Saturday, November 23, 2013

അദ്ധ്യായം - 18.

കുളി കഴിഞ്ഞ് വേഷംമാറിയതേയുള്ളു. വാതിൽക്കൽ മുട്ടുന്ന ശബ്ദംകേട്ടു. തുറന്നപ്പോൾ മുന്നിൽ വലിയമ്മ.

'' കുഞ്ഞുണ്ണിമാമ നിന്നെ കാണണം എന്നു പറഞ്ഞ് പടിയ്ക്കൽ നിൽക്കുന്നു ''.

'' അതെന്താ അകത്തേക്ക് വരാത്തത് ''.

'' നീ അങ്ങോട്ടുചെന്ന് കാണണം എന്നാണ് ഉള്ളിലിരുപ്പ്. ഇത്ര ദിവസം നീ പോയില്ല. അതുകൊണ്ട് തിരഞ്ഞുവന്നു. എങ്കിലും ഗമ കളയാൻ പറ്റില്ലല്ലോ. ഒരുപക്ഷെ അതാവും പടിയ്ക്കലേക്ക് വിളിപ്പിച്ചത്. അല്ലെങ്കിലോ നിങ്ങൾ തമ്മിലുള്ള വർത്തമാനം ആരും കേൾക്കണ്ടാ എന്നുണ്ടാവും ''.

'' കുഞ്ഞുണ്ണിമാമ ഗമ കളയണ്ടാ. ഞാൻ അങ്ങോട്ട് ചെല്ലാം ''.

'' എന്തിനാണ് വന്നത് എന്ന് അറിയാലോ. ഓരോന്ന് പറഞ്ഞ് പറ്റിക്കാൻ കേമനാണ്. നീയാണെങ്കിൽ വല്ലതും കേൾക്കുംമുമ്പ് അത് വിശ്വസിച്ച് വാക്ക് കൊടുക്കുംചെയ്യും. ഒരു കാര്യം ആദ്യമേ പറഞ്ഞുതരാം. അമ്മ സമ്മതിക്കാതെ സ്ഥലം കൊടുക്കാന്ന് ഒരിക്കലും നീ വാക്ക് കൊടുക്കരുത് ''.

'' ഏയ്. ഞാൻ ഒന്നും ഏൽക്കില്ല ''.

'' എന്നാൽ നിനക്കന്നെ നല്ലത് ''.

കുഞ്ഞുണ്ണിമാമ പടിക്കാലും ചാരി എങ്ങോട്ടോ നോക്കി നിൽക്കുകയാണ്. കാഴ്ചയിലേ അറിയാം നല്ല രസത്തിലല്ലെന്ന്. മുഖത്ത് നീരസം പ്രകടമാണ്.

'' തന്നെ അന്വേഷിക്കാൻ തുടങ്ങിയിട്ട് ദിവസം മൂന്നായി. എന്താണ് എന്ന് ഒന്നുവിളിച്ച് ചോദിക്കുകയും കൂടി ഉണ്ടായില്ല ''.

'' നേരിൽ വന്ന് കാണാമെന്ന് വിചാരിച്ചു. കുറച്ച് തിരക്കായിരുന്നതുകൊണ്ട് പറ്റിയില്ല ''.

'' എന്തു തിരക്ക്. നേരം വെളുത്താൽ ആ ജാംബവാൻറെ ഗുഹയിൽ ചെന്നുകൂടും. പിന്നെ സന്ധ്യ കഴിഞ്ഞേ പുറത്തിറങ്ങൂ. ഒക്കെ ഞാൻ അറിയുന്നുണ്ട് ''.

പപ്പനമ്മാമനെ കാണാൻ ചെല്ലുന്നതിലുള്ള വിരോധമാണ് ആ വാക്കുകളിൽ. കേട്ടില്ലെന്ന് നടിച്ചു. കൂടുതലെന്തെങ്കിലും പറയുന്നതിന്നുമുമ്പ് വന്ന കാര്യം പറഞ്ഞോട്ടെ.

'' എന്നെ കാണണം എന്നു പറഞ്ഞത് ''.

'' സുഭദ്രയുടെ അടുത്ത് ഒരു കാര്യം പറയാൻ ഏൽപ്പിച്ചിരുന്നു. അവൾ പറഞ്ഞില്ലേ ''.

'' ചെറുതായി സൂചിപ്പിച്ചു ''.

'' എന്നിട്ട് എന്താ തൻറെ അഭിപ്രായം ''.

'' ഞാനെന്താ പറയുക. അമ്മ വരുമ്പോൾ വിവരം പറയാം ''.

'' അവളുടെ അടുത്ത് ഞാൻ ചോദിച്ചോളാം. അതിനുമുമ്പ് എനിക്ക് തൻറെ തീരുമാനം അറിയണം ''.

'' എനിക്ക് ഇതില് ഒരു തീരുമാനം പറയാൻ പറ്റില്ല. അമ്മ എന്നോടൊന്നും ചോദിക്കാറും ഇല്ല. അനിയത്തി പറയുന്നതുപോലെയാണ് അമ്മ എന്തും ചെയ്യാറ് ''.

'' അത് നിങ്ങളുടെ തായ്‌വഴിടെ ഗുണം. പണ്ടു മുതലേ ആണുങ്ങളുടെ വാക്കിനെ വില വെക്കാത്ത വകയാണ്. ബാക്കി താൻ ചെയ്ത പ്രവർത്തിയുടെ ഗുണംകൊണ്ടും ''.

സത്യത്തിൽ എന്താണ് ഉദ്ദേശിച്ചത് എന്നു മനസ്സിലായില്ല. പറയത്തക്ക തെറ്റൊന്നും ചെയ്തിട്ടില്ല. പിന്നെ ഈ വാക്കിൻറെ അർത്ഥം.

'' അതെന്താ അങ്ങിനെ പറഞ്ഞത് ''.

'' ഓ, ഞാൻ പറഞ്ഞാലേ അറിയൂ അല്ലേ. എന്നാൽ കേട്ടോ. അച്ഛനോടോ അമ്മയോടോ വേണ്ടപ്പെട്ടവരോടോ ഒന്നും ആലോചിച്ചിട്ടല്ലല്ലോ താൻ കല്യാണം കഴിച്ചത്. തന്നിഷ്ടം കാണിച്ചതല്ലേ. അങ്ങിനെയുള്ളവരുടെ അഭിപ്രായം ആരും കണക്കാക്കില്ല ''.

മുഖത്ത് അടിയേറ്റതുപോലെ തോന്നി. തിരിച്ചൊന്നും പറയാൻ കഴിയുന്നില്ല. കണ്ണുകൾ നനയുന്നുണ്ടോ. നിന്ന നിൽപ്പിൽ ഇല്ലാതായാൽ മതിയായിരുന്നു.

'' അങ്ങിനെ ഒരു സാഹചര്യത്തിൽ വേണ്ടി വന്നതാണ് '' ഒരുവിധം പറഞ്ഞൊപ്പിച്ചു.

'' വിവരമുള്ള ആണുങ്ങള് ഏതു സാഹചര്യത്തിലും വിഴുപ്പ് ചുമക്കാൻ നിൽക്കില്ല. ഏതോ ഒരു പെണ്ണിനെ കണ്ടതും കണ്ണങ്ങോട്ട് മഞ്ഞളിച്ചു. അവള് ഏതു തരക്കാരിയാണ് ഏതു തറവാട്ടിൽ പിറന്നതാണ് കുലമഹിമയുണ്ടോ എന്നൊന്നും നോക്കിയില്ല. ആരോടും ഒരുവാക്ക് പറയാതെ കല്യാണം കഴിച്ചു. കുടുംബക്കാർക്കെല്ലാം ചീത്തപ്പേരുണ്ടാക്കീട്ട് ന്യായം പറയുന്നു. തന്നോടൊക്കെ സംസാരിക്കാൻ വന്ന എന്നെ വേണം പറയാൻ '' കാർക്കിച്ചു തുപ്പിക്കൊണ്ട് കുഞ്ഞുണ്ണിമാമ പോവുന്നത് ശരിക്ക് കാണാൻ കഴിയുന്നില്ല. കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ മുണ്ടിൻറെതുമ്പു കൊണ്ട് തുടച്ച് തിരിച്ചു നടന്നു. കൽപ്പടവിൽ വലിയമ്മയും ചെറിയമ്മയും കാത്തു നിൽപ്പുണ്ട്.

'' എന്താ നിൻ‌റെ മുഖം വാടിയിരിക്കുന്നത് '' വലിയമ്മയുടെ ചോദ്യം നേരിടാനായില്ല.

'' കുഞ്ഞുണ്ണിമാമ എന്നെ '' പറയുമ്പോഴേക്ക് വിതുമ്പി.

'' എന്തിനാ എൻറെ കുട്ടി സങ്കടപ്പെടുന്നത്. എന്താ പറഞ്ഞത് എന്ന് പറയ് '' വലിയമ്മ ചുമലിൽ കൈവെച്ചു. വളരെ പ്രയാസപ്പെടാണ് മുഴുവനും പറഞ്ഞു തീർത്തത്.

'' ഇതിന് ഇത്ര വിഷമം തോന്നേണ്ട കാര്യമെന്താ '' ചെറിയമ്മ പറഞ്ഞു '' വേറെ വല്ല ആൺകുട്ടികളാണെങ്കിൽ അയാളുടെ കരണക്കുറ്റി നോക്കി ഒന്നു കൊടുത്തിട്ടുണ്ടാവും ''.

'' അവന് അതൊന്നും ആവില്ല. തീരെ കട്ടിയില്ലാത്ത മനസ്സാണ് അവൻറേത്. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ തറവാട്ടിലെ നായ പാമ്പുകടികൊണ്ട് ചത്തതിന് മൂന്നു ദിവസം ആഹാരം കഴിക്കാതെ കരഞ്ഞോണ്ട് നടന്നോനാ അവൻ ''.

'' അതു പറഞ്ഞിട്ടോ. ഇപ്പോൾ വലുതായില്ലേ. അതനുസരിച്ച് ധൈര്യം വേണ്ടേ ''.

'' ഓരോരുത്തരുടെ പ്രകൃതം ഓരോ വിധത്തിലല്ലേ. അവന് ആരുടെ അടുത്തും ഉരത്ത് സംസാരിക്കാൻ അറിയില്ല. കുട്ടികളുടെ മനസ്സാണ്. ചിരിച്ചു കളിച്ച് സന്തോഷവാനായി അങ്ങിനെ നടക്കണം. ഒരാളുടേയും സങ്കടം കാണാൻ വയ്യ. അറിയുന്നോർക്കല്ലേ ആ ഗുണം അറിയൂ ''.

'' എനിക്ക് വരുന്ന ദേഷ്യത്തിന്ന് അയാളെ നാലു പറയണംന്നുണ്ട് '' ചെറിയമ്മ ചൂടായി '' അയാളങ്ങിനെ യോഗ്യനാവ്വോന്നും വേണ്ടാ. ബാംഗ്ലൂരിൽ പഠിക്കാൻ പോയ ഇടത്തിന്ന് അയാളുടെ മകള് ഏതോ ഒരുത്തൻറെ കൂടെ ചാടി പോയിട്ട് പത്തിരുപത് ദിവസം കഴിഞ്ഞിട്ടാണ് കണ്ടു പിടിച്ചത്. പഠിപ്പു നിർത്തി ഇഷ്ടംപോലെ പൊന്നും പണവും കൊടുത്ത് തെക്ക് ഏതോ ദിക്കിലേക്ക് അതിനെ കല്യാണം കഴിച്ചയച്ചു. നാട്ടിൽ നിന്ന് ആരേയും വിളിച്ചതൂല്യാ, ഒരുപിടി ചോറ് കൊടുക്കും‌ ചെയ്തില്ല. ആ കഥകളൊക്കെ വിളമ്പിയാൽ ഈരേഴു പതിനാലു ജന്മം അയാളുടെ തല പൊങ്ങില്ല ''.

'' നീ വേണ്ടാത്തതിനൊന്നും നിൽക്കണ്ടാ. അതൊക്കെ ആണുങ്ങള് നോക്കിക്കോളും ''.

'' മാധവേട്ടൻ അമ്പലത്തിന്ന് വരട്ടെ. എന്താ വേണ്ടത് എന്ന് എനിക്കറിയാം ''.

'' ദീപൂ നീ വന്ന് ആഹാരം കഴിക്ക് '' വലിയമ്മ പറഞ്ഞു '' വെറുതെ ഓരോന്ന് ചിന്തിച്ച് മനസ്സ് വേദനിപ്പിക്കാതെ ''.

ഒന്നും കഴിക്കാൻ തോന്നുന്നില്ല. എങ്കിലും വലിയമ്മയുടെ നിർബന്ധം കാരണം കഴിച്ചു എന്നുവരുത്തി മുകളിലെ മുറിയിൽ ചെന്നുകിടന്നു. ഒരാളേയും വേദനിപ്പിക്കുന്നതൊന്നും ഇതുവരെ ചെയ്തിട്ടില്ല. എന്നിട്ടും കുഞ്ഞുണ്ണിമാമ ദേഷ്യപ്പെട്ടു. ഓർക്കുംതോറും സങ്കടം പെരുകുകയാണ്. ചെറിയച്ഛൻ വേണ്ടപോലെ ചോദിച്ചോളും എന്നതാണ് സമാധാനം. ആലോചനയുടെ ഇടയിൽ ഉറക്കം കണ്ണുകളിലെത്തി.

'' ദീപൂ, നേരം എത്രയായി എന്നറിയ്യോ. ഉണ്ണു കഴിക്കണ്ടേ '' എന്നും പറഞ്ഞ് വലിയമ്മ എത്തിയപ്പോഴാണ് ഉണർന്നത്. ചെറിയച്ഛൻ ഭക്ഷണം കഴിക്കാൻ ഇരുന്നു കഴിഞ്ഞു. കൈ കഴുകി ഒപ്പം ചെന്നിരുന്നു.

'' മാഷേട്ടൻ കുഞ്ഞുണ്ണിമാമയുടെ അടുത്ത് നാലുവാക്ക് ചോദിക്കാൻ ചെല്ലാനിരുന്നതാ. ഞാൻ വേണ്ടാന്ന് പറഞ്ഞ് മുടക്കി '' വലിയമ്മ പറഞ്ഞു.

'' മുകുന്ദേട്ടൻ പത്തര മണിയോടു കൂടി എന്നെ വിളിച്ചിരുന്നു. പലതും സംസാരിക്കുന്ന കൂട്ടത്തിൽ ഞാൻ ഈ വിവരം പറയുകയും ചെയ്തു '' ചെറിയച്ഛൻ പറഞ്ഞു '' മൂപ്പർക്ക് വന്ന ദേഷ്യത്തിന്ന് കണക്കില്ല. ഞാൻ അങ്ങോട്ട് വരട്ടെ. കുഞ്ഞുണ്ണിടെ വർത്തമാനം നിർത്തിക്കുന്നുണ്ട് എന്നു പറഞ്ഞു ''.

'' മുകുന്ദേട്ടനോട് പറഞ്ഞത് നന്നായി '' ചെറിയമ്മ പറഞ്ഞു '' പക്ഷെ എനിക്ക് ഇവൻറെ കൂട്ടുകാരനോട് പറഞ്ഞതുമാത്രം അത്ര പിടിച്ചില്ല. അവനൊക്കെ മേലുംകീഴും നോക്കാത്ത
ജാതിയാണ് ''.

'' ആരോടാ പറഞ്ഞത്. ജാഫറിനോടാണോ ''.

'' അതെ. ദീപു ഉറങ്ങുന്ന നേരത്ത് അവൻ വിളിച്ചിരുന്നു. പതിവില്ലാതെ എന്താ ഈ നേരത്ത് ഒരു ഉറക്കം എന്ന് ചോദിച്ചപ്പോൾ ചെറുതായിട്ടൊന്നു സൂചിപ്പിച്ചു. നിങ്ങൾ തമ്മിലുള്ള അടുപ്പം എനിക്ക് അറിയുന്നതല്ലേ ''.

'' അയ്യേ. അവന് എന്താ തോന്ന്വാ ''.

'' ദീപു പാവമാണ്. അയാൾ അവനെ ഇനിയൊരിക്കലും വേണ്ടാത്തത് പറയാത്ത പണി എനിക്കറിയാം എന്നു മാത്രം പറഞ്ഞു ''. 

'' കുഞ്ഞുണ്ണിമാമയുടെ വീട്ടിൽചെന്ന് അവൻ ലഹള ഉണ്ടാക്ക്വോ ''.

'' ഏയ്. അതൊന്നും ഉണ്ടാവില്ല. നൂറുകൂട്ടം തിരക്കുള്ള ആളല്ലേ. വേണ്ടാതെ കേസ്സിനും കൂട്ടത്തിനും പോവാൻ അവന് എവിടേയാ സമയം ''.

ഭക്ഷണം കഴിഞ്ഞതും ജാഫറിനെ വിളിച്ചു. മൊബൈൽ റിങ്ങ് ചെയ്യുന്നുണ്ട്. പക്ഷെ എടുക്കുന്നില്ല. വൈകുന്നേരത്തിനുള്ളിൽ ആറേഴു തവണ ശ്രമിച്ചപ്പോഴും ഫലം ഒരേ മട്ടിൽ. പപ്പനമ്മാമൻറെ വീട്ടിലേക്ക് ചെല്ലാനും തോന്നുന്നില്ല. ടി.വി. ഓൺ ചെയ്തു. സ്പോർട്ട്സ് ചാനലാണ്. പഴയ ഏതോ ക്രിക്കറ്റ് മാച്ചിൻറെ പ്രസക്ത ഭാഗങ്ങളാണ് കാണിക്കുന്നത്. അതും നോക്കി വെറുതെയിരുന്നു.

ഇരുട്ടായി തുടങ്ങി. അകലെ തെരുവുവിളക്കുകൾ കത്തുന്നതും നോക്കി ചാരുപടിയിൽ കിടന്നു. വലിയമ്മയും ചെറിയമ്മയും മുറ്റത്ത് എന്തോ സംസാരിച്ചുകൊണ്ട് നിൽപ്പാണ്.  വൈകുന്നേരം നടക്കാനിറങ്ങിയ ചെറിയച്ഛൻ തിരിച്ചെത്തി.

'' എല്ലാവരും ഇങ്ങോട്ട് വരിൻ '' കരിങ്കൽ പടവിലിരുന്ന് അദ്ദേഹം വിളിച്ചു. എഴുന്നേറ്റ് അങ്ങോട്ടു ചെന്നു.

'' പോരുന്ന നേരത്ത് ഒരു സംഗതി കേട്ടു. അതു പറയാൻ വിളിച്ചതാണ് '' മുഖവുരയായി അതു പറഞ്ഞപ്പോൾ കേൾക്കാൻ ആകാംക്ഷയായി.

'' എന്താ ഇത്ര വിശേഷിച്ച് '' ചെറിയമ്മ ചോദിച്ചു.

'' തൃസന്ധ്യ നേരത്ത് ആരോ സുന്ദരേശ്വര മേനോനെ നന്നായിട്ടൊന്നു പൂശി. അതന്നെ ''.

'' ആരാ, എവിടെ വെച്ചാ '' ചോദ്യങ്ങൾ ഒന്നിച്ചുയർന്നു.

'' അയാള് വീടിൻറെ ഗെയിറ്റിന്നു മുമ്പിൽ കാറ്റുംകൊണ്ട് നിൽക്കുമ്പോൾ ഏതോ രണ്ട് ചെറുപ്പക്കാർ റോഡിൽ ബൈക്ക് നിറുത്തി ഇറങ്ങിവന്ന് സുന്ദരേശ്വര മേനോനെ ഒന്നു കാണണം എന്നു പറഞ്ഞൂന്നും ഞാൻ തന്നെയാണ് ആള് എന്നു പറഞ്ഞതും പൊതിരെ തല്ലിയിട്ട് ബൈക്കിൽ കയറി ഓടിച്ചുപോയീന്നും ആണ് കേട്ടത് ''.

'' ആരാ ആളുകള് എന്ന് മനസ്സിലായില്ലേ ''.

'' അതെങ്ങിനെ. രണ്ടാളും ഹെൽമെറ്റ് ഇട്ടിരുന്നുവത്രേ ''.

'' വല്ലതും പറ്റിയിട്ടുണ്ടാവ്വോ '' വലിയമ്മയ്ക്ക് വേവലാതിയായി.

'' ആസ്പത്രീലിക്ക് കൊണ്ടുപോയീന്നാ കേട്ടത് ''.

'' ഇതാ പറഞ്ഞത്. ഇപ്പോഴേക്ക് ഈശ്വരൻ അപ്പോഴേക്കപ്പോഴേ എന്ന് '' ചെറിയമ്മ കൈകൊട്ടി ചിരിച്ചു '' സന്തോഷായി എനിക്ക്. ആരോടും കടുപ്പിച്ച് ഒന്നും പറയാത്ത ഇവൻറെ നേരെ തട്ടി കയറിയില്ലേ, അതിനുള്ള ശിക്ഷയാണ് ''.

എന്തൊക്കെ പറഞ്ഞാലും വയസ്സായ ആളല്ലേ കുഞ്ഞുണ്ണിമാമ. അദ്ദേഹത്തിന്ന് വല്ലാതെ വേദനിച്ചു കാണും. സാരമായ പരിക്ക് പറ്റിയിട്ടുണ്ടോ ആവോ. ആകപ്പാടെ ഒരു വിഷമം മനസ്സിൽ ഉടലെടുത്തു.

'' നാളെ രാവിലെത്തന്നെ കുഞ്ഞുണ്ണിമാമയെ പോയി കാണുന്നുണ്ട്. വിവരം അറിഞ്ഞിട്ട് നമ്മള് അന്വേഷിച്ചില്ല എന്നുവേണ്ടാ '' ദിലീപ് മേനോൻ എല്ലാവരോടുമായി പറഞ്ഞു.

'' നിനക്ക് പ്രാന്തുണ്ടോ '' ചെറിയമ്മയ്ക്ക് ദേഷ്യം വന്നു '' കണ്ട് സന്തോഷിക്കാൻവേണ്ടി ചെന്നതാണെന്നേ പറയൂ. വേണ്ടാത്ത പണിക്ക് നിൽക്കണ്ടാ ''.

ചാരുപടിയിൽ വെച്ച മൊബൈൽ ചിലച്ചു. പോയി എടുത്തുനോക്കിയപ്പോൾ ജാഫർ.

'' എന്താ നിൻറെ അമ്മാമന് പറ്റിയത് '' മറുഭാഗത്തു നിന്ന് അന്വേഷണം ഉയർന്നു. കേട്ട കാര്യങ്ങൾ മുഴുവനും പറഞ്ഞു.

'' യോഗമുണ്ടെങ്കിൽ അടി പാർസലായിട്ട് എത്തിക്കോളുമെന്ന് ആളുകൾ വെറുതെയല്ല പറയുന്നത് എന്ന് നിനക്കിപ്പോൾ മനസ്സിലായല്ലോ '' ജാഫർ ചിരിക്കുകയാണ്. ഒന്നും പറയാനാവാതെ ദിലീപ് മേനോൻ അവിടെത്തന്നെ നിന്നു. 

16 comments:

 1. കുഞ്ഞുണ്ണിയ്ക്കിട്ട് ചെറിയൊരു കൊട്ടേഷന്‍ല്ലേ?

  ReplyDelete
  Replies
  1. ajith,
   അതെ. ജാഫറിനെപോലെ ഉള്ളവർക്കല്ലേ ഇതൊക്കെ നടപ്പിലാക്കാനാവൂ.

   Delete
 2. ജാംബവാൻറെ ഗുഹ.. ആപ്രയോഗം ഇഷ്ടായി..
  അപ്പോള്‍ കൊട്ടേഷന്‍ടീം എല്ലാടത്തും ഉണ്ട് അല്ലെ ഏട്ടാ.?

  ReplyDelete
  Replies
  1. Nalina kumari,

   തീർച്ചയായും അവരുടെ സാന്നിദ്ധ്യം എവിടേയുമുണ്ട്. കിരാതനീതി നടപ്പാക്കാൻ ജനിച്ചവരല്ലേ അവർ.

   Delete
 3. ചെയ്തത് ദിലീപ് മേനോൻ അറിയാതെ ജാഫര് ആണെങ്കിലും പഴി മേനോന് തന്നെ ആയിരിക്കും

  ReplyDelete
  Replies
  1. ബൈജു മണിയങ്കാല,
   അത് അങ്ങിനെയല്ലേ വരൂ.

   Delete
 4. സംഭാഷണങ്ങളിലൂടെ കഥ വളരെ ഹൃദ്യമായിത്തന്നെ മുന്നോട്ട് നീങ്ങുന്നുണ്ട്.

  ReplyDelete
  Replies
  1. മുഹമ്മദ് ആറങ്ങോട്ടുകര,
   വളരെ നന്ദി.

   Delete
 5. കൊടുത്താൽ കൊല്ലത്തു നിന്നും വരും ക്വൊട്ടേഷൻ. "താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ"...

  ReplyDelete
  Replies
  1. രാജഗോപാൽ,
   അത് ശരിയാണ്. ചെയ്യുന്ന തെറ്റുകൾക്ക് ശിക്ഷ ലഭിക്കുകതന്നെ ചെയ്യും‌.

   Delete
 6. ക്വട്ടേഷൻ വേണ്ടായിരുന്നു. പഴയ മനുഷ്യരല്ലെ. അതൊക്കെ അങ്ങനെ കിടക്കുമെന്ന് കരുതി വിട്ടാൽ മതിയായിരുന്നു...

  ReplyDelete
 7. ദിലീപ് മേനോൻ അതൊന്നും ചെയ്യണമെന്ന് വിചാരിച്ചിട്ടില്ല. പക്ഷെ കൂട്ടുകാരൻ ശിക്ഷ നടപ്പാക്കി.

  ReplyDelete
 8. എന്നാലും ദീപു ഇത്ര തൊട്ടാവാടിയാണോ? എന്തായാലും ദീപുവിന്റെ മനസ്സ് വേദനിപ്പിച്ച കുഞ്ഞുണ്ണിമാമയ്ക്ക് ക്വട്ടേഷൻ കിട്ടിയത് എനിക്കിഷ്ടപ്പെട്ടു... :)

  ReplyDelete
  Replies
  1. വിനുവേട്ടൻ,
   ദീപു തീരെ പാവമാണ്. ചെറിയൊരു സംഭവം മതി അയാളുടെ മനസ്സ് പതറാൻ.

   Delete
 9. നീ അങ്ങോട്ടുചെന്ന് കാണണം എന്നാണ് ഉള്ളിലിരുപ്പ്. - Ente achan Kaaranavar angane aayirunnu marumakkalodu. :)

  ReplyDelete
  Replies
  1. ഡോ.പി.മാലങ്കോട്,
   അദ്ദേഹം ശരിയായ തറവാട്ടു കാരണവരാണ്. എൻറെ കുടുംബത്തിലും അങ്ങിനെ ചിലരുണ്ടായിരുന്നു.

   Delete