Wednesday, December 11, 2013

അദ്ധ്യായം - 21.


'' നീ ഇപ്പൊ പുറത്തേക്ക് വരണ്ടാ. ഇവിടെത്തന്നെ കിടന്നോ '' വാതിൽക്കൽ വന്നുനിന്ന് വലിയമ്മ പറഞ്ഞു. ദിലീപ് മേനോന് അമ്പരപ്പാണ് തോന്നിയത്.

'' എന്താ വലിയമ്മേ '' അയാൾ കിടക്കയിൽ നിന്ന് എഴുന്നേറ്റു. പ്രാതൽ കഴിഞ്ഞ് ന്യൂസ് പേപ്പറുമായി മുറിയിലേക്ക് ചെന്നതാണ് അയാൾ. ജനലോരം ചേർന്ന് കട്ടിലിൽ കിടന്ന് പത്രം വായിക്കുന്നതാണ് രീതി.

'' അതേ. കാവിലെ പാട്ടുതാലപ്പൊലിക്ക് പിരിവിന് വരുന്നുണ്ട്. നിന്നെ കണ്ടാൽ അവർ എന്തെങ്കിലും ചിലവ് ചെയ്യിക്കും ''.

'' അതിനെന്താ. എന്താ ചോദിക്കുന്നത് എന്നുവെച്ചാൽ കൊടുക്കാം ''.

'' എനിക്ക് അതറിയാം. അതാണ് വരണ്ടാ എന്നു പറഞ്ഞത് ''. വലിയമ്മ വാതിൽ ചാരി പുറത്തേക്ക് പോയി.

മുറ്റത്തുനിന്ന് സംഭാഷണം കേൾക്കുന്നുണ്ട്. പിരിവുകാരും വലിയമ്മയും പിരിവിനെപ്പറ്റി സംസാരിക്കുകയാണ്.

'' ഇക്കുറി പൂർവ്വാധികം ഗംഭീരമാക്കാനാണ് ഉദ്ദേശം '' ആരോ പറയുകയാണ് '' പിന്നെ ചിലവിൻറെ കാര്യം പറയണ്ടല്ലോ. ആനയ്ക്കും തായമ്പകക്കാർക്കും ചോദിച്ച സംഖ്യ കൊടുക്കണം. അവരെ കുറ്റം പറയാൻ പറ്റില്ല. കൊടുക്കാൻ വേറെ ആളുണ്ട് ''.

'' എന്തിനാ ഇത്ര കഷ്ടപ്പെട്ട് കഴിക്കുന്നത്. ഉള്ളതോണ്ട് ചെയ്താൽ പോരേ ''.

'' നല്ല കാര്യായി. ഇത്തിരി മോശമായാൽ മതി. നൂറു കുറ്റം പറയാൻ ആളുണ്ടാവും. പന്തല് പോരാ, ആനയ്ക്ക് പൊക്കം കമ്മി, തായമ്പക മോശം, വെടിക്കെട്ട് ഉഷാറായില്ല എന്നു വേണ്ടാ തൊട്ടതിനും പിടിച്ചതിനും കുറവ് കാണും ''.

'' എന്നാൽ പറയുന്ന ആളുകള് ചിലവാക്കട്ടെ. വെറുതെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കണോ ''.

'' ടീച്ചർക്ക് എന്താ അത്രയ്ക്ക് പ്രാരബ്ധം. പെൻഷനില്ലേ ''.

'' അതുശരി. സംഭാവന കൊടുക്കാനാണോ പെൻഷൻ തരുന്നത്. നൂറുകൂട്ടം ചിലവുകൾ ഒരു വീടായാലുണ്ടാവും. അതൊന്നും പറഞ്ഞു നടക്കുന്നില്ല എന്നേയുള്ളു ''.

'' വലിയ തറവാടല്ലേ ഇത്. അതിന് യോജിച്ച മട്ടിൽ തരിൻ ''.

അലമാറ തുറക്കുന്ന ശബ്ദം കേട്ടു. വലിയമ്മ പണം എടുക്കുകയാവും.

'' ഇത് മതിയോ '' പണം വാങ്ങിയ ആളാവും അത്.

'' തൽക്കാലം ഇതോണ്ട് തൃപ്തിപ്പെടിൻ. ഉണ്ടാവുന്ന കാലത്ത് കൈ നിറയെ തരാം ''.

'' ഇതേതാ കാറ് '' വേറൊരു ശബ്ദമാണ് അത്.

'' സുശീലടെ മകൻ വന്നിട്ടുണ്ട്. അവൻ കൊണ്ടു വന്നതാ ''.

'' എന്നിട്ട് ആളെവിടെ. കണ്ടാൽ പഞ്ചവാദ്യം അദ്ദേഹത്തെക്കൊണ്ട് സ്പൊൺസർ ചെയ്യിക്കായിരുന്നു ''.

'' അവൻ ബിസിനസ്സ് കാര്യായിട്ട് ബാംഗ്ലൂരിലേക്ക് പോയി. മടങ്ങി വരാൻ ഒരു മാസം കഴിയും ''.

വലിയമ്മ എത്ര ഭംഗിയായി നുണ പറയുന്നു. ദിലീപ് മേനോൻറെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. ഉമ്മറത്തെ വാതിൽ അടയ്ക്കുന്ന ശബ്ദം കേട്ടു. പിരിവുകാർ പോയിട്ടുണ്ടാവും.

'' ഒരു വിധത്തിൽ അവരെ പറഞ്ഞയച്ചു '' വലിയമ്മ അടുത്തെത്തി.

'' എല്ലാം ഞാൻ കേട്ടു. ബാംഗ്ലൂരിലേക്ക് പോയി എന്നു പറഞ്ഞിട്ട് ആരെങ്കിലും എന്നെ കണ്ടാലോ ''.

'' അതിനെന്താ. പോയ കാര്യം പെട്ടെന്ന് തിർന്നു. ഇന്നു രാവിലെ തിരിച്ചെത്തി എന്നു പറഞ്ഞാൽ അല്ലാന്ന് തെളിയിക്കാൻ അവർ മിനക്കെട്വോ ''.

'' താലപ്പൊലിക്ക് ആനയെ കൊണ്ടുവരാൻ എന്താവും ''.

'' എന്താ. നിനക്ക് അതിനുള്ള ഉദ്ദേശം ഉണ്ടോ ''.

'' ഏയ്. ഇല്ല. അറിയാൻ വേണ്ടി ചോദിച്ചതാണ് ''.

'' അമ്പതിനായിരം ഒരു ലക്ഷം എന്നൊക്കെ കേൾക്കുന്നുണ്ട്. ആനടെ തരാതരംപോലെ കൊടുക്കേണ്ടി വരും ''.

'' എന്തൊക്കെ പരിപാടികളാണ് ഇക്കൊല്ലം ''.

'' നോട്ടീസ് തന്നിട്ടുണ്ട്. ഞാൻ വായിച്ചു നോക്കിയില്ല. പിന്നെ പരിപാടിക്കൊന്നും ഞാൻ പോവാറില്ല. ഉച്ചപൂജയ്ക്ക് ചെന്ന് തൊഴുകും. സന്ധ്യക്ക് ദീപാരധന തൊഴാനും പോവും ''.

'' ഒന്നും കാണുകയും കേൾക്കുകയും വേണ്ടേ ''.

'' എൻറെ കുട്ടിക്കാലത്ത് ഹരികഥ ഉണ്ടാവും. ചില ദിവസം ഭജനകളാവും. ഒരു ദിവസം കഥകളി. പിന്നെ അതു മാറി. ഓട്ടൻ തുള്ളല്. കഥാപ്രസംഗം, ബാലെ, ഭക്തി ഗാനമേള ഒക്കെയായി. ഇപ്പോൾ സിനിമാറ്റിക്ക് ഡാൻസും ഗാനമേളയും തന്നെ പ്രധാനം. എനിക്ക് ആ വലിയ സ്പീക്കറിൽ കൂടിയുള്ള നിലവിളി കേട്ടാൽ തലവേദന വരും. പാട്ടാണത്രേ പാട്ട്. കൂക്കി നിലവിളിക്കുന്നതിനെ പാട്ട് എന്ന് പറയാനാവ്വോ ''.

'' വലിയമ്മേ, കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളല്ലേ ഇതൊക്കെ ''.

'' ഉവ്വ്. സമ്മതിച്ചു. എന്നാലും ഇത്ര മാറ്റം ഉണ്ടാവ്വോ '' വലിയമ്മ പഴയ കാലത്തിലേക്ക് മനസ്സ് തിരിക്കുകയാണ്.

'' അതൊരു കാലം. ഒരാഴ്ചമുമ്പേ പൂതനും തിറയും വീടുവീടാന്തരം എത്തും. അവർക്ക് നെല്ലും പണവും മതി. പിന്നെ നായാടിയും പാമ്പൂതനും വരും. അവർക്ക് പഴയ മുണ്ടും ഷർട്ടും ഒക്കെ വേണം. നെല്ലും പണവും കൊടുത്താലൊന്നും പോവില്ല. മുറ്റത്തുതന്നെ നിൽക്കും. തുണികൾ കിട്ടിയിട്ടേ പോവൂ ''.

'' ഇപ്പോൾ പൂതനൊന്നും വരാറില്ലെ ''.

'' ഉവ്വ്. എല്ലാവർക്കും പണംമതി. അതാവുമ്പൊ ഷാപ്പിൽ കൊടുക്കാൻ എളുപ്പാണല്ലോ ''.

'' വലിയമ്മ കുട്ടിക്കാലത്ത് താലപ്പൊലിക്ക് പോവാറില്ലേ ''.

'' പിന്നല്ലാതെ. അന്ന് അതൊക്കെ അല്ലേ സന്തോഷം. പെണ്ണുങ്ങള് കുളിച്ച് സാരിയോ മുണ്ടും വേഷ്ടിയോ ഉടുത്ത് മുടിയിൽ പൂ ചൂടി അണിഞ്ഞൊരുങ്ങി എത്തും. താലത്തിൽ കത്തിച്ചുവെച്ച ചിരാതുമായി അവർ വരിയായി നിൽക്കുന്നതുതന്നെ ഒരു കാഴ്ചയാണ്.  നാട്ടിലെ പ്രമാണികളായ ആണുങ്ങൾ നല്ല കരയുള്ള മുണ്ടുടുത്ത് തോളിലൂടെ വേഷ്ടി പുതച്ച് നിൽക്കും. വെളിച്ചപ്പാട് അവർക്കാണ് ആദ്യം കൽപ്പന കൊടുക്കാറ് ''.

'' എങ്ങിനേയാ ഇതൊക്കെ ഇപ്പോഴും ഓർമ്മിക്കുന്നത് ''.

'' മനുഷ്യന് ഒരു ഗുണമുണ്ട് ദീപൂ. അതികൂടാതെ വേദനിപ്പിച്ചതും സന്തോഷംതന്നതുമായ കാര്യങ്ങളൊന്നും മറക്കാൻ കഴിയില്ല. അങ്ങിനെ മനസ്സിൽ ഇപ്പോഴുമുള്ള ഒരു സംഗതി പറയാം. ആ കാലത്ത് നാണിക്കുട്ടിയുണ്ടായിരുന്നു. അവളെ കണ്ടാൽ പെണ്ണുങ്ങള് കൂടി മോഹിക്കും. അത്ര ഭംഗിയാണ് ആ പെണ്ണിന്. അതന്യാണ് അവൾക്ക് ആപത്തായതും ''.

'' അവർക്ക് എന്താ സംഭവിച്ചത് ''.

'' ആരോ പറഞ്ഞ് പറ്റിച്ചു വയറ്റിലുണ്ടാക്കി. പത്തമ്പത്തഞ്ച് കൊല്ലം മുമ്പുള്ള കാലമല്ലേ. അന്ന് എളുപ്പത്തിൽ അലസിപ്പിക്കാനൊന്നും പറ്റില്ല. നാലഞ്ചു മാസം അവളത് ഒതുക്കി വെച്ചു. പിന്നെ ഒരു ദിവസം ആരും ഇല്ലാത്ത നേരം നോക്കി വീടിൻറെ ഉത്തരത്തിൽ കെട്ടിത്തൂങ്ങി. ഇന്നും അവളുടെ മുഖം എൻറെ മനസ്സിന്ന് പോയിട്ടില്ല ''.

'' കഷ്ടമായി ''.

'' അന്നും ഇന്നും ഒരു കാര്യം ഒരുപോലെയാണ്. എന്തെങ്കിലും അബദ്ധം പിണഞ്ഞാൽ കുറ്റം പെണ്ണിനാണ്. പുരുഷൻ തടി തപ്പും ''.

'' പിന്നെയെന്തൊക്കെ ഓർമ്മയുണ്ട് ''.

'' ധാരാളം ആളുകള് താലപ്പൊലിക്ക് എത്തും. അമ്പലപറമ്പില് നിൽക്കാൻ ഇടം കിട്ടില്ല. ബലൂണും പീപ്പയും വിൽക്കുന്നവർ, മിഠായി തട്ടുകാർ. കൈനോക്കി ഫലം പറയുന്നവർ, മുച്ചീട്ടുകളിക്കാർ അങ്ങിനെ ഒരു കൂട്ടം. പറമ്പിൻറെ ഒരു ഓരത്ത് യന്ത്ര ഉഴിഞ്ഞാലാണ്. മരംകൊണ്ട് ഉണ്ടാക്കിയ അതിൽ രണ്ടോ മൂന്നോ ആളുകൾക്ക് കയറാൻ പറ്റുന്ന നാല് പെട്ടികളുണ്ടാവും. കാലണ കൊടുക്കണം അതിൽ കയറാൻ ''.

'' വലിയമ്മ അതില് കേറീട്ടുണ്ടോ ''.

'' നല്ല കഥ. തറവാട്ടിൽപിറന്ന പെൺകുട്ടികളൊന്നും അതിൽ കേറില്ല. നമ്മുടെ വീട്ടിന്ന് ആരേയും കയറാൻ സമ്മതിക്കാറില്ല. ഒരിക്കൽ കുഞ്ഞുണ്ണ്യേട്ടൻ വീട്ടുകാർ  അറിയാതെ അതില് കയറി. അന്ന് അമ്മ ഒരു ചൂരല് മുറിയുന്നതുവരെ ഏട്ടനെ തല്ലി ''.

'' അന്നും ആരു പറഞ്ഞാലും കേൾക്കാത്ത ആളായിരുന്നു അല്ലേ ''.

'' ചൊട്ട മുതൽക്കുള്ള ശീലം തന്നെ ഇപ്പോഴും ഉള്ളത്. സകല ആളുകളേയും വെറുപ്പിക്കും. താൻ പിടിച്ച മുയലിന്ന് മൂന്നു കൊമ്പ് എന്നതാണ് പ്രകൃതം. എന്തായാലും നീ ഇന്നലെ പോയി കണ്ടത് നന്നായി. ഇല്ലെങ്കിൽ നിന്നോടുള്ള ദേഷ്യം മനസ്സിൽ സൂക്ഷിക്കും. ഒരു പക്ഷെ മുകുന്ദേട്ടൻ അതിൽ കേറി വല്ലതും പറഞ്ഞാൽ സുശീലടെ ഷഷ്ടിപൂർത്തിക്ക് ഏട്ടൻ വരില്ല. ആകെക്കൂടി അഭംഗിയാവും ചെയ്യും. അത് കൂടാതെ കഴിഞ്ഞു ''.

'' ഒരു ചായ വേണം ''.

'' അയ്യോ. സാമ്പാറിന്ന് പരിപ്പ് അടുപ്പത്തിട്ട് വന്നതാ. അടിപിടിച്ചിട്ടുണ്ടാവും '' വലിയമ്മ എഴുന്നേറ്റ് ധൃതിയിൽ നടന്നു.

14 comments:

 1. ഓരോരോ ജീവിത വീക്ഷണങ്ങൾ വ്യത്യസ്തമായ പാത്ര സൃഷ്ടി നന്നായിരിക്കുന്നു ഓരോ കഥാപാത്രങ്ങളും

  ReplyDelete
  Replies
  1. ബൈജു മണിയങ്കാല,
   കഥയും കഥാപാത്രങ്ങളും ഇഷ്ടപ്പെട്ടു എന്നതിൽ സന്തോഷമുണ്ട്.

   Delete
 2. പിരിവുകാരുടെ ബാഹുല്യം ഇത്തവണ ഒഴിവുകാലത്ത് ശരിക്കും അനുഭവിച്ചറിഞ്ഞു കേരളേട്ടാ... നാട്ടിൻ‌പുറത്തെ വൈവിദ്ധ്യമാർന്ന കഥാപാത്രങ്ങളെ നിരീക്ഷിക്കുവാൻ കേരളേട്ടൻ കാണിക്കുന്ന സൂക്ഷ്മത അഭിനന്ദനീയം തന്നെ...

  പിന്നെ യന്ത്ര ഊഞ്ഞാലിന്റെ കാര്യം പറഞ്ഞപ്പോഴാ... ഒരു യന്ത്ര ഊഞ്ഞാൽ കഥ ഇവിടെയുണ്ട്... വായിച്ചുനോക്കി അഭിപ്രായം പറയുമല്ലോ... :)

  ReplyDelete
  Replies
  1. വിനുവേട്ടൻ,
   ഉത്സവ സീസൺ തുടങ്ങുകയായി. പിരിവുകാർ എത്തിതുടങ്ങും. ചിലസ്ഥലത്ത് പിരിവുകാർക്ക് ശതമാന കണക്കിൽ കമ്മിഷൻ നൽകാറുണ്ടത്രേ.

   Delete
  2. വിനുവേട്ടൻ,
   യന്ത്ര ഉഴിഞ്ഞാൽ കഥ വായിച്ചു. കൂട്ടുകാരന്ന് പറ്റി യഅമളിയോർത്ത് ചിരി വന്നു.

   Delete
 3. Hi Uncle this is Ann here,from Bangalore.R u remembering me??
  I have read your 'Nanmayileykku Oru Chuvaduveyppu'.
  And am started this too...
  The way you are presenting,is quite good..


  ReplyDelete
  Replies
  1. nilavinte koottukari,
   തീർച്ചയായും ഓർക്കുന്നുണ്ട്. ( ഞാൻ ഒരു മെയിൽ അയച്ചിരുന്നു ). കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷമുണ്ട്.

   Delete
 4. വർത്തമാനത്തിൽ നിന്ന് ഭൂതകാലത്തേയ്ക്കുള്ള മാനസസഞ്ചാരം, രമണീയം ആ കാലം...

  ReplyDelete
  Replies
  1. രാജഗോപാൽ‌,
   പപ്പനമ്മാമനിലൂടെയാണ് ദിലീപ്മേനോൻ ( നമ്മളും ) പഴയ കാലഘട്ടത്തെക്കുറിച്ച് അറിയുന്നത്.

   Delete
 5. ഈ വായനയിൽ ഒരു ഉത്സവം കണ്ട പ്രതീതി

  ReplyDelete
  Replies
  1. Nalina,
   ഉത്സവം പുറകെ എത്തുന്നുണ്ട്.

   Delete
 6. '' ആരോ പറഞ്ഞ് പറ്റിച്ചു വയറ്റിലുണ്ടാക്കി. പത്തമ്പത്തഞ്ച് കൊല്ലം മുമ്പുള്ള കാലമല്ലേ. അന്ന് എളുപ്പത്തിൽ അലസിപ്പിക്കാനൊന്നും പറ്റില്ല. നാലഞ്ചു മാസം അവളത് ഒതുക്കി വെച്ചു. പിന്നെ ഒരു ദിവസം ആരും ഇല്ലാത്ത നേരം നോക്കി വീടിൻറെ ഉത്തരത്തിൽ കെട്ടിത്തൂങ്ങി. ഇന്നും അവളുടെ മുഖം എൻറെ മനസ്സിന്ന് പോയിട്ടില്ല ''. - Ithu kure kaalam mumbu nadannu kandittulla dukhasathyam. Good narration.

  ReplyDelete
 7. ഉത്സവക്കാലം ഓര്‍മ്മിപ്പിച്ചു

  ReplyDelete
 8. ajith,
  ഈ വർഷത്തെ ഉതസവ സീസൺ തുടങ്ങുകയായി.

  ReplyDelete