Wednesday, October 30, 2013

അദ്ധ്യായം - 16.


'' എന്നാൽ നമുക്ക് തുടങ്ങാല്ലേ '' തണ്ണിമത്തൻ ജ്യൂസിൽ നിന്നും സ്പൂണുകൊണ്ട് കറുത്ത വിത്തുകൾ എടുത്തുമാറ്റുന്നതിന്നിടെ പപ്പനമ്മാമൻ ചോദിച്ചു.

'' ശരി, പറഞ്ഞോളൂ '' ദിലീപ് മേനോൻ സമ്മതം മൂളി.

'' നമ്മൾ പറഞ്ഞു വന്നത് ഭക്ഷ്യധാന്യങ്ങൾക്ക് ഉണ്ടായിരുന്ന ക്ഷാമത്തെ കുറിച്ചാണ്.  ഇന്നനുഭവിക്കുന്ന അവസ്ഥയല്ല മുമ്പുണ്ടായിരുന്നത്. ഇന്നിപ്പോൾ ഒരു ഉറുപ്പികയ്ക്ക്  ഒരു കിലോ അരി കിട്ടും. ഉറുപ്പികക്കാണച്ചാൽ പണ്ടത്തെ നയാപൈസയുടെ വിലയും കൂടിയില്ല. അതായത് നാട്ടിൽ ക്ഷാമം എന്നു പറയുന്നത് ഇല്ല എന്നന്നെ പറയണം. വല്ലപ്പോഴും ഏതെങ്കിലും ദിക്കിൽ പട്ടിണിയുള്ള വാർത്ത കണ്ടേക്കാം. അപൂർവ്വത്തിൽ അപൂർവ്വം എന്നേ അത്തരം സംഭവങ്ങളെക്കുറിച്ച് പറയാൻ പറ്റൂ ''.

'' അതുശരി. പഴയ കാര്യങ്ങൾ എങ്ങിനെയൊക്കെയാണ് ''.

'' പണ്ടു മുതലേ നമ്മുടെ നാട്ടിൽ ഭക്ഷ്യധാന്യങ്ങൾക്ക് ക്ഷാമം ഉണ്ടായിരുന്നു. ഇന്ത്യക്ക് സ്വതന്ത്രം ലഭിക്കുമ്പോൾ വളരെ പരിതാപകരമായ അവസ്ഥയണ് ഉണ്ടായിരുന്നത്. പാവപ്പെട്ടവന് ഒരു കുരുമണി അരി കിട്ടാനില്ലാത്ത കാലം. പഞ്ഞമാസങ്ങളിലെ കാര്യം പറയുകയേ വേണ്ടാ. പട്ടിണി കിടന്ന് ജനം നരകിച്ചിട്ടുണ്ട്. അതൊക്കെ നോക്കുമ്പോൾ ഇന്ന് സ്വർഗ്ഗം കിട്ടിയ മട്ടാണ് ''.

'' എന്തേ അന്ന് അങ്ങിനെ ക്ഷാമം ഉണ്ടായത് ''.

'' അതിന് പല കാരണങ്ങളുണ്ട്. പ്രധാനമായത് നമ്മുടെ രാജ്യത്തെ ഭക്ഷ്യധാന്യങ്ങളുടെ ഉൽപ്പാദനം കുറവായിരുന്നു എന്നതുതന്നെ. പരമ്പരാഗതിയിലുള്ള കൃഷിരീതിയായിരുന്നു അക്കാലത്ത് നടന്നുവന്നിരുന്നത്. അത്യുൽപ്പാദനശേഷിയുള്ള വിത്തിനങ്ങൾ, രാസവളം ജലസേചനസൗകര്യം തുടങ്ങിയവയൊന്നും ഉണ്ടായിരുന്നില്ല. അതുകാരണം വിളവ് തീരെ കുറവായിരുന്നു ''.

'' പിന്നെ ''.

'' ധാന്യങ്ങൾ ഇറക്കുമതി ചെയ്യാനുള്ള വിദേശനാണ്യം നമുക്ക് വേണ്ടത്ര ഉണ്ടായിരുന്നില്ല.
ബർമ്മയിൽ നിന്ന് കുറെയൊക്കെ അരി കിട്ടിയിരുന്നു. അത് തീരെ പോരായിരുന്നു ''.

'' വേറെ ഏതെങ്കിലും രാജ്യത്തിൽ നിന്ന് സഹായം കിട്ടിയിരുന്നോ ''.

'' ഇല്ല എന്ന് പറയാൻ പറ്റില്ല. PL - 480 ഉടമ്പടി പ്രകാരം അമേരിക്കയിൽ നിന്ന് കുറെ കാലം ഗോതമ്പ് കിട്ടിയിരുന്നു. ഓർക്കാപ്പുറത്ത് അതും നിന്നു. വിയറ്റ്നാം യുദ്ധത്തിനിടെ ഹാനോയിൽ ബോമ്പിട്ട അമേരിക്കൻ നടപടിയെ മറ്റുരാജ്യങ്ങളോടൊപ്പംചേർന്ന് ഇന്ത്യ  വിമർശിച്ചതിന്ന് പ്രതികാരമായി നിർത്തലാക്കിയതാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ''.

'' എങ്കിൽ അത് കഷ്ടമായിപ്പോയി ''.

'' അങ്ങിനെ പറഞ്ഞാൽ മതിയോ. നമ്മുടെ രാജ്യത്തിൻറെ ഭരണത്തലവൻ ജനങ്ങളുടെ പട്ടിണി മാറ്റാൻവേണ്ടി മറ്റൊരു രാജ്യത്തിൻറെ ഭരണാധികാരികളോട് ഭക്ഷ്യധാന്യങ്ങൾ യാചിക്കേണ്ടിവന്നതിൽവെച്ച് വലിയൊരു നാണക്കേടുണ്ടോ. ഇതു പറയുമ്പോൾ ഇന്നും എൻറെ മനസ്സിൽ എത്തുന്ന ഒരു രംഗമുണ്ട് ''.

'' അതെന്താ ''.

'' എൻറെ ചെറുപ്പകാലത്ത് തറവാട്ടിൽ പണിക്കു വന്നിരുന്ന ഒരു കണ്ടനുണ്ടായിരുന്നു. വലിയ അഭിമാനിയായിരുന്നു അവൻ. പണി ചെയ്യും, കൂലി വാങ്ങും. പോവും. ഒരിക്കലും ഒന്നും ചോദിച്ച് വരാറില്ല. അവന് അതിൻറെ ആവശ്യവും ഇല്ല. ഒറ്റത്തടി, മേലും കീഴും നോക്കാനില്ല. നല്ല തണ്ടും തടിയും. എന്നിട്ടും ഒരു ദിവസം അവൻ വന്നു ''.

'' എന്തിന് ''.

'' തോരാത്ത മഴക്കാലം. കൂലിക്കാർക്ക് പണിയൊന്നുമില്ല. നട്ടുച്ച നേരത്ത് അവനെത്തി.  എനിക്ക് വലഞ്ഞിട്ടു വയ്യാ. എന്തെങ്കിലും കഴിച്ചിട്ട് ദിവസം രണ്ടു കഴിഞ്ഞു,  ഇത്തിരി കഞ്ഞിവെള്ളം തരണം എന്നും പറഞ്ഞ് മുറ്റത്ത് അവൻ നിന്നത് ഇന്നലത്തെപ്പോലെ എനിക്ക് ഓർമ്മയുണ്ട്. അന്ന് അവൻറെ മുഖത്ത് കണ്ടത് നാണക്കേടും ദൈന്യതയും
കലർന്ന ഒരു ഭാവമായിരുന്നു. അതുപോലെയല്ലേ നമ്മുടെ രാജ്യത്തിൻറെ അവസ്ഥ എന്നോർത്ത് ആ കാലത്ത് ഞാൻ പലപ്പോഴും ഖേദിച്ചിട്ടുണ്ട് ''.

'' എനിക്കിതൊന്നും സങ്കൽപ്പിക്കാൻ കൂടി കഴിയുന്നില്ല ''.

'' നിങ്ങളൊക്കെ ഭാഗ്യവാന്മാരാണ്. കഷ്ടപ്പാടൊന്നും അനുഭവിക്കേണ്ടി വന്നിട്ടില്ലല്ലോ. ഞാൻ ഇതിനൊക്കെ സാക്ഷിയാണ്. അതുകൊണ്ടു തന്നെ നമ്മുടെ നാടിൻറെ ഓരോ നേട്ടവും എന്നെ വല്ലാതെ സന്തോഷിപ്പിക്കുന്നുണ്ട്. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിച്ചതാണ് ഏറ്റവും വലിയ നേട്ടം ''.

ഇതിനകം ജ്യൂസിൻറെ പാത്രം കാലിയായി കഴിഞ്ഞിരുന്നു. പപ്പനമ്മാമൻ അതെടുത്ത് കഴുകാൻ ഒരുങ്ങി.

'' ഞാൻ ചെയ്തോളാം. ഇങ്ങോട്ടു തരൂ '' എന്നും പറഞ്ഞ് ദിലീപ് മേനോൻ അത് ഏറ്റു വാങ്ങി.

'' ഞാൻ ഇവിടെ ഉണ്ടേ '' കഴുകിയ പാത്രങ്ങൾ എടുത്തു വെക്കുമ്പോൾ പുറത്തു നിന്ന് ആരോ വിളിച്ചു പറയുന്നത് കേട്ടു.

'' ആരാത്. ശ്രീധരനാണോ. ഇങ്ങോട്ട് വന്നോളൂ '' പപ്പനമ്മാമൻ അയാളെ അകത്തേക്ക് ക്ഷണിച്ചു. ആഗതൻ ഉള്ളിലേക്ക് കടന്നു. ഫുൾകൈ ഷർട്ടും ഡബിൾമുണ്ടുമാണ് വേഷം. കയ്യിലൊരു ബാഗും കുടയുമുണ്ട്. നെറ്റിയിലൂടെ വിയർപ്പുതുള്ളികൾ ഒലിച്ചിറങ്ങി ചന്ദനം തൊട്ടത് മായ്ച്ചു തുടങ്ങിയിട്ടുണ്ട്.

'' എന്താ ഒരു ചൂട് '' ബാഗിൽ നിന്ന് ഒരു ടവ്വലെടുത്ത് അയാൾ മുഖം തുടച്ചു '' ആരാ ഇത്. എനിക്ക് മനസ്സിലായില്ല '' ദിലീപിനെ ചൂണ്ടിയാണ് ആ ചോദ്യം.

'' എൻറെ അനന്ത്രോൻ തന്നെ '' പപ്പനമ്മാമൻ ദീപുവിൻറെനേരെ തിരിഞ്ഞു പറഞ്ഞു '' ഇത് ശ്രീധരൻ നായർ. മുമ്പ് പനഞ്ചക്കര സൊസൈറ്റിയിൽ കണക്കെഴുത്തായിരുന്നു. അന്നു മുതൽക്കുള്ള സ്നേഹവും പരിചയവുമാണ്. കള്ളു ചെത്തി ചക്കര ഉണ്ടാക്കുന്നത് നിർത്തിയതോടെ സൊസൈറ്റി പൂട്ടി. അതോടെ ദല്ലാൾ പണി തുടങ്ങി. ലക്കിടിയുടെ സമീപത്താണ് ഇപ്പോൾ താമസം. ഇടയ്ക്കൊക്കെ എന്നെ കാണാൻ വരും ''.

'' ഞാൻ വന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടായോ '' അയാൾ ചോദിച്ചു.

'' ഏയ്. അങ്ങിനെ ഒന്നൂല്യാ. ആട്ടെ, എവിടുന്നാടോ താൻ ഇപ്പോൾ വരുന്നത് ''.

'' ഒന്നും പറയണ്ടാൻറെ മേൻന്നേ. ബാംഗ്ലൂരിൽ ജോലിയുള്ള ഒരു ചെക്കന് പറ്റിയൊരു പെണ്ണന്വേഷിക്കാൻ ഒരാള് ഏൽപ്പിച്ചിരുന്നു. ചെക്കൻ എഞ്ചിനീയറാണ്. നല്ല പഠിപ്പും ഉണ്ട്. ഭരണി നക്ഷത്രം. മദ്ധ്യമരജുദോഷം ഉള്ളതു കൂടാതെ ശുദ്ധ ജാതകവും. എളുപ്പം ഒന്നും കിട്ടില്ല. പോരാത്തതിന് അവരുടെ സ്ഥിതിയ്ക്ക് പറ്റിയത് വേണ്ടേ. കുറെ നടന്ന് ചീരെഴെഞ്ഞു. പാകംപോലെ ഒരെണ്ണം ഒത്തുവന്നപ്പോൾ വിവരം കൊടുത്തു. ഇന്നലെ ആള് ബാംഗ്ലൂരിന്ന് വന്നിട്ടുണ്ട് എന്നറിഞ്ഞിട്ട് കാണാൻ ചെന്നതാ. കണ്ടതും മതിയായി. സംഗതി നടക്കുംന്ന് എനിക്ക് തോന്നുണില്യാ ''.

'' അതെന്താ അങ്ങിനെ ''.

'' ചെമ്മരിയാടിൻറെ ദേഹത്തുള്ളതുപോലത്തെ തലമുടി. ഒരു ചെവിയിൽ മേൽക്കാത് കുത്തി എന്തോ തിരുകിവെച്ചിട്ടുണ്ട്. കീഴ്ചുണ്ടിൻറെ താഴെ നഖത്തിൻറെ വലുപ്പത്തില് മറുകുപോലെ കുറെ രോമങ്ങളുണ്ട്. താടിടെ താഴെമാത്രം കുറച്ചു നിർത്തി ബാക്കി മുഴുവൻ വടിച്ചുകളഞ്ഞിട്ടുണ്ട്. ആകപ്പാടെ ഒരു അവലക്ഷണം. എങ്ങിനേയാ അതിനെ പെണ്ണു കാണാൻ കൂട്ടീട്ടുപോവണ്ടത് എന്ന് എനിക്കറിയില്ല ''.

'' അതെന്താടോ ''.

'' സത്യം പറയാലോ. എൻറെ മകളാണെങ്കിൽ ഞാൻ കൊടുക്കില്ല. കോലം കണ്ടാൽ മതി, പെണ്ണു കാണാൻ പോയ വീട്ടിൽ പെണ്ണില്ലെങ്കിൽ അയൽവക്കത്തുനിന്ന് വായ്പ വാങ്ങീട്ടെങ്കിലും ആരായാലും ഒന്നോ രണ്ടോ പെൺകുട്ടികളെ കൊടുക്കും. അത്രയ്ക്ക് വർക്കത്തുണ്ട് ആ മുഖത്ത് '' അയാൾ വാതിൽക്കലേക്ക് ചെന്ന് മുറ്റത്തേക്ക് നീട്ടിത്തുപ്പി. പപ്പനമ്മാമൻ ഉറക്കെ ചിരിച്ചു. ദിലീപ് മേനോനും ചിരിപൊട്ടി.

'' ഇങ്ങിനെയൊക്കെ നോക്കാൻ തുടങ്ങിയാൽ താൻ ഈ പണി വേണ്ടാന്ന് വെക്കേണ്ടി വരും '' പപ്പനമ്മാമൻ പറഞ്ഞു '' ഓരോ കാലത്ത് ഓരോ വേഷം, ഓരോ രൂപം. പണ്ട് ഇങ്ങിനെയായിരുന്നു എന്നു പറഞ്ഞാൽ ഇപ്പോൾ നടക്ക്വോ ''.

'' ശരിയാണ്. എന്നാലും എന്തിനും ഇല്യേ ഒരു നിജോക്കെ ''.

'' ഒന്നൂല്യാ. പണ്ട് കോണകം ഉടുത്ത് മുകളിൽ ഒരു തോർത്തും ചുറ്റിയാൽ ആണുങ്ങളുടെ വേഷം ആയി. എല്ലാർക്കും ഉണ്ടാവും കുടുമ. ഇപ്പൊ ആരെങ്കിലും അങ്ങിനെ നടക്ക്വോ ''.

'' ഒരു കണക്കില് ശരിയാണ് ''.

'' ഒരു കണക്കിലല്ല, എല്ലാ കണക്കിലും ശരിയാണ്. കുടുമ പോയി മൊട്ടയായി, പിന്നെ മൊട്ട ക്രോപ്പായി. പിന്നെ ക്രോപ്പ് ചെയ്യാൻ തുടങ്ങി. ഇടക്കാലത്ത് മുടി നീട്ടി വളർത്തി ഹിപ്പിയായി. ഇന്നത്തെ കാലത്ത് ഇങ്ങിനെ. നാളെ മാറില്ലാന്ന് ആരു കണ്ടു ''.

'' അതൊന്നും കാണാനിരിക്കാതെ പോയി കിട്ടിയാൽ മതിയായിരുന്നു ''.

'' അതാ തെറ്റ്. ജീവിച്ചിരിക്കുന്ന കാലത്ത് ഉണ്ടാവുന്ന മാറ്റങ്ങൾ നമ്മൾ കണ്ടറിയണം. അതിനോട് പൊരുത്തപ്പെടണം. എന്നാലേ ശരിയായ ജീവിതമാവൂ ''.

'' എന്തോ എനിക്കൊന്നും മനസ്സിലാവുന്നില്ല '' അയാൾ നെടുവീർപ്പിട്ടു.

'' ഇരിക്കെടോ. ഊണും കാപ്പികുടിയും കഴിഞ്ഞ് വൈകുന്നേരത്തോടെ പോയാൽ മതി. തനിക്ക് കുടിക്കാൻ ഇപ്പോൾ എന്തെങ്കിലും ഉണ്ടാക്കട്ടെ '' പപ്പനമ്മാമൻ എഴുന്നേറ്റു, ഒപ്പം ദിലീപ് മേനോനും.
 

10 comments:

 1. സൂപ്പർ ദാസേട്ട എഴുത്ത് "ക്ഷ" പിടിച്ചു
  ഓരോ സന്ദര്ഭവും തന്മയത്വത്തോടെ എഴുതി ചേര്ത്തിട്ടുണ്ട് വിയര്പ്പുതുള്ളി പോരാണ്ട്‌ മായുന്ന ചന്ദനക്കുറിയും തണ്ണി മത്തൻ കുരു പോലും
  ഈ വാചകവും എടുത്തു പറഞ്ഞെ പറ്റൂ
  ജീവിച്ചിരിക്കുന്ന കാലത്ത് ഉണ്ടാവുന്ന മാറ്റങ്ങൾ നമ്മൾ കണ്ടറിയണം. അതിനോട് പൊരുത്തപ്പെടണം. എന്നാലേ ശരിയായ ജീവിതമാവൂ ''.

  ReplyDelete
  Replies
  1. ബൈജു മണിയങ്കാല,
   ജീവിതത്തിനെക്കുറിച്ച് ഓരോരുത്തരുടെ കാഴ്ചപ്പാടുകൾ ഓരോവിധം. അറിവുള്ളവർ അതൈനനുസരിച്ച് ചിന്തിക്കുന്നു.

   Delete
 2. ജ്ഞാനസമ്പന്നമായ ഒരു അദ്ധ്യായം
  (കെയര്‍ എന്നോ മറ്റോ പേരുള്ള ഒരു പ്രോഗ്രാം വഴി അമേരിക്കന്‍ മാവും ഗോതമ്പും വാങ്ങി കഴിച്ചിരുന്ന പട്ടിണി ബാല്യം എനിയ്ക്കും ഉണ്ട്)

  ReplyDelete
  Replies
  1. ഉവ്വ്. സ്കൂൾ വിദ്യാർത്ഥികൾക്ക് കെയർപ്രോഗ്രാം വഴി ഗോതമ്പും ഭക്ഷ്യ എണ്ണയും ലഭിച്ചിരുന്നു. അതുപോലെ പാൽപ്പോടിയും.

   Delete
 3. പണ്ട് കോണകം ഉടുത്ത് മുകളിൽ ഒരു തോർത്തും ചുറ്റിയാൽ ആണുങ്ങളുടെ വേഷം ആയി.

  ha ha vaasthavam!

  ReplyDelete
  Replies
  1. എത്ര ലളിതമായ വേഷമായിരുന്നു അക്കാലത്തേത്.

   Delete
 4. അമേരിക്കൻ പാൽ‌പ്പൊടി, ഗോതബരി,ചോളപ്പൊടി എന്നിവക്കായി ഒരു വെള്ളപ്പൊക്കക്കാലത്ത് അന്നത്തെ റേഷൻ മേടിക്കാനുള്ള ‘കൌപ്പനും’ സഞ്ചിയിലിട്ട് അരയൊപ്പം വെള്ളം നീന്തിപ്പോയത് വളരെ കാലത്തിനു ശേഷം ഇപ്പോൾ ഓർമ്മിക്കാൻ ഈ എഴുത്ത് ഇടയാക്കി...!
  ആശംസകൾ....

  ReplyDelete
  Replies
  1. വി.കെ,
   അത്രയ്ക്ക് ദുരിതം നിറഞ്ഞ കാലമായിരുന്നു അത്.

   Delete
 5. നിങ്ങളൊക്കെ ഭാഗ്യവാന്മാരാണ്. കഷ്ടപ്പാടൊന്നും അനുഭവിക്കേണ്ടി വന്നിട്ടില്ലല്ലോ
  ഇതേ വാക്കുകള്‍ എന്റെ വല്യേട്ടന്‍ എന്നോട് പറയാറുണ്ട്.കൊയ്യാന്‍ ഉണ്ടായിട്ടും ലേവി അളന്നാല്‍ പിന്നെ വര്‍ഷത്തില്‍ പലപ്പോഴും നമുക്ക് പട്ടിണിയാകുമത്രേ.അപ്പോള്‍ ഇത് പോലെ കഞ്ഞി വെച്ചില്ല അരി വേണം എന്ന് പറഞ്ഞു വരുന്ന സ്വന്തം പണിക്കാരായ ചെറുമക്കളും ഉണ്ടാവുമത്രേ.
  ഇപ്പോഴത്തെ ചെറുപ്പക്കാരില്‍ ചില ഫ്രീക് വേഷങ്ങള്‍ അറപ്പോടെയെ നോക്കാന്‍ പറ്റുള്ളൂ. പണ്ടത്തെ ഹിപ്പികളെപ്പോലെ...
  നല്ല കഥാകഥനം.:)
  ഒരു അപേക്ഷയുണ്ട്
  ഇത് എന്റെ ബ്ലോഗ്പോസ്റ്റ്. ലിങ്ക് നളിനദളങ്ങള്‍
  http://nalinadhalangal.blogspot.in/2013/09/blog-post_21.html

  സമയം കിട്ടുമ്പോള്‍ വല്ലപ്പോഴും ഇവിടെ വരും എന്ന് വിശ്വസിക്കുന്നു.

  ReplyDelete
  Replies
  1. nalinakumari,
   ലെവി അളന്നത് എനിക്കും ഓർമ്മയുണ്ട്. കർഷകന്ന് ദാരിദ്ര്യം ആണെങ്കിൽ തൊഴിലാളികളുടെ കാര്യം പറയണോ.
   നളിനദളങ്ങൾ കണ്ടു. വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

   Delete