Tuesday, December 31, 2013

അദ്ധ്യായം - 22.

ദിലീപ് മേനോൻ കയറിച്ചെല്ലുമ്പോൾ പപ്പനമ്മാമൻ ചാരുകസേലയിൽ നിലക്കടലയും കൊറിച്ചുകൊണ്ട് കിടപ്പാണ്. അരികിലായി നിലത്ത് കട്ടൻകാപ്പി നിറച്ച ചില്ലുഗ്ലാസുണ്ട്.

'' ഇന്നെന്താ ആഹാരം കഴിക്കാൻ വൈകിയത് '' അയാൾ ചോദിച്ചു.

'' ചെറുപയർ വറുത്ത്അരങ്ങിയതും പൊടിയരിയുംകൂടി കഞ്ഞിവെച്ചത് എട്ടുമണിയോടെ ഒരു വീട്ടിൽനിന്ന് എത്തിച്ചിരുന്നു. തേങ്ങാച്ചമ്മന്തിയും കൂട്ടി അത് കഴിച്ചു ''.

'' അതുശരി. ഒറ്റയ്ക്കിരുന്ന് മടുത്തപ്പോൾ കാപ്പിവെച്ചു കുടിച്ചതാണല്ലേ ''.

'' പത്തുപന്ത്രണ്ട് കുട്ടികൾ ഇത്രനേരം ഉണ്ടായിരുന്നു. അവർ പോയപ്പോൾ കട്ടൻകാപ്പി ഉണ്ടാക്കി. കുറച്ച് നിലക്കടല വറത്തതും എടുത്ത് ഇവിടെയിരുന്നു ''.

'' എന്തിനാ വെറുതെ ഇരുന്ന് ബോറടിക്കുന്നത്. ആ നേരത്ത് ടി.വി. കണ്ടൂടെ '' ദിലീപ് മേനോൻ ടി.വി. ഓണാക്കി. കാർട്ടൂൺ ചാനലാണ്.

'' എന്താ ഇതാണോ കണ്ടുകൊണ്ടിരുന്നത് '' അയാൾ ചോദിച്ചു.

'' ഞാൻ പറഞ്ഞില്ലേ. കുട്ടികൾ ഉണ്ടായിരുന്നു. അവർക്കുവേണ്ടി വെച്ചതാണ്. ഇതിൽ മനസ്സു വെച്ചിട്ട് അവരുടെ പഠിപ്പ് കളയാൻ പാടില്ലല്ലോ. അതുകൊണ്ട് എല്ലാവരോടും പോയി കുറെനേരം പഠിച്ചിട്ട് വരാൻ പറഞ്ഞു ''.

'' പപ്പനമ്മാമൻ എന്താ കാണാറ് ''.

'' ന്യൂസ് കാണും, പിന്നെ പഴയ ഹിന്ദി, തമിഴ്. മലയാളം സിനിമകളും. കുറെനേരം പാട്ട് കേട്ടിരിക്കും. ഇത് നോക്കിയിരുന്നാൽ സമയം പോണത് അറിയില്ല ''.

'' ആകെക്കൂടി സന്തോഷമായി അല്ലേ ''.

'' എന്താ സംശയം. നല്ല സന്തോഷം തോന്നുന്നുണ്ട്. സ്വപ്നത്തിൽ വിചാരിച്ചതാണോ ഇതൊക്കെ ''.

'' മനസ്സ് വെക്കാഞ്ഞിട്ടല്ലേ ഇത്രകാലം വൈകിയത്. ഒരു ടി.വി.വാങ്ങുന്നത് അത്രയേറെ പ്രയാസമുള്ള കാര്യമാണോ ''.

'' ഞാൻ ഉദ്ദേശിച്ചത് അതല്ല. എൻറെ ചെറുപ്പകാലത്ത് കേട്ടറിവില്ലാത്ത സാധനമാണ് ടി.വി. അത് കാണാനും ആസ്വദിക്കാനും കഴിയുക എന്നത് ഈ ജന്മത്തിൽ ലഭിച്ച ഒരു സൗഭാഗ്യമല്ലാതെന്താ ''.

'' എനിക്ക് ഓർമ്മവെച്ച കാലത്ത് കുറെ വീടുകളിൽ ടി.വി. ഉണ്ടായിരുന്നു. ഞായറാഴ്ച ദിവസങ്ങളിൽ രാമായണം സീരിയൽ കാണാൻ സ്കൂളിനടുത്തുള്ള വീട്ടിൽ പോകാറുണ്ട്. മഹാഭാരതം ആരംഭിക്കുമ്പോഴേക്ക് തറവാട്ടിൽ ഒരു ടി.വി. വാങ്ങിയിരുന്നു ''.

'' ഇതൊക്കെ ഇന്നാള് നടന്നത്. കൂടിവന്നാൽ ഒരു പത്തുമുപ്പത് കൊല്ലം ആയിട്ടുണ്ടാവും. അതിനു മുമ്പത്തെ അവസ്ഥ കേൾക്കണോ '' പപ്പനമ്മാമൻ ഗ്ലാസ്സിലുള്ള കട്ടൻ കാപ്പി ഒരുവലിക്ക് കുടിച്ചുതീർത്ത് പറയാൻ തുടങ്ങി '' എൻറെ കുട്ടിക്കാലത്ത് റേഡിയോ എന്ന സാധനത്തെക്കുറിച്ച് കേട്ടിട്ടും കൂടി ഉണ്ടായിരുന്നില്ല. പുനാങ്കിൽ നിന്ന് തിരിച്ചുവന്ന ഒരു പ്രമാണിയുടെ വീട്ടിൽവെച്ചാണ് ഞാൻ ആദ്യമായി റേഡിയോ കാണുന്നത്. അതിൻറെ മാജിക്ക് ഐയുടെ പ്രകാശം അത്ഭുതത്തോടെ നോക്കി നിന്നത് ഇപ്പോഴും മനസ്സിലുണ്ട്. അന്നൊക്കെ റേഡിയോ ഉപയോഗിക്കണമെങ്കിൽ ലൈസൻസ് വേണം. ലൈസൻസ് ഫീസ് പതിനഞ്ച് ഉറുപ്പികയാണെന്നാണ് എൻറെ ഓർമ്മ. ആ തുക പോസ്റ്റ് ഓഫീസിൽ അടയ്ക്കണം. ഇല്ലെങ്കിൽ കേസ്സെടുക്കും ''.

'' എനിക്കതൊന്നും അറിയില്ല ''.

'' അതിന് ദീപു ജനിക്കുമ്പോഴേക്കും ലൈസൻസ് സമ്പ്രദായം നിർത്തലാക്കിയല്ലോ ''.

'' ഒരു കൂട്ടുകാരൻറെ വീട്ടിൽ പഴയൊരു റേഡിയോ സൂക്ഷിച്ചുവെച്ചത് ഞാൻ കണ്ടിട്ടുണ്ട്. എന്താ അതിൻറെ വലുപ്പം ''.

'' ആദ്യ കാലത്തേത് വലിയ വാൾവുകളുള്ള റേഡിയോകളായിരുന്നു. ഒക്ടൽ. നോവൽ, റിംലോക്ക് എന്നിങ്ങനെ പലതരം വാൾവുകളുണ്ട്. പിന്നെ മിനിയേച്ചർ വാൾവുകളായി. EL 84, EZ 80, UL 41 എന്നിങ്ങിനെ ഓരോ നമ്പറാണ് വാൾവുകൾക്ക് ഉണ്ടായിരുന്നത്. അതു കഴിഞ്ഞാണ് ട്രാൻസിസ്റ്റർ വന്നത് ''.

'' പപ്പനമ്മാമന്ന് ഇതൊക്കെ എങ്ങിനേയാ അറിയുന്നത് ''.

'' പട്ടാളത്തിൽനിന്ന് പിരിഞ്ഞുവന്ന ഒരു കുറുപ്പുണ്ടായിരുന്നു. റേഡിയോമെക്കാനിക്കാണ്   അയാൾ. ആ കക്ഷി അങ്ങാടിയിൽ മുറി വാടകയ്ക്കെടുത്ത് റേഡിയോ നന്നാക്കാനൊരു കട തുടങ്ങി. ചിലപ്പോൾ ഞാൻ അവിടെ ചെന്നിരിക്കും. അയാളിൽ നിന്ന് പഠിച്ചതാണ് ഇതെല്ലാം ''.

'' റേഡിയോ നന്നാക്കാൻ പഠിച്ചോ ''.

'' ഏയ്. അതിനെവിടെ നേരം. അയാളുടെ കയ്യിലുള്ള പുസ്തകം നോക്കി ഒരിക്കൽ ഒരു ട്രാൻസിസ്റ്റർ ഉണ്ടാക്കിയിട്ടുണ്ട് ''.

'' ആഹാ. അതുകൊള്ളാമല്ലോ ''.

'' ആറ് ട്രാൻസിസ്റ്റർ വെച്ച ഒരു സർക്യൂട്ടാണ് ചെയ്തത്. ഒരു ദിവസം ട്രെയിനിൽ കേറി കൊയമ്പത്തൂരിൽ ചെന്നു. ഒപ്പനക്കാര തെരുവിൽ സ്പെയർ പാർട്ട്സ് വിൽക്കുന്ന ഒരു കടയുണ്ട്. അവിടെനിന്ന് സാധനങ്ങൾ വാങ്ങി. വലിയൊരു സോപ്പുപെട്ടിയിലാണ് അത് അസംബിൾ ചെയ്തത് ''.

'' എന്നിട്ട് ആ സാധനം വർക്ക് ചെയ്തോ ''.

'' ഉവ്വ്. ഒരു ഹിന്ദി പാട്ടാണ് ആദ്യമായി അതിൽനിന്ന് പുറത്തുവന്നത്. അതു കേട്ടപ്പോൾ മനസ്സിലുണ്ടായ സന്തോഷം പറയാൻ പറ്റില്ല ''.

'' സത്യം പറയാലോ, പപ്പനമ്മാമൻ ആളൊരു സംഭവമാണ് ''.

'' അങ്ങിനെയൊന്നും പറയണ്ട്. ഓരോകാലത്ത് ഓരോന്നിനോട് കമ്പം തോന്നും. കുറച്ചു കഴിഞ്ഞാൽ അത് മടുക്കും, അല്ലെങ്കിലോ വേറെ എന്തിനോടെങ്കിലും താൽപ്പര്യം വരും. അതോടെ ആദ്യത്തേത് വിടും ''.

'' ട്രാൻസിസ്റ്റർ വന്നപ്പോൾ ആളുകൾക്ക് അതിനോട് ക്രെയ്സായിരിക്കും അല്ലേ ''.

'' പിന്നെന്താ. ചില അൽപ്പന്മാർ ട്രാൻസിസ്റ്ററും തൂക്കിപ്പിടിച്ച് വഴിനീളെ പാട്ടുംകേട്ടോണ്ട് നടക്കും. അതൊക്കെ ഒരു കാലം ''.

'' ടി.വി. വന്നതോ ''.

'' ഒരിക്കൽ എന്തോ ആവശ്യത്തിന് മദിരാശിവരെ പോവേണ്ടിവന്നു. കുറെ അങ്ങോട്ട് ചെന്നപ്പോൾ കെട്ടിടങ്ങളുടെ മുകളിൽ അലുമിനിയംകൊണ്ട് പക്ഷിയുടെ അസ്ഥികൂടം മാതിരി എന്തോ വെച്ചത്കണ്ടു. എന്താ സാധനം എന്ന് എനിക്കൊട്ട് മനസ്സിലായതുമില്ല. അടുത്തിരുന്ന ആളോട് ചോദിച്ചപ്പോഴാണ് അത് ടെലിവിഷൻറെ ആൻറിനയാണെന്ന്  അറിയുന്നത്. പിന്നേയും പത്തോ പതിനഞ്ചോ കൊല്ലം കഴിഞ്ഞിട്ടാണ് നമ്മുടെ നാട്ടിൽ ടി.വി. എത്തിയത് ''.

'' വല്ലാത്ത മാറ്റം വന്നതുപോലെ തോന്നുന്നു അല്ലേ ''.

'' നീശ്ചയമായും തോന്നുന്നുണ്ട്. ശാസ്ത്രത്തിൻറെ കുതിച്ചുചാട്ടം ഏറെ പ്രകടമാവുന്നത് വാർത്താവിനിമയരംഗത്തു തന്നെ. ടെലഫോണിൻറെ കാര്യം ചിന്തിച്ച് നോക്കിയാലോ. അമ്പതുകൊല്ലം മുമ്പ് നമ്മുടെ നാട്ടില് മൂന്നോ നാലോ വീട്ടിലേ ഫോണുണ്ടായിരുന്നുള്ളൂ. പാലക്കാട്ടേക്ക് വിളിക്കണച്ചാൽ ട്രങ്ക് ബുക്ക്ചെയ്യണം. ബസ്സിൽ അവിടെപോയി കാര്യം നടത്തി വന്നാലും ഫോൺ ബുക്ക് ചെയ്തത് കിട്ടില്ല. പിന്നെയാണ് ഓട്ടോമാറ്റിക്ക് c- dot എക്സ്ചേഞ്ചുകൾ വരുന്നത്. ഇപ്പോൾ വയർലെസ്സ് ഫോണുകളും മൊബൈലുകളുമായി ''.

'' വേറെ എന്തെങ്കിലും ഓർമ്മ തോന്നുന്നുണ്ടോ ''.

'' ഹാം റേഡിയോ എന്നൊരു ഏർപ്പാട് ഉണ്ട്. അമേച്ച്വർ റേഡിയോ ഓപ്പറേറ്റർമാർക്ക് അന്യോന്യം സന്ദേശങ്ങളയക്കാനും സംഭാഷണം നടത്താനും ഉള്ള സംവിധാനമാണ് അത്. അതിനും ലൈസൻസ് വേണം. ഒരു ടെസ്റ്റ് പാസ്സായാലേ ലൈസൻസ് കിട്ടുള്ളു. ഫിസിക്സും മോഴ്സ്കോഡും ആണ് ടെസ്റ്റിനുള്ള വിഷയങ്ങൾ ''.

'' പപ്പനമ്മാമൻ ഹാം ലൈസൻസ് എടുത്തിട്ടുണ്ടോ ''.

'' ഹേയ്. ഇല്ല. നേരത്തെ പറഞ്ഞ കുറുപ്പിന്ന് ഉണ്ടായിരുന്നു. അതിനുവേണ്ട വയർലെസ്സ് സെറ്റ് അയാൾതന്നെ ഉണ്ടാക്കിയതാണ് ''.

'' സത്യം പറഞ്ഞാൽ എന്തൊക്കയോ പുതിയ കാര്യങ്ങൾ ഇന്ന് പഠിക്കാനായി ''.

മുറ്റത്ത് കുട്ടികളുടെ ശബ്ദം കേൾക്കാനുണ്ട്. ടി.വി. കാണാൻ വന്നതാവണം.

'' കുട്ടികള് വന്നൂന്ന് തോന്നുന്നു '' പപ്പനമ്മാമൻ പറഞ്ഞു '' അവരിരുന്ന് ടി.വി.കണ്ടോട്ടെ. നമുക്ക് പുറത്തിരുന്ന് സംസാരിക്കാം ''.

ടി.വി.ഓൺ ചെയ്ത് പുറത്തേക്കിറങ്ങി, കുട്ടികൾ അകത്തേക്കും.
      

12 comments:

 1. Replies
  1. മുഹമ്മദ് ആറങ്ങോട്ടുകര,
   വളരെ സന്തോഷം.

   Delete
 2. '' ന്യൂസ് കാണും, പിന്നെ പഴയ ഹിന്ദി, തമിഴ്. മലയാളം സിനിമകളും. കുറെനേരം പാട്ട് കേട്ടിരിക്കും. ഇത് നോക്കിയിരുന്നാൽ സമയം പോണത് അറിയില്ല ''. - Athe, athe - pazhaya aalkkaaralle. Ekadesham njaanum ithil pedum!

  ReplyDelete
  Replies
  1. ഡോ.പി.മാലങ്കോട്,
   ഞാനും അങ്ങിനെത്തന്നെ.

   Delete
 3. വീട്ടിൽ പണ്ടുണ്ടായിരുന്ന പഴയ വുഡൻ കാബിനറ്റുള്ള വലിയ റേഡിയോ ഓർമ വന്നു. അതിലൂടെ "കര കര പ്രിയ രാഗ" ത്തിൽ കേട്ടിരുന്ന നിങ്ങൾ ആവശ്യപ്പെട്ട ഗാനങ്ങളും ഞായറാഴ്ച രാവിലെയുള്ള ബാലലോകവും, വയലും വീടും, ബിനാകാ ഗീത് മാലയും ഓർമ വന്നു.

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
  2. രാജഗോപാൽ,
   റേഡിയോവിനെക്കുറിച്ച് എൻറെ ഓർമ്മയിൽ നില നിൽക്കുന്ന ഒരു കാര്യം. പണ്ട് വീട്ടിൽ ഒരു A.C ? D.C റേഡിയോ ഉണ്ടായിരുന്നു. പ്ലഗ്ഗ് പിൻ തിരിച്ചിട്ടാൽ ആൻറിനയിൽനിന്ന് ഷോക്ക് കിട്ടുന്ന സാധനം. അതിൻറെ ഇൻഡോർ ഏരിയൽ മുറികകത്താണ്. ഒരു വേനൽ മഴയിൽ തീഗോളം പോലൊരു മിന്നൽ മുറികകത്തെത്തി. ആൻറിന കരിഞ്ഞു വീണു. റേഡിയോ നന്നാക്കാനാവാത്ത വിധം കേടായി

   Delete
 4. അതൊക്കെ ഒരു കാലം ആ കാലത്ത് ജീവിക്കാൻ പറ്റി എന്നുള്ള സന്തോഷം ഇതിലെ പപ്പനമ്മാവന്റെ നല്ല മനസ്സ് കൊണ്ട് ഓർത്തെടുക്കാൻ പറ്റി എന്തെല്ലാം മാറ്റങ്ങൾ ഈ ചുരുങ്ങിയ 10-40 വര്ഷം കൊണ്ട് പോലും അതിനിടയിൽ കാലത്തിന്റെ അടിയിലേക്ക് ചേക്കേറുന്ന എത്ര കാര്യങ്ങൾ കത്ത് മുതൽ വി സി ആർ കാസ്സെറ്റ്‌ പേജർ ദാ ഇപ്പൊ കമ്പി ഇല്ല കമ്പി വരെ എല്ലാവര്ക്കും പുതു വൽസരവും ഈ വര്ഷവും ഇത് പോലെ എന്തെല്ലാം കാല യവനികയ്ക്കുള്ളിൽ പോകും എന്ന് ആർക്കറിയാം പേര് അന്വർത്ഥം ദാസേട്ട സ്വപ്നം പോലെ ഒരു കാലം

  ReplyDelete
  Replies
  1. ബൈജു മണിയങ്കാല,
   ശരിയാണ്. പല ഉപകരണങ്ങളും വിസ്മൃതിയിലായി. ടെലഗ്രാഫ് എന്ന സംവിധാനം നിലച്ചു. ലാൻഡ് ഫോൺ എത്ര കാലം ഉണ്ടാവുമെന്ന് പറയാനാവില്ല.

   Delete
 5. '' ഞാൻ ഉദ്ദേശിച്ചത് അതല്ല. എൻറെ ചെറുപ്പകാലത്ത് കേട്ടറിവില്ലാത്ത സാധനമാണ് ടി.വി. അത് കാണാനും ആസ്വദിക്കാനും കഴിയുക എന്നത് ഈ ജന്മത്തിൽ ലഭിച്ച ഒരു സൗഭാഗ്യമല്ലാതെന്താ ''.

  ഞാന്‍ മിക്കവാറും ഈ കാര്യം ഓര്‍മ്മിക്കാറുണ്ട്. എന്റെ അച്ഛന്‍ 1965-ല്‍ മരിച്ചു. അദ്ദേഹത്തിന് ഇതൊന്നും സങ്കല്പത്തില്‍ പോലും കാണാന്‍ പറ്റിയിട്ടുണ്ടാവില്ലല്ലോ എന്ന് ചിന്തിക്കും.

  ReplyDelete
 6. ajith,
  അതെ. ഇനിയെന്തെല്ലാം മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാനിരിക്കുന്നു.

  ReplyDelete
 7. .പുതിയ കുറെ കാര്യങ്ങൾ ഈ അധ്യായത്തിൽ നിന്നും പഠിച്ചു.
  റേഡിയോ മാത്രം ഉള്ള കാലത്തും ഈ കാലത്തും ജീവിക്കാൻ കഴിഞ്ഞതു എൻറെ ഭാഗ്യം.

  ReplyDelete