Saturday, August 31, 2013

അദ്ധ്യായം - 11.


'' മുത്തച്ചേ, ഈ പെണ്ണ് എന്നെ കളിയാക്കുന്നു '' ഒരു ആൺകുട്ടിയുടെ ശബ്ദം കാതിൽ വന്നലച്ചു. ദിലീപ് മേനോൻ കണ്ണു തുറക്കാതെതന്നെ വർത്തമാനം ശ്രദ്ധിച്ചു കിടന്നു.

'' മുത്തച്ചേ, ഇവൻ പറയ്യാണ് ഒറ്റ സംഖ്യ പഠിക്കാനാണ് ബുദ്ധിമുട്ടെന്ന്. ഞാൻ പറഞ്ഞു സ്ക്വയർ റൂട്ടും, സ്ക്വയറും പഠിക്കാനാണ് പാടെന്ന് . ഏതാണ് പഠിക്കാൻ പാട്. മുത്തച്ച പറയൂ '' ഒരു പെൺകുട്ടിയുടെ ശബ്ദമാണ് അത്.

'' നിങ്ങളുടെ അച്ഛന് എന്താ ജോലി '' പപ്പനമ്മാമൻറെ ചോദിക്കുന്നത് കേട്ടു.

'' ലോറീന്ന് ലോഡ് ഇറക്കൽ '' പെൺകുട്ടി പറഞ്ഞു.

'' ശരി. അച്ഛൻ ലോറീന്ന് ഒരു ചാക്ക് സിമിൻറ് ഇറക്കും. നിന്നെക്കൊണ്ടാവ്വോ ഒരു ചാക്ക് സിമിൻറ് ഇറക്കാൻ ''.

'' അതിന്  ഞാൻ കുട്ടിയല്ലേ ''.

'' സമ്മതിച്ചോ. അതുപോലെത്തന്നെ ഇവനും കുട്ടിയാണ്. നിൻറെ പ്രായം ആവുമ്പോൾ ഇവനും നീ പഠിക്കുന്നതൊക്കെ പഠിക്കും ''.

'' അയ്യേ. ഇവള് തോറ്റേ '' പയ്യൻ കളിയാക്കി ചിരിച്ചു. പെൺകുട്ടിയുടെ കരച്ചിലാണ് പിന്നെ കേൾക്കുന്നത്.

'' നീ കരയ്യോന്നും വേണ്ടാ. അവൻ നിൻറെ അനുജനല്ലേ. നീ വേണ്ടേ ക്ഷമിക്കാൻ ''.

'' മുത്തച്ചൻ അവൻറെ സൈഡാണ് ''.

'' അല്ല മോളേ. മുത്തച്ചൻ രണ്ടാളുടേയും ആണ്. നീയും ഇവനും തമ്മിൽ ബന്ധം ഉള്ളതു പോലെ നിൻറെ സ്ക്വയറും ഇവൻറെ ഒറ്റ സംഖ്യയും തമ്മിൽ ഒരു ബന്ധൂണ്ട് ''.

അത് പുതിയൊരറിവാണ്. ദിലീപ് മേനോൻ എഴുന്നേറ്റിരുന്നു. പപ്പനമ്മാമൻ മേശതുറന്ന് കറുത്ത ഒരു റബ്ബർ ഷീറ്റെടുത്ത് ചുവരിലെ ആണിയിൽ തൂക്കി. എന്നിട്ടൊരു ചോക്കെടുത്തു.

'' ഒരു സംഖ്യയുടെ സ്ക്വയർ എന്നു പറഞ്ഞാലെന്താ. ആ സംഖ്യയെ അതേ സംഖ്യകൊണ്ട് ഗുണിച്ചാൽ കിട്ടുന്നത്. അങ്ങിനെയല്ലേ ''. അതെയെന്ന് പെൺകുട്ടി തലയാട്ടി.

'' അപ്പോൾ ഒന്നിനെ ഒന്നുകൊണ്ട് ഗുണിച്ചാൽ ഒന്ന്. രണ്ടിനെ രണ്ടുകൊണ്ട് ഗുണിച്ചാൽ നാല്. മൂന്നിനെ മൂന്നുകൊണ്ട് ഗുണിച്ചാൽ ഒമ്പത്. ശരിയല്ലേ ''. പെൺകുട്ടി സമ്മതിച്ചു.

'' ഇനിയാണ് തമാശ. നോക്കിക്കോ '' പപ്പനമ്മാമൻ ചോക്കുമായി റബ്ബർഷീറ്റിനടുത്തേക്ക് ചെന്നു.

( 1 x I ) - ( 0 x 0 )  = I - 0 = I.  അതേപോലെ
( 2 x 2 ) - ( 1 x 1 ) = 4 - 1 = 3.
( 3 x 3 ) - ( 2 x 2 ) = 9 - 4 = 5.
( 4 x 4 ) - ( 3 x 3 ) = 16 - 9 = 7.
( 5 x 5 ) - ( 4 x 4 ) = 25 - 16 = 9.
( 6 x 6 ) - ( 5 x 5 ) = 36 - 25 = 11.
( 7 x 7 ) - ( 6 x 6 ) = 49 - 36 = 13.
( 8 x 8 ) - ( 7 x 7 ) = 64 - 49 = 15.
( 9 x 9 ) - ( 8 x 8 ) = 81 - 64 - 17.

'' ഇനി അവസാനത്തെ വരി മുകളിൽ നിന്ന് താഴോട്ട് നോക്കിൻ. ഒറ്റ അക്ഷരങ്ങൾ ക്രമമായി എഴുതിയ മട്ടിലായില്ലേ. രണ്ടു കുട്ടികളും തലയാട്ടി. ഇപ്പോൾ മനസ്സിലായോ ചേച്ചി പഠിക്കുന്ന സ്ക്വയറും അനിയൻ പഠിക്കുന്ന ഒറ്റ സംഖ്യയും തമ്മിൽ ബന്ധമുണ്ടെന്ന് ''. കുട്ടികൾ അത്ഭുത ഭാവത്തിൽ അന്യോന്യം നോക്കി.

'' ഇനി രണ്ടാളും തമ്മിൽ തല്ലാതെ വീട്ടിൽ പോയിരുന്ന് പഠിക്കിൻ ''.

'' ഞങ്ങൾക്ക് സ്കൂളിൽ പോണം ''.

'' എന്നാൽ പൊയ്ക്കോളിൻ ''. കുട്ടികൾ രണ്ടുപേരും എഴുന്നേറ്റുപോയി.

'' ഇത് എനിക്കും പുതിയ അറിവാണ്. ഞാൻ ഈ റിലേഷൻഷിപ്പ് പഠിച്ചിട്ടില്ല '' ദിലീപ് മേനോൻ പറഞ്ഞു.

'' ഞാനും ഇത് പഠിച്ചതൊന്ന്വോല്ല ''.

'' പിന്നെ ''.

'' പറയാൻ തുടങ്ങിയാൽ ഒരുപാട് പറയാനുണ്ട്. ചിലപ്പൊ ബോറ് തോന്നും ''.

'' ഏയ്, ഒട്ടും ബോറാവില്ല. സത്യം പറഞ്ഞാൽ എന്താണ് സംഗതി എന്നറിയാതെ എനിക്ക് ഇരിക്കപ്പൊറുതി കിട്ടില്ല ''.

'' എന്നാൽ കേട്ടോളൂ. പണ്ടുമുതലേ എനിക്കൊരു ശീലമുണ്ട്. ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഞാൻ ഒരാളെക്കുറിച്ചും ചിന്തിക്കാറില്ല. എന്തിനാ അവൻ ഇങ്ങിനെയാണ്, ഇവൾ അങ്ങിനെയാണ് എന്നൊക്കെ ആലോചിക്കുന്നത്. പാപം നേടാനോ. അതുപോലെ നാളെ എന്ത് സംഭവിക്കും ഇപ്പോഴുള്ളപ്രശ്നം എങ്ങിനെതീർക്കും എന്നൊന്നും ഓർക്കാറില്ല. ഓർത്താലും ഇല്ലെങ്കിലും വരേണ്ടത് വരും, ചിലതൊക്കെ വന്നതുപോലെ പോവും ചെയ്യും. പിന്നെന്തിനാ വേണ്ടാതെ ഓരോന്നാലോചിച്ച് വേവലാതിപെടുന്നത് ''.

'' ഉണർന്നിരിക്കുന്ന സമയത്ത് മനുഷ്യൻറെ മനസ്സിൽ ചിന്തകൾ ഉണ്ടായിക്കൊണ്ടിരിക്കില്ലേ. പപ്പനമ്മാന് അങ്ങിനെയില്ല എന്നാണോ ''.

'' ചിന്തിക്കില്ല എന്ന് ഞാൻ പറഞ്ഞിട്ടില്ലല്ലോ. ചിന്തിക്കും. അതിൻറെ രീതിയിൽ വ്യത്യാസം ഉണ്ട് എന്നേയുള്ളു ''. ദിലീപ് മേനോന് അത് മനസ്സിലായില്ല.

'' എന്താ വ്യത്യാസം ''.

'' കുട്ടിക്കാലത്ത് സ്കൂളിലേക്ക് പുറപ്പെടുമ്പോൾ ഞാൻ പുസ്തകത്തിലുള്ള ഒരു കണക്ക് നോക്കിവെക്കും. വഴിനീളെ അതിൻറെ സ്റ്റെപ്പുകൾ മനസ്സിൽ ചെയ്യും. ഇടയ്ക്ക് തെറ്റും. അപ്പോൾ വീണ്ടും തുടങ്ങും. അങ്ങിനെ ഉത്തരത്തിലെത്തുമ്പോൾ ഒരു സന്തോഷമുണ്ട്. ഇതേപോലെ ക്ലാസിൽ പഠിപ്പിച്ച ചരിത്രത്തിലെ ഭാഗങ്ങൾ ചില ദിവസങ്ങളിൽ ചിന്തിച്ചു നടക്കും. അലക്സാണ്ടർ നടത്തിയ യുദ്ധങ്ങളും അക്ബറുടെ ഭരണപരിഷ്ക്കാരങ്ങളും എന്തിന് നമ്മുടെ വീരപുരുഷന്മാരായ ഒതേനനേയും ആരോമലേയും കുറിച്ച് ആലോചിച്ചാൽ മതി വരില്ല. ദൂരേ നിന്നും റേഡിയോവിലൂടെ ശബ്ദവും ടെലിവിഷനിലൂടെ കാഴ്ചകളും നമുക്ക് മുമ്പിൽ എത്തിക്കാമെങ്കിൽ എന്തുകൊണ്ട് വസ്തുക്കളെ ഒരു ദിക്കിൽ നിന്ന് മറ്റൊരിടത്തേക്ക് എത്തിച്ചു കൂടാ എന്ന് ചിന്തിച്ചു കൂടെ. ഏതാനും മണിക്കൂറുകൾകൊണ്ട് അന്യഗ്രഹങ്ങളിൽ എത്താനുള്ള സംവിധാനം ഉണ്ടാവുന്നതിനെക്കുറിച്ച് സങ്കൽപ്പിക്കുന്നതിൽ എന്താ തെറ്റ്. ഈ പറയുന്നതൊക്കെ കേൾക്കുമ്പോൾ എനിക്ക് കിറുക്കാണെന്ന് ദീപുവിന് തോന്നുന്നുണ്ടോ ''.

'' ശരിക്ക് പറഞ്ഞാൽ എനിക്ക് അത്ഭുതമാണ് തോന്നുന്നത് ''.

'' ഇങ്ങിനെയൊക്കെയല്ലേ സാഹിത്യകാരന്മാർ ഓരോന്ന് എഴുതുന്നത്. കഥാകാരൻ താൻ എഴുതുന്ന കഥാപാത്രങ്ങളോടൊപ്പം സഞ്ചരിക്കണം. അവരുടെ മാനസീകവ്യാപാരങ്ങൾ അടുത്തറിയണം. എന്നാലല്ലേ എഴുതാനൊക്കൂ. പിന്നെ ഈ ശീലംകൊണ്ട് എന്താ ഗുണം എന്ന് അറിയ്യോ. ഒറ്റയ്ക്ക് ഇരിക്കേണ്ടി വരുമ്പോൾ തനിച്ചാണെന്ന തോന്നൽ ഉണ്ടാവില്ല. അതു കാരണം ജയിലിൽ കിടന്നപ്പോൾ എനിക്ക് ഒട്ടും വിഷമം തോന്നീട്ടുമില്ല ''.

'' അതും ഈ കണക്കും തമ്മിലെന്താ ബന്ധം ''.

'' പറയാം. അങ്ങിനെ ഓരോന്ന് ചിന്തിച്ചിരിക്കുമ്പോൾ ചില തോന്നലുകളുണ്ടാവും. നമ്മൾ ഉൾവിളി എന്നൊക്കെ പറയില്ലേ. അങ്ങിനത്തെ ഒരു തോന്നലിലാണ് ഇത് മനസ്സിലായത്. വശങ്ങൾ ഒരേ അളവിലുള്ള രൂപങ്ങളെക്കുറിച്ച് ഒരുദിവസം ആലോചിച്ചിരുന്നു. മൂന്നുഭാഗം തുല്യ അളവിലുള്ള തൃകോണം, സമചതുരം, പഞ്ചഭുജം, ഷഡ്ഭുജം അങ്ങിനെ പോകും ആ പട്ടിക. അവയുടെ വിസ്തീർണം തമ്മിലുള്ള അനുപാതം കണക്കാക്കുന്നതിന്നിടയിലാണ്  ഇത് എൻറെ ശ്രദ്ധയിൽപെട്ടത്.

'' അപ്പോൾ ഇത് പപ്പനമ്മാമൻറെ കണ്ടുപിടുത്തമാണോ ''.

'' എന്നൊന്നും ഞാൻ പറയില്ല. ചിലപ്പോൾ ഇത് നേരത്തെതന്നെ അറിയുന്നതായിരിക്കും. ഞാൻ പഠിച്ചിട്ടില്ലയെന്നേയുള്ളു ''.

'' ശാസ്ത്ര സംബന്ധമായ തോന്നലുകൾ കുട്ടിക്കാലത്തേ മനസ്സിൽ ഉണ്ടായിരുന്നോ ''.

'' തറവാടിൻറെ മുൻഭാഗത്ത് നാല് മാവുകൾ ഉണ്ടായിരുന്നു. ഒരേതരം മാങ്ങയാണ് അവയിൽ ഉണ്ടാവുക. അന്ന് ഒട്ടുമാവുകളെക്കുറിച്ച് കേട്ടിട്ടേയില്ല. ഓരോന്നിലും ഓരോവിധം മാങ്ങകൾ എങ്ങിനെയുണ്ടാക്കാം എന്ന് ആ കാലത്ത് പലപ്പോഴും ആലോചിച്ചിട്ടുണ്ട് ''.

'' ചരിത്രത്തെ സംബന്ധിച്ചോ ''.

'' യുദ്ധങ്ങളുടേയും ഭരണമാറ്റങ്ങളുടേയും വിവരണമാണ് നമ്മൾ പഠിച്ചിട്ടുള്ള ചരിത്രം. വിട്ടു പോയ വലിയൊരു ഘടകം അതിലുണ്ട്. ആ കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന സാധാരണ മനുഷ്യരുടെ ജീവിതരീതി, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, അവർ അനുഭവിച്ച ദുരിതങ്ങൾ എന്നിവയൊന്നും ചരിത്രത്തിൽ ഇടം പിടിക്കാറില്ല. ഏതാനും കൊല്ലം കഴിഞ്ഞാൽ നമ്മുടെ നാട്ടിലുള്ള റോഡ് എപ്പോൾ ഉണ്ടാക്കി, എപ്പോഴാണ് ഈ വഴിക്കുള്ള റെയിൽവെ ലൈൻ വൈദ്യുതീകരിച്ചത് എന്നൊക്കെ ചോദിച്ചാൽ ആർക്കാണ് പറയാനാവുക. മറ്റു പലതിനെ പോലെ അതെല്ലാം ചരിത്രത്താളുകളിലെ തമോഗർത്തങ്ങളിൽ പതിക്കും ''.

'' എനിക്ക് പപ്പനമ്മാമന് കാണാൻ കഴിഞ്ഞ മാറ്റങ്ങളെക്കുറിച്ച് അറിയണമെന്നുണ്ട് ''.

'' എനിക്ക് തൊണ്ണൂറ് വയസ്സാവാറായി. പത്തു പതിനഞ്ച് വയസ്സുവരെയുള്ളത് ഓർമ്മയിൽ ഇല്ലെങ്കിലും മുക്കാൽ നൂറ്റാണ്ടുകാലത്തെ കാര്യങ്ങൾ എനിക്കറിയാം ''.

'' ഇന്ത്യ സ്വതന്ത്രമായതിന്നു ശേഷമുള്ള കാര്യങ്ങൾ എനിക്കറിഞ്ഞാൽ മതി ''.

'' എല്ലാം പറഞ്ഞു തരാം. പക്ഷെ ഒരിരുപ്പിന് ആവില്ല ''.

'' വേണ്ടാ. ഞാൻ ഇനി വരുമ്പോൾ ഒരു പുസ്തകവുമായി വരാം. പറയുന്നത് അപ്പപ്പോൾ കുറിച്ചെടുക്കാമല്ലോ ''.

പുറത്തു നിന്ന് ആരുടേയോ ശബ്ദം കേട്ടു. പപ്പനമ്മാമൻ വാതിൽക്കലേക്ക് ചെന്നു.

'' കുഴൽക്കിണറിനുള്ള സ്ഥലം നോക്കാൻ പഞ്ചായത്തിൽ നിന്ന് ആളുകൾ വരുന്നുണ്ട് '' വന്ന ആൾ പറയുന്നത് കേട്ടു.

'' ദീപൂ, ഞാൻ അവിടെ ഒന്ന് നോക്കീട്ട്  വരാം '' പപ്പനമ്മാമൻ മുറ്റത്തേക്കിറങ്ങി, '' ഞാനും
 വരുന്നൂ '' എന്നു പറഞ്ഞ് ദിലീപ് മേനോനും.

10 comments:

 1. പപ്പമ്മാവൻ ആളൊരു ''കില്ലാടി'' ആണല്ലോ. നല്ല കാര്ന്നൊര്.

  ReplyDelete
  Replies
  1. ഡോക്ടർ,
   പപ്പനമ്മാമൻ നല്ല മനുഷ്യനാണ്. അനുഭവത്തിലൂടേയും വായിച്ചറിഞ്ഞും അദ്ദേഹം അറിവിൻറെ കലവറയായി.

   Delete
 2. പപ്പനമ്മാവന്‍ ഒരു ജ്ഞാനിയാണ്
  ജ്ഞാനിയെ കഥയിലേയ്ക്ക് കൊണ്ടുവരണമെങ്കില്‍ എഴുതുന്ന ആളിനും ജ്ഞാനം വേണമല്ലോ

  “കണക്കിലെ ആ കളി”യ്ക്ക് പ്രത്യേകം ഒരു നന്ദി!

  ReplyDelete
  Replies
  1. ajith,
   ആകസ്മികമായിട്ടാണ് ഇത് എൻറെ ശ്രദ്ധയിൽപെട്ടത്.

   Delete
 3. ഈ അധ്യായം ഇപ്പോള്‍ വായിച്ചു..

  കണക്ക് കണ്ടാല്‍ അപ്പോ പേട്യാവും.. എന്നാലും അമ്മാവന്‍ മിടുക്കന്‍ തന്നെയെന്നു മനസ്സിലായി..

  ReplyDelete
  Replies
  1. Echmukutty,
   നല്ല രസമുള്ള വിഷയമല്ലേ കണക്ക്. അമ്മാമൻ നല്ല ആളാണ്.

   Delete
 4. പപ്പനമ്മാമൻ നിസ്സാരക്കാരനല്ലല്ലോ... എനിക്കും ആ കണക്കുകൾ പുതിയൊരറിവായിരുന്നൂട്ടോ കേരളേട്ടാ...

  ReplyDelete
  Replies
  1. വിനുവേട്ടൻ,
   എൻറെ രീതികളാണ് പപ്പനമ്മാമനിലൂടെ അവതരിപ്പിച്ചത്. കണക്കിലെ ഈ ബന്ധവും അങ്ങിനെ ശ്രദ്ധയിലെത്തിയതാണ്

   Delete
 5. ഇത് എനിക്കും പുതിയ അറിവാണ്. ഞാൻ ഈ റിലേഷൻഷിപ്പ് പഠിച്ചിട്ടില്ല

  ReplyDelete
 6. nalina kumari,

  യാദൃശ്ചികമായി കണ്ടെത്തിയതാണ് ഇത്.

  ReplyDelete