Saturday, January 24, 2015

അദ്ധ്യായം - 46.


മുഖത്തോടുമുഖം നോക്കി നില്‍ക്കുന്ന വല്ലെങ്ങിദേശക്കാരുടേയും നെന്മാറദേശക്കാരുടേയും ആനപ്പന്തലുകളില്‍ ആലക്തികദീപങ്ങള്‍ പലതരംചിത്രങ്ങള്‍ വരച്ചുകൊണ്ടിരിക്കുകയാണ്. നെല്ലിക്കുളങ്ങര ഭഗവതിക്കു മുമ്പില്‍  രാവ് പകലിന്‍റെ വേഷമണിഞ്ഞു. നേരം രണ്ട് കഴിഞ്ഞതേയുള്ളൂ. വെടിക്കെട്ട് തുടങ്ങുവാന്‍ ഇനിയും സമയമുണ്ട്. ജാഫറിനോടൊപ്പം വേലപ്പറമ്പില്‍ കറങ്ങുമ്പോഴും ദിലീപ്മേനോന്‍ തീരെ സന്തോഷവാനായിരുന്നില്ല.

'' എന്താടാ കൊട്ടെണ്ണ കുടിച്ചപോലെ തൂങ്ങിക്കൊണ്ടീക്കുന്നത്. ഈ ലീവിലെ തെണ്ടിത്തിരിച്ചില് ഇന്നത്തോടെ തീര്‍ന്നൂന്ന് വിചാരിച്ചാ '' കൂട്ടുകാരന്‍റെ ഉത്സാഹക്കുറവ് ശ്രദ്ധിച്ച ജാഫര്‍ ചോദിച്ചു

'' ഏയ്. അങ്ങിനെയൊന്നൂല്യാ ''

'' പിന്നെന്താ ഒരു മൌനവൃതം. മനസ്സില് എന്തെങ്കിലും ഉണ്ടെങ്കില്‍ തൊള്ള തുറന്ന് പറയ്. എന്തിനും നമുക്ക് പരിഹാരം കാണാം  ''.

'' ആകെക്കൂടി വിഷമത്തിലാണ് ഞാന്‍. എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട് ''

ഇരുവരും ദൂരെ പാര്‍ക്ക് ചെയ്തിട്ടുള്ള കാറിനടുത്തേക്ക് നടന്നു. ഒരു തട്ടുകടയില്‍ നിന്ന് ഓംലെറ്റ് വാങ്ങി വണ്ടിയിലിരുന്ന് തിന്നുകൊണ്ട് അവര്‍ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. കുഞ്ഞുണ്ണിമാമയുടെ അവസ്ഥ ദിലീപ് മേനോനെ വേദനിപ്പിച്ചിരുന്നു, പെങ്ങളും അച്ഛനും എങ്ങിനെ പെരുമാറും എന്നതിനെക്കുറിച്ചുള്ള വേവലാതിയുമുണ്ട്. അതയാള്‍ കൂട്ടുകാരനുമായി പങ്കുവെച്ചു.

'' ഒരു കണക്കില് അവരെ ഒഴിവാക്കി നമ്മള് രണ്ടാള് മാത്രം  വന്നത് നന്നായി. അതു കാരണം നിനക്ക് മനസ്സിലുള്ളത് തുറന്ന് പറയാനായി  '' ദിലീപ്മേനോന്‍  നിര്‍ത്തിയപ്പോള്‍ ജാഫര്‍ പറഞ്ഞു. അയാള്‍ നാനോ കാറിന്‍റെ സ്റ്റിയറിങ്ങ് വീലില്‍ മെല്ലെ താളം പിടിച്ചു.

നെന്മാറ വേല കാണാന്‍  പുറപ്പെട്ടതാണ്  ജാഫറും ദിലീപ് മേനോനും ജാഫറിന്‍റെ അളിയനും അയാളുടെ ചിലസുഹൃത്തുക്കളും അവരുടെ കൂടെ വരാനിരുന്നതാണ്. എട്ടു പേര്‍ക്ക് സഞ്ചരിക്കാന്‍ പറ്റിയ  ഒരു കാറും അവര്‍ സംഘടിപ്പിച്ചിരുന്നു. സംഘത്തിലെ രണ്ടുപേര്‍ കച്ചറ കേസ്സുകെട്ടുകളാണെന്നു മനസ്സിലാക്കി ജാഫര്‍ ഒഴിഞ്ഞു മാറിയതാണ്.

'' എല്ലാം കേട്ടപ്പോള്‍ എന്തു തോന്നി '' ദിലീപ് മേനോന്‍ ചോദിച്ചു.

''  നിന്‍റെ സൂക്കട് നിന്‍റെ അമ്മാമനും കിട്ടി എന്നുതോന്നി ''.

'' അതിന് എനിക്കെന്താ ക്യാന്‍സറാണോ ''.

'' അല്ല. പക്ഷേ നിനക്ക് വേറൊരു അസുഖമുണ്ട് ''.

'' എന്താ ഞാന്‍ കൂടി അറിയാത്ത ഒരു സുഖക്കേട് ''

'' പണ്ടേ നിന്‍റെ ചില ത്രെഡ് ലേശം ടൈറ്റ് അല്ല എന്ന് തോന്നാറുണ്ട്. ഇപ്പോള്‍ നിന്‍റെ അമ്മാമനും അങ്ങിനെയാണെന്ന് മനസ്സിലായി. നീ കൂടെ നടന്നതിന്‍റെ ഗുണമായിരിക്കും  ''.

'' ഇങ്ങിനെ പറഞ്ഞാല്‍ എനിക്കറിയില്ല. ഉള്ള കാര്യം വ്യക്തമായി പറയണം  ''.

'' ഉള്ളത് ഉള്ളപോലെ പറയാലോ, നിങ്ങള് അമ്മാമനും മരുമകനും പിരിയല്‍പ്പം  അയഞ്ഞിട്ടുണ്ട്  ''.

'' കൂട്ടുകാരനാണെന്നു വിചാരിച്ച് ഞാന്‍ മനസ്സിലുള്ള വിഷമങ്ങള്‍ തുറന്ന് പറഞ്ഞു. അതുകൊണ്ട്  വട്ടാണ് എന്ന് കേള്‍ക്കേണ്ടി വന്നു. ഇനി ഞാന്‍ ഒരക്ഷരം പറയില്ല   '' ദിലീപ് മേനോന്‍ പരിഭവിച്ചു.

'' നീയങ്ങിനെ ദേഷ്യപ്പെടേണ്ടാ. ഞാന്‍ പറയുന്നത് മുഴുവന്‍ കേള്‍ക്ക്  '' ജാഫര്‍ കൂട്ടുകാരനെ അനുനയിപ്പിക്കാന്‍ തുടങ്ങി '' ആര്‍ക്കാടാ ഈ ലോകത്ത് കുറ്റവും കുറവും ഇല്ലാത്തത്. അവനവന്‍റെ കോട്ടം സ്വയം തിരിച്ചറിയണം. മെല്ലെമെല്ലെ അത് മാറ്റണം. അതാ ചെയ്യേണ്ടത്  ''.

'' എനിക്കെന്താ തകരാറ് ''.

'' എന്നാല്‍  കേട്ടോ. എനിക്കിപ്പൊ നാല്‍പ്പത് വയസ്സായി . നിനക്ക് മൂന്നോ നാലോ  കുറയും. നിന്‍റെ  പ്രായത്തിലുള്ള  ആണുങ്ങള്‍ക്ക് വേണ്ട ധൈര്യമോ പാകതയോ നിനക്കുണ്ടോ ? ഇപ്പഴും ചെറിയ കുട്ടികളുടെ മനസ്സല്ലേ നിന്‍റേത്  ''.

'' അത് ഇയാള്‍ വെറുതെ പറയുന്നതാ ''.

'' അല്ല. അന്യ നാട്ടില്‍ ഭാര്യയേയും കുട്ടിയേയും വിട്ട് നീയല്ലാതെ വേറെ ആരെങ്കിലും വേലയും പൂരവും കാണാന്‍ വര്വോ ''.

'' അതാണോ ഇത്ര വലിയ കാര്യം. എനിക്ക് മോഹം തോന്നി. ഞാന്‍ ഭാര്യയോട് ചോദിച്ചു. അവള്‍ ഓ.കെ. പറഞ്ഞു. ഞാന്‍ പോന്നു ''.

'' നിന്‍റെ കേനക്കേട് കണ്ടപ്പോള്‍ ആ പാവം സമ്മതിച്ചതായിരിക്കും.  അല്ലാതെ മനസ്സുണ്ടായിട്ട് സമ്മതിച്ചതാവില്ല '' ഒന്നു നിര്‍ത്തി അയാള്‍ തുടര്‍ന്നു ''  അത് വിട്. ഉപദേശിക്കുകയാണ് എന്ന് കരുതണ്ടാ, നിന്‍റെ പോരായ്മ പറഞ്ഞു തരികയാണ്.  പെട്ടെന്ന് ചാടി വീണ് തീരുമാനം എടുക്കാതെ നല്ലോണം ആലോചിച്ചിട്ടുവേണം എന്തും ചെയ്യാന്‍. ആ സ്വഭാവം നീ ഉണ്ടാക്കണം  ''.

'' എന്താ അങ്ങിനെ തോന്നാന്‍ ''

'' ഇവിടെ വന്നതും ആദ്യം തോന്നിയ ഐഡിയ എന്താണ്? മരുമകന്‍ ചെക്കന് മോട്ടോര്‍ സൈക്കിള്‍ വാങ്ങിക്കൊടുക്കണം, വലിയമ്മയ്ക്ക് എവിടേക്കെങ്കിലും പോവാന്‍ കാറ് സംഘടിപ്പിക്കണം എന്നൊക്കെ അല്ലേ? അവര്‍ക്ക് കാറ് കൊണ്ടു നടക്കാന്‍ പറ്റുന്നതാണോ എന്ന് നീ ചിന്തിച്ചില്ല. ആരെങ്കിലും കേട്ടാല്‍ ഇതിനെ പ്രാന്ത് എന്നല്ലാതെ എന്താ പറയ്യാ  ''.

'' ഇതൊക്കെ അറിഞ്ഞിട്ടും ഇതുവരെ അതിനെക്കുറിച്ച് യാതൊന്നും പറഞ്ഞില്ലല്ലോ ''.

'' നല്ല കഥ. ഞാന്‍ ഇതു പറഞ്ഞാല്‍ ചുരുങ്ങിയത് രണ്ടാഴ്ച നീ അതും ആലോചിച്ച് സങ്കടപ്പെട്ടോണ്ട് നടക്കും.  അത് ഒഴിവാക്കാന്‍ വേണ്ടി  പറഞ്ഞില്ല.  ഇപ്പോള്‍ ഉള്ളുതുറന്ന് സംസാരിക്കുന്നതോണ്ട് പറഞ്ഞു ''.

''  എന്താ ചെയ്യാ. ഞാന്‍ അങ്ങിനെ ആയിപ്പോയി ''

'' അങ്ങിനെ ആവരുത്. എളുപ്പം ഉള്ളവനെ കണ്ടാല്‍ എള്ളില്‍പിടിച്ച് പൂത്തുന്നവരാ ഈ ലോകത്തുള്ളത്. അപ്പോള്‍ എന്തും നേരിടാനുള്ള ധൈര്യവും കാര്യങ്ങള്‍ ആലോചിച്ച് ചെയ്യാനുള്ള കഴിവും നിനക്ക് ഉണ്ടാവണം. കുഞ്ഞുണ്ണീമാമ ദേഷ്യപ്പെട്ടു എന്നു പറഞ്ഞ് നീ കണ്ണില്‍ വെള്ളം നിറച്ച് നടന്നത് മറന്ന്വോ. അച്ഛനും പെങ്ങളും നാളെ വന്നാല്‍ നിന്നോട് എങ്ങിനെ പെരുമാറും എന്ന അങ്കലാപ്പല്ലേ ഇപ്പോഴുള്ളത്. അതൊന്നും പാടില്ല. നല്ല ധൈര്യം വേണം. അവര് എന്തുചെയ്താലും എനിക്കൊരു ചുക്കും ഇല്ല എന്നങ്ങോട്ട് ഉറപ്പിക്ക്. ഇവന്‍റെ അടുത്ത് നമ്മളുടെ കളി നടക്കില്ല എന്ന് കണ്ടാല്‍ ആരും അടുക്കാന്‍ മടിക്കും ''.

'' ഇനി കുഞ്ഞുണ്ണിമാമയ്ക്ക് എന്താ കുഴപ്പം എന്നുകൂടി പറയൂ ''.

'' മോന്തിയാവുന്നതുവരെ വെള്ളംകോരി ഒടുക്കം പടിക്കല് കുടം ഇട്ടു പൊട്ടിച്ചു എന്നു പറയുന്ന മട്ടിലാ അയാളുടെ കാര്യം. ധൈര്യശാലി, സ്വന്തം കാര്യം മാത്രം നോക്കുന്ന ആള്‍, മൂക്കിന്‍റെ തുമ്പത്ത് ശുണ്ഠി ഉള്ളവന്‍ എന്നൊക്കെ  മറ്റുള്ളവരെക്കൊണ്ട് പറയിപ്പിച്ച് ഒടുവില്‍ എല്ലാവരുടെ മുമ്പിലും തലകുമ്പിട്ട് വാലും ചുരുട്ടി നിന്നു. വല്ലാത്ത നാണക്കേടായി അത് ''.

'' മരണം മുമ്പിലെത്തുമ്പോള്‍ ആരും അങ്ങിനെയാവും ''.

'' അതുവെറുതെ. സദ്ദാംഹുസൈനെ തൂക്കിക്കൊല്ലാന്‍ നിര്‍ത്തിയത് ഞാന്‍ ടി. വി. യില്‍ കണ്ടതാണ്. തൂക്കുകയര്‍ കഴുത്തിലിട്ടപ്പോഴും അയാള്‍ പുല്ലുപോലെ നിന്നു ''.

'' എല്ലാവരും ഒരുപോലെ ആവില്ല ''.

'' സമ്മതിച്ചു. ധൈര്യം ഇല്ലാത്തവര്‍ പേടിക്കും. പക്ഷേ ഡെപ്യൂട്ടി കലക്ടര്‍ സുന്ദരേശ്വര മേനോന്‍ പരിഭ്രമിക്കാന്‍ പാടുണ്ടോ. ഈ ലോകത്തുള്ള ഒന്നിനേയും കൂട്ടാക്കാത്തവനാണ് എന്നല്ലേ അയാള്‍ ഭാവിച്ചിരുന്നത്.  അപ്പോള്‍  ഇതുവരെ കാട്ടിയത് മുഴുവന്‍ വെറും അഭിനയം. ആരോടൊക്കേയോ മനസ്സിലുള്ള വൈരാഗ്യം കാരണം ചെയ്ത വേഷം കെട്ടല്. ആയാള് ഇങ്ങിനെ മാറി എന്നു പറഞ്ഞാല്‍ കക്ഷിയെ പരിചയം ഉള്ള ഒരാളും വിശ്വസിക്കില്ല് ''.

'' എന്നാലും അദ്ദേഹം ഇല്ലാതാവുന്നു എന്നോര്‍ക്കുമ്പോള്‍ ''.

'' എന്താ ഇല്ലാതായാല്‍? അയാള് ചെറുപ്പമൊന്നും അല്ലല്ലോ. എന്നാല്‍ കുട്ടികള്‍ ഒരുവഴിക്ക് ആയില്ലല്ലോ എന്നു കരുതി വിഷമിക്കണം. ഇത് അങ്ങിനെയല്ല, മക്കളൊക്കെ വലുതായി സ്വന്തം കാര്യം നോക്കാനുള്ള പ്രാപ്തിയായി. ഇനി അയാള് മരിക്ക്യാണെങ്കില്‍ മരിക്കട്ടെ ''.

'' എങ്ങിനെ ഇത്ര സിമ്പിളായി പറയുന്നു ''.

'' എടാ, നമ്മള് മടങ്ങി പോവുമ്പോള്‍ എതിരെ വരുന്ന ലോറിക്കാരന്‍ കാറിലൊന്നു ചാര്‍ത്തിയാല്‍ എന്താ ഉണ്ടാവ്വാ, നമ്മള് രണ്ടാളും ജില്ല ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ എത്തും. അത്രയേ ഉള്ളു മനുഷ്യന്‍റെ അവസ്ഥ. ആര് എപ്പോള്‍ വേണമെങ്കിലും ചാവാം. പോരാത്തതിന്ന് കുഞ്ഞുണ്ണിമാമന്‍  അടുത്തകാലത്ത് ചാവുമോ ഇല്ലയോ എന്നൊന്നും പറയാറായിട്ടില്ല. വേണ്ടാതെ ഓരോന്ന് ആലോചിച്ച് നീ വേവലാതി അടിക്കേണ്ടാ ''.

'' കുഞ്ഞുണ്ണിമാമന്‍ രക്ഷപ്പെട്വോ ''.

'' നല്ല ചികിത്സയും ആത്മധൈര്യവും ഉണ്ടെങ്കില്‍ ഈ സൂക്കട് മാറും എന്ന് കേള്‍ക്കുന്നുണ്ട്. പഴയപോലെ ആണെങ്കില്‍ ചിലപ്പോള്‍ ആള് രക്ഷപ്പെടും. മനസ്സ് തളര്‍ന്നാല്‍ പോയതുതന്നെ ''.

'' നല്ലത് വരുത്തണേ എന്ന് പ്രാര്‍ത്ഥിക്കാം. അല്ലാതെന്താ ചെയ്യുക ''.

'' അതാ ശരി. ആട്ടെ, ഇനിയെന്തെങ്കിലും പ്രശ്നം ഉണ്ടോ നിനക്ക് ''.

'' തറവാട്ടിലുള്ളവരുടെ സ്നേഹം കാണുമ്പോള്‍ എനിക്ക് തിരിച്ചു പോവന്‍ തോന്നുന്നില്ല. എല്ലാവരുടേയും കൂടെ സന്തോഷത്തോടെ ഇവിടെ കഴിയാനാണ് മോഹം ''.

'' പ്രാന്ത് പറയാതെ. ജോലി കളഞ്ഞ് വീട്ടില്‍ കൂടിയാല്‍ നിന്‍റെ മകനെ വളര്‍ത്തി വലുതാക്കണ്ടേ ? അതിന്ന് ആരുടേയെങ്കിലും മുമ്പില്‍ കൈ നീട്ടാനാണോ പരിപാടി. അതോ ഭാര്യ അന്യനാട്ടില്‍ ഒറ്റയ്ക്ക് കിടന്ന് കഷ്ടപ്പെട്ടോട്ടെ എന്നാണോ  ''.

''  അവള് കഷ്ടപ്പെടുന്നത് കാണാന്‍ എനിക്കൊണ്ടാവില്ല. ഞാനെന്തു ചെയ്യുന്നതിന്നും എതിരു പറയാത്ത ആളാണ് അവള്‍ ''.

'' എന്നാല്‍ ലീവ് തീരുമ്പോള്‍ മടങ്ങിച്ചെല്ല്. അഞ്ചും ആറും കൊല്ലം കൂടുമ്പോള്‍ വരുന്ന പതിവ് നിര്‍ത്തിയിട്ട് കൊല്ലത്തിലൊരിക്കല്‍ നാട്ടിലേക്ക് പോര്. അപ്പോള്‍  എല്ലാവര്‍ക്കും  സന്തോഷമാവും  ''.

'' അതാ ഞാനും ഉദ്ദേശിക്കുന്നത് ''

'' എന്നാ നീ ലീവ് കഴിഞ്ഞ് പോവുന്നത് ''.

'' ഈ മാസം അവസാനം വരെ ലീവുണ്ട്. ഒരാഴ്ചകൂടി എടുക്കണം. പപ്പനമ്മാമന്‍റെ പിറന്നാളിന്ന് പങ്കെടുക്കാനുണ്ട് ''.

'' അതു നല്ല കാര്യം. ആ കാരണവര് അത്രയ്ക്ക് നല്ല ആളാണ്. അതു കഴിഞ്ഞാല്‍ ജോലിക്ക് ചെല്ല്. വീട്ടുകാരൊന്നും ദേഷ്യം കാണിക്കില്ല.  നിന്‍റെ സ്വഭാവം അവര്‍ക്ക് അറിയാലോ. അവര്‍ ഒരിക്കലും നിന്നെ വിഷമിപ്പിക്കില്ല. നിനക്കാവാത്ത കാര്യങ്ങള്‍  അവര്‍ ഏല്‍പ്പിച്ചതും കൂടിയില്ല ''.

'' എന്താ അങ്ങിനെ പറയാന്‍ ''.

'' എന്നാ നിന്‍റെ അമ്മയുടെ ബര്‍ത്ത്ഡേ '' ജാഫര്‍ തിരിച്ചൊരു ചോദ്യം ചോദിച്ചു.

'' അഞ്ചാം തിയ്യതി. ഇനി നാലു ദിവസമുണ്ട് ''.

'' ഒരുക്കങ്ങളൊക്കെ കഴിഞ്ഞോ. എന്തൊക്കെയാണ് പരിപാടി ''.

'' ഒന്നും എനിക്കറിയില്ല. എല്ലാം എളേച്ചനെയാണ് ഏല്‍പ്പിച്ചിട്ടുള്ളത് ''.

'' ഇപ്പൊ ഞാന്‍ പറഞ്ഞതെങ്ങിനെ ''

'' എന്നെ അവര്‍ക്ക് വേണ്ടാ. അതാ മനപ്പൂര്‍വ്വം ഒഴിവാക്കിയത് ''

'' എന്ന് നീ പറയരുത്. ഒരുപക്ഷേ മകന്‍ സുഖിച്ചു നടന്നോട്ടെ എന്ന് കരുതിയിട്ടാവും. അല്ലെങ്കിലോ നിനക്ക് അതിനുള്ള പ്രാപ്തിയില്ല എന്ന് കണ്ടിട്ടാവും നിന്നെ ചുമതല ഏല്‍പ്പിക്കാഞ്ഞത്. അതുപോട്ടെ,  നീയെന്താ ഇതുവരെ എന്നെ ക്ഷണിക്കാഞ്ഞത് ''.

'' സോറിട്ടോ. അങ്ങിനെയൊരു സംഗതി ഞാന്‍ ആലോചിച്ചിരുന്നില്ല ''.

'' സാരൂല്യാ. മിനിഞ്ഞാന്ന് മാധവന്‍ മാഷ് വന്ന്  എന്നെ ക്ഷണിച്ചു.  ബ്രാഹ്മണന്മാരെക്കൊണ്ട് മന്ത്രം ചൊല്ലിക്കുകയോ അവര്‍ക്ക് ദാനം കൊടുക്കുകയോ ഒക്കെ ചെയ്യുന്നുണ്ടെന്ന് പറഞ്ഞു ''.

ദൂരെ മത്താപ്പിന്‍റെ പ്രകാശം കണ്ടു. വെടിക്കെട്ടിന്ന് തീ കൊളുത്തുന്നു എന്നതിന്‍റെ സിഗ്നലാണ് അത്. മാലയായി കൊരുത്ത ഓലപ്പടക്കവും ഡൈനാമിറ്റും ഒരുമിച്ച് പൊട്ടാന്‍ തുടങ്ങി. ചെകിടടപ്പിക്കുന്ന ഒച്ചയും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവുംകൊണ്ട് പരിസരമാകെ നടുങ്ങി. പുക വേലപ്പറമ്പിനെ ഒന്നാകെ മൂടി. സുരക്ഷിതമായ അകലം പാലിക്കാതെ  കരിമരുന്നുപ്രയോഗം കാണുന്നവരെ നിഴല്‍പോലെ അഗ്നിജ്വാലയുടെ മുന്നിലായി കാണാനുണ്ട്. കൂട്ടപ്പൊരിച്ചില്‍ കഴിഞ്ഞ് തീ അണഞ്ഞതും മറുഭാഗത്തെ വെടിക്കെട്ട് ആരംഭിച്ചു കഴിഞ്ഞു.

'' പറ ഔട്ട് പൊട്ടുന്നതു കൂടി കണ്ടിട്ട് നമുക്ക് പോവാം '' വെടിക്കെട്ട് അവസാനിച്ച് കാണികളുടെ ആര്‍പ്പുവിളി ഉയര്‍ന്നപ്പോള്‍ ജാഫര്‍ പറഞ്ഞു.

''  തേനീച്ചാമ്പഴവും ഹലുവയും പൊരിയും വാങ്ങണമെന്ന് എന്നോട് രാജിച്ചേച്ചി പറഞ്ഞിട്ടുണ്ട്. നമുക്ക് അതെല്ലാം വാങ്ങി നില്‍ക്കാം ''.

കാറില്‍നിന്നിറങ്ങി കൈകോര്‍ത്തുപിടിച്ച് അവര്‍ ജനക്കൂട്ടത്തിലേക്ക് കടന്നുചെന്നു. പലരും തിരിച്ചു പോവാന്‍ തുടങ്ങി.

'' നാളെ മുതല്‍ നിന്നെ ഫ്രീ ആയി കിട്ടിയെന്ന് വരില്ല. അതുകൊണ്ട് പറയുകയാണ് '' ജാഫര്‍ കൂട്ടുകാരനെ ചേര്‍ത്തു പിടിച്ചു '' കഴിഞ്ഞ കാര്യങ്ങള്‍ ആലോചിച്ച് സങ്കടപ്പെടരുത്. വരാന്‍ പോവുന്നതിനെ വിചാരിച്ച് വേവലാതിപ്പെടാനും പാടില്ല. ഇന്നെന്താണോ അതിനെ സന്തോഷത്തോടെ രണ്ടു കയ്യും നീട്ടി ഏറ്റു വാങ്ങണം ''.

'' തീര്‍ച്ചയായും '' ദിലീപ് മേനോന്‍റെ ശബ്ദത്തിലെ ആത്മവിശ്വാസം ജാഫര്‍ തിരിച്ചറിഞ്ഞു '' ഈ അവധിക്കാലം ഒരു സ്വപ്നംപോലെ  എന്നും എന്‍റെ മനസ്സിലുണ്ടാവും  ''.

ആകാശത്തേക്ക് കുതിച്ചുയര്‍ന്ന് പലതട്ടുകളായി നിറങ്ങള്‍ വാരി വിതറി ഒരു ഔട്ട് പൊട്ടി. അതില്‍ നിന്ന് പുറത്തു ചാടിയ വര്‍ണ്ണക്കുട വേലപ്പറമ്പിന്ന് മുകളിലൂടെ പറന്നു നീങ്ങി.

നോവല്‍ അവസാനിച്ചു.

( ഈ കഥ ഇവിടെ അവസാനിക്കുന്നില്ല. '' ഇനിയൊരു ജന്മത്തേക്ക് അല്‍പ്പം ബാക്കി '' എന്ന പേരില്‍ ഇതിന്‍റെ രണ്ടാം ഭാഗവുമായി  എത്തുന്നുണ്ട് )

10 comments:

 1. അങ്ങിനെ ആവരുത്. എളുപ്പം ഉള്ളവനെ കണ്ടാല്‍ എള്ളില്‍പിടിച്ച് പൂത്തുന്നവരാ ഈ ലോകത്തുള്ളത്. അപ്പോള്‍ എന്തും നേരിടാനുള്ള ധൈര്യവും കാര്യങ്ങള്‍ ആലോചിച്ച് ചെയ്യാനുള്ള കഴിവും നിനക്ക് ഉണ്ടാവണം... കഴിഞ്ഞ കാര്യങ്ങള്‍ ആലോചിച്ച് സങ്കടപ്പെടരുത്. വരാന്‍ പോവുന്നതിനെ വിചാരിച്ച് വേവലാതിപ്പെടാനും പാടില്ല. ഇന്നെന്താണോ അതിനെ സന്തോഷത്തോടെ രണ്ടു കയ്യും നീട്ടി ഏറ്റു വാങ്ങണം...

  സത്യം കേരളേട്ടാ...

  നാട്ടിന്‍പുറത്തിന്റെ നന്മയുമായി മനസ്സ് കുളിര്‍പ്പിക്കുവാന്‍ എത്തിയിരുന്ന ഈ നോവല്‍ അങ്ങനെ അവസാനിക്കുന്നു അല്ലേ? എങ്കിലും വിഷമമില്ല... ദിലീപ് മേനോനെ വീണ്ടും കണ്ടുമുട്ടാമെന്ന കേരളേട്ടന്റെ ഉറപ്പ്... രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു...

  ആശംസകള്‍ കേരളേട്ടാ...

  ReplyDelete
 2. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.

  ആശംസകൾ!

  ReplyDelete
 3. നന്നായി അവസാനിപ്പിച്ചുവല്ലേ. ഇനിയൊരു വരവിനായി കാത്തിക്കാനും പ്രേരിപ്പിക്കുന്നു.
  പഴയ ഗ്രാമ ജീവിത സാഹചര്യങ്ങൾ വളരെ നന്നായി അവതരിപ്പിച്ചു. അങ്ങനെയൊന്ന് ഇന്ന് ഒരു ഗ്രാമത്തിലും കാണാൻ കഴിയില്ല.
  ഒത്തിരി ആശംസകൾ..

  ReplyDelete
 4. വല്ലെങ്ങിദേശക്കാരുടേയും നെന്മാറദേശക്കാരുടേയും ആനപ്പന്തലുകളില്‍ ആലക്തികദീപങ്ങള്‍ പലതരംചിത്രങ്ങള്‍ വരച്ചുകൊണ്ടിരിക്കുകയാണ്. Athoru kaazhcha thane.
  Theneechaampazham - ee vaakku Palakkaattukaar mathrame parayoo ennu thonnunnu :)

  Alpam dhruthiyil aanenkilum ellaam vaayichu. I ENJOYED IT, ETTE.

  ReplyDelete
 5. '' കഴിഞ്ഞ കാര്യങ്ങള്‍ ആലോചിച്ച് സങ്കടപ്പെടരുത്. വരാന്‍ പോവുന്നതിനെ വിചാരിച്ച് വേവലാതിപ്പെടാനും പാടില്ല. ഇന്നെന്താണോ അതിനെ സന്തോഷത്തോടെ രണ്ടു കയ്യും നീട്ടി ഏറ്റു വാങ്ങണം ''.
  എത്ര സിമ്പിളാണ് ഈ എഴുത്ത് മനോഹരം
  അടുത്ത ഭാഗം കാത്തിരിക്കുന്നു !!

  ReplyDelete
 6. നന്മാനുഭവങ്ങൾക്കൊപ്പം ദു:ഖങ്ങൾ കോർത്തിണക്കി
  പഴയ ഗ്രാമ്യ ഭംഗികൾ ഒപ്പിയെടുത്ത തനി നാട്ടിൻപുറത്തിന്റെ
  കാഴ്ച്ചകളുള്ള ഒരു ലളിത സുന്ദരമായ നോവലിന്റെ ആദ്യ ഭാഗം അങ്ങിനെ
  അവസാനിപ്പിച്ചു അല്ലേ .
  ഇനി ‘ഇനിയൊരു ജന്മത്തേക്ക് അല്‍പ്പം ബാക്കി ‘ കൂടി
  എഴുതി പൂർത്തീകരിച്ചിട്ട് ഇതിനെ ഒരു പുസ്തകമായിട്ട് ഇറക്കണം കേട്ടൊ ഭായ്

  ReplyDelete
 7. അയ്യോ.അവസാനിച്ചോ????
  ഇന്നലെ വായിക്കാൻ തുടങ്ങി ദാ ഇപ്പോൾ തീർന്നു.
  നന്മയുള്ള കുറേ ആൾക്കാരെ അറിയാൻ പറ്റി.
  ഈ കാലത്തും ഇങ്ങനെയുള്ള ആൾക്കാരൊക്കെ ഉണ്ടോ??

  ReplyDelete
 8. അടുത്ത നോവലിനായി കൊതിയോടെ ..ആശംസകൾ.

  ReplyDelete
 9. അവസാനഭാഗംവായിക്കാന്‍ ഞാനെത്തുന്നത് ഇന്നാണ്.
  ഇന്നലെ ഉറങ്ങാന്‍ കിടന്നപ്പോള്‍ ആലോചിച്ചു കേരളദാസനുണ്ണിയെ ബ്ലോഗിലൊന്നും കാണുന്നില്ലല്ലോന്ന്. അങ്ങനെ തേടിപ്പിടിച്ച് വന്നതാണ്. സൌഖ്യമാണല്ലോ അല്ലേ!

  ReplyDelete
 10. വൈകിപ്പോയി .....ഇനി കൂടെയുണ്ടാവും നെന്‍മറ വല്ലങ്ങി വേല കണ്ടിട്ടില്ലെങ്കിലും എന്നെ കൂട്ടി യോജിപ്പിക്കുന്ന ചില കണ്ണികളുണ്ട്.....ആശംസകൾ

  ReplyDelete