Thursday, February 27, 2014

അദ്ധ്യായം - 28.

പാതയുടെ ഓരം ചേർന്ന് കാർ നിർത്തി. ഗെയിറ്റ് വെളിയിൽ നിന്ന് കുറ്റിയിട്ടിരിക്കയാണ്. അത് തുറന്ന് അകത്ത് കടന്നതും മുറ്റത്തെ മാവിൻ ചുവട്ടിലിട്ട പ്ലാസ്റ്റിക്ക് ചെയറിൽ ദൂരെ നോക്കിയിരിക്കുന്ന കുഞ്ഞുണ്ണിമാമയെ കണ്ടു. അടുത്ത് എത്തിയിട്ടും അദ്ദേഹം അറിഞ്ഞ മട്ടില്ല. ഗാഢമായ ചിന്തയിലാണെന്ന് വ്യക്തം.

'' എന്തോ വലിയ ആലോചനയിലാണല്ലോ '' ശബ്ദം കേട്ടതും മാമൻ ചിന്തയിൽനിന്ന് ഉണർന്നു.

'' മരിക്കുന്നതുവരെ മനുഷ്യന് ആലോചനയില്ലാത്ത ഒരു നിമിഷം ഉണ്ടോ '' അദ്ദേഹം പറഞ്ഞു '' അതങ്ങിനെ ഉണ്ടാവട്ടെ. തനിക്ക് കാറ്റുംകൊണ്ട് ഇവിടെ ഇരിക്കാമെങ്കിൽ ഉള്ളിൽനിന്ന് ഒരു കസേല കൊണ്ടുവരാം. അല്ല വയ്യ എന്നാണെങ്കിൽ അകത്തേക്ക് പോവാം ''.

'' കുഞ്ഞുണ്ണിമാമ ഇരുന്നോളൂ. ഞാൻ കസേല എടുത്തിട്ടു വരാം ''.

സിറ്റൗട്ടിൽ നിന്ന് ഒരു കസേല കൊണ്ടുവന്ന് കുഞ്ഞുണ്ണിമാമയ്ക്ക് അഭിമുഖമായി ഇട്ടിട്ട് ഇരുന്നു. അദ്ദേഹത്തിൻറെ മുഖം രാവിലെ കണ്ടതിനേക്കാൾ മ്ലാനമായിരിക്കുന്നു.

'' എന്താ വല്ലാതിരിക്കുന്നത് '' സംഭാഷണത്തിന്ന് തുടക്കം കുറിച്ചു.

'' ആകെ വയ്യാടോ. ശരീരത്തിന്നും മനസ്സിന്നും ഒരുപോലെ വയ്യാ ''.

'' ആദ്യം എന്താണ് മനസ്സിൻറെ പ്രശ്നമെന്ന് പറയൂ. മനസ്സ് സ്വസ്ഥമാണെങ്കിൽ ശരീരം താനേ ശരിയായിക്കോളൂം ''.

'' അതിനുള്ള കാലമൊക്കെ എപ്പോഴോ കഴിഞ്ഞു. ഈ ദേഹം എന്ന് പട്ടടയിൽ വെക്കും എന്നേ ഇനി അറിയാനുള്ളു. അതിനു മുമ്പ് ഉള്ളിലെ വിഷമം ആരോടെങ്കിലും പറയണം എന്നുണ്ട്. പറ്റിയ ഒരാളെ കിട്ടാതെ പറയാതിരിക്കുന്നതാ ''.

'' എന്നോട് പറഞ്ഞൂടേ ''.

'' എന്താ പറഞ്ഞാൽ? ഒന്നൂല്യെങ്കിലും താനെൻറെ മരുമകനല്ലേ '' അമ്മായി ഏൽപ്പിച്ച കാര്യങ്ങൾ ചോദിക്കാൻ പറ്റിയ അവസരം ഇതാണ്.

'' എന്നാൽ പറഞ്ഞോളൂ. അതിനുമുമ്പ് എനിക്ക് ചിലതെല്ലാം അറിയാനുണ്ട് ''

'' എന്താച്ചാൽ ചോദിക്ക്. എനിക്ക് അറിയുന്നതൊക്കെ പറഞ്ഞു തരാം ''.

'' എന്താ കുറച്ചായിട്ട് കുഞ്ഞുണ്ണിമാമയുടെ സ്വഭാവത്തിൽ ഒരു മാറ്റം ''.

'' തനിക്ക് അങ്ങിനെ തോന്നാൻ വഴിയില്ലല്ലോ. ആട്ടെ, താൻ സരസ്വതിയെ കണ്ട്വോ ''.

'' ഉവ്വ്. വഴിക്കുവെച്ച് ഞാൻ അമ്മായിയെ കണ്ടു ''.

'' അങ്ങിനെ വരട്ടെ. എന്നാൽ താൻ ഒരു കാര്യം മനസ്സിലാക്കിക്കോ, എനിക്ക് അവള് പറയുന്ന മാറ്റമൊന്നും ഉണ്ടായിട്ടില്ല. പറയുന്നതു കേട്ട് തുള്ളുന്ന പതിവ് ഞാൻ നിർത്തി. അതേ സംഭവിച്ചിട്ടുള്ളു ''.

'' കുഞ്ഞുണ്ണിമാമ സ്വത്തൊന്നും മക്കൾക്ക് കൊടുക്കാതെ എന്തിനാ കയ്യിൽ വെച്ചോണ്ട് ഇരിക്കുന്നത്. മക്കൾക്ക് അവരുടെ ഓഹരി കൊടുത്താൽ അവർക്കത് ഉപകാരമാവില്ലേ. അതല്ല വേറെ ഉദ്ദേശം വല്ലതും മനസ്സിലുണ്ടോ ''.

'' ഒരു ഉദ്ദേശവും ഇല്ല. അവർക്ക് വേണ്ടിയിട്ടന്നെയാണ് ഒക്കെ സ്വരൂപിച്ചത്. എന്നാൽ എന്തിനാ അവർക്ക് കൊടുക്കുന്നത് എന്നാണ് ഇപ്പോഴത്തെ ചിന്ത ''.

'' അങ്ങിനെ തോന്നാൻ ''.

'' മക്കൾക്ക് അച്ഛനെ വേണ്ടെങ്കിൽ അച്ഛന് മക്കളേയും വേണ്ടാ. ഞാൻ ആസ്പത്രിയിൽ ആയ വിവരം അറിയിച്ചിട്ട് രണ്ടും തിരിഞ്ഞു നോക്കിയില്ല. ചത്താലും അറിയിക്കണ്ടാന്ന് മകൻ പറഞ്ഞു എന്ന് അമ്മ കൊട്ടിഘോഷിക്കുന്നത് കേട്ടു. അവൻ വന്നില്ലെങ്കിലെന്താ, എൻറെ ശവം അങ്ങിനെത്തന്നെ വെച്ചോണ്ടിരിക്ക്വോ ''.

'' ബിസിനസ്സ് ചെയ്യാൻ ഗോപു പണം ചോദിച്ചപ്പോൾ കൊടുക്കാത്തതോണ്ടല്ലേ അവന് അമ്മയിയച്ഛൻറെ സഹായം വേണ്ടി വന്നത് ''.

'' എന്ത് ബിസിനസ്സാണ് ചെയ്യുന്നത് എന്ന് തനിക്കറിയ്യോ. പട്ടിക്കാടുപോലെയുള്ള ഒരു സ്ഥലത്ത് ഭാര്യയുടെ അച്ഛൻ ഒരു ടയർ കട ഇട്ടിട്ടുണ്ട്. വല്ലപ്പോഴും അതില് എത്തുന്ന വണ്ടികളുടെ വീൽ അലൈൻമെൻറ് ചെയ്യലും ടയറ് മാറ്റലുമാണ് ഈ മഹാൻറെ പണി. ബിസിനസ്സ് ചെയ്യാൻ നല്ല കണ്ണും ദൃഷ്ടിയും ഉണ്ടാവണം. ഇല്ലെങ്കിൽ സംഗതി പാളും. യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത നമ്മുടെ വിദ്വാൻ കച്ചവടം ചെയ്താൽ എന്നാ പൊളിഞ്ഞ് പാളീസാവുക എന്നേ നോക്കാനുള്ളു. അത് അറിയുന്നതോണ്ടാ ഞാൻ പണം കൊടുക്കാഞ്ഞത് ''.

'' ഗോപിക വീട് വാങ്ങാൻ പണം ചോദിച്ചില്ലേ ''.

'' ഉവ്വ്. അവളുടെ കെട്ടിയവന് ഇവിടെ നിന്ന് കിട്ടാനുള്ളതൊക്കെ വലിച്ചെടുത്ത് സ്വന്തം കുടുംബത്തിലെത്തിക്കണം എന്നാ മോഹം. അവൻറെ വാക്ക് വിശ്വസിച്ച് എന്തെങ്കിലും ചെയ്താൽ പെണ്ണ് പെരുവഴിയിലാവും. ഏതെങ്കിലും അച്ഛൻ അത് ചെയ്യോ ''.

'' കുഞ്ഞുണ്ണിമാമ ഒന്നും പറയാതെ ഇടയ്ക്കിടയ്ക്ക് വീടുവിട്ട് പോവുന്നതോ ''.

'' കുറച്ചുകാലമായി ഞാൻ ചികിത്സയിലാണ് എന്ന് പറഞ്ഞില്ലേ. ഡോക്ടറെ കാണാനും ടെസ്റ്റുകൾക്കുമായി കുറെ ആസ്പത്രികൾ കയറേണ്ടി വന്നിട്ടുണ്ട്. അതിന് പോയതാണ് ആക്ഷേപമായി പറയുന്നത് ''.

'' എന്നാൽ ആ കാര്യം വീട്ടിൽ പറഞ്ഞൂടേ ''.

'' എന്നിട്ടുവേണം മക്കൾ ഭാഗത്തിന്ന് തല്ലുണ്ടാക്കാൻ. എൻറെ കാലം കഴിയാൻ പോണൂ എന്നു കേട്ടാൽ അവിറ്റ അടങ്ങിയിരിക്ക്വോ. ഉള്ള സ്വത്തിൽ നിന്ന് മറ്റാർക്കെങ്കിലും ഒരു വീതം കൊടുത്താലോ എന്നു കരുതുന്ന വകയാണ് എല്ലാം ''.

'' കുഞ്ഞുണ്ണിമാമ ആർക്ക് കൊടുക്കാനാണ് ''.

'' പെങ്ങമ്മാരും മരുമക്കളുമില്ലേ. ഞങ്ങളും അവകാശികളാണ് എന്നും പറഞ്ഞ് നാളെ ആരെങ്കിലും വന്നാലോ എന്ന് ചിന്തിക്കുന്ന ഭാര്യയും മക്കളും എന്നെ സമാധാനത്തോടെ  മരിക്കാൻ വിട്വോ ''.

'' പെങ്ങന്മാരോ അവരുടെ മക്കളോ വരില്ല. വേറെ ആരെങ്കിലും വരാനുണ്ടോ ''.

'' വേറെ ആരാ എനിക്കുള്ളത് ''.

'' ഉറപ്പായിട്ടും ഇല്ല ''.

'' എന്താ താൻ പറഞ്ഞോണ്ട് വരുന്നത്. മനസ്സിലെന്താണെച്ചാൽ അത് പറയ് ''.

'' ആരാ ഈ ലീലാവതി ''.

''  അപ്പോൾ അവൾ അതും പറഞ്ഞു. എന്നാൽ കേട്ടോ. കല്യാണം കഴിഞ്ഞ് അധികം കഴിയും മുമ്പ് പറയാൻ തുടങ്ങിയതാണ് ഈ പുരാതി. കേട്ടു കേട്ട് തഴമ്പായി. ആരോട് വേണമെങ്കിലും പറഞ്ഞോട്ടെ. എനിക്കിതാ ഇതിന്ന് സമമാണ് '' കുഞ്ഞുണ്ണിമാമ ഒരു മുടിയിഴ പൊക്കി കാട്ടി.

'' എന്നോട് ഒന്നും തോന്നരുത്. കേട്ടത് ചോദിച്ചു എന്നേയുള്ളു ''.

'' തന്നോട് എന്താ തോന്നാൻ. ഭർത്താവിനെ പഴി പറയാൻ വേണ്ടി ഇരിക്കുന്ന മൂധേവി പറഞ്ഞത് താൻ എന്നോട് പറഞ്ഞു. അതല്ലേ താൻ ചെയ്തുള്ളു ''.

'' ശരിയാണ്. അമ്മായി പറഞ്ഞത് ഞാൻ ചോദിച്ചു. മടിയുണ്ടെങ്കിൽ പറയേണ്ടാ ''.

'' ഞാനെന്തിനാ പറയാൻ മടിക്കുന്നത്. താൻ കേട്ടോളൂ. തറവാട്ടിൽ പണിക്കു നിന്ന ഒരു സ്ത്രീയുടെ മകളായിരുന്നു അവള്. തള്ളയ്ക്ക് പണിക്ക് വരാൻ പറ്റാത്ത സമയത്ത് ആ പെണ്ണ് ജോലിക്ക് വരും. എനിക്കന്ന് പൊന്നാനിയിലായിരുന്നു ജോലി. വീട്ടിൽ വരുന്നത് എപ്പോഴെങ്കിലും ആണ്. ആകെ ഒന്നോരണ്ടോ പ്രാവശ്യമേ അവളെ കണ്ടിട്ടന്നെയുള്ളു ''.

'' എന്നാൽ അമ്മായിയോട് ഏതോ കൂട്ടുകാരി മറ്റെന്തോ പറഞ്ഞു കൊടുത്തിട്ടുണ്ട് ''.

'' അതും അറിയാം. വീട്ടിൽ പ്രത്യേകിച്ച് പണിയില്ലാത്ത പെണ്ണുങ്ങളുടെ തൊഴിലെന്താ? നുണക്കൂട്ടംകൂടൽ. അതൊക്കെ വിശ്വസിച്ച് ഭാര്യ ഭർത്താവിനെ സംശയിക്കാൻ പാടില്ല. പക്ഷെ നിൻറെ അമ്മായി അത് വിശ്വസിക്കുക മാത്രമല്ല പാടിക്കൊണ്ട് നടക്കും ചെയ്യും. ഇങ്ങിനെയാണെങ്കിൽ എനിക്ക് അവളെപ്പറ്റി എന്തെല്ലാം പറയാനുണ്ട് ''.

''  അമ്മായിക്കും ഉണ്ടോ ഇതുപോലെ എന്തെങ്കിലും കുറ്റം ''.

'' ഉണ്ടോന്നോ. ശീലാവതിയൊന്നുമല്ല അവള്. പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ട്യൂഷൻ വാദ്ധ്യാർക്ക് പ്രേമലേഖനം കൊടുത്ത പുള്ളിയാണ് ഈ കക്ഷി. പലരും പറഞ്ഞ് നാട്ടിൽ അത് പാട്ടായപ്പോൾ അവളുടെ അച്ഛൻ ആളെ വിട്ട് ട്യൂഷൻമാസ്റ്ററെ തല്ലിച്ചു ''.

'' അപ്പോൾ രണ്ടുപേരും ഓരോ ഗോളടിച്ച് സമാസമം ആയി അല്ലേ. ഒരു കാര്യം ഞാൻ പറഞ്ഞാൽ ദേഷ്യം വരരുത്. ഈ കുറ്റം പറച്ചില് രണ്ടാൾക്കും മോശമാണ്. അതറിഞ്ഞ് പെരുമാറിയാൽ നന്ന് ''.

'' എടോ, ഇന്നേവരെ ഈ സംഭവത്തെപ്പറ്റി ഒരക്ഷരം ഞാൻ ആരോടും പറഞ്ഞിട്ടില്ല. അല്ലെങ്കിലും ആണുങ്ങൾക്ക് പറഞ്ഞ പണിയാണോ അത് '' കുഞ്ഞുണ്ണിമാമ കാർക്കിച്ച് തുപ്പി '' സ്ത്രീ വിഷയത്തിൽ ആണിനേയും പെണ്ണിനേയും ആരും ഒരുപോലെ കാണില്ല. ആണൊരുത്തൻ തെറ്റ്ചെയ്തൂന്ന് നാലാള് അറിഞ്ഞാൽ അതിൻറെ മോശം അയാൾക്ക് മാത്രമേയുള്ളൂ. പെണ്ണിൻറെ കാര്യത്തിൽ അതല്ല. അവളെ പറയുംപോലെ ഭർത്താവിനെ കുറ്റം പറയാനും ആളുണ്ടാവും. വേലിചാടിയ ഒരുത്തിയെ കൂടെ വെച്ചോണ്ടിരിക്കുന്നവൻ ആണാണോ എന്ന് ആളുകള് പറയില്ലേ. അതുകൊണ്ട് ഈ സംഭവം കേട്ടതായി ഞാൻ നടിച്ചിട്ടില്ല ''.

'' അതേതായാലും നന്നായി. പോട്ടെ, ഇനിയെന്താ കുഞ്ഞുണ്ണിമാമയുടെ പ്ലാൻ ''.

'' അർജ്ജെൻറായിട്ട് ചില കാര്യങ്ങൾ ചെയ്യാനുണ്ട്. അത് ചെയ്യണം ''.

'' സ്വത്തു സംബന്ധിച്ച കാര്യങ്ങളാണോ ''.

 '' അതെ. പൂർവ്വീകമായി കിട്ടിയ സ്വത്തിൽ ഭാര്യക്കും മക്കൾക്കും അവകാശമുണ്ട്. അത് അവരെടുത്തോട്ടെ. പക്ഷെ ഞാൻ സമ്പാദിച്ച സ്വത്ത് എൻറെ ഇഷ്ടംപോലെ ചെയ്യും. അതിൽനിന്ന് ഒരുവക ഞാൻ ഭാര്യക്കും മക്കൾക്കും കൊടുക്കില്ല. ചിലപ്പൊ ഏതെങ്കിലും ധർമ്മസ്ഥാപനത്തിന്ന് ഞാൻ എഴുതിവെക്കും. ചെയ്തുകൂട്ടിയ തെറ്റിന്ന് ഒരു പരിഹാരം ആവട്ടെ ''.

'' ഞാൻ ഉപദേശിക്കുകയാണെന്ന് കരുതില്ലെങ്കിൽ ഒരു കാര്യം പറയാം ''.

'' പറയ്. കേൾക്കട്ടെ ''.

''ഇപ്പോഴത്തെ ദേഷ്യത്തിന്ന് ഇങ്ങിനെ ചെയ്താൽ പിന്നെയത് തിരുത്താൻ പറ്റി എന്നു വരില്ല. സുന്ദരേശ്വരമേനോന് അറിവും വിവരവുമെല്ലാം ഉണ്ടായിട്ട് ഒടുവിൽ ഭാര്യയേയും മക്കളേയും ഗതിയില്ലാത്തവരാക്കി പോയി എന്ന് പറയിക്കരുത് ''.

'' പിന്നെന്താ ഞാൻ ചെയ്യണ്ട്. അവരുടെ കാലു പിടിക്കാൻ പോണോ ''.

'' അതു വേണ്ടാ. അമ്മായിയേയും മക്കളേയും ഞാൻ പറഞ്ഞു ബോദ്ധ്യപ്പെടുത്താം. ഇനി അവർ കുഞ്ഞുണ്ണിമാമ പറയുന്നത് അനുസരിച്ച് കഴിഞ്ഞാൽ പോരേ ''.

'' തനിക്കങ്ങിനെ ഒരു മോഹമുണ്ടെങ്കിൽ പറഞ്ഞു നോക്കിക്കോളൂ. എന്തായാലും ഒട്ടും വൈകാതെ എനിക്ക് മറുപടി കിട്ടണം ''.

'' അതാവാം. കുഞ്ഞുണ്ണിമാമ അന്ന് ചോദിച്ച സ്ഥലം അമ്മ വന്നാൽ വാങ്ങിത്തരാം ''.

'' വേണ്ടേ വേണ്ടാ. അന്നത്തെ മോഹത്തിന് ചോദിച്ചു. തെറ്റായിപ്പോയി എന്ന് ഇപ്പോൾ തോന്നുന്നു '' അദ്ദേഹം ഒന്നു കൂടി കാർക്കിച്ചു തുപ്പിയിട്ട് തുടർന്നു '' എൻറെ ഉള്ളില് ഒരു മോഹം കൂടി ബാക്കി കിടപ്പുണ്ട് ''.

'' അതെന്താ ''.

'' സുഭദ്രയുടെ മകൾക്ക് കുറച്ച് സ്ഥലം കൊടുക്കണം ''.

'' അമ്മായിയും മക്കളും സമ്മതിക്ക്വോ ''.

'' സമ്മതിപ്പിക്കണം. അവളുടെ അച്ഛന്ന് ഞാൻ കുറച്ച് പണം കൊടുക്കാനുണ്ട്. എൻറെ കല്യാണ സമയത്ത് കൈവായ്പ്പ വാങ്ങിയതാണ്. അതാരും അറിയില്ല. പണം തിരിച്ച് കൊടുക്കുംമുമ്പ് ആള് പോയി. ഓരോ അസൗകര്യം കാരണം ആ കാലത്ത് കൊടുക്കാൻ കഴിഞ്ഞില്ല. ആറിയകഞ്ഞി പഴങ്കഞ്ഞി എന്നു പറയുന്നപോലെ ആ ബാദ്ധ്യത വീട്ടാതെ കിടക്കുന്നു. മരിക്കുന്നതിന്നു മുമ്പ് ആ കടം വീട്ടണം. മുതലും പലിശയും ഒന്നും ഇപ്പോൾ കണക്കാക്കാൻ പറ്റില്ല. അതാ സ്ഥലം കൊടുക്കാന്ന് വെച്ചത്. ആ പെണ്ണിന് അതൊരു ഉപകാരവും ആവും ''.

'' അതിനു വേണ്ട സൗകര്യങ്ങൾ ചെയ്തു തരാം. ഇനിയെങ്കിലും കുഞ്ഞുണ്ണിമാമയുടെ സുഖക്കേട് എന്താണെന്ന് പറയൂ ''.

'' താൻ ഒരാളോടും പറയില്ല എന്ന് ഈ കയ്യിൽ പിടിച്ച് സത്യം ചെയ്യ് '' അദ്ദേഹം കൈ നീട്ടി. എന്താണ് വേണ്ടതെന്ന് ഒരുനിമിഷം ചിന്തിച്ചു. കുഞ്ഞുണ്ണിമാമ പറയാൻ പോവുന്ന രഹസ്യം മനസ്സിൽ സൂക്ഷിക്കാൻ തനിക്കാവുമോ? സത്യം ചെയ്തില്ലെങ്കിൽ അദ്ദേഹം അതൊട്ട് പറയുകയുമില്ല. പിന്നീടെങ്കിലും മറ്റുള്ളവർ മനസ്സിലാക്കണമെങ്കിൽ ആ സത്യം അറിഞ്ഞിരിക്കണം.

'' കുഞ്ഞുണ്ണിമാമയുടെ സമ്മതമില്ലാതെ ആരോടും ഞാൻ പറയില്ല '' നീട്ടിയ കൈകളിൽ തൊട്ട് സത്യം ചെയ്തു.

'' കീമോ തെറാപ്പിയോ റേഡിയേഷനോ ഒന്നും ഇനി ചെയ്യാൻ പറ്റില്ല. വേദന വന്നാൽ പെയിൻ കില്ലർ കഴിക്കും. ബാക്കിയൊക്കെ താൻ ഊഹിച്ചാൽ മതി ''.

നേരത്തെ സംശയം തോന്നിയതാണ്. അതിപ്പോൾ ശരിയായി എന്നേയുള്ളു. എങ്കിലും ദുഃഖം താങ്ങാൻ കഴിയുന്നില്ല. ഇരു കവിളിലൂടെയും കണ്ണുനീർ ഒലിച്ചിറങ്ങുന്നുണ്ടെന്ന് തോന്നുന്നു.

'' താൻ എന്തിനാടോ കരയുന്നത്. ജനിച്ചാൽ ഒരു ദിവസം മരിക്കണ്ടേ. എൻറെ സമയം ആവാറാവുന്നു. അതിൽ എനിക്ക് ദുഃഖമൊന്നുമില്ല ''.

കുഞ്ഞുണ്ണിമാമയെക്കുറിച്ചുള്ള ധാരണകളെല്ലാം മാറുകയാണ്. എത്ര ധൈര്യമായിട്ടാണ് അദ്ദേഹം മരണത്തെ നേരിടുന്നത്. അവസാനം അടുത്തുവെന്നറിഞ്ഞിട്ടും തോൽക്കാൻ തയ്യാറാവാത്ത സേനാനിയെപ്പോലെ അദ്ദേഹം തൻറേടത്തോടെ കഴിയുന്നു. ആരോടും പകയോ വിദ്വേഷമോ ഇല്ലാതെ തീർത്തും ശാന്തനായി അദ്ദേഹം ഈ ലോകത്തുനിന്ന് കടന്നു പോവണം. ഗോപുവിനേയും ഗോപികയേയും അമ്മായിയേയും കണ്ട് അതിന്ന് വേണ്ടതെല്ലാം ചെയ്യണം.

'' എന്താടോ വല്ലാത്തൊരു ആലോചന '' കുഞ്ഞുണ്ണിമാമയുടെ സ്വരം ചിന്തയിൽ നിന്ന് ഉണർത്തി.

'' ഞാൻ നാളെ വൈകുന്നേരം വരാം '' വാക്കുകളാണോ വിതുമ്പലാണോ പുറത്തു വന്നത് എന്നറിയില്ല. ഇരുന്ന കസേല സിറ്റൗട്ടിൽവെച്ച് ഇറങ്ങി നടന്നു. ഏഴുമണി ആവാറായി. എങ്കിലും ഇരുട്ടാവുന്നതേയുള്ളു. അകലെ പുഴ വക്കത്തുള്ള പൂളമരത്തിലേക്ക് ഒരു പറ്റം കൊറ്റികൾ ചേക്കേറാൻ പോവുന്നുണ്ട്. ഡോർ തുറന്ന് കാറിൽ കയറി.

9 comments:

 1. അപ്പോൾ നമ്മൾ വിചാരിച്ചത് പോലെ ദുഃഷ്ടനൊന്നുമല്ലായിരുന്നു കുഞ്ഞുണ്ണിമ്മാമ... വല്ലാതെ തെറ്റിദ്ധരിച്ചുപോയി... ധാരണകൾ പലതും തകിടം മറിയുന്നു...

  ReplyDelete
  Replies
  1. ഗുണവും ദോഷവും എല്ലാവരിലും ഉണ്ട്. അവയുടെ അനുപാതത്തിൽ മാത്രമേ വ്യത്യാസം കാണൂ. വലിയ ഒരു ദുഷ്ടനൊന്നുമല്ല കുഞ്ഞുണ്ണിമാമ.

   Delete
 2. മനുഷ്യന് എന്തെല്ലാം അവസ്ഥകള്‍!!

  ReplyDelete
  Replies
  1. ajith,
   അതെ. ഓരോരോ അവസ്ഥകൾ.

   Delete
 3. പാവം കുഞ്ഞുണ്ണിമാമ. സ്നേഹമുള്ളവൻ. സ്വന്തം രോഗവിവരം പോലും മറച്ചു വച്ച്, അവരെ വിഷമിപ്പിക്കരുതെന്ന് കരുതിയ നല്ല മനുഷ്യൻ. എന്നിട്ടും സ്വന്തം വീട്ടിൽ സമാധാനമില്ല.
  രണ്ടു ലക്കം ഒരുമിച്ചാണ് വായിച്ചത്.
  ആശംസകൾ...

  ReplyDelete
  Replies
  1. വി.കെ,
   ആൾക്കൂട്ടത്തിൽ തനിച്ചായ അവസ്ഥയാണ് അദ്ദേഹത്തിൻറേത്.

   Delete
 4. മക്കൾക്ക് അച്ഛനെ വേണ്ടെങ്കിൽ അച്ഛന് മക്കളേയും വേണ്ടാ. ഞാൻ ആസ്പത്രിയിൽ ആയ വിവരം അറിയിച്ചിട്ട് രണ്ടും തിരിഞ്ഞു നോക്കിയില്ല. ചത്താലും അറിയിക്കണ്ടാന്ന്....... chiraparichithamaaya dialogukal. Thikachum sambhavyam, Unniettaa

  ReplyDelete
  Replies
  1. ഡോ.പി.മാലങ്കോട്,
   ഈ അഭിപ്രായം സന്തോഷകരമാണ്. വളരെ നന്ദി.

   Delete
 5. സ്ത്രീ വിഷയത്തിൽ ആണിനേയും പെണ്ണിനേയും ആരും ഒരുപോലെ കാണില്ല. ആണൊരുത്തൻ തെറ്റ്ചെയ്തൂന്ന് നാലാള് അറിഞ്ഞാൽ അതിൻറെ മോശം അയാൾക്ക് മാത്രമേയുള്ളൂ. പെണ്ണിൻറെ കാര്യത്തിൽ അതല്ല. അവളെ പറയുംപോലെ ഭർത്താവിനെ കുറ്റം പറയാനും ആളുണ്ടാവും. വേലിചാടിയ ഒരുത്തിയെ കൂടെ വെച്ചോണ്ടിരിക്കുന്നവൻ ആണാണോ എന്ന് ആളുകള് പറയില്ലേ. അതുകൊണ്ട് ഈ സംഭവം കേട്ടതായി ഞാൻ നടിച്ചിട്ടില്ല ''. midukkan...anganeyoru nanma cheythallo.

  ReplyDelete