Friday, November 21, 2014

അദ്ധ്യായം - 42.

'' മാഷേട്ടന്ന് ഇഷ്ടമില്ലാത്തതോണ്ട് പിരിഞ്ഞു വരുമ്പോള്‍ ഞാന്‍ വീട്ടിലേക്ക് ആരേയും  കൂട്ടിയിട്ട് വരില്ല എന്ന് ഇന്ന് രാവിലെക്കൂടി സുമിത്ര എന്നോട് പറഞ്ഞതാണ്. ഇപ്പോള്‍ വിളിച്ച് പറയുന്നൂ സ്കൂള്‍ബസ്സില്‍ എല്ലാരുംകൂടി വരുന്നുണ്ടെന്ന്   '' വലിയമ്മ പറഞ്ഞു '' കൂടെ വരുന്നവര്‍ക്ക് എന്തെങ്കിലും കൊടുക്കണ്ടേ.  സുമിത്ര ടീച്ചറുടെ വീട്ടില്‍ ചെന്നിട്ട് ഒന്നും കിട്ടിയില്ല എന്ന്  ആരെങ്കിലും പറയണ്ടാ . ബേക്കറീന്ന് വല്ലതും വാങ്ങാന്‍ നിനക്ക് എന്‍റെ കൂടെ വരാന്‍ ആവ്വോ ''.

'' എന്താ ആവാതെ, ഞാന്‍ വെറുതെ ഇരിപ്പല്ലേ '' ദിലീപ് മേനോന്‍ ഒരുങ്ങി.

'' ഒരു കാര്യം മുന്‍കൂട്ടി പറയാം. വീട്ടിലേക്ക് ആരെങ്കിലും വരുന്ന നേരം നോക്കി  മുറിയില്‍ കയറി വാതിലടച്ച് ഇരിക്കുന്ന നിന്‍റെ സ്വഭാവം ഇന്ന് കാണിക്കരുത്. സുമിത്രയുടെ കൂടെ വരുന്ന ടീച്ചര്‍മാരെ ഞങ്ങള് രണ്ടാളും കൂടി അകത്ത് വിളിച്ചിരുത്തി സംസാരിച്ചോളാം.  ആണുങ്ങളെ ഉമ്മറത്ത് നീ വേണം സ്വീകരിച്ചിരുത്താന്‍ ''.

''  അതിനിപ്പോള്‍ ഞാന്‍ അന്നത്തെപ്പോലെ കുട്ടിയൊന്നുമല്ലോ. ആ കാര്യം ഞാനേറ്റു ''.

'' ബസ്സിലാവുമ്പോള്‍ പത്തു മുപ്പത് ആളെങ്കിലും ഉണ്ടാവും. അതനുസരിച്ച് വേണ്ടതൊക്കെ നമ്മള് ഒരുക്കി വെക്കണം ''.

''  എന്തൊക്കേയാ വേണ്ടത് എന്ന് പറയൂ ''.

''  ഇവിടെ  ഹലുവ ഇരിപ്പുണ്ട്.  വേണച്ചാല്‍ ഒരു മധുരം കൂടി ആവാം . ഒന്നുകില്‍ സ്വീറ്റ്. അല്ലെങ്കില്‍  കേയ്ക്ക്. പിന്നെ അച്ചപ്പവും ബിസ്ക്കറ്റും അപ്പം ഞാന്‍ ഉണ്ടാക്കുന്നുണ്ട്.  മധുരത്തിന്ന് അതൊക്കെ ധാരാളം മതി ''.  

'' പിന്നെ ''.

'' എരുവിന്ന് പരിപ്പുവട ചുടാമെന്ന് വെച്ചിട്ടുണ്ട്.  മിക്സ്ച്ചറും മുറുക്കും ചിപ്സും  വാങ്ങാം. നേന്ത്രപ്പഴം  നുറുക്ക് കൂടിയായാല്‍ ധാരാളമായി  ''. വലിയമ്മയ്ക്ക് എല്ലാ കാര്യത്തിലും വ്യക്തമായ ധാരണയുണ്ട്.

അവരുടെ കണക്കുകൂട്ടല്‍ ശരിയായിരുന്നു. മൂന്നുമണി കഴിഞ്ഞതേയുള്ളൂ യാത്രയയപ്പുസംഘം വീട്ടിലെത്തി. സ്കൂള്‍ബസ്സിലും  ഒരുകാറിലുമായാണ്  അവരെത്തിയത്. കാറില്‍ നിന്ന് ചെറിയമ്മയും വേറൊരു സ്ത്രീയും ഒരു പുരുഷനും  ഇറങ്ങി. ബസ്സില്‍ നിന്ന് ബാക്കിയുള്ളവരും. ആകെ മുപ്പത്തി മൂന്നുപേര്‍.

'' കൂടെയുള്ളത് മാനേജറും ഹെഡ്മിസ്ട്രസ്സും ആണ്. അയാളുടെ കാറാണ് അത് '' വലിയമ്മ പറഞ്ഞു. ആഗതരെ എതിരേല്‍ക്കാന്‍ വലിയമ്മയുടെ കൂടെ ഇറങ്ങി.

'' സുശീലയുടെ മകനാണ് ഇത് . ലീവില്‍ വന്നിട്ട് ഒരു മാസമായി '' വലിയമ്മ പരിചയപ്പെടുത്തിയപ്പോള്‍ കൈകൂപ്പി.

'' യാത്രയയപ്പ് പോലുള്ള ചടങ്ങുകളിലൊന്നും  ഞാന്‍  പങ്കെടുക്കാറില്ല. പാര്‍ട്ടി  കാര്യങ്ങള്‍ നോക്കാനേ സമയം പോരാ. അതിനുപുറമേയാണ് പഞ്ചായത്ത്  പരിപാടികളും സഹകരണബാങ്ക് പ്രസിഡണ്ട് സ്ഥാനവും  '' മാനേജര്‍ പറഞ്ഞു '' സുമിത്രടീച്ചറുടെ കാര്യത്തില്‍ അതു പറഞ്ഞിരിക്കാന്‍ പറ്റില്ലല്ലോ. മാധവന്‍ മാഷ് പാര്‍ട്ടിടെ അനുഭാവിയല്ലേ ''.

''  ജോലിയില്‍ നിന്ന് പിരിഞ്ഞുപോരുന്ന എന്‍റെ ചെറിയമ്മയെ എല്ലാവിധ തിരക്കുകളും മാറ്റിവെച്ച്  വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതിന്ന് ഒരുപാട് നന്ദിയുണ്ട് '' ദിലീപ് മേനോന്‍ അദ്ദേഹത്തിന്‍റെ കയ്യില്‍ പിടിച്ചു.

ഒരു മണിക്കൂറിലേറെ സ്കൂള്‍ കാര്യങ്ങളും വീട്ടുവിശേഷങ്ങളും നാട്ടു വര്‍ത്തമാനവും  സംസാരിച്ചിരുന്ന് ചായകുടിയും കഴിഞ്ഞ ശേഷമാണ് അതിഥികള്‍ തിരിച്ചുപോയത്.  വീടും പറമ്പും കാണാനിറങ്ങിയ ചിലര്‍ ഉപ്പിലിടാന്‍ പറ്റിയ കണ്ണിമാങ്ങയും കര്‍ക്കിടക പ്ലാവിലെ ഇടിച്ചക്കയും വലിയമ്മയോട് ചോദിച്ചുവാങ്ങി.

'' അങ്ങിനെ ആ ചടങ്ങും കഴിഞ്ഞു '' എല്ലാവരും പോയപ്പോള്‍ ചെറിയമ്മ ​പറഞ്ഞു '' ഇനി മുതല്‍ ഈ വീടന്നെ ലോകം ''.

'' അല്ലെങ്കിലും അത് അങ്ങിനെത്തന്നെ. ജോലിയില്‍ നിന്ന് പിരിഞ്ഞാല്‍ ആണുങ്ങള് എന്തെങ്കിലും പൊതുകാര്യത്തിന്ന് ഇറങ്ങും. പെണ്ണുങ്ങള് വെപ്പുംതീനുമായി വീട്ടില് ഒതുങ്ങിക്കൂടും '' വലിയമ്മ പറഞ്ഞു '' അതു പോട്ടെ, ഞങ്ങള് ഒരുക്കിയതൊക്കെ പോരേ ''.

'' ധാരാളം. ഇത്രയൊന്നും ഞാന്‍ കരുതിയില്ല ''.

'' സുശീലയ്ക്ക് ഒന്നും വേണ്ടിവന്നില്ല. ഞാന്‍ പിരിഞ്ഞു വരുമ്പോള്‍ കൂടെ വന്നോര്‍ക്ക് മുറുക്കും അമ്പലത്തില്‍ വഴിപാടാക്കിയ കൂട്ടുപായസവും ആണ് കൊടുത്തത്. ഇതെങ്കിലും ഇത്തിരി കേമമായിക്കോട്ടേ എന്ന് കരുതി. എനിക്കതല്ല സുമിത്രേ സന്തോഷം. നമ്മുടെ ദീപു ഗൃഹനാഥന്‍റെ സ്ഥാനത്തു നിന്ന് വേണ്ടതൊക്കെ ചെയ്തു. ആദ്യമായിട്ടാണ് അവന്‍ ഒരു കാര്യത്തിന്ന് മുമ്പില്‍ നില്‍ക്കുന്നത് ''.

'' എനിക്കും സന്തോഷമായി. ആ മാനേജര്‍ പറഞ്ഞതു കേട്ടില്ലേ. എന്തൊക്കെ തിരക്കുകള്‍ മാറ്റിവെച്ചിട്ടാണ് അയാള്‍ ഇങ്ങോട്ട് വന്നത് '' ദിലീപ് മേനോന്‍ പറഞ്ഞു .

'' നീ അത് വിശ്വസിച്ചോ. അതൊക്കെ വെറും ചപ്പടാച്ചിയല്ലേ. അയാള് എല്ലാ ദിക്കിലും ചെല്ലും. ഇതുപോലെ പറയും ചെയ്യും ''.

'' ഈ ഒഴിവുകാലം എനിക്ക് മറക്കാന്‍ പറ്റില്ല. എന്തെല്ലാം അനുഭവങ്ങള്‍. ഒക്കെ സ്വപ്നംപോലെ തോന്നുന്നു '' ദിലീപ് മേനോന്‍ ഉറക്കെ ആത്മഗതം ചെയ്തു .


ഇരുട്ട് പടര്‍ന്നു തുടങ്ങി. ക്ലാസ്സ് വിട്ടതും ഉണ്ണിക്കുട്ടന്‍ പോയിട്ടുണ്ടാവും. അമ്മയെ കാണാന്‍  പോവുന്ന കാര്യം രാവിലെ അവന്‍ പറഞ്ഞിരുന്നു.  ഇളയച്ഛന്‍  ഇനിയും എത്തിയിട്ടില്ല. കാലത്തേ പപ്പനമ്മാമനോടൊപ്പം പോയതാണ്. കുഞ്ഞുണ്ണിമാമയെ മെഡിക്കല്‍ ടെസ്റ്റുകള്‍ക്ക് കൂട്ടിയിട്ടു പോയിട്ടുണ്ടാവും. പല തവണ മൊബൈലില്‍ വിളച്ചിട്ടും ഇളയച്ഛന്‍ എടുത്തില്ല എന്ന് ചെറിയമ്മ പറയുന്നത് കേട്ടു.

എട്ടരയോടെ ഒരു ഓട്ടോറിക്ഷയിലാണ് ഇളയച്ഛന്‍ എത്തിയത്.

'' എന്താ മൊബൈല് സ്വിച്ചോഫ് ചെയ്തു വെച്ചത്. ആറേഴു പ്രാവശ്യം  ഞാന്‍ വിളിച്ചിരുന്നു ''. ചെറിയമ്മ പറഞ്ഞു

''രണ്ടുമൂന്ന് ദിവസമായി അത് പണിമുടക്കിലാണ്. എന്തോ തകരാറുണ്ട്. മാറ്റാറായി എന്ന് തോന്നുന്നു ''.

'' ആസ്പതിയില്‍ ആയതോണ്ട് ഓഫ് ചെയ്തതാവും എന്നാ ഞാന്‍ ഒടുക്കം കരുതിയത് ''.

'' അതിനാരാ ആസ്പത്രിയില്‍ പോയത് ''.

'' പിന്നെ ഇത്ര നേരം എവിടെയായിരുന്നു ''.

''ഒക്കെ ഞാന്‍ വിസ്തരിച്ച് പറയാം. ആദ്യം ഈ ഡ്രസ്സ് മാറ്റിയിട്ട് വരട്ടെ '' അദ്ദേഹം  പത്തായപ്പുരയിലേക്ക് നടന്നു.

വെള്ളനിറത്തില്‍ വരകളുള്ള ലുങ്കിയും കയ്യില്ലാത്ത ബനിയനും ധരിച്ച് അദ്ദേഹം വൈകാതെ തിരിച്ചെത്തി.

'' ഇനി പറയൂ, എന്തേ ഉണ്ടായത് '' ചെറിയമ്മ ചോദിച്ചു.

'' ഈ വയസ്സിനിടെ എതയോപേരെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ എന്‍റെ അളിയനെപ്പോലെ ഒരാളെ കണ്ടിട്ടില്ല, ഇനി കാണുന്നും തോന്നുന്നില്ല ''.

'' എന്താ, ഇന്നും കുഞ്ഞുണ്ണിയേട്ടന്‍ ഏടത്തിയമ്മയോടും മക്കളോടും ലഹള കൂടിയോ ''.

'' അതൊന്നൂല്യാ. പക്ഷെ ചികിത്സയുടെ കാര്യം ആലോചിക്കുന്നതിന്നുമുമ്പ് ഭാഗം നടത്തണം എന്ന് പുള്ളിക്ക് ഒരേ വാശി ''.

'' എന്നിട്ട് ''.

'' ആ കുട്ടികള്‍ക്ക് അങ്ങിനെയൊന്നൂല്യാ. മകന്‍ ഒരക്ഷരംമിണ്ടാതെ എല്ലാം കേട്ടുംകൊണ്ട് മിണ്ടാതിരുന്നു.  അച്ഛന്‍ ഓഹരി തന്നാലും തന്നില്ലെങ്കിലും ഞങ്ങള്‍ക്ക് വിരോധമില്ല എന്ന് മകളുടെ ഭര്‍ത്താവ് പറയുകയുംചെയ്തു.  ''.

'' പിന്നെന്താ പ്രശ്നം ''.

'' എങ്കില്‍ ഉടനെ ഒസ്യത്ത് എഴുതണം എന്നായി തന്‍റെ ഏട്ടന്‍  ''.

'' എന്നിട്ട് ''.

'' വക്കീലിനെ കണ്ട് സംസാരിക്കാന്‍ ചെന്നു. അയാള്‍ക്ക് കോടതിയിലേക്ക് പോവാനുള്ള സമയത്താണ് എത്തുന്നത്. വൈകുന്നേരം വരാന്‍ പറഞ്ഞു. അവിടെ ചെന്ന് സംസാരിച്ച് എല്ലാം ശരിയാക്കിയിട്ട് വരുന്ന വഴിയാണ് ''.

'' നല്ല കഥ ''.

'' അതിലും വലിയ കഥയാണ് ഇനിയുള്ളത് ''.

'' അതെന്താ ''.

'' മൂപ്പര്‍ക്ക് മൂത്ത അളിയന്‍ കുറെ പണം സഹായിച്ചിട്ടുണ്ടത്രേ. ആ സംഖ്യ മടക്കി കൊടുക്കും മുമ്പ് അയാള് മരിച്ചു. പണം മടക്കി കൊടുക്കാനായില്ല. അതു കൊടുത്ത് ഭൂമി വാങ്ങി. ഇപ്പോള്‍ ആ സ്ഥലം രാജിക്ക് കൊടുക്കണം.  പ്രമാണം റജിസ്റ്ററാക്കിയിട്ടേ ചികിത്സയ്ക്ക് ചെല്ലൂ എന്ന് ഒരേ നിര്‍ബന്ധം. ആധാരം എഴുത്തുകാരനെ കണ്ട് നാളെയ്ക്ക് തന്നെ റജിസ്റ്റര്‍ ചെയ്യാനുള്ള ഏര്‍പ്പാട് ചെയ്തു ''.

'' ഭാര്യയും മക്കളും എതിരൊന്നും പറഞ്ഞില്ലേ ''.

'' ഭാര്യക്ക് ചെറിയൊരു ഇഷ്ടക്കേട് ഉള്ളതുപോലെ തോന്നി. അളിയനോട് കടം വാങ്ങിയിട്ടുണ്ടെങ്കില്‍ ആ പണം  മടക്കിക്കൊടുത്താല്‍ പോരേ എന്ന് ചോദിച്ചു ''.

'' എന്നിട്ട് ''

'' പപ്പനമ്മാമന്‍ ഉണ്ടായിരുന്നത് നന്നായി. ഇത്രയും കാലത്തെ പലിശ കൂട്ടി നോക്കാന്‍ അദ്ദേഹം പറഞ്ഞു.  കണക്കാക്കി നോക്കുമ്പോള്‍ സ്ഥലം മാത്രം കൊടുത്താല്‍ മതിയാവില്ല, വലിയൊരു സംഖ്യയും കൊടുക്കേണ്ടി വരും. അതിനും  പുറമെയാണ് ഇതകാലം  ഭൂമിയില്‍ നിന്ന് കിട്ടിയ ആദായം ''. 

'' അതൊന്നും ഉണ്ടായിട്ടല്ലല്ലോ എന്‍റെ മകള്‍ ഇതുവരെ ജീവിച്ചത്. അയമ്മടെ മനസ്താപം നേടിയിട്ട് അവള്‍ക്ക് ഒന്നും വേണ്ടാ ''.

'' അധിക കാലം ഇനിയില്ല എന്ന തോന്നല്‍ അളിയന്‍റെ ഉള്ളിലുണ്ടോ എന്ന് എനിക്ക് തോന്നുന്നു. ചിലപ്പോള്‍  കുറ്റബോധവും ഉണ്ടാവും. ഏതായാലും അര്‍ഹതയില്ലാത്ത ഒന്നുമല്ല രാജിക്ക് കിട്ടുന്നത് . സ്ഥലം കിട്ടി എന്നുവെച്ച് ദൈവകോപമോ മനസ്താപമോ ഒന്നും അവള്‍ക്ക് ഉണ്ടാവില്ല. ''.

'' ഒടുക്കം എന്തു തീരുമാനിച്ചു ''.

'' നാളെ മറ്റന്നാളായിട്ട് നേരത്തെ പറഞ്ഞതൊക്കെ തീര്‍ത്തിട്ട് ഞായറാഴ്ച എല്ലാവരുംകൂടി മരുമകന്‍റെ വീട്ടിലേക്ക് പോവുന്നു. ഇനി ചികിത്സയും ടെസ്റ്റുകളും അവിടെയാവാമെന്ന് നിശ്ചയിച്ചു ''.

'' അപ്പോള്‍ ഇംഗ്ലണ്ടില്‍ നിന്നുവന്ന ഡോക്ടറെ കാണീക്കേണ്ടേ ''.

'' അവര്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍ നമുക്കെന്താ ''.

'' നേരം എത്രയായി എന്നറിയ്യോ. ആഹാരം കഴിച്ചിട്ട് കിടക്കാന്‍ നോക്കാം '' വലിയമ്മ സംഭാഷണത്തിന്ന് തിരശീലയിട്ടു.

6 comments:

 1. കാര്യങ്ങളൊക്കെ വേഗം വേഗം തീര്‍ക്കുകയാണ് കുഞ്ഞുണ്ണിമാമ. അല്ലേ!!

  ReplyDelete
  Replies
  1. അതെ. എല്ലാം തീര്‍ത്ത് മടങ്ങിപ്പോണം എന്ന നിനവിലാണ് അയാള്‍ 

   Delete
 2. കുറച്ചു ഗ്യാപ് വന്നു ചില തിരക്കുകൾ
  എന്നാലും അദ്ധ്യായങ്ങൾ ഓർമയിൽ നില്ക്കുന്നു
  മനുഷ്യബന്ധങ്ങളെ എത്ര വ്യത്യസ്തതയോടെ ഓരോരുത്തരും നോക്കി കാണുന്നു

  ReplyDelete
  Replies
  1. ബൈജു മണിയങ്കാല,
   വായനയ്ക്കും അഭിപ്രായത്തിന്നും നന്ദി.

   Delete
 3. ' ഈ വയസ്സിനിടെ എതയോപേരെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ എന്‍റെ അളിയനെപ്പോലെ ഒരാളെ കണ്ടിട്ടില്ല, ഇനി കാണുന്നും തോന്നുന്നില്ല ''. Njaanum. :)

  ReplyDelete
  Replies
  1. ഡോ.പി.മാലങ്കോട്,
   അത്ര വ്യത്യസ്തനണ് കുഞ്ഞുണ്ണിമാമന്‍ 

   Delete