദിച്ചു.

'' എല്ലാവരും വീടുകളില്‍ ചെന്ന് കുളിച്ചു വൃത്തിയായിട്ടു വരിന്‍. നമുക്ക് കഥ പറയണ്ടേ ''.

'' വേണം '' കുട്ടികളുടെ സംഘം പിരിഞ്ഞു.

'' വലിയമ്മാമന്‍ കോളനീല് വീടുണ്ടാക്കി എന്ന് വലിയമ്മ പറഞ്ഞിരുന്നു. ഇത്രയധികം വീടുകള്‍ ഉണ്ടാവുമെന്ന് കരുതിയില്ല ''.

'' തറവാട് ഭാഗിച്ചപ്പോള്‍ ഇവിടെയാണ് എനിക്ക് സ്ഥലം നീക്കിവെച്ചത്. ആ കാലത്ത് മനുഷ്യന്‍ ഇങ്ങോട്ട് വരില്ല. നട്ടുച്ച നേരത്ത് കുറുക്കന്‍ ഓരിയിടുന്ന ഇടമായിരുന്നു. അടിയന്തരാവസ്ഥ കഴിഞ്ഞ് ജയിലിന്ന് വന്നപ്പോള്‍ വീടുണ്ടാക്കാന്‍ സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ഭാഗിച്ചു കിട്ടിയ സ്ഥലം വീതിച്ചു കൊടുക്കണമെന്ന് എനിക്കൊരു മോഹം തോന്നി. പക്ഷെ അന്ന് അനന്ത്രോപ്പാട് അതിന് എതിരു പറഞ്ഞു. അയാള്‍ക്ക് റബ്ബര്‍ വെക്കാന്‍ ഈ സ്ഥലം വേണം. പറ്റില്ലാന്ന് ഞാന്‍. ഒടുക്കം ഒന്നും രണ്ടും പറഞ്ഞ് അന്യോന്യം സുഖമില്ലാതെ പിരിയേണ്ടി വന്നു. ഇപ്പോ വഴിക്കുവെച്ച് എന്നെ കണ്ടാല്‍ കാണാത്ത ഭാവത്തില്‍ പോവും ''. ചോദിച്ചത് കിട്ടിയില്ലെങ്കില്‍ കുഞ്ഞുണ്ണിമാമയ്ക്ക് പിണക്കം തോന്നും. അമ്മയോടും അതല്ലേ ഉണ്ടായത്.

'' സുശീലടെ ഷഷ്ടിപൂര്‍ത്തി ഇവിടെ വെച്ച് നടത്തുന്നൂന്ന് സുഭദ്ര പറഞ്ഞു. എല്ലാവരും എത്തീലേ ''. ഒന്നൊഴിയാതെ സകല വിവരങ്ങളും പപ്പനമ്മാമനോട് പറഞ്ഞു.

'' അപ്പോള്‍ താന്‍ കുറച്ചു ദിവസം ഇവിടെത്തന്നെയൊക്കെ ഉണ്ടാവും അല്ലേ. സൌകര്യം കിട്ടുമ്പോഴൊക്കെ ഇങ്ങോട്ട് ഇറങ്ങ്വാ ''. ശരി എന്ന മട്ടില്‍ തലയാട്ടി.

'' നാള് കേറ്റെറെക്കം വന്നില്ലെങ്കില്‍ സുശീലടെ പിറന്നാള് കഴിഞ്ഞ് ഇരുപത്തെട്ടാം പക്കം എന്‍റെ പിറന്നാളാണ്. ഒരേ നക്ഷത്രാണ് ഞങ്ങള് രണ്ടാളും. രേവതി. ഇക്കൂറി എനിക്ക് തൊണ്ണൂറ് വയസ്സ് തികയും. പത്മനാഭ മേനോന്‍റെ നവതി ആഘോഷിക്കണം എന്നും പറഞ്ഞ് കുറച്ചു പേര്‍ ഇറങ്ങി പുറപ്പെട്ടിട്ടുണ്ട്. ഓരോരുത്തരുടെ മോഹോല്ലേ. അങ്ങിനെ ആവട്ടെ എന്ന് ഞാനും വെച്ചു. എന്തിനാ ബഫൂണ്‍ തമാശ കാണിക്കുന്നത്. തന്നത്താന്‍ ചിരിക്കാനല്ലല്ലോ. മറ്റുള്ളോര് ചിരിക്കാനല്ലേ. അങ്ങിനെ കരുതിയാല്‍ മതി ''.

'' എങ്കില്‍ ആഘോഷങ്ങള്‍ക്ക് ഞാനും ഉണ്ടാവും. നമുക്ക് സംഗതി പൊടിപൊടിക്കണം ''.

'' താനിന്ന് ഇവിടെ കൂടുന്നോ. രാത്രിക്ക് കഞ്ഞിയും ചമ്മന്തിയും ആരെങ്കിലും കൊണ്ടു വന്നു തരും. അതും കഴിച്ച് ഓരോന്ന് പറഞ്ഞോണ്ട് കിടക്കാം ''.

'' വലിയമ്മ കാത്തിരിക്കും ''.

'' എന്നാല്‍ പൊയ്ക്കോളൂ. ഇരുട്ടാവാന്‍ നില്‍ക്കണ്ടാ ''. കുട്ടികള്‍ കുളിച്ചൊരുങ്ങി വന്നു തുടങ്ങി. പപ്പനമ്മാമന് കഥ പറയാനുള്ള സമയമായി. ദിലീപ് മേനോന്‍ എഴുന്നേറ്റു.

'' ഇനിയെന്നാ ഈ വഴിക്ക് കാണ്വാ ''.

'' നാളെത്തന്നെ ഞാന്‍ വരുന്നുണ്ട് ''.

'' എന്നാല്‍ കാലത്തന്നെ പോന്നോളൂ. ഉച്ചയ്ക്കുള്ള ഊണ് ഇവിടുന്നാവാം ''.

'' വിശേഷിച്ച് എന്തെങ്കിലും വിഭവം ഉണ്ടാവ്വോ '' അയാള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.

'' നല്ല ഇടിച്ചക്കയുണ്ട്. അതോണ്ട് പൊടിത്തൂവലുണ്ടാക്കാം. ചെനച്ച മാങ്ങകൊണ്ട് ഒരു അരച്ചുകലക്കിയും. പിന്നെ പതിവുപോലത്തെ എന്തെങ്കിലും ''.

'' എങ്കില്‍ ഞാന്‍ നേരത്തെയെത്താം. വെപ്പുപണി രണ്ടാളും കൂടി ''.

'' താന്‍ വെറുതെ കണ്ടോണ്ട് ഇരുന്നാല്‍ മതി. വലിയമ്മാമന്‍റെ കൈപ്പുണ്യം എങ്ങിനെ ഉണ്ടേന്ന് അറിയാലോ '' പപ്പനമ്മാമന്‍ തുടര്‍ന്നു '' കുറച്ചായിട്ട് വല്ലോരും കൊണ്ടുവന്ന് തരുന്നതും കഴിച്ച് ഇരിക്ക്യാണ്. ആരും നാളെ ഒന്നും കൊണ്ടുവരണ്ടാ എന്ന് ഇന്നന്നെ പറഞ്ഞേല്‍പ്പിക്കാം ''.

'' വലിയമ്മാമയ്ക്ക് എന്താ വേണ്ടത് ''

'' ദൈവം സഹായിച്ച് എനിക്ക് ഒന്നിനും ഒരു ബുദ്ധിമുട്ടില്ല. നിങ്ങളൊക്കെ വര്വാ കാണ്വാ, എന്താന്ന് ചോദിക്ക്യാ. അത്രയൊക്കെ വേണ്ടൂ ''.

'' അതൊക്കെ എപ്പോഴും ഉണ്ടാവും ''.

'' ഞാന്‍ എന്തു പണിയാ കാട്ട്യേത്. തന്നെ മുറ്റത്തുതന്നെ നിര്‍ത്തി സംസാരിച്ചു. വാ, അകത്തു കയറി കണ്ടിട്ടു പോവാം  ''

''  നാളെ വരുമ്പോള്‍ കാണാലോ '' കാറിനടുത്തേക്ക് നടന്നു.